Sunday, July 26, 2009

അവസാനം, ഞാനും അവരിലൊരാളായി...

സ്വന്തം വീട്ടില്‍ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച് വിഖ്യാത ചരിത്രകാരനും ഹാര്‍വാഡ് സര്‍വകലാശാല അധ്യാപകനുമായ ഹെന്റി ലൂയിസ് ഗേറ്റ്സിനെ കാംബ്രിഡ്ജ് പോലിസ് അറസ്റ്റ് ചെയ്ത് കൈവിലങ്ങുവെച്ച് ജയിലിലടച്ച സംഭവം ലോകമെങ്ങും കോളിളക്കമുണ്ടാക്കുകയാണ്. കറുത്ത വര്‍ഗക്കാരനായതില്‍ താനനുഭവിച്ച അധിക്ഷേപത്തെക്കുറിച്ച് ഹെന്റി ലൂയിസ് ഗേറ്റ്സ് എഴുതുന്നു...

അമേരിക്കയിലെ വംശീയതയെക്കുറിച്ച് പഠിക്കുന്നതിനാണ് ജീവിതത്തിന്റെ ഭൂരിഭാഗവും ഞാന്‍ ഉപയോഗിച്ചത്. ആണവാനന്തര കാലത്തും മനുഷ്യരില്‍ വംശീയതയുടെ വിത്തുകള്‍ എത്രമാത്രം വീണുകിടക്കുന്നു എന്ന് കണ്ടെത്താനുള്ള നീണ്ട അന്വേഷണങ്ങളായിരുന്നു അവ. എന്നാല്‍, ഒരിക്കലും ഞാന്‍ ഓര്‍ത്തില്ല, കറുത്തവനായതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട ഒരാളെന്ന നിലയില്‍ എനിക്ക് സ്വയം പഠിക്കേണ്ടിവരുമെന്ന്.

പത്ത് ലക്ഷം കറുത്ത വര്‍ഗക്കാര്‍ അമേരിക്കന്‍ ജയിലിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഞാനും അവരിലൊരാളായി. ഇത് നിഷ്ഠൂരമായ അനുഭവമാണ്. ക്രിമിനല്‍ നീതിന്യായ സംവിധാനം രാജ്യത്തെ കറുത്ത വര്‍ഗക്കാരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ നേരനുഭവം. വംശീയതയെക്കുറിച്ച് സംസാരിക്കുന്നത്ര എളുപ്പമല്ല അത് അനുഭവിച്ചറിയുന്നത്.
'അമേരിക്കയുടെ മുഖങ്ങള്‍' എന്ന ഡോക്യുമെന്ററിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചൈനയിലായിരുന്ന ഞാന്‍ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. യാത്ര കഴിഞ്ഞ് വരുമ്പോള്‍ കൈയില്‍ മൂന്നു വലിയ ബാഗുകളുണ്ടായിരുന്നു. ജമൈക്കക്കാരനായ ഡ്രൈവര്‍ അവയെടുത്ത് വീടിന്റെ മുന്‍വാതിലിനു മുന്നിലെത്തിച്ചു. വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അതനങ്ങിയില്ല. ഏറെ കഷ്ടപ്പെട്ട് വാതിലിന്റെ ഒരുവശം തുറക്കാന്‍ നോക്കിയപ്പോള്‍, കുടുങ്ങിയെന്നു തോന്നി. വാതില്‍ തുറക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. കത്തുകള്‍ എടുക്കാനെത്തിയ സെക്രട്ടറി അബദ്ധത്തില്‍ വാതില്‍ അടച്ചപ്പോള്‍ സംഭവിച്ചതാവാം. കുറേനേരം തള്ളിയിട്ടും ഫലം കാണാതായപ്പോള്‍ ഞാന്‍ പറഞ്ഞു, 'നമുക്ക് വാതിലിലൂടെ നൂഴ്ന്നു നോക്കാം.' ഡ്രൈവര്‍ സമ്മതിച്ചു. അരികിലൂടെ നൂഴ്ന്ന്, എല്ലാ ശക്തിയും പ്രയോഗിച്ചു തള്ളിയപ്പോള്‍ വാതില്‍ ഇത്തിരി തുറന്നുവന്നു. ഒരുവിധം അതിനിടയിലൂടെ അകത്തേക്കു കടന്നു.

ഇതെല്ലാം കാണുന്നുണ്ടായിരുന്ന അയല്‍ക്കാരന്‍ ഇതിനകം പോലിസിനെ വിളിച്ചിരുന്നെന്ന് പിന്നീടറിഞ്ഞു. രണ്ട് കറുത്തവന്‍മാര്‍ വീട്ടില്‍ നുഴഞ്ഞുകയറുന്നുവെന്നായിരുന്നു അവരുടെ പരാതി. വാതില്‍ കേടായ വിവരം സര്‍വകലാശാല മെയിന്റനന്‍സ് വിഭാഗത്തില്‍ അറിയിക്കാന്‍ ഞാന്‍ ഫോണെടുത്തപ്പോഴേക്കും പോര്‍ച്ചില്‍ പോലിസ് വാഹനം വന്നുനിന്നിരുന്നു. 'പുറത്തേക്ക് വരണം' പരുക്കന്‍ സ്വരത്തില്‍ അയാള്‍ ഗര്‍ജിച്ചു. ഞാനതിന് തയാറായില്ല. അത് നന്നായെന്ന് പിന്നീട് എന്റെ അഭിഭാഷകന്‍ പറഞ്ഞു. അങ്ങനെ ചെയ്തിരുന്നെങ്കില്‍, വാതില്‍ പൊളിച്ചുകടന്നതിന് അയാള്‍ ഉടന്‍ അറസ്റ്റു ചെയ്തേനെ.
'വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറിയ പരാതി അന്വേഷിക്കാന്‍ വന്നതാണ് ഞാന്‍' ^അയാള്‍ പറഞ്ഞു. 'ഇതെന്റെ വീടാണ്. ഞാന്‍ ഹാര്‍വാര്‍ഡിലെ പ്രൊഫസറാണ്. പരിഹാസ്യമാണ് ഈയാരോപണം' ^ഞാന്‍ പറഞ്ഞു. 'ഓഹോ, എങ്കില്‍ അക്കാര്യം തെളിയിക്കണം' ^അയാള്‍ പുച്ഛത്തോടെ പറഞ്ഞു.അടുക്കളയില്‍ ചെന്ന് പഴ്സ് തുറന്ന് സര്‍വകലാശാലയുടെ തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവറുടെ ലൈസന്‍സും ഞാനയാളെ കാണിച്ചു. ഒന്നും മിണ്ടാതെ അയാളത് നോക്കിനിന്നു. രണ്ട് കറുത്തവര്‍ വാതില്‍ കുത്തിത്തുറന്ന് വീടിനകത്തു കയറിയ കഥ അയാളുടെ മനസ്സില്‍ കത്തിയിരിക്കണം. പുറത്തേക്കിറങ്ങി നില്‍ക്കാന്‍ അയാളെന്നോട് ആജ്ഞാപിച്ചു. അയാളുടെ പെരുമാറ്റത്തില്‍ എനിക്ക് പരാതിയുണ്ടെന്നും അയാളുടെ പേരും ബാഡ്ജ് നമ്പറും വ്യക്തമാക്കണമെന്നും ഞാനാവശ്യപ്പെട്ടു. അയാള്‍ മറുപടി തന്നില്ല. മൂന്നു തവണ ഞാന്‍ ആവര്‍ത്തിച്ചു. അയാള്‍ ക്രൂദ്ധനായി നോക്കുക മാത്രം ചെയ്തു.

'ഞാന്‍ കറുത്തവനും നിങ്ങള്‍ വെളുത്തവനുമാണ്. എനിക്ക് മറുപടി തരാത്തത് അതുകൊണ്ടു മാത്രം' ^ഞാന്‍ പറഞ്ഞു.ഉടനയാള്‍ രൂക്ഷമായി എന്നെ നോക്കി. 'പുറത്തേക്ക്' കടുപ്പത്തില്‍ അയാള്‍ പറഞ്ഞു. അയാള്‍ക്കു പുറകെ ഞാനും ചെന്നു. പേരോ ബാഡ്ജ് നമ്പറോ വെളിപ്പെടുത്തിയതേയില്ല. പോര്‍ച്ചില്‍, അപ്പോഴേക്കും നിറയെ പോലിസായിരുന്നു. അതിലൊരു ഉദ്യോഗസ്ഥനോട്, എന്റെ വീട്ടില്‍ കയറിവന്ന പോലിസുകാരന്റെ പേരും ബാഡ്ജ് നമ്പറും ഞാന്‍ അന്വേഷിച്ചു. 'യു ആര്‍ അണ്ടര്‍ അറസ്റ്റ്' അതായിരുന്നു മറുപടി. എന്റെ കൈകള്‍ പിന്നിലേക്ക് കൂട്ടിപ്പിടിച്ച് അയാള്‍ വിലങ്ങണിയിച്ചു. 'എനിക്കിങ്ങനെ നടക്കാനാവില്ല.' പ്രതിഷേധിച്ചപ്പോള്‍ പിറകില്‍ കെട്ടിവെച്ച കൈകള്‍ മുന്നിലേക്ക് മാറ്റി വിലങ്ങുവെച്ചു. അപ്പോഴേക്കും റോഡില്‍ ആള്‍ക്കൂട്ടമായി കഴിഞ്ഞിരുന്നു. കൈ വിലങ്ങണിയിച്ച് ക്രിമിനലിനെപ്പോലെ കാറിനടുത്തേക്ക് നടത്തിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, 'ഇങ്ങനെയാണോ, അമേരിക്കയില്‍ നിങ്ങള്‍ കറുത്തവരെ കൈകാര്യം ചെയ്യുന്നത്?'
കാംബ്രിഡ്ജ് ജയിലിലേക്കാണ് അവരെന്നെ കൊണ്ടുപോയത്. അതിനിടെ, അറസ്റ്റ് രേഖപ്പെടുത്തി. വിരലടയാളമെടുത്തു. ചോദ്യമാരംഭിച്ചു. നിന്ദ്യം എന്നല്ലാതെ അവരുടെ പെരുമാറ്റത്തെ വിശേഷിപ്പിക്കാനാവില്ല. അവരെന്റെ ബെല്‍റ്റ് അഴിച്ചു. പഴ്സ് എടുത്തുമാറ്റി. താക്കോലുകള്‍ ചോദിച്ചുവാങ്ങി, പണം എണ്ണി നോക്കി.'നിങ്ങളെ 40 ഡോളര്‍ ജാമ്യത്തിന് വിടാം. അത്രയും തുക പഴ്സിലുണ്ടെന്ന് ഉറപ്പായല്ലോ' ^എന്ന് കാശെണ്ണിയ പോലിസുകാരന്‍ പറഞ്ഞു. അപമാനകരമായിരുന്നു ആ അവസ്ഥ. എനിക്കാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

നാലു മണിക്കൂര്‍ അവിടെ കഴിഞ്ഞു. പുറത്തുപോവണമെന്ന് പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു, നിങ്ങളുടെ മൂന്നു ചങ്ങാതിമാര്‍ പുറത്തുവന്നിട്ടുണ്ട്.' കൂടിക്കാഴ്ചാ മുറിയില്‍ അവരെ കണ്ടു. സഹപ്രവര്‍ത്തകര്‍. ഹാര്‍വാര്‍ഡിലെ മുതിര്‍ന്ന അധ്യാപകര്‍. കുറേ കഴിഞ്ഞപ്പോള്‍, മജിസ്ട്രേറ്റ് വന്നു. ഏതൊക്കെയോ കടലാസുകളില്‍ ഒപ്പുവെച്ച ശേഷം പുറത്തിറങ്ങാനായി. പോലിസിനോട് ഉച്ചത്തില്‍ സംസാരിച്ചെന്നും ബഹളംവെച്ചെന്നുമാണ് എനിക്കെതിരെയുള്ള പരാതി. എന്നാല്‍, ചൈനയില്‍വെച്ച് തൊണ്ട അടഞ്ഞതിനാല്‍ ഇപ്പോള്‍പോലും എനിക്ക് ഉച്ചത്തില്‍ സംസാരിക്കാന്‍ പ്രയാസമാണ്.
(ഗള്‍ഫ് മാധ്യമം 2009 ജൂലൈ 24)

Saturday, July 25, 2009

'അഞ്ചുവര്‍ഷത്തിനകം സൌദിയില്‍ കോടിയിലേറെ തൊഴിലവസരങ്ങള്‍'

റിയാദ്: സൌദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വന്‍തോതില്‍ തൊഴിലവസരങ്ങളുണ്ടാവുമെന്ന് റിയാദ് ചേംബര്‍ ഓഫ് കൊമേഴ്സ് നടത്തിയ പഠനത്തില്‍ പറയുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ കോടിയിലേറെ തസ്തികകളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വന്‍ എകണോമിക് സിറ്റിയുള്‍പ്പെടെയുള്ള വാണിജ്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് 2014ഓടെയാണ് ഇത്രയേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. പുതിയ പദ്ധതികളിലൂടെ 10.8 ദശലക്ഷം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 5.45 ദശലക്ഷം സ്വദേശികള്‍ക്കും 5.4 ദശലക്ഷം വിദേശികള്‍ക്കും ലഭിക്കും. സമീപകാലത്ത് സ്വദേശികള്‍ക്കിടയില്‍ കൂടിവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ ഇത്കൊണ്ട് സാധിക്കും. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 10.5 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലൂടെ 2014 ആകുമ്പോഴേക്കും അത് 7.14 ശതമാനമായി കുറക്കാന്‍ കഴിയും. എന്നാല്‍ അഭൂതപൂര്‍വമായ തോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമ്പോഴും തൊഴിലില്ലായ്മ നിരക്ക് ഇത്രകണ്ട് കുറഞ്ഞാല്‍ പോരാ എന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. തൊഴില്‍രഹിതരായ സ്വദേശി യുവാക്കള്‍ക്ക് വിദേശ തൊഴിലാളികള്‍ ചെയ്യുന്ന പല ജോലികളിലും വേണ്ടത്ര വൈദഗ്ധ്യമില്ലാത്തതാണ് ഇതിന് കാരണമത്രെ. ഭാവിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടാലും സ്വദേശികളുടെ അനുപാതം സ്വകാര്യ മേഖലയില്‍ കുറയാനാണ് സാധ്യത. കഴിഞ്ഞ ഏഴുവര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ വാണിജ്യ, ഉദ്പാദന രംഗത്തും സേവന മേഖലയിലും സ്വദേശികള്‍ വേണ്ടത്ര തൊഴില്‍ സന്നദ്ധത കാണിക്കുന്നില്ലെന്നാണ് പഠനത്തില്‍ തെളിയുന്നത്. തൊഴിലില്ലായ്മ നിലനില്‍ക്കുമ്പോള്‍ തന്നെ തൊഴിലിനോടുള്ള താല്‍പര്യക്കുറവ് തുടരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്തും സാങ്കേതിക പരിശീലനങ്ങളിലും ഇതേ വിമുഖത പ്രകടമാണ്. തൊഴില്‍ രംഗത്ത് കാര്യക്ഷമതയും കഴിവും പോഷിപ്പിക്കാനുതകുന്ന പരിശീലന പദ്ധതികളും കേന്ദ്രങ്ങളും സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പഠനം ഊന്നിപ്പറയുന്നുണ്ട്. വൈദ്യരംഗത്തും എഞ്ചിനീയറിംഗ് മേഖലയിലും രാജ്യത്തിന് മൊത്തം ആവശ്യമായതിന്റെ 12.5 ശതമാനമാണ് സ്വദേശി പങ്കാളിത്തം. 2007ലെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം തൊഴില്‍മേഖലയില്‍ 54.4 ശതമാനം വിദേശ തൊഴിലാളികളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. യോഗ്യതയുടെ അഭാവവും നിയമപരമായ പരിമിതികളും തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ അനുപാതം കുറയാന്‍ കാരണമാവുന്നു. സ്വദേശി ഉദ്യോഗസ്ഥരില്‍ 8.1ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. സ്ത്രീകള്‍ക്ക് അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടും പല സ്വകാര്യ സ്ഥാപനങ്ങളും അവരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഇപ്പോഴും വിമുഖത കാട്ടുകയാണെന്ന് പഠനത്തില്‍ പറയുന്നു.
നജിം കൊച്ചുകലുങ്ക്

Tuesday, July 14, 2009

എടയ്ക്കല്‍ ഗുഹയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍


ലോകപ്രശസ്തമായ വയനാട്ടിലെ എടക്കല്‍ ഗുഹയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. പൌരാണികമായ ശിലാലിഖിതങ്ങളാലും പാറപിളര്‍ത്തി പ്രകൃതിയൊരുക്കിയ ഗുഹയുടെ വിസ്മയകരമായ നിര്‍മ്മിതിയാലും ലോക ശ്രദ്ധയാകര്‍ഷിച്ച ഈ പൈതൃകത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ വൃത്തിഹീനമാക്കുന്നത് അവിടെ വിനോദ സഞ്ചാരം നടത്തി വരുമാനമുണ്ടാക്കുന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ അശ്രദ്ധയും അലംഭാവവുമാണ്. സുല്‍ത്താന്‍ ബത്തേരിയ്ക്കും അമ്പലവയലിനുമിടയില്‍ അമ്പുകുത്തി മലയിലെ രണ്ട് ശിലാഗുഹകളുള്‍പ്പെടുന്ന ഈ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ചരിത്ര സ്മാരകം ദേശീയ പുരാവസ്തു വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതും ലോക പൈതൃക പട്ടികയിലിടം നേടിയതുമാണ്. വിദേശികളടക്കമുള്ള അനേകം ചരിത്ര കുതുകികളും പുരാവസ്തു വിദഗ്ധരും ദിനം പ്രതി ഇവിടെ വന്നുപോകുന്നുണ്ട്. സ്വാഭാവികമായും വിനോദ സഞ്ചാരികളെയും ഈ പ്രകൃതി വിസ്മയം ആകര്‍ഷിക്കുന്നുണ്ട്. ട്രക്കിംഗിനെത്തുന്നവരും അമ്പുകുത്തി മലയിലേക്കുള്ള വഴി മദ്ധ്യേ ഇവിടം സന്ദര്‍ശിക്കുന്നു. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നല്ല വരുമാനമുണ്ടാക്കുന്നുണ്ട് ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍. എന്നാല്‍ പ്ലാസ്റ്റിക് രഹിതമായിരിക്കേണ്ട വനമേഖലയിലുള്ള ഒരു കേന്ദ്രത്തില്‍ അതിന് വേണ്ട ജാഗ്രത പുലര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ശിലാ ലിഖിതങ്ങളുള്ള പ്രധാന ഗുഹയുടെ ഒരു മൂലയില്‍ രണ്ട് പാറകള്‍ ചേരുന്നയിടത്തെ വിടവിലാണ് പ്ലാസ്റ്റിക് കുപ്പികളുടെ മാലിന്യങ്ങള്‍ നിറഞ്ഞ് കിടക്കുന്നത്. വിനോദ സഞ്ചാരികള്‍ വലിച്ചെറിയുന്ന കുടിവെള്ള ബോട്ടിലുകളാണിവ. 15 അടിയിലേറെ ആഴത്തില്‍ നേരിയ വ്യാസം മാത്രമുള്ള വിടവില്‍ കൂമ്പാരമായി നിറയുന്ന ഇവയെ അത്രയെളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയില്ല എന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ കൂട്ടത്തില്‍ മദ്യകുപ്പികള്‍ വരെയുണ്ടെന്ന് കാണാം. പാറക്കെട്ടുകള്‍ക്കും വൃക്ഷങ്ങളുടെ ഉയര്‍ന്നുനില്‍ക്കുന്ന വേരുകള്‍ക്കുമിടയിലൂടെ അപകട സാധ്യതയേറിയ കുത്തനെയുള്ള കയറ്റം കയറി വരുന്നവരുടെ കൈവശം മദ്യക്കുപ്പികളുണ്ടാവുന്നതും അത്ര ആശാസ്യകരമല്ലല്ലൊ. സ്ത്രീകളും കുട്ടികളും വിദേശികളുമായി നൂറുകണക്കിനാളുകള്‍ വന്നുപോകുന്നയിടത്ത് മദ്യപന്മാരെ കയറ്റിവിടുന്നതിന്റെ അപകടത്തെ കുറിച്ച് പ്രത്യേകിച്ചോര്‍മ്മപ്പെടുത്തേണ്ടതില്ല. ആദ്യ ഗുഹയുടെ കവാടത്തിനരുകില്‍ പ്രമോഷന്‍ കൌണ്‍സിലിന്റെ ടിക്കറ്റ് കൌണ്ടറുണ്ട്. പരിശോധകരുമുണ്ട് വഴി നീളെ. ഗുഹയിലാവട്ടെ ഗൈഡുകളും സെക്യൂരിറ്റി ഉദ്യോഗസ്ഥരും. പോക്കറ്റിലൊളിപ്പിച്ച മൊബൈല്‍ ഫോണ്‍ രൂപത്തിലുള്ള കാമറ വരെ കണ്ടെത്തി അതിന് ടിക്കറ്റെടുപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആളുകളുടെ കൈവശമുള്ള കുടിവെള്ള കുപ്പികളും മദ്യകുപ്പികളും എന്തുകൊണ്ടു കാണാന്‍ കഴിയുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിയിലാണെന്നു കരുതി വിലക്കാനാവില്ല എന്ന ന്യായീകരണം തള്ളിക്കളയാവതല്ല. കുത്തനെയുള്ള കയറ്റം വെള്ളം കുടിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ കുപ്പിവെള്ളം നിരോധിക്കാനാവില്ല. കുന്നുകയറി ഗുഹയിലെത്തുമ്പോഴേക്കും വെള്ളം കുടിച്ചു ഒഴിയുന്ന കുപ്പി വലിച്ചെറിയാനെ തരവുമുള്ളൂ. വെറുതെ താഴേയ്ക്ക് ചുമക്കേണ്ടതില്ലല്ലൊ. അങ്ങനെയാണ് സഞ്ചാരികള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഏറ്റവുമുചിതമായ സ്ഥലമായി കണ്ട് ഗുഹാ ഭിത്തിയിലെ വിടവിലേക്ക് വലിച്ചെറിയുന്നത്. ഇങ്ങിനെ നൂറുകണക്കിന് കുപ്പികള്‍ ഈ ഭാഗത്ത് ദിവസവും വീഴുകയാണ്. എന്നാല്‍ മാലിന്യ നിക്ഷേപത്തിന് ആളുകള്‍ കണ്ടെത്തിയ സ്ഥലമാകട്ടെ ഗുഹയിലെ ഏറ്റവും വിസ്മയകരവും മനോഹരവുമായ ഭാഗമാണെന്നതാണ് ദൌര്‍ഭാഗ്യകരം. പാറ പിളര്‍ത്തി ഗുഹയുണ്ടാക്കിയ പ്രകൃതിയുടെ ശില്‍പ ചാതുര്യം വിളിച്ചോതുന്നതാണ് പരസ്പരം തൊടാതെ കൃത്യമായ അളവില്‍ വെട്ടിയൊരുക്കിയ ഭിത്തികളായി മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന രണ്ട് ശിലാഗ്രങ്ങള്‍. ഗുഹയ്ക്കുള്ളിലേക്ക് കാറ്റും വെളിച്ചവും കടക്കുന്ന ജാലകം പോലുള്ള ഈ വിടവാണ് ഇന്ന് മാലിന്യ നിക്ഷേപത്തിനുള്ള സ്ഥലമായി മാറിയിരിക്കുന്നത്. ഇപ്പോഴെങ്കിലും ശ്രദ്ധ വെച്ചില്ലെങ്കില്‍ ഒരിക്കലും നശിപ്പിക്കാനാവാത്ത പ്ലാസ്റ്റിക് മാലിന്യത്താല്‍ ഈ ജാലക വിസ്മയം അടഞ്ഞുപോകും. കുടിവെള്ളം മുട്ടിക്കാതെ തന്നെ പ്ലാസ്റ്റിക് കുപ്പികളുടെ മാലിന്യ ബാധയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപായം കുറച്ചകലെ മാനന്തവാടിക്കടുത്തെ കുറുവ ദീപിലെ മാക്കം കുറുവ വന സംരക്ഷണ സമിതിക്കാര്‍ പറഞ്ഞു തരും. കബനീ നദിയിലെ ഈ മനോഹര ദീപ സമൂഹത്തിലേക്ക് ടൂറിസ്റ്റുകളെ കടത്തിവിടുന്നത് ഇവരുടെ നേതൃത്വത്തിലാണ്. ദീപ സമൂഹവും വനമേഖലയും പ്ലാസ്റ്റിക് രഹിത മേഖലയാക്കി നിലനിര്‍ത്താന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗം മാതൃകാപരമാണ്. പ്രവേശന^കാമറ ഫീസുകള്‍ക്കൊപ്പം സഞ്ചാരികളുടെ കൈവശമുള്ള കുടിവെള്ള ബോട്ടിലുകള്‍ക്കും ബോട്ടിലൊന്നിന് 10 രൂപ വീതം ഫീസീടാക്കും. വെള്ളമൊഴിഞ്ഞാലും കുപ്പി ദീപിലുപേക്ഷിക്കാതെ മടക്കിക്കൊണ്ട് വന്നാല്‍ ഈ ഫീസ് മടക്കി കൊടുക്കും. ഇത് നല്ല പ്രയോജനം ചെയ്യുന്നുണ്ടെന്ന് വന വികസന സമിതിക്കാര്‍ പറയുന്നു. ഈ ഉപായം എടയ്ക്കല്‍ ഗുഹയിലും പ്രയോഗിച്ചുനോക്കാം.
നജിം കൊച്ചുകലുങ്ക്
ഫോട്ടോ: അജയന്‍ കൊട്ടാരക്കര

Wednesday, July 8, 2009

ഓര്‍മ്മയുടെ ഓളപ്പരപ്പിലൊരു ജഡം ഒഴുകിയൊഴുകി...

ബൈക്കപകടത്തില്‍ പെട്ട ചെറുപ്പക്കാരന്റെ ചുണ്ടുകള്‍ മെല്ലെ അടര്‍ന്നു. അതിന്റെ വക്കില്‍ ഉമിനീരിന്റെ പശ പിടിച്ചിട്ടുണ്ടായിരുന്നു. അതിലൂടെ അവന്റെ പല്ലുകള്‍ വെളിവായി. കൃഷ്ണമണികള്‍ പിറകോട്ട് വലിഞ്ഞു. മരണത്തിന്റെ വെളുപ്പ് അവനെ കീഴടക്കി. (സന്തോഷ് ഏച്ചിക്കാനത്തിന്റെ'കൊമാല'യെന്ന കഥയില്‍ നിന്ന്)
മരണം അനുഭവപ്പെടുന്നത് ഇങ്ങനെയാണ്. അപ്പോള്‍ ശവമോ? പെട്ടിയിലടച്ച അഞ്ചുമാസം പഴക്കമുള്ള മനുഷ്യ ജഡത്തിന് മണിക്കൂറുകളോളം കാവ ലിരുന്ന ഒരു രാത്രി, ഓര്‍മ്മയുടെ ഓളപ്പരപ്പില്‍ പൊങ്ങിക്കിടക്കുകയാണിപ്പോഴും , ചീര്‍ത്ത് വീര്‍ത്ത ജഡമായി...

അതൊരു വ്രതമാസ രാവായിരുന്നു. റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ഗോ ഡിവിഷന്റെ മുറ്റത്ത് നിരത്തിവെച്ച പെട്ടികളിലൊന്നില്‍ ആ ശവം സ്വസ്ഥമായി കിടന്നു. മോര്‍ച്ചറിയിലെ ശീതീകരണിയിലിരുന്ന നാളുകളില്‍ അടരുകളായി അതിനെ പൊതിഞ്ഞ മഞ്ഞ് ഇപ്പോള്‍ അലിഞ്ഞു തുടങ്ങിയിട്ടുണ്ടാവും. ഈര്‍പ്പം വിയര്‍പ്പ് തുള്ളികള്‍ പോലെ ആ ശരീരത്തെ നനച്ചു കുതിര്‍ത്തുന്നുണ്ടാവും.

അഞ്ചുമാസ പ്രായത്തിന്റെ ജഡത്വം ഉണക്കമീന്‍ പോലെയാക്കിയ ആ ശരീരം ഉഷ്ണമാപിനിയില്‍ 20എന്ന് രേഖപ്പെടുത്തുന്ന പുറത്തെ അന്തരീക്ഷോഷ്മാവിലിനിയും കുറച്ചുനേരം കൂടിയിരുന്നാല്‍ സംഭവിക്കാവുന്ന ദുരന്തമോര്‍ത്ത് ആശങ്കയിലായി ഞങ്ങള്‍. ശിഹാബ് കൊട്ടുകാട് നെട്ടോട്ടത്തിലാണ്. രാത്രി ഒമ്പതിന് റിയാദ് ശുമേസി ആശുപത്രി മോര്‍ച്ചറിയില്‍ നിന്നെടുത്ത ശവമാണ്. നാട്ടിലേക്കുള്ള വിമാനം പിറ്റേന്ന് രാവിലെ 11നും. എയര്‍പോര്‍ട്ട് കാര്‍ഗോ സെക്ഷനിലെത്തിച്ച മൃതദേഹം, അതുവരെ ഫ്രീസറില്‍ വെക്കാനുള്ള അനുമതിക്കായാണ് നെട്ടോട്ടം. ബോഡി എമിഗ്രേഷന്‍ ചെക്കിംഗിന് വിധേയമാക്കിയ ശേഷം കാര്‍ഗോ സെക്ഷനിലെ ശീതീകരണിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി രേഖ ലഭിക്കണം. ബന്ധപ്പെട്ട സെക്ഷനില്‍ ഉദ്യോഗസ്ഥനില്ല. റമദാന്‍ രാത്രിയിലെ സ്വാഭാവിക തിരക്കുകളില്‍ പെട്ട് ഉദ്യോഗസ്ഥന്‍ എവിടെയോ മറഞ്ഞിരിക്കുന്നു. പുറത്തെ ചൂടില്‍ ശവപ്പെട്ടിയുടെ ഇരിപ്പ് അപ്പോഴേക്കും നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ ഉദ്യോഗസ്ഥനെ എങ്ങനെയെങ്കിലും തേടിപ്പിടിച്ചേ കഴിയൂ എന്ന പരക്കം പാച്ചിലിലാണ് റിയാദില്‍ സാമൂഹിക സേവനത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന ശിഹാബ്. ശവപ്പെട്ടിക്ക് കാവല്‍ നില്‍ക്കാനുള്ള നിയോഗം ഞങ്ങളുടെ തലവരയില്‍ കുറിച്ചിട്ടതെപ്പോഴാണെന്ന് ഓര്‍ത്തുപോയി. കുറിപ്പുകാരനും മാധ്യമ സുഹൃത്ത് ഷഖീബ് കൊളക്കാടനും ഒരു കൌതുകത്തിന് ശിഹാബിനൊപ്പം ഇറങ്ങി പുറപ്പെട്ടതാണ്. 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി' എന്ന് യാന്ത്രികമായി എത്രയോ തവണ വാര്‍ത്തകളെഴുതിയിട്ടുണ്ടെങ്കിലും ശവങ്ങളെ അതിന്റെ ബന്ധുമിത്രാദികളിലേക്ക് യാത്രയയക്കാനുള്ള നടപടിക്രമങ്ങള്‍ ഇത്ര സങ്കീര്‍ണമാണെന്ന് അറിയില്ലായിരുന്നു. ആ അറിവ് തേടിയുള്ള യാത്രയാണ് ശവപ്പെട്ടിയുടെ കാവലിരിക്കുന്നതിലേക്കെത്തിച്ചത്. ആ അസ്വസ്ഥതകള്‍ക്കിടയിലും ചിന്തിച്ചുപോയത് ഇതുപോലെ നൂറുകണക്കിന് മൃതദേഹങ്ങളുമായി ഈ മുറ്റത്ത് പലതവണ വന്നുപോകുന്ന ശിഹാബിനെ പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തകരുടെ കാര്യമാണ്. മനസില്‍ ആദരവ് പെരുത്തു. സമയമിഴയുകയാണ്. നീട്ടിവളര്‍ത്തിയ മുടി മാടിയൊതുക്കുന്ന വിരലുകളില്‍ അസ്വസ്ഥതയുടെ വിറയല്‍ പടരുന്നത് മറച്ചുവെക്കാനാവാതെ ശിഹാബ് നിസഹായനാവുകയാണ്. നൂറുകണക്കിന് ശവങ്ങളുമായി ഇതുപോലെ പല തവണ ഈ മുറ്റത്ത് വന്നിട്ടുണ്ട്. അന്നൊന്നുമുണ്ടാകാത്ത അസുഖകരമായ ഒരവസ്ഥ.
അതാണ് ഈ പെട്ടിക്കുള്ളില്‍ കിടക്കുന്ന മാണിക്കമെന്ന തമിഴന്റെ കഥയെ വ്യത്യസ്തമാക്കുന്നത്. അത്തര്‍ മണത്തിനും പത്രാസിനുമപ്പുറത്തെ ഗള്‍ഫുകാരന്റെ ദൈന്യം നിറഞ്ഞ ജീവിതകഥയുടെ തുടര്‍ച്ച. ജീവനറ്റ ഈ ശരീരം തങ്ങള്‍ക്കാവശ്യമില്ലെന്ന് പ്രാണപ്രേയസിയും അരുമമക്കളും അറുത്തുമുറിച്ച് പറഞ്ഞു. ഒരു മനുഷ്യായുസ് മുഴുവന്‍ മരുഭൂമിയില്‍ വിയര്‍പ്പാക്കി കുടുംബത്തെ പോറ്റിയ ഒരു സാധാരണ പ്രവാസിയുടെ അനുഭവങ്ങളിലെ അപൂര്‍വമായൊരു ദുര്‍വിധി. റിയാദില്‍ ഒരു ഇലക്ട്രിക്കല്‍ ഹെല്‍പ്പറായിരുന്നു തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സ്വദേശി മാണിക്കം. കുറെ വര്‍ഷം ഇവിടെ ജോലിയെടുത്ത് കുടുംബത്തെ തന്നെ കൊണ്ടാവും വിധം പോറ്റി.മക്കള്‍ തന്നോളമെത്തി, നാട്ടില്‍ വിവിധ ജോലികളിലേര്‍പ്പെട്ട് കുടുംബത്തിന് മറ്റുവിധത്തില്‍ വരുമാനവും കൂടി. ഒരു സായാഹ്നത്തില്‍ ജോലികഴിഞ്ഞ് സൈക്കിളില്‍ താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ അറബി യുവാവിന്റെ കാറിടിച്ചാണ് ഇയാള്‍ മരിക്കുന്നത്. മൃതദേഹം സ്വാഭാവികമായും സര്‍ക്കാര്‍ ആതുരാലയമായ ശുമേസി ആശുപത്രി മോര്‍ച്ചറിയിലെത്തി. ദിവസങ്ങളും ആഴ്ചകളും പിന്നിട്ടിട്ടും അവകാശികളാരും എത്തിയില്ല. പോലിസ് ഇയാളുടെ ജോലിസ്ഥലം അന്വേഷിച്ചെത്തി. സഹപ്രവര്‍ത്തകരും നാട്ടുകാരുമായ ചില തമിഴ്നാട്ടുകാരെ കണ്ടുപിടിച്ചു. മുസ്ലിമിതര വിഭാഗങ്ങള്‍ക്ക് അവരുടെ ആചാരപ്രകാരമുള്ള മരണാനന്തര ക്രിയകള്‍ക്ക് ഇവിടെ സൌകര്യം പരിമിതമായതിനാല്‍ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കാനാണ് സൌദിയധികൃതര്‍ താല്‍പര്യമെടുക്കാറ്. (ഈ പ്രശ്നത്തിന് പരിഹാരമെന്നേണം റിയാദില്‍ നിന്ന് കിലോമീറ്റര്‍ അകലെ അല്‍ഖര്‍ജ് പട്ടണത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഒരു ശ്മശാനം അടുത്തിടെ സ്ഥാപിച്ചിട്ടുണ്ട് ). മാണിക്കത്തിന്റെ നാട്ടിലെ അവകാശികളുടെ സമ്മതപത്രം വാങ്ങി മൃതദേഹം അങ്ങോട്ടയക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇവരോട് പോലിസ് ആവശ്യപ്പെട്ടു. റിയാദിലെ നാട്ടുനടപ്പനുസരിച്ച് ഇവര്‍ നേരെ അഭയം തേടിയത് ശിഹാബ് കൊട്ടുകാടിനെ. പെട്ടെന്ന് തലയില്‍ നിന്ന് ഭാരം മറ്റൊരു ചുമലില്‍ മാറ്റിവെച്ച് അവര്‍ രക്ഷപ്പെട്ടു. ആശുപത്രിയധികൃതരും പോലിസും പിന്നീട് ശിഹാബിന്റെ പിന്നാലെയായി. റിയാദിലെ തമിഴ് നാട്ടുകാരായ ചില സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ശിഹാബ് മാണിക്കത്തിന്റെ തഞ്ചാവൂരിലെ കുടുംബത്തെ കണ്ടെത്തി. മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഭാര്യയുടെ സമ്മതപത്രം അയച്ചുതരണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ആരെയും ഞെട്ടിപ്പിക്കുന്ന പ്രതികരണമാണ് ഭാര്യയുടെയും മക്കളുടെയും ഭാഗത്തുനിന്നുണ്ടായത്. മരിച്ചുപോയെങ്കില്‍ മൃതശരീരം കിട്ടിയിട്ടെന്താ കാര്യം എന്ന ചോദ്യമാണ് മറുതലക്കല്‍ നിന്ന് കേട്ടത്. മൃതദേഹം തന്റെ തലയിലായെന്ന് ബോധ്യമായ ശിഹാബ് പിന്നീട് പലവഴികളുപയോഗിച്ച് കുടുംബത്തെ സ്വാധീനിക്കാനും സമ്മതപത്രം അയപ്പിക്കാനും ശ്രമമായി. തഞ്ചാവൂര്‍ ജില്ലാ കലക്ടര്‍ വരെ ഇടപെട്ടു. പോലിസിനെ വിട്ടു കുടുംബത്തെ വിരട്ടേണ്ടിവന്നു. ഒടുവില്‍ കുടുംബം ഒരു ഉപാധി വെച്ചു, പണം തന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാമെന്ന്! മൃതദേഹം ചെന്നൈയിലാണെത്തുക. അതുവരെപോയി ഏറ്റുവാങ്ങി തഞ്ചാവൂരില്‍ കൊണ്ടു വരാനുള്ള ചെലവ് വഹിക്കാന്‍ തങ്ങള്‍ക്ക് നിവൃത്തിയില്ല. മാണിക്കം മരുഭൂമിയില്‍ കിടന്ന് ചോര നീരാക്കി പഠിപ്പിച്ച് നാട്ടില്‍ ഇലക്ട്രീഷ്യനാക്കിയ മൂത്ത മകനാണ് ഇതുപറയുന്നത്. 15000 രൂപ ചെലവ് വരും. അതു നല്‍കാന്‍ തയാറായല്‍ മൃതദേഹം ഏറ്റുവാങ്ങുന്ന കാര്യം ആലോചിക്കാം. 'തഫറക്ക്' എന്ന തമിഴ് സംഘടനയുടെ ഭാരവാഹി ഇംതിയാസ് അഹ്മദ് പണം സ്വരൂപിച്ച് കൊടുക്കാമെന്ന് ഏറ്റു. സമ്മതപത്രമെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അങ്ങനെയെത്തിയ മൃതദേഹമാണ് വിമാനത്താവളത്തില്‍ ഇപ്പോള്‍ ഞങ്ങളുടെയൊക്കെ സ്വാസ്ഥ്യം കെടുത്തുന്നത്. മൃതദേഹം ശീതീകരണിയില്‍ സൂക്ഷിക്കാനുള്ള അനുമതിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ തേടി ഇപ്പോഴും പരക്കം പായുകയാണ് ശിഹാബ്. പാതിര പിന്നിട്ടു. മാണിക്കത്തന്റെ മരവിച്ച ശരീരത്തിന് ഞങ്ങളുടെ കാവല്‍ തുടരുകയാണ്. അഞ്ചുമാസം പഴക്കമുള്ളതാണ് ശവം. മനുഷ്യന്റേതായാലും ശവം ശവമാണല്ലൊ. അത് മുന്നില്‍ വെച്ച് കാവലിരിക്കാന്‍ എത്ര നേരം കഴിയും? ആളൊഴിഞ്ഞ് തുടങ്ങിയ കാര്‍ഗോ ഗോഡൌണിന് മുന്നില്‍ ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. തെല്ലൊരാശ്വാസത്തിനായി ചുറ്റപാടും കണ്ണോടിച്ചു. അപ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത്. മാണിക്കം കിടക്കുന്ന പെട്ടിയുടെ അതേ വലിപ്പത്തിലും ആകൃതിയിലും പിന്നെയും ധാരാളം പെട്ടികള്‍. ഇത്രയും മൃതദേഹങ്ങളോ? ഓരോ പെട്ടിയുടെയും അടുത്ത് ചെന്ന് പരിശോധിച്ചു. ശവപ്പെട്ടികളല്ലെന്ന് മനസിലായി. ഓരോ പെട്ടിയുടെയും മുകളിലുള്ള ലേബലുകളില്‍ നിന്ന് സൌദി അറേബ്യയിലെ ഏറ്റവും വലിയ പുഷ്പ കയറ്റുമതി കമ്പനിയായ 'ഇറ്റാ ഫാമി'ന്റെ വക പനിനീര്‍പ്പൂക്കളാണ് അതിനകത്തെന്ന് വായിച്ചെടുത്തു. വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനെത്തിയ ഒന്നാം തരം പനിനീര്‍ പൂക്കള്‍. പെട്ടികളുടെ മരയഴികള്‍ക്കിടയിലൂടെ പനിനീര്‍ പൂക്കള്‍ പുറത്തേയ്ക്ക് തല നീട്ടി. നാളെ ഏതെങ്കിലും സമ്പന്ന ശവകുടീരങ്ങളില്‍ ഓര്‍മ്മ പുഷ്പങ്ങളായി ഇവ അര്‍പ്പിക്കപ്പെട്ടേക്കാം. മണി രണ്ടര. മുഖം നിറയെ ആശ്വാസത്തിന്റെ നിലാവുമായി ശിഹാബ് ഓടിക്കിതച്ചെത്തി. ഉദ്യോഗസ്ഥനെ കണ്ടു. അനുമതി രേഖ കിട്ടി. ഫോര്‍ക്ക് ലിഫ്റ്റിന്റെ ഇരുമ്പ് കൈകള്‍ കോരിയെടുത്ത മാണിക്കന്റെ പെട്ടി ഗോഡൌണിന്റെ ഉള്ളിലേക്ക്, ശീതകരണിയിലേക്ക്. പനിനീര്‍ പുഷ്പങ്ങള്‍ ഊഴം കാത്ത് അപ്പോഴും പുറത്ത്...


നജിം കൊച്ചുകലുങ്ക്

Wednesday, July 1, 2009

ഹൃദയാഞ്ജലി


മികച്ച കഥകളുടെ തനിയാവര്‍ത്തനങ്ങളിലൂടെ മലയാളി പ്രേക്ഷകമനസുകളില്‍ കിരീടവും ചെങ്കോലും വെച്ച് ഹിസ് ഹൈനസായ ലോഹിതദാസ് ഒടുവില്‍ ജീവിതം തന്നെ നിവേദ്യമായി അര്‍പ്പിച്ച് അരങ്ങിന്റെ അമരത്ത് നിന്നിറങ്ങിപ്പോയി, വാല്‍സല്യവും കാരുണ്യവും നിറഞ്ഞ മനസും സര്‍ഗ മുദ്രകളും ഓര്‍മ്മച്ചെപ്പില്‍ ബാക്കിവെച്ച്!! മനുഷ്യഗാഥയുടെ മഹായാനങ്ങള്‍ക്ക് ആധാരമായ ആ പ്രതിഭാവിലാസത്തിന് മുമ്പില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു