Saturday, May 7, 2011

ചോര കൊണ്ടെഴുതിയത് (എന്റെ പ്രണയ പുലമ്പലുകള്‍)

പ്രണയത്തിന്റെ ഭാരം

ഹൃദയത്തിന്റെ ഭാരത്തെ ചൊല്ലിയാണ്
ഞങ്ങള്‍ തര്‍ക്കിച്ചത്
ഒഴിഞ്ഞ കാമ്പസിലെ വാകമരച്ചോട്ടില്‍
അപ്പോള്‍ കൊഴിഞ്ഞ പൂക്കളെ പോലെ
അവളും ഞാനും
അവള്‍ ചോദിച്ചു
'എന്നെ നഷ്ടപ്പെട്ടാല്‍ എന്ത് ഭാരം തോന്നും
നിന്റെ ഹൃദയത്തിന്?'
ഞാന്‍ പറഞ്ഞു
'ഈ ഭൂമിയോളം'
'അത്രേയുള്ളൂ?'
അവളുടെ കണ്ണുകള്‍ കുന്തമുനകളായി
'അല്ല, ഈ പ്രപഞ്ചത്തോളം'
ഞാന്‍ തിരുത്തി
'ങ്ഹും, എന്നിട്ടും അത്രേയുള്ളൂ?'
അവള്‍ ശുണ്ഠിയെടുത്തു
എന്റെ ഹൃദയം വല്ലാതെ ഭാരിക്കാന്‍ തുടങ്ങി
അവളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍
കൃത്യമായൊരുത്തരം പറയാനാകാതെ
ഞാന്‍ തളര്‍ന്നു
മരച്ചുവട്ടിലേക്ക് ഞാന്‍ ചായുമ്പോള്‍
അവളെഴുന്നേറ്റു
അവള്‍ പറഞ്ഞു
'എനിക്കറിയാം, എന്റെ ഭാരം താങ്ങാന്‍ നിനക്കാവില്ല'
അവള്‍ നടന്നുപോയി
നെഞ്ചില്‍ കൈചേര്‍ത്ത്
ഞാന്‍ ഞരങ്ങി

(മലയാളം ന്യൂസ് 2003)
 


പ്രണയം ബാക്കി വെയ്ക്കുന്നത്

എന്റെ പ്രണയം
സ്വകാര്യമായിരുന്നപ്പോള്‍
ജാലകക്കാഴ്ച്ചകളില്‍
നടന്നുപോയിരുന്ന
പെണ്‍കുട്ടി
മധുരമായൊരു സ്വപ്നമായിരുന്നു.
മുഖത്തോട് മുഖം
നോക്കിയിരുന്നപ്പോഴാണ്
പ്രണയത്തിന് വയസാകുന്നത്
ഞങ്ങളറിഞ്ഞത്.
പരസ്പരമേറെ
ഇഷ്ടമായിരുന്നെങ്കിലും
വീട്ടുകാര്‍ക്ക് സമ്മതമായപ്പോഴാണ്
ഞങ്ങളൊന്നായത്
അതിന് ശേഷമാണ്
അവള്‍ അവളെ കുറിച്ചും
ഞാനെന്നെ കുറിച്ചും
ചിന്തിച്ചു തുടങ്ങിയത്

(മാധ്യമം വാരാദ്യപതിപ്പ് 2003)


കടലാഴം

അവളുടെ
കണ്ണുകളിലാണ്
ഞാന്‍ കടലിന്റെ
ആഴമളന്നത്
പിന്നെ ഞാനെന്റെ
പ്രാണന്‍ കൊണ്ട്
കടലിന്റെ
ആഴമറിയുമ്പോള്‍
അവള്‍
തിരമാലകളായി
എന്നെ പൊതിഞ്ഞു
മൂന്നാം ദിവസം
കടല്‍ക്കാക്കകള്‍ക്ക്
എറിഞ്ഞു കൊടുക്കും വരെ
അവള്‍ എന്നെ
സ്നേഹിച്ചുകൊണ്ടിരുന്നു.
               
(ഇല 2003)



അവള്‍

പ്രണയം
ഏഴു തിരിയിട്ട് കത്തിക്കുന്ന
വിളക്കാണെന്ന് വിശ്വസിച്ച
എന്റെ സുഹൃത്ത്
വിളക്കിനെ പ്രണയിച്ചു
പ്രണയത്തിന് വഴുവഴുപ്പുണ്ടെന്നും
അതെണ്ണയാണെന്നും മാറ്റിപ്പറഞ്ഞ
അവന്‍ പിന്നീട് പരിക്ഷീണനായി കാണപ്പെട്ടു.
ഒടുവില്‍
പ്രണയം ഇരുട്ടില്‍ കരിന്തിരിയുടെ
പുകമണം മാത്രമാണെന്ന്
തിരിച്ചറിഞ്ഞ
അവന്‍ ഇരുട്ടില്‍ നിന്ന് മടങ്ങി വന്നില്ല

(ദീപിക 2000)



പ്രണയം മധുരമാകുന്നത്

പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്
വിടര്‍ന്നാലത് വിഷപുഷ്പം
അറിയാതൊന്ന് ചുംബിച്ചാല്‍
ശ്വസനമരണമുറപ്പ്
സ്പര്‍ശിച്ചുപോയാല്‍
ദേഹം ചൊറിഞ്ഞ്
തിണര്‍ക്കും
വിടര്‍ന്നു കായായാല്‍
ജീവിതം കല്ലിച്ചതിനുള്ളില്‍
ചുരുങ്ങും
പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്

(മനോരമ 2003)



സ്നേഹം

അവളുടെ സ്നേഹത്തിന് പകരം
ഞാനെന്റെ ഹൃദയം
അടര്‍ത്തി നല്കാമെന്ന്
പറഞ്ഞു
അവള്‍ക്ക് സമ്മതമായില്ല
ഒടുവില്‍
ഞാനെന്റെ വൃക്കകള്‍
നല്കാമെന്ന് പറഞ്ഞപ്പോള്‍
അവളെന്നെ സ്നേഹം കൊണ്ട്
പൊതിഞ്ഞു

(മാധ്യമം വാരാദ്യപതിപ്പ് 2003)


കവിതയെന്ന നാട്യത്തിലുള്ള എന്റെ പുലമ്പലുകള്‍ കേട്ടുമടുത്ത
എന്റെ ജീവിത സഖി ജാസ്മിന്‍ എഴുതിയത്

എന്റെ സൂര്യന്‍

കാറ്റ് പോലെയായിരുന്നു
എന്റെ ഹൃദയത്തിന്മേല്‍
നിന്റെ ആദ്യ സ്പര്‍ശം

പിന്നെ കടലലകളായി
നീ വന്ന് പുല്കിയപ്പോള്‍
എന്റെ ഹൃദയം
ഇളകിമറിയുകയായിരുന്നു

ചോരയുടെ പ്രളയം
ആഴത്തില്‍ ആഴത്തില്‍
എന്റെ ഹൃദയത്തില്‍
ഒരു സ്നേഹക്കടലിനെ
രൂപപ്പെടുത്തിയപ്പോള്‍

ഹേയ്, സൂര്യന്‍
നിന്റെ ഉദയവും അസ്തമയവും
എന്നില്‍ തന്നെയെന്ന്
നീ അറിഞ്ഞിരുന്നുവോ?

(ഗള്‍ഫ് മാധ്യമം 2003)

11 comments:

  1. എല്ലാം നന്നായി

    ReplyDelete
  2. പ്രണയകവിതകൾ ഒക്കെയും പ്രാണനെപുൽകി വരുന്നതാണ് അതുകൊണ്ട്തന്നെ അതു ഒരുപാട് അർത്ഥതലങ്ങളിലേക്ക് നമ്മേ ചിന്തിപ്പിക്കും .ഇതിൽ പ്രണയം മധുരമാകുന്നത്
    എനിക്ക് യേറെ ഇഷ്ടപ്പെട്ട്

    ReplyDelete
  3. എനിക്ക് പ്രണയമില്ല ,പ്രണയം ശാരീരികം
    ആണന്നു തോന്നിയത് കൊണ്ട്.അല്ലങ്കില്‍ "കിളവിയെ"(പ്രയോഗം ക്ഷമികുക) പ്രണയിച്ചു കൂടെ?
    വെറുതെ ചോര കളയണ്ട.

    ReplyDelete
  4. എനിക്ക് പ്രണയമില്ല ,പ്രണയം ശാരീരികം
    ആണന്നു തോന്നിയത് കൊണ്ട്.അല്ലങ്കില്‍ "കിളവിയെ"(പ്രയോഗം ക്ഷമികുക) പ്രണയിച്ചു കൂടെ?
    വെറുതെ ചോര കളയണ്ട.

    ReplyDelete
  5. nalla kavithakal... jasminte kavithayum ugranaayittundu....

    ReplyDelete
  6. ഹൃദയ ഭാരംചൊല്ലിയാണ്
    ഞങ്ങൾ തർക്കിച്ചത്.....

    നല്ല പ്രണയ ചിന്തകൾ.....

    ആശംസകൾ...

    ReplyDelete
  7. കൊള്ളാം വീണ്ടും എഴുതു,ഒന്നിച്ചെഴുതിയത് എന്തിനാണന്ന് മനസിലാകുന്നില്ല,വീണ്ടും എഴുതുക

    ReplyDelete
  8. എല്ലാം ഒന്നിനൊന്ന് മെച്ചം.....!!! ഭാവുകങ്ങള്‍...!!!!

    ReplyDelete
  9. കവിത എഴുതാറുണ്ടെന്നത് സത്യം, മറ്റുള്ളവരുടെ കവിതകള്‍ വിലയിരുത്താന്‍ കഴിവില്ലയെന്നുള്ളത് മറ്റൊരു സത്യം...
    എങ്കിലും ഇവ വെറും പുലമ്പലുകളായ് തോന്നിയില്ല.

    ഹൃദയത്തിനു പകരം വൃക്കകള്‍ നല്‍കിയതുകൊണ്ട് ദോഷമൊന്നും വരാനില്ലല്ലോ.. പ്രണയം അങ്ങനെ ആയിരിക്കണം... അവളുടെ സ്നേഹമല്ലേ കിട്ടുന്നത്.. ;) ?
    ഇരുട്ടിലെ കരിന്തിരിയുടെ പുകമണമായി സുഹൃത്ത് തെറ്റിദ്ധരിച്ച പ്രണയം പക്ഷെ എറിയുന്ന കനലാണ്. ധൈര്യമുല്ലവര്‍ക്കെ അത് ഹൃദയത്തില്‍ പേറാനാകൂ..
    പ്രണയം നഷ്ടമാകുമ്പോള്‍ ഭാരം അളക്കാന്‍ കഴിയില്ല. സ്നേഹം തൂക്കി നോക്കുവാന്‍ ശ്രമിച്ചു പരാജയപ്പെട്ട ത്രാസ്സു വീണ്ടും തല താഴ്ത്തി നില്ല്ക്കും, പരാജയ ബോധത്താല്‍..
    ഇങ്ങോട്ടുള്ള പ്രണയത്തിന്റെ ഒരുപാടിരട്ടി ഉള്ളത് കൊണ്ടാകാം പ്രിയതമയുടെ കവിത കുറച്ചുകൂടി മികച്ഛതായ് തോന്നി.. ;)
    നനായിരിക്കുന്നു.. ആശംസകള്‍...

    ReplyDelete
  10. സിബി ഇലവുപാലംOctober 18, 2013 at 12:23 PM

    നജീം...പ്രണയ കവിതകള്‍ മനോഹരമായിട്ടുണ്ട്.... അഭിനന്ദനങ്ങള്‍... ഏറെ ഇഷ്ടം, 'പ്രണയം മധുരമാകുന്നത്', 'സ്നേഹം'... വരികള്‍ക്ക് നന്ദി... നല്ല സ്നേഹം... ജീവിത സഖി ജാസ്മിന്‍എഴുതിയ 'എന്റെ സൂര്യനും' നന്നായിട്ടുണ്ട്...അഭിനന്ദങ്ങളും സ്നേഹാന്വഷണവും അറിയിക്കണം.

    ReplyDelete