Saturday, August 31, 2013

ഉറുമ്പുകളെ പോലെ ഈ ഹിന്ദികള്‍



‘ഒരു ലക്ഷത്തി മുപ്പത്തയ്യായിരം റിയാല്‍!’
ചെറിയ കപ്പുകളിലേക്ക് ഗഹ്വ പകര്‍ന്നുകൊണ്ട് അദ്ദേഹം തുടര്‍ന്നു
‘ശരിക്കും ഞാന്‍ പേടിച്ചുപോയി! ‘എനിക്കതിനുള്ള വരുമാനമില്ലല്ളോ. ജയിലിലും ആശുപത്രിയിലുമായി കഴിയുന്ന വര്‍ക്കി എന്തു ചെയ്യാനാണ്?
എന്‍െറ വിഷമം കണ്ടിട്ടാണ്, ജയിലിലെ ക്യാപ്റ്റന്‍ പറഞ്ഞു, നീ പേടിക്കണ്ട, ഹിന്ദികള്‍ ഉറുമ്പുകളെ പോലെയാണ്’
തമര്‍ നിറച്ച പാത്രം ഞങ്ങളുടെ അരികിലേക്ക് നീക്കിക്കൊണ്ട് അദ്ദേഹം മതിപ്പ് കലര്‍ന്ന ഭാഷയില്‍ പറഞ്ഞു.
‘ഉറുമ്പുകള്‍ ആഹാരം ശേഖരിക്കുന്നതുപോലെ സഹകരണമുള്ളവരാണ് ഹിന്ദികളെന്നാണ് കാപ്റ്റന്‍ പറഞ്ഞത്. ഹിന്ദികള്‍ അവര്‍ക്കിടയില്‍നിന്നു തന്നെ പണം ശേഖരിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടോളും. കൂട്ടായ്മകളായി പ്രവര്‍ത്തിക്കുന്ന അവര്‍ അഞ്ചു റിയാല്‍ വീതമെടുത്താല്‍ തീരുന്നതാണ് നിന്‍െറയും വര്‍ക്കിയുടേയും പ്രശ്നം. ഇങ്ങിനെ ആ ജയില്‍ കാപ്റ്റന്‍ പറഞ്ഞുകേട്ടപ്പോള്‍ എനിക്ക് ആശ്വാസമാണ് തോന്നിയത്. അതിനുശേഷമാണ് ശരിക്കും എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞത് -അദ്ദേഹം പറഞ്ഞുനിറുത്തി. ഒഴിഞ്ഞ കപ്പുകളിലേക്ക് വീണ്ടും ഗഹ്വ പകര്‍ന്നു.
കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളുടെ ഒരു ചെറുകിട കരാറുകാരനാണ് ആ സൗദി പൗരന്‍. റിയാദിന്‍െറ പ്രാന്തത്തിലുള്ള അല്‍ഖര്‍ജ് പട്ടണത്തില്‍ അദ്ദേഹത്തിന്‍െറ വീട്ടിലെ അതിഥിപുരയിലിരിക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങളെന്നാല്‍, ഈ ലേഖകന്‍, മാധ്യമ സഹപ്രവര്‍ത്തകന്‍ ഷക്കീബ് കൊളക്കാടന്‍, ജീവകാരുണ്യ പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാട്. അല്‍ഖര്‍ജ് കിങ്ങ് ഖാലിദ് ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് കൊണ്ടിരുന്ന മലയാളി വര്‍ക്കിമാത്യുവിനെ കുറിച്ച് സംസാരിക്കാനാണ് ഞങ്ങളവിടെ പോയത്. ആ ശരീരത്തില്‍നിന്ന് ജീവന്‍ പറന്നകലും മുമ്പ് നാട്ടില്‍ കണ്ണീരും പ്രാര്‍ഥനയുമായി കാത്തിരിക്കുന്ന ഭാര്യയുടേയും കുട്ടികളുടേയും അടുത്തത്തെിക്കണം. അതിനുവേണ്ടി അയാളുടെ സ്പോണ്‍സറായ അദ്ദേഹം ഒന്നു മനസുവെക്കണം. ക്രൂരനായ സ്പോണ്‍സറുടെ മനുഷ്യത്വമില്ലാത്ത നിലപാടുകൊണ്ടാണ് യാത്ര വൈകുന്നതെന്ന തെറ്റിദ്ധാരണയാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ അവിടെയത്തെി അദ്ദേഹത്തെ കണ്ട് സംസാരിച്ചപ്പോള്‍ വസ്തുതകള്‍ ബോധ്യപ്പെട്ടു. വര്‍ക്കി മാത്യു വെറുമൊരു രോഗിയല്ല. നിസാരമല്ലാത്ത ഒരു കേസില്‍ ശിക്ഷാവിധിക്ക് അര്‍ഹനായ അല്‍ഖര്‍ജ് സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയാണ്. വാഹനാപകടത്തിലെ പരുക്കും നേരത്തെ തന്നെയുണ്ടായിരുന്ന പ്രമേഹമുള്‍പ്പടെയുള്ള രോഗങ്ങളുടെ മൂര്‍ദ്ധന്യതയും ദുരന്തങ്ങളുടെ വേട്ടയാടലില്‍ നിലതെറ്റിയ മനസുമായി പകുതി പ്രജ്ഞയിലാണെങ്കിലും കനത്ത പൊലീസ് കാവലിലാണ് ആശുപത്രിയില്‍ കഴിയുന്നതുപോലും.
ആ സൗദി പൗരന്‍െറ സ്പോണ്‍സര്‍ഷിപ്പില്‍ കുടിവെള്ള ടാങ്കറിന്‍െറ ഡ്രൈവറായിരുന്നു വര്‍ക്കി മാത്യൂ. ഒരു രാത്രി, അലച്ചലിന്‍െറ ക്ഷീണത്തില്‍ വര്‍ക്കിയുടെ കണ്ണൊന്ന് മാടിപ്പോയപ്പോള്‍ ടാങ്കര്‍ ചെന്നിടിച്ചത് ഇലക്ട്രിക് കെ.വി ലൈനിന്‍െറ താങ്ങായ വലിയ ഈഫല്‍ ടവറില്‍. ടവര്‍ തകര്‍ന്നു, വലിയൊരു പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം നിലച്ചു. ടാങ്കറും പാടെ തകര്‍ന്നുപോയി. വര്‍ക്കിക്ക് സാരമായ പരിക്കേറ്റു. അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ നിലയൊന്നു മെച്ചപ്പെട്ടപ്പോള്‍ തന്നെ അപകട കേസിലെ പ്രതിയെന്ന നിലയില്‍ വര്‍ക്കിയെ ജയിലിലേക്കുമാറ്റി.
ഇലട്രിക് ലൈനിന്‍െറ ഉടമസ്ഥരായ സൗദി ഇലക്ട്രിക്കല്‍ കമ്പനി വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒടുവില്‍ കോടതി വിധിച്ചതാണ് ഒരു ലക്ഷത്തി മുപ്പത്തയ്യായിരം റിയാല്‍. ഇതുകൂടി അറിഞ്ഞതോടെ വര്‍ക്കിയുടെ നില തെറ്റി. പരിക്കിന് പുറമെ ഉണ്ടായിരുന്ന അസുഖങ്ങളും കയറി വഷളായി. അങ്ങിനെയാണ് വീണ്ടും ആശുപത്രിയിലത്തെിയത്. വര്‍ക്കിയുടെ പ്രജ്ഞയറ്റതോടെ ടാങ്കറിന്‍െറ ഉടമയും വര്‍ക്കിയുടെ സ്പോണ്‍സറുമെന്ന നിലയില്‍ ആ സൗദി പൗരനായി കേസിലെ അടുത്ത പ്രതി. ഭാരിച്ച പിഴത്തുക സാധാരണക്കാരനായ അദ്ദേഹത്തിന് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല.
കേസുനടപടികള്‍ അങ്ങിനെ തുടരുമ്പോള്‍ തന്നെ മറ്റൊരു മാനുഷികപ്രശ്നം ഉയര്‍ന്നുവന്നു. അര്‍ദ്ധബോധാവസ്ഥയിലാണെങ്കിലും ജീവനോടെ ഒരുനോക്ക് കാണാന്‍ കുടുംബത്തിന് വര്‍ക്കിയെ എത്തിച്ചുകൊടുക്കാന്‍ ചുമതലയേറ്റെതാണ് ശിഹാബ് കൊട്ടുകാട്. വര്‍ക്കിയുടെ കഥ കേട്ട് മനസുനൊന്തപ്പോള്‍ ശിഹാബിനോടൊപ്പം ഇറങ്ങിത്തിരിച്ചതാണ് ഞങ്ങളും. ശിഹാബിന്‍െറയും ഇന്ത്യന്‍ എംബസിയുടേയും ഇടപെടലിന്‍െറ ഫലമായി സൗദി ഇലക്ട്രിക്കല്‍ കമ്പനി ആ തുക വേണ്ടെന്ന് വെച്ചതും എന്നാല്‍ അപ്പോഴേക്കും ആശുപത്രിയില്‍ കിടന്നുതന്നെ വര്‍ക്കി എന്നന്നേക്കുമായി കണ്ണടച്ചതുമെല്ലാം ആ കഥയുടെ അനന്തര സംഭവങ്ങള്‍.
‘ഹിന്ദികള്‍ ഉറുമ്പുകളെ പോലെയാണ്’ എന്ന സൗദി ജയില്‍ കാപ്റ്റന്‍െറ ആ പ്രസ്താവന വാസ്തവത്തില്‍ ഇന്ത്യന്‍ സംഘബോധത്തിന് ഒരു അന്യനാട്ടുകാരനില്‍നിന്ന് ലഭിക്കുന്ന വലിയ ബഹുമതിയാണ്. ഉറുമ്പുകളുടെ സാമൂഹിക ജീവിതത്തെ നമുക്കറിയാം. അവ ആഹാരം തേടുന്നത്, അക്രമങ്ങളെ പ്രതിരോധിക്കുന്നത് എല്ലാം. ജീവിതത്തിന്‍െറ നന്മക്ക് വേണ്ടിയുള്ള അവയുടെ പരസ്പര സഹകരണം ഇന്ത്യക്കാര്‍ക്കുണ്ടെന്ന ഒരു സൗദി ജയില്‍ കാപ്റ്റന്‍െറ നിരീക്ഷണം വസ്തുതകളുടെ ആത്മാവിനെ സ്പര്‍ശിക്കുന്നതാണ്. ജീവിക്കാന്‍ വേണ്ടി ജനിച്ച നാട്ടില്‍നിന്ന് അന്യനാടുകളിലേക്ക് ഓടിപ്പോന്ന സമൂഹങ്ങള്‍ കൊയ്തെടുത്ത നേട്ടങ്ങള്‍ക്ക് ദുരിതങ്ങളുടെ കണ്ണീര്‍ നനവുണ്ട്. ആദ്യദിനം മുതല്‍ അര ശതകത്തിനിപ്പുറവും ദുരിതങ്ങളുടെ കണക്കെടുപ്പുകൂടിയാണ് പ്രവാസത്തിന്‍െറ ഭൂതവും വര്‍ത്തമാനവും. ജീവിത വിജയങ്ങളുടെ ചക്രവാളങ്ങളിലേക്ക് പറന്നത്തെിയവരേക്കാള്‍ കൂടുതല്‍ പേര്‍ ചിറകറ്റ് നിലംപതിച്ചു. നിലംപതിക്കുംമുമ്പ് താങ്ങി സംരക്ഷിക്കാനും നിലംപതിച്ചവരെ ജീവിതത്തിലേക്ക് വീണ്ടെടുക്കാനും മരിച്ചുവീണവരെ യഥോചിതം പട്ടടയിലേക്കെടുക്കാനും ജീവകാരുണ്യത്തിന്‍െറ കരങ്ങള്‍ നീണ്ടുതുടങ്ങിയതിനും പ്രവാസത്തോളം പഴക്കമുണ്ട്.
അത്ര തന്നെ പഴക്കമുണ്ട് സൗദി അറേബ്യന്‍ ജനതയുടെ മനസില്‍ ഇന്ത്യയോടും ഇന്ത്യക്കാരോടുമുള്ള മമതക്കും, ചില ‘ആടുജീവിതങ്ങളും’ ‘ഗദ്ദാമ’ കഥകളും അപവാദങ്ങളെന്ന് പറയാനുണ്ടായിട്ടുണ്ടെങ്കിലും. 2006ല്‍ ദല്‍ഹിയില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ‘ഇന്ത്യ എന്‍െറ രണ്ടാമത്തെ വീടാ’ണെന്ന് ഹൃദയത്തില്‍തൊട്ട് പ്രഖ്യാപിച്ചതിനുശേഷം ആ പിരിശത്തിന് ഏറ്റവുമുണ്ടായി. ഒരു വ്യാഴവട്ടത്തെ പ്രവാസത്തിനിടയില്‍ വാക്കിലും വാഴ്വിലും അനുഭവിക്കാന്‍ കഴിഞ്ഞ അത്തരത്തിലെ നിരവധി സന്ദര്‍ഭങ്ങളിലൊന്നാണ് ഇത്.

ഗള്‍ഫ് മാധ്യമം സ്വാതന്ത്ര്യദിന സപ്ളിമെന്‍റ് 2013