റിയാദ്: സൌദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വന്‍തോതില്‍ തൊഴിലവസരങ്ങളുണ്ടാവുമെന്ന് റിയാദ് ചേംബര്‍ ഓഫ് കൊമേഴ്സ് നടത്തിയ പഠനത്തില്‍ പറയുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ കോടിയിലേറെ തസ്തികകളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വന്‍ എകണോമിക് സിറ്റിയുള്‍പ്പെടെയുള്ള വാണിജ്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് 2014ഓടെയാണ് ഇത്രയേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. പുതിയ പദ്ധതികളിലൂടെ 10.8 ദശലക്ഷം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 5.45 ദശലക്ഷം സ്വദേശികള്‍ക്കും 5.4 ദശലക്ഷം വിദേശികള്‍ക്കും ലഭിക്കും. സമീപകാലത്ത് സ്വദേശികള്‍ക്കിടയില്‍ കൂടിവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ ഇത്കൊണ്ട് സാധിക്കും. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 10.5 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലൂടെ 2014 ആകുമ്പോഴേക്കും അത് 7.14 ശതമാനമായി കുറക്കാന്‍ കഴിയും. എന്നാല്‍ അഭൂതപൂര്‍വമായ തോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമ്പോഴും തൊഴിലില്ലായ്മ നിരക്ക് ഇത്രകണ്ട് കുറഞ്ഞാല്‍ പോരാ എന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. തൊഴില്‍രഹിതരായ സ്വദേശി യുവാക്കള്‍ക്ക് വിദേശ തൊഴിലാളികള്‍ ചെയ്യുന്ന പല ജോലികളിലും വേണ്ടത്ര വൈദഗ്ധ്യമില്ലാത്തതാണ് ഇതിന് കാരണമത്രെ. ഭാവിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടാലും സ്വദേശികളുടെ അനുപാതം സ്വകാര്യ മേഖലയില്‍ കുറയാനാണ് സാധ്യത. കഴിഞ്ഞ ഏഴുവര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ വാണിജ്യ, ഉദ്പാദന രംഗത്തും സേവന മേഖലയിലും സ്വദേശികള്‍ വേണ്ടത്ര തൊഴില്‍ സന്നദ്ധത കാണിക്കുന്നില്ലെന്നാണ് പഠനത്തില്‍ തെളിയുന്നത്. തൊഴിലില്ലായ്മ നിലനില്‍ക്കുമ്പോള്‍ തന്നെ തൊഴിലിനോടുള്ള താല്‍പര്യക്കുറവ് തുടരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്തും സാങ്കേതിക പരിശീലനങ്ങളിലും ഇതേ വിമുഖത പ്രകടമാണ്. തൊഴില്‍ രംഗത്ത് കാര്യക്ഷമതയും കഴിവും പോഷിപ്പിക്കാനുതകുന്ന പരിശീലന പദ്ധതികളും കേന്ദ്രങ്ങളും സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പഠനം ഊന്നിപ്പറയുന്നുണ്ട്. വൈദ്യരംഗത്തും എഞ്ചിനീയറിംഗ് മേഖലയിലും രാജ്യത്തിന് മൊത്തം ആവശ്യമായതിന്റെ 12.5 ശതമാനമാണ് സ്വദേശി പങ്കാളിത്തം. 2007ലെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം തൊഴില്‍മേഖലയില്‍ 54.4 ശതമാനം വിദേശ തൊഴിലാളികളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. യോഗ്യതയുടെ അഭാവവും നിയമപരമായ പരിമിതികളും തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ അനുപാതം കുറയാന്‍ കാരണമാവുന്നു. സ്വദേശി ഉദ്യോഗസ്ഥരില്‍ 8.1ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. സ്ത്രീകള്‍ക്ക് അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടും പല സ്വകാര്യ സ്ഥാപനങ്ങളും അവരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഇപ്പോഴും വിമുഖത കാട്ടുകയാണെന്ന് പഠനത്തില്‍ പറയുന്നു.
നജിം കൊച്ചുകലുങ്ക്
നജിം കൊച്ചുകലുങ്ക്
No comments:
Post a Comment