സ്വന്തം വീട്ടില്‍ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച് വിഖ്യാത ചരിത്രകാരനും ഹാര്‍വാഡ് സര്‍വകലാശാല അധ്യാപകനുമായ ഹെന്റി ലൂയിസ് ഗേറ്റ്സിനെ കാംബ്രിഡ്ജ് പോലിസ് അറസ്റ്റ് ചെയ്ത് കൈവിലങ്ങുവെച്ച് ജയിലിലടച്ച സംഭവം ലോകമെങ്ങും കോളിളക്കമുണ്ടാക്കുകയാണ്. കറുത്ത വര്‍ഗക്കാരനായതില്‍ താനനുഭവിച്ച അധിക്ഷേപത്തെക്കുറിച്ച് ഹെന്റി ലൂയിസ് ഗേറ്റ്സ് എഴുതുന്നു...
അമേരിക്കയിലെ വംശീയതയെക്കുറിച്ച് പഠിക്കുന്നതിനാണ് ജീവിതത്തിന്റെ ഭൂരിഭാഗവും ഞാന്‍ ഉപയോഗിച്ചത്. ആണവാനന്തര കാലത്തും മനുഷ്യരില്‍ വംശീയതയുടെ വിത്തുകള്‍ എത്രമാത്രം വീണുകിടക്കുന്നു എന്ന് കണ്ടെത്താനുള്ള നീണ്ട അന്വേഷണങ്ങളായിരുന്നു അവ. എന്നാല്‍, ഒരിക്കലും ഞാന്‍ ഓര്‍ത്തില്ല, കറുത്തവനായതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട ഒരാളെന്ന നിലയില്‍ എനിക്ക് സ്വയം പഠിക്കേണ്ടിവരുമെന്ന്.
പത്ത് ലക്ഷം കറുത്ത വര്‍ഗക്കാര്‍ അമേരിക്കന്‍ ജയിലിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഞാനും അവരിലൊരാളായി. ഇത് നിഷ്ഠൂരമായ അനുഭവമാണ്. ക്രിമിനല്‍ നീതിന്യായ സംവിധാനം രാജ്യത്തെ കറുത്ത വര്‍ഗക്കാരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ നേരനുഭവം. വംശീയതയെക്കുറിച്ച് സംസാരിക്കുന്നത്ര എളുപ്പമല്ല അത് അനുഭവിച്ചറിയുന്നത്.
'അമേരിക്കയുടെ മുഖങ്ങള്‍' എന്ന ഡോക്യുമെന്ററിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചൈനയിലായിരുന്ന ഞാന്‍ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. യാത്ര കഴിഞ്ഞ് വരുമ്പോള്‍ കൈയില്‍ മൂന്നു വലിയ ബാഗുകളുണ്ടായിരുന്നു. ജമൈക്കക്കാരനായ ഡ്രൈവര്‍ അവയെടുത്ത് വീടിന്റെ മുന്‍വാതിലിനു മുന്നിലെത്തിച്ചു. വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അതനങ്ങിയില്ല. ഏറെ കഷ്ടപ്പെട്ട് വാതിലിന്റെ ഒരുവശം തുറക്കാന്‍ നോക്കിയപ്പോള്‍, കുടുങ്ങിയെന്നു തോന്നി. വാതില്‍ തുറക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. കത്തുകള്‍ എടുക്കാനെത്തിയ സെക്രട്ടറി അബദ്ധത്തില്‍ വാതില്‍ അടച്ചപ്പോള്‍ സംഭവിച്ചതാവാം. കുറേനേരം തള്ളിയിട്ടും ഫലം കാണാതായപ്പോള്‍ ഞാന്‍ പറഞ്ഞു, 'നമുക്ക് വാതിലിലൂടെ നൂഴ്ന്നു നോക്കാം.' ഡ്രൈവര്‍ സമ്മതിച്ചു. അരികിലൂടെ നൂഴ്ന്ന്, എല്ലാ ശക്തിയും പ്രയോഗിച്ചു തള്ളിയപ്പോള്‍ വാതില്‍ ഇത്തിരി തുറന്നുവന്നു. ഒരുവിധം അതിനിടയിലൂടെ അകത്തേക്കു കടന്നു.
ഇതെല്ലാം കാണുന്നുണ്ടായിരുന്ന അയല്‍ക്കാരന്‍ ഇതിനകം പോലിസിനെ വിളിച്ചിരുന്നെന്ന് പിന്നീടറിഞ്ഞു. രണ്ട് കറുത്തവന്‍മാര്‍ വീട്ടില്‍ നുഴഞ്ഞുകയറുന്നുവെന്നായിരുന്നു അവരുടെ പരാതി. വാതില്‍ കേടായ വിവരം സര്‍വകലാശാല മെയിന്റനന്‍സ് വിഭാഗത്തില്‍ അറിയിക്കാന്‍ ഞാന്‍ ഫോണെടുത്തപ്പോഴേക്കും പോര്‍ച്ചില്‍ പോലിസ് വാഹനം വന്നുനിന്നിരുന്നു. 'പുറത്തേക്ക് വരണം' പരുക്കന്‍ സ്വരത്തില്‍ അയാള്‍ ഗര്‍ജിച്ചു. ഞാനതിന് തയാറായില്ല. അത് നന്നായെന്ന് പിന്നീട് എന്റെ അഭിഭാഷകന്‍ പറഞ്ഞു. അങ്ങനെ ചെയ്തിരുന്നെങ്കില്‍, വാതില്‍ പൊളിച്ചുകടന്നതിന് അയാള്‍ ഉടന്‍ അറസ്റ്റു ചെയ്തേനെ.
'വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറിയ പരാതി അന്വേഷിക്കാന്‍ വന്നതാണ് ഞാന്‍' ^അയാള്‍ പറഞ്ഞു. 'ഇതെന്റെ വീടാണ്. ഞാന്‍ ഹാര്‍വാര്‍ഡിലെ പ്രൊഫസറാണ്. പരിഹാസ്യമാണ് ഈയാരോപണം' ^ഞാന്‍ പറഞ്ഞു. 'ഓഹോ, എങ്കില്‍ അക്കാര്യം തെളിയിക്കണം' ^അയാള്‍ പുച്ഛത്തോടെ പറഞ്ഞു.അടുക്കളയില്‍ ചെന്ന് പഴ്സ് തുറന്ന് സര്‍വകലാശാലയുടെ തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവറുടെ ലൈസന്‍സും ഞാനയാളെ കാണിച്ചു. ഒന്നും മിണ്ടാതെ അയാളത് നോക്കിനിന്നു. രണ്ട് കറുത്തവര്‍ വാതില്‍ കുത്തിത്തുറന്ന് വീടിനകത്തു കയറിയ കഥ അയാളുടെ മനസ്സില്‍ കത്തിയിരിക്കണം. പുറത്തേക്കിറങ്ങി നില്‍ക്കാന്‍ അയാളെന്നോട് ആജ്ഞാപിച്ചു. അയാളുടെ പെരുമാറ്റത്തില്‍ എനിക്ക് പരാതിയുണ്ടെന്നും അയാളുടെ പേരും ബാഡ്ജ് നമ്പറും വ്യക്തമാക്കണമെന്നും ഞാനാവശ്യപ്പെട്ടു. അയാള്‍ മറുപടി തന്നില്ല. മൂന്നു തവണ ഞാന്‍ ആവര്‍ത്തിച്ചു. അയാള്‍ ക്രൂദ്ധനായി നോക്കുക മാത്രം ചെയ്തു.
'ഞാന്‍ കറുത്തവനും നിങ്ങള്‍ വെളുത്തവനുമാണ്. എനിക്ക് മറുപടി തരാത്തത് അതുകൊണ്ടു മാത്രം' ^ഞാന്‍ പറഞ്ഞു.ഉടനയാള്‍ രൂക്ഷമായി എന്നെ നോക്കി. 'പുറത്തേക്ക്' കടുപ്പത്തില്‍ അയാള്‍ പറഞ്ഞു. അയാള്‍ക്കു പുറകെ ഞാനും ചെന്നു. പേരോ ബാഡ്ജ് നമ്പറോ വെളിപ്പെടുത്തിയതേയില്ല. പോര്‍ച്ചില്‍, അപ്പോഴേക്കും നിറയെ പോലിസായിരുന്നു. അതിലൊരു ഉദ്യോഗസ്ഥനോട്, എന്റെ വീട്ടില്‍ കയറിവന്ന പോലിസുകാരന്റെ പേരും ബാഡ്ജ് നമ്പറും ഞാന്‍ അന്വേഷിച്ചു. 'യു ആര്‍ അണ്ടര്‍ അറസ്റ്റ്' അതായിരുന്നു മറുപടി. എന്റെ കൈകള്‍ പിന്നിലേക്ക് കൂട്ടിപ്പിടിച്ച് അയാള്‍ വിലങ്ങണിയിച്ചു. 'എനിക്കിങ്ങനെ നടക്കാനാവില്ല.' പ്രതിഷേധിച്ചപ്പോള്‍ പിറകില്‍ കെട്ടിവെച്ച കൈകള്‍ മുന്നിലേക്ക് മാറ്റി വിലങ്ങുവെച്ചു. അപ്പോഴേക്കും റോഡില്‍ ആള്‍ക്കൂട്ടമായി കഴിഞ്ഞിരുന്നു. കൈ വിലങ്ങണിയിച്ച് ക്രിമിനലിനെപ്പോലെ കാറിനടുത്തേക്ക് നടത്തിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, 'ഇങ്ങനെയാണോ, അമേരിക്കയില്‍ നിങ്ങള്‍ കറുത്തവരെ കൈകാര്യം ചെയ്യുന്നത്?'
കാംബ്രിഡ്ജ് ജയിലിലേക്കാണ് അവരെന്നെ കൊണ്ടുപോയത്. അതിനിടെ, അറസ്റ്റ് രേഖപ്പെടുത്തി. വിരലടയാളമെടുത്തു. ചോദ്യമാരംഭിച്ചു. നിന്ദ്യം എന്നല്ലാതെ അവരുടെ പെരുമാറ്റത്തെ വിശേഷിപ്പിക്കാനാവില്ല. അവരെന്റെ ബെല്‍റ്റ് അഴിച്ചു. പഴ്സ് എടുത്തുമാറ്റി. താക്കോലുകള്‍ ചോദിച്ചുവാങ്ങി, പണം എണ്ണി നോക്കി.'നിങ്ങളെ 40 ഡോളര്‍ ജാമ്യത്തിന് വിടാം. അത്രയും തുക പഴ്സിലുണ്ടെന്ന് ഉറപ്പായല്ലോ' ^എന്ന് കാശെണ്ണിയ പോലിസുകാരന്‍ പറഞ്ഞു. അപമാനകരമായിരുന്നു ആ അവസ്ഥ. എനിക്കാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
നാലു മണിക്കൂര്‍ അവിടെ കഴിഞ്ഞു. പുറത്തുപോവണമെന്ന് പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു, നിങ്ങളുടെ മൂന്നു ചങ്ങാതിമാര്‍ പുറത്തുവന്നിട്ടുണ്ട്.' കൂടിക്കാഴ്ചാ മുറിയില്‍ അവരെ കണ്ടു. സഹപ്രവര്‍ത്തകര്‍. ഹാര്‍വാര്‍ഡിലെ മുതിര്‍ന്ന അധ്യാപകര്‍. കുറേ കഴിഞ്ഞപ്പോള്‍, മജിസ്ട്രേറ്റ് വന്നു. ഏതൊക്കെയോ കടലാസുകളില്‍ ഒപ്പുവെച്ച ശേഷം പുറത്തിറങ്ങാനായി. പോലിസിനോട് ഉച്ചത്തില്‍ സംസാരിച്ചെന്നും ബഹളംവെച്ചെന്നുമാണ് എനിക്കെതിരെയുള്ള പരാതി. എന്നാല്‍, ചൈനയില്‍വെച്ച് തൊണ്ട അടഞ്ഞതിനാല്‍ ഇപ്പോള്‍പോലും എനിക്ക് ഉച്ചത്തില്‍ സംസാരിക്കാന്‍ പ്രയാസമാണ്.
(ഗള്‍ഫ് മാധ്യമം 2009 ജൂലൈ 24)
നന്നായി, നജീം. ഹിറ്റ്ലറും സസ്യഭോജിയായിരുന്നു. കൂട്ടിന് ബാല്‍ താക്കറെയും. ദുഷ്ടമനസ്ക്കര്‍ക്ക് സ്നേഹം പകര്‍ന്ന് മാനസാന്തരപ്പെടുത്തൂ.ഹെന്റ്രി ഗേറ്റ്സിനെ മാധ്യമത്തിലും മറ്റും വായിച്ചു. പുന:പ്രസിദ്ധീകരിച്ചത് നന്നായി. ബ്ലോഗ് കൊള്ളാം.
ReplyDeleteനേരം കെട്ട നേരങ്ങളില്‍ മറ്റൊന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ പിശാചിനു പിടികൊടുക്കാതെ
മുന്‍വിധിയോടെ സന്ദര്‍ശിക്കുക:
amalakhil.blogspot.com
പകയോടെ തോന്ന്യാസങ്ങള്‍ കമന്റടിക്കുക.
സ്നേഹം.
ഫൈസല്‍