Tuesday, August 30, 2011

ഒറ്റാന്തടികളുടെ പെരുന്നാള്‍

'രാവിലെയെഴുന്നേറ്റ് ഒരു കിലോമീറ്റര്‍ നടന്നുപോയി പെരുന്നാള്‍ നിസ്കരിക്കും. തിരിച്ചെത്തി മത്തി മുളകിട്ടതും ഖുബുസും കഴിക്കും. പിന്നെ ദേ ഈ ടീഷര്‍ട്ടിട്ട് അങ്ങിറങ്ങും. കഫീലും കുടുംബവും രാവിലെ തന്നെയെത്തും. പിന്നെ പെരുന്നാള്‍ അവധിയൊക്കെ കഴിഞ്ഞ് അവര്‍ പോകുന്നതുവരെ ഒന്ന് മൂടൂന്നാന്‍ പറ്റാത്ത പണിയാണ്.' കൊല്ലം അയത്തില്‍ സ്വദേശി ശംസുദ്ദീനും മലപ്പുറം അരീക്കോട്ടുകാരന്‍ സുലൈമാനും പറഞ്ഞത് ഒരേ കാര്യം. മരുഭൂ മനുഷ്യരായ ഒറ്റാന്തടികളുടെ പെരുന്നാളാഘോഷം എങ്ങിനെയാവുമെന്നറിയാന്‍ ഇറങ്ങിപുറപ്പെട്ടതാണ്. കേട്ടതൊക്കെ ഒരേ കഥ. 'ഈ ചുറ്റുഭാഗത്ത് ഇതുപോലെ ഇസ്തിരാഹകള്‍ ഒരുപാടുണ്ട്. എല്ലാറ്റിലും നോട്ടക്കാരായി ഒന്നോ രണ്ടോ പേരുണ്ടാവും. കൂടുതലും മലയാളികള്‍ തന്നെയാണ്. അവരെ കണ്ടാലും പെരുന്നാളാഘോഷത്തെ കുറിച്ച് ഇത്രയൊക്കയേ അവര്‍ക്കും പറയാനുണ്ടാവൂ.' തെക്ക് ദേശിങ്ങനാടിന്റേയും വടക്ക് വള്ളുവനാടിന്റേയും ശൈലീ വ്യത്യാസം മാറ്റിനിറുത്തിയാല്‍ ഇരുവരും തങ്ങളുടെ ജീവിതത്തെ വരച്ചിട്ട ഭാഷക്ക് ഒരേ സ്വരം, ഒരേ താളം.

ബന്‍ബാന്‍, വിശ്രമ സങ്കേതങ്ങളുടെ ഗ്രാമം

റിയാദ് നഗരത്തില്‍നിന്ന് വടക്കോട്ട് പോകുന്ന ഹൈവേയില്‍ 60കിലോമീറ്റര്‍ പിന്നിടുമ്പോള്‍ മുന്നിലെ ഫ്ലൈ ഓവറിലേക്ക് ഓടിക്കയറുന്ന വഴി വലതുഭാഗത്തേക്ക് ഒടിഞ്ഞിറങ്ങുന്നത് ബന്‍ബാന്‍ ഗ്രാമത്തിലേക്കാണ്. സ്വദേശികളുടെ ഒഴിവുകാല വിശ്രമസങ്കേതങ്ങള്‍ക്ക് മാത്രമായൊരു ഗ്രാമമാണ് ബന്‍ബാന്‍. കണ്ണെത്താ ദൂരത്തേക്ക് പടര്‍ന്നുപോകുന്ന മരുഭൂ കാഴ്ചക്ക് അതിരുടുന്നത് ഇത്തരം ഇസ്തിരാഹകളുടെ അഥവാ വിശ്രമ, വിനോദ സങ്കേതങ്ങളുടെ എടുപ്പുകളും ചുറ്റുമതില്‍കെട്ടുകളുമാണ്. ഈ ഓരോ ചുറ്റുമതില്‍ക്കെട്ടുകള്‍ക്കുള്ളിലും വിജനതയെ ഭഞ്ജിച്ചുകൊണ്ട് ഒന്നോ രണ്ടോ മനുഷ്യ ജീവിതങ്ങളുണ്ടാവും. 24 മണിക്കൂറും ജാഗ്രതയോടെ കാവല്‍ക്കാരായി. അവര്‍ക്ക് അറബി ഭാഷയില്‍ ഒരേ പേര്, ഹാരിസ്. കാവല്‍ക്കാരനെന്നോ കാര്യസ്ഥനെന്നോ നിങ്ങള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ മനസിന്റെ വലിപ്പം പോലെ വിളിച്ചോളൂ എന്ന് അവര്‍ ചിരിയോടെ പറയും.

ബന്‍ബാനിലൂടെയുള്ള യാത്രയില്‍ വഴികാട്ടാനെത്തിയ സുലൈമാന്‍ തന്നെ കഥാപാത്രമായി മാറിയ കഥയാണ് ആദ്യം. മുന്നില്‍ പെട്ടെന്ന് വഴിമുടക്കിയ റോഡിന്റെ പിരിവുകളില്‍ ഏതിലേക്ക് പോകണം എന്ന് അന്തിച്ചുനില്‍ക്കുമ്പോള്‍ 'സീഡ്' എന്ന ഇനിയും കേള്‍ക്കാത്ത ഒരു കമ്പനിയുടെ മോട്ടോര്‍ സൈക്കിളോടിച്ച് നിറഞ്ഞ ചിരിയോടെ സുലൈമാനെത്തി. മരുഭൂ ജീവിതങ്ങളെ പരിചയപ്പെടുത്തിത്തരാമെന്നേറ്റ സുലൈമാന്‍ ആരെയാണ് ആദ്യം കാണേണ്ടതെന്ന് വിചാരപ്പെട്ടു നില്‍ക്കുമ്പോള്‍ വെറുതെ ചോദിച്ചു:
'സുലൈമാന്‍ എത്ര വര്‍ഷമായി ഇവിടെ?'
'...പത്തൊമ്പത്.'
'ഈ കാലത്തിനിടക്ക് നാട്ടില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ കൂടിയിട്ടുണ്ടോ?'
'ഉവ്വ്, ഒരു തവണ മാത്രം. പക്ഷേ, അത് 17വര്‍ഷം മുമ്പാണ്.'
മുഖം നിറഞ്ഞുനിന്ന ചിരിയില്‍ പോക്കുവെയിലിന്റെ ഛായ പടര്‍ന്നുകയറിയത് പെട്ടെന്നാണ്.
ഒറ്റാന്തടികളുടെ പെരുന്നാള്‍ വിശേഷമറിയാനുള്ള യാത്രയില്‍ ഒപ്പം വന്ന റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ എസ്.വി അര്‍ശുല്‍ അഹ്മദും നാസര്‍ മാങ്കാവും ഒരേ സ്വരത്തില്‍ ചോദിച്ചു, എങ്കില്‍ എന്തുകൊണ്ട് സുലൈമാന്റെ കഥയില്‍നിന്നുതന്നെ തുടങ്ങിക്കൂടാ...
സുലൈമാന്റെ കഥ, ശംസുദ്ദീന്റേയും

1994ലാണ് സുലൈമാന്‍ റിയാദില്‍ സര്‍ക്കാര്‍ വകുപ്പില്‍ ഉന്നതോദ്യോഗസ്ഥനായ സ്വദേശിയുടെ വിശ്രമ സങ്കേത കാവല്‍ക്കാരനായി സൌദിയിലെത്തിയത്. അന്നുമുതല്‍ ബന്‍ബാനിലെ ഈ മനോഹര വിശ്രമ മന്ദിരത്തിന്റെ കാവല്‍ക്കാരനും കാര്യസ്ഥനുമാണ്. 1996ല്‍ ആദ്യ അവധി കിട്ടി നാട്ടിലെത്തിയത് റമദാനില്‍. വീട്ടുകാരോടൊപ്പം ചെലവിട്ട പെരുന്നാളുകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസില്‍ നിറഞ്ഞുനിന്നതിനാല്‍ എങ്ങിനേയും പെരുന്നാളിന് നാട്ടിലെത്തണമെന്ന ആഗ്രഹം പിറ്റേ വര്‍ഷമായതോടെ കലശലാവുകയും സമയവും കാലവും കഫീലിന്റെ സന്മനസും ഒത്തുവന്നപ്പോള്‍ സഫലമാവുകയും ചെയ്തു. ചെറിയ പെരുന്നാളും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം കൂടിയിട്ടാണ് തിരിച്ചെത്തിയത്. പിന്നെ ഒരു പെരുന്നാളിനും നാട്ടിലെത്താനായില്ല. കാലം തെറ്റിയത് പെരുന്നാളുകള്‍ക്കോ തന്റെ അവധികള്‍ക്കോ എന്ന കാര്യത്തിലാണ് നിശ്ചയമില്ലാത്തത്.
രണ്ടുവര്‍ഷം കൂടുമ്പോഴാണ് അവധി. വിമാന ടിക്കറ്റുള്‍പ്പെടെയെത്തുന്ന അവധി ഒഴിവാക്കാറില്ല. എന്നാല്‍ പിന്നീട് ഒരു അവധിയും പെരുന്നാളുകളും ഒരുമിച്ചു വന്നില്ല. ഇപ്പോള്‍ അതൊക്കെ ശീലമായിരിക്കുന്നു.

പെരുന്നാള്‍ സദ്യയെന്നാല്‍ ബിരിയാണിയുടെ മണം മനസിലുണ്ടെങ്കിലും മത്തിക്കറിയും ഖുബുസുമാണെന്ന യാഥാര്‍ഥ്യം സുലൈമാനുള്‍ക്കൊള്ളാന്‍ ഇന്നു പ്രയാസമില്ല. റിയാദില്‍നിന്ന് ആഴ്ചയിലൊരിക്കല്‍, അതായത് വെള്ളിയാഴ്ച തൊട്ടടുത്തുള്ള ജുമുഅ മസ്ജിദിന്റെ സമീപം അണിനിരക്കുന്ന വഴിവാണിഭക്കാരില്‍നിന്നുവാങ്ങുന്ന മീനാണ് പിന്നീടുള്ള ഒരാഴ്ച ഊട്ടു വിഭവങ്ങളില്‍ പ്രധാനപ്പെട്ടത്. പെരുന്നാള്‍ വെള്ളിയാഴ്ചയോ അതിനോടടുത്ത ദിവസങ്ങളിലോ ആയാല്‍ പെരുന്നാളൂണ് കറുച്ചുകൂടി 'ഫ്രഷ്' ആവും എന്ന് മാത്രം.

തൊട്ടടുത്തുള്ള ഇസ്തിറാഹയുടെ കാര്യസ്ഥനായ ശംസുദ്ദീനും പറയാനുള്ള വിശേഷങ്ങള്‍ ഇതൊക്കെ തന്നെയാണ്. 1997 ഡിസംബറില്‍ റിയാദിലെ ഒരു വ്യവസായ പ്രമുഖന്റെ കമ്പ്യൂട്ടര്‍ കമ്പനിയുടെ വിസയിലാണ് ശംസുദ്ദീന്‍ റിയാദിലെത്തിയത്. കമ്പനിയില്‍ എന്തെങ്കിലും ജോലിയാവുമെന്നാണ് കരുതിയത്. എന്നാല്‍ ബന്‍ബാനിലെ വിശ്രമസങ്കേതത്തില്‍ തല്‍ക്കാലം ഹാരിസിന്റെ ഒഴിവുണ്ടെന്നും പകരം ആളെത്തിയാല്‍ താമസിയാതെ കമ്പനിയിലേക്ക് മാറ്റിനിയമിക്കാമെന്നും പറഞ്ഞാണ് സങ്കേതത്തിലെത്തിച്ചത്. പറഞ്ഞപോലൊന്നും ആരും പകരമായെത്തിയില്ല. ബന്‍ബാനിലെ ജീവിതം സ്ഥിരപ്പെട്ടു. ആറു വര്‍ഷം മുമ്പ് ചെറിയ പെരുന്നാളും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം കൂടാനായി. എന്നാല്‍ അതിന് മുമ്പും ശേഷവും നീണ്ടകാലം അനുഭവിച്ച ബന്‍ബാനിലെ പെരുന്നാളിനോളം അതായില്ലെന്ന് വെറുതെ തോന്നി.

'പെരുന്നാളിന് പുതുവസ്ത്രങ്ങളെടുക്കാറുണ്ടോ?' രണ്ടുപേരോടും ചോദിച്ചത് ഒരേ ചോദ്യങ്ങള്‍. ഉത്തരങ്ങളും ഒന്നായിരുന്നു.
'ദേ ഈ ടീഷര്‍ട്ടും പാന്റ്സും. അതാണ് ഞങ്ങളുടെ വേഷം. പുതുവസ്ത്രങ്ങള്‍ നാട്ടില്‍ പോകുമ്പോള്‍ മാത്രം. അല്ലെങ്കില്‍ ഉള്ളത് കീറിപ്പോയാല്‍.'

'എന്നാല്‍ ഇവിടെ ഞങ്ങള്‍ മലയാളികള്‍ ചേര്‍ന്ന് പെരുന്നാളാഘോഷിക്കാറുണ്ട്.... പറഞ്ഞത് ശംസുദ്ദീന്‍. 'പെരുന്നാള്‍ അവധിയൊക്കെ തീര്‍ന്ന് കഫീലും കുടുംബവുമൊക്കെ പോയിക്കഴിഞ്ഞ് വിശ്രമ സങ്കേതങ്ങള്‍ വിശ്രമത്തിലാവുമ്പോള്‍ ഞങ്ങള്‍ ഏതെങ്കിലും ഒരാളുടെ ഇസ്തിരാഹയില്‍ ഒരുമിച്ചുകൂടി ബിരിയാണിയൊക്കെ വെച്ച് പെരുന്നാള്‍ ആഘോഷിക്കും. ആ രാത്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണിനി...' ശംസുദ്ദീന്റെ മുഖത്ത് വിടര്‍ന്ന ശവ്വാല്‍ അമ്പിളിക്ക് 14ാം രാവിന്റെ പൂര്‍ണവളര്‍ച്ച.

മാസത്തിലൊരു തവണ റിയാദിലേക്ക് വണ്ടി കയറാറുണ്ട്. ശമ്പളം കിട്ടുന്ന ദിവസം. ബത്ഹയിലെത്തി പണം വീട്ടിലേക്ക് അയക്കും. മുടിവെട്ടാനായിട്ടുണ്ടെങ്കില്‍ അതു ചെയ്യും. ആവശ്യ സാധനങ്ങളെന്തെങ്കിലും വാങ്ങാനുണ്ടെങ്കില്‍ അതു ചെയ്യും. എന്നാല്‍ പെരുന്നാളിന് ബത്ഹയിലെത്താനാവില്ല. അന്ന് കഫീലും ആള്‍ക്കാരും ഉള്ളതുകൊണ്ട് അവര്‍ക്ക് സേവനം ചെയ്ത് ഇവിടെ തന്നെയുണ്ടാവണമെന്നതിനാല്‍ ബത്ഹയിലേക്കുള്ള യാത്ര രണ്ടാഴ്ചയെങ്കിലും കഴിഞ്ഞിട്ടാണ്.

ബന്‍ബാനില്‍ ജീവിതം സുരക്ഷിതമാണെന്ന് പറയുന്ന ഇരുവര്‍ക്കും നഗരത്തില്‍ ഒട്ടും സുരക്ഷിതമല്ലെന്ന് പറയാന്‍ രണ്ട് അനുഭവ കഥകളുടെ തെളിവുണ്ട് കൈയ്യില്‍. നാട്ടില്‍ മകളുടെ കല്യാണത്തിന് വേണ്ടി കടംവാങ്ങിയ ഇനത്തില്‍ കൊടുക്കാനുള്ള പണം അയക്കാന്‍ ബത്ഹയിലെത്തിയതാണ് സുലൈമാന്‍. ചിട്ടിപിടിച്ച 4200 റിയാല്‍ കൈയിലുണ്ടായിരുന്നു. ബത്ഹയില്‍ വെച്ച് ഏഴുമാസം മുമ്പ് അത് രണ്ട് കറുത്ത വംശജര്‍ തട്ടിയെടുത്തു. അന്ന് കരഞ്ഞതിന് കണക്കില്ല. തുച്ഛ വരുമാനത്തില്‍നിന്ന് മിച്ചം പിടിച്ചതാണ്. 2000ത്തിലാണ് ശംസുദ്ദീന്‍ പിടിച്ചുപറിക്കിരയായത്. ശമ്പളം കിട്ടിയയിനത്തില്‍ തുക കൈയിലുണ്ടായിരുന്നതു മുഴുവന്‍പോയി.

ഇരുവരും കിട്ടിയ ജീവിതം കൊണ്ട് തൃപ്തരാണ്. ശമ്പളം വളരെ കുറവാണ്. എന്നാല്‍ മനസമാധാനമുണ്ട്. കഫീല്‍മാര്‍ക്ക് തങ്ങളോട് നിറഞ്ഞ സ്നേഹമാണ്. ഇസ്തിരാഹകള്‍ വെടിപ്പും വൃത്തിയുമായിരിക്കണം, അന്യര്‍ പ്രവേശിച്ച് അക്രമണം കാട്ടാതെ  സൂക്ഷിക്കണം, പഴത്തോട്ടങ്ങള്‍ പിഴപറ്റാതെ പരിപാലിക്കണം. അത്രയും പിഴവില്ലാതെ ചെയ്താല്‍ പിന്നെ തൊഴിലുടമകള്‍ക്ക് ഇവരോട് എന്തിന് സ്നേഹകുറവുണ്ടാകണം? സുലൈമാന്റെ ഇസ്തിരാഹയില്‍ ആപ്പിള്‍, മുന്തിരി, ഓറഞ്ച്, ഇന്തപ്പന തോട്ടങ്ങളുണ്ട്. ശംസുദ്ദീന്റെ തോട്ടത്തില്‍ ഈന്തപ്പനകള്‍ മാത്രവും.

സുലൈമാന്റെ ഭാര്യ ആമിന. ഏക മകള്‍ ശമീനയുടെ വിവാഹം കഴിഞ്ഞു. ആണ്‍മക്കളായ മുഹമ്മദ് ശഫീഖും മുഹമ്മദ് സനുവും വിദ്യാര്‍ഥികളാണ്. ശംസുദ്ദീന് മൂന്നു മക്കളാണ്. ബികോം വിദ്യാര്‍ഥിയായ മകള്‍ സുറുമിയുടെ വിവാഹം നടത്തലാണ് ഇനിയുള്ള ലക്ഷ്യങ്ങളില്‍ ആദ്യത്തേത്. ഓട്ടൊമൊബൈല്‍ കോഴ്സിന് പഠിക്കുന്ന മൂത്ത മകന്‍ ഷംസാദിനും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഇളയ മകന്‍ ഷംനാദിനും ഓരോ ജീവിതവും തരപ്പെടുത്തണം. അതുവരെ ബന്‍ബാനിലെ ഒറ്റാന്തടി ജീവിതവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം.

ഈ പ്രദേശത്തെ വിവിധ ഇസ്തിരാഹകളിലുള്ള ഇബ്രാഹിം, കബീര്‍, അയ്യൂബ്, അബ്ദുല്‍ സലാം തുടങ്ങി 25ഓളം വരുന്ന മലയാളി ഹാരിസുമാര്‍ക്കും ഒരേ ജീവിതമാണെന്ന് അവര്‍ സ്വന്തം ജീവിത കഥകള്‍ കൊണ്ട് സാക്ഷ്യം പറയുന്നു.

Friday, August 19, 2011

ഇന്ത്യന്‍ നഴ്സുമാര്‍, കാരുണ്യത്തിന്റെ വെള്ളപ്പറവകള്‍

'റഷ്യന്‍ അധിനിവേശ കാലത്ത് തുര്‍ക്കിയില്‍ യുദ്ധത്തിന്റെ കൊടുമ്പിരിയിലും കോളറ പോലുള്ള മഹാമാരികളുടെ പിടിയിലകപ്പെട്ട മനുഷ്യരെ വിശ്രമമെന്തന്നറിയാതെ ശുശ്രൂഷിച്ച ഫ്ലോറന്‍സ് നൈറ്റിംഗേല്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത കാരുണ്യത്തിന്റെ അതേ അടയാളങ്ങളാണ് സൌദി അറേബ്യയിലെ ഇന്ത്യന്‍ നഴ്സുമാര്‍ മൂന്നരപതിറ്റാണ്ട് പിന്നിട്ട ചരിത്രത്തിന്റെ പിന്‍തുടര്‍ച്ചയില്‍ പതിപ്പിച്ചിടുന്നതും. തുര്‍ക്കിയില്‍ പ്രവാസിയായി കഴിഞ്ഞുകൊണ്ടാണ് പ്രവാസികളായ ബ്രിട്ടീഷ് പട്ടാളക്കാരെ ശുശ്രൂഷിച്ച് നൈറ്റിംഗേല്‍ ചരിത്രത്തിലെ ആ മഹനീയ അധ്യായം രചിച്ചതെങ്കില്‍ വരണ്ട മണല്‍നിലങ്ങളില്‍ ഒരു തുണ്ട് ആയുസും കൈയ്യില്‍പിടിച്ചുഴലുന്ന ഹതാശരായ മനുഷ്യര്‍ക്ക് താങ്ങും തണലുമേകിയും ഔഷധത്തിനൊപ്പം സ്നേഹവും കാരുണ്യവും ചാലിച്ചും ഇന്ത്യന്‍ വെള്ള പറവകള്‍ തലമുറകള്‍ കൈമാറി ആ ദീപശിഖ ഉയര്‍ത്തിപിടിച്ച് ദൌത്യം തുടരുകയാണ്്.'

1853ലെ ശിശിരകാലത്ത് തുര്‍ക്കിയില്‍ അധിനിവേശം നടത്തിയ റഷ്യന്‍ പടയെ തുരത്താനെത്തിയ ബ്രിട്ടീഷ് പട്ടാളക്കാര്‍ പകര്‍ച്ച വ്യാധിയുടെ പിടയിലായി. ഏതാനും നാളുകള്‍ക്കുള്ളില്‍ 8000 യോദ്ധാക്കളാണ് മഹാമാരി മൂലം കിടപ്പിലായത്. ദിനേനെ മരണം ആറിനൊന്നെന്ന നിലയില്‍ വളരുകയാണ്. യാഥാര്‍ഥ ശത്രു റഷ്യന്‍ സൈന്യമല്ല, രോഗാണുക്കളാണെന്നു വന്നു. ലണ്ടന്‍ ഹാര്‍ലി തെരുവിലെ ആതുരാലയത്തില്‍ നഴ്സിങ് സൂപ്രണ്ടായിരുന്ന ഫ്ലോറന്‍സ് നൈറ്റിംഗേല്‍, തുര്‍ക്കിയിലേക്ക് പോയി രോഗബാധിതരായ പട്ടാളക്കാരെ ശുശ്രൂഷിക്കാനുള്ള തന്റെ സന്നദ്ധത അധികൃതരെ അറിയിച്ചു. എന്നാല്‍ യാഥാസ്ഥിതികത്വം പുരികക്കൊടി വളച്ചു. പട്ടാളക്കാര്‍ മരിച്ചോട്ടെ, എങ്കിലും ഒരു പെണ്ണ് പട്ടാള ബാരക്കിനുള്ളില്‍ ശുശ്രൂഷകയായി കടന്നെത്താന്‍ പാടില്ലെന്ന് പട്ടാള നേതൃത്വം വാശിപിടിച്ചു. ലണ്ടനിലെ 'ദ ടൈംസ്' പത്രം ഈ മനോഭാവത്തിനെതിരേയും കോളറ പിടിപെട്ട് ബ്രിട്ടീഷ് പട്ടാളക്കാര്‍ മരിച്ചുവീഴുന്നതിനെയും കുറിച്ച് റിപ്പോര്‍ട്ടുകളെഴുതി. ജനവികാരം ഗവണ്‍മെന്റ് നിലപാടിനെതിരായി. ഒടുവില്‍ അധികൃതര്‍ മുട്ടുമടക്കി. നൈറ്റിംഗേലിന്റെ നേതൃത്വത്തില്‍ 38 അംഗ വൈദ്യ പരിചാരക സംഘം തുര്‍ക്കിയിലെത്തി. കാരുണ്യത്തിന്റെ വെള്ള പറവകളുടെ ചരിത്രം തിളങ്ങുന്ന ഒരു കാലത്തിലേക്ക് ചിറകുവിരിച്ച് പറക്കാന്‍ തുടങ്ങിയത് അങ്ങിനെ.

അന്ന് തുര്‍ക്കിയിലെ ബ്രിട്ടീഷ് പട്ടാള ക്യാമ്പില്‍ നൈറ്റിംഗേല്‍ തെളിച്ചുവെച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ തിരിനാളം അവര്‍ക്ക് മുമ്പേ ബ്രിട്ടനിലെത്തി ജനങ്ങളുടെ മനസുകളെ പ്രഭാപൂരിതമാക്കി കഴിഞ്ഞിരുന്നു. 1856ല്‍ നൈറ്റിംഗേല്‍ ബ്രിട്ടനില്‍ തിരിച്ചെത്തുന്നത് ഒരു ദേശീയ നായികയുടെ പരിവേഷത്തോടെയായിരുന്നു.
ലോകത്തിന്റെ മുക്കുമൂലകളില്‍ പുതിയ പുതിയ നൈറ്റിംഗേലുകള്‍ ആവര്‍ത്തിക്കപ്പെടുകയും അടയാളപ്പെടുത്തലുകള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്. സൌദി അറേബ്യയില്‍ ഇന്ത്യന്‍ അടയാളങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ ഏറ്റവും തിളക്കത്തോടെ തെളിയുന്നത് ഇന്ത്യന്‍ ആതിഥേയത്വത്തിന്റെയും കാരുണ്യത്തിന്റെയും പ്രസന്നത സ്ഫുരിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ നഴ്സുമാരുടെ മുഖഭാവങ്ങളാവാം.

നിറ കാരുണ്യത്തിന്റെ വാല്‍സല്യ സ്പര്‍ശങ്ങള്‍
സൌദി ആരോഗ്യ ശുശ്രൂഷാ രംഗത്ത് ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ഇന്ന് നിര്‍ണായക പങ്കാളിത്തമാണുള്ളത്. സൌദിയിലെ വിദേശ നഴ്സുമാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. മൊത്തം വിദേശ നഴ്സുമാരില്‍ പകുതിയിലേറെ വരുമിത്. രണ്ടാം സ്ഥാനത്ത് ഫിലിപ്പൈന്‍സും. തൊഴില്‍ എന്നതിലുപരി ഏറ്റെടുത്തത് ദൈവീക സേവനമാണെന്ന ബോധ്യത്തോടെയാണ് സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഇവരുടെ പ്രവര്‍ത്തനം. ആരോഗ്യമേഖലയുള്‍പ്പടെ സൌദിയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുമ്പോഴും ഇന്ത്യന്‍ നഴ്സുമാരുടെ സാന്നിധ്യം ഒഴിവാക്കാനാവാത്തതായിട്ടുണ്ട്.


സൌദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലും യൂണിവേഴ്സിറ്റികള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് കീഴിലും സ്വകാര്യ മേഖലയിലുമുള്ള ആയിരത്തിലേറെ ആതുരാലയങ്ങളില്‍ ഇന്ത്യന്‍ നഴ്സുമാരുടെ കാരുണ്യ സ്പര്‍ശമുണ്ട്. 18 വര്‍ഷത്തോളം നാട്ടില്‍ പോകാതെ പ്രവാസിയായി ജീവിച്ച്, ഒടുവില്‍ ഒരു ചുമയില്‍ അടിപതറി വീണ് ആരാലോ ആശുപത്രി വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലെത്തിയ മലയാളി മധ്യവയസ്കനെ താങ്ങിയെടുത്ത് വാര്‍ഡിലേക്കെത്തിച്ച് താങ്ങും തണലുമായി നിന്ന മലയാളി നഴ്സുമാര്‍ അദ്യത്തേയോ അവസാനത്തേയോ പത്ര വാര്‍ത്തയിലെ കഥാപാത്രങ്ങളല്ല. റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍സിറ്റിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ അജ്ഞാതനായി കിടന്ന അയാളെ കുറിച്ച് അതേ ആശുപത്രിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ മലയാളി ഡോക്ടര്‍ മുഖാന്തിരം മാധ്യമങ്ങളിലൂടെ പുറംലോകത്തെത്തിച്ച് ഊരും പേരും കണ്ടുപിടിക്കാന്‍ വഴിയൊരുക്കിയതും പ്രചോദനമായതും അവര്‍ തന്നെ. ഇതുപോലെ എത്രയെത്ര നൈറ്റിംഗേല്‍മാരാണ് സൌദിയിലുടനീളം പച്ചപ്പിന്റെ പുതിയ പുതിയ തുരുത്തുകള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നത്.

സൌദി ആരോഗ്യ മന്ത്രാലയത്തിന്റെ 2009ലെ  കണക്കുപ്രകാരം സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെല്ലാം കൂടി 110858 നഴ്സുമാര്‍ സേവനം അനുഷ്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ 63297 ഉം അര്‍ദ്ധ സര്‍ക്കാര്‍ മേഖലയില്‍ 24253 ഉം സ്വകാര്യ മേഖലയില്‍ 23308 ഉം എന്നാണ് കണക്ക്. സൌദി മെഡിക്കല്‍ കൌണ്‍സില്‍ ലൈസന്‍സ് നേടിയവരുടെ ഔദ്യോഗിക കണക്കാണിത്. ലൈസന്‍സ് നേടാത്തവരും സ്വകാര്യ മേഖലയില്‍ സമാന തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഹൌസ് വൈഫ് വിസയിലും മറ്റും എത്തിയവരാണിവര്‍. അനധികൃതമാണ്  പ്രവര്‍ത്തനമെങ്കിലും ആരോഗ്യ മേഖലയിലെ ഇവരുടെ പങ്കാളിത്തവും കണക്കിലെടുക്കേണ്ടതുണ്ട്. സ്വകാര്യ മേഖലയില്‍ നിലവിലുള്ള ഔദ്യോഗിക കണക്കിനോടൊപ്പം ഇതും കൂടി കൂട്ടുമ്പോള്‍ ഇന്ത്യന്‍ പങ്കാളിത്തത്തിന്റെ തോത് വര്‍ധിക്കും.
സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലായി മൊത്തം 35000ത്തോളം ഇന്ത്യന്‍ നഴ്സുമാരുണ്ടെന്നാണ് കണക്ക്. ഈ കണക്കെടുക്കുന്ന കാലത്തെ സൌദിയിലെ ആകെ ജനസംഖ്യ രണ്ടേകാല്‍ കോടിയാണ്. അത്രയും പേര്‍ക്ക് വേണ്ടി ആകെയുള്ള 110858 നഴ്സുമാരില്‍ 35000പേര്‍ ഇന്ത്യക്കാരാവുന്നത് അത്ര ചെറിയ പങ്കാളിത്തമല്ലല്ലൊ. അത്രമേല്‍ നിര്‍ണായകമാണ് സൌദിയില്‍ ഇന്ത്യന്‍ നഴ്സുമാരുടെ സാന്നിദ്ധ്യമെങ്കില്‍ ഇന്ത്യക്ക് എന്നും അഭിമാനത്തോടെ ഉയര്‍ത്തികാട്ടാവുന്ന ഏറ്റവും മികച്ച അടയാളം തന്നെയാണിത്.

'ഗള്‍ഫ് മാധ്യമം' ഇന്ത്യന്‍ സ്വാതന്ത്യ്രദിന പതിപ്പ് (15-08-2011)