Monday, August 27, 2012

തെന്മല: ദൈവം പോലും സ്വയം വിസ്മയിച്ച രചനാശില്‍പം


ഈയെഴുത്തു കൂട്ടം 2012 ഡിസംബര്‍ 30ന് തെന്മലയില്‍ സംഘടിപ്പിക്കുന്ന ബ്ലോഗേഴ്സ് മീറ്റിനെ കുറിച്ച് 


തേന്മലയല്ല തെക്കന്‍ മലയാണ് തെന്മലയായതെങ്കിലും പ്രകൃതി ഭംഗിയില്‍ തെന്മല തേനോലും കാഴ്ചാനുഭവമാണ്. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പശ്ചിമ ഘട്ടത്തിന്‍െറ തെക്കന്‍ സഹ്യനിരകളും അതിന്‍െറ താഴ്വരകളും നിറഞ്ഞ തെന്മല കണ്ടിട്ടില്ലങ്കില്‍, ഒരിക്കലെങ്കിലും അവിടെ പോയിട്ടില്ലങ്കില്‍ അത്രമേല്‍ നഷ്ടമെന്ത്? അതിഭാവുകത്വമെന്ന് പുശ്ചിക്കല്ലേ, സത്യമാണ്.

തെന്മലയും ഒരു അനുഭവമാണ്. അനുഭവിച്ച് തന്നെ അറിയേണ്ട പ്രകൃതിയുടെ മനോഹര രചനകളിലൊന്ന്. മായിക ലോകത്തെ സര്‍ഗതല്‍പരര്‍ പരസ്പരം കാണാന്‍ ഭൂമിയിലേക്കിറങ്ങി വരുമ്പോള്‍ സംഗമിക്കാന്‍ ഇത്രമേല്‍ ഇണങ്ങിയ മറ്റൊരു സ്ഥലമില്ല തന്നെ. പ്രകൃതി ഒരു കാവ്യമാണ് തെന്മലയില്‍. ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം.

തെക്കന്‍ കാറ്റില്‍ മുളങ്കൂട്ടങ്ങളുരയുമ്പോള്‍, പക്ഷികള്‍ പാടുമ്പോള്‍, കല്ളോലിനികള്‍ ഒഴുകുമ്പോള്‍ ജനിക്കുന്ന സംഗീതത്തിന്‍െറ ശ്രാവ്യ മധുരം കേള്‍പ്പിക്കാന്‍ ഈ വരികള്‍ മതിയാവില്ല. അതുകൊണ്ടാണ് എല്ലാവരേയും ക്ഷണിക്കുന്നത്, വരൂ, മഞ്ഞുപെയ്യുന്ന ഡിസംബറിലെ അവസാന ഞായറാഴ്ച തെന്മലയിലേക്ക്.

പ്രകൃതിയുടെ മനോഹാരിത ആവോളം നുകരാന്‍ തെന്മലയിലത്തെുന്നവര്‍ തിരിച്ചുപോകുമ്പോള്‍ ഹൃദയത്തില്‍ പച്ചപ്പിന്‍െറ താഴ്വരകള്‍ നിറയണം. പ്രകൃതിയെ കുറിച്ചുള്ള ഒരു വീണ്ടുവിചാരമുണ്ടാവണം. പ്രകൃതി വിചാരങ്ങള്‍ക്ക് കൂടി ഇടം കൊടുത്തുകൊണ്ടാണ് ഇയെഴുത്തുകൂട്ടത്തിന്‍െറ ആഭിമുഖ്യത്തില്‍ ഈ സംഗമം നടക്കുന്നത്.

2012 ഡിസംബര്‍ 30, ഞായറാഴ്ച കല്ലട ജലസേചന പദ്ധതിയോട് ചേര്‍ന്നുള്ള തെന്മല ഇക്കോ ടൂറിസം മേഖലയിലാണ് മലയാളി ബ്ളോഗറന്മാരുടെ കൂടിച്ചേരല്‍. ബൂലോകത്തൊരു ഹരിത രാഷ്ട്രീയ ചേരിയാവാം നമുക്ക്. മരവും മനുഷ്യനും എന്നൊരു തലക്കെട്ടില്‍ ചര്‍ച്ചകള്‍ നടന്നാല്‍ നന്നായി. ജനാധിപത്യം വല്ലാത്തൊരു തുറസായതിനാല്‍ തലക്കെട്ടുകള്‍ വേറെയും നിര്‍ദേശിക്കാനുള്ള അവസരം വിശാലമാണ്.

ഒരു വൃക്ഷത്തൈ നട്ടാവട്ടെ സംഗമത്തിന്‍െറ തുടക്കമെന്ന ആഗ്രഹത്തിന്മേല്‍ ക്യാമ്പ് ഡയറക്ടര്‍ പ്രശസ്ത കവി കുഴീപ്പുഴ ശ്രീകുമാര്‍ നട്ടത് കാഞ്ഞിര മരത്തിന്‍െറ തൈ ആയാലെന്താ എന്ന നിര്‍ദേശമാണ്. കയ്പിന്‍െറ കാരണം പറഞ്ഞ് എല്ലാവരും അകലേക്ക് മാറ്റിനിറുത്തുന്ന കാഞ്ഞിരം തന്നെ നെഞ്ചേറ്റിയാല്‍ അതൊരു പുതിയ വിപ്ളവമായിരിക്കും.

അന്യായമായ ചൂഷണത്തിലൂടെ തകര്‍ന്ന പ്രകൃതിയില്‍നിന്നുള്ള തിരിച്ചടികളുടെ കയ്പ്നീര്‍ കുടിക്കുന്ന മനുഷ്യന്‍ ചില കൈപ്പേറിയ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനുള്ള സമയമായി. കാവ്യപ്രതിഭക്ക് വിപ്ളവാഭിവാദ്യങ്ങള്‍.

തെന്മല ഡാം ജംഗ്ഷനിലുള്ള കല്ലട ഇറിഗേഷന്‍ പ്രോജക്ടില്‍ (കെ.ഐ.പി) ഇന്‍സ്പെക്ഷന്‍ ബംഗ്ളാവാണ് ക്യാമ്പ് സ്ഥലം. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് മണി വരെ. അതിരാവിലെ തന്നെ തെന്മലയിലത്തെിയാല്‍ പ്രകൃതി മഞ്ഞാടകള്‍ ഊരി മാറ്റുന്നതിന് മുമ്പുള്ള ആ വിസ്മയ കാഴ്ചകള്‍ നുകരാം. സുഖമുള്ള കുളരിലിരുന്ന് രാവിലെ എട്ടോടെ നല്ല ചൂടുള്ള പ്രാതല്‍ കഴിക്കാം. ഒമ്പത് മണിയോടെ ക്യാമ്പംഗങ്ങളുടെ രജിസ്ട്രേഷന്‍ തുടങ്ങാം. 9.45ന് പരസ്പരം പരിചയപ്പെടല്‍ (സൗഹാര്‍ദ അരങ്ങ്).

11 മണിക്ക് ക്യാമ്പ് സ്ഥലത്തുനിന്ന് ഇക്കോ ടൂറിസം വക ബസില്‍ ജലസംഭരണിയുടെ തീരത്തത്തെിച്ചേര്‍ന്ന് അവിടെ പുല്‍പ്പരപ്പില്‍ കൂടിയിരുന്ന് ഏതെങ്കിലും വിഷയത്തിന്മേലൊരു പൊതുചര്‍ച്ച- ‘പരിസ്ഥിതി സംരക്ഷണത്തിന് ഇയെഴുത്ത്’ അല്ളെങ്കില്‍ മരവും മനുഷ്യനും അല്ളെങ്കില്‍ വേറൊന്ന്, ഏതുമാകാം.

പിന്നെ ക്യാമ്പ് ഡയറക്ടറുടെ കവിതകളുള്‍പ്പെടെ ഒരു കവിയരങ്ങും. ഉച്ചക്ക് 1.30 ആവുന്നതോടെ തീര്‍ച്ചയായും നാം ഒരു വിളിക്ക് വഴങ്ങേണ്ടിവരും, വിശപ്പിന്‍െറ വിളിക്ക്. തിരിച്ച് ഇന്‍സ്പെക്ഷന്‍ ബംഗ്ളാവിലത്തെി വിഭവ സമൃദ്ധമായ നാടന്‍ ഭക്ഷണം.

പിന്നെ ഒരല്‍പം വിശ്രമം. 2.30 മുതല്‍ വിനോദ സഞ്ചാരമാണ്. ഫിഷറീസ് വകുപ്പിന്‍െറ അക്വോറിയം സന്ദര്‍ശനം, ട്രീ പാത്തിലൂടെയുള്ള യാത്ര, അഡ്വഞ്ചര്‍ പാര്‍ക്കില്‍ ചുമ്മാ സാഹസങ്ങള്‍.

ഇതെല്ലാം കഴിഞ്ഞ് തിരിച്ചത്തെി വൈകീട്ട് നാലോടെ ചായ, കടി. തുടര്‍ന്ന് ഒറ്റക്കല്‍ ലുക്കൗട്ടിലേക്കുള്ള യാത്ര. അതിനിടയില്‍ ഡീര്‍ പാര്‍ക്കും മറ്റ് അനുബന്ധ കാഴ്ചകളും.

അവിടെനിന്ന് തിരിച്ചത്തെി വൈകീട്ട് ആറ് മണിയോടെ മ്യൂസിക് ഫൗണ്ടന്‍. അതാണ് നമ്മുടെ ക്യാമ്പ് ഫയര്‍. കൂട്ടമണിയടി... ദേശീയഗാനം ചൊല്ലി പിരിയാം.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍
മ്യൂസിക് ഫൌണ്ടന്‍: റാം 


ബ്ളോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതിലൂടെ പോയി ഹാജര്‍ അറിയിക്കാം