Wednesday, July 8, 2009

ഓര്‍മ്മയുടെ ഓളപ്പരപ്പിലൊരു ജഡം ഒഴുകിയൊഴുകി...

ബൈക്കപകടത്തില്‍ പെട്ട ചെറുപ്പക്കാരന്റെ ചുണ്ടുകള്‍ മെല്ലെ അടര്‍ന്നു. അതിന്റെ വക്കില്‍ ഉമിനീരിന്റെ പശ പിടിച്ചിട്ടുണ്ടായിരുന്നു. അതിലൂടെ അവന്റെ പല്ലുകള്‍ വെളിവായി. കൃഷ്ണമണികള്‍ പിറകോട്ട് വലിഞ്ഞു. മരണത്തിന്റെ വെളുപ്പ് അവനെ കീഴടക്കി. (സന്തോഷ് ഏച്ചിക്കാനത്തിന്റെ'കൊമാല'യെന്ന കഥയില്‍ നിന്ന്)
മരണം അനുഭവപ്പെടുന്നത് ഇങ്ങനെയാണ്. അപ്പോള്‍ ശവമോ? പെട്ടിയിലടച്ച അഞ്ചുമാസം പഴക്കമുള്ള മനുഷ്യ ജഡത്തിന് മണിക്കൂറുകളോളം കാവ ലിരുന്ന ഒരു രാത്രി, ഓര്‍മ്മയുടെ ഓളപ്പരപ്പില്‍ പൊങ്ങിക്കിടക്കുകയാണിപ്പോഴും , ചീര്‍ത്ത് വീര്‍ത്ത ജഡമായി...

അതൊരു വ്രതമാസ രാവായിരുന്നു. റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ഗോ ഡിവിഷന്റെ മുറ്റത്ത് നിരത്തിവെച്ച പെട്ടികളിലൊന്നില്‍ ആ ശവം സ്വസ്ഥമായി കിടന്നു. മോര്‍ച്ചറിയിലെ ശീതീകരണിയിലിരുന്ന നാളുകളില്‍ അടരുകളായി അതിനെ പൊതിഞ്ഞ മഞ്ഞ് ഇപ്പോള്‍ അലിഞ്ഞു തുടങ്ങിയിട്ടുണ്ടാവും. ഈര്‍പ്പം വിയര്‍പ്പ് തുള്ളികള്‍ പോലെ ആ ശരീരത്തെ നനച്ചു കുതിര്‍ത്തുന്നുണ്ടാവും.

അഞ്ചുമാസ പ്രായത്തിന്റെ ജഡത്വം ഉണക്കമീന്‍ പോലെയാക്കിയ ആ ശരീരം ഉഷ്ണമാപിനിയില്‍ 20എന്ന് രേഖപ്പെടുത്തുന്ന പുറത്തെ അന്തരീക്ഷോഷ്മാവിലിനിയും കുറച്ചുനേരം കൂടിയിരുന്നാല്‍ സംഭവിക്കാവുന്ന ദുരന്തമോര്‍ത്ത് ആശങ്കയിലായി ഞങ്ങള്‍. ശിഹാബ് കൊട്ടുകാട് നെട്ടോട്ടത്തിലാണ്. രാത്രി ഒമ്പതിന് റിയാദ് ശുമേസി ആശുപത്രി മോര്‍ച്ചറിയില്‍ നിന്നെടുത്ത ശവമാണ്. നാട്ടിലേക്കുള്ള വിമാനം പിറ്റേന്ന് രാവിലെ 11നും. എയര്‍പോര്‍ട്ട് കാര്‍ഗോ സെക്ഷനിലെത്തിച്ച മൃതദേഹം, അതുവരെ ഫ്രീസറില്‍ വെക്കാനുള്ള അനുമതിക്കായാണ് നെട്ടോട്ടം. ബോഡി എമിഗ്രേഷന്‍ ചെക്കിംഗിന് വിധേയമാക്കിയ ശേഷം കാര്‍ഗോ സെക്ഷനിലെ ശീതീകരണിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി രേഖ ലഭിക്കണം. ബന്ധപ്പെട്ട സെക്ഷനില്‍ ഉദ്യോഗസ്ഥനില്ല. റമദാന്‍ രാത്രിയിലെ സ്വാഭാവിക തിരക്കുകളില്‍ പെട്ട് ഉദ്യോഗസ്ഥന്‍ എവിടെയോ മറഞ്ഞിരിക്കുന്നു. പുറത്തെ ചൂടില്‍ ശവപ്പെട്ടിയുടെ ഇരിപ്പ് അപ്പോഴേക്കും നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ ഉദ്യോഗസ്ഥനെ എങ്ങനെയെങ്കിലും തേടിപ്പിടിച്ചേ കഴിയൂ എന്ന പരക്കം പാച്ചിലിലാണ് റിയാദില്‍ സാമൂഹിക സേവനത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന ശിഹാബ്. ശവപ്പെട്ടിക്ക് കാവല്‍ നില്‍ക്കാനുള്ള നിയോഗം ഞങ്ങളുടെ തലവരയില്‍ കുറിച്ചിട്ടതെപ്പോഴാണെന്ന് ഓര്‍ത്തുപോയി. കുറിപ്പുകാരനും മാധ്യമ സുഹൃത്ത് ഷഖീബ് കൊളക്കാടനും ഒരു കൌതുകത്തിന് ശിഹാബിനൊപ്പം ഇറങ്ങി പുറപ്പെട്ടതാണ്. 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി' എന്ന് യാന്ത്രികമായി എത്രയോ തവണ വാര്‍ത്തകളെഴുതിയിട്ടുണ്ടെങ്കിലും ശവങ്ങളെ അതിന്റെ ബന്ധുമിത്രാദികളിലേക്ക് യാത്രയയക്കാനുള്ള നടപടിക്രമങ്ങള്‍ ഇത്ര സങ്കീര്‍ണമാണെന്ന് അറിയില്ലായിരുന്നു. ആ അറിവ് തേടിയുള്ള യാത്രയാണ് ശവപ്പെട്ടിയുടെ കാവലിരിക്കുന്നതിലേക്കെത്തിച്ചത്. ആ അസ്വസ്ഥതകള്‍ക്കിടയിലും ചിന്തിച്ചുപോയത് ഇതുപോലെ നൂറുകണക്കിന് മൃതദേഹങ്ങളുമായി ഈ മുറ്റത്ത് പലതവണ വന്നുപോകുന്ന ശിഹാബിനെ പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തകരുടെ കാര്യമാണ്. മനസില്‍ ആദരവ് പെരുത്തു. സമയമിഴയുകയാണ്. നീട്ടിവളര്‍ത്തിയ മുടി മാടിയൊതുക്കുന്ന വിരലുകളില്‍ അസ്വസ്ഥതയുടെ വിറയല്‍ പടരുന്നത് മറച്ചുവെക്കാനാവാതെ ശിഹാബ് നിസഹായനാവുകയാണ്. നൂറുകണക്കിന് ശവങ്ങളുമായി ഇതുപോലെ പല തവണ ഈ മുറ്റത്ത് വന്നിട്ടുണ്ട്. അന്നൊന്നുമുണ്ടാകാത്ത അസുഖകരമായ ഒരവസ്ഥ.
അതാണ് ഈ പെട്ടിക്കുള്ളില്‍ കിടക്കുന്ന മാണിക്കമെന്ന തമിഴന്റെ കഥയെ വ്യത്യസ്തമാക്കുന്നത്. അത്തര്‍ മണത്തിനും പത്രാസിനുമപ്പുറത്തെ ഗള്‍ഫുകാരന്റെ ദൈന്യം നിറഞ്ഞ ജീവിതകഥയുടെ തുടര്‍ച്ച. ജീവനറ്റ ഈ ശരീരം തങ്ങള്‍ക്കാവശ്യമില്ലെന്ന് പ്രാണപ്രേയസിയും അരുമമക്കളും അറുത്തുമുറിച്ച് പറഞ്ഞു. ഒരു മനുഷ്യായുസ് മുഴുവന്‍ മരുഭൂമിയില്‍ വിയര്‍പ്പാക്കി കുടുംബത്തെ പോറ്റിയ ഒരു സാധാരണ പ്രവാസിയുടെ അനുഭവങ്ങളിലെ അപൂര്‍വമായൊരു ദുര്‍വിധി. റിയാദില്‍ ഒരു ഇലക്ട്രിക്കല്‍ ഹെല്‍പ്പറായിരുന്നു തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സ്വദേശി മാണിക്കം. കുറെ വര്‍ഷം ഇവിടെ ജോലിയെടുത്ത് കുടുംബത്തെ തന്നെ കൊണ്ടാവും വിധം പോറ്റി.മക്കള്‍ തന്നോളമെത്തി, നാട്ടില്‍ വിവിധ ജോലികളിലേര്‍പ്പെട്ട് കുടുംബത്തിന് മറ്റുവിധത്തില്‍ വരുമാനവും കൂടി. ഒരു സായാഹ്നത്തില്‍ ജോലികഴിഞ്ഞ് സൈക്കിളില്‍ താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ അറബി യുവാവിന്റെ കാറിടിച്ചാണ് ഇയാള്‍ മരിക്കുന്നത്. മൃതദേഹം സ്വാഭാവികമായും സര്‍ക്കാര്‍ ആതുരാലയമായ ശുമേസി ആശുപത്രി മോര്‍ച്ചറിയിലെത്തി. ദിവസങ്ങളും ആഴ്ചകളും പിന്നിട്ടിട്ടും അവകാശികളാരും എത്തിയില്ല. പോലിസ് ഇയാളുടെ ജോലിസ്ഥലം അന്വേഷിച്ചെത്തി. സഹപ്രവര്‍ത്തകരും നാട്ടുകാരുമായ ചില തമിഴ്നാട്ടുകാരെ കണ്ടുപിടിച്ചു. മുസ്ലിമിതര വിഭാഗങ്ങള്‍ക്ക് അവരുടെ ആചാരപ്രകാരമുള്ള മരണാനന്തര ക്രിയകള്‍ക്ക് ഇവിടെ സൌകര്യം പരിമിതമായതിനാല്‍ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കാനാണ് സൌദിയധികൃതര്‍ താല്‍പര്യമെടുക്കാറ്. (ഈ പ്രശ്നത്തിന് പരിഹാരമെന്നേണം റിയാദില്‍ നിന്ന് കിലോമീറ്റര്‍ അകലെ അല്‍ഖര്‍ജ് പട്ടണത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഒരു ശ്മശാനം അടുത്തിടെ സ്ഥാപിച്ചിട്ടുണ്ട് ). മാണിക്കത്തിന്റെ നാട്ടിലെ അവകാശികളുടെ സമ്മതപത്രം വാങ്ങി മൃതദേഹം അങ്ങോട്ടയക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇവരോട് പോലിസ് ആവശ്യപ്പെട്ടു. റിയാദിലെ നാട്ടുനടപ്പനുസരിച്ച് ഇവര്‍ നേരെ അഭയം തേടിയത് ശിഹാബ് കൊട്ടുകാടിനെ. പെട്ടെന്ന് തലയില്‍ നിന്ന് ഭാരം മറ്റൊരു ചുമലില്‍ മാറ്റിവെച്ച് അവര്‍ രക്ഷപ്പെട്ടു. ആശുപത്രിയധികൃതരും പോലിസും പിന്നീട് ശിഹാബിന്റെ പിന്നാലെയായി. റിയാദിലെ തമിഴ് നാട്ടുകാരായ ചില സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ശിഹാബ് മാണിക്കത്തിന്റെ തഞ്ചാവൂരിലെ കുടുംബത്തെ കണ്ടെത്തി. മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഭാര്യയുടെ സമ്മതപത്രം അയച്ചുതരണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ആരെയും ഞെട്ടിപ്പിക്കുന്ന പ്രതികരണമാണ് ഭാര്യയുടെയും മക്കളുടെയും ഭാഗത്തുനിന്നുണ്ടായത്. മരിച്ചുപോയെങ്കില്‍ മൃതശരീരം കിട്ടിയിട്ടെന്താ കാര്യം എന്ന ചോദ്യമാണ് മറുതലക്കല്‍ നിന്ന് കേട്ടത്. മൃതദേഹം തന്റെ തലയിലായെന്ന് ബോധ്യമായ ശിഹാബ് പിന്നീട് പലവഴികളുപയോഗിച്ച് കുടുംബത്തെ സ്വാധീനിക്കാനും സമ്മതപത്രം അയപ്പിക്കാനും ശ്രമമായി. തഞ്ചാവൂര്‍ ജില്ലാ കലക്ടര്‍ വരെ ഇടപെട്ടു. പോലിസിനെ വിട്ടു കുടുംബത്തെ വിരട്ടേണ്ടിവന്നു. ഒടുവില്‍ കുടുംബം ഒരു ഉപാധി വെച്ചു, പണം തന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാമെന്ന്! മൃതദേഹം ചെന്നൈയിലാണെത്തുക. അതുവരെപോയി ഏറ്റുവാങ്ങി തഞ്ചാവൂരില്‍ കൊണ്ടു വരാനുള്ള ചെലവ് വഹിക്കാന്‍ തങ്ങള്‍ക്ക് നിവൃത്തിയില്ല. മാണിക്കം മരുഭൂമിയില്‍ കിടന്ന് ചോര നീരാക്കി പഠിപ്പിച്ച് നാട്ടില്‍ ഇലക്ട്രീഷ്യനാക്കിയ മൂത്ത മകനാണ് ഇതുപറയുന്നത്. 15000 രൂപ ചെലവ് വരും. അതു നല്‍കാന്‍ തയാറായല്‍ മൃതദേഹം ഏറ്റുവാങ്ങുന്ന കാര്യം ആലോചിക്കാം. 'തഫറക്ക്' എന്ന തമിഴ് സംഘടനയുടെ ഭാരവാഹി ഇംതിയാസ് അഹ്മദ് പണം സ്വരൂപിച്ച് കൊടുക്കാമെന്ന് ഏറ്റു. സമ്മതപത്രമെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അങ്ങനെയെത്തിയ മൃതദേഹമാണ് വിമാനത്താവളത്തില്‍ ഇപ്പോള്‍ ഞങ്ങളുടെയൊക്കെ സ്വാസ്ഥ്യം കെടുത്തുന്നത്. മൃതദേഹം ശീതീകരണിയില്‍ സൂക്ഷിക്കാനുള്ള അനുമതിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ തേടി ഇപ്പോഴും പരക്കം പായുകയാണ് ശിഹാബ്. പാതിര പിന്നിട്ടു. മാണിക്കത്തന്റെ മരവിച്ച ശരീരത്തിന് ഞങ്ങളുടെ കാവല്‍ തുടരുകയാണ്. അഞ്ചുമാസം പഴക്കമുള്ളതാണ് ശവം. മനുഷ്യന്റേതായാലും ശവം ശവമാണല്ലൊ. അത് മുന്നില്‍ വെച്ച് കാവലിരിക്കാന്‍ എത്ര നേരം കഴിയും? ആളൊഴിഞ്ഞ് തുടങ്ങിയ കാര്‍ഗോ ഗോഡൌണിന് മുന്നില്‍ ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. തെല്ലൊരാശ്വാസത്തിനായി ചുറ്റപാടും കണ്ണോടിച്ചു. അപ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത്. മാണിക്കം കിടക്കുന്ന പെട്ടിയുടെ അതേ വലിപ്പത്തിലും ആകൃതിയിലും പിന്നെയും ധാരാളം പെട്ടികള്‍. ഇത്രയും മൃതദേഹങ്ങളോ? ഓരോ പെട്ടിയുടെയും അടുത്ത് ചെന്ന് പരിശോധിച്ചു. ശവപ്പെട്ടികളല്ലെന്ന് മനസിലായി. ഓരോ പെട്ടിയുടെയും മുകളിലുള്ള ലേബലുകളില്‍ നിന്ന് സൌദി അറേബ്യയിലെ ഏറ്റവും വലിയ പുഷ്പ കയറ്റുമതി കമ്പനിയായ 'ഇറ്റാ ഫാമി'ന്റെ വക പനിനീര്‍പ്പൂക്കളാണ് അതിനകത്തെന്ന് വായിച്ചെടുത്തു. വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനെത്തിയ ഒന്നാം തരം പനിനീര്‍ പൂക്കള്‍. പെട്ടികളുടെ മരയഴികള്‍ക്കിടയിലൂടെ പനിനീര്‍ പൂക്കള്‍ പുറത്തേയ്ക്ക് തല നീട്ടി. നാളെ ഏതെങ്കിലും സമ്പന്ന ശവകുടീരങ്ങളില്‍ ഓര്‍മ്മ പുഷ്പങ്ങളായി ഇവ അര്‍പ്പിക്കപ്പെട്ടേക്കാം. മണി രണ്ടര. മുഖം നിറയെ ആശ്വാസത്തിന്റെ നിലാവുമായി ശിഹാബ് ഓടിക്കിതച്ചെത്തി. ഉദ്യോഗസ്ഥനെ കണ്ടു. അനുമതി രേഖ കിട്ടി. ഫോര്‍ക്ക് ലിഫ്റ്റിന്റെ ഇരുമ്പ് കൈകള്‍ കോരിയെടുത്ത മാണിക്കന്റെ പെട്ടി ഗോഡൌണിന്റെ ഉള്ളിലേക്ക്, ശീതകരണിയിലേക്ക്. പനിനീര്‍ പുഷ്പങ്ങള്‍ ഊഴം കാത്ത് അപ്പോഴും പുറത്ത്...


നജിം കൊച്ചുകലുങ്ക്

16 comments:

  1. വല്ലാത്ത അവസ്ഥ തന്നെ.

    ReplyDelete
  2. ഇതൊക്കെ ഒരിക്കൽ സ്ലേറ്റിൽ നിന്നും മായും, അല്ലെങ്കിൽ നമുക്ക് മായ്ക്കാം പക്ഷേ മനസ്സിൽ നിന്നും മായ്ക്കാൻ പറ്റത്തില്ല. ശിഹാബ്, താങ്കളും സുഹൃത്തുക്കളും കഷ്ടപ്പെടുന്നതിന് ദൈവം പ്രതിഫലം തരികതന്നെ ചെയ്യും.
    നന്ദി...

    ReplyDelete
  3. ചിന്തിക്കാന്‍ വക നല്‍കുന്ന കുറെ കാര്യങ്ങള്‍ താങ്കള്‍ എഴുതി ..............നന്ദി .....

    ReplyDelete
  4. നിറകണ്ണുകളോടെ അല്ലാതെ വായിച്ചു തീര്‍ക്കാന്‍ ആയില്ല.
    വായിക്കപെടെന്ട പലതും, പലരും കാണാതെ പോകുന്നുവോ നമ്മുടെ 'കൂട്ട'ത്തില്‍.

    ReplyDelete
  5. ചിന്തിക്കാന്‍ വക നല്‍കുന്ന കുറെ കാര്യങ്ങള്‍ താങ്കള്‍ എഴുതി ..............നന്ദി .....

    ReplyDelete
  6. ശരിക്കും വല്ലാത്ത ഒരു അനുഭവം....
    ഏതൊരു പ്രവാസിക്കും പ്രതീക്ഷിക്കാവുന്ന ഒരു അവസാനം....

    ReplyDelete
  7. മാണിക്കന്‍ എത്ര ഭാഗ്യവാനാണ്. ആ നശിച്ച കുടുംബത്തില്‍ നിന്നും രക്ഷപെട്ടല്ലോ..

    ReplyDelete
  8. ജീവിതത്തിന്റെ നിരര്‍തകഥ ഇങ്ങനെയോകെയാണ് നമ്മള്‍ മനസിലാക്കേണ്ടത്,ഇതൊരു ഓര്‍മ്മപെടുത്തല്‍ കൂടിയാണ്, നന്ദി കൂട്ടുകാരാ

    ReplyDelete
  9. ജീവിതത്തിന്റെ മറ്റൊരു മുഖം....നന്നായി നജിം

    ReplyDelete
  10. ശവങ്ങള്‍ സംസാരിക്കാറില്ല!

    മാണിക്യന്‍ ചത്തു!
    അറുപതിന്റെ നിറവില്‍,
    പ്രവാസത്തിന്റെ മുറിവില്‍,
    മരുഭൂമിയുടെ കനിവില്‍,
    വിറങ്ങലിച്ചു കിടന്നു.

    ശവങ്ങള്‍ സംസാരിക്കാറില്ല!
    ചുട്ടു പൊള്ളിച്ച പകലുകളില്‍,
    തീക്കാറ്റ് വീശിയ രാവുകളില്‍,
    വിയര്‍പ്പും കണ്ണീരും ചേര്‍ത്ത്,
    ഉപ്പു കുറുക്കിയ,
    കഥകള്‍ പറയാറില്ല.

    എഴഴകാര്‍ന്ന തന്ജാവൂര്‍ പെണ്ണിന്റെ,
    കണ്‍കാന്തങ്ങളെ കിനാവ് കണ്ടു,
    കരഞ്ഞു തീര്‍ത്ത കാലത്തിന്റെ,
    കണക്കുകള്‍ പറയാറില്ല.

    ഇരുനില കട്ടിലില്‍ കിടന്നു,
    ഇരുനില വീടിന്റെ നെഞ്ഞകത്തെക്ക്,
    പ്രായത്തിന്റെ പ്രയാസങ്ങള്‍
    പറഞ്ഞു കത്തയക്കാറില്ല.

    ത്യാഗത്തിന്റെ നിറവില്‍,
    സ്നേഹത്തിന്റെ മറവില്‍,
    ഊറ്റിത്തീര്‍ന്ന കരുത്തില്‍
    കണ്ണയക്കാറില്ല.

    കണ്ണായ്‌ കരുതിയ
    കണ്മണിപ്പൂക്കള്,
    പിണത്തില്‍ നിന്നും
    പണമൂറ്റുമ്പോള്‍,
    സാര്ത്ഥമാകുന്ന അനാഥത്വത്തെ,
    തിരിച്ചറിയാറില്ല.

    ആ ശവംതീനികള്‍ക്കെന്നെ
    എറിഞ്ഞു കൊടുക്കല്ലേ,-
    എന്നു കരഞ്ഞു പറയാറില്ല.

    ReplyDelete
  11. മാണിക്യത്തിന്റെ അവസ്ഥ മറ്റാര്‍ക്കും വരാതിരിക്കട്ടെ.

    ശിഹാബിനെ പോലുള്ളവരുടെ ത്യാഗം തിരിച്ചറിയുന്നവര്‍ വളരെ ചുരുക്കം, ദൈവം അവരുടെ കൂടെ ഉണ്ടാവും

    ReplyDelete
  12. ശപിക്കാന്‍ തോന്നുന്നു അവരെ ...

    ReplyDelete
  13. What I have to say my dears…
    You are really blessed
    Best regards,

    ReplyDelete
  14. you have to clear i down the fonts..otherwise its very hard to go through it...ok..regards..a good work..i appreciate it..keep it up..
    bye
    girish
    kgirishk@gmail.com
    london

    ReplyDelete
  15. മാണിക്കന്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു..വല്ലാത്തൊരു അനുഭവം..മനുഷ്യന്‍ ഇത്രയ്ക്ക് നന്ദികെട്ടവാനോ...?

    ReplyDelete