Saturday, December 26, 2009

അവസാനത്തെ അതിഥി

ഒരിക്കല്‍ മാത്രം വരുന്ന ഒരതിഥി
എനിക്കുണ്ട്
ഒന്നിനും ധൃതികാട്ടാത്തവന്‍
ഉപചാരവാക്കുകളുടെ ഭാരമില്ലാത്തവന്‍
വരുമെന്നേയുള്ളൂ, വന്നിട്ടില്ല
എന്നിട്ടുമെന്റെ
വിരുന്നുകാരനെക്കുറിച്ച്
എത്ര കൃത്യതയാണെനിക്ക്
കാണുമെന്നേയുള്ളൂ, കണ്ടിട്ടില്ല
എന്നിട്ടുമവനെ
എത്ര പരിചയമാണെനിക്ക്
വരാതിരിക്കില്ലെന്നാണ്
എന്റെ ഹൃദയം പോലും പറയുന്നത്
ഒരു മണിനാദത്തിന്റെ മറുപടിക്ക്
കാത്തുനില്‍ക്കാതെ
ഉമ്മറത്തെ ഊഷ്മളപ്രകടനങ്ങള്‍ക്ക്
നിന്നുതരാതെ
തീന്‍മേശയില്‍ എന്റെ പൊങ്ങച്ചങ്ങളിലേക്ക്
നോക്കാതെ
അടുക്കളയിലേക്ക് ഏന്തിവലിയാതെ
വിരുന്നുശാലയില്‍ അതിഥികള്‍ ബാക്കിയിരിക്കെ
അവസാനത്തെയാളെന്ന് തോന്നിപ്പിക്കാതെ
വന്നെന്നെ കൂട്ടിമടങ്ങുമ്പോള്‍
വിളക്കുകള്‍ കെടാത്ത എന്റെ ഭോജനശാലയില്‍
ഇനിയും യാമങ്ങള്‍ ബാക്കിയാണന്നെന്റെ
നോട്ടം പിന്തിരിയവേ
എല്ലാം തോന്നലാണെന്നൂറിച്ചിരിച്ച്
അവനെന്റെ കൈയിലെ പിടിമുറുക്കും
എന്റെ വിരുന്നുശാലകളനാഥമാകും
എല്ലാമറിഞ്ഞിട്ടും ഞാന്‍
അവന്റെ വരവിനെ ഭയപ്പെടുന്നില്ലല്ലോ?

നജിം കൊച്ചുകലുങ്ക്

ചരിത്രം

ചരിത്രം
അങ്ങനെയാണ്
ചിലപ്പോള്‍ അതൊരു
കുറുമ്പുകാരിയെ പോലെ
ഉടയാടകള്‍ വലിച്ചെറിഞ്ഞ്
പൊള്ളുന്ന സത്യങ്ങള്‍ കുടഞ്ഞെറിഞ്ഞ്
കിലുകിലെ ചിരിച്ച് കനല്‍ നടത്തം
നടത്തും

ചരിത്രം
ചിലപ്പോള്‍
ഒരു രജസ്വലയെ പോലെയാണ്
ലജ്ജയില്‍ കൂമ്പിയുറങ്ങി
മധുര സ്വപ്നങ്ങളിലുണരും
നുണക്കുഴികളില്‍ മൌനം നിറച്ച്
ചിരികളില്‍ നിലാവാകും
അടിവയറ്റിലെ നോവിന്റെ
ചാണയിലുരച്ച്
ചാരിത്ര ശുദ്ധി സ്ഫുടം
ചെയ്തുകൊണ്ടിരിക്കും.

എന്നാല്‍
ചിലപ്പോഴൊക്കെയും
ചരിത്രം
ഒരഭിസാരികയെ പോലെയാണ്
കീശകളില്‍ ആര്‍ത്തിയായി
പടര്‍ന്നിറങ്ങും
അന്തപ്പുരങ്ങളില്‍
തളര്‍ന്നുറങ്ങും

നജിംകൊച്ചുകലുങ്ക്

Monday, November 9, 2009

സ്ളേറ്റില്‍ ബ്ലോഗനയുടെ മാര്‍ക്ക്

രണ്ടാം ക്ലാസിലെ കൊല്ലപരീക്ഷക്ക്
കിട്ടിയത് അഞ്ചുമാര്‍ക്ക്
കറുത്ത സ്ളേറ്റില്‍ വെളുത്തുകിടന്ന അഞ്ചിനുമുകളിലൂടെ വിരലോടിച്ച്
വിരല്‍ തുമ്പത്ത് തടഞ്ഞ ചോക്കുപൊടി കൊണ്ട് അടുത്തൊരു പൂജ്യമിട്ട്
അമ്പതാക്കി
പരീക്ഷക്ക് അമ്പതില്‍ അമ്പതും വാങ്ങി വീട്ടില്‍ വീരനായി
(അഞ്ചിനെ വഞ്ചിച്ചതുകൊണ്ടാകാം
അഞ്ചിലെന്നെ തോല്‍പിച്ച് അവന്‍ പകരം വീട്ടി)
സ്ളേറ്റുള്ളപ്പോള്‍ മോഹം ഒരു ചോക്കു സ്വന്തമാക്കാനായിരുന്നു
ഇഷ്ടം പോലെ മാര്‍ക്കിട്ട് ടീച്ചറെ തോല്‍പിക്കാമല്ലൊ

ഇപ്പോള്‍ സ്ളേറ്റില്‍ ബ്ലോഗനയുടെ മാര്‍ക്ക്
രണ്ട് പേജിലായി നിറഞ്ഞുകിടക്കുമ്പോള്‍
വിരല്‍ തുമ്പിലെ ചോക്കുപ്പൊടി
ഒരിളം കാറ്റേറ്റ് പറന്നുപോകുന്നു

Thursday, October 15, 2009

പഴയൊരനുഭവകഥ-'സനാഥന്‍'

സുഹൃത്തും സ്വന്തം നാട്ടുകാരനുമായിരുന്നിട്ടും രണ്ടുതവണമാത്രമാണ് ഹരി എന്നിലെ പത്രലേഖകനെ തേടി വന്നത്. ആദ്യം വാര്‍ത്തയുമായും പിന്നീട് വാര്‍ത്തയായും!
അവന്‍ വാര്‍ത്തയുമായി വരുമ്പോള്‍ ഞാന്‍ പത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്നു. പ്രമുഖ പത്രം എന്റെ പ്രദേശത്ത് ഒരു സബ് ബ്യൂറോ ആരംഭിക്കുകയും അതില്‍ ഞാന്‍ സ്വ.ലേ ആയി ജോലി തുടങ്ങുകയും ചെയ്ത കാലത്ത് അവന്‍ നാട്ടിലുണ്ടായിരുന്നില്ല. മറുനാട്ടിലെവിടെയൊ സാമാന്യം തരക്കേടില്ലാത്ത ഏന്തോ സാങ്കേതിക ജോലിയഭ്യസിച്ച് അതുകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. നാട് വിട്ടുപോയി അഞ്ചുവര്‍ഷത്തിന് ശേഷം മടങ്ങിവരുമ്പോള്‍ പ്രായത്തെ അതിശയിപ്പിക്കുന്ന ഭേദപ്പെട്ട ജീവിതം അവന്‍ കൈവശപ്പെടുത്തിയതായി നാട്ടുകാരെ പോലെ എനിക്കും തോന്നി. കുട്ടിക്കാലം മുതല്‍ നേരിട്ട ദുരിതവും വീട്ടിലെ പ്രാരാബ്ധങ്ങളുമാണ് ചെറുപ്രായത്തില്‍ തന്നെ നല്ലൊരു ജീവിതം നേടിയെടുക്കാന്‍ അവനെ സഹായിച്ചതെന്ന് എല്ലാവരെയും പോലെ ഞാനും വിശ്വസിച്ചപ്പോള്‍ എനിക്കവനോട് അസൂയ തോന്നാതിരുന്നുമില്ല. നാട്ടിലെ നായ് ശല്യവും തെരുവ് വിളക്കുകള്‍ കത്താത്തതും വ്യാജമദ്യ നിര്‍മ്മാണവും വനം കൊള്ളയുമൊക്കെ ആവര്‍ത്തിച്ചെഴുതി പത്രക്കോളങ്ങളുടെ എണ്ണം തികച്ച് പത്രത്തില്‍ നിന്ന് മാസാവസാനം വന്നുചേരേണ്ട പ്രതിഫലം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ എന്റെ യൌവ്വനം വിയര്‍ത്തുതുടങ്ങിയ കാലമായിരുന്നു അത്!
ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി നടത്തിപ്പുകളിലെ പാളിച്ചകളെയും ക്രമക്കേടുകളെയും കുറിച്ച് പ്രതിപക്ഷത്ത് നിന്ന് ചോര്‍ന്ന് കിട്ടിയ വിവരങ്ങള്‍ വെച്ച് ഒരു 'സ്റ്റോറി' മെനയാന്‍ പാടുപെടുന്ന ഒരുച്ച നേരത്താണ് ഹരി വാര്‍ത്തയുമായി വന്നു കയറിയത്. എന്റെ പത്രത്തിന് അനഭിമതരായ രാഷ്ട്രീയ കക്ഷി ഭരണം നടത്തുന്ന പഞ്ചായത്തിലെ അഴിമതി വാര്‍ത്ത എത്ര പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പൊലിപ്പിച്ചാലും പത്രം പ്രസിദ്ധീകരിക്കും എന്ന വിശ്വാസത്താല്‍ ഭാവനയും യാഥാര്‍ത്ഥ്യവുമായി മല്ലിടുകയായിരുന്ന ഞാന്‍ ഹരിയുടെ രംഗപ്രവേശമറിയാന്‍ അല്പസമയമെടുത്തു. തൊണ്ടയനക്കി എന്റെ ശ്രദ്ധ പിടിച്ചെടുത്ത അവന്‍ പോക്കറ്റില്‍ നിന്ന് ഒരു ഒരിളം നീല കവറെടുത്ത് തുറന്ന് അതില്‍ നിന്ന് ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയെടുത്ത് നീട്ടി പറഞ്ഞു.
'അമ്മയുടേതാണ്. കാണാതായ വിവരം നീയറിഞ്ഞുകാണുമല്ലോ.'
'ഉവ്വ്, എന്തെങ്കിലും വിവരം കിട്ടിയോ?'
'ഇല്ല, മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ല, നീയിതൊന്ന് പത്രത്തില്‍ കൊടുക്കണം. ഇനിയതേ വഴിയുള്ളൂ'
ഒരു ക്ലാസിഫൈഡ് പരസ്യത്തിന്റെ സാദ്ധ്യതയാണ് ആദ്യം തലക്കുള്ളില്‍ മിന്നിമറഞ്ഞത്. അവന്റെ മുഖം കണ്ടപ്പോള്‍ എനിക്കും വിഷമം തോന്നി. കാണ്‍മാനില്ല എന്നൊരു വാര്‍ത്തയാക്കി പിറ്റേന്നത്തെ പത്രത്തില്‍ ഇട്ടു.
നാലു ദിവസങ്ങള്‍ക്ക് ശേഷം ഗ്രാമകവലയില്‍ നാട്ടിലെ ചെറുപ്പക്കാരുടെ സ്ഥിരം സായാഹ്നവേദിയായ വായനശാലയില്‍ കൂട്ടുകാരോടൊത്ത് സൊറ പറഞ്ഞിരിക്കുമ്പോള്‍ അവന്‍ വന്നു. മുഖം കനം തൂങ്ങിയിരുന്നു. പാറിപ്പറന്ന് കിടക്കുന്ന മുടി. ഒന്ന് തൊട്ടാല്‍ തുളുമ്പിയൊഴുകാന്‍ കാത്തു നില്ക്കുന്ന കണ്ണീര്‍പ്പാത്രമാണ് അവനെന്ന് തോന്നി. എല്ലാവരുടേയും മുഖത്ത് സഹതാപം നിഴലായി പാറി വീണു.
'നമുക്കിനി വനത്തില്‍ തെരയാം' എന്ന് എല്ലാവരും കൂടി തീരുമാനമെടുക്കുമ്പോള്‍ അവന്‍ അടുത്തുമാറി നിലത്ത് മുട്ടുകാലില്‍ മുഖം പൂഴ്ത്തിയിരുന്നു. കണ്ണീര്‍പ്പാത്രം തുളുമ്പിയൊഴുകുകയായിരുന്നിരിക്കണം.
പിറ്റേന്ന് പ്രഭാതം മുതല്‍ ആരംഭിച്ച തെരച്ചിലിനിടയില്‍ ഓരോ പൊന്തക്കാടിനുള്ളിലേക്കും ഓരോ തവണയും പല കണ്ണുകള്‍ ഒരുമിച്ച് ചുഴിഞ്ഞിറങ്ങുമ്പോള്‍ അവന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു.
ഒടുവില്‍ ഒരു ചെറിയ വൃക്ഷത്തിന്റെ നിലം തൊടുന്ന ചില്ലയില്‍ ഒരു പ്ലാസ്റ്റിക് കയറിനാല്‍ ബന്ധിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒടിഞ്ഞ കഴുത്തും ദ്രവിച്ചുതുടങ്ങിയ ബാക്കിയുടലും അവന്‍ ഒരു പിടയലോടെ തിരിച്ചറിഞ്ഞു.
'അമ്മ!!'
അവന്‍ കരഞ്ഞില്ല.
പോലീസ് വന്നു, ഇന്‍ക്വസ്റ്റ് നടത്തി, ചീഞ്ഞ ശവങ്ങളെടുക്കാനും മറവു ചെയ്യാനും മിടുക്കനായ പോലീസിന്റെ 'സ്വന്തക്കാരന്‍' മത്തായി വന്നു. സമീപത്ത് ഓലകുത്തിയുണ്ടാക്കിയ മറയില്‍ പോസ്റ്റുമാര്‍ട്ടം നടത്താന്‍ സര്‍ക്കാര്‍ ഡോക്ടറും വന്നു.
മത്തായിക്ക് ചാരായവും ഗാന്ധിത്തലയുള്ള നോട്ടും കൊടുത്തു, പോലീസിനും, ഡോക്ടര്‍ക്കുമെല്ലാം അതുപോലെ പല ഗാന്ധിത്തലകള്‍ കൊടുത്തു. അവന്റെ സമ്പാദ്യത്തിന്റെ കനം ഞങ്ങളറിഞ്ഞു!
'ജീവിച്ചിരുന്നപ്പോള്‍ അമ്മയ്ക്ക് വേണ്ടി ഒന്നും ചെലവാക്കാന്‍ കഴിഞ്ഞിരുന്നില്ല. മരിച്ചപ്പോഴെങ്കിലും...' അവന്‍ കണ്ണു തുടച്ചു.
അവസാന കാലത്ത് അവന്റെ അമ്മയ്ക്ക് മാനസിക ഭ്രമം അനുഭവപ്പെട്ടിരുന്നു. അന്നവന്‍ നാട്ടിലുണ്ടായിരുന്നില്ല. മടങ്ങിയെത്തുമ്പോള്‍ അവരുടെ ഭ്രാന്ത് ചികിത്സക്ക് വഴങ്ങാത്തതായി മാറിയിരുന്നു.
കൈനിറയെ സമ്പാദ്യവുമായി വന്നിട്ടും അവന്‍ അവന്റെ വീട് പുതുക്കി പണിതിരുന്നില്ല. മണ്ണുരുളകള്‍ കൊണ്ടുണ്ടാക്കിയ ആ വീട്ടില്‍ ഇപ്പോള്‍ അവന്റെ ഏക സഹോദരിയാണ് താമസിച്ചിരുന്നത്. സഹോദരിയുടെ വഴിവിട്ട ജീവിതത്തില്‍ മനസ് നൊന്തിരുന്ന അവന്‍ വല്ലപ്പോഴും ആ വീട്ടിലേക്ക് പോയിരുന്നത് അമ്മയെ കാണാന്‍ വേണ്ടി മാത്രമായിരുന്നു!
അമ്മ പെങ്ങള്‍ക്ക് ഭാരമാണെന്ന് മനസിലായപ്പോള്‍ അമ്മയെ അവിടെ നിന്ന് മാറ്റിത്താമസിപ്പിക്കണമെന്ന് അവന് തോന്നി. സ്വന്തമായൊരു വീട് വയ്ക്കാന്‍ അഞ്ചു സെന്റ് സ്ഥലം വാങ്ങി വീടിനുള്ള ഒരുക്കം നടത്തുമ്പോഴാണ് അമ്മയുടെ തിരോധാനം. അമ്മയെ കാണാനില്ല എന്നാണ് പെങ്ങള്‍ അവനെ അറിയിച്ചത്. ഭ്രാന്തിളകി വീട്ടില്‍ നിന്ന് രാത്രിയില്‍ ഇറങ്ങിപ്പോയതാകുമെന്ന് എല്ലാവരും കരുതി.
പക്ഷെ മരണത്തിലെ അസ്വാഭാവികത പല സംശയങ്ങളിലേക്കും വഴി തെളിയിച്ചു. അത് ഒരു ആത്മഹത്യ അല്ലെന്ന് ജനം മുറുമുറുക്കാന്‍ തുടങ്ങി.
എന്നിലെ സ്വ.ലേ ഉണര്‍ന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായ സൂചനകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും തൂങ്ങി മരണത്തിന്റെ നിബന്ധനകളൊന്നും ഈ മരണത്തില്‍ പാലിക്കപെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ക്കൊപ്പം ഞാനും ചിന്തിക്കാന്‍ തുടങ്ങി. നിലത്ത് മുട്ടി നില്ക്കുന്ന ഒരു വൃക്ഷച്ചില്ലയില്‍ ഒരു മനുഷ്യന് എങ്ങനെയാണ് കെട്ടിത്തൂങ്ങി ചാകാന്‍ കഴിയുക? സംഭവത്തിന്റെ ഫോളോ അപ്പെന്ന നിലയില്‍ 'മദ്ധ്യവയസ്കയുടെ മരണത്തില്‍ ദുരൂഹത' എന്നൊരു വാര്‍ത്ത ഞാന്‍ ചമച്ച് വിട്ട ദിവസം ഹരി വീണ്ടും വന്നു. ബ്യൂറോയിലേക്കാണ് കയറി വന്നതെങ്കിലും എന്നിലെ സ്വ.ലേയെ കാണാനായിരുന്നില്ല ആ വരവ്. വന്ന് കയറിയ ഉടന്‍ അവന്‍ പറഞ്ഞു,
'പത്രപ്രവര്‍ത്തകനാണെന്ന കാര്യം നീ തത്ക്കാലം മറക്കുക. നിനക്കറിയാമല്ലൊ. പുറം വെളിച്ചത്തില്‍ അച്ഛനാരെന്ന് അറിയാത്ത എനിക്ക് രക്തബന്ധത്തില്‍ ഈ ഭൂമിയില്‍ ഇനിയുള്ളത് പെങ്ങള്‍ മാത്രമാണ്. അമ്മയുടേത് ഒരു കൊലപാതകമാണെന്ന് നിങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍ എന്റെ പെങ്ങളെയാണ് ഞാനും സംശയിക്കേണ്ടത്. മാനസിക രോഗിയായിരുന്നു അമ്മയെങ്കിലും, പെങ്ങളുടെ ജീവിത രീതിയോട് എനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അനാഥനല്ല എന്ന തോന്നലിലാണ് ഞാന്‍ ജീവിച്ചിരുന്നത്. ഇനിയും എനിക്ക് അനാഥനാകാന്‍ വയ്യ!'
നിറഞ്ഞ അവന്റെ കണ്ണുകളിലേക്ക് നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
വര്‍ഷം ഒന്ന് കഴിഞ്ഞപ്പോള്‍ എന്റെ ജീവിതത്തിലും ഓര്‍ക്കാപ്പുറത്ത് മാറ്റങ്ങളുണ്ടായി. റിപ്പോര്‍ട്ടര്‍ ട്രൈനിയായി തെരഞ്ഞെടുക്കപ്പെട്ട ഞാന്‍ പത്രത്തിന്റെ ജില്ലാ ബ്യ്യൂറോയിലെത്തി.
പിന്നെയൊരു വാരാന്ത്യത്തില്‍ നാട്ടിലെത്തിയപ്പോള്‍ ഹരി വീട്ടില്‍ വന്നു. അവന്റെ വിവാഹത്തിന് ക്ഷണിക്കാനായിരുന്നു അത്. അവന്‍ ഭൂമിയില്‍ കൂടുതല്‍ വേരുകള്‍ പടര്‍ത്താനൊരുങ്ങുന്നു. സന്തോഷം തോന്നി. മുമ്പ് ഞാന്‍ ട്യൂട്ടോറിയല്‍ കോളേജ് അദ്ധ്യാപകനായിരുന്നപ്പോള്‍ എന്റെ ശിഷ്യയായിരുന്ന ഒരു സാധു കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു അവന്റെ വധു.
വര്‍ഷം ഒന്ന് വീണ്ടും കടന്നുപോയി. ഇതിനിടയില്‍ ഞാന്‍ പത്രത്തിന്റെ ഡസ്കിലെത്തി.
ഇപ്പോള്‍ ദേ എന്റെ മുന്നില്‍ വീണ്ടും അവനെത്തിയിരിക്കുന്നു, ജില്ലാ ബ്യൂറോയില്‍ നിന്നെത്തിയ വാര്‍ത്തകളുടെ കൂട്ടത്തില്‍.
ചായക്കടയില്‍ ചാരായം വിളമ്പുന്നത് ചോദ്യം ചെയ്തതിന് കള്ളുവാറ്റുകാരന്റെ കത്തിക്കുത്തേറ്റ് യുവാവ് മരണമടഞ്ഞു എന്ന വാര്‍ത്തക്കൊപ്പം അവന്റെ മന്ദഹസിക്കുന്ന മുഖം.
വാര്‍ത്തയില്‍ അവന്‍ അനാഥനായിരുന്നില്ല അലമുറയിട്ട് കരയുന്ന ഭാര്യയുടെയും പെങ്ങളുടേയും നിലവിളികള്‍ എനിക്ക് കേള്‍ക്കാമായിരുന്നു.

നജിംകൊച്ചുകലുങ്ക്

(ഗള്‍ഫ് മനോരമ 2006)

Monday, October 5, 2009

ഹൃദയാഞ്ജലി

മരണം ഒരു കവിതയാണ്
മനോഹരമായ ഒരു ഭാവഗീതം
അതാണ് ജീവിതത്തിന് അര്‍ഥവും ഭംഗിയും നല്‍കുന്നത്
മരണമില്ലെങ്കില്‍ ജീവിതത്തിന് ഒരു സുഖവുമില്ല
ഹൃദയത്തില്‍ നൊമ്പരത്തിന്റെ
കൂര്‍ത്ത നാരായ മുന കൊണ്ടെഴുതുന്ന
കവിതയാണ് മരണം
ഒരിക്കലും അഴിയാത്ത അനശ്വര കാവ്യം

കവിതകള്‍ കുറിച്ച് അതിലേക്ക് തന്നെ നടന്നുപോയ നവീന്‍
അതുപോലൊരു നൊമ്പരമാകുന്നു ബൂലോഗ
ഹൃദയത്തില്‍...

പ്രസിദ്ധ മലയാളി ബ്ലോഗര്‍ കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു

കുവൈത്ത്: ജ്യോനവന്‍ എന്ന പേരില്‍ പ്രവാസികള്‍ക്കിടയില്‍ പ്രസിദ്ധനായ മലയാളി ബ്ലോഗര്‍ കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോട് ജില്ലയിലെ ഭീമനടിക്കടുത്ത വരക്കാട് മാങ്ങോട് ജോര്‍ജിന്റെ മകന്‍ നവീന്‍ ജോര്‍ജ് (29) ആണ് വാഹനാപകടത്തില്‍ മരിച്ചത്. കഴിഞ്ഞ മാസം 20ന് കുവൈത്ത് അതിര്‍ത്തി പ്രദേശമായ വഫ്റയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഫഹാഹീല്‍ എക്പ്രസ് ഹൈവേക്കരികില്‍ നവീന്‍ സഞ്ചരിച്ച ടാക്സിയില്‍ വണ്‍വേ തെറ്റിച്ചെത്തിയ ഫോര്‍ഡ് കാര്‍ ഇടിക്കുകയായിരുന്നു.

വണ്ടിയിലുണ്ടായിരുന്ന രണ്ട് ഈജിപ്ത് സ്വദേശികള്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു. ബംഗ്ലാദേശ് സ്വദേശിയായ ടാക്സി ഡ്രൈവര്‍ കാലിന് പരിക്കേറ്റ് ചികില്‍സയിലാണ്. ഗുരുതരമായി പരിക്കേറ്റ നവീനെ അദാന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിക മരണം സംഭവിക്കുകയായിരുന്നു.

ഏഴുവഷമായി കുവൈത്ത് ഹവല്ലിയിലെ ബിമാര്‍ കണ്‍സള്‍ട്ടന്‍സിയില്‍ സ്ട്രക്ചര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനായ നവീന്‍ ജോര്‍ജ് സ്വന്തമായി രൂപകല്‍പന ചെയ്ത് നിര്‍മാണം പൂര്‍ത്തിയാകുന്ന വീടിന്റെ ചില ആവശ്യങ്ങള്‍ക്ക് സുഹൃത്തിനെ കാണാനാണ് വഫ്റയിലക്ക് പോയത്. ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രേഖകള്‍ ശരിയായാലുടന്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അപകടവിവരമറിഞ്ഞ് കുവൈത്തിലെത്തിയ സഹോദരന്‍ നെല്‍സണ്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. മാതാവ്: വല്‍സമ്മ. മറ്റ് സഹോദരങ്ങള്‍: നിധിന്‍, റോഷിന.

Tuesday, September 15, 2009

ബ്ലോഗിലൂടെ വിപ്ലവം....

ബ്ലോഗ് അതിശക്തമായ ഒരു മാധ്യമമായി മാറുകയാണെന്ന് ലോകത്ത് പല ഭാഗത്തും ഭരണകൂടങ്ങള്‍ ബ്ലോഗര്‍മാര്‍ക്കെതിരെ തിരിയുന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. കഴിഞ്ഞ ദിവസം ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവങ്ങള്‍ നോക്കുക. രണ്ട് സംഭവങ്ങളിലും ഭരണകൂടങ്ങളാണ് വില്ലന്മാര്‍. മറ്റേതൊരു മാധ്യമത്തെക്കാളും ബ്ലോഗിന് ശക്തി നല്‍കുന്നത് അതിന്റെ സ്വാതന്ത്യ്രമാണ്. ബ്ലോഗര്‍മാരുടെ ഈ സ്വാതന്ത്യ്രം ഭരണകൂടങ്ങള്‍ക്ക് തലവേദനയായി മാറുന്നുണ്ടാവണം. മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളിലെയും ബ്ലോഗര്‍മാര്‍ സ്ത്രീകളാണ്. അതും വലിയ മാറ്റങ്ങളിലേക്കുള്ള ശുഭസുചനയാണ്. ലോകം മാറുകയാണ്. അതിനുവേണ്ടിയുള്ള വിപ്ലവങ്ങള്‍ ഇനി സംഭവിക്കുക ബ്ലോഗുകളിലാണ്. ലോകം നിയന്ത്രിക്കുന്ന ഏറ്റവും വലിയ മാധ്യമമായി ബ്ലോഗുകള്‍ മാറുമ്പോള്‍ ബ്ലോഗര്‍മാര്‍ കൂടുതല്‍ യാഥാര്‍ഥ്യ ബോധമുള്ളവരും പ്രതിജ്ഞാ ബദ്ധരുമായി മാറണം. ബ്ലോഗിന്റെ രാഷ്ട്രീയ സാധ്യത ആദ്യം ഉപയോഗപ്പെടുത്തി വിപ്ലവ ചരിത്രത്തിലിടം നേടിയ ബഗ്ദാദിലെ സലാം പാക്സിനെ ഓര്‍ത്തുകൊണ്ട്..

Sunday, September 13, 2009

എന്താണ് ഭീകരത, ആരാണ് ഭീകരര്‍?

കഴിഞ്ഞ കുറെക്കാലമായി ചോദിക്കുന്ന ചോദ്യമാണ്. ഭീകരതയുടെ അര്‍ഥമെന്താണ്? ഉത്തരം പറയേണ്ട ബാധ്യത ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമാണ്. രണ്ട് ദശകമായി ജനാധിപത്യ ഇന്ത്യയില്‍ പരക്കെ ഉപയോഗിക്കപ്പെട്ട ഈ വാക്ക് ഉല്‍പാദിപ്പിച്ച പ്രയോജനം അനുഭവിച്ചവര്‍ ഇവരാണ്, ഭരണകൂടങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ പാര്‍ട്ടികളും പിന്നെ മാധ്യമങ്ങളും.

മുസ്ലിം എന്ന വാക്ക് ചേര്‍ത്തുവെക്കുമ്പോഴാണ് കൂടുതല്‍ ഗുണം കിട്ടിയിരുന്നത് എന്നതുകൊണ്ട് തന്നെ ഇന്ത്യന്‍ ജനതയുടെ പൊതുബോധത്തില്‍ അത്തരത്തിലൊരു അര്‍ഥ കല്‍പന ആവര്‍ത്തിച്ചുള്ള അടിച്ചേല്‍പിക്കലുകളിലൂടെ ആഴത്തില്‍ പതിപ്പിച്ചെടുക്കുകയും തരാതരം പോലെ അതുപയോഗപ്പെടുത്തി ഭരണകൂടങ്ങളും മാധ്യമങ്ങളും തങ്ങളുടെ അഭീഷ്ടങ്ങള്‍ സാധ്യമാക്കുകയും ചെയ്തുവന്നു. ലോകതലത്തില്‍ ഇസ്ലാം എന്ന ചാണയിലുരച്ച് ഭീകരത എന്ന വാക്കിനെ മൂര്‍ച്ചയുള്ള ആയുധമാക്കാനും അതിനെ കുറിച്ചുള്ള ഭീതി പരത്തി കാലുഷ്യമുണ്ടാക്കാനും ഇസ്രായേല്‍ ബുദ്ധി അമേരിക്കന്‍ കായിക മുഷ്ടിയിലൂടെ നടത്തിയ ശ്രമം വിജയിച്ചതാണ് ഭീകരതാ സങ്കല്‍പത്തിന്റെ ആഗോളവ്യാപനത്തിന് കാരണം. ഇന്ത്യയില്‍ വര്‍ഗീയ ഫാഷിസത്തിന്റെ കായിക ബലമാണ് അവരെ സഹായിച്ചത്. ഭീകരതയുടെയും വിമത ദേശീയവാദ വ്യാജനിര്‍മ്മിതിയുടെയും വാണിജ്യ നേട്ടങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള ഇന്ത്യന്‍ മാധ്യമങ്ങള്‍ അതിന്റെ പ്രചരണ ചുമതല ഏറ്റെടുത്തതോടെ കാര്യങ്ങള്‍ വളരെ വേഗം പുരോഗമിച്ചു. ഇതിനിടയില്‍ നിന്ന് വീണ് കിട്ടുന്ന വറ്റും പൊടിയും കൊണ്ട് ജീവിക്കാന്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളും ശീലിച്ചപ്പോള്‍ ഇശ്റത്ത് ജഹാനെന്ന കിളുന്തു പെണ്‍കുട്ടിയും കൂട്ടരും കൊടും ഭീരവാദികളായി അഞ്ചുവര്‍ഷത്തോളം ഇന്ത്യന്‍ പൌരബോധത്തിന്റെ തെരുവില്‍ കണ്ണുതുറിച്ചു മരിച്ചുകിടന്നു.

Monday, September 7, 2009

ഇതൊന്നു കൂടി വായിക്കൂ....

നാജി അല്‍ അലി 1938ല്‍ ഫലസ്തീനില്‍ ജനനം. 10ാം വയസ്സില്‍ ഇസ്രായേല്‍ രൂപവത്കരണത്തോടെ അഭയാര്‍ഥിയായി. ബാല്യകൌമാരങ്ങളെ നിര്‍ണയിച്ച അഭയാര്‍ഥി ജീവിതത്തില്‍നിന്നാണ് അദ്ദേഹത്തിന്റെ പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രം 'ഹന്‍ദല' പിറവിയെടുക്കുന്നത്. നഗ്നപാദനായ 10 വയസ്സുകാരനാണ് ഹന്‍ദല. യുദ്ധവും അഴിമതിയും അസമത്വവും കരിനിഴല്‍ വീഴ്ത്തിയ അറബ് ലോകത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളുടെ സാക്ഷിയാണ് ഹന്‍ദല. 'ഹന്‍ദല' കാണുന്ന കാഴ്ചകളാണ് 'എ ചൈല്‍ഡ് ഇന്‍ ഫലസ്തീന്‍' എന്ന പുസ്തകം.

അറബ് ലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റ് നാജി അല്‍ അലി ഇന്നില്ല. 1987 ആഗസ്റ്റ് 29ന് ലണ്ടനില്‍ വെടിയേറ്റുമരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകവുമായി ബന്ധപ്പെട്ടുയര്‍ന്ന ദുരൂഹതകള്‍ക്ക് ഇനിയും അറുതിവന്നിട്ടില്ല. 22 വര്‍ഷങ്ങള്‍ക്കുശേഷം 'ചൈല്‍ഡ് ഇന്‍ ഫലസ്തീന്‍' എന്നപേരില്‍ അദ്ദേഹത്തിന്റെ ആദ്യ കാര്‍ട്ടൂണ്‍ സമാഹാരം കഴിഞ്ഞ മാസം പുറത്തിറങ്ങി. ഇംഗ്ലീഷിലിറങ്ങിയ പുസ്തകം ചര്‍ച്ചയാവുന്ന പശ്ചാത്തലത്തില്‍, നാജി അല്‍അലിയെക്കുറിച്ച് മകന്‍ ഖാലിദ് അല്‍ അലി അല്‍ജസീറ ലേഖകന്‍ അവാദ് ജൌമായുമായി സംസാരിച്ചത്


കൊല്ലപ്പെടും മുമ്പേ അദ്ദേഹം ഫലസ്തീന്റെ ഭാവി വരഞ്ഞു...

Sunday, August 30, 2009

ജേസിയെന്ന പീഡിതയുടെ കഥ

ലോകം വല്ലാതെ കടുപ്പമേറിയ അനുഭവമായി മാറുന്നു
മാനുഷിക വെളിച്ചങ്ങളെല്ലാമണഞ്ഞുപോയി കൂരിരുള്‍ നിറഞ്ഞ ഒരു പ്രാചീന ശിലാഗുഹപോലെ അത് പേടിപ്പെടുത്തുന്നു...


മനസില്‍ മാനുഷികത ഇനിയും ബാക്കിയായവരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു ജേസിയുടേത്. സ്കൂളില്‍ പോവുന്നതിനിടെ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി 18 വര്‍ഷത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തുന്ന കഥ. ക്രൂരമായ ലൈംഗിക പീഡനങ്ങളുടേതായിരുന്നു ആ 18 വര്‍ഷങ്ങള്‍.

ബ്രിട്ടീഷ് പത്രമായ 'ദി മിറര്‍' ലേഖകന്‍ റയാന്‍ പാരി പറഞ്ഞത്...

വേദനാഭരിതമായ 18 വര്‍ഷങ്ങളില്‍ ടെറി പ്രോബിന്‍ സ്വപ്നം കണ്ട നിമിഷമായിരുന്നു അത്. ചുറ്റുമുള്ളവരെല്ലാം കൈവിട്ടിട്ടും, മനസ്സില്‍ നിന്നൊഴിയാതെ അവളെ ജീവിപ്പിച്ചത് ആ നിമിഷത്തെക്കുറിച്ച പ്രതീക്ഷയായിരുന്നു.

ആ നിമിഷം മുന്നില്‍. ഇത്തിരിയകലെ മകള്‍ ജേസി. 11ാം വയസ്സില്‍ കണ്‍മുന്നില്‍നിന്ന് അപഹരിക്കപ്പെട്ട അതേ മകള്‍. കൊല്ലപ്പെട്ടെന്ന് പോലിസും ഉറ്റവരും വിശ്വസിച്ച അതേ മകള്‍. പക്ഷേ, അവളിപ്പോള്‍ മുന്നില്‍. 29 വയസ്സുള്ള യുവതിയായി. തെരുവില്‍ മറയുന്നതിന് മുമ്പ് ആ കണ്ണുകളിലുണ്ടായിരുന്ന തിളക്കം മാത്രമേ അവളിലിപ്പോള്‍ ശേഷിക്കുന്നുള്ളൂ.

അവള്‍ക്കരികില്‍ രണ്ട് കുട്ടികള്‍. 11ഉം 15ഉം വയസ്സുള്ളവര്‍. രണ്ട് പതിറ്റാണ്ടോളം അവളെ തടവില്‍ പാര്‍പ്പിച്ച ഫിലിപ്പ് ഗാരിദോ എന്ന ലൈംഗിക കുറ്റവാളിയില്‍ അവള്‍ക്കുണ്ടായ മക്കള്‍.

അവിസ്മരണീയമായിരുന്നു ആ നിമിഷം. ടെറി ഓടിച്ചെന്ന് മകളെ കൈക്കുള്ളിലാക്കി. അതിരറ്റ സന്തോഷം അവര്‍ക്കിടയില്‍ വിങ്ങുന്നുണ്ടായിരുന്നു.

വടക്കന്‍ കാലിഫോര്‍ണിയയിലെ ആ വീട്ടില്‍ സഹോദരി ഷവ്നയെയും ജേസി കണ്ടു. ജേസിയെ കാണാതാവുമ്പോള്‍ ഒരു വയസ്സായിരുന്നു ഷവ്നക്ക്.

18 വര്‍ഷങ്ങളുടെ പീഡനനാളുകള്‍ ജേസിയെ തകര്‍ത്തു കളഞ്ഞോ? ഇല്ലെന്നാണ്, ജേസിയുടെ രണ്ടാനച്ഛനായ കാളിന്റെ അഭിപ്രായം. 'അവള്‍ക്ക് കാര്യമായ മാറ്റങ്ങളില്ല. ഒന്നും മറന്നിട്ടില്ലെന്ന് അവളമ്മയോട് പറയുന്നുണ്ടായിരുന്നു. കാണാതായ കാലത്തേതിലും അവള്‍ മാറിയിട്ടുണ്ട്.'

ജേസിയെ ഇനിയൊരിക്കലും കാണുമെന്ന് കരുതിയില്ലെന്ന് കാള്‍ തുറന്നു പറഞ്ഞു. 'അവളെ തിരിച്ചുകിട്ടിയത് അത്യദ്ഭുതമാണ്. ഞാന്‍ പ്രതീക്ഷ എന്നേ കൈവിട്ടിരുന്നു. അതിനു പറ്റിയ മാനസികാവസ്ഥയില്‍ എത്തിയിരുന്നു. അവിശ്വസനീയം. ഈയവസ്ഥയെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കില്ല.'

'ആ മനുഷ്യന്റെ കൂടെ കഴിയേണ്ടി വന്നതില്‍ അവള്‍ക്ക് കഠിനമായ സങ്കടവും കുറ്റബോധവുമുണ്ട്. ഈ അവസ്ഥയിലൂടെ അവള്‍ക്ക് കടന്നു പോവേണ്ടി വന്നു എന്നത് ദുഃഖകരമാണ്. വീടിനു പിന്നാമ്പുറത്തെ രഹസ്യ ഷെഡില്‍ 18 വര്‍ഷമാണ് അയാളവളെ താമസിപ്പിച്ചത്.'

ജേസിയുടെ പേര് ഫിലിപ്പ് അലിസ എന്നാക്കി മാറ്റിയിരുന്നു; സാന്‍ഫ്രാന്‍സിസ്കോക്ക് അടുത്ത ആന്റിയോകിലെ വീട്ടില്‍ ഫിലിപ്പും ഭാര്യ നാന്‍സിയുമാണ് താമസം. ഭാര്യയെ പറഞ്ഞു വരുതിയിലാക്കിയാണ് ഫിലിപ്പ് ജേസിയെ അടിമയെപ്പോലെ താമസിപ്പിച്ചത്. ഫിലിപ്പിന്റെ അമ്മയുടെ പേരിലാണ് ആ വീട്. നിലത്തുവിരിച്ച രണ്ട് ഷീറ്റുകളിലായിരുന്നു ഉറക്കം. ഒരിക്കല്‍ പോലും പുറത്തു പോയിട്ടില്ല. സ്കൂള്‍ എന്തെന്ന് കുട്ടികള്‍ക്ക് അറിയില്ല. ഒരിക്കലും ഡോക്ടറെ അവര്‍ കണ്ടിട്ടില്ല.

സ്കൂളില്‍ പോവാനിറങ്ങിയപ്പോഴാണ് ജേസി അപഹരിക്കപ്പെട്ടത്. റോഡരികില്‍ ബസ് കാത്തുനിന്ന അവളെ കാറിലെത്തിയ ഫിലിപ്പ് ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

'ഇന്നും അവളുടെ കരച്ചില്‍ മനസ്സിലുണ്ട്. ബസ്സ്റ്റോപ്പിനടുത്ത ഗാരേജില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍. അന്നേരമാണ് ചാര നിറത്തിലുള്ള ഫോര്‍ഡ് കാറിലേക്ക് അവളെ ആരോ വലിച്ചിടുന്നത് കണ്ടത്. അവള്‍ നിലവിളിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഓടി ബൈക്കെടുത്ത്, കാറിന്റെ പിറകില്‍ വിട്ടു. അതിവേഗത്തില്‍ പാഞ്ഞ കാറിനെ തോല്‍പിക്കാനായില്ല' ^ കാള്‍ ആ ദിവസം ഓര്‍ക്കുന്നു.

തട്ടിക്കൊണ്ടു പോവല്‍ വലിയ വാര്‍ത്തയായതോടെ അന്വേഷണം തകൃതിയായി. സംശയമുന അന്ന് കാളിനു നേര്‍ക്കും നീണ്ടു. രണ്ടാനച്ഛന് തിരോധാനവുമായി ബന്ധമുണ്ടെന്ന് ചില വാര്‍ത്തകള്‍ അതിനിടെ വന്നു. മൂന്നു തവണ എഫ്.ബി.ഐ കാളിനെ നുണ പരിശോധനക്ക് വിധേയമാക്കി. കുടുംബത്തിലും അത് പ്രശ്നങ്ങളുണ്ടാക്കി. ഭാര്യയുമായുള്ള ബന്ധം വഷളായി. വിവാഹ മോചനത്തിന്റെ വക്കുവരെയെത്തി. ജേസിയുടെ യഥാര്‍ഥ പിതാവ്, എന്നാല്‍ സംശയ മുനയില്‍ നിന്നൊഴിവായി. കുറ്റം നടക്കുമ്പോള്‍, അയാള്‍ മറ്റൊരിടത്തായിരുന്നു എന്ന വാദം പോലിസ് അംഗീകരിച്ചു.

റിമാന്റില്‍ കഴിയുന്ന ഫിലിപ്പും ഭാര്യ നാന്‍സിയും തങ്ങള്‍ക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. ജേസിയുടെ കഥ കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ഫിലിപ്പിന്റെ സഹോദരന്‍ റോണോ പറഞ്ഞു. ഒരിക്കല്‍ പോലും ജേസിയെക്കുറിച്ച് ഫിലിപ്പ് തന്നോട് പറഞ്ഞിട്ടില്ലെന്നും അയാള്‍ പറഞ്ഞു.

നാന്‍സി വെറുമൊരു യന്ത്രമാണെന്ന് റോണോ പറഞ്ഞു. 'അവളൊരു റോബോട്ടാണ്. അവന്റെ ആജ്ഞ അനുസരിക്കുന്ന വെറും യന്ത്രം. മനുഷ്യത്വം അവള്‍ക്ക് പറഞ്ഞിട്ടില്ല.' ചെറുപ്പത്തിലേ മയക്കുമരുന്നിന് അടിമയായിരുന്നു ഫിലിപ്പെന്നും റോണോ പറയുന്നു. 1971ല്‍ തട്ടിക്കൊണ്ടു പോവല്‍, ബലാല്‍സംഗ കേസുകളില്‍ ഫിലിപ്പ് ശിക്ഷിക്കപ്പെട്ടിരുന്നു. ജയിലില്‍ കഴിയുമ്പോഴാണ് വിവാഹം. ജയില്‍ പുള്ളിയായ അമ്മാവനെ കാണാന്‍ വരാറുള്ള നാന്‍സിയെ ഫിലിപ്പ് പ്രണയിക്കുകയായിരുന്നു.

ശിക്ഷ കഴിഞ്ഞശേഷം ഫിലിപ്പ് നാന്‍സിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി.ജേസി ഇപ്പോള്‍ അമ്മക്കരികിലാണ്. 18 വര്‍ഷം നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാനുള്ള കൊതിയാണ് അവളുടെ കണ്ണില്‍. ആ പ്രതീക്ഷകളില്‍ താങ്ങായി, അവള്‍ക്കൊപ്പം സദാ അമ്മയുണ്ട്.

(ഗള്‍ഫ് മാധ്യമം30-08-09)



Friday, August 14, 2009

പ്രബന്ധങ്ങളുമായി ഫിദലിന് 83ാം പിറന്നാള്‍ ആഘോഷം

നല്ല രാഷ്ട്ര നേതാവ് എങ്ങിനെയായിരിക്കണമെന്നതിന്റെ ജീവിക്കുന്ന മാതൃകയാണ്ഫിദല്‍ കാസ്ട്രോ. മഹത്തായ ഇന്ത്യ 63ാം സ്വാതന്ത്യ്ര ദിനമാഘോഷിക്കുമ്പോള്‍ ഇതേപോലൊരു നേതൃത്വം നമുക്കും കിട്ടിയിരുന്നെങ്കില്‍ എന്ന വലിയ ആഗ്രഹത്തോടെ എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്യ്രദിനാശംസകള്‍ നേരുന്നു.


ഹവാന: 83ലും താന്‍ തളരാത്ത വിപ്ലവ വീര്യത്തിന്റെ പ്രതീകമാണെന്ന് തെളിയിച്ചുകൊണ്ട് മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോ. ആഗോള സാമ്പത്തികമാന്ദ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ കേന്ദ്രീകരിച്ച് തയാറാക്കിയ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു ഫിദല്‍ കഴിഞ്ഞദിവസം തന്റെ 83ാം പിറന്നാള്‍ ആഘോഷിച്ചത്. ഔദ്യോഗികമായി ആഘോഷങ്ങള്‍ ഒഴിവാക്കിയ അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കാന്‍ തെരുവീഥികളില്‍ വന്‍ജനാവലി തടിച്ചുകൂടിയിരുന്നു. 2008 ഫെബ്രുവരിയില്‍ പ്രസിഡന്റ് സ്ഥാനം ഒഴ ിഞ്ഞ അദ്ദേഹ ം 'റിഫക്ല്ഷന്‍സ ്' എന്നപേരില്‍ ദേശീയ പത്രത്തില്‍ ലേഖനങ്ങള്‍ എഴുതിവരികയാണ്. ഇതിനിടെ അദ്ദേഹം ആരോഗ്യവാനായിരിക്കുന്ന പുതിയ ചിത്രം ക്യൂബന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. മൂന്നു വര്‍ഷം മുമ്പ് ഉദരരോഗത്തെ തുടര്‍ന്ന് സഹോദരന്‍ റൌള്‍ കാസ്ട്രോക്ക് അധികാരം കൈമാറിയ ശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
(ഗള്‍ഫ് മാധ്യമം)

Sunday, July 26, 2009

അവസാനം, ഞാനും അവരിലൊരാളായി...

സ്വന്തം വീട്ടില്‍ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച് വിഖ്യാത ചരിത്രകാരനും ഹാര്‍വാഡ് സര്‍വകലാശാല അധ്യാപകനുമായ ഹെന്റി ലൂയിസ് ഗേറ്റ്സിനെ കാംബ്രിഡ്ജ് പോലിസ് അറസ്റ്റ് ചെയ്ത് കൈവിലങ്ങുവെച്ച് ജയിലിലടച്ച സംഭവം ലോകമെങ്ങും കോളിളക്കമുണ്ടാക്കുകയാണ്. കറുത്ത വര്‍ഗക്കാരനായതില്‍ താനനുഭവിച്ച അധിക്ഷേപത്തെക്കുറിച്ച് ഹെന്റി ലൂയിസ് ഗേറ്റ്സ് എഴുതുന്നു...

അമേരിക്കയിലെ വംശീയതയെക്കുറിച്ച് പഠിക്കുന്നതിനാണ് ജീവിതത്തിന്റെ ഭൂരിഭാഗവും ഞാന്‍ ഉപയോഗിച്ചത്. ആണവാനന്തര കാലത്തും മനുഷ്യരില്‍ വംശീയതയുടെ വിത്തുകള്‍ എത്രമാത്രം വീണുകിടക്കുന്നു എന്ന് കണ്ടെത്താനുള്ള നീണ്ട അന്വേഷണങ്ങളായിരുന്നു അവ. എന്നാല്‍, ഒരിക്കലും ഞാന്‍ ഓര്‍ത്തില്ല, കറുത്തവനായതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട ഒരാളെന്ന നിലയില്‍ എനിക്ക് സ്വയം പഠിക്കേണ്ടിവരുമെന്ന്.

പത്ത് ലക്ഷം കറുത്ത വര്‍ഗക്കാര്‍ അമേരിക്കന്‍ ജയിലിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഞാനും അവരിലൊരാളായി. ഇത് നിഷ്ഠൂരമായ അനുഭവമാണ്. ക്രിമിനല്‍ നീതിന്യായ സംവിധാനം രാജ്യത്തെ കറുത്ത വര്‍ഗക്കാരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ നേരനുഭവം. വംശീയതയെക്കുറിച്ച് സംസാരിക്കുന്നത്ര എളുപ്പമല്ല അത് അനുഭവിച്ചറിയുന്നത്.
'അമേരിക്കയുടെ മുഖങ്ങള്‍' എന്ന ഡോക്യുമെന്ററിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചൈനയിലായിരുന്ന ഞാന്‍ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. യാത്ര കഴിഞ്ഞ് വരുമ്പോള്‍ കൈയില്‍ മൂന്നു വലിയ ബാഗുകളുണ്ടായിരുന്നു. ജമൈക്കക്കാരനായ ഡ്രൈവര്‍ അവയെടുത്ത് വീടിന്റെ മുന്‍വാതിലിനു മുന്നിലെത്തിച്ചു. വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അതനങ്ങിയില്ല. ഏറെ കഷ്ടപ്പെട്ട് വാതിലിന്റെ ഒരുവശം തുറക്കാന്‍ നോക്കിയപ്പോള്‍, കുടുങ്ങിയെന്നു തോന്നി. വാതില്‍ തുറക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. കത്തുകള്‍ എടുക്കാനെത്തിയ സെക്രട്ടറി അബദ്ധത്തില്‍ വാതില്‍ അടച്ചപ്പോള്‍ സംഭവിച്ചതാവാം. കുറേനേരം തള്ളിയിട്ടും ഫലം കാണാതായപ്പോള്‍ ഞാന്‍ പറഞ്ഞു, 'നമുക്ക് വാതിലിലൂടെ നൂഴ്ന്നു നോക്കാം.' ഡ്രൈവര്‍ സമ്മതിച്ചു. അരികിലൂടെ നൂഴ്ന്ന്, എല്ലാ ശക്തിയും പ്രയോഗിച്ചു തള്ളിയപ്പോള്‍ വാതില്‍ ഇത്തിരി തുറന്നുവന്നു. ഒരുവിധം അതിനിടയിലൂടെ അകത്തേക്കു കടന്നു.

ഇതെല്ലാം കാണുന്നുണ്ടായിരുന്ന അയല്‍ക്കാരന്‍ ഇതിനകം പോലിസിനെ വിളിച്ചിരുന്നെന്ന് പിന്നീടറിഞ്ഞു. രണ്ട് കറുത്തവന്‍മാര്‍ വീട്ടില്‍ നുഴഞ്ഞുകയറുന്നുവെന്നായിരുന്നു അവരുടെ പരാതി. വാതില്‍ കേടായ വിവരം സര്‍വകലാശാല മെയിന്റനന്‍സ് വിഭാഗത്തില്‍ അറിയിക്കാന്‍ ഞാന്‍ ഫോണെടുത്തപ്പോഴേക്കും പോര്‍ച്ചില്‍ പോലിസ് വാഹനം വന്നുനിന്നിരുന്നു. 'പുറത്തേക്ക് വരണം' പരുക്കന്‍ സ്വരത്തില്‍ അയാള്‍ ഗര്‍ജിച്ചു. ഞാനതിന് തയാറായില്ല. അത് നന്നായെന്ന് പിന്നീട് എന്റെ അഭിഭാഷകന്‍ പറഞ്ഞു. അങ്ങനെ ചെയ്തിരുന്നെങ്കില്‍, വാതില്‍ പൊളിച്ചുകടന്നതിന് അയാള്‍ ഉടന്‍ അറസ്റ്റു ചെയ്തേനെ.
'വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറിയ പരാതി അന്വേഷിക്കാന്‍ വന്നതാണ് ഞാന്‍' ^അയാള്‍ പറഞ്ഞു. 'ഇതെന്റെ വീടാണ്. ഞാന്‍ ഹാര്‍വാര്‍ഡിലെ പ്രൊഫസറാണ്. പരിഹാസ്യമാണ് ഈയാരോപണം' ^ഞാന്‍ പറഞ്ഞു. 'ഓഹോ, എങ്കില്‍ അക്കാര്യം തെളിയിക്കണം' ^അയാള്‍ പുച്ഛത്തോടെ പറഞ്ഞു.അടുക്കളയില്‍ ചെന്ന് പഴ്സ് തുറന്ന് സര്‍വകലാശാലയുടെ തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവറുടെ ലൈസന്‍സും ഞാനയാളെ കാണിച്ചു. ഒന്നും മിണ്ടാതെ അയാളത് നോക്കിനിന്നു. രണ്ട് കറുത്തവര്‍ വാതില്‍ കുത്തിത്തുറന്ന് വീടിനകത്തു കയറിയ കഥ അയാളുടെ മനസ്സില്‍ കത്തിയിരിക്കണം. പുറത്തേക്കിറങ്ങി നില്‍ക്കാന്‍ അയാളെന്നോട് ആജ്ഞാപിച്ചു. അയാളുടെ പെരുമാറ്റത്തില്‍ എനിക്ക് പരാതിയുണ്ടെന്നും അയാളുടെ പേരും ബാഡ്ജ് നമ്പറും വ്യക്തമാക്കണമെന്നും ഞാനാവശ്യപ്പെട്ടു. അയാള്‍ മറുപടി തന്നില്ല. മൂന്നു തവണ ഞാന്‍ ആവര്‍ത്തിച്ചു. അയാള്‍ ക്രൂദ്ധനായി നോക്കുക മാത്രം ചെയ്തു.

'ഞാന്‍ കറുത്തവനും നിങ്ങള്‍ വെളുത്തവനുമാണ്. എനിക്ക് മറുപടി തരാത്തത് അതുകൊണ്ടു മാത്രം' ^ഞാന്‍ പറഞ്ഞു.ഉടനയാള്‍ രൂക്ഷമായി എന്നെ നോക്കി. 'പുറത്തേക്ക്' കടുപ്പത്തില്‍ അയാള്‍ പറഞ്ഞു. അയാള്‍ക്കു പുറകെ ഞാനും ചെന്നു. പേരോ ബാഡ്ജ് നമ്പറോ വെളിപ്പെടുത്തിയതേയില്ല. പോര്‍ച്ചില്‍, അപ്പോഴേക്കും നിറയെ പോലിസായിരുന്നു. അതിലൊരു ഉദ്യോഗസ്ഥനോട്, എന്റെ വീട്ടില്‍ കയറിവന്ന പോലിസുകാരന്റെ പേരും ബാഡ്ജ് നമ്പറും ഞാന്‍ അന്വേഷിച്ചു. 'യു ആര്‍ അണ്ടര്‍ അറസ്റ്റ്' അതായിരുന്നു മറുപടി. എന്റെ കൈകള്‍ പിന്നിലേക്ക് കൂട്ടിപ്പിടിച്ച് അയാള്‍ വിലങ്ങണിയിച്ചു. 'എനിക്കിങ്ങനെ നടക്കാനാവില്ല.' പ്രതിഷേധിച്ചപ്പോള്‍ പിറകില്‍ കെട്ടിവെച്ച കൈകള്‍ മുന്നിലേക്ക് മാറ്റി വിലങ്ങുവെച്ചു. അപ്പോഴേക്കും റോഡില്‍ ആള്‍ക്കൂട്ടമായി കഴിഞ്ഞിരുന്നു. കൈ വിലങ്ങണിയിച്ച് ക്രിമിനലിനെപ്പോലെ കാറിനടുത്തേക്ക് നടത്തിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, 'ഇങ്ങനെയാണോ, അമേരിക്കയില്‍ നിങ്ങള്‍ കറുത്തവരെ കൈകാര്യം ചെയ്യുന്നത്?'
കാംബ്രിഡ്ജ് ജയിലിലേക്കാണ് അവരെന്നെ കൊണ്ടുപോയത്. അതിനിടെ, അറസ്റ്റ് രേഖപ്പെടുത്തി. വിരലടയാളമെടുത്തു. ചോദ്യമാരംഭിച്ചു. നിന്ദ്യം എന്നല്ലാതെ അവരുടെ പെരുമാറ്റത്തെ വിശേഷിപ്പിക്കാനാവില്ല. അവരെന്റെ ബെല്‍റ്റ് അഴിച്ചു. പഴ്സ് എടുത്തുമാറ്റി. താക്കോലുകള്‍ ചോദിച്ചുവാങ്ങി, പണം എണ്ണി നോക്കി.'നിങ്ങളെ 40 ഡോളര്‍ ജാമ്യത്തിന് വിടാം. അത്രയും തുക പഴ്സിലുണ്ടെന്ന് ഉറപ്പായല്ലോ' ^എന്ന് കാശെണ്ണിയ പോലിസുകാരന്‍ പറഞ്ഞു. അപമാനകരമായിരുന്നു ആ അവസ്ഥ. എനിക്കാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

നാലു മണിക്കൂര്‍ അവിടെ കഴിഞ്ഞു. പുറത്തുപോവണമെന്ന് പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു, നിങ്ങളുടെ മൂന്നു ചങ്ങാതിമാര്‍ പുറത്തുവന്നിട്ടുണ്ട്.' കൂടിക്കാഴ്ചാ മുറിയില്‍ അവരെ കണ്ടു. സഹപ്രവര്‍ത്തകര്‍. ഹാര്‍വാര്‍ഡിലെ മുതിര്‍ന്ന അധ്യാപകര്‍. കുറേ കഴിഞ്ഞപ്പോള്‍, മജിസ്ട്രേറ്റ് വന്നു. ഏതൊക്കെയോ കടലാസുകളില്‍ ഒപ്പുവെച്ച ശേഷം പുറത്തിറങ്ങാനായി. പോലിസിനോട് ഉച്ചത്തില്‍ സംസാരിച്ചെന്നും ബഹളംവെച്ചെന്നുമാണ് എനിക്കെതിരെയുള്ള പരാതി. എന്നാല്‍, ചൈനയില്‍വെച്ച് തൊണ്ട അടഞ്ഞതിനാല്‍ ഇപ്പോള്‍പോലും എനിക്ക് ഉച്ചത്തില്‍ സംസാരിക്കാന്‍ പ്രയാസമാണ്.
(ഗള്‍ഫ് മാധ്യമം 2009 ജൂലൈ 24)

Saturday, July 25, 2009

'അഞ്ചുവര്‍ഷത്തിനകം സൌദിയില്‍ കോടിയിലേറെ തൊഴിലവസരങ്ങള്‍'

റിയാദ്: സൌദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വന്‍തോതില്‍ തൊഴിലവസരങ്ങളുണ്ടാവുമെന്ന് റിയാദ് ചേംബര്‍ ഓഫ് കൊമേഴ്സ് നടത്തിയ പഠനത്തില്‍ പറയുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ കോടിയിലേറെ തസ്തികകളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വന്‍ എകണോമിക് സിറ്റിയുള്‍പ്പെടെയുള്ള വാണിജ്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് 2014ഓടെയാണ് ഇത്രയേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. പുതിയ പദ്ധതികളിലൂടെ 10.8 ദശലക്ഷം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 5.45 ദശലക്ഷം സ്വദേശികള്‍ക്കും 5.4 ദശലക്ഷം വിദേശികള്‍ക്കും ലഭിക്കും. സമീപകാലത്ത് സ്വദേശികള്‍ക്കിടയില്‍ കൂടിവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ ഇത്കൊണ്ട് സാധിക്കും. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 10.5 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലൂടെ 2014 ആകുമ്പോഴേക്കും അത് 7.14 ശതമാനമായി കുറക്കാന്‍ കഴിയും. എന്നാല്‍ അഭൂതപൂര്‍വമായ തോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമ്പോഴും തൊഴിലില്ലായ്മ നിരക്ക് ഇത്രകണ്ട് കുറഞ്ഞാല്‍ പോരാ എന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. തൊഴില്‍രഹിതരായ സ്വദേശി യുവാക്കള്‍ക്ക് വിദേശ തൊഴിലാളികള്‍ ചെയ്യുന്ന പല ജോലികളിലും വേണ്ടത്ര വൈദഗ്ധ്യമില്ലാത്തതാണ് ഇതിന് കാരണമത്രെ. ഭാവിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടാലും സ്വദേശികളുടെ അനുപാതം സ്വകാര്യ മേഖലയില്‍ കുറയാനാണ് സാധ്യത. കഴിഞ്ഞ ഏഴുവര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ വാണിജ്യ, ഉദ്പാദന രംഗത്തും സേവന മേഖലയിലും സ്വദേശികള്‍ വേണ്ടത്ര തൊഴില്‍ സന്നദ്ധത കാണിക്കുന്നില്ലെന്നാണ് പഠനത്തില്‍ തെളിയുന്നത്. തൊഴിലില്ലായ്മ നിലനില്‍ക്കുമ്പോള്‍ തന്നെ തൊഴിലിനോടുള്ള താല്‍പര്യക്കുറവ് തുടരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്തും സാങ്കേതിക പരിശീലനങ്ങളിലും ഇതേ വിമുഖത പ്രകടമാണ്. തൊഴില്‍ രംഗത്ത് കാര്യക്ഷമതയും കഴിവും പോഷിപ്പിക്കാനുതകുന്ന പരിശീലന പദ്ധതികളും കേന്ദ്രങ്ങളും സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പഠനം ഊന്നിപ്പറയുന്നുണ്ട്. വൈദ്യരംഗത്തും എഞ്ചിനീയറിംഗ് മേഖലയിലും രാജ്യത്തിന് മൊത്തം ആവശ്യമായതിന്റെ 12.5 ശതമാനമാണ് സ്വദേശി പങ്കാളിത്തം. 2007ലെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം തൊഴില്‍മേഖലയില്‍ 54.4 ശതമാനം വിദേശ തൊഴിലാളികളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. യോഗ്യതയുടെ അഭാവവും നിയമപരമായ പരിമിതികളും തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ അനുപാതം കുറയാന്‍ കാരണമാവുന്നു. സ്വദേശി ഉദ്യോഗസ്ഥരില്‍ 8.1ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. സ്ത്രീകള്‍ക്ക് അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടും പല സ്വകാര്യ സ്ഥാപനങ്ങളും അവരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഇപ്പോഴും വിമുഖത കാട്ടുകയാണെന്ന് പഠനത്തില്‍ പറയുന്നു.
നജിം കൊച്ചുകലുങ്ക്

Tuesday, July 14, 2009

എടയ്ക്കല്‍ ഗുഹയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍


ലോകപ്രശസ്തമായ വയനാട്ടിലെ എടക്കല്‍ ഗുഹയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. പൌരാണികമായ ശിലാലിഖിതങ്ങളാലും പാറപിളര്‍ത്തി പ്രകൃതിയൊരുക്കിയ ഗുഹയുടെ വിസ്മയകരമായ നിര്‍മ്മിതിയാലും ലോക ശ്രദ്ധയാകര്‍ഷിച്ച ഈ പൈതൃകത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ വൃത്തിഹീനമാക്കുന്നത് അവിടെ വിനോദ സഞ്ചാരം നടത്തി വരുമാനമുണ്ടാക്കുന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ അശ്രദ്ധയും അലംഭാവവുമാണ്. സുല്‍ത്താന്‍ ബത്തേരിയ്ക്കും അമ്പലവയലിനുമിടയില്‍ അമ്പുകുത്തി മലയിലെ രണ്ട് ശിലാഗുഹകളുള്‍പ്പെടുന്ന ഈ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ചരിത്ര സ്മാരകം ദേശീയ പുരാവസ്തു വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതും ലോക പൈതൃക പട്ടികയിലിടം നേടിയതുമാണ്. വിദേശികളടക്കമുള്ള അനേകം ചരിത്ര കുതുകികളും പുരാവസ്തു വിദഗ്ധരും ദിനം പ്രതി ഇവിടെ വന്നുപോകുന്നുണ്ട്. സ്വാഭാവികമായും വിനോദ സഞ്ചാരികളെയും ഈ പ്രകൃതി വിസ്മയം ആകര്‍ഷിക്കുന്നുണ്ട്. ട്രക്കിംഗിനെത്തുന്നവരും അമ്പുകുത്തി മലയിലേക്കുള്ള വഴി മദ്ധ്യേ ഇവിടം സന്ദര്‍ശിക്കുന്നു. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നല്ല വരുമാനമുണ്ടാക്കുന്നുണ്ട് ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍. എന്നാല്‍ പ്ലാസ്റ്റിക് രഹിതമായിരിക്കേണ്ട വനമേഖലയിലുള്ള ഒരു കേന്ദ്രത്തില്‍ അതിന് വേണ്ട ജാഗ്രത പുലര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ശിലാ ലിഖിതങ്ങളുള്ള പ്രധാന ഗുഹയുടെ ഒരു മൂലയില്‍ രണ്ട് പാറകള്‍ ചേരുന്നയിടത്തെ വിടവിലാണ് പ്ലാസ്റ്റിക് കുപ്പികളുടെ മാലിന്യങ്ങള്‍ നിറഞ്ഞ് കിടക്കുന്നത്. വിനോദ സഞ്ചാരികള്‍ വലിച്ചെറിയുന്ന കുടിവെള്ള ബോട്ടിലുകളാണിവ. 15 അടിയിലേറെ ആഴത്തില്‍ നേരിയ വ്യാസം മാത്രമുള്ള വിടവില്‍ കൂമ്പാരമായി നിറയുന്ന ഇവയെ അത്രയെളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയില്ല എന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ കൂട്ടത്തില്‍ മദ്യകുപ്പികള്‍ വരെയുണ്ടെന്ന് കാണാം. പാറക്കെട്ടുകള്‍ക്കും വൃക്ഷങ്ങളുടെ ഉയര്‍ന്നുനില്‍ക്കുന്ന വേരുകള്‍ക്കുമിടയിലൂടെ അപകട സാധ്യതയേറിയ കുത്തനെയുള്ള കയറ്റം കയറി വരുന്നവരുടെ കൈവശം മദ്യക്കുപ്പികളുണ്ടാവുന്നതും അത്ര ആശാസ്യകരമല്ലല്ലൊ. സ്ത്രീകളും കുട്ടികളും വിദേശികളുമായി നൂറുകണക്കിനാളുകള്‍ വന്നുപോകുന്നയിടത്ത് മദ്യപന്മാരെ കയറ്റിവിടുന്നതിന്റെ അപകടത്തെ കുറിച്ച് പ്രത്യേകിച്ചോര്‍മ്മപ്പെടുത്തേണ്ടതില്ല. ആദ്യ ഗുഹയുടെ കവാടത്തിനരുകില്‍ പ്രമോഷന്‍ കൌണ്‍സിലിന്റെ ടിക്കറ്റ് കൌണ്ടറുണ്ട്. പരിശോധകരുമുണ്ട് വഴി നീളെ. ഗുഹയിലാവട്ടെ ഗൈഡുകളും സെക്യൂരിറ്റി ഉദ്യോഗസ്ഥരും. പോക്കറ്റിലൊളിപ്പിച്ച മൊബൈല്‍ ഫോണ്‍ രൂപത്തിലുള്ള കാമറ വരെ കണ്ടെത്തി അതിന് ടിക്കറ്റെടുപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആളുകളുടെ കൈവശമുള്ള കുടിവെള്ള കുപ്പികളും മദ്യകുപ്പികളും എന്തുകൊണ്ടു കാണാന്‍ കഴിയുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിയിലാണെന്നു കരുതി വിലക്കാനാവില്ല എന്ന ന്യായീകരണം തള്ളിക്കളയാവതല്ല. കുത്തനെയുള്ള കയറ്റം വെള്ളം കുടിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ കുപ്പിവെള്ളം നിരോധിക്കാനാവില്ല. കുന്നുകയറി ഗുഹയിലെത്തുമ്പോഴേക്കും വെള്ളം കുടിച്ചു ഒഴിയുന്ന കുപ്പി വലിച്ചെറിയാനെ തരവുമുള്ളൂ. വെറുതെ താഴേയ്ക്ക് ചുമക്കേണ്ടതില്ലല്ലൊ. അങ്ങനെയാണ് സഞ്ചാരികള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഏറ്റവുമുചിതമായ സ്ഥലമായി കണ്ട് ഗുഹാ ഭിത്തിയിലെ വിടവിലേക്ക് വലിച്ചെറിയുന്നത്. ഇങ്ങിനെ നൂറുകണക്കിന് കുപ്പികള്‍ ഈ ഭാഗത്ത് ദിവസവും വീഴുകയാണ്. എന്നാല്‍ മാലിന്യ നിക്ഷേപത്തിന് ആളുകള്‍ കണ്ടെത്തിയ സ്ഥലമാകട്ടെ ഗുഹയിലെ ഏറ്റവും വിസ്മയകരവും മനോഹരവുമായ ഭാഗമാണെന്നതാണ് ദൌര്‍ഭാഗ്യകരം. പാറ പിളര്‍ത്തി ഗുഹയുണ്ടാക്കിയ പ്രകൃതിയുടെ ശില്‍പ ചാതുര്യം വിളിച്ചോതുന്നതാണ് പരസ്പരം തൊടാതെ കൃത്യമായ അളവില്‍ വെട്ടിയൊരുക്കിയ ഭിത്തികളായി മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന രണ്ട് ശിലാഗ്രങ്ങള്‍. ഗുഹയ്ക്കുള്ളിലേക്ക് കാറ്റും വെളിച്ചവും കടക്കുന്ന ജാലകം പോലുള്ള ഈ വിടവാണ് ഇന്ന് മാലിന്യ നിക്ഷേപത്തിനുള്ള സ്ഥലമായി മാറിയിരിക്കുന്നത്. ഇപ്പോഴെങ്കിലും ശ്രദ്ധ വെച്ചില്ലെങ്കില്‍ ഒരിക്കലും നശിപ്പിക്കാനാവാത്ത പ്ലാസ്റ്റിക് മാലിന്യത്താല്‍ ഈ ജാലക വിസ്മയം അടഞ്ഞുപോകും. കുടിവെള്ളം മുട്ടിക്കാതെ തന്നെ പ്ലാസ്റ്റിക് കുപ്പികളുടെ മാലിന്യ ബാധയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപായം കുറച്ചകലെ മാനന്തവാടിക്കടുത്തെ കുറുവ ദീപിലെ മാക്കം കുറുവ വന സംരക്ഷണ സമിതിക്കാര്‍ പറഞ്ഞു തരും. കബനീ നദിയിലെ ഈ മനോഹര ദീപ സമൂഹത്തിലേക്ക് ടൂറിസ്റ്റുകളെ കടത്തിവിടുന്നത് ഇവരുടെ നേതൃത്വത്തിലാണ്. ദീപ സമൂഹവും വനമേഖലയും പ്ലാസ്റ്റിക് രഹിത മേഖലയാക്കി നിലനിര്‍ത്താന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗം മാതൃകാപരമാണ്. പ്രവേശന^കാമറ ഫീസുകള്‍ക്കൊപ്പം സഞ്ചാരികളുടെ കൈവശമുള്ള കുടിവെള്ള ബോട്ടിലുകള്‍ക്കും ബോട്ടിലൊന്നിന് 10 രൂപ വീതം ഫീസീടാക്കും. വെള്ളമൊഴിഞ്ഞാലും കുപ്പി ദീപിലുപേക്ഷിക്കാതെ മടക്കിക്കൊണ്ട് വന്നാല്‍ ഈ ഫീസ് മടക്കി കൊടുക്കും. ഇത് നല്ല പ്രയോജനം ചെയ്യുന്നുണ്ടെന്ന് വന വികസന സമിതിക്കാര്‍ പറയുന്നു. ഈ ഉപായം എടയ്ക്കല്‍ ഗുഹയിലും പ്രയോഗിച്ചുനോക്കാം.
നജിം കൊച്ചുകലുങ്ക്
ഫോട്ടോ: അജയന്‍ കൊട്ടാരക്കര

Wednesday, July 8, 2009

ഓര്‍മ്മയുടെ ഓളപ്പരപ്പിലൊരു ജഡം ഒഴുകിയൊഴുകി...

ബൈക്കപകടത്തില്‍ പെട്ട ചെറുപ്പക്കാരന്റെ ചുണ്ടുകള്‍ മെല്ലെ അടര്‍ന്നു. അതിന്റെ വക്കില്‍ ഉമിനീരിന്റെ പശ പിടിച്ചിട്ടുണ്ടായിരുന്നു. അതിലൂടെ അവന്റെ പല്ലുകള്‍ വെളിവായി. കൃഷ്ണമണികള്‍ പിറകോട്ട് വലിഞ്ഞു. മരണത്തിന്റെ വെളുപ്പ് അവനെ കീഴടക്കി. (സന്തോഷ് ഏച്ചിക്കാനത്തിന്റെ'കൊമാല'യെന്ന കഥയില്‍ നിന്ന്)
മരണം അനുഭവപ്പെടുന്നത് ഇങ്ങനെയാണ്. അപ്പോള്‍ ശവമോ? പെട്ടിയിലടച്ച അഞ്ചുമാസം പഴക്കമുള്ള മനുഷ്യ ജഡത്തിന് മണിക്കൂറുകളോളം കാവ ലിരുന്ന ഒരു രാത്രി, ഓര്‍മ്മയുടെ ഓളപ്പരപ്പില്‍ പൊങ്ങിക്കിടക്കുകയാണിപ്പോഴും , ചീര്‍ത്ത് വീര്‍ത്ത ജഡമായി...

അതൊരു വ്രതമാസ രാവായിരുന്നു. റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ഗോ ഡിവിഷന്റെ മുറ്റത്ത് നിരത്തിവെച്ച പെട്ടികളിലൊന്നില്‍ ആ ശവം സ്വസ്ഥമായി കിടന്നു. മോര്‍ച്ചറിയിലെ ശീതീകരണിയിലിരുന്ന നാളുകളില്‍ അടരുകളായി അതിനെ പൊതിഞ്ഞ മഞ്ഞ് ഇപ്പോള്‍ അലിഞ്ഞു തുടങ്ങിയിട്ടുണ്ടാവും. ഈര്‍പ്പം വിയര്‍പ്പ് തുള്ളികള്‍ പോലെ ആ ശരീരത്തെ നനച്ചു കുതിര്‍ത്തുന്നുണ്ടാവും.

അഞ്ചുമാസ പ്രായത്തിന്റെ ജഡത്വം ഉണക്കമീന്‍ പോലെയാക്കിയ ആ ശരീരം ഉഷ്ണമാപിനിയില്‍ 20എന്ന് രേഖപ്പെടുത്തുന്ന പുറത്തെ അന്തരീക്ഷോഷ്മാവിലിനിയും കുറച്ചുനേരം കൂടിയിരുന്നാല്‍ സംഭവിക്കാവുന്ന ദുരന്തമോര്‍ത്ത് ആശങ്കയിലായി ഞങ്ങള്‍. ശിഹാബ് കൊട്ടുകാട് നെട്ടോട്ടത്തിലാണ്. രാത്രി ഒമ്പതിന് റിയാദ് ശുമേസി ആശുപത്രി മോര്‍ച്ചറിയില്‍ നിന്നെടുത്ത ശവമാണ്. നാട്ടിലേക്കുള്ള വിമാനം പിറ്റേന്ന് രാവിലെ 11നും. എയര്‍പോര്‍ട്ട് കാര്‍ഗോ സെക്ഷനിലെത്തിച്ച മൃതദേഹം, അതുവരെ ഫ്രീസറില്‍ വെക്കാനുള്ള അനുമതിക്കായാണ് നെട്ടോട്ടം. ബോഡി എമിഗ്രേഷന്‍ ചെക്കിംഗിന് വിധേയമാക്കിയ ശേഷം കാര്‍ഗോ സെക്ഷനിലെ ശീതീകരണിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി രേഖ ലഭിക്കണം. ബന്ധപ്പെട്ട സെക്ഷനില്‍ ഉദ്യോഗസ്ഥനില്ല. റമദാന്‍ രാത്രിയിലെ സ്വാഭാവിക തിരക്കുകളില്‍ പെട്ട് ഉദ്യോഗസ്ഥന്‍ എവിടെയോ മറഞ്ഞിരിക്കുന്നു. പുറത്തെ ചൂടില്‍ ശവപ്പെട്ടിയുടെ ഇരിപ്പ് അപ്പോഴേക്കും നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ ഉദ്യോഗസ്ഥനെ എങ്ങനെയെങ്കിലും തേടിപ്പിടിച്ചേ കഴിയൂ എന്ന പരക്കം പാച്ചിലിലാണ് റിയാദില്‍ സാമൂഹിക സേവനത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന ശിഹാബ്. ശവപ്പെട്ടിക്ക് കാവല്‍ നില്‍ക്കാനുള്ള നിയോഗം ഞങ്ങളുടെ തലവരയില്‍ കുറിച്ചിട്ടതെപ്പോഴാണെന്ന് ഓര്‍ത്തുപോയി. കുറിപ്പുകാരനും മാധ്യമ സുഹൃത്ത് ഷഖീബ് കൊളക്കാടനും ഒരു കൌതുകത്തിന് ശിഹാബിനൊപ്പം ഇറങ്ങി പുറപ്പെട്ടതാണ്. 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി' എന്ന് യാന്ത്രികമായി എത്രയോ തവണ വാര്‍ത്തകളെഴുതിയിട്ടുണ്ടെങ്കിലും ശവങ്ങളെ അതിന്റെ ബന്ധുമിത്രാദികളിലേക്ക് യാത്രയയക്കാനുള്ള നടപടിക്രമങ്ങള്‍ ഇത്ര സങ്കീര്‍ണമാണെന്ന് അറിയില്ലായിരുന്നു. ആ അറിവ് തേടിയുള്ള യാത്രയാണ് ശവപ്പെട്ടിയുടെ കാവലിരിക്കുന്നതിലേക്കെത്തിച്ചത്. ആ അസ്വസ്ഥതകള്‍ക്കിടയിലും ചിന്തിച്ചുപോയത് ഇതുപോലെ നൂറുകണക്കിന് മൃതദേഹങ്ങളുമായി ഈ മുറ്റത്ത് പലതവണ വന്നുപോകുന്ന ശിഹാബിനെ പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തകരുടെ കാര്യമാണ്. മനസില്‍ ആദരവ് പെരുത്തു. സമയമിഴയുകയാണ്. നീട്ടിവളര്‍ത്തിയ മുടി മാടിയൊതുക്കുന്ന വിരലുകളില്‍ അസ്വസ്ഥതയുടെ വിറയല്‍ പടരുന്നത് മറച്ചുവെക്കാനാവാതെ ശിഹാബ് നിസഹായനാവുകയാണ്. നൂറുകണക്കിന് ശവങ്ങളുമായി ഇതുപോലെ പല തവണ ഈ മുറ്റത്ത് വന്നിട്ടുണ്ട്. അന്നൊന്നുമുണ്ടാകാത്ത അസുഖകരമായ ഒരവസ്ഥ.
അതാണ് ഈ പെട്ടിക്കുള്ളില്‍ കിടക്കുന്ന മാണിക്കമെന്ന തമിഴന്റെ കഥയെ വ്യത്യസ്തമാക്കുന്നത്. അത്തര്‍ മണത്തിനും പത്രാസിനുമപ്പുറത്തെ ഗള്‍ഫുകാരന്റെ ദൈന്യം നിറഞ്ഞ ജീവിതകഥയുടെ തുടര്‍ച്ച. ജീവനറ്റ ഈ ശരീരം തങ്ങള്‍ക്കാവശ്യമില്ലെന്ന് പ്രാണപ്രേയസിയും അരുമമക്കളും അറുത്തുമുറിച്ച് പറഞ്ഞു. ഒരു മനുഷ്യായുസ് മുഴുവന്‍ മരുഭൂമിയില്‍ വിയര്‍പ്പാക്കി കുടുംബത്തെ പോറ്റിയ ഒരു സാധാരണ പ്രവാസിയുടെ അനുഭവങ്ങളിലെ അപൂര്‍വമായൊരു ദുര്‍വിധി. റിയാദില്‍ ഒരു ഇലക്ട്രിക്കല്‍ ഹെല്‍പ്പറായിരുന്നു തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സ്വദേശി മാണിക്കം. കുറെ വര്‍ഷം ഇവിടെ ജോലിയെടുത്ത് കുടുംബത്തെ തന്നെ കൊണ്ടാവും വിധം പോറ്റി.മക്കള്‍ തന്നോളമെത്തി, നാട്ടില്‍ വിവിധ ജോലികളിലേര്‍പ്പെട്ട് കുടുംബത്തിന് മറ്റുവിധത്തില്‍ വരുമാനവും കൂടി. ഒരു സായാഹ്നത്തില്‍ ജോലികഴിഞ്ഞ് സൈക്കിളില്‍ താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ അറബി യുവാവിന്റെ കാറിടിച്ചാണ് ഇയാള്‍ മരിക്കുന്നത്. മൃതദേഹം സ്വാഭാവികമായും സര്‍ക്കാര്‍ ആതുരാലയമായ ശുമേസി ആശുപത്രി മോര്‍ച്ചറിയിലെത്തി. ദിവസങ്ങളും ആഴ്ചകളും പിന്നിട്ടിട്ടും അവകാശികളാരും എത്തിയില്ല. പോലിസ് ഇയാളുടെ ജോലിസ്ഥലം അന്വേഷിച്ചെത്തി. സഹപ്രവര്‍ത്തകരും നാട്ടുകാരുമായ ചില തമിഴ്നാട്ടുകാരെ കണ്ടുപിടിച്ചു. മുസ്ലിമിതര വിഭാഗങ്ങള്‍ക്ക് അവരുടെ ആചാരപ്രകാരമുള്ള മരണാനന്തര ക്രിയകള്‍ക്ക് ഇവിടെ സൌകര്യം പരിമിതമായതിനാല്‍ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കാനാണ് സൌദിയധികൃതര്‍ താല്‍പര്യമെടുക്കാറ്. (ഈ പ്രശ്നത്തിന് പരിഹാരമെന്നേണം റിയാദില്‍ നിന്ന് കിലോമീറ്റര്‍ അകലെ അല്‍ഖര്‍ജ് പട്ടണത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഒരു ശ്മശാനം അടുത്തിടെ സ്ഥാപിച്ചിട്ടുണ്ട് ). മാണിക്കത്തിന്റെ നാട്ടിലെ അവകാശികളുടെ സമ്മതപത്രം വാങ്ങി മൃതദേഹം അങ്ങോട്ടയക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇവരോട് പോലിസ് ആവശ്യപ്പെട്ടു. റിയാദിലെ നാട്ടുനടപ്പനുസരിച്ച് ഇവര്‍ നേരെ അഭയം തേടിയത് ശിഹാബ് കൊട്ടുകാടിനെ. പെട്ടെന്ന് തലയില്‍ നിന്ന് ഭാരം മറ്റൊരു ചുമലില്‍ മാറ്റിവെച്ച് അവര്‍ രക്ഷപ്പെട്ടു. ആശുപത്രിയധികൃതരും പോലിസും പിന്നീട് ശിഹാബിന്റെ പിന്നാലെയായി. റിയാദിലെ തമിഴ് നാട്ടുകാരായ ചില സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ശിഹാബ് മാണിക്കത്തിന്റെ തഞ്ചാവൂരിലെ കുടുംബത്തെ കണ്ടെത്തി. മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഭാര്യയുടെ സമ്മതപത്രം അയച്ചുതരണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ആരെയും ഞെട്ടിപ്പിക്കുന്ന പ്രതികരണമാണ് ഭാര്യയുടെയും മക്കളുടെയും ഭാഗത്തുനിന്നുണ്ടായത്. മരിച്ചുപോയെങ്കില്‍ മൃതശരീരം കിട്ടിയിട്ടെന്താ കാര്യം എന്ന ചോദ്യമാണ് മറുതലക്കല്‍ നിന്ന് കേട്ടത്. മൃതദേഹം തന്റെ തലയിലായെന്ന് ബോധ്യമായ ശിഹാബ് പിന്നീട് പലവഴികളുപയോഗിച്ച് കുടുംബത്തെ സ്വാധീനിക്കാനും സമ്മതപത്രം അയപ്പിക്കാനും ശ്രമമായി. തഞ്ചാവൂര്‍ ജില്ലാ കലക്ടര്‍ വരെ ഇടപെട്ടു. പോലിസിനെ വിട്ടു കുടുംബത്തെ വിരട്ടേണ്ടിവന്നു. ഒടുവില്‍ കുടുംബം ഒരു ഉപാധി വെച്ചു, പണം തന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാമെന്ന്! മൃതദേഹം ചെന്നൈയിലാണെത്തുക. അതുവരെപോയി ഏറ്റുവാങ്ങി തഞ്ചാവൂരില്‍ കൊണ്ടു വരാനുള്ള ചെലവ് വഹിക്കാന്‍ തങ്ങള്‍ക്ക് നിവൃത്തിയില്ല. മാണിക്കം മരുഭൂമിയില്‍ കിടന്ന് ചോര നീരാക്കി പഠിപ്പിച്ച് നാട്ടില്‍ ഇലക്ട്രീഷ്യനാക്കിയ മൂത്ത മകനാണ് ഇതുപറയുന്നത്. 15000 രൂപ ചെലവ് വരും. അതു നല്‍കാന്‍ തയാറായല്‍ മൃതദേഹം ഏറ്റുവാങ്ങുന്ന കാര്യം ആലോചിക്കാം. 'തഫറക്ക്' എന്ന തമിഴ് സംഘടനയുടെ ഭാരവാഹി ഇംതിയാസ് അഹ്മദ് പണം സ്വരൂപിച്ച് കൊടുക്കാമെന്ന് ഏറ്റു. സമ്മതപത്രമെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അങ്ങനെയെത്തിയ മൃതദേഹമാണ് വിമാനത്താവളത്തില്‍ ഇപ്പോള്‍ ഞങ്ങളുടെയൊക്കെ സ്വാസ്ഥ്യം കെടുത്തുന്നത്. മൃതദേഹം ശീതീകരണിയില്‍ സൂക്ഷിക്കാനുള്ള അനുമതിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ തേടി ഇപ്പോഴും പരക്കം പായുകയാണ് ശിഹാബ്. പാതിര പിന്നിട്ടു. മാണിക്കത്തന്റെ മരവിച്ച ശരീരത്തിന് ഞങ്ങളുടെ കാവല്‍ തുടരുകയാണ്. അഞ്ചുമാസം പഴക്കമുള്ളതാണ് ശവം. മനുഷ്യന്റേതായാലും ശവം ശവമാണല്ലൊ. അത് മുന്നില്‍ വെച്ച് കാവലിരിക്കാന്‍ എത്ര നേരം കഴിയും? ആളൊഴിഞ്ഞ് തുടങ്ങിയ കാര്‍ഗോ ഗോഡൌണിന് മുന്നില്‍ ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. തെല്ലൊരാശ്വാസത്തിനായി ചുറ്റപാടും കണ്ണോടിച്ചു. അപ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത്. മാണിക്കം കിടക്കുന്ന പെട്ടിയുടെ അതേ വലിപ്പത്തിലും ആകൃതിയിലും പിന്നെയും ധാരാളം പെട്ടികള്‍. ഇത്രയും മൃതദേഹങ്ങളോ? ഓരോ പെട്ടിയുടെയും അടുത്ത് ചെന്ന് പരിശോധിച്ചു. ശവപ്പെട്ടികളല്ലെന്ന് മനസിലായി. ഓരോ പെട്ടിയുടെയും മുകളിലുള്ള ലേബലുകളില്‍ നിന്ന് സൌദി അറേബ്യയിലെ ഏറ്റവും വലിയ പുഷ്പ കയറ്റുമതി കമ്പനിയായ 'ഇറ്റാ ഫാമി'ന്റെ വക പനിനീര്‍പ്പൂക്കളാണ് അതിനകത്തെന്ന് വായിച്ചെടുത്തു. വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനെത്തിയ ഒന്നാം തരം പനിനീര്‍ പൂക്കള്‍. പെട്ടികളുടെ മരയഴികള്‍ക്കിടയിലൂടെ പനിനീര്‍ പൂക്കള്‍ പുറത്തേയ്ക്ക് തല നീട്ടി. നാളെ ഏതെങ്കിലും സമ്പന്ന ശവകുടീരങ്ങളില്‍ ഓര്‍മ്മ പുഷ്പങ്ങളായി ഇവ അര്‍പ്പിക്കപ്പെട്ടേക്കാം. മണി രണ്ടര. മുഖം നിറയെ ആശ്വാസത്തിന്റെ നിലാവുമായി ശിഹാബ് ഓടിക്കിതച്ചെത്തി. ഉദ്യോഗസ്ഥനെ കണ്ടു. അനുമതി രേഖ കിട്ടി. ഫോര്‍ക്ക് ലിഫ്റ്റിന്റെ ഇരുമ്പ് കൈകള്‍ കോരിയെടുത്ത മാണിക്കന്റെ പെട്ടി ഗോഡൌണിന്റെ ഉള്ളിലേക്ക്, ശീതകരണിയിലേക്ക്. പനിനീര്‍ പുഷ്പങ്ങള്‍ ഊഴം കാത്ത് അപ്പോഴും പുറത്ത്...


നജിം കൊച്ചുകലുങ്ക്

Wednesday, July 1, 2009

ഹൃദയാഞ്ജലി


മികച്ച കഥകളുടെ തനിയാവര്‍ത്തനങ്ങളിലൂടെ മലയാളി പ്രേക്ഷകമനസുകളില്‍ കിരീടവും ചെങ്കോലും വെച്ച് ഹിസ് ഹൈനസായ ലോഹിതദാസ് ഒടുവില്‍ ജീവിതം തന്നെ നിവേദ്യമായി അര്‍പ്പിച്ച് അരങ്ങിന്റെ അമരത്ത് നിന്നിറങ്ങിപ്പോയി, വാല്‍സല്യവും കാരുണ്യവും നിറഞ്ഞ മനസും സര്‍ഗ മുദ്രകളും ഓര്‍മ്മച്ചെപ്പില്‍ ബാക്കിവെച്ച്!! മനുഷ്യഗാഥയുടെ മഹായാനങ്ങള്‍ക്ക് ആധാരമായ ആ പ്രതിഭാവിലാസത്തിന് മുമ്പില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു

Friday, May 22, 2009

ബ്ലോഗറമ്മൂമ്മ മരിയ അമേലിയ ലോപസ് യാത്രയായി


ലോകബ്ലോഗിംഗ് രംഗത്തെ മുത്തശãി മരിയ അമേലിയ ലോപസ് (97) ഗലിസിയയിലെ വസതിയില്‍ അന്തരിച്ചു. രണ്ടു വര്‍ഷം മുമ്പാണ് മരിയ മുത്തശãി ബ്ലോഗ് എഴുത്തു തുടങ്ങിയത്. അന്താരാഷ്ട്ര വിഷയങ്ങളും സ്പാനിഷ് രാഷ്ട്രീയവുമായിരുന്നു ഇഷ്ടവിഷയങ്ങള്‍. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഈയിടെ എഴുത്തു നിര്‍ത്തി. അടുത്ത കാലത്തായി സ്വന്തം വീഡിയോ ചിത്രങ്ങളാണ് അവര്‍ പോസ്റ്റ് ചെയ്തിരുന്നത്. 95ാം ജന്മദിന ഉപഹാരമായി പേരക്കുട്ടിയാണ് മരിയക്ക് ബ്ലോഗ് നിര്‍മിച്ചുനല്‍കിയത്. (amis95@blogsopt.com) ജീവിക്കുന്ന ലോകത്തോടും കാലത്തോടുമുള്ള പ്രതികരണങ്ങളായിരുന്നു മുത്തശãിയുടെ ബ്ലോഗ്. ലോകരാഷ്ട്രീയ ഗതിവിഗതികള്‍ തന്റേതായ തമാശ കലര്‍ത്തി അവര്‍ പകര്‍ത്തി. ബ്ലോഗ് രചനകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ മരിയയെ തേടി രാജ്യാന്തര അവാര്‍ഡുകള്‍ വരെ എത്തി. സ്പെയിന്‍ പ്രധാനമന്ത്രി ഈയടുത്ത് അവരെ സന്ദര്‍ശിക്കാനെത്തി. മൂന്നു മാസങ്ങള്‍ക്കുമുമ്പ് അവസാന പോസ്റ്റില്‍ അവര്‍ പറഞ്ഞു: 'ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ ഞാന്‍ വാര്‍ധക്യം മറക്കുന്നു. മനുഷ്യരുമായി സംവദിക്കാന്‍ ഇതേറെ ഗുണകരണമാണ്. മസ്തിഷ്കത്തെ ഇത് ഉണര്‍ത്തുന്നു. ഉള്ളിലെ കരുത്തു പുറത്തുകൊണ്ടുവരുന്നു'.
'മാധ്യമം' 23/05/09

Sunday, May 17, 2009

രാഷ്ട്രീയേതരമായ ജനവിധി


രാഷ്ട്രീയതയെ അട്ടിമറിച്ച ജനവിധിയാണ് 15ാമത് ലോകസഭാ തെരഞ്ഞെടുപ്പിലേത്. അരാഷ്ട്രീയരായ മധ്യവര്‍ഗം നിര്‍ണയിച്ച വിധി. ഇന്നലെകളുടെ അനുഭവപാഠങ്ങളെ ഗൌനിക്കാത്ത, നാളെയെ കുറിച്ച് ചിന്തിച്ച് സമയം കളയാനിഷ്ടപ്പെടാത്ത, 'ഇന്ന്' എന്നത് മാത്രമാണ് ജീവിതമെന്ന് വിശ്വസിച്ച് അതിന്റെ ഭോഗതൃഷ്ണകളെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടി സസുഖം ജീവിച്ചുപോകാനാഗ്രഹിക്കുന്ന ഒരു വലിയ മധ്യവര്‍ഗം. അവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ ഓരോ മണ്ഡലങ്ങളിലും നിര്‍ണായക ശക്തിയായി മാറുന്നത്, പ്രത്യേകിച്ച് ഒരു രാഷ്ട്രീയ നയനിലപാടുകളോടും വിശ്വാസദൃഢതയോ പ്രതിബദ്ധതയൊ ഇല്ലാത്ത ഈ ആള്‍ക്കൂട്ടമാണ്. തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനുള്ള ഉപകരണങ്ങളായി മാത്രം രാഷ്ട്രീയപാര്‍ട്ടികളെ കാണുന്നവര്‍. അവര്‍ നിര്‍ണായക ശക്തിയായി മാറുമ്പോള്‍ ഇനി ഒരു രാഷ്ട്രീയ ചേരിക്കും അധികാരം കുത്തകയാക്കാനാവില്ല.
ശശി തരൂര്‍ ജയിച്ചുകയറി വിദേശകാര്യ മന്ത്രിയായി ഇന്ത്യയെ കൂടുതല്‍ കൂടുതല്‍ സാമ്രാജ്യത്ത ദാസ്യത്തിലേക്ക് കൊണ്ടുപോകുമെന്ന നാളെയുടെ ഭയാശങ്കകളെ പ്രതി ഇന്നേ തല ചൂടാക്കുന്നതെന്തിനെന്ന് ചോദിക്കുന്നവര്‍. ഇത്രയും ഗ്ലാമറസായ, തികച്ചും ആധുനികനായ ഒരു വിശ്വപൌരന്‍ തന്നെയല്ലെ തങ്ങളെ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്യേണ്ടതെന്ന ചോദ്യത്തിന് സാധുത നല്‍കാന്‍ 99998ന്റെ ഭൂരിപക്ഷം പോരെയെന്ന് നിവര്‍ന്നു നിന്ന് ചോദിക്കാന്‍ കെല്‍പ്പുള്ളവര്‍. ശശി തരൂരിന്റെ ഇന്നലെകളിലെ രാഷ്ട്രീയ നിലപാടുകളൊ കക്ഷി രാഷ്ട്രീയ പ്രതിബദ്ധതയൊ പ്രവര്‍ത്തന പാരമ്പര്യമൊ എന്തായിരുന്നുവെന്ന് അന്വേഷിക്കാനൊ അറിയാനൊ ഈ സമ്മര്‍ദ്ദ ഭൂരിപക്ഷത്തിന് യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. ഇനി നാളെ എന്തായി മാറുമെന്നും അറിയേണ്ടതില്ലായിരുന്നു. 'ഇന്നെന്ത്' എന്നത് മാത്രമായിരുന്നു അവര്‍ക്ക് പ്രധാനം. തങ്ങളുടെ പ്രാതിനിധ്യത്തിന് താരപരിവേഷം നല്‍കാന്‍ പോന്ന ഒരു 'കാല്‍പനിക' നായകനാണോ എന്ന ഉപരിപ്ലവമായ പരിഗണന മാത്രം.
സാമാന്യവത്കരണമല്ല, മുഴുവന്‍ മണ്ഡലങ്ങളിലേയും ജനവിധി ഈ വിധത്തിലാണെന്ന് അര്‍ഥവുമില്ല. എന്നാല്‍ സുക്ഷ്മമായി വിലയിരുത്തിയാല്‍ പല വിജയങ്ങള്‍ക്ക് പിന്നിലും ഈ മധ്യവര്‍ഗത്തിന്റെ നിര്‍ണായക പങ്ക് വേര്‍തിരിച്ചെടുക്കാന്‍ കഴിയും. രാഷ്ട്രപുനഃനിര്‍മ്മാണ പ്രക്രിയ മധ്യവര്‍ഗ താല്‍പര്യത്തിനനുസരിച്ചായിപ്പോകുമൊയെന്ന വലിയ ആശങ്കകള്‍ക്കിടയിലും ചില ഗുണഫലങ്ങളുണ്ടായത് കാണാതിരിക്കാനാവില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചിരുന്ന വര്‍ഗീയത എന്ന ഭീകരസത്വത്തിന്റെ പല്ലുകൊഴിക്കാന്‍ കഴിഞ്ഞെന്നത് അത്ര ചെറിയകാര്യമല്ല. എന്നാല്‍ വര്‍ഗീയത പോലുള്ള കടുത്ത വികാരങ്ങളെ അതിജയിക്കാന്‍ പോന്ന 'ജീവിതാസക്തി'യുടെ ലോല വികാരം മാറി ചിന്തിക്കാന്‍ ഈ മധ്യവര്‍ഗത്തെ പ്രേരിപ്പിച്ചു. എന്തായാലും വൈകാരികതകളെ വോട്ടാക്കിമാറ്റാന്‍ ശ്രമിച്ചവരുടെ അജണ്ടകള്‍ തകര്‍ന്നത് ആശ്വാസകരമാണ്. തമിഴ്നാട്ടില്‍ കരുണാനിധി പയറ്റിയതൊഴികെ, ഒരു തരത്തിലുള്ള വൈകാരിക ഘടകവും ഈ തെരഞ്ഞെടുപ്പില്‍ അടിയൊഴുക്കുപോലുമായിട്ടില്ല. അതുകൊണ്ടാണ് പ്രാദേശിക കക്ഷികളുടെ താല്‍പര്യങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കാതിരുന്നിട്ടും, സിഖ് കൂട്ടക്കൊലയുടെ പേരില്‍ ചെരുപ്പേറ് വാങ്ങിയിട്ടും കോണ്‍ഗ്രസിന് വിജയ കുതിപ്പ് നടത്താനായത്. മഅ്ദനി തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെ വൈകാരിക വൈഖരികളില്‍ ശ്രുതി മീട്ടിയിട്ടും പിണറായി വിജയന് താളംപിഴച്ചതും അതുകൊണ്ടാണ്.
പ്രയോജനവാദം ബദല്‍ രാഷ്ട്രീയ ചിന്താധാരയായി അവതരിപ്പിക്കപ്പെടുകയാണ്. യഥാര്‍ഥത്തില്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പിലുയര്‍ത്തിയ 'സുഖാനുഭൂതി' എന്ന മുദ്രാവാക്യം 'വര്‍ക്കൌട്ടായത്' ഇപ്പോഴാണ്. ആണവോര്‍ജ്ജം നമ്മുടെ പല തലമുറകളുടെ സുഖസൌകര്യങ്ങള്‍ക്കായുള്ള ഊര്‍ജ്ജാവശ്യം പരിഹരിക്കുമെന്ന് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നല്‍കിയ സുന്ദരപ്രതീക്ഷയില്‍ രമിച്ചുപോയ മധ്യവര്‍ഗം നിര്‍ണായക ശക്തിയാകുമ്പോള്‍ വിധി മറിച്ചാവില്ല. അതുകൊണ്ടാണ് 'വാജ്പേയി'യുടെ അഭാവം പരാജയത്തിന് കാരണമായെന്ന് ബി.ജെ.പി പരിഭവപ്പെട്ടതും 'മോഡി'യെ തള്ളിപ്പറഞ്ഞതും.
മധ്യവര്‍ഗത്തിന്റെ സുഖാനുഭൂതിയാണ് രാഷ്ട്രത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന അവസ്ഥയിലേക്ക് ജനാധിപത്യത്തിന്റെ കാതലായ ക്ഷേമരാഷ്ട്ര സങ്കല്‍പം ചെന്നെത്തുന്നതുവരെ തല്‍ക്കാലം കുഴപ്പമൊന്നുമില്ല. കുഴപ്പമുണ്ടെന്ന് വിളിച്ചുകൂവി ബഹളമുണ്ടാക്കി വഴിയിലുപേക്ഷിച്ചുപോകാതെ ഇടതുപക്ഷമാകട്ടെ ജനതയെ രാഷ്ട്രീയ വിദ്യാഭ്യാസം ചെയ്യിക്കാന്‍ മുതിരാതിരുന്നത് മൂന്നാം ബദലെന്ന അവകാശവാദം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പതറുന്ന പ്രകാശ് കാരാട്ടിന്റെ ദൈനീയ ചിത്രം പോലെയാക്കി.
ഇടതുപക്ഷത്തിന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചതിനും മധ്യവര്‍ഗത്തിന്റെ സ്വാധീനമുണ്ട്. കുമ്പിളില്‍ വിളമ്പിക്കിട്ടിയ കഞ്ഞികൊണ്ട് പശിയകറ്റിയിരുന്ന 'കോരന്' ഇന്ന് കാറായതും വലിയ വീടായതും മധ്യവര്‍ഗ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയതും അറിയാതെ പോയത് അവന് വേണ്ടി പോരാടിയിരുന്ന ഇടതുപക്ഷം മാത്രമാണ്. കോരന്റെ മാറിയ സാഹചര്യത്തില്‍ മാറ്റം ഉള്‍ക്കൊണ്ട് അവനെ രാഷ്ട്രീയ വിദ്യാഭ്യാസം ചെയ്യിക്കാന്‍ ഇവര്‍ക്കായില്ല. പകരം കോരനെക്കാള്‍ വേഗത്തില്‍ ജീവിതത്തിന്റെ പ്രലോഭനീയതയില്‍ വീണ 'ബി.എസും', 'എല്‍.എസും', 'ഏ.എസു'മൊക്കെ 'ടാറ്റ^എ.ഐജി' പോളിസികള്‍ വില്‍ക്കാന്‍ ടാറ്റാ ഇന്‍ഡിക്ക കാറില്‍ പണച്ചാക്കുകളെ തേടി നടക്കാന്‍ തുടങ്ങി. കോരന്‍ ഇപ്പോഴും പഴയ അവസ്ഥയിലാണെന്ന ധാരണയില്‍ കഴിയുന്ന 'പഴഞ്ചന്മാ'രാകട്ടെ നിസഹരണ സമരത്തിന്റെ ഭാഗമായി പാലം വലിച്ചപ്പോള്‍ കേരളത്തില്‍ 18 എന്നത് നാലെന്ന ഒറ്റയക്കത്തിലേക്ക് ചുരുങ്ങുകയും ചെയ്തു.

Thursday, May 7, 2009

ഒളിച്ചുപിടിക്കുന്നത്

വേശ്യ
ചേറുപിടിച്ച വാററ്റുതുടങ്ങിയ
തേഞ്ഞ ഒരു ജോഡി ചെരുപ്പാണ്

അത്
മനോഹരമായ വീട്ടകത്തിലെ
മാലിന്യങ്ങള്‍ക്കുമീതേ
കക്കൂസെന്ന സ്വര്‍ഗത്തിലേക്കുള്ള
പാദരക്ഷയാണ്

ചെരുപ്പുകളുടെ
കരിമ്പനടിച്ച മേനിയിലേക്ക്
പാദങ്ങള്‍ തിരുകുമ്പോള്‍ മാത്രം
രാജാവും ഭൃത്യനും
പ്രോട്ടോക്കോള്‍ നോക്കാറില്ല

വാററ്റു തൂങ്ങിയാല്‍ തുന്നിച്ചേര്‍ക്കും
ഞരമ്പ് തെളിഞ്ഞ് ആത്മാവില്‍
തുള വീണാല്‍ കണ്ടില്ലെന്ന് നടിക്കും
അതിഥികള്‍ കാണാതിരിക്കാന്‍
അലക്ഷ്യമായി മുറിയുടെ മൂലയിലേക്ക്
ഇടം കാലുകൊണ്ട് തട്ടിനീക്കും

ആവശ്യം അടിവയറ്റില്‍ പെരുമ്പറ
മുഴക്കുമ്പോള്‍ മാത്രം
കരുതലോടെ
വലം കാലുകൊണ്ട് നീക്കിയിട്ട്
അതില്‍ കയറി
സ്വര്‍ഗത്തിലേക്ക് യാത്രയാവും

Thursday, April 16, 2009

ക്വട്ടേഷന്‍ കാലം!

ഇരുളിന്റെ മറപറ്റി
മനസിനരികെ
നടുവളച്ചു പരുങ്ങി നിന്നവരോട്
കണക്ക് കൃത്യമായി പറഞ്ഞ്
മുന്‍കൂര്‍ പറ്റി
കാരണം ചികയാതെ
കഴുത്തറുത്തും
കഴുത്ത് ഞെരിച്ചും
കഴുത്തൊടിച്ചും
കരള്‍ പറിച്ചും
കുടലെടുത്തും
കൈകാലുകളരിഞ്ഞും
ചോര കൊണ്ട്
കളംവരച്ചത് ഇരുപതെണ്ണം...
പുതുമയോരോന്നിലും
നിഷ്ഠയാക്കി
ചോരയുടെ പശിമയില്‍
ഞരക്കത്തിന്റെ കുപ്പിച്ചില്ലുകളൊട്ടിച്ച്
വീടിന്റെ ഉമ്മറത്ത്
നിരത്തിവെച്ച വീര ചരിത മുദ്രകള്‍
മായാമുദ്രകള്‍!

ഒടുവില്‍
ഇരുപത്തൊന്നാമതൊരു കൊരവള്ളിക്ക് നേരെ
കത്തി വീശാനൊരുമ്പടവേ
മനസ് മടുത്ത് പിന്തിരിഞ്ഞിരുന്നുപോയി!
ഹോ, കൊലക്കത്തിയേക്കാള്‍
മൂര്‍ച്ചയുള്ള മടുപ്പ്
നെഞ്ചിലൂടെ തുളച്ചുകയറി
ഹൃദയത്തെ തൊട്ടു;
രീതികളെല്ലാം പഴയതായി
വിരസത കഴുത്തോളമെത്തി
കത്തി അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞ്
പുതുമ തേടിയുള്ള യാത്രയില്‍
പിന്നീട് ബുദ്ധനായി!
മനസാന്തരം വന്ന കൊലയാളിയായി

ചാനല്‍ ചര്‍ച്ചയില്‍ പങ്കാളിയായി
പ്രഭാഷണ വേദിയില്‍ മുന്‍ ഭീകരനായി
വിപണിയില്‍ വില തിരിച്ചറിഞ്ഞവര്‍
ലോകസഭയിലേക്ക് ടിക്കറ്റ് തന്നു!

കൂട്ടക്കൊലയുടെ പുതുരീതിപരീക്ഷിച്ച്
വീണ്ടുമൊരു ക്വട്ടേഷന്‍ കാലം!
ചോരയുടെ പശിമയില്‍
ഞരക്കത്തിന്റെ കുപ്പിച്ചില്ലുകളൊട്ടിച്ച്
വീടിന്റെ ഉമ്മറത്ത്
വീര മുദ്രകളിനിയും നിരത്തിവെയ്ക്കണം!