Saturday, June 7, 2014

ശെന്തുരുണി ഒരു മരത്തിന്‍െറ മാത്രം പേരല്ല

കേരളത്തിലെ നിബിഡ വനങ്ങളുടെ ഉടലഴകുകളില്‍ അണ്ണാന്‍െറ മുതുകിലെ വരകള്‍ പോലെ തെളിഞ്ഞുകിടക്കുന്ന പാതകളില്‍ വനംകൊള്ളയുടെ ചരിത്രപ്പാടുകള്‍ പതിഞ്ഞുകിടപ്പുണ്ട്. ദുര്‍ഘടങ്ങളില്‍ കല്ലുപാകി സുഗമമാക്കിയ ഈ പാതകളിലൂടെ അധിനിവേശത്തിന്‍െറ ചക്രങ്ങളും അടിമ മനുഷ്യരുടെ ശരീരങ്ങളും കൊണ്ട് വെള്ളക്കാരന്‍ സഹ്യന്‍െറ മടക്കുകളില്‍നിന്ന് കടത്തിക്കൊണ്ടുപോയ മരങ്ങള്‍ക്ക് കണക്കില്ല. കമ്പകവും തേക്കും അകിലുമെല്ലാം അങ്ങിനെ കടല്‍കടന്ന് അധിനിവേശകന്‍െറ കൊട്ടാരങ്ങളെ ദാരുസ്വര്‍ഗങ്ങളാക്കി.

വനങ്ങളിലും മലനിരകളിലുംനിന്ന് കണ്ണില്‍ക്കണ്ടതെല്ലാം കടത്തിയ സായിപ്പ് എന്നിട്ടും ബാക്കിവെച്ചൊരു മരം പശ്ചിമഘട്ടത്തിന്‍െറ തെക്കുദിക്കിലുണ്ട്. കമ്പകത്തേക്കാള്‍ തടിയുറപ്പും മേനിയഴകും കൊണ്ട് മരയുരുപ്പടികള്‍ക്ക് മികവുറ്റതായിട്ടും ‘ശെന്തുരുണി’ എന്ന ആ വൃക്ഷത്തെ മാത്രം സായിപ്പ് തൊട്ടില്ളെന്ന് മനസിലാക്കുന്നതില്‍ കൗതുകമുണ്ട്. അത്യപൂര്‍വവും വംശനാശ ഭീഷണി നേരിടുന്നതുമായ ശെന്തരുണിയെന്ന ‘ഗ്ളൂട്ട ട്രാവന്‍കൂറിക്ക’യെ സായിപ്പ് തൊട്ടിരുന്നെങ്കില്‍ പണ്ടേ ദുര്‍ബലമായ അത് എന്നേ കുറ്റിയറ്റുപോകുമായിരുന്നു.

പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും സംരക്ഷിക്കുന്നതിനുള്ള രാജ്യാന്തര സംഘടനയായ ഐ.യു.സി.എന്‍ റെഡ് ലിസ്റ്റിന്‍െറ സംരക്ഷണത്തണലിന്‍ കീഴിലാക്കിയ റെഡ്വുഡ് ഗണത്തില്‍പെട്ട ഈ വൃക്ഷത്തിന്‍െറ പ്രകൃതിയിലെ ആവശ്യകതയും വംശീയമായ നിലനില്‍പ് ഭീഷണിയും അന്നേ സായിപ്പിന് ബോധ്യപ്പെട്ടിരിക്കണം. നമുക്ക് അത് ബോധ്യപ്പെടാന്‍ പിന്നേയും ഏറെ കാലം വേണ്ടിവന്നു.

പ്രകൃതിയുടെ സംരക്ഷണദുര്‍ഗമായ പശ്ചിമഘട്ടത്തിലെ സുപ്രധാന ഹോട്ട് സ്പോട്ടുകളാല്‍ സമ്പന്നമായ ആര്യങ്കാവ് ചുരത്തിന് തെക്കുള്ള ജൈവവൈവിധ്യമേഖലയില്‍ മാത്രമാണ് ലോകത്ത് ശെന്തുരുണി വൃക്ഷങ്ങളുള്ളത്. ചാര് സസ്യകുടുംബത്തില്‍പെട്ട ശെന്തുരുണിയെ ചെങ്കുറുണിയെന്നും വിളിക്കാറുണ്ട്. കട്ടിയേറിയ പുറംപട്ടയും കടുപ്പവും ചുവപ്പുമുള്ള ഉള്‍ത്തടിയുമാണുള്ളത്. ശെന്തുരുണിയെന്നോ ചെങ്കുറുണിയെന്നോ പേര് വിളിക്കപ്പെടാന്‍ കാരണവും ഇതുതന്നെയാണ്. വന്‍മരങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഇവ 35 മീറ്ററിലേറെ ഉയരത്തില്‍ വളരും.
പശ്ചിമഘട്ടത്തിലെ കൊല്ലം ജില്ലയിലുള്‍പ്പെടുന്ന തെന്മലയാണ് പ്രധാന ആവാസകേന്ദ്രം. കുറച്ചുകൂടി തെക്ക് അഗസ്ത്യാര്‍കൂടത്തിലെ വനാന്തരങ്ങളിലും കാണുന്നുണ്ട്. തെന്മലയിലെ ശെന്തുരുണി വന്യജീവിസങ്കേതത്തിന്‍െറ 100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലെ വനാന്തരങ്ങളില്‍ ഇവയുടെ എണ്ണം ഏതാനും ആയിരത്തിലൊതുങ്ങുന്നതാണ്. വനംവകുപ്പിന് നമ്പറിടാന്‍ പാകത്തില്‍ എണ്ണം പരിമിതപ്പെട്ട ഈ വൃക്ഷങ്ങളുടെ നിലിനില്‍പ് തീര്‍ത്തും ഭീഷണമാണ്. ലോകത്തിന്‍െറ ജൈവവൈവിധ്യ ഭൂപടത്തില്‍ പശ്ചിമഘട്ടം പ്രത്യേകമായി അടയാളപ്പെടുത്തപ്പെടാനും അതില്‍ കേരളത്തിലെ ഭാഗങ്ങള്‍ കൂടുതല്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കാനുമുള്ള നിരവധി കാരണങ്ങളിലൊന്ന് ശെന്തുരുണിയുടെ സാന്നിദ്ധ്യം തന്നെയാണ്. സസ്യമെന്ന നിലയില്‍ പ്രകൃതിയിലെ അതിന്‍െറ സ്ഥാനം പോലെ പ്രധാനമാണ് വര്‍ഗപരമായ നിലനില്‍പ് ഭീഷണി.

സംരക്ഷണമെന്നാല്‍ വെറും കാവല്‍ മാത്രമോ?

ഒരു ഭൗമദിനം കൂടി കടന്നുപോയി. മാധ്യമങ്ങളില്‍ ദിനാചരണത്തെ കുറിച്ച് കണ്ടപ്പോള്‍ ഒരു നിമിഷമെങ്കിലും ഭൂമിയേയും അതിലെ ആവാസവ്യവസ്ഥയേയും കുറിച്ച് ചിന്തിക്കാത്തവരുണ്ടാവില്ല. അവിടെ കഴിഞ്ഞു, അതിനപ്പുറം ഭൂമിയുടെ നിലനില്‍പിന്, പ്രകൃതിയുടെ സംരക്ഷണത്തിന് എന്തുചെയ്യാമെന്ന് ആലോചനകളില്ല. പ്രകൃതി സംരക്ഷണം അന്താരാഷ്ട്ര വേദികളുടേയും പരിസ്ഥിതി ഏജന്‍സികളുടേയും തലയിലേല്‍പിച്ച് തങ്ങളുടെ ജീവിത സൗകര്യത്തിന് പ്രകൃതിയെ ചൂഷണം ചെയ്യല്‍ തുടരുന്നവരാണ് നാം.

ഉള്ള വൃക്ഷങ്ങള്‍ നമ്പറിട്ട് പ്രത്യേക ശ്രദ്ധനല്‍കി സംരക്ഷിക്കുക എന്ന നിയമപരമായ കേവല ദൗത്യനിര്‍വഹണത്തിനപ്പുറം നിലനില്‍പ് ഭീഷണി നേരിടുന്നവയുടെ വംശവര്‍ദ്ധനക്ക് വേണ്ടി വനംവകുപ്പോ ശാസ്ത്രലോകമോ എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഉള്ളവയെ സംരക്ഷിക്കുമ്പോള്‍ തന്നെ വംശവര്‍ദ്ധനക്കുവേണ്ടിയുള്ള പദ്ധതികള്‍ എത്രകണ്ട് ആലോചിക്കുന്നു, നടപ്പാക്കുന്നു? വനംവകുപ്പിന്‍േറയും വനവികസന കോര്‍പ്പറേഷന്‍േറയും പള്‍പ്പ് വുഡ് പ്ളാന്‍േറഷന്‍ വിഡ്ഢിത്തങ്ങളാല്‍ പരിക്കേറ്റ വനമേഖലകളില്‍ പ്രകൃതിയുടെ സ്വാഭാവികത വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന നിലയിലെങ്കിലും വിത്ത് മുളപ്പിച്ചോ ടിഷ്യൂ കള്‍ച്ചറല്‍ വഴിയോയുള്ള റെസ്റ്റോറേഷന്‍ പ്രോഗ്രാമുകള്‍ നടത്താന്‍ തുനിയുന്നുണ്ടോ?

സംരക്ഷണം പോലെ തന്നെ പ്രധാനമാണ് നിലനില്‍പ് ഭീഷണിയിലായ സസ്യവര്‍ഗങ്ങളുടെ വംശവര്‍ദ്ധനക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെന്നും വിത്തുമുളപ്പിക്കലും ടിഷ്യു കള്‍ച്ചറിങ്ങുമെല്ലാം ശാസ്ത്രീയ മാര്‍ഗങ്ങളാണെന്നും പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ ബോട്ടണിവിഭാഗം അധ്യാപകന്‍ ഡോ. ഖമറുദ്ദീന്‍ പറയുന്നു. കോളജില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച അന്തര്‍ദേശീയ നിലവാരമുള്ള പ്ളാന്‍റ് ടിഷ്യൂ കള്‍ച്ചര്‍ ആന്‍റ് ബയോടെക്നോളജി ലാബ് ഇത്തരം ലക്ഷ്യങ്ങളും മുന്നില്‍ കാണുന്നുണ്ടെന്നും ശെന്തുരുണിയുടെ പോലുള്ള വിത്തുകള്‍ ശേഖരിച്ച് ലാബില്‍ അതിനാവശ്യമായ അന്തരീക്ഷം സൃഷ്ടിച്ച് മുളപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ പ്ളാന്‍േറഷന്‍ പരിപാടികളാല്‍ വനത്തിന്‍െറ സ്വാഭാവികത നഷ്ടമായ ഭൂപ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള നിലനില്‍പ് ഭീഷണിയുള്ള സസ്യങ്ങളുടെ വംശവര്‍ദ്ധനക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും വനവത്കരണപരിപാടികളുമാണ് വേണ്ടത്.

ജൈവവൈവിധ്യത്തിന്‍െറ പറുദീസ

അനേകവര്‍ഗം ജീവജാലങ്ങളുടേയും സസ്യലതാദികളുടെയും ജൈവവൈവിധ്യത്തിന്‍െറ പറുദീസയിലാണ് അപൂര്‍വതയുടെ തലയെടുപ്പുമായി ശെന്തുരുണി മരങ്ങള്‍ അഴകൊത്ത ചെറുപത്രങ്ങള്‍ വിരിച്ചുനില്‍ക്കുന്നത്. ഏതാണ്ട് അഞ്ചിനം ഹരിത വനങ്ങളുടെ സമൃദ്ധിയാണ് ശെന്തുരുണി വനമേഖലയുടെ പ്രത്യേകത. നിത്യഹരിത വനങ്ങള്‍ ഹൃദ്യമായ കാഴ്ചാനുഭവമാണ്. ശെന്തുരുണി പുഴയുള്‍പ്പെടെ നിരവധി നീര്‍ച്ചാലുകള്‍ വനാന്തരങ്ങളിലൂടെ ഒഴുകുന്നു. മലമടക്കുകളിലെ ചോലവനങ്ങളും കാഴ്ചക്ക് കുളിര്‍മ പകരുന്നു. ഇവിടെ വന്യജീവിതത്തിന്‍െറ സമ്പല്‍സമൃദ്ധിയും പ്രകടമാണ്. ആന, കാട്ടുപോത്ത് എന്നിവയാണ് പ്രധാനം. കടുവ, പുലി, കരടി, കേഴമാന്‍, കരിങ്കുരങ്ങ്, സിംഹവാലന്‍, പന്നി, മലയണ്ണാന്‍ തുടങ്ങിയവയും രാജവെമ്പാല മുതല്‍ വിവിധതരം പാമ്പ് വര്‍ഗങ്ങളും ധാരാളം.

1984 മുതല്‍ ശെന്തുരുണി ഒരു വന്യജീവി സങ്കേതമാണ്. ഒരു മരത്തിന്‍െറ പേരിലുള്ള ഏക വന്യജീവി സങ്കേതം എന്ന നിലയില്‍ പി.എസ്.സി പരീക്ഷയിലും മറ്റും ശെന്തുരുണി ചോദ്യമായി വരാറുണ്ട്. സമീപകാലത്ത് മികച്ച ഒരു ശലഭ നിരീക്ഷക സങ്കേതമെന്ന നിലയിലും ശെന്തുരുണി മേഖല ശ്രദ്ധിക്കപ്പെട്ടുവരുന്നുണ്ട്. അത്യപൂര്‍വയിനങ്ങളുള്‍പ്പെടെ 273 ഇനം ചിത്രശലഭങ്ങളാണ് ഈ വനമേഖലയിലുണ്ടെന്ന് കണ്ടത്തെിയിട്ടുള്ളത്.
കേരളത്തിലെ ആദ്യത്തേതും വലുതുമായ തെന്മല ഇക്കോ ടൂറിസം പദ്ധതി പ്രദേശം ശെന്തുരുണി വനമേഖല കൂടി ഉള്‍പ്പെട്ടതാണ്. ടൂറിസത്തിന്‍െറ ഭാഗമായി വിനോദ സഞ്ചാരികളെ വനം കയറാന്‍ അനുവദിക്കുന്നുണ്ട്. പ്രകൃതിസ്നേഹികള്‍ ഇതിനെതിരാണ്. ആവാസ വ്യവസ്ഥയുടെ ഈറ്റില്ലങ്ങള്‍ കേവലം വിനോദത്തിനുള്ള ഉപാധികളല്ളെന്ന കാഴ്ചപ്പാടാണ് അവരുടേത്. അത്യപൂര്‍വയിനങ്ങളുള്‍പ്പെടെ ലക്ഷക്കണക്കിന് സസ്യ-ജീവി വര്‍ഗങ്ങളുള്ള ഈ ജൈവവൈവിധ്യ കലവറയില്‍ പരിസ്ഥിതി സൗഹൃദം എത്ര പറഞ്ഞാലും വിനോദസഞ്ചാരത്തിന്‍െറ വാണിജ്യപരമായ ദൂഷ്യവശങ്ങളുണ്ടാക്കുന്ന പരിക്കുകള്‍ അത്ര നിസാരമല്ളെന്നാണ് അവരുടെ വാദം.

എന്തായാലും സമീപകാലത്ത് കേട്ട ഒരു വാര്‍ത്ത തെന്മല
ഇക്കോടൂറിസത്തിന്‍െറ മുഖഛായയും പേരും മാറാന്‍ പോകുന്നുവെന്നാണ്. ശെന്തുരുണി ഇക്കോ ടൂറിസം എന്നായിരിക്കും പുനര്‍നാമകരണമത്രെ. കടുവാസങ്കേതമായി പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നും പെരിയാര്‍ കടുവസങ്കേതം പോലെ കൂടുതല്‍ വികസനം എത്തിക്കാന്‍ പദ്ധതിയുണ്ടെന്നുമാണ് കേട്ടത്.
നിലവിലെ സ്ഥിതിക്കുപരിയായ എന്ത് വികസന പ്രവര്‍ത്തനവും വനമേഖലയുടെ സ്വാഭാവികതയെ നശിപ്പിക്കുമെന്ന കാര്യം നിസ്തര്‍ക്കമാണ്. നിക്ഷിപ്ത വനമേഖലയില്‍ സിമന്‍റുപോലുള്ളവ ഉപയോഗിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളെ വനസംരക്ഷണനിയമങ്ങള്‍ തടയുന്നതും അതുകൊണ്ടാണ്. ബ്രിട്ടീഷുകാര്‍ പണിതിട്ടുപോയ നൂറ്റാണ്ടിലേറെ പഴക്കമുള്ള വനപാതകള്‍ വനപാലകരുടേയും സഞ്ചാരികളുടേയും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പരിസ്ഥിതി വിരുദ്ധമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള അറ്റകുറ്റപണികളോ പുതിയ നിര്‍മാണങ്ങളോ അനുവദിക്കുന്നില്ല. എന്നാല്‍ ശെന്തുരുണിയില്‍ തന്നെ അതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാതയില്‍ പുതുതായി കോണ്‍ക്രീറ്റ് ഇട്ടത് കാണാനിടയായി.

ശെന്തുരുണി ഒരു സംസ്കാരം കൂടിയാണ്

മനുഷ്യവാസത്തിന്‍െറ സമ്പന്ന ചരിത്രമുള്ള ഒരു നദീതട സംസ്കാരത്തിന്‍െറ പേര് കൂടിയാണ് ശെന്തുരുണി. ലോകത്തെ ആദിമസംസ്കാരങ്ങളിലൊന്നായി കണക്കാക്കുന്ന സിന്ധുനദീതട സംസ്കാരത്തേക്കാള്‍ പഴക്കമുള്ളതെന്ന് കരുതേണ്ടുന്ന ചരിത്രാവശിഷ്ടങ്ങള്‍ ശെന്തുരുണി മേഖലയില്‍നിന്ന് സമീപകാലത്ത് കണ്ടെടുത്തിട്ടുണ്ട്. സംസ്കാരാവശിഷ്ടങ്ങള്‍ കാര്‍ബണ്‍ ഡേറ്റിങ്ങില്‍ അയ്യായിരത്തിലേറെ വര്‍ഷം പഴക്കം കാണിക്കുന്നതാണത്രെ.
ശെന്തുരുണി മലനിരകളില്‍നിന്ന് ഉത്ഭവിച്ച് വനാന്തരങ്ങളിലൂടെ ഒഴുകുന്ന ശെന്തുരുണിയുടെ തീരങ്ങളില്‍ ശിലായുഗത്തില്‍  മനുഷ്യവാസമുണ്ടായിരുന്നുവെന്ന കണ്ടത്തെല്‍ 25വര്‍ഷം മുമ്പ് പൂണെ ഡക്കാന്‍ കോളജിലെ പുരാവസ്തു ഗവേഷകനും മലയാളിയുമായ ഡോ. പി. രാജേന്ദ്രനാണ് നടത്തിയത്. ഇത് വിശ്വസനീയമാണെങ്കില്‍ അയ്യായിരത്തില്‍ താഴെ വര്‍ഷം മാത്രം പഴക്കമുള്ള സിന്ധൂനദീതട സംസ്കാരത്തെ കവച്ചു വെക്കുന്ന പഴമയാണ് തെക്കന്‍ കേരളത്തിലെ പശ്ചിമഘട്ട സാനുക്കളിലെ മനുഷ്യചരിത്രത്തിനുള്ളത്.

(Varadhya Madhyamam_June 1, 2014 & Cheppu (Gulf Madhyamam) June 5, 2014)