Thursday, May 19, 2011

നടന്ന് നടന്ന് സുബൈദ പുരസ്കാര നിറവില്‍

ചരിത്രത്തില്‍ അങ്ങിനെ പലതുമുണ്ടാവും. പ്രശസ്തി കിട്ടാന്‍ ഹിമാലയന്‍ കൊടുമുടികള്‍ കയറിയതും വന്‍കരകള്‍ക്ക് ചുറ്റും കപ്പലോട്ടിയതും. എന്നാല്‍ ചുമ്മാ നടന്ന് നടന്ന് പ്രശസ്തിയിലും പുരസ്കാര നിറവിലും ചെന്നുകയറിയ സുബൈദയുടെ ചരിത്ര നിയോഗത്തിന് പകരം വെക്കാന്‍ മലയാളത്തിലെങ്കിലും മറ്റൊന്നില്ല.

അതുകൊണ്ടാണല്ലൊ 500ഓളം എപ്പിസോഡുകളിലെത്തി അംഗീകാരവും പ്രേക്ഷക പ്രീതിയും നേടിയ ഏഷ്യാനെറ്റിലെ 'എ വോക്ക് വിത്ത് സുബൈദ'ക്ക് ആ പേര് നിശ്ചയിക്കുമ്പോള്‍ തുടക്കത്തില്‍ പലരും നെറ്റി ചുളിച്ചത്. ആരാണ് ഈ സുബൈദ, പ്രേക്ഷകര്‍ക്ക് മുന്നില്‍ ഈ പേരിന് എന്ത് പ്രസക്തി എന്നൊക്കെ ആളുകള്‍ ചോദിച്ചു.

ശരിയായിരുന്നു. സുബൈദ ആരുമായിരുന്നില്ല, പ്രവാസിയായ ഒരു വീട്ടമ്മയെന്നല്ലാതെ, (വ്യക്തിത്വ വികസന പരിശീലക എന്ന നിലയില്‍ ചില കോളേജ് കാമ്പസുകള്‍ക്ക് പരിചിതയായിരുന്നതൊഴിച്ചാല്‍). റിയാദില്‍ മുനിസിപ്പല്‍ എഞ്ചിനീയറായ ഭര്‍ത്താവിനെ തനിച്ചാക്കി മക്കളുടെ പഠനസൌകര്യം പരിഗണിച്ച് ഒരു ദശകം നീണ്ട പ്രവാസ ജീവിതത്തില്‍നിന്ന് അവധിയെടുത്തു കോട്ടയത്തുവന്ന് വാടക വീട്ടില്‍ താമസമാക്കിയ നാലു മക്കളുടെ അമ്മ മാത്രമായിരുന്നു അപ്പോഴും. മക്കളുടെ കാര്യങ്ങള്‍ നോക്കി സമയം ബാക്കിയുണ്ടെങ്കില്‍ ടി.വിക്ക് മുന്നിലിരുന്നാലായി. ചില ടോക്ക് ഷോകളിലെ അവതാരകമാരെ കാണുമ്പോള്‍ സ്വതവേ സംസാര പ്രിയയായ സുബൈദ ഒന്ന് മോഹിച്ചുപോയിട്ടുണ്ടെങ്കിലും എന്നെങ്കിലും ആ ഫ്രെയിമില്‍ കയറി നില്‍ക്കാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

കോട്ടയത്ത് ചെന്നതാണ് നിമിത്തമായത്. ഏഷ്യാനെറ്റില്‍ ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസ്റ്റായ പ്രശസ്ത യുവ കഥാകൃത്ത് ഉണ്ണി ആറിന്റെ നാട് കോട്ടയത്തിനടുത്ത് കുടമാളൂരാണ്. കോട്ടയത്ത് വെച്ച് ഒരു പൊതുസുഹൃത്ത് വഴി അദ്ദേഹത്തെ പരിചയപ്പെടാനിടയായതാണ് വഴിത്തിരിവായത്. ഏഷ്യാനെറ്റ് ന്യൂസിലെ ഏഷ്യാനെറ്റ് സ്പെഷ്യലില്‍ കുറച്ചു എപ്പിസോഡുകളില്‍ അവതാരകയാകാന്‍ ആ വഴിക്കാണ് ക്ഷണം വന്നെത്തിയത്. പിന്നീട് 10 എപ്പിസോഡുകളുള്ള മറ്റൊരു പരിപാടിയും. എന്നാലും ആളുകള്‍ സുബൈദയെ അറിഞ്ഞുതുടങ്ങിയിരുന്നില്ല. ദൃശ്യമാധ്യമ രംഗം കടല്‍ പോലെ പരന്നുകിടക്കുമ്പോള്‍ 10 എപ്പിസോഡ് കൊണ്ട് എന്താകാന്‍?


ഒരു ദിവസം ഒരു ടെലിഫോണ്‍ കോളെത്തി: ഏഷ്യാനെറ്റ് ചീഫ് ഓഫ് പ്രോഗ്രാം എം.ആര്‍. രാജനായിരുന്നു മറുതലക്കല്‍. ചാനലില്‍ ഒരു വിഷ്വല്‍ ട്രാവലോഗ് തുടങ്ങുന്നു, അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മറ്റൊന്നും ആലോചിച്ചില്ല, ഭര്‍ത്താവിനെ വിളിച്ചൊന്നു അനുവാദം ചോദിക്കാനെടുത്ത നിമിഷങ്ങളുടെ ഇടവേളക്ക് ശേഷം മറുപടി കൊടുത്തു, ധൈര്യമായി, താല്‍പര്യമുണ്ട്.

എന്തു പേരിടണം പരിപാടിക്ക് എന്ന ആലോചന നടക്കുമ്പോള്‍ രാജന്‍ സാറിന്റെ പത്നി ബീനയാണ് ആ ശീര്‍ഷകം നിര്‍ദേശിച്ചത്. 'എ വോക്ക് വിത്ത് സുബൈദ'. സുബൈദ അല്ലേ പരിപാടിയുടെ അവതാരക, അപ്പോള്‍ പേരും അങ്ങിനെ തന്നെയാവട്ടെ എന്നവര്‍ പറഞ്ഞപ്പോള്‍ രാജന്‍ സാറിനും അത് പൂര്‍ണ സമ്മതം. എന്നാല്‍ യഥാര്‍ഥ സുബൈദ അതുകേട്ടതും നടുങ്ങിപ്പോയി. തന്റെ പേരിലൊരു പരിപാടിയൊ? അതിനുമാത്രം താനാരാണ്? പതറി നില്‍ക്കുമ്പോള്‍ രാജന്‍ സാറും ബീനചേച്ചിയും ധൈര്യം പകര്‍ന്നു.

എന്നാല്‍ അടക്കിപ്പിടിച്ച ചില ചോദ്യങ്ങള്‍ ചുറ്റുവട്ടത്ത് കറങ്ങി നടന്നു. ആരാണ് ഈ സുബൈദ, പ്രേക്ഷകര്‍ക്ക് മുന്നില്‍ ഈ പേരിന് എന്ത് പ്രസക്തി എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കൊപ്പം കുറച്ചുകൂടി കാതലായതും കേട്ടു. സുബൈദ ഈ പരിപാടിയില്‍ ഒരു അവതാരക മാത്രമാണല്ലൊ. അവതാരകയുടെ കാര്യത്തില്‍ ഏതു സമയത്തും മാറ്റമുണ്ടാകാമല്ലൊ? അപ്പോള്‍ പരിപാടിയുടെ പേര് പ്രശ്നമാകില്ലെ?

എല്ലാ ചോദ്യങ്ങളെയും ഒരു പുഞ്ചിരി കൊണ്ടു നേരിട്ട രാജന്‍ സാര്‍ ഈ ചോദ്യത്തിന് കൊടുത്ത മറുപടി ഉറച്ച മട്ടിലായിരുന്നു. സുബൈദ അവതാരകയല്ലാതായാല്‍ ഈ പരിപാടിയുമുണ്ടാകില്ല എന്ന് സാര്‍ പറഞ്ഞു.

അങ്ങിനെയാണ് സുബൈദ നടക്കാന്‍ തുടങ്ങിയത്. പതിയെ പതിയെ പ്രേക്ഷകരും സുബൈദയോടൊപ്പം നടക്കാന്‍ തുടങ്ങി. എപ്പിസോഡുകള്‍ പെരുകുന്തോറും ഒപ്പം കൂടിയവരുടെയും എണ്ണം പെരുകി. പുറത്തിറങ്ങിയാല്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. പതിയെ പോപ്പുലാരിറ്റി തന്നെ പൊതിയുകയാണെന്ന് മനസിലായി. ആഘോഷപൂര്‍വം കൊണ്ടാടിയ കോളേജ് കാലങ്ങള്‍ക്ക് ശേഷം പിന്നെയും ജീവിതത്തില്‍ നാളുകള്‍ പൂത്തുലയാന്‍ തുടങ്ങിയിരിക്കുന്നു.

പഠനം കഴിഞ്ഞയുടനെ വിവാഹിതയായി അടങ്ങിയൊതുങ്ങി റിയാദില്‍ 1991മുതല്‍ 99വരെ നീണ്ട പ്രവാസ  ജീവിതം. ഇപ്പോള്‍ ഫാഷന്‍ ഡിസൈനിങിന് അമേരിക്കയിലെ ലോസാഞ്ചെലസില്‍ പഠിക്കുന്ന മൂത്ത മകള്‍ ആമിനയുടെയും ഇളയ കുട്ടികളായ ആലിയ (10ാം ക്ലാസ് വിദ്യാര്‍ഥിനി), റിഹാം (ആറാം ക്ലാസ് വിദ്യാര്‍ഥിനി), ആദം (അഞ്ചാം ക്ലാസ് വിദ്യാര്‍ഥി) എന്നിവരുടെയും പഠനകാര്യങ്ങളുടെ ചുമതലയുമായാണ് 2000ല്‍ കോട്ടയത്തെത്തിയത്. കോട്ടയത്ത് ഒരു പതിറ്റാണ്ട് പ്രായമെത്തിയ ജീവിതത്തിനിടയില്‍ മൂന്നുവര്‍ഷം മുമ്പാണ് ഈ കണ്ട മാറ്റങ്ങളെല്ലാമുണ്ടായത്.

അമിതമായ സംസാര പ്രിയത കാരണം ബന്ധപ്പെട്ട മേഖലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട ബാല്യ കൌമാരങ്ങളായിരുന്നു സുബൈദയയുടേത്. മഹാരാജാസ് കോളേജിലായിരുന്നു ബിരുദ പഠനം, ഗണിതത്തില്‍. സാഘോഷം കൊണ്ടാടിയ കാമ്പസുകാലങ്ങളുടെ തുടര്‍ച്ച തന്നെയായിരുന്നു സമുദ്രശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് ചേര്‍ന്ന കുസാറ്റിലും.
വിവാഹാനന്തരം മരുഭൂമിയിലെ പ്രവാസ ജീവിതത്തിലേക്ക് വന്നെത്തിയപ്പോഴാണ് തന്നിലെ കുട്ടിയും കൌമാരക്കാരിയും പിണങ്ങി ഇറങ്ങിപ്പോയതെന്ന് സുബൈദ പറയുന്നു. പ്രേക്ഷകരോടൊപ്പം നടക്കാന്‍ തുടങ്ങിയതോടെ കൈവിട്ടുപോയ ബാല്യകൌമാരങ്ങളും ആഘോഷങ്ങളും മടങ്ങിവന്നിരിക്കുന്നു.

എല്ലാവര്‍ഷവും സ്കൂള്‍ അവധിക്കാലം കുട്ടികളുമായി ഭര്‍ത്താവിനോടൊപ്പം ചെലവിടാന്‍ റിയാദിലേക്ക് പറക്കും. നേരത്തെയൊക്കെ ഒന്നും ആലോചിക്കാനില്ലായിരുന്നു. അവധിക്കാലമെത്തുമ്പോള്‍ നേരെ വിമാനത്തില്‍ കയറി ഇങ്ങുവന്നാല്‍ മതിയല്ലൊ. എന്നാല്‍ ഇത്തവണ അതായിരുന്നില്ല, സ്ഥിതി.
ഏറ്റെടുത്ത ദൌത്യത്തിന്റെ ഭാരം തലയിലുണ്ടായിരുന്നു. പറക്കും മുമ്പ് 'നടത്ത'യുടെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തണമായിരുന്നു. ചാനലില്‍ സുബൈദയുടെ കേരളനാട്ടിലൂടെയുള്ള നടത്തം മുടങ്ങാന്‍ പാടില്ലല്ലൊ. പരിപാടിയുടെ ഷൂട്ടിങ്ങില്‍നിന്ന് അവധിയെടുക്കും മുമ്പ് തിരക്കിട്ട് കൂടുതല്‍ എപ്പിസോഡുകള്‍ ചെയ്തുവെക്കേണ്ടിവന്നു.

റിയാദില്‍നിന്ന് പരിശുദ്ധ മക്കയിലേക്കുള്ള തീര്‍ഥാടന യാത്രക്കിടയില്‍ ജിദ്ദയില്‍വെച്ചാണ് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളെ കുറിച്ച് അറിഞ്ഞത്. ഏറ്റവും മികച്ച ടെലിവിഷന്‍ അവതാരകക്കുള്ള അവാര്‍ഡുണ്ടെന്ന് അറിഞ്ഞപ്പോള്‍ ആദ്യം ഒന്നു നടുങ്ങി. അങ്ങിനെയൊരു അവാര്‍ഡുണ്ടെന്ന് അറിയുന്നതുപോലും അപ്പോഴാണ്. ദൈവത്തെ സ്തുതിച്ചു.

സുബൈദയുടെ ഭര്‍ത്താവ് ആലുവ സ്വദേശി ബഷീര്‍ ഹൈദ്രോസ് 28 വര്‍ഷമായി റിയാദിലുണ്ട്. റിയാദ് മുനസിപ്പാലിറ്റിയില്‍ സിവില്‍ എഞ്ചിനീയറാണ് അദ്ദേഹം. എറണാകുളം സ്വദേശിനിയായ സുബൈദയുടെ പിതാവ് പി.പി അഹ്മദ് പി.ഡബ്ല്യു.ഡിയില്‍ എഞ്ചിനീയറായിരുന്നു. മാതാവ് പാത്തു അഹ്മദ് ടെലികോം ഉദ്യോഗസ്ഥയും.

ടെലിവിഷന്‍ അവതാരകയായി പേരെടുക്കുന്നതിന് മുമ്പെ സുബൈദയെ കേരളത്തിലെ പല കോളേജ് കാമ്പസുകള്‍ക്കും പരിചയമുണ്ട്. വ്യക്തിത്വ വികസന പരിശീലക എന്ന നിലയില്‍. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്മെന്റ് സംഘടിപ്പിച്ച ശേദീയ ശില്‍പശാലയില്‍ പങ്കെടുത്തിരുന്നു. 
(ചെപ്പ് ഗള്‍ഫ് മാധ്യമം വാരപ്പതിപ്പ്)