Sunday, October 5, 2014

അക്കേഷ്യ താഴ്വരയിലെ ഇടയന്‍


‘എഡ്ജ് ഓഫ് ദി വേള്‍ഡി’ലെ പ്രകൃതി വിസ്മയങ്ങള്‍ കണ്ടു മടങ്ങുമ്പോള്‍ അക്കേഷ്യ താഴ്വരയിലാണ് അയാളെ കണ്ടത്. വേനല്‍ സൂര്യനുനേരെ ദുര്‍ബല പ്രതിരോധം തീര്‍ക്കുന്ന അക്കേഷ്യ മരത്തിലേക്ക് ചാരി അതിന്‍െറ ഇത്തിരി തണലില്‍ നില്‍ക്കുകയായിരുന്നു ആ ഇടയന്‍. ആറേഴ് മണിക്കൂറിനിടയില്‍ മരുഭൂമിയില്‍ ഞങ്ങള്‍ക്ക് കാണാനായ മറ്റൊരു മനുഷ്യ ജീവി. എരിത്രിയക്കാരനായ യുവാവ്. ധരിച്ചിരിക്കുന്ന ളോഹയുടെ തവിട്ട് നിറം അഴുക്കും മെഴുക്കും പിടിച്ച് കറുത്തുപോയിരുന്നു. ദേഹത്തിന്‍െറ കരിവീട്ടി നിറത്തോട് ചേരുന്നതായി അത്.

പതിവുപോലെ ഒട്ടക കൂട്ടത്തെ താഴ്വരയില്‍ മേയാന്‍ വിടാന്‍ എത്തിയതാണ് അയാള്‍. ചുറ്റുവട്ടത്തുതന്നെ അക്കേഷ്യ മരങ്ങള്‍ക്ക് ഇടയിലും കുറ്റിച്ചെടികളുടെ പൊന്തകളിലും ഇഷ്ട ഭക്ഷണം തേടി സൈ്വരവിഹാരത്തിലാണ് ഒട്ടകങ്ങള്‍. നട്ടുച്ച കഴിഞ്ഞ് സൂര്യന്‍ പടിഞ്ഞാറേക്ക് നീങ്ങിത്തുടങ്ങിയ നേരത്താണ് കുന്നിനപ്പുറമുള്ള തമ്പില്‍നിന്ന് അയാള്‍ ഒട്ടകങ്ങളുമായി വന്നത്. ഇനി സന്ധ്യമയങ്ങുന്നതുവരെ അവയുടെ മേല്‍ കണ്ണുറപ്പിച്ചുകാത്തുനില്‍ക്കണം. താഴ്വരയുടെ നിശബ്ദതയില്‍ നേരിയ ഒരു ഇളക്കമുണ്ടാക്കാന്‍ കാറ്റുപോലും വരാറില്ല. ഏകാന്തതക്കുപോലും മുഷിവനുഭവപ്പെട്ടുതുടങ്ങുമ്പോള്‍ അയാള്‍ മനോരാജ്യത്തില്‍ മുഴുകും.
അങ്ങിനെ ഒരു പകല്‍സ്വപ്നത്തില്‍ എല്ലാം മറന്നുനില്‍ക്കുകയായിരുന്നിരിക്കണം.

പൊടി പറത്തി ഇരച്ചുതുമിച്ച് വാഹനങ്ങള്‍ മുന്നില്‍ വന്നുനിന്നപ്പോള്‍ ഒന്ന് നടുങ്ങി ഉണര്‍ന്ന പോലെയായി അയാള്‍. വാഹനങ്ങളില്‍നിന്ന് ഇറങ്ങിയ ഞങ്ങളുടെ കൈകളില്‍ കുപ്പിവെള്ളം കണ്ടപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങി. നീട്ടിയ വെള്ളം ആര്‍ത്തിയോടെ വാങ്ങി കുടിക്കുമ്പോള്‍ കൊണ്ടുവന്ന വെള്ളം തീര്‍ന്നുപോയിരുന്നെന്ന് അയാള്‍ പറഞ്ഞു. ആഫ്രിക്കന്‍ വന്‍കരയില്‍നിന്നുവന്ന ആ യുവാവിനും കിഴക്കനേഷ്യക്കാരായ ആഗതര്‍ക്കുമിടയില്‍ അറബി പൊതുഭാഷയാകുന്നുവെന്ന് കണ്ടപ്പോള്‍ അപരിചിതത്വം അകന്നു. റിയാദ് നഗരത്തില്‍നിന്ന് രാവിലെ ‘ലോകത്തിന്‍െറ മുനമ്പ്’ കാണാന്‍ പുറപ്പെട്ട ഞങ്ങള്‍ 185 കിലോമീറ്റര്‍ താണ്ടിയ ആറേഴ് മണിക്കൂറിന് ഇടയില്‍ മരുഭൂമിയില്‍ മറ്റൊരു മനുഷ്യ ജീവിയേയും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അങ്ങോട്ടുപോയ വഴിയിലൂടെ തിരിച്ചുപോരുമ്പോള്‍ മുന്നില്‍പെട്ട എരിത്രിയന്‍ യുവാവ് കൗകതുകവും ആഹ്ളാദവുമായി തീര്‍ന്നത്.
സൗദി അറേബ്യയുടെ തലസ്ഥാന നഗരം ഉള്‍പ്പെടുന്ന മധ്യപ്രവിശ്യയിലെ തുവൈഖ് മലനിരകളുടെ ഭാഗമാണ് അക്കേഷ്യ താഴ്വരയും അത് ഒടുങ്ങുന്നിടത്തെ ‘എഡ്ജ് ഓഫ് ദി വേള്‍ഡ്’ എന്ന പ്രകൃതിയുടെ പ്രതിഭാസവും. ദശലക്ഷം വര്‍ഷം മുമ്പ് കടലായി കിടന്ന പ്രദേശം കരയായി രൂപാന്തരം പ്രാപിച്ചതിന്‍െറ അത്ഭുത ബാക്കിപത്രങ്ങള്‍ സാഹസികരായ സഞ്ചാരികളെ കാത്ത് അവിടെയുണ്ട്. മുന്നില്‍ ഭൂമി ഇല്ലാതാകുന്നത് ഗിരിശൃംഖങ്ങളുടെ വിസ്മയതുമ്പത്ത് കയറിനിന്ന് കണ്ട് അത്ഭുതപ്പെട്ട് തിരിച്ചുമടങ്ങുമ്പോഴാണ് അതിലും വലിയ വിസ്മയമായി അബ്ദുസമദ് എന്ന ഒട്ടകപാലകന്‍ മുന്നില്‍നിന്നത്.

അയാളുടെ കഥ തീര്‍ച്ചയായും ത്രസിപ്പിക്കുന്നതായിരുന്നു. അഞ്ചുവര്‍ഷം മുമ്പാണ് ഈ താഴ്വരയില്‍ അയാള്‍ എത്തിയത്. അനധികൃതമായി സൗദിറേബ്യയിലേക്ക് കടന്നതാണ്. അതുകൊണ്ടുതന്നെ രാജ്യാന്തര യാത്രക്ക് ആവശ്യമായ പാസ്പോര്‍ട്ടും വിസയും സൗദിയില്‍ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള അനുമതിരേഖയായ ‘ഇഖാമ’യും ഇല്ല. അതിനി ഉണ്ടാകാനും പോകുന്നില്ല.

അഫ്രിക്കന്‍ വന്‍കരയുടെ ചെങ്കടല്‍ തീരത്തെ എരിത്രിയയില്‍നിന്ന് മറുകരയിലെ സൗദിയില്‍ എത്തിയത് എങ്ങിനെ എന്ന് അറിയാനുള്ള ഞങ്ങളുടെ ആകാംക്ഷയില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച് തന്‍െറ അതിസാഹസികമായ യാത്രയെ കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങി.
ചെങ്കടലിന്‍െറ ഇരുകരകളും തമ്മില്‍ അകലം കുറയുന്ന ഭാഗം എരിത്രിയയുടെ അസാബ തുറമുഖത്തിനും യമന്‍െറ തലസ്ഥാനമായ സനാഅക്ക് സമീപമുള്ള തുറമുഖത്തിനും ഇടയിലാണ്. ഇവിടെ കടലിലെ കള്ളവഴികളിലൂടെ മറുകരയുടെ സമൃദ്ധിയിലേക്ക് ജീവിതം അന്വേഷിച്ച് നുഴഞ്ഞുകടക്കുന്ന സംഘത്തില്‍ ഒരാളാവുകയായിരുന്നു അബ്ദുസമദും. അധികൃതരുടെ കണ്ണുവെട്ടിച്ച് യമന്‍െറ തീരപ്രദേശങ്ങളിലൂടെയും മലഞ്ചെരിവുകളിലൂടെയും നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടിയും സൗദി-യമന്‍ അതിര്‍ത്തി ദുര്‍ഗങ്ങളെ അതിലും വലിയ സാഹസികതയിലൂടെ മറികടന്നും റിയാദില്‍ എത്തിയ കഥ അയാള്‍ പറഞ്ഞപ്പോള്‍ ജീവന്‍ നിലച്ചുപോകുന്നതുപോലെ തോന്നി ശ്രോതാക്കള്‍ക്ക്.


നിയമ മാര്‍ഗത്തിലൂടെ റിയാദില്‍ വന്ന് ജോലി ചെയ്യുന്ന സഹോദരന്മാരുടെയും ബന്ധുക്കളുടെയും അടുത്താണ് എത്തിയത്. അവരാണ് അനധികൃതരുടെ പറുദീസയായ മരുഭൂമിയിലെ ഇടയ ജീവിതം തരപ്പെടുത്തികൊടുത്തത്.
1800 റിയാലാണ് ശമ്പളം. അത് കൃത്യമായി ലഭിക്കും. കഴിയുന്നത്ര ഇങ്ങിനെ ജോലി ചെയ്ത് ഒരു സമ്പാദ്യം തരപ്പെടുത്തണം. എന്നിട്ട് മടങ്ങണം. വിവാഹം കഴിക്കണം. സുഖമായി ജീവിക്കണം. ഇതൊക്കെയാണ് ഇരുപത്തഞ്ച് വയസിലത്തെിയ ആ ചെറുപ്പക്കാരന്‍െറ സ്വപ്നങ്ങള്‍.
മരുഭൂമിയിലെ തമ്പിലാണ് ജീവിതം. ചൂടും തണുപ്പും എല്ലാം ഒരുപോലെ. രാവിലെ ഉണര്‍ന്ന് ഒട്ടകത്തിന് തീറ്റയും വെള്ളവും കൊടുക്കണം. അവയ്ക്ക് കാവലിരിക്കണം. ഉച്ചകഴിയുമ്പോള്‍ മരുഭൂമിയില്‍ മേയാന്‍ കൊണ്ടുപോകണം. സന്ധ്യമയങ്ങുമ്പോള്‍ എല്ലാറ്റിനേയും ആട്ടിതെളിച്ച് കൂട്ടിലേക്ക് തിരികെ കൊണ്ടുവരണം. ഒരുദിവസം പോലും അവധിയില്ലാത്ത, മാറ്റമില്ലാത്ത ദിനചര്യ. അപ്പോള്‍ പിന്നെ പെരുന്നാള്‍ പോലുള്ള ആഘോഷ അവസരങ്ങളൊ? എന്ന ഞങ്ങളുടെ ചോദ്യത്തിന് കറപിടിച്ച പല്ലുകളില്‍ വിടര്‍ന്ന ചിരിയായിരുന്നു മറുപടി. ദുഖമൊ പരിഹാസമൊ എന്താണ് അതിന്‍െറ ഭാവമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

വലപ്പോഴും സഹോദരന്മാരും മറ്റു ബന്ധുക്കളും മരുഭൂമിയിലേക്ക് വരും. തന്നെ കാണാന്‍. ശമ്പളം കിട്ടി കൈയില്‍ കരുതിയിരിക്കുന്ന പണം അവരെ ഏല്‍പിക്കും. നാട്ടിലേക്ക് അയക്കുന്നത് അവര്‍ വഴിയാണ്. നഗരത്തില്‍നിന്ന് ഭക്ഷണമൊക്കെയായാണ് അവരുടെ വരവ്. അതുതന്നെയാണ് തന്‍െറ പെരുന്നാളുകളെന്നും അത് ഇടക്കിടെ സംഭവിക്കാറുണ്ടെന്നും പറയുമ്പോള്‍ ആ മുഖത്തെ പ്രസന്നതയില്‍ ഒരു നൊമ്പരത്തിന്‍െറ ഛായ കണ്ടു.
മരുഭൂമിയില്‍ വല്ലപ്പോഴും കണ്ടുമുട്ടുന്ന മനുഷ്യരായി ഞങ്ങള്‍ മുന്നില്‍നിന്നപ്പോള്‍ അബ്ദുസമദും ആഹ്ളാദത്തിലായിരുന്നു എന്ന് തോന്നി. അതുകൊണ്ടാണ് കൂട്ടത്തില്‍ അഴകൊത്തതും അനുസരണ ശീലമുള്ളതും തുണികൊണ്ടുള്ള ഇരിപ്പിടം സ്ഥാപിച്ചതുമായ ഒട്ടക പുറത്ത് കയറി ചുറ്റിയടിക്കാന്‍ ഞങ്ങളില്‍ ഭയമില്ലാത്തവര്‍ക്ക് അവസരം നല്‍കിയത്.
രേഖയില്ലാത്ത ജീവിതവുമായി നാട്ടിലേക്ക് മടങ്ങേണ്ടിവരുമ്പോള്‍ അത് എങ്ങിനെയാവും എന്ന് കൂടി അറിയാന്‍ ആഗ്രഹം തോന്നി. ‘‘വന്ന വഴികളിലൂടെ തന്നെ’’, അബ്ദുസമദിന്‍െറ മറുപടി എളുപ്പത്തിലായിരുന്നു!