Sunday, August 30, 2015

‘മല്‍ഫി’

പലവഴിക്ക് ചിതറിപ്പോയവരെ ചിരകാല സൗഹൃദം പെറുക്കി കൂട്ടി വീണ്ടും ഗ്രാമത്തിലത്തെിച്ചതായിരുന്നു. ഉപജീവന മാര്‍ഗം തേടി പലനാടുകളിലേക്ക് ചിന്നിയ ചങ്ങാതിമാര്‍. ഒരേ നാട്ടില്‍ ഒരുമിച്ച് വളര്‍ന്നവര്‍. ഫേസ്ബുക്കിലെ ഒരു അന്തി ചര്‍ച്ചക്കിടെ പെട്ടെന്നുയര്‍ന്ന് വന്നതാണ് ആശയം. വളരെ പണിപ്പെട്ടിട്ടാണെങ്കിലും വ്യത്യസ്തമായ അവധിക്കാലങ്ങള്‍ ഒരേ കാലയളവിലാക്കി ‘ഇത്തവണ ഓണം നമ്മള്‍ ഒരുമിച്ചുണ്ണും’ എന്ന ടാഗ് ലൈനില്‍ എല്ലാവരും നാട്ടിലത്തെി.

അവരുടെ വായനശാല അവിടെ തന്നെയുണ്ടായിരുന്നു. അവര്‍ നാടിന്‍െറ നടത്തിപ്പുകാരായിരുന്ന കാലത്ത് മൂക്കളയൊലിപ്പിച്ച് നടന്ന പയ്യന്മാരാണ് ഇന്നതിന്‍െറ കൈകാര്യകര്‍ത്താക്കളെന്ന് മാത്രം. വായനശാലയുടെ ആഭിമുഖ്യത്തില്‍ ഇത്തവണയും ഓണാഘോഷമുണ്ട്. എല്ലാം തങ്ങളുടെ പ്രതാപകാലത്തിലേത് പോലെ തന്നെ.

നാടാകെ മാറിപ്പോയെന്നും എല്ലാ തനിമയും പുതിയ കാലത്തിന്‍െറ കടലെടുത്തെന്നുമുള്ള പരിഭവം മലയാളിയുടെ ഗൃഹാതുര പൊങ്ങച്ചം മാത്രമാണെന്ന് അവര്‍ക്ക് മനസിലായി. ചെറുപ്പകാലം കടന്നുപോയ നാട്ടിടവഴികളില്‍ വീണ്ടും കൂട്ടം ചേര്‍ന്ന് നടന്നപ്പോള്‍ ഇടയ്ക്കൊക്കെ ഒറ്റക്ക് വന്നു തിരിച്ചുപോയ അവധിക്കാലങ്ങളിലൊന്നും ഇതൊന്നും കാണാന്‍ കഴിയാഞ്ഞതിനെ കുറിച്ചോര്‍ത്തു സങ്കടപ്പെട്ടു. നാടൊന്നും പഴയ പോലല്ളെന്ന് തിരികെ ചെന്ന് പ്രവാസി സുഹൃത്തുക്കള്‍ക്കിടയില്‍ വിലപിച്ചതോര്‍ത്തപ്പോള്‍ ലജ്ജ തോന്നി.

ഉറക്കെയുള്ള കൂട്ടച്ചിരി കേട്ട് അടുത്ത വീട്ടില്‍ നിന്ന് ഒരു ചാവാലി പട്ടി ഓടി വഴിയിലേക്കിറങ്ങി നോക്കി നിന്നിട്ട് തിരിച്ചോടിപ്പോയി. അതും പണ്ടത്തെ കാഴ്ച തന്നെ.

കവലയിലെ ഇപ്പോഴും ഒരു മാറ്റവുമില്ലാത്ത കലുങ്കിന്‍െറ മുകളില്‍ പോയി ഇരുന്ന് പണ്ട് അവിടെയിരുന്ന് റോഡിലൂടെ പോയിരുന്ന ബസുകളിലേക്ക് നോക്കി പ്രണയത്തിന്‍െറ ബഹുമുഖ ശരങ്ങള്‍ എയ്തുവിട്ടിരുന്നത് ഓര്‍ത്തപ്പോള്‍ ഹൃദയങ്ങള്‍ ചെറിപ്പഴങ്ങളായി.

കാടിനോട് ചേര്‍ന്ന അമ്പല മൈതാനിയിലെ മരത്തറയില്‍ വീണ്ടും ചേര്‍ന്നിരുന്നപ്പോള്‍ ജീവിതം പുതു ലഹരികളെ തിരിച്ചറിഞ്ഞ ആയിരം ശിവരാത്രികളിലെ വെടിക്കെട്ട് ഓര്‍മയില്‍ മുഴങ്ങി. ഓരോരുത്തര്‍ക്കും ഓണപ്പായസം പോലെ പങ്കുവെക്കാന്‍ മധുരമുള്ള ഓര്‍മകള്‍ ഒരുപാടുണ്ടായിരുന്നു.

‘‘നമ്മുടെ കളഞ്ഞുപോയ ജീവിതം തിരിച്ചുകിട്ടിയെടാ’’ എന്ന് പരസ്പരം പുണര്‍ന്ന് ആര്‍ത്തുവിളിച്ചു.

അപ്പോഴാണ് അയാള്‍ വന്നത്. അയാള്‍ എന്നും ഒറ്റയാനായിരുന്നു. കാലത്തിന്‍െറ പിറകെ ഏതോ നാട്ടില്‍ അവരെ പോലെ ജീവിതം തെരഞ്ഞുപോയ അയാളും ഈ ഓണത്തിന് നാട്ടിലത്തെിയെന്നറിഞ്ഞത് അപ്പോള്‍ അവിടെ കണ്ടപ്പോഴായിരുന്നു.

‘‘എല്ലാവരുമുണ്ടല്ളോ!’’ എന്ന് പതിവില്ലാത്ത വിധം അയാള്‍ അടുപ്പം കാണിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. എല്ലാവരേയും ഹസ്തദാനം ചെയ്ത് അവന്‍ പറഞ്ഞു: ‘‘ഇക്കാലത്ത് ഇങ്ങിനൊരു കാഴ്ച കാണാന്‍ കിട്ടില്ല. ഒരു ‘മല്‍ഫി’യെടുക്കാം. ഫേസ്ബുക്കിലിട്ടാല്‍ നന്നായി ഓടും.’’

‘‘മല്‍ഫിയോ’’ അവര്‍ ഒറ്റസ്വരത്തില്‍ ചോദിച്ചുപോയി. ‘‘അതെന്താണെന്ന് പറയാം. ആദ്യം ഇതെടുക്കാം’’. മൊബൈല്‍ കാമറ ശരിയാക്കി എല്ലാവരുടേയും മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ അവന്‍ പറഞ്ഞു.

‘‘മല്‍ഫി’യെന്ന് പറഞ്ഞാല്‍ ‘മതേതര സെല്‍ഫി’. ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയുമൊക്കെ ഇങ്ങിനെ ചേര്‍ന്നിരിക്കുന്ന കാഴ്ച ഇന്നത്തെ കാലത്ത് കിട്ടുമോ?’’ ഫോട്ടോയെടുത്ത് തിരിഞ്ഞ അവന്‍ പറഞ്ഞു.

ആ പറഞ്ഞതിനെക്കാള്‍ ലാഘവത്തോടെ ഫോട്ടോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യാന്‍ അവന്‍ ശ്രമിക്കവേ, അവര്‍ നിശബ്ദരായി. തങ്ങള്‍ക്കിടയില്‍ മതിലുകള്‍ പൊടുന്നനെ ഉയര്‍ന്നുവന്നതുപോലെ അവര്‍ക്ക് വീര്‍പ്പുമുട്ടി. പരസ്പരം നോക്കാനാവാതെ, പിരിമുറുക്കത്തിന് അയവുവരുത്താന്‍ മറ്റൊരു വിഷയവും കിട്ടാതെ അവര്‍ നിസഹായരായി.

Saturday, April 11, 2015

ചുരം കയറി പ്രവാസിയുടെ കാര്‍ഷിക വിപ്ളവം


ജനുവരി തുടക്കത്തില്‍ വയനാട്ടില്‍ നടന്ന നാഷണല്‍ അഗ്രിഫെസ്റ്റിലെ ശ്രദ്ധിക്കപ്പെട്ട സ്റ്റാളുകളിലൊന്ന് പ്രവാസികളുടേതായിരുന്നു. അമേരിക്കയിലെയും മറ്റും പോളിഹൗസുകളില്‍ സമൃദ്ധമായി വിളയുന്ന സ്ട്രോബറി അതേ രുചിയിലും കണ്‍മിഴിവിലും വയനാടന്‍ മണ്ണില്‍ വിളയിച്ചെടുത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രവാസി കൂട്ടുകൃഷിയുടെ നൂറുമേനി തിളക്കമാണ് ഫെസ്റ്റിലെ സന്ദര്‍ശകര്‍ അനുഭവിച്ചറിഞ്ഞത്.തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണം മൂലം ഏത് നിമിഷവും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുമടങ്ങേണ്ടിവരുമെന്ന ആധിയില്‍ കഴിയുന്ന സൗദി അറേബ്യയില്‍നിന്നുള്ള ഒരു പ്രവാസി മലയാളി കൂട്ടായ്മയുടേതാണ് ആ കാര്‍ഷിക വിപ്ളവമെന്ന് അറിയുമ്പോഴാണ് സ്ട്രോബറി, തക്കാളി, ഇഞ്ചി തുടങ്ങി അവിടെ അണിനിരന്ന കാര്‍ഷിക ഫലങ്ങളുടെ രുചി ഇരട്ടിക്കുക. തൃശൂര്‍ ജില്ല സൗഹൃദവേദി സൗദി ഘടകത്തിന് കീഴില്‍ റിയാദിലുള്ള 28 അംഗങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്ത തൃശൂര്‍ ജില്ല സൗഹൃദവേദി ഫാംസിന്‍േറതായിരുന്നു ആ സ്റ്റാള്‍.തിരിച്ചുപോകേണ്ടിവന്നാല്‍ എന്തുചെയ്യും എന്ന് ഗള്‍ഫുനാടുകളിലെ മലയാളികള്‍ സ്വയവും പരസ്പരവും അധികാരികളോടും ചോദിച്ചുതുടങ്ങിയിട്ട് കാലം കുറെയായി. ഭരണാധികാരികള്‍ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞിരുന്ന ‘പുനരധിവാസം’ എന്ന വാക്ക് ഒരിക്കലും മുളക്കാത്ത പാഴ് വിത്തായിട്ടും കാലമേറെയായി. അരനൂറ്റാണ്ട് തികയും മുമ്പ് തന്നെ പടുവാര്‍ദ്ധക്യം ബാധിച്ച ഗള്‍ഫ് പ്രവാസത്തിന്മേല്‍ തൊഴില്‍ രംഗത്തെ സ്വദേശിവത്കരണം ആധിയൂടെ കനല്‍ കൂടി വിതറിയതോടെ, അധികാരികളെയൊന്നും കാത്തുനിന്നിട്ട് കാര്യമില്ളെന്ന് പ്രവാസികള്‍ക്ക് നല്ല ബുദ്ധിയുദിക്കാനും തുടങ്ങി.ജീവിക്കണമെങ്കില്‍ സ്വന്തമായിട്ട് തന്നെ ഇറങ്ങണമെന്ന് അവര്‍ക്ക് തോന്നി. അങ്ങിനെയാണ് സ്വന്തം പുനരധിവാസം സ്വയം തന്നെ നട്ടുനനച്ചുവളര്‍ത്താന്‍ പ്രവാസികള്‍ ഒറ്റക്കും കൂട്ടായും ആലോചിക്കാന്‍ തുടങ്ങിയത്.
പ്രതീക്ഷകളുടെ വീണ്‍വാക്കുകള്‍ നൂറ്റൊന്നാവര്‍ത്തിക്കാനും നടക്കാപദ്ധതികളുടെ ദിവാസ്വപ്നങ്ങള്‍ പണിയാനുമുള്ള ആണ്ടറുതി വഴിപാടുകളായി സര്‍ക്കാര്‍ വിലാസം വൈറ്റ് കോളര്‍ പ്രവാസി നിക്ഷേപ ആഗോള സംഗമങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പൊടിപൊടിക്കുമ്പോള്‍ അതൊന്നും ഗൗനിക്കാതെ അധ്വാനിയായ യഥാര്‍ഥ പ്രവാസി കൃഷിയുമായി വയനാട് ചുരം കയറിയതും ആ പുതുചിന്ത തെളിച്ച വഴിയേയായിരുന്നു. അല്‍പ സമ്പാദ്യങ്ങള്‍ കൂട്ടിവെച്ച്, പല കൈകള്‍ പരസ്പരം കോര്‍ത്ത് ഫലഭൂയിഷ്ടമായ മണ്ണ് കണ്ടത്തെി അതില്‍ പൊന്ന് വിളയിക്കാനുള്ള ആ യാത്ര ഫലവത്തായതാണ് അഗ്രിഫെസ്റ്റില്‍ ഉന്നാധികാരികളുടേതും പൊതുജനങ്ങളുടേതുമടക്കം മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റാനിടയാക്കിയത്.സ്റ്റേറ്റ് ഹോള്‍ട്ടി കള്‍ച്ചര്‍ മിഷന്‍െറ സഹായത്തോടെയാണ് തൃശൂര്‍ ജില്ല സൗഹൃദ വേദി (ടി.ജെ.എസ്.വി) ഫാംസ് സ്ട്രോബറി കൃഷി ചെയ്തത്. പതിനയ്യായിരം ഗ്രോ ബാഗുകളില്‍ വിന്‍റര്‍ ഡോണ്‍, സ്വീറ്റ് ചാര്‍ളി എന്നീ സ്ട്രോബറി ഇനങ്ങളുടെ ടിഷ്യു കള്‍ച്ചര്‍ തൈകളാണ് നട്ടത്. പോളിഹൗസിനുള്ളില്‍ തട്ടുകളായി തിരിച്ച് നടത്തിയ കൃഷിയുടെ ആദ്യ വിളവെടുപ്പാണ് ഇപ്പോള്‍ നടത്തിയത്. വിളവെടുപ്പ് പൂര്‍ത്തിയാവാന്‍ ആറുമാസം വേണം. മൂപ്പത്തെിയ ഏതാനും ചെടികളില്‍നിന്ന് ആദ്യ വിളവെടുപ്പില്‍ 75 കിലോയാണ് ലഭിച്ചത്. വിളവെടുപ്പ് പൂര്‍ണമാകുമ്പോള്‍ എട്ട് ടണ്ണെങ്കിലും ഉണ്ടാവും എന്നാണ് പ്രതീക്ഷ. ഒരു ചെടിയില്‍നിന്ന് 500 മുതല്‍ 750 ഗ്രാം വരെ വിളവ് ലഭിക്കും. കിലോക്ക് 250 മുതല്‍ 300 വരെ രൂപ വിലയുണ്ട്. വയനാടിന്‍െറ കാലാവസ്ഥക്ക് ഏറ്റവും ഇണങ്ങിയ ഇനങ്ങളാണത്രെ ഈ സ്ട്രോബറിയിനങ്ങള്‍. ഏതാനും വര്‍ഷം മുമ്പ് കേരള കാര്‍ഷിക സര്‍വകലാശാലയാണ് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ട്രോബറി കൃഷി ചെയ്തത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി നടത്താനുള്ള ആദ്യ അവസരം ലഭിച്ചപ്പോള്‍ നൂറുമേനി വിളയിച്ചത് പ്രവാസികളും.തൃശൂര്‍ ജില്ല സൗഹൃദവേദി
പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക ഡയറക്ടറുമായ അഡ്വ. സി.കെ മേനോന്‍െറ നേതൃത്വത്തില്‍ ഖത്തര്‍ ആസ്ഥാനമായി ആരംഭിച്ച പ്രവാസി സംഘടനയാണ് തൃശൂര്‍ ജില്ല സൗഹൃദ വേദി. മൂന്നുവര്‍ഷം മുമ്പാണ് സൗദിയില്‍ റിയാദ് കേന്ദ്രമാക്കി വേദി രൂപവത്കരിച്ചത്. ഇപ്പോള്‍ ജിദ്ദയിലും ദമ്മാമിലും യൂണിറ്റുകളും അയ്യായിരത്തിലേറെ അംഗങ്ങളുമുണ്ട്. അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന നിരവധി ക്ഷേമപദ്ധതികളുള്ള കൂട്ടായ്മയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രവാസി പുനരധിവാസം.  അതിന്‍െറ ഭാഗമായി റിയാദ് ഘടകത്തിലെ 28പേര്‍ ചേര്‍ന്ന് ടി.ജെ.എസ്.വി ഫാംസ് ആന്‍ഡ് റിസോര്‍ട്ട്സ് രൂപവത്കരിക്കുകയും വയനാട്ടിലെ മാനന്തവാടിക്ക് സമീപം തൊണ്ടര്‍നാട് വില്ളേജിലുള്ള പ്രകൃതി മനോഹരവും ഫലഭൂയിഷ്ടവും സ്വന്തമായി ജലസ്രോതസുമുള്ള ഇരുപത്തഞ്ച് ഏക്കര്‍ ഭൂമി വാങ്ങുകയും ഒന്നര വര്‍ഷം മുമ്പ് ഫാം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. വിദേശനാടുകളില്‍ പ്രത്യേകിച്ച് സ്വിറ്റ്സര്‍ലണ്ടിലും അമേരിക്കയിലുമൊക്കെ പ്രയോഗതലത്തിലുള്ള കൃഷിരീതി മാതൃകയാക്കി വലിയ പോളിഹൗസുകള്‍ നിര്‍മിച്ച് കയറ്റുമതിക്കും ആഭ്യന്തര വിപണിക്കും പറ്റുന്ന വിവിധതരം പഴം പച്ചക്കറിയിനങ്ങളുടെ കൃഷി നടത്തുകയും ഒപ്പം ഫാം ടൂറിസം വികസിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ഇതിനെല്ലാം പറ്റിയ ഭൂമിയായിരുന്നു, 28 പ്രവാസികള്‍ അവരുടെ സമ്പാദ്യത്തില്‍നിന്ന് ഒരു വിഹിതം വീതമെടുത്ത് കൂട്ടിവെച്ച് വാങ്ങിയത്.ഭൂമിയിലുണ്ടായിരുന്ന കവുങ്ങ്, സില്‍വര്‍ ഓക്ക്, റബ്ബര്‍, മാവ്, പ്ളാവ്, കാറ്റാടി മരം, ചന്ദം, പുളി, ഞാവല്‍, മാഞ്ചിയം തുടങ്ങിയ വൃക്ഷങ്ങളും ഓറഞ്ച്, പേര, ലീച്ചി, ചാമ്പ തുടങ്ങിയ പഴവര്‍ഗങ്ങള്‍, കുറുന്തോട്ടിയടക്കമുള്ള വിവിധ ഒൗഷധ ചെടികളും ഇല്ലിമുളംകാടുകളും എന്നിവ സംരക്ഷിച്ചുകൊണ്ടുതന്നെയാണ് പുതിയ കൃഷിക്കുവേണ്ട പോളിഹൗസുകള്‍ നിര്‍മിച്ചത്. കുളം, കിണര്‍, തോട് ഉള്‍പ്പെടെയുള്ള ജലസ്രോതസുകളാലും സമൃദ്ധമായിരുന്നതിനാല്‍ കൃഷി എളുപ്പമായിരുന്നു.
ചുറ്റിലും പര്‍വതനിരകളും വെള്ളച്ചാട്ടം, തേയില, കാപ്പി തോട്ടങ്ങള്‍ തുടങ്ങിയവയും ഉളളതിനാല്‍ വിനോദ സഞ്ചാരത്തിനുള്ള സാധ്യതയും ഏറെയായിരുന്നു.സൗഹൃദ വേദി സൗദി ഘടകം സ്ഥാപക ജനറല്‍ സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.ആര്‍ രാധാകൃഷ്ണന്‍ റിയാദില്‍നിന്ന് സൗദി അമേരിക്കന്‍ ബാങ്കിലെ രണ്ടുപതിറ്റാണ്ട് നീണ്ട ഒൗദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലത്തെി ഫാം നടത്തിപ്പിന്‍െറ ചുമതല ഏറ്റെടുത്തു. തൃശൂര്‍ കഴിമ്പ്രം സ്വദേശിയായ അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ഫാമില്‍ രണ്ടായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതി വീതമുള്ള മൂന്നു പോളിഹൗസുകളാണ് നിര്‍മിച്ചത്.
പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ പരിപാലനവും തീറ്റപ്പുല്ല്, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, ഏലം എന്നിവയുടെ ചെറിയ തോതിലുള്ള കൃഷിയുമാണ് തുടക്കത്തിലുണ്ടായിരുന്നത്.പോളിഹൗസുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടിനം തക്കാളിയുടെയും സ്ട്രോബറിയുടെയും കൃഷി ആരംഭിച്ചു. ഉത്പാദിപ്പിക്കുന്ന തക്കാളി മുഴുവന്‍ വാങ്ങാന്‍ ദുബായിലെ ഒരു പ്രമുഖ വ്യാപാര ശൃംഖല മുന്നോട്ടുവന്നത് വലിയ പ്രോത്സാഹനമായി. ഇതിനകം വിളവെടുത്ത തക്കാളി ദുബായിലേക്ക് കയറ്റുമതി ചെയ്തു. കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.
വികസനത്തിന്‍െറ അടുത്ത ഘട്ടത്തില്‍ സംഘടനയിലെ കൂടുതല്‍ പ്രവാസികളെ ഓഹരിയുടമകളാക്കി ചേര്‍ക്കാനാണ് തീരുമാനമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ വിഷന്‍, ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റി, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി ഭവന്‍, കാര്‍ഷിക വിജ്ഞാന കേന്ദ്രം, മില്‍മ, കേരള കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന കേന്ദ്രം, ഖാദി വ്യവസായ വകുപ്പ്, ഗ്രാമ പഞ്ചായത്ത് തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ സഹായ സഹകരണങ്ങളോടെയാണ് ഈ ഫാം പ്രവര്‍ത്തിക്കുന്നത്.
പ്രവാസി പുനരധിവാസം എന്ന ആവശ്യം നിരന്തരം ഉന്നയിച്ച് സര്‍ക്കാറില്‍നിന്ന് ഇപ്പോള്‍ കിട്ടും എന്ന് കാത്തിരുന്ന് കാലങ്ങള്‍ വൃഥാവിലാക്കുന്ന മറ്റ് പ്രവാസി സംഘടനകള്‍ക്കും മാതൃകയാവുകയാണ് തൃശൂര്‍ ജില്ല സൗഹൃദ വേദി.

Sunday, February 8, 2015

സചിത്രം സകുടുംബം

ഉറക്കത്തിലും ഉണര്‍വിലും ചിത്രവരയെ കുറിച്ചുമാത്രം ചിന്തിക്കുന്ന ഒരു കുടുംബം. ഉപ്പയും ഉമ്മയും രണ്ടുപെണ്‍മക്കളും. ചിത്രകാരനും ശില്‍പിയുമായ ഉപ്പയെ അതിശയിക്കുന്ന രചനാവൈഭവം സ്വന്തമായ മൂത്ത മകള്‍. ഇരുവരെയും ബ്രഷുകൊണ്ടു മാത്രമല്ല മൗസ് കൊണ്ടും വരയില്‍ തോല്‍പിക്കുന്ന ഇളയവള്‍. മൂന്നുപേരുടെയും വര സപര്യക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി സ്വന്തം ചിത്രകലാതാല്‍പര്യത്തെ മാറ്റിവെച്ച് കുടുംബത്തെ പരിപാലിക്കുന്ന ഉമ്മ. സ്കൂളിന്‍െറ തിണ്ണപോലും കാണാതെ വീട് വിദ്യാലയമാക്കി പ്ളസ്ടു വരെ വിദ്യാഭ്യാസം തുടരുന്ന കുട്ടികള്‍. ഇതാണ് നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി ഇസ്ഹാഖിന്‍െറയും കുടുംബത്തിന്‍െറയും വിസ്മയ വിശേഷങ്ങള്‍.


മൂന്ന് പതിറ്റാണ്ട് മുമ്പ് പ്രവാസത്തിന്‍െറ കാന്‍വാസില്‍ സ്വന്തം ജീവിത ചിത്രം വരക്കാന്‍ തുടങ്ങിയ ഇസ്ഹാഖിന്‍െറ ഫ്ളാറ്റിലേക്ക് കടന്നുചെന്നാല്‍ ചിത്രവരയുടെ പാഠശാലയിലേക്കോ ഗാലറിയിലേക്കൊ പ്രവേശിച്ച അനുഭവമാണ് സ്വാഗതം ചെയ്യുക. റിയാദ് നഗരത്തിലെ ഉമ്മുല്‍ ഹമാം ഡിസ്ട്രിക്റ്റിലുള്ള ആ ഫ്ളാറ്റിലെ മുറികളായ മുറികളിലെല്ലാം കാന്‍വാസ് സ്റ്റാന്‍ഡുകള്‍. വര പൂര്‍ത്തിയായതും പകുതി വരച്ചതും പെന്‍സില്‍ സ്കെച്ചിട്ടതുമായ കാന്‍വാസുകള്‍. വര്‍ണക്കൂട്ടുകള്‍ ചാലിച്ച പാലറ്റുകള്‍, ചായമിട്ട് തോര്‍ന്നതോ നിറക്കൂട്ടില്‍ മുങ്ങിയതോ വര്‍ണം ചാലിക്കാന്‍ ദാഹിക്കുന്നതോ ആയ ബ്രഷുകള്‍. ഭിത്തികളിലെല്ലാം എണ്ണച്ചായത്തിലും ജലച്ചായത്തിലും പേന, പെന്‍സില്‍ സ്കെച്ചിങ്ങിലും വരപൂര്‍ത്തിയായ ചിത്രങ്ങള്‍. വരക്ക് ഊര്‍ജ്ജമേകുന്ന പുസ്തകങ്ങളും ആനുകാലികങ്ങളും ബുക്ക് സ്റ്റാന്‍ഡുകളിലും മേശമേലും സോഫയിലും ചിതറി കിടക്കുന്നു. മലയാളിയുടെ ഗള്‍ഫ് പ്രവാസത്തില്‍ ഇത്തരമൊരു കാഴ്ച വിസ്മയം മാത്രമല്ല ഒരിറ്റ് നൊസ്റ്റാള്‍ജിയയും സമ്മാനിക്കും.


പൂക്കോട്ടുംപാടത്തെ വട്ടപ്പറമ്പില്‍ കുടുംബാംഗമായ ഇസ്ഹാഖ് സൗദി അറേബ്യയിലെ പ്രമുഖ അറബ് ദിനപത്രങ്ങളിലൊന്നായ അല്‍യൗമിന്‍െറ സഹോദര പ്രസിദ്ധീകരണമായ ‘അല്‍മുബവബ’യുടെ റിയാദ് എഡിഷനില്‍ സീനിയര്‍ ഡിസൈനറാണ്. മൂത്ത മകള്‍ രിസാമ ആരിഫ കേരള സിലബസില്‍ വീട്ടിലിരുന്ന് പ്ളസ്ടുവിന് പഠിക്കുമ്പോള്‍ ഇളയവള്‍ ജുമാന ഇതേ വഴിയില്‍ പ്ളസ്വണ്‍ വിദ്യാര്‍ഥിനിയും. കുടുംബാംഗങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാന്‍ ചിത്ര വര വിശേഷങ്ങള്‍ മാത്രം. കുട്ടികള്‍ സ്കൂളില്‍ പോകാത്തതിനാല്‍ വീട്ടകത്തിലൊതുങ്ങുന്ന സൗഹൃദ ലോകമേ അവര്‍ക്കുള്ളൂ എന്ന പരിമിതി പക്ഷെ, ലോകത്തെ അറിയാന്‍ അവര്‍ക്ക് തടസമാകുന്നില്ല. പുസ്തകങ്ങള്‍, സകുടുംബം യാത്രകള്‍, പ്രവാസി സാംസ്കാരിക കൂട്ടായ്മകളുടെ കുടുംബ സംഗമങ്ങള്‍, ഫേസ്ബുക്ക്, ബ്ളോഗ് തുടങ്ങി ലോകത്തെ പരിചയപ്പെടാനും സൗഹൃദത്തിലാകാനുമുള്ള ജാലകങ്ങള്‍ ഏറെയുണ്ട് അവരുടെ മുന്നില്‍. എങ്കിലും അവര്‍ നാലുപേരും പിന്നെ ബ്രഷുകളും വര്‍ണങ്ങളും പുസ്തകങ്ങളും മാത്രമേ ഏറ്റവും പ്രിയപ്പെട്ട ലോകത്തിലുള്ളൂ.


ഇസ്ഹാഖ്
ഓര്‍മയെ ചുട്ടുപൊള്ളിക്കുന്നൊരു ചതിയുടെ കഥ ഏതൊരു പ്രവാസിക്കും പറയാനുണ്ടാവും. ചിത്രകാരന്‍െറ വിസയെന്ന് മോഹിപ്പിച്ച് അറബിയുടെ ഡ്രൈവര്‍ പണിക്ക് കയറ്റിവിട്ട ഏജന്‍റിന്‍െറ ചതിയില്‍നിന്നാണ് ഈ ചിത്രകാരനും തന്‍െറ പ്രവാസ ചരിത്രം പറഞ്ഞ് തുടങ്ങിയത്. ജന്മസഹജമായ കഴിവ് സ്വന്തം പരിശ്രമത്തിലൂടെ വികസിപ്പിച്ച ചിത്രകലാ പാടവവുമായി 1984ല്‍ 18ാമത്തെ വയസിലാണ് റിയാദില്‍ പറന്നിറങ്ങിയത്.
കുടുംബത്തിന് ചിത്രകലാപാരമ്പര്യമുണ്ടായിരുന്നു. അമ്മാവനും രണ്ട് എളാപ്പമാരും നാട്ടില്‍ അറിയപ്പെടുന്ന ചിത്രകാരന്മാരായിരുന്നു. ഉമ്മ ബീയുമ്മയും ചിത്രം വരക്കുമായിരുന്നു. ആ പാരമ്പര്യമാണ് തന്നിലൂടെയും ഇപ്പോള്‍ മക്കളിലൂടെയും തുടരുന്നത്. മറ്റൊരു വീട്ടില്‍ നിന്നത്തെി ജീവിത സഖിയായ നജ്മ ബീവിക്കും യാദൃശ്ചികമായിട്ടാണെങ്കിലും ചിത്രകലയില്‍ താല്‍പര്യമുണ്ടായിരുന്നു. അവളും വരക്കാന്‍ തുടങ്ങി.
വിസ ഏജന്‍റിന്‍െറ വാക്കില്‍ വിശ്വസിച്ച്, മീശ പൊടിച്ചുതുടങ്ങിയ കാലത്തുതന്നെ പിറന്ന നാട് വിട്ടുപോരാന്‍ തയാറായെങ്കിലും ചതിയുടെ മരുച്ചൂടേറ്റ് വാടി രണ്ടുമാസത്തിനുള്ളില്‍ മടങ്ങേണ്ടിവന്നു. അറബിക്ക് ഒരു സ്റ്റുഡിയോ ഉണ്ടെന്നും അവിടെ ചിത്രംവരയാണ് പണിയെന്നുമായിരുന്നു ഏജന്‍റിന്‍െറ വാഗ്ദാനം. ലഭിച്ചത് ഡ്രൈവര്‍ പണി. തിരിച്ചോടാതെ നിവൃത്തിയുണ്ടായിരുന്നില്ല.


ഏതാനും മാസങ്ങള്‍ക്കുശേഷം പുതിയ വിസയില്‍ വീണ്ടും സൗദിയിലേക്ക് പറന്നു. ഇത്തവണ ഹഫര്‍ ബാത്വിന്‍ എന്ന സ്ഥലത്തായിരുന്നു. അപ്പോഴും ചതി പറ്റി. ആര്‍ട്ടിസ്റ്റിന്‍െറ ജോലി എന്നുതന്നെയായിരുന്നു വിസയില്‍. പക്ഷെ, അറബി തൊഴിലുടമയുടെ കെട്ടിടങ്ങള്‍ക്ക് പെയിന്‍റടിയായിരുന്നു പണി. പണിയൊക്കെ തീര്‍ന്നപ്പോള്‍ തൊഴിലുടമയുടെ അനുമതിയോടെ പുറത്ത് പരസ്യ കമ്പനികളില്‍ ആര്‍ട്ടിസ്റ്റിന്‍െറ യഥാര്‍ഥ പണി ചെയ്യാന്‍ തുടങ്ങി. ആറര വര്‍ഷം അങ്ങിനെ കഴിഞ്ഞുപോയി. പിന്നീട് വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് മടങ്ങി. വിവാഹം കഴിഞ്ഞ് മൂത്ത മകള്‍ ആരിഫക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ മൂന്നാമത്തെ വിസയില്‍ വീണ്ടും സൗദിയിലേക്ക്. പരസ്യ കമ്പനിയില്‍ ആര്‍ട്ടിസ്റ്റായി. വൈകാതെ കുടുംബത്തേയും റിയാദില്‍ കൊണ്ടുവന്നു. അപ്പോഴേക്കും ഇളയ മകള്‍ ജുമാനക്ക് മൂന്ന് വയസ് പ്രായമായിക്കഴിഞ്ഞിരുന്നു. കുടുംബം വന്നപ്പോള്‍ ചെലവ് കൂടി. കൂടുതല്‍ വരുമാനം പ്രതീക്ഷിച്ചാണ് സ്വന്തമായി പരസ്യ കമ്പനി തുടങ്ങിയത്. അപ്രതീക്ഷിതമായി എല്ലാം കുഴമറിഞ്ഞു. കമ്പനി നഷ്ടത്തിലായി. വിസ പുതുക്കാന്‍ കഴിയാതെ നിയമപ്രശ്നങ്ങള്‍ വന്നുമൂടി. അക്ഷരാര്‍ത്ഥത്തില്‍ നിയമലംഘകരായുള്ള ജീവിതം. രേഖകളൊന്നും ശരിയല്ലാത്തതിനാല്‍ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാന്‍ കഴിയാതായി. ആരിഫ നാട്ടിലെ സ്കൂളില്‍ ഒന്നാം ക്ളാസില്‍ ചേര്‍ന്ന കാലത്താണ് റിയാദിലേക്ക് വന്നത്്. അഴിക്കാന്‍ ശ്രമിക്കുന്തോറും മുറുകുന്ന നിയമകുരുക്കുകള്‍. കമ്പനി തകര്‍ച്ചയിലായതിനാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍. എന്നാല്‍ അതുകൊണ്ടൊന്നും തളരാന്‍ ഒരുക്കമായിരുന്നില്ല. പഠനം മുടങ്ങിയ മൂത്ത മകളേയും സ്കൂളില്‍ ചേരാന്‍ പ്രായമത്തെിയ ഇളയവളേയും വീട്ടിലിരുത്തി പഠിപ്പിക്കാന്‍ തീരുമാനമായി. അധ്യാപകമാരെ വീട്ടില്‍ വരുത്തി. കേരള പാഠ്യപദ്ധതി പ്രകാരം കുട്ടികള്‍ പഠിച്ചുതുടങ്ങി.


പരസ്യ കമ്പനിക്ക് താഴിട്ട്, വീണ്ടും ജോലി തേടാന്‍ ശ്രമം തുടങ്ങി. നിയമകുരുക്കുകള്‍ അഴിഞ്ഞു. എട്ടുവര്‍ഷം മുമ്പ് അല്‍യൗം പത്രത്തില്‍ ലേ ഒൗട്ട് ആര്‍ട്ടിസ്റ്റായി ജോലിക്ക് ചേര്‍ന്നു. പതിയെ ജീവിത പ്രതിസന്ധികളില്‍നിന്ന് കരകയറി. അപ്പോഴേക്കും കുട്ടികളിലെ ചിത്രകലാവാസന വെളിപ്പെടുകയും അവര്‍ മികച്ച ചിത്രകാരികളായി വളരുകയും ചെയ്തു. വീട്ടിലിരുന്നുള്ള വിദ്യാഭ്യാസത്തിലും അവര്‍ ഏറെ മുന്നേറി. മികച്ച നിലയില്‍ അവര്‍ക്കത് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് തോന്നിയതിനാല്‍ സ്കൂളില്‍ ചേര്‍ക്കുന്ന കാര്യം പിന്നീട് ആലോചിച്ചതുമില്ല. ആരിഫ ഈ വര്‍ഷം പ്ളസ്ടു പരീക്ഷയെഴുതും. ജുമാന പ്ളസ്വണ്‍ പരീക്ഷയും. ആരിഫയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വൈകാതെ നടക്കും.


രിസാമ ആരിഫ
ചിത്രകാരി എന്ന് അര്‍ഥമുള്ള രിസാമ എന്ന അറബി പദം മകള്‍ക്ക് പേരായി ഇടുമ്പോള്‍ തന്നെ ഇസ്ഹാഖിന് ഉറപ്പുണ്ടായിരുന്നു മകള്‍ ഒരു ചിത്രകാരിയായി തീരുമെന്ന്. അതുപോലെ തന്നെ സംഭവിച്ചു. തീരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവള്‍ വരച്ചുതുടങ്ങി. കാമറ കാഴ്ചകള്‍ അതിനെക്കാള്‍ മിഴിവോടെ വരക്കുന്നതിലാണ് അവളുടെ മിടുക്ക്. ഫോട്ടോയെ അതിശയിക്കുന്ന ചിത്രരചനാരീതിയില്‍ ഈ ഇരുപതുകാരി ആരെയും ഞെട്ടിക്കും. മരുഭൂമിയിലെ വരണ്ട കാഴ്ചകളല്ല, കേരളത്തിന്‍െറ ശാദ്വല പ്രകൃതിയുടെ അഴകാണ് ചിത്രങ്ങള്‍ക്ക്.

ഓരോ തവണ നാട്ടില്‍ പോയി വരുമ്പോഴും കാന്‍വാസിലേക്ക് പകര്‍ത്താന്‍ മനം നിറയെ കേരളത്തിന്‍െറ കാഴ്ചകളുണ്ടാവും. സ്വന്തം ഛായാചിത്രവും ഗ്രാമീണ ജീവിതവും പാടശേഖരങ്ങളും പുഴയും ഉള്‍പ്പെടെ ഏതുകാഴ്ചയും കാമറയെക്കാള്‍ മിടുക്കോടെ അവളുടെ ബ്രഷുകള്‍ വരയും. പ്രകൃതി പോലും വിസ്മയത്തോടെ നോക്കിനിന്നുപോകുന്ന വര്‍ണങ്ങളുടെ മായാപ്രപഞ്ചമാണ് ആ ബ്രഷുകള്‍ സൃഷ്ടിക്കുന്നത്. പെന്‍സില്‍, പേന സ്കെച്ചുകള്‍ വരക്കുന്നതിലും അസാമാന്യ വൈഭവമുണ്ട്.

ലോകപ്രശസ്ത ക്ളാസിക്കുകളുള്‍പ്പെടെ പുസ്തക വായന ശീലമാക്കിയ ആരിഫ അവയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവനാസമ്പന്നമായ നിരവധി പെയിന്‍റിങ്ങുകള്‍ ഇതിനകം വരച്ചുകഴിഞ്ഞു. പ്രശസ്ത ഫ്രഞ്ചു ചിത്രകാരന്‍ അഡോള്‍ഫ് വില്ല്യം ബോഗേറോയാണ് ആരിഫയുടെ റോള്‍ മോഡല്‍. അദ്ദേഹത്തിന്‍െറ പ്രശസ്തമായ ഒരു രചനയുടെ പുനരാവിഷ്കാരം ആരിഫ നിര്‍വഹിച്ചിട്ടുണ്ട്.

സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറയും രാജകുടുംബാംഗങ്ങളുടെയും ഛായാചിത്രങ്ങള്‍ വരച്ചത് അറബ് മാധ്യമങ്ങളില്‍ വാര്‍ത്താപ്രാധാന്യം നേടി.  സൗദി അറേബ്യയുടെ ദേശീയോത്സവമായ റിയാദിലെ ജനാദ്രിയ പൈതൃകോത്സവത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സ്വദേശി പൗരസമൂഹത്തിന്‍െറ പ്രശംസ പിടിച്ചുപറ്റാനും അവസരം ലഭിച്ചു.


ജുമാന
ജ്യേഷ്ടത്തിയുടെ ചിത്രരചനാ കമ്പത്തില്‍ പങ്കുചേര്‍ന്നാണ് ജുമാനയും നൈസര്‍ഗികമായ കഴിവ് പ്രകടിപ്പിച്ചുതുടങ്ങിയത്. തനതായ ശൈലിയില്‍ വിസ്മയിപ്പിക്കുന്ന വേഗതയില്‍ വരയെ കൈപ്പിടിയിലൊതുക്കി. ഉപ്പയുടെ രേഖ ചിത്രരചനാ രീതിയും കൂടെപിറപ്പിന്‍െറ പെയിന്‍റിങ് പാടവവും മികവാര്‍ന്ന നിലയില്‍ സമ്മേളിച്ചതായിരുന്നു ജുമാനയുടെ സിദ്ധി.

കൂടാതെ ഡിജിറ്റല്‍ ഗ്രാഫിക്സിലും സ്വന്തം പരിശ്രമത്തിലൂടെ വൈദഗ്്ധ്യം നേടി. ബ്രഷും പെന്‍സിലും പോലെ മൗസും ഫോട്ടോഷോപ്പ് ടൂളുകളും വിസ്മയാംവണ്ണം വഴങ്ങി. ബ്രഷുകൊണ്ട് എണ്ണച്ചായത്തിലും ജലച്ചായത്തിലും സൃഷ്ടിക്കുന്ന മായാജാലം അവള്‍ ഫോട്ടോഷോപ്പിലും സാധ്യമാക്കി. ആരിഫയെ പോലെ ജുമാനയും പരന്ന വായന ശീലമാക്കി തുടങ്ങിയതിനാല്‍ രചനകളില്‍ സര്‍ഗാത്മകതയുടെ തിളക്കവുമുണ്ടായി.

കാരിക്കേച്ചര്‍ വരയിലും അസാമാന്യ വൈദഗ്ധ്യമുണ്ട്. നിരവധി പ്രശസ്തരുടെ കാരിക്കേച്ചറുകള്‍ വരച്ചിട്ടുള്ള ജുമാന രേഖാചിത്രരചനയില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

മധുര ശബ്ദത്തിന്‍െറ ഉടമകൂടിയായ ജുമാന മനോഹരമായി പാടുകയും ചെയ്യും.


ഇസ്ഹാഖിന്‍െറ ദിനവര
സൈബര്‍ സൗഹൃദങ്ങളുടെ മുഖപുസ്തകത്തില്‍ ‘കാണിക്ക’പോലെ ദിവസവും ഒരോ ചിത്രം വരച്ചിടുന്ന പതിവ് ഇസ്ഹാഖ് തുടങ്ങിയത് രണ്ടാണ്ട് മുമ്പാണ്. ഫേസ്ബുക്കിന്‍െറ ചുവരില്‍ എല്ലാവരും മനോവിചാരങ്ങള്‍ വാങ്മയ ചിത്രങ്ങളാക്കുമ്പോള്‍ ഇസ്ഹാഖ് അത് രേഖാചിത്രങ്ങളാക്കുന്നു. രാവിലേയൊ വൈകുന്നേരമോ ഒരു അനുഷ്ഠാനം പോലെയാണ് ദിനവര പിറവികൊള്ളുന്നത്. ലോകമൊട്ടാകെ പരന്നുകിടന്ന ‘വരപ്രേമികളു’ടെ സൗഹൃദവും ഇഷ്ടവും അങ്ങിനെ ഈ വരകളിലൂടെ ഇസ്ഹാഖിനെ തേടിയത്തെുന്നു. ദിനവര ശീലം തുടങ്ങാന്‍ നിമിത്തമായത് പുകവലിയെന്ന ദുശീലമായിരുന്നു. പടംവരക്കാന്‍ ചുണ്ടില്‍ പുകവേണം എന്ന നിര്‍ബന്ധം ആരോഗ്യത്തെ തകര്‍ക്കുമെന്ന ഘട്ടം വന്നപ്പോള്‍ പുകയെ ഒഴിവാക്കാന്‍ വരയും അവസാനിപ്പിച്ചു. രണ്ട് സിഗരറ്റുകള്‍ക്കിടയിലെ ദൂരം ഒരു ബീഡിയുടേത് മാത്രമാണെന്ന നിലയില്‍ ചെയിന്‍ സ്മോക്കറായിരുന്നു. ഒന്നര പതിറ്റാണ്ടോളമാണ് ആ വര മുക്ത, വലി വിമുക്ത ജീവിതം നീണ്ടത്. അപ്പോഴേക്കും പുകവലിയെ പൂര്‍ണമായും വെറുത്തുകഴിഞ്ഞിരുന്നു. എന്നാല്‍ വരയുടെ കാര്യം അതല്ലായിരുന്നു. ഇഷ്ടപ്രേയസിയില്‍നിന്ന് അകന്നുനിന്നതുപോലൊരു വിരഹവേദന വരയിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടുനിന്നു. ഒരിക്കല്‍ കൈയൊഴിച്ച പ്രാണപ്രേയസിയെ നീണ്ട വിരഹകാലത്തിനുശേഷം വീണ്ടെടുക്കുമ്പോള്‍ ഒരു പ്രായശ്ചിത്തം പോലെ തുടങ്ങിയതാണ് ദിനവര.

തിരിച്ചുവരവിന് മക്കളുടെ നിര്‍ബന്ധവും ഒരു പ്രേരണയായിരുന്നു. എങ്ങിനെ എവിടെ നിന്ന് തുടങ്ങണം എന്ന ആലോചനയിലാണ് ഫേസ്ബുക്ക് വാള്‍ തെളിഞ്ഞുവന്നത്. ഒരു ദിവസം പോലും മുടങ്ങാതെ വരക്കാന്‍ തുടങ്ങി. തന്‍െറ പ്രിയപ്പെട്ട ‘ഹീറോ’ പേന കൊണ്ട് കടലാസില്‍ വരച്ച ശേഷം സ്കാന്‍ ചെയ്താണ് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുന്നത്. നിത്യജീവിതത്തിലെ കാഴ്ചകള്‍, വ്യക്തികള്‍, സംഭവങ്ങള്‍, പഴയകാല ഓര്‍മകള്‍, നാട്ടോര്‍മകള്‍ എല്ലാം അങ്ങിനെ രേഖകളായി മാറുന്നു.


വര ബ്ളോഗിങ്
ബ്ളോഗിങ്ങിന്‍െറ തുടക്കകാലത്തുതന്നെ ഇസ്ഹാഖും പിന്നീട് ആരിഫയും ജുമാനയും ഡിജിറ്റലിലേക്കും സൈബര്‍ ലോകത്തേക്കും കടന്നിരുന്നു. മൂവരും ബ്ളോഗുകള്‍ സ്വയം രൂപകല്‍പന ചെയ്ത് തങ്ങളുടെ രചനകള്‍ പോസ്റ്റു ചെയ്യാന്‍ തുടങ്ങി. ഇസ്ഹാഖ് വരക്ക് പുറമെ കുറിപ്പുകളും ഇടാറുണ്ട്. ആരിഫയും ജുമാനയും ചിത്രങ്ങളോടൊപ്പം വരയുടെ ഓരോ ഘട്ടവും വിവരണവും പോസ്റ്റ് ചെയ്യാറുണ്ട്. ചിത്രകല പരിശീലിക്കുന്നവര്‍ക്ക് പ്രയോജനപ്രദമാണ് അത്.

ഇസ്ഹാഖിന്‍െറ ബ്ളോഗിന്‍െറ പേര് ‘വരയിടം’ എന്നാണ്. വിലാസം: www.ishaqh.blogspot.com. ആരിഫ സ്വന്തം പേരിലാണ് ബ്ളോഗ് ആരംഭിച്ചത്: www.risamaarifa.blogspot.in. സ്വന്തം പേരും മനസും കൂട്ടിച്ചേര്‍ത്ത് ‘ജുമാനസം’ എന്ന ഹൃദ്യമായ പേരാണ് ജുമാന തന്‍െറ ബ്ളോഗിന് നല്‍കിയിരിക്കുന്നത്: www.jumanasam.blogspot.in. ഉപ്പയും മക്കളും മാഗസിന്‍ ഡിസൈന്‍ ആന്‍ഡ് ലേ ഒൗട്ടിലും ഒരു കൈ നോക്കാറുണ്ട്. ഓണ്‍ലൈന്‍, പ്രിന്‍റ് മാഗസിനുകളടക്കം നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഇവര്‍ വരക്കാറുമുണ്ട്.

(ചെപ്പ്, ഗള്‍ഫ് മാധ്യമം വാരപ്പതിപ്പ് 2015 ഫെബ്രുവരി 6)