Sunday, May 8, 2016

ജയില്‍ ജീവിതം



നാരായണ്‍... നാരായണ്‍... ആരോ കമ്പിയഴികളില്‍ തട്ടി ഉറക്കെ വിളിക്കുന്നു. അറബി ഭാഷയുടെ കനപ്പില്‍ ഞെട്ടി നാരായണന്‍പിടഞ്ഞെഴുന്നേറ്റു. ചുറ്റുമുള്ളവരൊന്നും വിളി കേട്ടിട്ടില്ല. എല്ലാവരും പുലര്‍കാലത്തെ സുഖമുള്ള ഉറക്കിലാണ്. ഇരുകൈപ്പത്തികളും കൊണ്ട് മുഖമുഴിഞ്ഞ് ഉറക്കച്ചടവ് കളയാന്‍ ശ്രമിച്ചുകൊണ്ട് ഓടി ഇരുമ്പ് വാതിലിന് അടുത്തത്തെി. അഴികള്‍ക്കപ്പുറം പരിചയമുള്ള മുഖം. ജയിലിലെ ഉദ്യോഗസ്ഥരിലൊരാളാണ്. ഇടനാഴിയിലെ ഇരുണ്ട നിശ്ശബ്ദതയെ ഞെട്ടിച്ച ്അയാളുടെ പരുക്കന്‍ ശബ്ദം അറബിയില്‍ മുഴങ്ങി: ‘വേഗം റെഡിയാകണം. നിന്‍െറ സാധനങ്ങളെല്ലാം എടുത്തോ. മുദീര്‍ വിളിക്കുന്നു’. ഉദ്യോഗസ്ഥന്‍ ഇടനാഴിയിലെ ഇരുളിലേക്ക് മറഞ്ഞശേഷവും അനങ്ങാനാവാതെ കമ്പിയഴികളില്‍ പിടിച്ച് കുറച്ചുനേരം നിന്നു. എന്തിനാവും, ഇത്ര രാവിലെ? ഇതിനുമുമ്പ് ഇങ്ങനെ വിളിച്ചുണര്‍ത്തി ഒരുങ്ങാന്‍ കല്‍പനയുണ്ടാകുന്നത് പതിവുള്ള കോടതി യാത്രകള്‍ക്ക് വേണ്ടിയായിരുന്നു. രണ്ടുവര്‍ഷമായി അത് നിലച്ചിട്ട്.
ഇപ്പോള്‍ എന്തിനാവും? വീണ്ടും കോടതിയിലേക്കാവുമോ? എങ്കില്‍ സാധനങ്ങളെടുക്കാന്‍ പറയില്ലല്ളോ! പോയാലും ഇങ്ങോട്ടു തന്നെയാണല്ളോ തിരിച്ചത്തെുക. പെട്ടെന്നൊരു ഉള്‍വിളിയുണ്ടായതു പോലെ അയാള്‍ ഞെട്ടി. ദൈവമേ, ജയില്‍ മാറ്റാനാവുമോ? സെല്ലില്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ഇതുപോലൊരു പുലര്‍കാലത്ത് വിളിച്ചുണര്‍ത്തി കൊണ്ടുപോയത് ജയില്‍ മാറ്റാന്‍ വേണ്ടിയായിരുന്നു. അല്‍ഹൈറിലെ ജയിലിലേക്ക് കൊണ്ടുപോകുന്നത് വധശിക്ഷ പോലുള്ള കടുത്ത ശിക്ഷക്ക് വിധിക്കപ്പെട്ടവരെയാണെന്ന് കേട്ടിട്ടുണ്ട്. ഇനി, തന്നെയും....! അയാളുടെ മനസ്സ് പതറി. കേസിലെ വാദിഭാഗം മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയത് എംബസി ഉദ്യോഗസ്ഥന്‍ വന്നപ്പോള്‍ പറഞ്ഞത് പെട്ടെന്നോര്‍മ വന്നു. പുതിയ വിധി വല്ലതും വന്നതാവുമോ?



ആലോചിച്ചപ്പോള്‍ അതായിരിക്കില്ളെന്നുതോന്നി. വാദിഭാഗം ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കാന്‍ ആവതില്ലാത്തവനാണെന്ന ആവലാതി കോടതിയില്‍ കിടക്കുകയാണ്. പാപ്പരാണെന്ന തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയത് അടുത്തിടെയാണ്. കോടതിയില്‍ നിന്ന് മറിച്ചൊരു വിധി വരാന്‍ സാധ്യതയില്ല. പിന്നെ എന്തിനാവും? അയാളാകെ പൊറുതികേടിലായി. കമ്പിയഴികളിലെ പിടിവിട്ട് തിരിച്ചുനടന്നപ്പോള്‍ കാലുകള്‍ വേച്ചു. പതിവില്ലാത്ത ഒരു അസ്വസ്ഥത തോന്നി. ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല. ഉദ്യോഗസ്ഥന്‍ വീണ്ടും വരും. അതിനുമുമ്പ് തയാറാവണം. അല്ളെങ്കില്‍ ശകാരവും അലര്‍ച്ചയും കേള്‍ക്കണം. പിന്നെയെല്ലാം വേഗത്തിലായി. വെള്ളം നിറച്ച ടാങ്കില്‍നിന്ന് നാലഞ്ചുതവണ ബക്കറ്റ് മുക്കിയെടുത്ത് ദേഹത്തൊഴിച്ചു. കിടുങ്ങിപ്പോയി. വല്ലാത്ത തണുപ്പ്. ദീര്‍ഘകാലമായി ഉപയോഗിച്ച് ആകെ നിറംകെട്ട തോര്‍ത്തെടുത്ത് ദേഹം തുടച്ച് വെള്ളം വാര്‍ന്നുകളഞ്ഞു. ഉള്ളതില്‍ നല്ളൊരു തോബ് എടുത്ത് ധരിച്ചു. സോപ്പും ചീര്‍പ്പും ബ്രഷുമടക്കം തന്‍േറതാണെന്ന് പറയാവുന്ന സാധനങ്ങളെല്ലാം വാരി ഒരു പ്ളാസ്റ്റിക് കവറിനുള്ളിലാക്കി പൊതിഞ്ഞുകൈയിലെടുത്തു. താടി വളര്‍ന്നിരിക്കുന്നു. അതൊന്ന് ഒതുക്കാന്‍ കൂടി നേരം കിട്ടിയില്ല. പഴ്സ് എടുത്തിട്ടില്ളേ എന്ന് ഒന്നുകൂടി ഉറപ്പുവരുത്തി.
തോബിന്‍െറ വലിയ കീശയില്‍ അത് കിടക്കുന്നുണ്ട്. അഞ്ചുവര്‍ഷവും എട്ടു മാസവും നീണ്ട തടവുകാലത്തിനിടയില്‍ പ്രതിമാസ അലവന്‍സായി 115 റിയാല്‍ വീതം കിട്ടിയതില്‍ നിത്യ ചെലവിനു ശേഷം അവശേഷിച്ചതാണ് പഴ്സിലുള്ളത്. ഒന്നുകൂടി എണ്ണിയുറപ്പാക്കി. 650 റിയാലുണ്ട്! സോപ്പും പേസ്റ്റും പോലുള്ള സാധനങ്ങള്‍ വാങ്ങിയും നാട്ടിലേക്ക് ഫോണ്‍ ചെയ്തുമാണ് പണമെല്ലാം തീര്‍ന്നത്. ആഹാരത്തിന് ജയിലില്‍ മുട്ടില്ലായിരുന്നതിനാല്‍ മറ്റാവശ്യങ്ങള്‍ക്കാണ് പണം ചെലവായത്. സഹതടവുകാരില്‍ ചിലര്‍ നടത്തുന്ന ഗ്രോസറി കടകള്‍ ജയിലിനുള്ളിലുണ്ട്. നടത്തിപ്പുകാരന്‍ ശിക്ഷ കഴിഞ്ഞോ വധശിക്ഷ നടപ്പായോ പോകുമ്പോള്‍ അടുത്തയാള്‍ ആ കടയുടെ ചുമതല ഏറ്റെടുക്കുന്നു. പുറത്തെ വിലയെക്കാള്‍ പല മടങ്ങ് അധികം കൊടുക്കണം ഓരോ സാധനത്തിനും എന്നുമാത്രം.
പണം കൂടാതെ പഴ്സിലുള്ളത് ജയിലിലെ തിരിച്ചറിയല്‍ കാര്‍ഡാണ്. ഇത്രയും കാലത്തെ അഴുക്കും മെഴുക്കും കൊണ്ട് കാര്‍ഡും തന്നെ പോലൊരു തടവുകാരന്‍െറ അകാല വാര്‍ധക്യം സമ്പാദിച്ചിട്ടുണ്ട്. അത് കൂടാതെ പഴ്സിലുള്ളത് അയാളുടെ കണ്ണും കരളുമാണ്. പ്രിയതമയുടെയും ഏക മകന്‍െറയും മുഖങ്ങള്‍. രണ്ടുപതിറ്റാണ്ട് മുമ്പ് വിട്ടുപിരിഞ്ഞുപോന്ന പ്രിയപ്പെട്ടവര്‍. മകന്‍ അജിതിന് അന്ന് അഞ്ചു വയസ്സു മാത്രം. നിറമിളകിത്തുടങ്ങിയ ചെറിയൊരു കളര്‍ ഫോട്ടോയിലും മിഴിവോടെ ചിരിച്ചിരിപ്പുണ്ട് ഇരുവരും. പെട്ടെന്നുണ്ടായ ഒരുള്‍ത്തുടിപ്പില്‍ കീശയില്‍ കൈയിട്ട് പഴ്സെടുത്ത് പരിശോധിച്ചു. ഉവ്വ്, ആ ഫോട്ടോ അവിടത്തെന്നെയുണ്ട്.
ഇരുമ്പ് വാതില്‍ തുറന്നുതന്ന ഉദ്യോഗസ്ഥന്‍െറ പിന്നാലെ ‘സിജിന്‍ ഇദാറ’ എന്ന ജയില്‍ ഓഫിസിലേക്ക് നടന്നു. രാവിലത്തെന്നെ ജയില്‍ മേധാവി എത്തിയിട്ടുണ്ട്. ‘നാരായണ്‍. നിന്‍െറ ശിക്ഷാകാലാവധി കഴിഞ്ഞു. അത് എട്ടുമാസം മുമ്പ് തന്നെ അവസാനിച്ചതായിരുന്നു. പൊലീസ് വന്ന് ഏറ്റെടുക്കും എന്നുകരുതി നീണ്ടതാണ്. ഇനിയും നിന്നെ ഇവിടെ നിര്‍ത്താന്‍ നിയമം അനുവദിക്കുന്നില്ല. ആയതിനാല്‍, നിന്‍െറ ഇവിടത്തെ പൊറുതി ഇന്ന് ഈ നിമിഷം അവസാനിക്കുകയാണ്. പൊലീസുകാര്‍ നിനക്കുള്ള കടലാസുകളുമായി വന്നിട്ടുണ്ട്. നടപടിക്രമം പൂര്‍ത്തിയായാല്‍ നിനക്ക് പോകാം.’ കസേരയില്‍ നിന്നെഴുന്നേറ്റ അദ്ദേഹം അടുത്തുവന്ന് തോളില്‍ തട്ടി. ആപ്പീസിന്‍െറ മുന്‍വശത്ത് വാഹനവുമായി പൊലീസ് കാത്തുനിന്നിരുന്നു. പൊലീസ് നടപടികള്‍ കഴിഞ്ഞപ്പോള്‍ ജയിലുദ്യോഗസ്ഥരില്‍ ഒരാള്‍ വന്ന് തോളില്‍ ചേര്‍ത്തുപിടിച്ച് കവാടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ‘നിനക്ക് പോകാം. പൂര്‍ണ സ്വാതന്ത്ര്യത്തോടെ.’ കാവല്‍ ഭടന്‍ ഗേറ്റ് തുറന്നു.
നാരായണന്‍ പുറത്തേക്ക് കാലെടുത്തുവെച്ചു. അഞ്ചുവര്‍ഷവും എട്ടുമാസവും നീണ്ട തടവുജീവിതത്തിനൊടുവില്‍ പുറംലോകത്തിന്‍െറ വെളിച്ചത്തിലേക്കും ചൂടിലേക്കും. എങ്ങോട്ടാണ് പോകേണ്ടത്, എന്താണ് ചെയ്യേണ്ടത് എന്ന ആലോചന അപ്പോഴാണ് തലയില്‍ ഓളം വെട്ടാന്‍ തുടങ്ങിയത്. പോകാമെന്നേ ജയിലുദ്യോഗസ്ഥര്‍ പറഞ്ഞുള്ളൂ. എങ്ങോട്ടു പോകണം എന്തു ചെയ്യണം എന്ന്
പറഞ്ഞില്ല. ജയിലില്‍ സഹതടവുകാരായിരുന്ന പലരും ഇതിനിടയില്‍ മോചിതരായി പോയിട്ടുണ്ട്. ജയിലില്‍നിന്ന് തന്നെ വിമാനത്താവളത്തില്‍ കൊണ്ട് പോയി അവരവരുടെ നാടുകളിലേക്ക് കയറ്റിയയക്കുകയാണ് പതിവ്. തന്‍െറ കാര്യത്തില്‍ മാത്രം ആ പതിവ് എന്തുകൊണ്ടാണ് തെറ്റിയത്? അയാള്‍ക്കൊന്നും മനസ്സിലായില്ല. ജയിലുദ്യോഗസ്ഥരോട് തന്നെ ചോദിക്കാം എന്ന് കരുതി തിരിയുമ്പോഴേക്കും വലിയ ഇരുമ്പ് ഗേറ്റ് ശബ്ദത്തോടെ അടഞ്ഞുകഴിഞ്ഞിരുന്നു. പഴ്സില്‍ പണമുണ്ട്. തൊട്ടുമുന്നിലുള്ള റോഡിലൂടെ ടാക്സികള്‍ ഓടുന്നുണ്ട്. ടാക്സിയില്‍ കയറാം. പക്ഷേ എങ്ങോട്ടുപോകണം? അപ്പോഴാണ് ഏതാനും ദിവസം മുമ്പ് അനുജന്‍ വിശ്വനാഥന്‍ നാട്ടില്‍ നിന്ന് വിളിച്ചപ്പോള്‍ തന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് കോയയുടെ മൊബൈല്‍ നമ്പറിനെ കുറിച്ച് ഓര്‍മ വന്നത്. തന്‍െറ സുഹൃത്താണ്. റിയാദിലുണ്ട്.
പുറത്തിറങ്ങുമ്പോള്‍ അയാളെ വിളിക്കണമെന്നാണ് അവന്‍ പറഞ്ഞത്. നമ്പര്‍ തുണ്ട് കടലാസില്‍ എഴുതി പഴ്സിനകത്ത് സൂക്ഷിച്ചിരുന്നത് കണ്ടത്തെി എടുത്തു. അയാളെ ഒന്ന് വിളിച്ചുനോക്കാം. പക്ഷേ, ഫോണില്ല. സഹതടവുകാരുടെ ഫോണിലൂടെയാണ് നാട്ടിലേക്ക് വിളിച്ച് ഭാര്യയെയും മകനെയും അനുജന്‍ വിശ്വനാഥനെയുമെല്ലാം ബന്ധപ്പെട്ടിരുന്നത്. ഫോണില്ലാതെ എങ്ങനെ മുഹമ്മദ് കോയയെ വിളിക്കും. കുറച്ചുനേരം ജയിലിന്‍െറ കവാടത്തിനരികില്‍ നിന്നു. കാലുവേദനിച്ചപ്പോള്‍ നിലത്ത് കുത്തിയിരുന്നു. അപ്പോഴാണ് ജയില്‍ മുറ്റത്ത് ഒരുവാന്‍ വന്നുനിന്നത്. സെയില്‍സ് വാനാണ്. ജയിലിലെ പലവ്യജ്ഞന കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന വിതരണക്കാരന്‍. നാരായണനെ കണ്ട് അയാള്‍ വിശേഷം ചോദിക്കാനത്തെി. പരിചയപ്പെട്ടപ്പോള്‍ ആലപ്പുഴ സ്വദേശി റഷീദാണ്. കോഴിക്കോട്ടുകാരന്‍ മുഹമ്മദ് കോയയുടെ നമ്പറിലേക്ക് റഷീദിന്‍െറ ഫോണില്‍ നിന്ന് വിളിച്ചു. ബത്ഹയിലെ മലയാളി റസ്റ്റാറന്‍റിന്‍െറ അടുത്തത്തൊന്‍ നിര്‍ദേശം കിട്ടി.
വാനില്‍ കയറ്റി അവിടെയത്തെിച്ച് റഷീദ് പോയി. റസ്റ്റാറന്‍റ് മാനേജരായ മലയാളിയോട് റഷീദ് എല്ലാം പറഞ്ഞിരുന്നു. അയാള്‍ ഭക്ഷണം നല്‍കി. മുഹമ്മദ് കോയയുടെ അടുത്തേക്ക് പോകാന്‍ ടാക്സിയും ഏര്‍പ്പാടാക്കി. ശിഫ എന്ന സഥ് ല  ത്തെ മുഹമ്മദ് കോയയുടെ മുറിയിലത്തെി. ആശ്വാസം തോന്നി. തലചായ്ക്കാന്‍ ഒരിടമായല്ളോ. ഇട്ടിരുന്ന വസ്ത്രം ഊരിയപ്പോഴാണ് കീശക്ക് ഭാരമില്ളെന്ന് മനസ്സിലായത്. അതെ, പഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു. ജയില്‍ മുറ്റത്തോ ടാക്സിയിലോ എവിടെയങ്കിലും വീണുപോയതാകും. ജയില്‍ കാലത്തെ സമ്പാദ്യം, ജയിലിലെ തിരിച്ചറിയല്‍ കാര്‍ഡ്, പിന്നെ കണ്ണും കരളും. എല്ലാംപോയി. ദുഃഖം തോന്നി...
ദിവസങ്ങള്‍ പലത് കടന്നുപോയി. ഒരു രാത്രി കിടക്കുമ്പോള്‍ മുഹമ്മദ് കോയ ചോദിച്ചു:
‘‘എത്ര ദിവസം എന്നുവെച്ചാ ഇങ്ങനെ? നാട്ടില്‍ പോകണ്ടേ?’’
‘‘പോണം’’ മറുപടി വേഗത്തിലായിരുന്നു.
‘‘പക്ഷേ എങ്ങനെ?’’
‘‘അറിയില്ല, ജയിലുകാര്‍ക്കും അറിയാത്തതുകൊണ്ടാണല്ളോ ഇറക്കിവിട്ടത്’’



നാരായണന്‍െറ കഥ
മലപ്പുറം എടപ്പാള്‍ സ്വദേശി നാരായണന്‍ അയാളുടെ കഥ പറയുകയായിരുന്നു. വിചിത്രമെന്നോ അവിശ്വസനീയമെന്നോ തോന്നാവുന്ന കഥ. 21 വര്‍ഷം റിയാദില്‍ കഴിയേണ്ടിവന്ന ഗതികെട്ട പ്രവാസം. ദുരിതത്തിന്മേല്‍ അഗ്നിപാതം പോലെ, കേസും കോടതിയും ജയിലും. അഞ്ചു വര്‍ഷവും എട്ടുമാസവും കാരാഗൃഹ വാസം. ഒരു നാള്‍ പെട്ടെന്ന് ജയിലില്‍ നിന്ന് ഇറക്കിവിടപ്പെട്ടപ്പോള്‍ ഇനിയെന്തു ചെയ്യും എങ്ങോട്ടുപോകും എന്ന പരിഭ്രാന്തിയോടെ ജയില്‍ കവാടത്തിലേക്കു തന്നെ തിരിഞ്ഞുനോക്കി അത് തുറന്നിരുന്നെങ്കില്‍ എന്നാശിച്ച് നിന്നുപോയ നിമിഷങ്ങള്‍. കേസ് തീര്‍ന്നില്ളെന്നും സ്വപ്നത്തില്‍ പോലും താങ്ങാന്‍ പറ്റാത്ത നഷ്ട പരിഹാരം കോടതിയില്‍ കെട്ടിവെച്ചാലേ ജന്മനാട്ടിലേക്ക് മടങ്ങാന്‍ കഴിയൂ എന്നുമുള്ള കനലറിവില്‍ പൊള്ളിപ്പോയ ജീവിതവുമായി കഴിഞ്ഞുകൂടേണ്ടിവന്ന ഒരു വര്‍ഷം പിന്നേയും.

350 റിയാല്‍ ശമ്പളത്തിലൊരു മോഹ ജോലി
റിയാദിലെ ഒരു ശുചീകരണ കരാര്‍ കമ്പനിയുടെ ലേബര്‍ വിസയില്‍ 1989ല്‍ പ്രത്യാശയുടെ കടല്‍ കടക്കുമ്പോള്‍ കാത്തിരുന്നത് പ്രതിമാസം 350 റിയാല്‍ ശമ്പളത്തില്‍ ഇരുട്ടുവെളുക്കെ വിയര്‍പ്പൊഴുക്കേണ്ട ശുചീകരണ തൊഴില്‍! 350 റിയാലില്‍ ഇഖാമയുടെ ഫീസിനത്തിലുള്ള പ്രതിമാസ കിഴിക്കല്‍ കൂടി കഴിഞ്ഞ് തുഛം എന്ന വാക്കിനെ പോലും നാണിപ്പിച്ചുകൊണ്ട് കിട്ടുന്ന ശമ്പളത്തില്‍ ഒറ്റക്കുള്ള ജീവിതത്തിന്‍െറ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെട്ട നാരായണന്‍െറ തോളില്‍ കുടുംബ പ്രാരബ്ധത്തിന്‍െറ വലിയൊരു മാറാപ്പ് കിടന്നിരുന്നു. അച്ഛന്‍ മരിച്ച് അനാഥമായ കുടുംബത്തിന്‍െറ സംരക്ഷണം. അമ്മയും വിവാഹപ്രായത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന നാലു സഹോദരിമാരും സ്കൂള്‍ വിദ്യാര്‍ഥിയായ അനുജനും. രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ ആദ്യത്തെ അവധി. ആദ്യ പെണ്ണുകാണലിലൂടെ ഷീജ ജീവിത സഖിയായി.
കുറഞ്ഞ കാലത്തെ ദാമ്പത്യത്തിനുശേഷം റിയാദിലേക്ക് മടങ്ങി. ആ കാലത്തിനിടക്ക് അവള്‍ക്ക് സമ്മാനിച്ച പ്രണയം ഒരാണ്‍ കുഞ്ഞായി പിറന്നപ്പോഴും ഒരു സഹോദരിയുടെ വിവാഹം നടന്നപ്പോഴുമുണ്ടായ പണച്ചെലവ് അടുത്ത നാട്ടില്‍ പോക്കിനെ അഞ്ചുവര്‍ഷത്തിനപ്പുറത്തേക്ക് ആട്ടിയകറ്റി. ആ കടങ്ങള്‍ വീട്ടി അഞ്ചുവര്‍ഷം കഴിഞ്ഞ് നാട്ടിലത്തെിയപ്പോള്‍ ഏക കണ്‍മണി അജിത്തെന്ന അഞ്ചുവയസ്സുകാരനായി ഓടിക്കളിക്കുന്ന പരുവമായിരുന്നു. അത്തവണ ആറുമാസം നാട്ടില്‍ നിന്നു.
അവധികഴിഞ്ഞ് മടങ്ങിയ ശേഷം പിന്നെ നീണ്ട 21വര്‍ഷം നാട്ടില്‍ പോകാനേ കഴിഞ്ഞില്ല. സഹോദരിമാരുടെ വിവാഹങ്ങളുടെ ചെലവ്, വീട്ടിലെ നിത്യ ആവശ്യങ്ങള്‍. 350 റിയാലില്‍നിന്ന് തന്‍െറ ചെലവ് കഴിഞ്ഞ് ബാക്കിവരുന്ന തുക അയച്ചാല്‍ കടം തീരുകയല്ല, വായ്പയുടെ ബാങ്ക് പലിശ കൂടിക്കൂടി അത് പെരുകുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഇത്രയും കുറഞ്ഞ ശമ്പളം കൊണ്ട് ഒരിക്കലും കടങ്ങളില്‍ നിന്ന് മോചനം നേടാനാവില്ളെന്ന് മനസ്സിലായപ്പോള്‍, സഹനത്തിന്‍െറ നെല്ലിപ്പലകയും തകരുമെന്നായപ്പോള്‍ കമ്പനിയില്‍ നിന്ന് ഒളിച്ചോടി. അക്കാലം റിയാദില്‍ പുറത്ത് എവിടെയും ജോലി സുലഭമായിരുന്നു. ഭേദപ്പെട്ട ശമ്പളവും. സ്പോണ്‍സറിങ് കമ്പനിയില്‍ നിന്ന് ഒളിച്ചോടുന്നതോടെ അനധികൃതനായി മാറുമെങ്കിലും ജോലിയും ശമ്പളവും ജീവിത ദുരിതങ്ങള്‍ക്ക് അറുതി വരുത്തുന്നതായിരുന്നു. റിയാദ് നഗരത്തിന്‍െറ കിഴക്കുഭാഗത്തെ നസീമില്‍ ഒരു സര്‍വിസ് സ്റ്റേഷനില്‍ ജോലി കിട്ടി. വാഹനങ്ങള്‍ കഴുകുക. ജോലി കുറച്ചു കഠിനമെങ്കിലും ശമ്പളം ഭേദമായിരുന്നു. ഒമ്പത് വര്‍ഷമാണ് അവിടെ പണി ചെയ്തത്. പിന്നീട് മറ്റൊരു സര്‍വിസ് സ്റ്റേഷനിലേക്ക്മാറി.
ഇതിനിടയില്‍ നാട്ടില്‍ പോകാനുള്ള പൂതി പെരുത്ത് മനസ്സ് പിടിവിട്ട് സഞ്ചരിക്കാന്‍ തുടങ്ങിയെങ്കിലും നിയമലംഘകനെന്ന അയോഗ്യത നാട്ടിലേക്കുള്ള വഴിയെ അടച്ചു. പുതിയ സര്‍വീസ് സ്റ്റേഷനിലെ ജോലിക്കിടയിലാണ് ജീവിതത്തെ ആകെ മാറ്റിമറിച്ച ആ സംഭവമുണ്ടായത്.



പരാതി പറയാന്‍ പോയി ജയിലിലായി
വാഹനം കളവുപോയെന്ന പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി ജയിലിലായ കഥയാണ് അത്. 2010 സെപ്റ്റംബര്‍ അഞ്ചായിരുന്നു ആ കറുത്ത ദിനം. ഒരു സൗദി പൗരന്‍ ലാന്‍ഡ് ക്രൂയിസര്‍ കാറുമായി സര്‍വീസ് സ്റ്റേഷനില്‍ എത്തുന്ന തോടെയാണ് ദുരിതങ്ങളുടെ ഖണ്ഡത്തിന്‍െറ തുടക്കം. വാഹനം കഴുകാന്‍ ഏല്‍പിച്ച് അയാള്‍ പോയി. കഴുകിക്കഴിഞ്ഞ് വാഹനം മാറ്റിയിട്ടപ്പോള്‍ ഉടമയുടെ സഹോദരനാണെന്നു പറഞ്ഞ് മറ്റൊരു അറബി വേഷധാരി എത്തി കാറും കൊണ്ടുപോയി. പിന്നീട് യഥാര്‍ഥ ഉടമ വാഹനം എടുക്കാനത്തെിയപ്പോഴാണ് തനിക്ക് പിണഞ്ഞ അബദ്ധം നാരായണന് മനസ്സിലാകുന്നത്. ഇരുവരും കൂടി സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കി. ആ രാത്രിയില്‍ നാരായണനെ അവിടെയിരുത്തി കാറുടമ അയാളുടെ വീട്ടില്‍ പോയി. സ്റ്റേഷനുള്ളില്‍ ഒരു രാവ് മുഴുവന്‍ നീണ്ട ആ ഇരുത്തം പിറ്റേന്ന് ലോക്കപ്പിലേക്കും പിന്നെ മലസിലെ സെന്‍ട്രല്‍ ജയിലിലേക്കും നീളുകയായിരുന്നു.
നാരായണനെ പ്രതിയാക്കി കാറുടമ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു ലക്ഷത്തി പതിനയ്യായിരം റിയാലാണ് അയാള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കാറുകൊണ്ടുപോയയാളെ പിടികിട്ടാത്തതുകൊണ്ടുതന്നെ കോടതിയുടെ മുന്നിലും പ്രതി നാരായണന്‍ തന്നെയായി. കളവുകേസിലെ പൊതു അന്യായപ്രകാരം കോടതി അഞ്ചുവര്‍ഷത്തെ തടവുശിക്ഷയും സ്വകാര്യ അന്യായപ്രകാരം ലാന്‍ഡ് ക്രൂയിസറിന്‍െറ വിലക്ക് തുല്യമായ പിഴയുമാണ് വിധിച്ചത്. അഞ്ചുവര്‍ഷത്തെ തടവുശിക്ഷയുടെ കാലാവധി കഴിഞ്ഞെങ്കിലും സ്വകാര്യ അന്യായ പ്രകാരം കൊടുത്തുവീട്ടേണ്ട നഷ്ട പരിഹാരം ബാക്കി കിടന്നതാണ് തടവുജീവിതം നീളാനിടയാക്കിയത്.
പൊലീസ് എത്താനാണ് ജയിലധികൃതര്‍ കാത്തിരുന്നത്. എട്ടുമാസം കാത്തിട്ടും പൊലീസ് നടപടി ഉണ്ടാകാതെ വന്നപ്പോള്‍ സ്വന്തം വിവേചനാധികാര പ്രകാരം അവര്‍ മോചിപ്പിച്ചു. എന്നാല്‍ ജീവിതത്തിന്മേല്‍ വീണ നിയമത്തിന്‍െറ കുരുക്ക് അഴിഞ്ഞിരുന്നില്ല. അത് കൂടുതല്‍ മുറുകുകയാണ്ചെയ്തത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ കോടതിയില്‍ നിന്ന് വിധിപ്പകര്‍പ്പ് വാങ്ങി പരിശോധിച്ചപ്പോഴാണ് അവശേഷിക്കുന്ന നൂലാമാലകളെ കുറിച്ച് മനസ്സിലായത്. നഷ്ടപരിഹാര തുക നല്‍കാനുള്ള ശേഷിയില്ളെന്ന് കാണിച്ച് നാരായണന്‍ നേരത്തേ കോടതിക്ക് നല്‍കിയ ഹര്‍ജി വാദിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു. നഷ്ടപരിഹാരം ഈടാക്കാന്‍ നടപടി ആവശ്യപ്പെട്ട് വാദിഭാഗം മേല്‍കോടതിയെ സമീപിച്ചു. ജയില്‍ മോചനം കിട്ടിയാലും സൗദിയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാത്ത യാത്രാവിലക്കുണ്ടായത് അങ്ങനെയാണ്. കോടതിയെ അഭയം പ്രാപിക്കുക മാത്രമായിരുന്നു നാരായണന്‍െറ മുന്നിലുണ്ടായ രക്ഷാമാര്‍ഗം.
പ്രവാസി സാംസ്കാരിക വേദി എന്ന സംഘടനയും അതിന്‍െറ പ്രവര്‍ത്തകരായ ലത്തീഫ് തെച്ചിയും സാദിഖ് ബാഷയുമെല്ലാം ചേര്‍ന്ന് വീണ്ടും കോടതിയുടെ മുന്നിലത്തെിച്ചു. കാറുടമയുടെ നഷ്ടപരിഹാരം നല്‍കുക വഴിയേ കേസില്‍ തീര്‍പ്പുണ്ടാകൂ എന്ന് കോടതിയും പറഞ്ഞു.
പാപ്പരാണെന്ന് തെളിയിക്കുന്ന രേഖകള്‍ക്ക് സൗദി മോണിറ്ററിങ് ഏജന്‍സിയുടെ ക്ളിയറന്‍സ് കിട്ടിയാലേ കോടതി അന്തിമമായി പരിഗണിക്കൂ. ഈ സാഹചര്യത്തില്‍ വാദി ഭാഗവുമായി സംസാരിച്ച് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള സാധ്യതയും സാമൂഹിക പ്രവര്‍ത്തകര്‍ തേടി. തുക അറുപതിനായിരം റിയാലാക്കി കുറക്കാന്‍ അദ്ദേഹം തയാറായി. എന്നാല്‍ അതും ഈ അമ്പത്താറുകാരന് ചിന്തിക്കാന്‍ പോലും കഴിയാത്തതായിരുന്നു. അനിശ്ചിതത്വങ്ങളുടെ നാളുകള്‍ക്ക് ഒരു വര്‍ഷത്തിന്‍െറ പ്രായമത്തെിയപ്പോള്‍ കോടതിക്ക് പോലും ഈ സാധു മനുഷ്യനോട് കനിവ് തോന്നി. അപ്പോഴേക്കും മുഹമ്മദ് കോയയുടെ താമസസ്ഥലത്തുനിന്ന് മറ്റു പല മനുഷ്യസ്നേഹികളുടെയും കാരുണ്യത്തണലുകളിലേക്ക് അന്തിയുറക്കത്തിനുള്ള ഇടം നീങ്ങിക്കൊണ്ടിരുന്നു. സാമൂഹികപ്രവര്‍ത്തകരായ ദീപക് കിളിരൂര്‍, കോഴിക്കോട് സ്വദേശി അസ്ലം തുടങ്ങി പലരും പലവിധ സഹായങ്ങള്‍ നല്‍കി. ഒടുവില്‍ ഒരു മലയാളി റസ്റ്റാറന്‍റില്‍ കുറഞ്ഞകാലം ജീവനക്കാരനായി.
ശമ്പളവും ഭക്ഷണവും കിടക്കാനിടവും കിട്ടി. എന്നാലും ജന്മനാടിനെയും പ്രിയപ്പെട്ടവരെയും കാണാതെ 21 വര്‍ഷത്തെ ഒറ്റപ്പെടലില്‍ വരണ്ടുപോയ ജീവിതം ഇനിയും നീട്ടരുതെന്ന്കോടതിക്ക് തോന്നി. യാത്രാവിലക്ക് നീക്കാന്‍ കോടതി തീരുമാനിച്ചു. അപ്പോഴേക്കും അടുത്ത കടമ്പ മുന്നിലുയര്‍ന്നുകഴിഞ്ഞിരുന്നു. 19 വര്‍ഷം ഇഖാമ പുതുക്കാത്തതിന്‍െറ പിഴയുള്‍പ്പെടെ കനത്ത ഫീസും മറ്റുമായി മറ്റൊരു വന്‍തുക വന്‍മല കണക്കെതടസ്സമായി നിന്നു.
ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഒൗട്ട് പാസ് അനുവദിച്ചുകിട്ടിയെങ്കിലും സൗദി അധികൃതരില്‍നിന്ന് എക്സിറ്റ് വിസയുടെ മുദ്ര പതിഞ്ഞുകിട്ടാന്‍ മറ്റൊരു മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്‍െറ ഇടപെടലും അദ്ദേഹത്തിന്‍െറ സൗദി ഉദ്യോഗസ്ഥ സൗഹൃദങ്ങളും വേണ്ടിവന്നു. എല്ലാറ്റിനുമൊടുവില്‍, യാതനകളുടെ നോവുമുന കൊണ്ടെഴുതിയ തന്‍െറ കഥ നീരുവറ്റിയ കണ്ണുകളുടെ ശൂന്യതയില്‍ ഒളിപ്പിച്ച് അയാള്‍ നാട്ടിലേക്ക് പറന്നു, കാത്തിരിക്കുന്ന അമ്മയുടെയും ജീവിത സഖിയുടെയും ഏക മകന്‍െറയും അരികിലേക്ക്, വേദന മുറ്റിയ ചിരിയുമായി.

(ചെപ്പ് വാരപ്പതിപ്പ്, 2016 ഏപ്രില്‍ 22 വെള്ളി 9)