Thursday, April 16, 2009

ക്വട്ടേഷന്‍ കാലം!

ഇരുളിന്റെ മറപറ്റി
മനസിനരികെ
നടുവളച്ചു പരുങ്ങി നിന്നവരോട്
കണക്ക് കൃത്യമായി പറഞ്ഞ്
മുന്‍കൂര്‍ പറ്റി
കാരണം ചികയാതെ
കഴുത്തറുത്തും
കഴുത്ത് ഞെരിച്ചും
കഴുത്തൊടിച്ചും
കരള്‍ പറിച്ചും
കുടലെടുത്തും
കൈകാലുകളരിഞ്ഞും
ചോര കൊണ്ട്
കളംവരച്ചത് ഇരുപതെണ്ണം...
പുതുമയോരോന്നിലും
നിഷ്ഠയാക്കി
ചോരയുടെ പശിമയില്‍
ഞരക്കത്തിന്റെ കുപ്പിച്ചില്ലുകളൊട്ടിച്ച്
വീടിന്റെ ഉമ്മറത്ത്
നിരത്തിവെച്ച വീര ചരിത മുദ്രകള്‍
മായാമുദ്രകള്‍!

ഒടുവില്‍
ഇരുപത്തൊന്നാമതൊരു കൊരവള്ളിക്ക് നേരെ
കത്തി വീശാനൊരുമ്പടവേ
മനസ് മടുത്ത് പിന്തിരിഞ്ഞിരുന്നുപോയി!
ഹോ, കൊലക്കത്തിയേക്കാള്‍
മൂര്‍ച്ചയുള്ള മടുപ്പ്
നെഞ്ചിലൂടെ തുളച്ചുകയറി
ഹൃദയത്തെ തൊട്ടു;
രീതികളെല്ലാം പഴയതായി
വിരസത കഴുത്തോളമെത്തി
കത്തി അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞ്
പുതുമ തേടിയുള്ള യാത്രയില്‍
പിന്നീട് ബുദ്ധനായി!
മനസാന്തരം വന്ന കൊലയാളിയായി

ചാനല്‍ ചര്‍ച്ചയില്‍ പങ്കാളിയായി
പ്രഭാഷണ വേദിയില്‍ മുന്‍ ഭീകരനായി
വിപണിയില്‍ വില തിരിച്ചറിഞ്ഞവര്‍
ലോകസഭയിലേക്ക് ടിക്കറ്റ് തന്നു!

കൂട്ടക്കൊലയുടെ പുതുരീതിപരീക്ഷിച്ച്
വീണ്ടുമൊരു ക്വട്ടേഷന്‍ കാലം!
ചോരയുടെ പശിമയില്‍
ഞരക്കത്തിന്റെ കുപ്പിച്ചില്ലുകളൊട്ടിച്ച്
വീടിന്റെ ഉമ്മറത്ത്
വീര മുദ്രകളിനിയും നിരത്തിവെയ്ക്കണം!