Sunday, August 30, 2015

‘മല്‍ഫി’

പലവഴിക്ക് ചിതറിപ്പോയവരെ ചിരകാല സൗഹൃദം പെറുക്കി കൂട്ടി വീണ്ടും ഗ്രാമത്തിലത്തെിച്ചതായിരുന്നു. ഉപജീവന മാര്‍ഗം തേടി പലനാടുകളിലേക്ക് ചിന്നിയ ചങ്ങാതിമാര്‍. ഒരേ നാട്ടില്‍ ഒരുമിച്ച് വളര്‍ന്നവര്‍. ഫേസ്ബുക്കിലെ ഒരു അന്തി ചര്‍ച്ചക്കിടെ പെട്ടെന്നുയര്‍ന്ന് വന്നതാണ് ആശയം. വളരെ പണിപ്പെട്ടിട്ടാണെങ്കിലും വ്യത്യസ്തമായ അവധിക്കാലങ്ങള്‍ ഒരേ കാലയളവിലാക്കി ‘ഇത്തവണ ഓണം നമ്മള്‍ ഒരുമിച്ചുണ്ണും’ എന്ന ടാഗ് ലൈനില്‍ എല്ലാവരും നാട്ടിലത്തെി.

അവരുടെ വായനശാല അവിടെ തന്നെയുണ്ടായിരുന്നു. അവര്‍ നാടിന്‍െറ നടത്തിപ്പുകാരായിരുന്ന കാലത്ത് മൂക്കളയൊലിപ്പിച്ച് നടന്ന പയ്യന്മാരാണ് ഇന്നതിന്‍െറ കൈകാര്യകര്‍ത്താക്കളെന്ന് മാത്രം. വായനശാലയുടെ ആഭിമുഖ്യത്തില്‍ ഇത്തവണയും ഓണാഘോഷമുണ്ട്. എല്ലാം തങ്ങളുടെ പ്രതാപകാലത്തിലേത് പോലെ തന്നെ.

നാടാകെ മാറിപ്പോയെന്നും എല്ലാ തനിമയും പുതിയ കാലത്തിന്‍െറ കടലെടുത്തെന്നുമുള്ള പരിഭവം മലയാളിയുടെ ഗൃഹാതുര പൊങ്ങച്ചം മാത്രമാണെന്ന് അവര്‍ക്ക് മനസിലായി. ചെറുപ്പകാലം കടന്നുപോയ നാട്ടിടവഴികളില്‍ വീണ്ടും കൂട്ടം ചേര്‍ന്ന് നടന്നപ്പോള്‍ ഇടയ്ക്കൊക്കെ ഒറ്റക്ക് വന്നു തിരിച്ചുപോയ അവധിക്കാലങ്ങളിലൊന്നും ഇതൊന്നും കാണാന്‍ കഴിയാഞ്ഞതിനെ കുറിച്ചോര്‍ത്തു സങ്കടപ്പെട്ടു. നാടൊന്നും പഴയ പോലല്ളെന്ന് തിരികെ ചെന്ന് പ്രവാസി സുഹൃത്തുക്കള്‍ക്കിടയില്‍ വിലപിച്ചതോര്‍ത്തപ്പോള്‍ ലജ്ജ തോന്നി.

ഉറക്കെയുള്ള കൂട്ടച്ചിരി കേട്ട് അടുത്ത വീട്ടില്‍ നിന്ന് ഒരു ചാവാലി പട്ടി ഓടി വഴിയിലേക്കിറങ്ങി നോക്കി നിന്നിട്ട് തിരിച്ചോടിപ്പോയി. അതും പണ്ടത്തെ കാഴ്ച തന്നെ.

കവലയിലെ ഇപ്പോഴും ഒരു മാറ്റവുമില്ലാത്ത കലുങ്കിന്‍െറ മുകളില്‍ പോയി ഇരുന്ന് പണ്ട് അവിടെയിരുന്ന് റോഡിലൂടെ പോയിരുന്ന ബസുകളിലേക്ക് നോക്കി പ്രണയത്തിന്‍െറ ബഹുമുഖ ശരങ്ങള്‍ എയ്തുവിട്ടിരുന്നത് ഓര്‍ത്തപ്പോള്‍ ഹൃദയങ്ങള്‍ ചെറിപ്പഴങ്ങളായി.

കാടിനോട് ചേര്‍ന്ന അമ്പല മൈതാനിയിലെ മരത്തറയില്‍ വീണ്ടും ചേര്‍ന്നിരുന്നപ്പോള്‍ ജീവിതം പുതു ലഹരികളെ തിരിച്ചറിഞ്ഞ ആയിരം ശിവരാത്രികളിലെ വെടിക്കെട്ട് ഓര്‍മയില്‍ മുഴങ്ങി. ഓരോരുത്തര്‍ക്കും ഓണപ്പായസം പോലെ പങ്കുവെക്കാന്‍ മധുരമുള്ള ഓര്‍മകള്‍ ഒരുപാടുണ്ടായിരുന്നു.

‘‘നമ്മുടെ കളഞ്ഞുപോയ ജീവിതം തിരിച്ചുകിട്ടിയെടാ’’ എന്ന് പരസ്പരം പുണര്‍ന്ന് ആര്‍ത്തുവിളിച്ചു.

അപ്പോഴാണ് അയാള്‍ വന്നത്. അയാള്‍ എന്നും ഒറ്റയാനായിരുന്നു. കാലത്തിന്‍െറ പിറകെ ഏതോ നാട്ടില്‍ അവരെ പോലെ ജീവിതം തെരഞ്ഞുപോയ അയാളും ഈ ഓണത്തിന് നാട്ടിലത്തെിയെന്നറിഞ്ഞത് അപ്പോള്‍ അവിടെ കണ്ടപ്പോഴായിരുന്നു.

‘‘എല്ലാവരുമുണ്ടല്ളോ!’’ എന്ന് പതിവില്ലാത്ത വിധം അയാള്‍ അടുപ്പം കാണിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. എല്ലാവരേയും ഹസ്തദാനം ചെയ്ത് അവന്‍ പറഞ്ഞു: ‘‘ഇക്കാലത്ത് ഇങ്ങിനൊരു കാഴ്ച കാണാന്‍ കിട്ടില്ല. ഒരു ‘മല്‍ഫി’യെടുക്കാം. ഫേസ്ബുക്കിലിട്ടാല്‍ നന്നായി ഓടും.’’

‘‘മല്‍ഫിയോ’’ അവര്‍ ഒറ്റസ്വരത്തില്‍ ചോദിച്ചുപോയി. ‘‘അതെന്താണെന്ന് പറയാം. ആദ്യം ഇതെടുക്കാം’’. മൊബൈല്‍ കാമറ ശരിയാക്കി എല്ലാവരുടേയും മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ അവന്‍ പറഞ്ഞു.

‘‘മല്‍ഫി’യെന്ന് പറഞ്ഞാല്‍ ‘മതേതര സെല്‍ഫി’. ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയുമൊക്കെ ഇങ്ങിനെ ചേര്‍ന്നിരിക്കുന്ന കാഴ്ച ഇന്നത്തെ കാലത്ത് കിട്ടുമോ?’’ ഫോട്ടോയെടുത്ത് തിരിഞ്ഞ അവന്‍ പറഞ്ഞു.

ആ പറഞ്ഞതിനെക്കാള്‍ ലാഘവത്തോടെ ഫോട്ടോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യാന്‍ അവന്‍ ശ്രമിക്കവേ, അവര്‍ നിശബ്ദരായി. തങ്ങള്‍ക്കിടയില്‍ മതിലുകള്‍ പൊടുന്നനെ ഉയര്‍ന്നുവന്നതുപോലെ അവര്‍ക്ക് വീര്‍പ്പുമുട്ടി. പരസ്പരം നോക്കാനാവാതെ, പിരിമുറുക്കത്തിന് അയവുവരുത്താന്‍ മറ്റൊരു വിഷയവും കിട്ടാതെ അവര്‍ നിസഹായരായി.