Saturday, June 19, 2010

കറവപ്പശുവിന്റെ ആത്മഭാഷണങ്ങള്‍

പ്രവാസിജീവിതം /  നജിം കൊച്ചുകലുങ്ക്


പ്രവാസിയെന്ന കറവപ്പശുവിനെ പിഴിയുന്നവരില്‍ എല്ലാവരുമുണ്ട്. ഗള്‍ഫുകാരനെന്ന് അറിഞ്ഞാല്‍
കൈക്കൂലിയുടെ തുക ഉയര്‍ത്തുന്നതും കൊള്ളയടിക്കുന്നതും കസ്റ്റംസുകാരന്‍ മാത്രമല്ല, വില്ലേജ്
ഓഫിസര്‍ വരെ ആ നിര നീണ്ടതാണ്. മക്കളുടെ വിദ്യാഭ്യാസത്തിന് ഫീസിളവ് ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കേറ്റിന് ചെല്ലുമ്പോള്‍, വില്ലേജ് ഓഫീസര്‍ ഒരിക്കലും ആനുകൂല്യം ലഭിക്കാനിടയില്ലാത്ത സംഖ്യ വരുമാന കോളത്തില്‍ എഴുതിവെക്കും. വിദേശത്തെ വിയര്‍പ്പിന്റെ ആളോഹരിയായി പ്രതിവര്‍ഷം നാലായിരം കോടി രൂപയാണ് ഈ കറവപ്പശുക്കള്‍ ഇന്ത്യന്‍ സാമ്പത്തിക വിപണിയിലേക്ക് ചുരത്തുന്നത്. നാടിന്റെ നട്ടെല്ല് ഉറച്ചുനില്‍ക്കുന്നത് പ്രവാസിയുടെ മജ്ജയിലാണെന്ന് ആര്‍ക്കാണറിയാത്തത്?

തൊഴിലില്ലായ്മയുടെ വേനല്‍ചൂടേറ്റ് മനസ്സ് തിണര്‍ത്തുകിടന്ന കാലം. നേരിനും നിനവിനുമിടയിലെ നെടുവീര്‍പ്പിന്റെ ആഴക്കയങ്ങളിലേക്കാണ് ഏജന്റ് വിസ എന്ന കച്ചിത്തുരുമ്പിട്ടുതന്നത്. ഉമ്മയുടെ കെട്ടുതാലി വരെ പണയപ്പെടുത്തി ബാപ്പ വിയര്‍ത്തു. പാസ്പോര്‍ട്ട് നേരത്തേ എടുത്തുവെച്ചിരുന്നതിനാല്‍ അതിന്റെ പൊല്ലാപ്പുണ്ടായില്ല. എങ്കിലും വെരിഫിക്കേഷന് വന്ന പൊലീസുകാരന്റെ കഴുകന്‍ചുണ്ടിന് തീറ്റ കൊടുക്കാന്‍ നൂറുറുപ്പിക തികച്ചെടുക്കാനില്ലാതെ വിയര്‍ത്ത ബാപ്പ അടുത്ത വീട്ടിലേക്കോടിയത് വേദനയായി ബാക്കിയുണ്ട്. എല്ലാറ്റിനും പരിഹാരമാകാന്‍ പോകുകയല്ലേ, അപ്പോള്‍ ഈ വേദനക്കൊക്കെ കടംവീട്ടും എന്ന് മനസ്സില്‍ സ്വപ്നം ചിറകുവിരിച്ചു.

ജനാലക്കപ്പുറം വിമാനത്തിന്റെ ചിറക് മേഘങ്ങളെ കീറിമുറിക്കുമ്പോള്‍ ഒട്ടൊരു ഗൃഹാതുരതയോടെ മനസ്സ് പിന്നിലേക്ക് പാളിനോക്കി. അറിയാതെപൊക്കിളില്‍ കൈവിരലുകള്‍ എത്തുന്നു. ഒരു പൊക്കിള്‍കൊടി ബന്ധം ഇതാ മുറിഞ്ഞുവീഴുന്നു... ഒരു പ്രവാസി അവന്റെയാത്ര തുടങ്ങുകയായി...

വിരഹത്തിന്റെ കണ്ണീര്‍ കണ്ട് എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയപ്പോള്‍ ടാക്സിക്കാരനായിരുന്നു ആര്‍ത്തിയുടെ കൈ ആദ്യം നീട്ടിയത്. കടലിനക്കരെ കാണാപ്പൊന്ന് വാരാന്‍ പോകുന്നതല്ലേ. അപ്പോള്‍ ടാക്സിക്കൂലി സാധാരണ പോരല്ലോ. പിന്നെ, തുറിച്ചുനോട്ടക്കാരുടെ ചുട്ടുപഴുത്ത കണ്ണുകള്‍ വട്ടമിട്ട് പറന്നു. മുന്നിലെ കാബിനിലിരിക്കുന്ന ഉദ്യോഗസ്ഥന്റെ അളന്നെടുക്കുന്ന നോട്ടം. നീണ്ട ക്യൂവില്‍നിന്ന് കാല് കഴച്ചാലും അപ്പുറത്തെ കൌണ്ടര്‍ കൂടി തുറന്നുവെച്ച് എളുപ്പമാക്കാന്‍ തയാറാവാത്ത ഉദ്യോഗസ്ഥരുടെ മുഖം കാണുമ്പോള്‍ വല്യുമ്മ പറയാറുള്ള കഥയിലെ നരകം കാക്കുന്ന മാലാഖയുടെ സങ്കല്‍പത്തിലെ മുഖം തെളിഞ്ഞുവരുന്നതായി തോന്നും.

ഒടുവില്‍ ബോര്‍ഡിംഗ് പാസ് കിട്ടി മുന്നോട്ട് നടക്കുമ്പോള്‍ പിന്നില്‍ ഉറ്റവര്‍ ഒരു നേര്‍ത്തകാഴ്ചയായി മറയുന്നു. വിമാനത്തിന്റെ ഇരമ്പത്തിന് കാതോര്‍ത്തിരിക്കുമ്പോള്‍ പേടിച്ചതുതന്നെ കേള്‍ക്കുന്നു. വിമാനം ലേറ്റ്. ഒന്നും രണ്ടുമല്ല, 12 മണിക്കൂറാണ്... ഫ്ലൈറ്റ് വൈകിയാല്‍ വിസ കാന്‍സലാവാം. എയര്‍പോര്‍ട്ടില്‍ കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നവര്‍ക്കറിയില്ലല്ലോ എയര്‍ ഇന്ത്യയുടെ തമാശകള്‍. പനിയായിരുന്നതിനാല്‍ ക്ലാസില്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്ന് പണ്ട് ക്ലാസ് ടീച്ചറിന് നല്‍കിയപോലൊരു സങ്കടഹര്‍ജി ഗള്‍ഫിലെ സ്പോണ്‍സറുടെ അടുത്ത് വിലപ്പോവില്ലല്ലോ... അങ്ങനെയങ്ങനെ നൂറുകൂട്ടം കടമ്പകളില്‍ തട്ടിത്തടഞ്ഞ് ഒടുവില്‍ സ്വപ്നഭൂമിയില്‍ കാലുകുത്തുന്ന ഓരോ പ്രവാസിയുടെയും തുടക്കം ഇങ്ങനെയൊക്കെ തന്നെയാണ്. തുടര്‍ച്ചയോ, അതിലും വലിയ വ്യത്യാസമൊന്നുമുണ്ടാവില്ല.

ഏജന്റിന്റെ വഞ്ചനയുടെ ചൂടാണ് മരുഭൂമിയിലെത്തിയയുടന്‍മനസ്സിനെ പൊരിച്ചുകളഞ്ഞത്. പറഞ്ഞ ശമ്പളമില്ല. ജോലി ഭാരം കനത്തത്. ഏജന്റ് കൈമലര്‍ത്തി. ദേഷ്യപ്പെട്ടപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. എംബസിയുടെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ചു. മറുതലക്കല്‍ രാഷ്ട്ര ഭാഷ. ഹിന്ദി മാഷിന്റെ ചൂരല്‍പ്പഴങ്ങള്‍ തുട പൊള്ളിച്ചിട്ടും മിനിമം പാസ്മാര്‍ക്ക് പോലും വാങ്ങാന്‍ കഴിയാത്ത ഭാഷയാണ്. എന്തൊക്കെയോ പറഞ്ഞു, എന്തൊക്കെയോ കേട്ടു. ആര്‍ക്കുമാര്‍ക്കുമൊന്നും മനസ്സിലാകാത്തതുകൊണ്ടാവും ഫോണ്‍ മലയാളി ശബ്ദത്തിന് കൈമാറി. അറിയാത്ത ഭാഷയായിരുന്നു നല്ലതെന്ന് തോന്നി. അതിനൊരു സൌമ്യതയുണ്ടായിരുന്നു. കിട്ടിയ വിസയില്‍ ആക്രാന്തം പിടിച്ച് കയറിവരും, അനുഭവിക്ക്, ഇവിടെ വഴിയൊന്നുമില്ല
എന്ന് നല്ല മലയാളത്തില്‍ ആക്രോശം. വിളിക്കേണ്ടിയിരുന്നില്ലെന്ന ് തോന്നി.

സ്വദേശി തൊഴില്‍ ദാതാവ് കുറ്റം തന്റേതല്ലെന്ന് ബോധ്യപ്പെടുത്തി. കൃത്യമായി പറഞ്ഞിരുന്നു, ശമ്പളവും ജോലിയുടെ സ്വഭാവവുമൊക്കെ. എല്ലാം തെറ്റിച്ചത് നിന്റെ നാട്ടുകാരനാണ്, ഏജന്റ്. ഉള്ളതൊക്കെ വിറ്റുപെറുക്കിയതും പലതും പണയപ്പെടുത്തിയതും കടത്തിന്റെ വലിയ വാള്‍ തലക്ക്
മുകളില്‍ തൂങ്ങിനില്‍ക്കുന്നതും തട്ടുമുട്ട് ഭാഷയില്‍ പറഞ്ഞൊപ്പിച്ചപ്പോള്‍ അയാള്‍ ആശ്വസിപ്പിച്ചു. വര്‍ഷങ്ങള്‍ പലത് കടന്നുപോയി.

ആദ്യ യാത്ര നാട്ടിലേക്ക്, പ്രതീക്ഷയുടെ ചിറകുകള്‍ ചരിച്ച് വിമാനമിറങ്ങി. ഉള്‍പ്പുളകത്തോടെ ജന്മനാടിന്റെ വായു ശ്വസിച്ചു. ആ ആശ്വാസം അധികം നീണ്ടില്ല. ആ പഴയ കഴുകന്‍ചുണ്ടുകള്‍ മുന്നില്‍ നിന്നെത്തി വട്ടമിട്ട് പറക്കാന്‍ തുടങ്ങുന്നത് ഞെട്ടലോടെകണ്ടു. കടം തീര്‍ക്കാനും വീടിന്റെ പട്ടിണിയകറ്റാനും ചുരത്തിക്കൊണ്ടിരുന്നതില്‍ മിച്ചം വെച്ചതുകൊണ്ട് വാങ്ങിച്ച അത്യാവശ്യസാധനങ്ങള്‍ നിറഞ്ഞ ബാഗേജുകളിലേക്ക് കുത്തിക്കയറുന്ന ആര്‍ത്തിയുടെ നോട്ടം കണ്ട് ശരിക്കും ഞെട്ടി. ഗ്രീന്‍ ചാനലിലൂടെ പോണോ, കൈയിലുള്ളതെല്ലാം എട്, അല്ലെങ്കില്‍ അങ്ങോട്ട ് മാറിനിന്ന് കെട്ടെല്ലാം ഒന്നൊന്നായി അഴിച്ച് സാധനങ്ങള്‍ വലിച്ച് പുറത്തിടെന്ന് മുന്നില്‍ ട്രോളി തടഞ്ഞ് ഭീഷണി. അത്യാവശ്യ ചെലവിന് വിമാനം കയറും മുമ്പ് റിയാല്‍ മാറ്റി രൂപയാക്കി കൈയില്‍ വെച്ചത് പോരാഞ്ഞിട്ട് പേഴ്സില്‍ ബാക്കിയായ, പഴക്കംകൊണ്ട് പിഞ്ഞിത്തുടങ്ങിയ റിയാല്‍ വരെ പിഴിഞ്ഞെടുത്തു, വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനം കയറുമ്പോഴുണ്ടാവുന്ന അവസ്ഥയില്‍ പുറത്തേക്ക്. പുറത്തേക്കുള്ള വഴിയറിയാതെ വഴിയില്‍ തടഞ്ഞുനില്‍ക്കുമ്പോള്‍ സുരക്ഷാഭടന്റെ തുറിച്ച നോട്ടവും ആക്രോശവും തോളില്‍പിടിച്ചു തള്ളലും.

താക്കോല്‍ കറക്കി ടാക്സിയില്‍ ചാരി ഒരു മൃദുഹാസത്തോടെ ഡ്രൈവര്‍ നോക്കിനില്‍ക്കുമ്പോള്‍ ട്രോളി ഡിക്കിയുടെ അടുത്തേക്ക് വലിച്ചടുപ്പിച്ച് ശാരീരികാവശതകള്‍ മറക്കാന്‍ ശ്രമിച്ച് ഏന്തിവലിഞ്ഞ് ബാപ്പ സാധനങ്ങള്‍ എടുത്തുവെക്കാന്‍ സഹായിക്കുന്നു. എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തുകടക്കുമ്പോള്‍ ഒരാശ്വാസത്തിനായി ശംഖുമുഖം കടപ്പുറത്തേക്ക്, കടലിന്റെ അപാരതയിലേക്ക് വെറുതെ നോക്കി. അതിനക്കരെ സ്വപ്ന ഭൂമിയില്‍നിന്നുള്ള ഓര്‍മകളില്‍ അമര്‍ന്ന് സീറ്റിലേക്ക് ചാരുമ്പോള്‍ വാഹനം ഒരു ഗട്ടറില്‍ വീണ് ആകെ ഒന്നുലയുന്നു. മുമ്പ് എത്രയോ കാലം പൊളിഞ്ഞു തകര്‍ന്നു കിടന്ന റോഡായിരുന്നു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് കണിയാപുരംവരെയുള്ള ഈ റോഡ്. ഒത്തിരി പരാതികളും നിവേദനങ്ങളുമൊക്കെ വേണ്ടിവന്നു ഒന്ന് നന്നാക്കാന്‍. അന്ന് നെടുമ്പാശേãരിയില്‍ വിമാനത്താവളമുണ്ടായിരുന്നില്ല; കരിപ്പൂരിലും. കേരളത്തിലെ മിക്ക പ്രവാസികളും വന്നിറങ്ങി വീടെത്തുകയോ ഗള്‍ഫിലേക്ക് ചേക്കേറുകയോ ചെയ്തിരുന്നത് ഈ പാതയിലൂടെയായിരുന്നു. അതേസമയം, കിഴക്കേക്കോട്ടയില്‍നിന്ന് കോവളത്തേക്ക് സുഖസുന്ദരമായ പാതയുണ്ടായിരുന്നു. കാരണം, അതുവഴി വന്നുപോകുന്നവര്‍ സായിപ്പുമാരായിരുന്നു. ഈ വിവേചനം എല്ലായിടത്തും കണ്ടു. അത് തിരിച്ചറിയാന്‍ കഴിയുന്നത് പ്രവാസിയായപ്പോഴാണല്ലോ എന്ന് പെട്ടെന്നോര്‍ത്തു.

വീട്ടിലെത്തി ഒന്നു മയങ്ങി ഉണരുമ്പോഴേക്കും കാണാന്‍ പലരെത്തി. പഴയ സുഹൃത്തുക്കളില്‍ പലരുമുണ്ട്. പരിചയമില്ലാത്തവരുമുണ്ട്. അവരില്‍ ചിലര്‍ എല്‍.ഐ.സി ഏജന്റുമാരായിരുന്നു. മറ്റു പലതിന്റെയും ഏജന്റുമാരുമുണ്ടായിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടത് ഒന്ന്^എന്നാണ് മടക്കം? വേണ്ടതും ഒന്ന്^ പണം. അവര്‍ കണക്ക് പറഞ്ഞ് പണവും വാങ്ങി പടിയിറങ്ങി. ജീവിതം ആയുഷ്കാലത്തേക്ക് സുരക്ഷിതമായി എന്ന ആശ്വാസത്തോടെ കിടന്നുറങ്ങി. പിന്നീട് വന്നത് പലതരം പിരിവുകാരാണ്. പള്ളിക്കാര്, പാര്‍ട്ടിക്കാര്. അപ്പോഴോര്‍ത്തത് ഇതുപോലെ കൈനീട്ടാന്‍ ഇമ്മിണി വലിയ ആളുകള്‍ വിസയെടുത്ത് അവിടെയുമെത്തുന്നുണ്ടല്ലോ എന്നാണ്. ചോദിച്ചവര്‍ക്കൊക്കെ കൊടുത്ത്, മാസമൊന്ന് തികയുംമുമ്പ് ഓട്ടക്കീശയായി.

രണ്ടാമത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് കോഴിക്കോടുകാരന്‍ മൊയ്തുക്കയുടെ ദുരന്തകഥ അറിഞ്ഞത്. സമീപത്തുള്ള ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്നു മൊയ്തുക്ക. നാടറിയുന്ന കോണ്‍ഗ്രസുകാരന്‍^ എല്ലാ ആഗസ്റ്റ് 15നും ജനുവരി 26നും അതിരാവിലെ ഉണര്‍ന്ന് ഖദറിട്ട് ടാക്സി പിടിച്ച് എംബസിയിലേക്ക് പോകും. അംബാസഡര്‍ ദേശീയ പതാകയുയര്‍ത്തുമ്പോള്‍ വാനിലുയര്‍ന്ന് പറക്കുന്ന പതാകയിലേക്ക് നോക്കി സല്യൂട്ടടിക്കും. ആ മൊയ്തുക്ക അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ദേശദ്രോഹിയായി മുദ്രകുത്തപ്പെട്ട് ജയിലിലായ വിവരമറിഞ്ഞ് ഞെട്ടിപ്പോയി. എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. പിന്നെയാണ് കാര്യങ്ങള്‍ വിശദമാവുന്നത്. ഇന്ത്യന്‍ മാതാവിന് പാക് പൌരനിലുണ്ടായ ഒരു മകന്‍ മൊയ്തുക്കയുടെ മരുമകനായി പോയതായിരുന്നു ദേശീയ സുരക്ഷാ ഏജന്‍സികളുടേതടക്കം കനത്ത ചോദ്യം ചെയ്യലിനും ജയില്‍വാസത്തിനും പാസ്പോര്‍ട്ട് പിടിച്ചുവെക്കലിനും ദേശദ്രോഹ പട്ടം ചാര്‍ത്തലിലേക്കും നയിച്ചത്. ജയിലിലായിരിക്കുമ്പോള്‍ തന്നെ വിസയുടെ കാലാവധി കഴിഞ്ഞു. ചാര്‍ത്തിക്കിട്ടിയ ദേശദ്രോഹ പട്ടുംവളയുമായി ജന്മനാട്ടില്‍ തന്നെ അടങ്ങിയൊതുങ്ങി കഴിയുകയാണ് മൊയ്തുക്ക.

അടുത്ത യാത്രയിലാണ് എയര്‍പോര്‍ട്ടില്‍ കസ്റ്റംസുകാര്‍ മണിക്കൂറുകളോളം പിടിച്ചുവെച്ച് ഞെക്കിപ്പിഴിഞ്ഞത്. ഭാര്യക്കും ഉമ്മക്കും വേണ്ടി വാങ്ങിയ നാലഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങളായിരുന്നു കാരണം. കനത്ത ഭീഷണി. ഒടുവില്‍ കൈയിലുള്ള കറന്‍സികളെല്ലാം അവര്‍ കവര്‍ന്നെടുത്തു. സ്വര്‍ണം നഷ്ടപ്പെടാതെ കിട്ടിയ ആശ്വാസത്തോടെയാണ് അന്ന് വീട്ടിലെത്തിയത്. നമ്മുടെ എയര്‍പോര്‍ട്ടുകളില്‍ ഓരോ ദുരനുഭവങ്ങള്‍ നേരിടുമ്പോഴാ
ണ് ഗള്‍ഫിലെ എയര്‍പോര്‍ട്ടുകളുടെ മഹത്ത്വമറിയുക. സ്വന്തംനാട്ടില്‍ കിട്ടുന്നതിനേക്കാള്‍ എത്രയോ മാന്യമായ സ്വീകരണമാണ് അന്യനാട്ടില്‍ പണിയിരന്ന്ചെന്നിട്ടുപോലും കിട്ടുന്നത്...

വര്‍ഷം പലതു കഴിയുന്നതിനിടയില്‍ ഒരിക്കല്‍ ആ അത്യാഹിതവും സംഭവിച്ചു. ഇതിനിടയില്‍ വളര്‍ന്നുപന്തലിച്ച സ്പോണ്‍സറുടെ സ്ഥാപനങ്ങളിലെ പ്രധാന കണക്കെഴുത്തുകാരനായ മലയാളി ലക്ഷക്കണക്കിന് റിയാല്‍ കണക്കില്‍ തിരിമറി കാട്ടി തട്ടിയെടുത്തു മുങ്ങി. സ്പോണ്‍സര്‍ തളര്‍ന്നുപോയി. അയാളുടെ സ്ഥാപനങ്ങള്‍ ഒന്നൊന്നായി പൊട്ടി. നിവൃത്തിയില്ലാതെ അയാള്‍ ഷട്ടറിട്ടു. തൊഴിലാളികളോട് പുറത്തുപോയി ജോലി തേടാന്‍ ആ നല്ലവനായ തൊഴിലുടമ നിര്‍ദേശിച്ചു. അങ്ങനെ കിട്ടിയ തൊഴിലില്‍ ജീവിതത്തിന്റെ ശിഷ്ടഭാഗം കഴിച്ചുകൂട്ടുന്നു.

ഇത്രയും കാലത്തിനിടയില്‍ പലതും കണ്ടു, പലതുമറിഞ്ഞു. പ്രവാസിയെന്ന കറവപ്പശുവിനെ പിഴിയുന്നവരെയാണ് ഏറെയും കണ്ടത്. അവരില്‍ എല്ലാവരുമുണ്ട്. ഗള്‍ഫുകാരനെന്ന് അറിഞ്ഞാല്‍ കൈക്കൂലിയുടെ തുക ഉയര്‍ത്തുന്നതും കൊള്ളയടിക്കുന്നതും കസ്റ്റംസുകാരന്‍ മാത്രമല്ല, വില്ലേജ് ഓഫിസര്‍ വരെ ആ നിര നീണ്ടതാണ്.


മാധ്യമം ആഴ്ചപതിപ്പ്
പ്രവാസി പതിപ്പ് (2010 ജൂണ്‍ 14)

Monday, June 14, 2010

പ്രവാസി പത്രപ്രവര്‍ത്തകന്റെ കൃതി കമല്‍ സിനിമയാക്കുന്നു

റിയാദ്: സൌദിയിലെ പ്രമുഖ മലയാളി പത്രപ്രവര്‍ത്തകന്‍ കെ.യു. ഇഖ്ബാലിന്റെ രചന പ്രശസ്ത സംവിധായകന്‍ കമല്‍ സിനിമയാക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഭാഷാപോഷിണി വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ച 'ഗദ്ദാമ' എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് സിനിമ രൂപപ്പെടുന്നത്. തിരക്കഥ രചനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. സൌദി അറേബ്യയിലെ അല്‍ ഖസീം പ്രവിശ്യയില്‍ വീട്ടുജോലിക്കെത്തിയ മലയാളി യുവതിയുടെ ജീവിതത്തിന്റെ അനുഭവ സാക്ഷ്യമാണ് ലേഖനം. സാധാരണ വീട്ടുജോലിക്കാരികളുടേതില്‍നിന്ന് വ്യത്യസ്തമായി ജോലി ചെയ്യുന്ന സ്ഥലത്തോ പരിസരങ്ങളിലൊ ഒരു തരത്തിലുള്ള പീഡനത്തിനും ഇരയാകാത്ത 'സുബൈദ' എന്ന വീട്ടുജോലിക്കാരി ബന്ധുക്കളുടെ നിരാസത്തെ തുടര്‍ന്ന് അനുഭവിക്കുന്ന കടുത്ത മാനസിക പീഡനമാണ് ലേഖനത്തിലെ വിഷയം.