Thursday, April 15, 2010

വാര്‍ത്താചിത്രം

ഒരു ചിത്രം സ്വയം സംസാരിക്കുമ്പോള്‍ അതിനൊരു അടിക്കുറിപ്പ് അനാവശ്യം തന്നെയാണ്. ഫോട്ടോയിലെ ഇരുട്ടില്‍ നിന്ന് വൈദ്യുത ബള്‍ബിന്റെ മങ്ങിയ പ്രകാശം ഒരു കല്ലില്‍ നിന്ന് ശില്പിയുടെ ഉളിയെന്ന പോലെ കൊത്തിയെടുത്ത ദൃശ്യം ശേഖരനെ സംബന്ധിച്ചിടത്തോളം ഇനിയൊരു അടിക്കുറിപ്പ് ആവശ്യപ്പെടുന്നില്ല. ദുരിതാശ്വാസ ക്യാമ്പില്‍ മാനഭംഗശ്രമത്തിന് ഇരയായ പത്ത് വയസുകാരി പെണ്‍കുട്ടി അവളുടെ അമ്മയുടെ മൃതദേഹത്തിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന ആ ദൃശ്യത്തിന് ആര്‍ദ്രമായ ഒരു കാവ്യശകലം അടിക്കുറിപ്പായി ചേര്‍ക്കാന്‍ അയാള്‍ പക്ഷെ തന്റെ ജോലിയുടെ ഭാഗമായി ചുമതലയേല്പിക്കപ്പെടുകയായിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഗോപി കിഴക്കേതില്‍ നല്കിയ ഫോട്ടോ ന്യൂസ് എഡിറ്ററെ കാണിച്ചത് ശേഖരന്‍ തന്നെയായിരുന്നു. മാനഭംഗശ്രമത്തിന്റെ ഇര ജീവിച്ചിരിക്കുന്നിടത്തോളം ആളുടെ പേരോ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങളൊ ചിത്രമോ പ്രസിദ്ധീകരിക്കരുതെന്ന സദാചാരം അയാളുടെ പത്രവും പാലിച്ചുപോന്നിരുന്നു.



എന്നാല്‍, ഈ ചിത്രം വായനക്കാരുടെ കണ്ണു നനയ്ക്കും എന്നതിനപ്പുറം പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു വെളിപ്പെടുത്തലും നടത്തുന്നില്ലെന്നായിരുന്നു ന്യൂസ് എഡിറ്ററുടെ അഭിപ്രായം. അമ്മയുടെ മൃതദേഹത്തിനടുത്ത് നിലത്തിരിക്കുന്ന പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ആംഗിളിലുള്ള ദൃശ്യത്തില്‍ വിശദാംശങ്ങളെല്ലാം ഇരുട്ടിലാണ്ടു കിടന്നു. കൂടുതല്‍ വെളിച്ചത്തിലേക്ക് കടന്നിരുന്നത് മൃതദേഹമാണ്. തല മുതല്‍ താഴേക്ക് വെളിച്ചം സ്വര്‍ണ്ണം പോലെ ഉരുകിയൊലിച്ചിരിക്കുന്നു. മൃതദേഹം പ്രദര്‍ശിപ്പിക്കപ്പെടേണ്ടതായതിനാല്‍ ഫോട്ടോക്ക് അങ്ങനെയും പ്രസക്തിയുണ്ടെന്ന് സഹപ്രവര്‍ത്തകരില്‍ ചിലരും പറഞ്ഞു.



സിറ്റി ബ്യൂറോ റിപ്പോര്‍ട്ടര്‍ സന്ദീപ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനോടൊപ്പം മൂന്നോ നാലോ കോളം വലുപ്പത്തില്‍ ഉപയോഗിക്കപ്പെടാവുന്നതാണ് ഗോപിയുടെ ചിത്രമെന്ന് ഒടുവില്‍ തീരുമാനമായപ്പോള്‍ ഉചിതമായ ഒരടിക്കുറിപ്പ് നല്കി ശേഖരന്‍ വേണ്ടപോലെ ചെയ്തോളൂ എന്ന് ന്യൂസ് എഡിറ്റര്‍ ഔദ്യോഗികമായി തന്നെ ചുമതലയേല്പിക്കുകയും ചെയയ്ക്കു. അപ്പോള്‍ മുതല്‍ ഒരടിക്കുറിപ്പിനായുള്ള ആലോചനയിലാണ് ശേഖരന്‍. കാവ്യാത്മകമാകണം, ആര്‍ദ്രത മുറ്റിനില്ക്കണം, കണ്ണുനീര്‍ തുളുമ്പി നില്ക്കണം. അടിക്കുറിപ്പ് നല്കുന്നതില്‍ തന്റെ വൈദഗ്ദ്ധ്യം പലതവണ പ്രകടിപ്പിച്ച് പ്രശംസ നേടിയിട്ടുള്ള സബ്ബ് എഡിറ്ററാണ് ശേഖരന്‍. അത്തരത്തില്‍ ചേര്‍ക്കപ്പെടുന്ന അടിക്കുറിപ്പുകള്‍ പോലും അയാളു ടെ പത്രത്തിന് യശãസ് നേടിക്കൊടുത്തിട്ടുമുണ്ട്. പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ അത് മറ്റാരെയും അതിശയിക്കുമായിരുന്നു. ഒരു വാര്‍ത്താചിത്രം കൈയ്യില്‍ ലഭിച്ചാല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടുന്ന തന്റെ ജോലിയുടെ സ്വഭാവത്തിനനുസരിച്ച് ഏറ്റവും വേഗത്തില്‍ അടിക്കുറിപ്പുകള്‍ തയ്യാറാക്കിയിരുന്ന ശേഖരന് പക്ഷെ, ഇന്നെന്തോഅതിന് കഴിയുന്നില്ല.



ആലോചനകളില്‍ രൂപപ്പെട്ടതൊക്കെയും പലപ്പോഴും ഉപയോഗിച്ചിട്ടുള്ള വാചകങ്ങളൊ കാവ്യശകലങ്ങളൊ ആണ്. മാത്രമല്ല, പഴയ ഒഴുക്കില്ലാതെ അയാളുടെ ചിന്ത ഗതിമുട്ടി നില്ക്കുകയും ചെയ്തു. ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പിതാവെന്ന നിലയില്‍ സമാനമായ വാര്‍ത്തകള്‍ മുമ്പും അയാളെ ഇങ്ങനെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് ഓഫീസിലെത്തിയ ഉടനെ പതിവില്ലാതെ മകളുടെ സ്കൂളിലേക്ക് വിളിച്ച് ഒരു കാരണവുമില്ലാതെ അയാള്‍ മകളോട് സംസാരിച്ചു. പത്രത്തിന്റെ ആവശ്യത്തിന് സ്കൂള്‍ പ്രിന്‍സിപ്പലിനെ വിളിച്ചപ്പോള്‍ വെറുതെ നിന്നെയും വിളിപ്പിച്ചതാണെന്ന് അച്ഛന്റെ വിളിയുടെ ആകസ്മികതയില്‍ സംശയം തോന്നിയ മകളുടെ ജിജ്ഞാസയ്ക്ക് മറുപടിയായി അയാള്‍ ചെറിയൊരു കളവും പറഞ്ഞു.



എന്നിട്ടും അസ്വസ്ഥത വിട്ടുമാറാതായപ്പോള്‍ അഞ്ചു മണിക്ക് ശേഷം വീട്ടിലേക്ക് വിളിച്ച് ഭാര്യയോട് മകളെത്തിയോ എന്ന് അയാള്‍ വീണ്ടും അന്വേഷിച്ചു. രാത്രി എട്ടുമണി കഴിയുമ്പോഴേക്കും അയാള്‍ മൂന്ന് തവണ കൂടി വീട്ടിലേക്ക് ഫോണ്‍ ചെയ്തുകഴിഞ്ഞിരുന്നു.



ദുരിതാശ്വാസക്യാമ്പിലെ സംഭവം സംബന്ധിച്ച് സന്ദീപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ക്യാമ്പിലുള്ള ചിലരുടെ മൊഴികളുണ്ട്. സര്‍ക്കാര്‍ കെട്ടിടത്തിന്റെ ചായ്പില്‍ വലിച്ചുകെട്ടിയ കീറത്തുണിയുടെയും പിഞ്ഞിത്തുടങ്ങിയ ടാര്‍പോളീന്റേയും നേരിയ അതിരുകള്‍ക്കിടയില്‍ കഴിയുന്ന ഒരു അഭയാര്‍ത്ഥികൂട്ടത്തില്‍ ചിലരുടേത്.



രാത്രി പാതിരകഴിഞ്ഞാകാം സംഭവം നടന്നിട്ടുള്ളതെന്നതാണ് അത്തരം മൂന്ന് അതിരുകള്‍ക്കപ്പുറം കഴിയുന്ന ഒരു സ്ത്രീ പറഞ്ഞത്. പെണ്‍കുട്ടിയുടെ തള്ളയ്ക്ക് നല്ല സുഖമില്ലായിരുന്നു. നാട്ടില്‍ അവര്‍ അടുത്തടുത്ത വീടുകളില്‍ കഴിഞ്ഞിരുന്നവരാണ്. അതുകൊണ്ട് തന്നെ പനി മൂര്‍ച്ഛിച്ച് അവശയായ തന്റെ പഴയ അയല്‍ക്കാരിയുടെ അടുത്ത് വളരെ വൈകിയും അവരുണ്ടായിരുന്നു. തൊട്ടടുത്ത മറയ്ക്കുള്ളില്‍ കഴിയുന്ന വൃദ്ധ പറഞ്ഞതാണ് ശേഖരന്റെ മനസിനെ വല്ലതെ പിടിച്ചുലച്ചത്. പത്ത് വയസെങ്കിലും അതിലും മുഴുപ്പ് തോന്നിക്കുന്ന മകളെ ചൊല്ലി പെണ്‍കുട്ടിയുടെ തള്ളയ്ക്ക് ഭയങ്കര വേവലാതിയായിരുന്നെന്നും രാത്രി മകളെ ഇറുകെ കെട്ടിപ്പുണര്‍ന്നായിരുന്നു അവര്‍ കിടന്നിരുന്നതെന്നും ആ സ്ത്രീ ഗ്രാമ്യഭാഷയില്‍ പറഞ്ഞത് സന്ദീപ് അതേപോലെ ചേര്‍ത്തിരുന്നു. തള്ളയുടേത് കൊലപാതകമാകാമെന്ന് ശേഖരന്‍ ഉറച്ചു ചിന്തിക്കാന്‍ തുടങ്ങിയത് അതിന് ശേഷമാണ്. അസുഖം മൂലം വിവശയായ ആ സ്ത്രീയെ അക്രമിക്ക് വളരെയെളുപ്പം നിശãബ്ദയാക്കാന്‍ കഴിഞ്ഞിരിക്കാം. അതുകൊണ്ടായിരിക്കും തൊട്ടടുത്ത് ഉറങ്ങിയവര്‍ പോലും ഒന്നുമറിയാതിരുന്നത്. കഴുത്തില്‍ കൈത്തലമമര്‍ത്തി ശ്വാസം മുട്ടിച്ച്........ അല്ലാതെ തള്ളയുടെ കരവലയത്തില്‍ നിന്ന് പെണ്‍കുട്ടിയെ എടുത്തുകൊണ്ട് പോകല്‍ എളുപ്പമായിരുന്നിരിക്കില്ല......... ക്യാമ്പ് കെട്ടിടത്തിന്റെ പുറക് വശത്ത് പെണ്‍കുട്ടിയെ അക്രമിക്കുകയായിരുന്ന ഹിംസ്ര ജന്തു നിലവിളി

കേട്ട് തങ്ങളെത്തുമ്പോഴേക്കും ഇരുട്ടിലേക്ക് ഓടിമറഞ്ഞുവെന്നും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുമാണ് ക്യാമ്പിലെ ചില കുടുംബനാഥന്മാരുടെ മൊഴിയായി സന്ദീപ് രേഖപ്പെടുത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ മാത്രമല്ല ഒരു പുരുഷന്റെ അലര്‍ച്ചയും തങ്ങള്‍ കേട്ടിരുന്നു എന്നും കരഞ്ഞ് നിലവിളിച്ചപ്പോള്‍ വായപൊത്താന്‍ ശ്രമിച്ച അക്രമിയുടെ കൈയില്‍ പെണ്‍കുട്ടി ശക്തമായി കടിച്ചിരിക്കാമെന്നും അവര്‍ സന്ദേഹിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ വായ നിറയെ ചോരയുണ്ടായിരുന്നത്രെ! അത് വായിച്ചപ്പോള്‍ ശേഖരന് അല്പം ആശ്വാസം തോന്നി, രക്ഷപ്പെടാക്കന്‍ പെണ്‍കുട്ടികള്‍ക്ക് അങ്ങനെ

യും പഴുതുണ്ടല്ലൊ എന്നോര്‍ത്ത്. രാവിലെ ആശുപത്രിയിലേക്ക് മാറ്റുന്നതുവരേയും പെണ്‍കുട്ടി ഒന്നും സംസാരിച്ചിരുന്നില്ല. ആശുപത്രിയില്‍ വച്ചും പെണ്‍കുട്ടി മൊഴി നല്കിയതായി റിപ്പോര്‍ട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും പോലീസ് അത് പത്രക്കാരില്‍ നിന്ന് മറച്ചു പിടിച്ചിരിക്കാനാണ് സാദ്ധ്യത.



'ശേഖരേട്ടാ, ഒരു ചായ കഴിച്ചാലോ?' സീറ്റില്‍ നിന്ന് എഴുന്നേറ്റ് ക്യാന്റീനിലേക്കാകണം, നടന്നുകൊണ്ട് സബ് എഡിറ്റര്‍ ഫെഡറിക് വിളിച്ചു ചോദിച്ചു. ഇല്ലെന്ന് ചുമല്‍ കുലുക്കിയപ്പോള്‍ അവന്‍ അടുത്തേക്ക് വന്നു. മേശപ്പുറത്ത് കിടന്ന ചിത്രമെടുത്ത് നോക്കി അവന്‍ ചോദിച്ചു, 'അടിക്കുറിപ്പിനുള്ള ആലോചനയിലായിരിക്കും. ഒരൈഡിയ, നമ്മുടെ 'സമ്മാന മഴ' പദ്ധതിയിലെ അടിക്കുറിപ്പ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാലൊ?' ശേഖരനറിയാതെ തന്നെ അയാളുടെ കണ്ണുകള്‍ രൂക്ഷതയാര്‍ന്ന് ഫെഡറികിനെ തുറിച്ച് നോക്കി. ആ നോട്ടമേറ്റ് ഒന്നു ചമ്മി, ചമ്മല്‍ മറച്ചുപിടിക്കാന്‍ ചായ ക്കുടിക്കാനുള്ള ക്ഷണം ആവര്‍ത്തിച്ച് അവന്‍ പെട്ടെന്ന് അവിടം വിട്ടുപോയി.



അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ പെട്ടെന്ന് അയാള്‍ക്ക് കുറ്റബോധം തോന്നി. ശെã, അവനോട് തന്റെ പെരുമാറ്റം മോശമായോ? സന്ദേഹത്തോടെ എഴുന്നേറ്റ് അവനെ പിന്തുടരാനായുമ്പോഴാണ് അവന്റെ 'അടിക്കുറിപ്പ് മത്സരം' എന്ന പ്രയോഗത്തില്‍ തടഞ്ഞ് അയാള്‍ പെട്ടെന്ന് എന്തോ ചിന്തയിലാണ്ട് നിന്നുപോയത്.



ഏതോ ബാലമാസികയിലെ അടിക്കുറിപ്പ് മത്സരത്തിന് അടിക്കുറിപ്പ് തയ്യാറാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഒടുവില്‍ തന്റെ മകള്‍ തന്നെ സമീപിച്ചത് അയാള്‍ക്ക് ഓര്‍മ്മ വന്നു. മൂന്നോ നാലോ ദിവസം മുമ്പായിരുന്നു അത്. ഉറങ്ങിക്കിടക്കുന്ന തള്ളപ്പൂച്ചയുടേയും കുഞ്ഞിന്റേയും ഒരു ബഹുവര്‍ണ്ണ ചിത്രം. തള്ളപ്പൂച്ച പൂച്ചക്കുഞ്ഞിനെ തന്റെ പള്ളയോട് ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്ന ആ ചിത്രത്തിന്റെ ഓമനത്തം കൊണ്ടാകണം ഒരാകര്‍ഷണം തോന്നി അല്പസമയം അതില്‍ കണ്ണുനട്ട് നിന്നുപോയിരുന്നു. സുഖകരമായ ആ ഉറക്കത്തിന് ഉചിതമായൊരു അടിക്കുറിപ്പ് വേണമെന്ന ആവശ്യത്തിന് പക്ഷെ മകളെ നിരാശപ്പെടുത്തേണ്ടിവന്നു. തിരക്കിന്റെ കാരണം പറഞ്ഞ്, മിടുക്കി കുട്ടിയല്ലെ, മോളൂ, നീ തന്നെ ആലോചിച്ച് ചെയ്തോളൂ എന്നാശ്വസിപ്പിച്ച് പോരേണ്ടി വന്നു. പിന്നീട് അവള്‍ അത് എന്ത് ചെയ്തെന്നറിയില്ല. അങ്ങനെയൊരാവശ്യം പിന്നീട് അവളുടെ ഭാഗത്ത് നിന്നുയര്‍ന്നതുമില്ല.



ഇരിപ്പിടത്തിലേക്ക് വീണ്ടും അമരുമ്പോള്‍ പെട്ടെന്ന് അയാള്‍ക്ക് മകളെ കാണണമെന്ന് ഉത്ക്കടമായ ആഗ്രഹം തോന്നി. ആ ചിത്രത്തിന് ഉചിതമായ അടിക്കുറിപ്പ് കണ്ടെത്താന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നോ എന്നറിയാനും. സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. ആദ്യ പതിപ്പിന്റെ 'മരണമണി'ക്ക് ഇനി അധികം സമയം ബാക്കിയില്ല. മറ്റ് ജോലികളെല്ലാം പൂര്‍ത്തിയാക്കിയിട്ടും അടിക്കുറിപ്പിന് കഴിയാതെ ബാക്കിയായ ആ ഫോട്ടോയുമായി അയാള്‍ അന്നത്തെ പേജിന്റെ ചുമതലയുള്ള സബ് എഡിറ്റര്‍ സലീം കുറുപുഴയുടെ അടുത്തെത്തി. 'സലീം, എനിക്ക് നല്ല സുഖമില്ല. ചെറുതായി പനിക്കുന്നുണ്ട്. നല്ല തലവേദനയുമുണ്ട്. ഞാന്‍ വീട്ടിലേക്ക് പോകുന്നു. മെയിന്‍ സ്റ്റോറിയോടൊപ്പം ചേര്‍ക്കേണ്ട ഫോട്ടോയാണിത്. തലവേദന കാരണം നല്ലൊരു അടിക്കുറിപ്പ് ആലോചിക്കാന്‍ കഴിഞ്ഞില്ല. താങ്കളൊന്ന് ശ്രമിക്കൂ.' ചിത്രം കൈയ്യില്‍ വാങ്ങി സലീം അതിലേക്ക് കണ്ണുനടുമ്പോള്‍ ശേഖരന്‍ ന്യൂസ് എഡിറ്ററുടെ അടുത്തേക്ക് നടന്നു.



സ്റ്റാന്‍ഡില്‍ നിന്ന് ബൈക്ക് എടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ ക്യാന്റീനില്‍ നിന്ന് ഫെഡറിക് അയാളുടെ നേരെ വന്നു. 'എന്താ ഇന്നല്പം നേരത്തെ?'

'നല്ല സുഖം തോന്നുന്നില്ല, തലവേദന' അവന്‍ പെട്ടെന്ന് ചോദിച്ചു. 'അടിക്കുറിപ്പ് ശരിയായോ?' 'ഇല്ല, ഞാന്‍ സലീമിനെ ഏല്പിച്ചു.'

തിരിഞ്ഞ് നടക്കാന്‍ തുടങ്ങുകയായിരുന്ന ഫെഡറികിനോട് പതിയെ ചോദിച്ചു. 'സോറി ഫെഡറിക്, നേരത്തെ ഞാന്‍ മോശമായി പെരുമാറി, അല്ലേ?'

'ഏയ്, ഞാനല്ലെ മോശത്തരം കാട്ടിയത് ശേഖരേട്ടാ..... ഒരു പിതാവിന്റെ വികാരം എനിക്ക് മനസിലാകില്ലല്ലൊ' അവന്റെ ശബ്ദത്തിന്റെ ഇടര്‍ച്ച അയാള്‍ തിരിച്ചറിഞ്ഞു. എട്ടുവര്‍ഷത്തെ വൈവാഹിക ജീവിതത്തിനിടയില്‍ പിതാവാകാനുള്ള ഭാഗ്യം അവന് സിദ്ധിച്ചിരുന്നില്ലല്ലോ. 'ഇറ്റ്സോള്‍ റൈറ്റ്' എന്ന് അവന്റെ തോളില്‍ തട്ടി ആശ്വസിപ്പിച്ച് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. വീട്ടിലെത്തുമ്പോള്‍ മകളുറങ്ങിക്കഴിഞ്ഞിരുന്നു. ഭാര്യ ടിവിയുടെ മുന്നിലാണ്. മകളുടെ മുറിയിലേക്ക് നടന്നു. അവള്‍ ശാന്തയായി ഉറങ്ങുന്നു. അടുത്ത് ചെന്ന് ശബ്ദമുണ്ടാക്കാതെ ആ മൂര്‍ദ്ധാവില്‍ ഉമ്മ വെച്ചു. പിന്നെ അവളുടെ സ്റ്റഡിടേബിളിലും അലമാരയിലും ആ മാസികക്ക് വേണ്ടി പരതി. അത് കൈയില്‍ തടഞ്ഞപ്പോള്‍ ധൃതിയില്‍ അതിന്റെ പേജുകള്‍ മറിച്ചു. ബാക്ക് പേജിന്റെ ഉള്‍വശത്ത് ആ ചിത്രമുണ്ടായിരുന്നു. അടിക്കുറിപ്പ് എഴുതേണ്ട ഭാഗം ശൂന്യമായി തന്നെ കിടന്നു. അയാള്‍ക്ക് അത്ഭുതം തോന്നി. ഇത്തരം അടിക്കുറിപ്പ് മത്സരങ്ങളിലും മറ്റും സ്വയം പങ്കെടുത്ത് സമ്മാനിതയായിട്ടുള്ള മകള്‍ക്കും ഇപ്പോള്‍ എന്താണ് സംഭവിച്ചത്? സമയമില്ലെന്ന് പറഞ്ഞ് അവളുടെ ആവശ്യം

താന്‍ അവഗണിക്കുന്നത് ഇതാദ്യമല്ലല്ലൊ. അന്നൊക്കെ അവള്‍ അതൊരു വെല്ലുവിളിപോലെ ഏറ്റെടുത്തിട്ടുള്ളതുമാണല്ലോ!



മനസിന് കടുത്ത ഭാരവും വേദനയും അനുഭവപ്പെട്ടു. മാസികയുമായി മകളുടെ അടുത്ത് കട്ടിലിലിരുന്നു. അവളുടെ മൂര്‍ദ്ധാവില്‍ ഒന്ന് കൂടി മുഖമമര്‍ത്തിയ ശേഷം മാസികയിലെ ചിത്രത്തിലേക്ക് കണ്ണുനട്ടു. രാവിലെ ഉറക്കമെഴുന്നേറ്റ മകള്‍ തന്റെ അരുകില്‍ നിവര്‍ന്ന് കിടക്കുന്ന മാസിക കണ്ടു അത്ഭുതപ്പെട്ടു. അവള്‍ അതില്‍ അച്ഛന്റെ വടിവൊത്ത കയ്യക്ഷരം കണ്ടു. അതിങ്ങനെ അവള്‍ വായിച്ചു. 'ദൈവമെ, ഈ ശാന്തനിദ്രയ്ക്ക് നീ തന്നെ കാവല്‍' അപ്പോള്‍ ഉമ്മറത്ത് മറ്റു പത്രങ്ങള്‍ക്കിടയില്‍ നിന്ന് തന്റെ പത്രം ചികഞ്ഞെടുത്ത് അതിന്റെ മുഖപ്പേജിലേക്ക് കണ്ണോട്ടം നടത്തുകയായിരുന്നു അയാള്‍. മുഖപ്പേജില്‍ മെയിന്‍ സ്റ്റോറിയോടൊപ്പം മൂന്ന് കോളം വലിപ്പത്തില്‍ ചേര്‍ത്തിരിക്കുന്ന ആ ബഹുവര്‍ണ്ണ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ കണ്ണുറച്ചപ്പോള്‍ അയാളുടെ മുഖത്ത് സംതൃപ്തിയുടെ ഒരു മിന്നലാട്ടമുണ്ടായി. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. 'കരള്‍ പിളര്‍ക്കും കാഴ്ച: അമ്മയുടെ മൃതദേഹത്തിനരുകില്‍ മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി.'

പ്രശസ്തമായ ഒരു നോവല്‍ ശീര്‍ഷകത്തെ അനുസ്മരിപ്പിക്കുന്നതെങ്കിലും സലീം വരുത്തിയ ഉചിതമായ ചില ഭേദഗതികളും സന്ദര്‍ഭത്തിന്റെ ഇണക്കവും കൊണ്ട് അത് മനോഹരമായി എന്ന് അയാള്‍ക്ക് തോന്നി.

സലീം കുറുപുഴയെ വിളിച്ച് അഭിനന്ദനം അറിയിച്ച് ഫോണ്‍ വയ്ക്കക്കുമ്പോള്‍ പെട്ടെന്ന് മനസില്‍ എന്തോ ഒരു നഷ്ടബോധം നിറയുന്നത് അയാളറിഞ്ഞു


(2003ലെ ദല കൊച്ചുബാവ കഥാ പുരസ്കാരം നേടിയത്)

Sunday, April 4, 2010

പ്രണയം മധുരമാകുന്നത്

മാടപ്രാവിന്റെ കൈയില്‍ പ്രണയം കൊടുത്തുവിട്ട് പ്രേക്ഷകഹൃദയങ്ങളില്‍ കൂടുകൂട്ടിയ 'മേനെ പ്യാര്‍ കിയ'യിലെ നായിക ഭാഗ്യശ്രീയെ ഞാനാദ്യം നേരില്‍ കണ്ടത് ഒരു വ്യാഴവട്ടം മുമ്പ് അരുവിത്തുറ സെന്റ് ജോര്‍ജസ് കോളജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി ക്ലാസില്‍. വെളുത്തുമെലിഞ്ഞ സുന്ദരി, പാലക്കാരി ഷീബ!

മീനച്ചിലാറിന്റെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ആ കോളേജില്‍ ഞാന്‍ അന്ന് രണ്ടാംവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥി. ചിരിക്കുമ്പോള്‍ കവിത വിരിയുന്ന ആ കണ്ണുകള്‍ ഭാഗ്യശ്രീയുടേതല്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇളം തവിട്ടുനിറത്തിന്റെ വശ്യതയില്‍ കോളേജിടനാഴിയില്‍ നിന്നുള്ള ജാലക കാഴ്ചയിലൂടെ ഹൃദയത്തിലേക്ക് തുളച്ചുകടന്ന ആ കണ്ണുകള്‍ കോളേജിലെ നാഷനല്‍ സര്‍വീസ് സ്കീം ചതുര്‍ദിന വാളന്റിയര്‍ ക്യാമ്പില്‍ വെച്ച് നേരില്‍ പരിചയം ഭാവിച്ചു. ക്യാമ്പിന്റെ സമാപന ദിവസം സായാഹ്നത്തില്‍ കോളേജില്‍ നിന്ന് ടൌണിലേക്ക് ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലൂടെ ഒരുമിച്ച് നടക്കുമ്പോള്‍ സംസാരിച്ച വിഷയങ്ങള്‍ക്ക് അതിരുകളുണ്ടായിരുന്നില്ല. ഓര്‍മകളില്‍ മധുരം നിറയ്ക്കുന്നു, ഇന്നും ആ സായാഹ്നം.

ജീവിതത്തിലാദ്യമായി പ്രണയമെന്ന വികാരം തോന്നുന്നത് ആ കണ്ണുകളോട്. അലംഭാവം, അല്ലെങ്കില്‍ അധൈര്യം. കണ്ണുകളുടെ ഉടമസ്ഥയോട് അത് തുറന്നുപറയാന്‍ കഴിഞ്ഞില്ല. സുഹൃദ് ബന്ധത്തിന്റെ ചെറിയ ജലാശയത്തിനപ്പുറത്ത് ആഴക്കടലിന്റെ വിശാലതയിലേക്ക് തോണിയിറക്കാന്‍ അശക്തനായ ഒരു തുഴച്ചില്‍ക്കാരനായിരുന്നല്ലൊ ഞാനന്ന്. അങ്ങിനെ ആദ്യത്തെ പ്രണയം മൊട്ടായി ഉള്ളില്‍ കൂമ്പിയണഞ്ഞു.

തെക്കന്‍ ദേശത്തുനിന്ന് മധ്യതിരുവിതാംകൂറില്‍ പ്രീഡിഗ്രിക്ക് മാത്രം പഠിക്കാനെത്തിയ ഞാന്‍ കോഴ്സ് കഴിഞ്ഞു അധികം വൈകാതെ മടങ്ങിപ്പോന്നു. ഇന്ന് ആ 'ഭാഗ്യശ്രീ' എവിടെയാണെന്നറിയില്ല. ഓര്‍മ്മകളുടെ ഏറ്റവും തിളക്കമുള്ളിടത്ത് ആ കണ്ണുകളുണ്ട്. അത്രമാത്രം. ഒരുകാര്യം ഉറപ്പ്: ഇന്നും ഏത് ആള്‍ക്കൂട്ടപ്പെരുവഴിയില്‍ വെച്ചും ആ കണ്ണുകളെ എനിക്ക് തിരിച്ചറിയാന്‍ കഴിയും. അപ്പോള്‍ പറയാന്‍ മനസില്‍ പ്രണയം വാക്കുകള്‍ കരുതിവെച്ചിരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജാലകക്കാഴ്ചയിലൂടെ വേറൊരു പെണ്‍കുട്ടി മനസിലേക്ക്. പിന്നെ പ്രണയത്തിന്റെ കാളിന്ദീതീരത്തേക്ക്. മൊട്ടായൊടുങ്ങിയില്ല, പ്രണയം വിടര്‍ന്നു. കുറെനാള്‍ അത് ജീവിതത്തില്‍ സൌരഭ്യം പരത്തി. കൊഴിയുന്ന ഇതളുകള്‍ പെറുക്കിയെടുത്തു കൂട്ടിവെച്ച്, കെടാതെ സൂക്ഷിച്ച്... ഒടുവില്‍ എപ്പോഴൊ ഇതളുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച ചതിയുടെ മുള്ളുകള്‍ നീണ്ടുവന്നപ്പോള്‍ മനസില്‍ ചോരപൊടിഞ്ഞു. ഓര്‍ക്കാപ്പുറത്ത് മനസില്‍ ആഴത്തിലുള്ള മുറിവുകള്‍ ബാക്കിയാക്കി ആ പൂവ് ആരുടെയോ പൂക്കുടയിലേറി കടന്നുപോയി.

വിടരാതെ പോയ ആദ്യപ്രണയത്തിന്റെ സുഖം തിരിച്ചറിയുന്നത് ആ വ്യഥിതനാളുകളിലാണ്. അതുകൊണ്ടാണ് വിടരാതെ പോകുന്ന പ്രണയമാണ് മധുരമെന്ന് മനസ് പറയുന്നത്. ഒരു കവിത കുറിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ...

പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്
വിടര്‍ന്നാലത്
വിഷപുഷ്പം
അറിയാതൊന്നു ചുംബിച്ചാല്‍
ശ്വസനമരണം
സ്പര്‍ശിച്ചാല്‍
ദേഹം ചൊറിഞ്ഞ് തിണര്‍ക്കും
വിടര്‍ന്ന് കായായാല്‍
ജീവിതം കല്ലിച്ചതിനുള്ളില്‍
ചുരുങ്ങും
പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്

(ഗള്‍ഫ് മനോരമ-ആദ്യാനുരാഗം 2003 സെപ്തംബര്‍)