Tuesday, July 14, 2009

എടയ്ക്കല്‍ ഗുഹയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍


ലോകപ്രശസ്തമായ വയനാട്ടിലെ എടക്കല്‍ ഗുഹയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. പൌരാണികമായ ശിലാലിഖിതങ്ങളാലും പാറപിളര്‍ത്തി പ്രകൃതിയൊരുക്കിയ ഗുഹയുടെ വിസ്മയകരമായ നിര്‍മ്മിതിയാലും ലോക ശ്രദ്ധയാകര്‍ഷിച്ച ഈ പൈതൃകത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ വൃത്തിഹീനമാക്കുന്നത് അവിടെ വിനോദ സഞ്ചാരം നടത്തി വരുമാനമുണ്ടാക്കുന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ അശ്രദ്ധയും അലംഭാവവുമാണ്. സുല്‍ത്താന്‍ ബത്തേരിയ്ക്കും അമ്പലവയലിനുമിടയില്‍ അമ്പുകുത്തി മലയിലെ രണ്ട് ശിലാഗുഹകളുള്‍പ്പെടുന്ന ഈ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ചരിത്ര സ്മാരകം ദേശീയ പുരാവസ്തു വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതും ലോക പൈതൃക പട്ടികയിലിടം നേടിയതുമാണ്. വിദേശികളടക്കമുള്ള അനേകം ചരിത്ര കുതുകികളും പുരാവസ്തു വിദഗ്ധരും ദിനം പ്രതി ഇവിടെ വന്നുപോകുന്നുണ്ട്. സ്വാഭാവികമായും വിനോദ സഞ്ചാരികളെയും ഈ പ്രകൃതി വിസ്മയം ആകര്‍ഷിക്കുന്നുണ്ട്. ട്രക്കിംഗിനെത്തുന്നവരും അമ്പുകുത്തി മലയിലേക്കുള്ള വഴി മദ്ധ്യേ ഇവിടം സന്ദര്‍ശിക്കുന്നു. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നല്ല വരുമാനമുണ്ടാക്കുന്നുണ്ട് ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍. എന്നാല്‍ പ്ലാസ്റ്റിക് രഹിതമായിരിക്കേണ്ട വനമേഖലയിലുള്ള ഒരു കേന്ദ്രത്തില്‍ അതിന് വേണ്ട ജാഗ്രത പുലര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ശിലാ ലിഖിതങ്ങളുള്ള പ്രധാന ഗുഹയുടെ ഒരു മൂലയില്‍ രണ്ട് പാറകള്‍ ചേരുന്നയിടത്തെ വിടവിലാണ് പ്ലാസ്റ്റിക് കുപ്പികളുടെ മാലിന്യങ്ങള്‍ നിറഞ്ഞ് കിടക്കുന്നത്. വിനോദ സഞ്ചാരികള്‍ വലിച്ചെറിയുന്ന കുടിവെള്ള ബോട്ടിലുകളാണിവ. 15 അടിയിലേറെ ആഴത്തില്‍ നേരിയ വ്യാസം മാത്രമുള്ള വിടവില്‍ കൂമ്പാരമായി നിറയുന്ന ഇവയെ അത്രയെളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയില്ല എന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ കൂട്ടത്തില്‍ മദ്യകുപ്പികള്‍ വരെയുണ്ടെന്ന് കാണാം. പാറക്കെട്ടുകള്‍ക്കും വൃക്ഷങ്ങളുടെ ഉയര്‍ന്നുനില്‍ക്കുന്ന വേരുകള്‍ക്കുമിടയിലൂടെ അപകട സാധ്യതയേറിയ കുത്തനെയുള്ള കയറ്റം കയറി വരുന്നവരുടെ കൈവശം മദ്യക്കുപ്പികളുണ്ടാവുന്നതും അത്ര ആശാസ്യകരമല്ലല്ലൊ. സ്ത്രീകളും കുട്ടികളും വിദേശികളുമായി നൂറുകണക്കിനാളുകള്‍ വന്നുപോകുന്നയിടത്ത് മദ്യപന്മാരെ കയറ്റിവിടുന്നതിന്റെ അപകടത്തെ കുറിച്ച് പ്രത്യേകിച്ചോര്‍മ്മപ്പെടുത്തേണ്ടതില്ല. ആദ്യ ഗുഹയുടെ കവാടത്തിനരുകില്‍ പ്രമോഷന്‍ കൌണ്‍സിലിന്റെ ടിക്കറ്റ് കൌണ്ടറുണ്ട്. പരിശോധകരുമുണ്ട് വഴി നീളെ. ഗുഹയിലാവട്ടെ ഗൈഡുകളും സെക്യൂരിറ്റി ഉദ്യോഗസ്ഥരും. പോക്കറ്റിലൊളിപ്പിച്ച മൊബൈല്‍ ഫോണ്‍ രൂപത്തിലുള്ള കാമറ വരെ കണ്ടെത്തി അതിന് ടിക്കറ്റെടുപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആളുകളുടെ കൈവശമുള്ള കുടിവെള്ള കുപ്പികളും മദ്യകുപ്പികളും എന്തുകൊണ്ടു കാണാന്‍ കഴിയുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിയിലാണെന്നു കരുതി വിലക്കാനാവില്ല എന്ന ന്യായീകരണം തള്ളിക്കളയാവതല്ല. കുത്തനെയുള്ള കയറ്റം വെള്ളം കുടിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ കുപ്പിവെള്ളം നിരോധിക്കാനാവില്ല. കുന്നുകയറി ഗുഹയിലെത്തുമ്പോഴേക്കും വെള്ളം കുടിച്ചു ഒഴിയുന്ന കുപ്പി വലിച്ചെറിയാനെ തരവുമുള്ളൂ. വെറുതെ താഴേയ്ക്ക് ചുമക്കേണ്ടതില്ലല്ലൊ. അങ്ങനെയാണ് സഞ്ചാരികള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഏറ്റവുമുചിതമായ സ്ഥലമായി കണ്ട് ഗുഹാ ഭിത്തിയിലെ വിടവിലേക്ക് വലിച്ചെറിയുന്നത്. ഇങ്ങിനെ നൂറുകണക്കിന് കുപ്പികള്‍ ഈ ഭാഗത്ത് ദിവസവും വീഴുകയാണ്. എന്നാല്‍ മാലിന്യ നിക്ഷേപത്തിന് ആളുകള്‍ കണ്ടെത്തിയ സ്ഥലമാകട്ടെ ഗുഹയിലെ ഏറ്റവും വിസ്മയകരവും മനോഹരവുമായ ഭാഗമാണെന്നതാണ് ദൌര്‍ഭാഗ്യകരം. പാറ പിളര്‍ത്തി ഗുഹയുണ്ടാക്കിയ പ്രകൃതിയുടെ ശില്‍പ ചാതുര്യം വിളിച്ചോതുന്നതാണ് പരസ്പരം തൊടാതെ കൃത്യമായ അളവില്‍ വെട്ടിയൊരുക്കിയ ഭിത്തികളായി മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന രണ്ട് ശിലാഗ്രങ്ങള്‍. ഗുഹയ്ക്കുള്ളിലേക്ക് കാറ്റും വെളിച്ചവും കടക്കുന്ന ജാലകം പോലുള്ള ഈ വിടവാണ് ഇന്ന് മാലിന്യ നിക്ഷേപത്തിനുള്ള സ്ഥലമായി മാറിയിരിക്കുന്നത്. ഇപ്പോഴെങ്കിലും ശ്രദ്ധ വെച്ചില്ലെങ്കില്‍ ഒരിക്കലും നശിപ്പിക്കാനാവാത്ത പ്ലാസ്റ്റിക് മാലിന്യത്താല്‍ ഈ ജാലക വിസ്മയം അടഞ്ഞുപോകും. കുടിവെള്ളം മുട്ടിക്കാതെ തന്നെ പ്ലാസ്റ്റിക് കുപ്പികളുടെ മാലിന്യ ബാധയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപായം കുറച്ചകലെ മാനന്തവാടിക്കടുത്തെ കുറുവ ദീപിലെ മാക്കം കുറുവ വന സംരക്ഷണ സമിതിക്കാര്‍ പറഞ്ഞു തരും. കബനീ നദിയിലെ ഈ മനോഹര ദീപ സമൂഹത്തിലേക്ക് ടൂറിസ്റ്റുകളെ കടത്തിവിടുന്നത് ഇവരുടെ നേതൃത്വത്തിലാണ്. ദീപ സമൂഹവും വനമേഖലയും പ്ലാസ്റ്റിക് രഹിത മേഖലയാക്കി നിലനിര്‍ത്താന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗം മാതൃകാപരമാണ്. പ്രവേശന^കാമറ ഫീസുകള്‍ക്കൊപ്പം സഞ്ചാരികളുടെ കൈവശമുള്ള കുടിവെള്ള ബോട്ടിലുകള്‍ക്കും ബോട്ടിലൊന്നിന് 10 രൂപ വീതം ഫീസീടാക്കും. വെള്ളമൊഴിഞ്ഞാലും കുപ്പി ദീപിലുപേക്ഷിക്കാതെ മടക്കിക്കൊണ്ട് വന്നാല്‍ ഈ ഫീസ് മടക്കി കൊടുക്കും. ഇത് നല്ല പ്രയോജനം ചെയ്യുന്നുണ്ടെന്ന് വന വികസന സമിതിക്കാര്‍ പറയുന്നു. ഈ ഉപായം എടയ്ക്കല്‍ ഗുഹയിലും പ്രയോഗിച്ചുനോക്കാം.
നജിം കൊച്ചുകലുങ്ക്
ഫോട്ടോ: അജയന്‍ കൊട്ടാരക്കര

No comments:

Post a Comment