Saturday, April 30, 2011

ഇളവുകള്‍ പുതിയ കെണിയാണ്!!!

ഭക്ഷണം നിയന്ത്രിക്കാനുള്ള പ്രതിവിധിയായി ഡോക്ടര്‍ പരിമിതമായ ഭക്ഷണ പട്ടിക നിര്‍ദേശിച്ചപ്പോള്‍ രോഗി അറിയാതെ ചോദിച്ചുപോയി. ഡോക്ടര്‍ സര്‍, ഇത് ഭക്ഷണത്തിന് മുമ്പോ, പിമ്പോ! ഒടുവില്‍ സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ ജനീവയില്‍ കൂടിയിരുന്നു എന്‍ഡോസള്‍ഫാനെ നിരോധിത ജൈവ രാസവസ്തുക്കളുടെ പട്ടികയായ അനുബന്ധം -എയില്‍ ചേര്‍ത്തപ്പോള്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ചോദിച്ചു: ഇത് പാലിക്കേണ്ടത് പതിവ് എന്‍ഡോസള്‍ഫാന്‍ തളിക്ക് മുമ്പോ ശേഷമോ?

ഇന്ത്യ ഒറ്റപ്പെട്ടതും ലോകവേദിയില്‍ നാറി നാണം കെട്ടതുമൊക്കെ അവിടെ നില്‍ക്കട്ടെ, ക്രിക്കറ്റില്‍ ജയിച്ചതും ആഗോള മാന്ദ്യകാലത്ത് 1.5ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയതും മേനി പറഞ്ഞ് നമുക്ക് ആ നാറ്റത്തെ മറികടക്കാം. എന്നാല്‍ ആഗോള എന്‍ഡോസള്‍ഫാന്‍ നിരോധത്തെ മറികടക്കാന്‍ മരണത്തിന്റെ കച്ചവടക്കാരോട് വഴങ്ങി ഇന്ത്യ സമ്പാദിച്ച ഇളവുകളോ? എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദനിക്കുന്ന കാഴ്ചകളെ സാക്ഷ്യയാക്കി പറയട്ടെ, ഇത് പുതിയ കെണിയാണ്!!!

എന്‍ഡോസള്‍ഫാന്‍ ഇരകളുടേതുള്‍പ്പെടെ നികുതിപ്പണം ചെലവഴിച്ച് ജനീവയിലേക്ക് അയച്ച ഇന്ത്യയുടെ സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ 'എക്സല്‍ കമ്പനിയുടെ' പ്രതിനിധി സംഘത്തിന്റെ ഓശാരം പറ്റി അവിടെ ചെവഴിച്ച നാലുദിവസത്തെ പ്രയത്നം കൊണ്ട് നേടിയെടുത്ത 22 വിളകള്‍ക്ക് വേണ്ടിയുള്ള ഇളവും 11 വര്‍ഷത്തെ സാവകാശവും കീടനാശിനി മാഫിയകളില്‍നിന്ന് വാങ്ങിയ കോടികള്‍ക്ക് തുല്യമായ പ്രത്യുപകാരമല്ലെങ്കില്‍ പിന്നെ മറ്റെന്തോന്ന്? അക്കാര്യത്തില്‍ കേരള പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞത് നൂറ് ശതമാനം ശരി: കേന്ദ്രനിലപാടിനാണ് വിജയമുണ്ടായത്. പക്ഷെ, ചത്തുജീവിക്കുന്ന ആയിരങ്ങളുടെ കെടുതി നല്ല നേതാക്കളിലൊരാളായ ഉമ്മന്‍ ചാണ്ടിയെ ഒട്ടും അസ്വസ്ഥപ്പെടുത്തുന്നില്ലെന്നോ? ചെങ്കല്‍ റെഡ്ഢി ചൊരിഞ്ഞ ശകാരംപോലെ കാസര്‍കോട്ടെ നശിച്ച മനുഷ്യര്‍ വെറും ഹീന ജാതികളായതുകൊണ്ട് ഒട്ടും വേദന തൊന്നുന്നില്ലെന്നാണോ? ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ച് കൂടിയിരുന്നു ആഗോള വ്യാപകമായി ഒരു മാരക വിപത്തിനെ നേരിടാന്‍ തീരുമാനമെടുക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, പൌരന്റെ ക്ഷേമം ഒന്നാമത്തെ ലക്ഷ്യമായി കരുതേണ്ട ഒരു രാജ്യം അത് ആദ്യ നിമിഷത്തില്‍ തന്നെ നടപ്പാക്കി മാതൃക കാട്ടുകയായിരുന്നില്ലെ വേണ്ടതെന്ന് ഒരു മനുഷ്യപ്പറ്റുള്ള കോണ്‍ഗ്രസ് നേതാവെന്ന് കരുതിപ്പോന്ന ഉമ്മന്‍ ചാണ്ടിയെങ്കിലും ചിന്തിക്കേണ്ടതായിരുന്നില്ലെ?

ഈ കുറിപ്പുകാരന്‍ ഒരു ആഴ്ചയില്‍ 'മാതൃഭൂമി' ആഴ്ചപ്പതിപ്പ് വാങ്ങിയില്ല. ജീവനാശിനി എന്ന വലിയ കറുത്ത അക്ഷരങ്ങള്‍ പഴത്തുവിങ്ങി നില്‍ക്കുന്ന മുഖപ്പേജില്‍ രേഖപ്പെടുത്തിയിരുന്ന പ്രത്യേക അറിയിപ്പില്‍നിന്ന് ഞാന്‍ ഇങ്ങിനെ മനസിലാക്കി; മനസുറപ്പില്ലാത്തവര്‍ ഈ ലക്കം വാങ്ങരുത്.  ആഴ്ചപ്പതിപ്പ് തൂങ്ങികിടക്കുന്ന സ്റ്റാളുകളിലേക്ക് വേദനയോടെ ഉറ്റുനോക്കി നിന്നുപോയി പലതവണ. ആഴ്ചയില്‍ മൂന്നു പ്രമുഖ വാരികകള്‍ പതിവാക്കിയ ഈ കുറിപ്പുകാരന് ആ ആഴ്ച മാതൃഭൂമി മറിച്ചുനോക്കാനുള്ള മനസുറപ്പുണ്ടായിരുന്നില്ല. മധുരാജിന്റെ കാമറക്കണ്ണുകള്‍ പകര്‍ത്തിയ, മനസിനെ കീറിമുറിക്കുംവിധം ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ അതിനുള്ളില്‍ നിറഞ്ഞുകിടപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു. കണ്ണേ മടങ്ങുക എന്ന് ഞാന്‍ സ്വയം പറഞ്ഞു.

ഇന്ത്യാവിഷനില്‍ മുന്നൂറോളം മണിക്കൂറുകള്‍ നീണ്ട കാമ്പയിനിടയില്‍ ചിലരംഗങ്ങള്‍ കാണാനാകാതെ മനസ് റിമോട്ട് കണ്‍ട്രോളറിലേക്ക് മാറ്റിനട്ടു. എം.എ. റഹ്മാന്റെ ചലനചിത്രങ്ങള്‍ ഉറക്കത്തില്‍പോലും വേട്ടയാടിക്കൊണ്ടിരുന്നു. മനസിനുറപ്പില്ലാത്തവരെ ഉറക്കത്തില്‍പോലും വേട്ടയാടുന്ന ഈ കാഴ്ചകള്‍ മരിച്ചൊടുങ്ങിയവരുടേതല്ല. വേദനിച്ച് ജീവിച്ചിരിക്കുന്നവരുടേതാണ്. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഈ കാഴ്ചകള്‍ക്ക് നേരെ കണ്ണുകൊടുക്കാത്തത് മനസുറപ്പില്ലാത്തതുകൊണ്ടാണോ മനസില്ലാത്തതുകൊണ്ടാണോ? കീടനാശിനി കമ്പനികളുടെ മച്ചുനന്മാര്‍ പുതിയ കെണികളുമായി പാര്‍ലമെന്റിലെത്തുമ്പോഴെങ്കിലും ഇവര്‍ മനുഷ്യപക്ഷത്തിനുവേണ്ടി ശബ്ദമുയര്‍ത്തുമോ? അതോ ഈ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുമോ?