Sunday, October 6, 2013

ബ്രഷിന്‍െറ ദേശാടനങ്ങള്‍

മടക്കയാത്രക്ക് മുമ്പ് ഗിരി ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയം കാണുവാന്‍ അതീവ താല്‍പര്യം കാണിച്ചു. വാന്‍ഗോഗിന്‍െറ സെല്‍ഫ് പോര്‍ട്രെയ്റ്റ് കാണുകയായിരുന്നു ഉദേശം. ഗിരിയെ പോലെ ചെവിയുടെ ഒരറ്റം നഷ്ടപ്പെട്ടവനാണ് വിന്‍സന്‍റ് വാന്‍ഗോഗ്. ആ കലാകാരന്‍ തന്‍െറ ചെവിയുടെ കീഴ്ഭാഗമാണ് കണ്ടിച്ചുകളഞ്ഞത്. ഗിരി കത്രികകൊണ്ട് മുറിച്ചുകളഞ്ഞതും കീഴുഭാഗം തന്നെ. അതുകൊണ്ടായിരുന്നു അയാള്‍ വന്‍ഗോഗിന്‍െറ സെല്‍ഫ് പോര്‍ട്രെയറ്റ് കാണാന്‍ ആഗ്രഹിച്ചത്. പ്രണയിച്ചവര്‍. പ്രണയത്തിനുവേണ്ടി ചെവി കണ്ടിച്ചുകൊടുത്തവര്‍. അടക്കിപ്പിടിച്ച ചിരിയോടെ വിന്‍സന്‍റ് വാന്‍ഗോഗും കൊറ്റ്യത്ത് ഗിരിയും ഒരു ദീര്‍ഘമായ ആലിംഗനത്തില്‍ പരിസരം മറന്നുനിന്നു. (എം. മുകുന്ദന്‍െറ ‘പ്രവാസം’ എന്ന നോവലില്‍നിന്ന്)

 ഫ്രാന്‍സില്‍ പോകണം, ലൂവ്ര് മ്യൂസിയത്തില്‍ പ്രവേശിക്കണം, പ്രണയത്തിന്‍െറ ചോരപൊടിയുന്ന ആ സ്മാരകവുമായി മനസുകൊണ്ടൊരു ആലിംഗനത്തില്‍ അമരണം. നോവലിലെ ഗിരിയെ പോലെ ജോയ്സയും തീവ്രമായി ആഗ്രഹിക്കുന്നു. വാന്‍ഗോഗിന്‍െറ മൂന്ന് പോര്‍ട്രെയിറ്റുകള്‍ കണ്ടിട്ടുണ്ട്. അതങ്ങ് അമേരിക്കയില്‍, മെട്രോപൊളിറ്റന്‍ മ്യൂസിയത്തിലും നാഷണല്‍ ആര്‍ട്ട് ഗാലറിയിലും. എത്ര നേരമെന്നറിയില്ല, എത്ര ദിവസമെന്നോര്‍മയില്ല, വിശ്വവിഖ്യാതമായ ആ പോര്‍ട്രെയിറ്റുകളിലേക്ക് ആരാധനയോടെ മിഴിനട്ട് നിന്നുപോയിട്ടുണ്ട്. എന്നിട്ടും തൃപ്തിയായില്ല. ലൂവ്രിലെ ചെവിയറ്റ ആ പോര്‍ട്രെയിറ്റു കാണുന്നതുവരെ അതുണ്ടാവില്ളെന്ന് ജോയ്സക്കറിയാം. അറ്റുപോയ ചെവിയിലാണ് വാന്‍ഗോഗ് പൂര്‍ണനായത്. പ്രണയത്തിനുവേണ്ടി മുറിച്ചുകൊടുത്ത ചെവിയില്‍. ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ പ്രണയ സ്മാരകം ഏതാണെന്ന ചോദ്യത്തിന് ജോയ്സക്ക് ഒറ്റ ഉത്തരം മാത്രം, വിന്‍സന്‍റ് വാന്‍ഗോഗിന്‍െറ മുറിഞ്ഞ ചെവിയുടെ ആ സെല്‍ഫ് പോര്‍ട്രെയിറ്റ്.



ജോയ്സയുടെ ചിത്രകലാസഞ്ചാരങ്ങളില്‍ വഴി നടത്തിയ ഗുരുക്കന്മാര്‍ ഏറെയാണ്. എന്നാല്‍ എല്ലാര്‍ക്കും മീതേ തേജോമയ രൂപമാണ് വാന്‍ഗോഗിന്‍േറത്. ബ്രഷിന്‍െറ ദേശാടനങ്ങള്‍ക്കിടയില്‍ എവിടെ വെച്ച് എങ്ങിനെ മനസില്‍ കയറിക്കുടിയതാണെന്ന് അറിയില്ല. പ്രണയമോ ആരാധനയോ, അതോ ആത്മീയമായ പ്രേരണയോ! ഏതായാലും ഒന്നറിയാം, ഈ ഇഷ്ടത്തിന്‍െറ തുടക്കം ഇന്ത്യന്‍ ചിത്രകലയിലെ വാന്‍ഗോഗായ എം.എഫ്. ഹുസൈനില്‍നിന്നാണ്.


ഒൗദ്യോഗിക പരിവേഷത്തിന് പുറത്ത് ലാളിത്യത്തിന്‍േറയും ജനപ്രിയതയുടേയും പുതിയ അധ്യായം രചിച്ചുകൊണ്ടിരിക്കുന്ന റിയാദ് ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജിന്‍െറ പത്നിയാണ് ജോയ്സ. സൗദിയിലെ ഇന്ത്യന്‍ മിഷന്‍െറ തലപ്പത്തെ രണ്ടാമനാണ് സിബി. ഒന്നര ദശകത്തിനിടയില്‍ ആ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളി. കോട്ടയം പാലായിലെ പൊടിമറ്റം കുടുംബാംഗം. അദ്ദേഹത്തിന്‍െറ ഒൗദ്യോഗിക വസതി സന്ദര്‍ശിക്കുന്നവര്‍ സ്വീകരണ മുറിയുടെ ഭിത്തികളില്‍ കണ്ണുടക്കി ഒരു നിമിഷം നിന്നുപോകും. ചിത്രകലയിലെ മികച്ച ആവിഷ്കാരങ്ങളിലേക്ക് കണ്ണുറപ്പിച്ച് അറിയാതെ ചോദിച്ചുപോകും, ആരാണ് ഈ ചിത്രങ്ങള്‍ക്ക് പിന്നിലെന്ന്. പ്രസന്നമായ മുഖം ഒന്നുകൂടി പ്രകാശിപ്പിച്ച് അദ്ദേഹം അകത്തേക്ക് വിരല്‍ ചൂണ്ടും. അവള്‍ തന്നെ, ജോയ്സ. അതേ അദ്ദേഹത്തിന്‍െറ പ്രിയ പത്നി പന്തളം പാമ്പുരത്തേ് കുടുംബാംഗം ജോയ്സ.



ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ ഭര്‍ത്താവിനോടൊപ്പം നടത്തിയ ദേശാടനങ്ങളാണ് തനിക്കൊപ്പം ജനിച്ച ചിത്രകാരിയെ വളര്‍ത്തിയെടുക്കാന്‍ ജോയ്സയെ സഹായിച്ചത്. അമൂര്‍ത്തവും സമൂര്‍ത്തവുമായ സങ്കേതങ്ങള്‍ക്കിടയില്‍ ഇതിഹാസമായ വാന്‍ഗോഗ് ശൈലിയെ പ്രണയിച്ച് രചന നടത്തുന്ന ജോയ്സയെ പല രാജ്യങ്ങളിലേയും ചിത്രകലാ പാരമ്പര്യവും രചനാരീതികളും ചിത്രകാരന്മാരും സ്വാധീനിച്ചു. മനസില്‍ അടങ്ങിക്കിടന്ന താല്‍പര്യത്തേയും കഴിവിനേയും വര്‍ണക്കൂട്ടില്‍ ചാലിച്ച് കാന്‍വാസുകളുടെ ആകാശങ്ങളിലേക്ക് ഭാവനയുടെ ചിറകടിച്ച് പറന്നുയരാന്‍ പ്രാപ്തമാക്കിയത് വിഭിന്ന ദേശങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ക്കിടയില്‍ പകര്‍ന്നുകിട്ടിയ പരിജ്ഞാനവും പരിശീലനങ്ങളുമാണ്. 2004ല്‍ ഇസ്ലാമാബാദിലായിരിക്കെ പരിചയപ്പെട്ട പ്രശസ്ത പാകിസ്താനി ചിത്രകാരന്‍ ഇസ്മാഇല്‍ ഗുല്‍ജിയാണ് ആദ്യ ഗുരുവും പ്രചോദനവും. 2007ല്‍ അവിടെനിന്നുപോന്നതിനുശേഷമാണ് ആ വര്‍ഷം ഡിസംബറില്‍ അദ്ദേഹം കൊല്ലപ്പെട്ടത്. അതറിഞ്ഞപ്പോള്‍ ഒരുപാട് വേദനിച്ചു.



അമേരിക്കയിലത്തെിയപ്പോള്‍ ചിത്രകലയുടെ ഒരു പറുദീസയില്‍ എത്തിയതുപോലെ തോന്നി. വാഷിങ്ടണിലേയും ന്യുയോര്‍ക്കിലേയുമൊക്കെ ഗാലറികളായി ജോയ്സയുടെ ശരിയായ ചിത്രകലാകളരികള്‍. വാഷിങ്ടണ്‍ ഡി.സിയില്‍ ചെലവഴിച്ച മൂന്നുവര്‍ഷത്തിനിടെ ഗാലറികളില്‍നിന്ന് ഗാലറികളിലേക്ക് മതിവരാതെ നടത്തിക്കൊണ്ടിരുന്ന ചിത്രകലാസഞ്ചാരങ്ങളാണ് ധൈര്യം പകര്‍ന്നത്. റിയലിസ്റ്റിക്, പോസ്റ്റ് ഇംപ്രഷണലിസ പ്രസ്ഥാനങ്ങളെ പരിചയപ്പെട്ടത് ധാരണയിലും മുന്‍വിധികളിലും വലിയ മാറ്റങ്ങളുടെ ചുഴലികള്‍ സൃഷ്ടിച്ചു. രവിവര്‍മ മാതൃകയില്‍ എന്നോ മനസില്‍ താനെ വരഞ്ഞുകിടന്ന കേരളത്തിന്‍െറ ഒരു ലാന്‍റ് സ്കേപ് കാന്‍വാസിലേക്ക് പകര്‍ന്നുകൊണ്ടായിരുന്നു തുടക്കം.
വാഷിങ്ടണ്‍ ഡി.സിക്ക് സമീപം മെറിലാന്‍റിലെ പ്രശസ്തമായ മോണ്ട്ഗോമറി കോളജില്‍നിന്ന് ആര്‍ട്ടില്‍ മൂന്നുവര്‍ഷത്തെ ഡിപ്ളോമ നേടിയതോടെ വര തെളിഞ്ഞു. ആശയഗതിയിലും സ്വീകരിക്കുന്ന സങ്കേതത്തിലും മാധ്യമത്തിലും വന്ന മാറ്റം രചനകളില്‍ പ്രതിഫലിച്ചു. ഇടക്കെപ്പോഴോ വാന്‍ഗോഗ് മനസില്‍ കുടിയേറി. ഫിലാഡെല്‍ഫിയ ആര്‍ട്ട് മ്യൂസിയത്തില്‍ വിശ്വവിഖ്യാതമായ സൂര്യകാന്തിയും മെട്രോപൊളിറ്റന്‍ മ്യൂസിയത്തില്‍ സെല്‍ഫ് പോര്‍ട്രെയിറ്റുകളും കണ്ടതോടെ ആരാധന തീവ്രമായി. എം.എഫ് ഹുസൈനോട് നേരത്തെ തന്നെ ഇഷ്ടമുണ്ടായിരുന്നതിനാല്‍ വാന്‍ഗോഗിലേക്കുള്ള പ്രയാണത്തിന് തീവ്രതയേറെയായിരുന്നു.



ജീവിത നായകന്‍െറ വാഷിങ്ടണിലെ നയതന്ത്ര ദൗത്യകാലം അവസാനിക്കുമ്പോഴേക്കും തന്‍െറ ചിത്രകല അഭിനിവേഷത്തിന്‍െറ അമേരിക്കന്‍ സ്വാംശീകരണം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ഇനിയൊരു തിരിച്ചുപോക്കുണ്ടായില്ളെങ്കിലും നഷ്ടബോധമുണ്ടാവാത്ത വിധം അമേരിക്കയില്‍നിന്ന് കിട്ടാവുന്നതെല്ലാം സ്വായത്തമാക്കാന്‍ ജോയ്സയിലെ ചിത്രകാരി ശ്രദ്ധവെച്ചത് നേട്ടമായി. പക്ഷെ, മെട്രോപൊളിറ്റന്‍ ആര്‍ട്ട് മ്യൂസിയത്തിലേയും നാഷണല്‍ ആര്‍ട്ട് ഗാലറിയിലേയും ദശലക്ഷക്കണക്കിന് വിശ്രുത പെയിന്‍റിങ്ങുകള്‍ മനസില്‍ കുടിയേറി കൂടെപോന്നതിനാല്‍ ഒരു ഗൃഹാതുരത ഇപ്പോഴും ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. അതുണ്ടാക്കുന്ന നഷ്ടബോധത്തിന് കാരണമുണ്ട്, അതുപോലുള്ള ചിത്രകലാഗാലറികള്‍ പിന്നീടെങ്ങും കാണാനായിട്ടില്ല എന്നതുതന്നെ.



അടുത്ത യാത്ര ഇറാനിലേക്കായിരുന്നു. ജോയ്സയിലെ ചിത്രകാരിയുടെ യഥാര്‍ഥ പുഷ്കല കാലവും അവിടെയായിരുന്നു. 2010ലാണ് തെഹ്റാനിലത്തെിയത്. പഴയ പേര്‍ഷ്യയുടെ ചിത്രകലാപാരമ്പര്യത്തെ അടുത്തറിഞ്ഞതോടെ മനവും മാനവും മാറി. പ്രശസ്ത ഇറാനിയന്‍ ചിത്രകാരന്‍ ഡോ. നുസ്രത്തുല്ല മുസലമിയാനാണ് എല്ലാ അര്‍ത്ഥത്തിലും ചിത്രകലയിലെ യഥാര്‍ത്ഥ ഗുരു. പാകിസ്താനിലെ ഇസ്മാഇല്‍ ഗുല്‍ജിയില്‍ തുടങ്ങുന്ന ഗുരുപരമ്പര അവസാനിക്കുന്നത് അദ്ദേഹത്തിലാണ്. വിസ്മയമാണ്, വൈജ്ഞാനിക ഭണ്ഡാരമാണ് മുസലമിയാന്‍. ചിത്രകലയിലെ അക്കാദമിക് അതികായന്‍. എല്ലാ അര്‍ഥത്തിലും ഗുരുവന്ദ്യന്‍. അദ്ദേഹത്തില്‍നിന്ന് ഒരുപാട് പഠിച്ചു.



ഭര്‍ത്താവ് സിബി ജോര്‍ജിന്‍െറ ഒൗദ്യോഗിക പരിവേഷം ഓരോ നാട്ടിലത്തെുമ്പോഴും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തരായവരുടെ പരിചയവും സൗഹൃദവും നേടിത്തന്നു. ചിത്രകലാപരിപോഷണത്തിന് അത് വലിയ സഹായകമായി. ദേശാടനങ്ങള്‍ക്കിടയില്‍ അക്രിലികിലും എണ്ണച്ചായത്തിലുമായി 100ലേറെ പെയിന്‍റിങ്ങുകളാണ് പൂര്‍ത്തിയാക്കിയത്. ഇന്ത്യാ വിഭജനത്തിന്‍െറ ഒരിക്കലുമുണങ്ങാത്ത മുറിപ്പാടുകളില്‍നിന്ന് ചോരയൊലിക്കുന്ന ചിത്രം ചെയ്യുമ്പോള്‍ മനസ് പിടഞ്ഞുപോയെന്ന് ജോയ്സ പറഞ്ഞു. വര്‍ഗീയലഹളകള്‍ സൃഷ്ടിക്കുന്ന മനുഷ്യരുടെ കൂട്ടപാലയനമാണ് ആ ചിത്രത്തില്‍. മെട്രോപൊളിറ്റന്‍ മ്യൂസിയത്തില്‍ കണ്ട മഞ്ഞതൊപ്പിയുള്ള വാന്‍ഗോഗിന്‍െറ പോര്‍ട്രെയിറ്റ് മനസില്‍ കുടിയേറുകയും അത് പിന്നീട് സ്വന്തം നിലക്ക് കാന്‍വാസിലേക്ക് പകര്‍ത്തുകയും ചെയ്തു. സ്ത്രീ പീഡനങ്ങള്‍ക്കെതിരെയുള്ള മാനസിന്‍െറ രോഷവും നോവും കടുംവര്‍ണക്കൂട്ടില്‍ ചാലിച്ചെഴുതിയ ചിത്രങ്ങളും ഒന്നിലേറെ. വിവിധ വിഷയങ്ങളില്‍ നിരവധി പെയിന്‍റിങ്ങുകളാണ് സമ്പാദ്യം. അമേരിക്കയില്‍ ചിത്രകല അഭ്യസിച്ച കോളജില്‍ തന്നെ 25 ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്തി. പിന്നെ ഒരു അവസരം കിട്ടിയത് ഇറാനിലാണ്. ഇന്ത്യയില്‍നിന്നത്തെിയ രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ആര്‍ട്ട് ഗ്രൂപ്പിനോടൊപ്പം ചേര്‍ന്ന് ടെഹ്റാനിലെ ഒരു വലിയ പ്രദര്‍ശനത്തില്‍ കുറച്ചേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.



പാകിസ്താന്‍, അമേരിക്ക, ഇറാന്‍. തന്നിലെ ചിത്രകാരിയെ വളര്‍ത്തിയത് ഈ മൂന്നു രാജ്യങ്ങളിലേയും ജീവിതങ്ങളാണ്. അതിനുശേഷം എത്തിയത് ദോഹയിലാണ്. അഭിനിവേഷങ്ങളുടെ പാരമ്യമായ സാഫല്യങ്ങള്‍ ഇറാനില്‍ സംഭവിച്ചുകഴിഞ്ഞു എന്ന തോന്നലിലാവണം ദോഹയില്‍ അത്ര സജീവമാകാന്‍ കഴിഞ്ഞില്ല. ഒടുവില്‍ സൗദിയില്‍ എത്തിയപ്പോള്‍ വീണ്ടും താല്‍പര്യം ജനിക്കുന്നു. മരുഭൂമി വല്ലാതെ പ്രചോദിപ്പിക്കുന്നുണ്ട്. അറബി ആര്‍ട്ടും കാലിഗ്രാഫിയും എന്നും പുഷ്പിച്ചുനില്‍ക്കുന്ന മരുഭൂമിയില്‍ ചിത്രകലക്ക് വലിയ സ്ഥാനമാണുള്ളത്. സൗദിയില്‍ ഒട്ടേറെ ചിത്രകാരന്മാരും ചിത്രകാരികളും ഉണ്ടെന്ന് അറിയുന്നു. മുന്‍ അംബാസഡര്‍ തല്‍മീസ് അഹ്മദിന്‍െറ പത്നി സുനിത മൈനീ അഹ്മദും സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ മകള്‍ ആദില രാജകുമാരിയും ചേര്‍ന്ന് ഇന്ത്യ-സൗദി ചിത്രകാരികളുടെ ഒരു വലിയ പ്രദര്‍ശനം റിയാദില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചിരുന്നു എന്നറിഞ്ഞത് റിയാദിലത്തെിയശേഷമാണ്. സൗദിയിലെ ദേശീയ പ്രശസ്തരായ 30ലേറെ പ്രശസ്ത ചിത്രകാരികളാണത്രെ അതില്‍ പങ്കെടുത്തത്. ഇന്ത്യന്‍ ചിത്രകാരികള്‍ 16ഉം. നേരത്തെ എത്താനായില്ലല്ളോ എന്നൊരു നഷ്ടബോധം തോന്നാതിരുന്നില്ല.

സിബി ജോര്‍ജ് - ജോയ്സ ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്: എല്‍ഹിത, ആയില്യ, വക്കന്‍.

3 comments:

  1. ചെപ്പില്‍ വായിച്ചിരുന്നു ഈ പരിചയപ്പെടുത്തല്‍

    ReplyDelete
  2. നല്ല പോസ്റ്റ്‌.
    ഇനിയും വരാം

    ReplyDelete