Friday, April 8, 2011

അയിത്തം, ഹാ... കഷ്ടം...!



സാമൂഹിക പരിഷ്കണ മുന്നേറ്റങ്ങളിലൂടെ ഉച്ചാടനം ചെയ്യപ്പെട്ടെന്ന് ചരിത്രത്തിന്റെ തലയിലടിച്ച് നാം ആണയിടാറില്ലേ. അതെ അതുതന്നെ, അയിത്തം. ആ പ്രാകൃത ചിന്താഗതിയുടെ ദുര്‍ഭൂതങ്ങള്‍ നമ്മുടെ കാലത്തും ജനായത്ത ശ്രീകോവിലിന്റെ മൂലകളില്‍ പതുങ്ങിയിരിപ്പുണ്ടെന്ന് തെളിയിക്കുന്ന സംഭവം. ദേശീയോല്‍സവമായ പൊതുതെരഞ്ഞെടുപ്പിന്റെ ഉല്‍സവാരവങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകാനിടയുള്ള ഒരു വാര്‍ത്ത. ആദ്യം വാര്‍ത്തയൊന്നു വായിക്കൂ..

പട്ടിക വിഭാഗക്കാരനായ രജിസ്ട്രേഷന്‍ ഐ.ജിയുടെ ഓഫിസും കാറും ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചു
തിരുവനന്തപുരം: പട്ടിക വിഭാഗക്കാരനായ രജിസ്ട്രേഷന്‍ ഐ.ജി എ.കെ.രാമകൃഷ്ണന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം ഉപയോഗിച്ചിരുന്ന ഓഫിസ് മുറിയും കാറും ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചു. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ എന്നിവര്‍ക്ക് രാമകൃഷ്ണന്‍ പരാതി നല്‍കി. സംസ്ഥാന മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയില്‍ കമീഷന്‍ കേസെടുക്കുകയും നികുതി സെക്രട്ടറിയോട് വിശദീകരണം ആരായുകയും ചെയ്തു. സംഭവത്തെ കുറിച്ച് സെക്രട്ടറി അന്വേഷണം നടത്തി മേയ് ഏഴിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എന്‍. ദിനകര്‍ നിര്‍ദേശം നല്‍കി. മാര്‍ച്ച് 31ന് വിരമിച്ചതിന്റെ പിറ്റേന്നാണ് കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നേരത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ പ്രസിഡന്റുമാര്‍ വന്നപ്പോള്‍ ഇപ്രകാരം ചാണക വെള്ളം തളിച്ച സംഭവം വിവാദമായിരുന്നു. ഏപ്രില്‍ രണ്ടിന് രാവിലെ ഔദ്യോഗിക മുറിയും വാഹനവും ചാണകം തളിച്ച് ശുദ്ധിയാക്കിയതെന്ന് വിവരം ലഭിച്ചതായി മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയില്‍ രാമകൃഷ്ണന്‍ വ്യകത്മാക്ക ി. പട്ടിക ജാതിയിലെ കണക സമുദായ അംഗമായ താന്‍ വകുപ്പ് തലവനായിരുന്ന് ഓഫിസും പരിസരവും 'അശുദ്ധമാക്കി'യതിനാലാണ് ചാണക വെള്ളം തളിച്ച് പവിത്രീകരിച്ചതെന്ന് പരാതിയിലുണ്ട്. ഇപ്പോള്‍ രജിസ്ട്രേഷന്‍ ഐ.ജിയുടെ ചുമതല വഹിക്കുന്ന രജിസ്ട്രേഷന്‍ ജോയന്റ് ഐ.ജി ഇതെല്ലാം കണ്ടിട്ടും നിശബ്ദത പാലിച്ചു. തന്റെ പൌരാവകാശം സംരക്ഷിക്കാനും പട്ടികജാതി^പട്ടിക വര്‍ഗ പീഡനം തടയാനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. രാമകൃഷ്ണന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇതുവരെ നടപടി ഉണ്ടായില്ലെന്നാണ് വിവരം. വിവരമറിഞ്ഞ


ഉടന്‍ ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും ഫാക്സില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പരാതി തപാല്‍ വഴി അയച്ചതായി അദ്ദേഹം പറഞ്ഞു. മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത രാമകൃഷ്ണന്‍ രജിസ്ട്രേഷന്‍ ഐ.ജിയായിരിക്കെ നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കിയിരുന്നു. ആധാരങ്ങളില്‍ ഫോട്ടോ പതിക്കല്‍, തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കല്‍, ഭൂമിക്ക് ന്യായവില തുടങ്ങിയവ ഇതില്‍പെടുന്നു. (ഗള്‍ഫ് മാധ്യമം-07/04/2011)
ജാതീയതയുടെ ഏറ്റവും ഭീകരമുഖമാണിത്. ഇതാണ് യഥാര്‍ഥ ഭീകരത. ജാതക പരിഗണനയില്‍ മനുഷ്യനെ ശ്രീയും അശ്രീകരവുമാക്കുന്ന പ്രാകൃതമായൊരു സാമൂഹികഘടനാ ശാസ്ത്രം. ഈ ഘടനയില്‍ അടുക്കപ്പെട്ട ജാതികള്‍ ഓരോന്നും അവയ്ക്ക് തൊട്ടുമുകളിലുള്ളവയില്‍നിന്ന് കുറച്ചുകൂടുതല്‍ അവഹേളനവും മനുഷ്യാവകാശ ധ്വംസനവും നേരിടുന്നുണ്ട്. വെള്ളാപ്പള്ളി നടേശന്‍ എത്ര ശ്രമിച്ചിട്ടും നാരായണ പണിക്കരുമായി ഒരു ദീര്‍ഘ ബന്ധം സ്ഥാപിക്കാന്‍ കഴിയാത്തതിന്റെ ഗുട്ടന്‍സും ഇതാണ്.

അത്യന്തം ഹീനമായ അന്യവത്കരണത്തിന്റെ ഇരകള്‍ ഇന്നും രാമകൃഷ്ണനെ പോലെ ദളിതുകള്‍ തന്നെ. ഇരുളിന്റെ മറവില്‍ ദളിതന്റെ പെണ്ണിനും മണ്ണിനുമേല്‍ ബലപ്രയോഗത്തിലൂടെ അധിനിവേശം നടത്തുകയും വെളിച്ചത്തില്‍ കറുത്തവന്റെ കാഴ്ചക്ക് മറക്കുട പിടിക്കുകയും ദളിതന്‍ തൊട്ടിടം ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്ന സവര്‍ണ മനസുകളുടെ അയിത്താചരണത്തിന്റെ കാപട്യത്തിനെതിരെ ചാണകമെറിയുന്നതും ഒരു രാഷ്ട്രീയ സമരമാണ്. അതിന് തുനിയാതെ ജാതീയതയില്‍ കുറഞ്ഞുപോയതിന്റെ അപകര്‍ഷതയില്‍നിന്ന് രക്ഷപ്പെടാന്‍ ജാതിഘടന പുതിക്കിപ്പണിയാന്‍ വിന്ധ്യാസാത്പുര മേരുക്കള്‍ കടന്നെത്തുന്ന സവര്‍ണബോധത്തെ കാത്തുകിടക്കുകയാണല്ലൊ ദ്രാവിഡന്റെ മക്കള്‍. പണിക്കരുടെ പടിക്കല്‍ ഒരു സംബന്ധത്തിന് കാത്തുകിടക്കുന്നവന്റെ പരിദേവനങ്ങളും കൂട്ടത്തില്‍ ഉയര്‍ന്നു കേള്‍ക്കും.

അയിത്തം ഏറ്റക്കുറച്ചിലുകളോടെ ഇതര മത സമൂഹങ്ങളിലും നിലനില്‍ക്കുന്നു. ജാതകപരവും വര്‍ണപരവുമായ ഭേദങ്ങളെ നിരസിച്ച ഇസ്ലാമിന്റെ കേരളീയ പകര്‍ച്ചയിലും ഒരു വിഭാഗം ഇത്തരത്തിലൊരു അയിത്തം നേരിടുന്നവരാണ്. ഒസാന്മാരെന്ന് വിളിക്കപ്പെടുന്ന ക്ഷുരകജോലി കുലത്തൊഴിലായി സ്വീകരിച്ചവര്‍. ഇവരുടെ വീടുകളില്‍നിന്ന് കുടിവെള്ളം പോലും തൊണ്ടയിലിറക്കാന്‍ മടികാണിക്കുന്ന മുസ്ലീങ്ങളെ കാണേണ്ടിവന്നിട്ടുണ്ട്.
പ്രാകൃതമായ ഇത്തരം അയിത്ത ചിന്താഗതികള്‍ പ്രവാസ ലോകത്ത് തുടരുന്നത് കൊടും പ്രാദേശികതയുടെ രൂപത്തിലാണ്. കേരളത്തെ നെടുകെ പിളര്‍ത്തി മലബാറും തിരുവിതാംകൂറുമാക്കിയാണ് ഈ ഭേദചിന്താഗതി അരങ്ങുവാഴുന്നതെന്നതാണ് വസ്തുത. മലബാറുകാരന് തെക്കനെയും (സ്റ്റേറ്റുകാര്‍ എന്നുമൊരു വിളിപ്പേര്) തിരിച്ചും വിശ്വസിക്കാന്‍ കുറച്ചല്ല, കുറച്ചുകൂടുതല്‍ പ്രയാസമാണ്. പണം തട്ടിച്ചും മറ്റും മുങ്ങിയ വാര്‍ത്തകളില്‍ പ്രവാസി മലയാളി തെരയുന്നത് '...ലവനോ' 'ഓനോ' ആരാണ് കഥാപാത്രമെന്നാണ്? ഇതൊരു വല്ലാത്ത മനോരീതിയാണ്. അയിത്തമെന്ന രോഗത്തെ ചികില്‍സിക്കാന്‍ ഇതുവരെ പരീക്ഷിക്കപ്പെട്ട പ്രതിവിധികളൊന്നും പോരെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

5 comments:

  1. Fasiludeen karunagappallyApril 7, 2011 at 8:51 PM

    ജനാധിപത്യ ഇന്ത്യയില്‍ നിര്‍ത്തലാക്കിയെന്ന് പറയപ്പെടുന്ന അയിത്തം, പ്രതികരിക്കാന്‍ കഴിവില്ലാത്ത ജന വിഭാഗങ്ങള്‍ക്കിടയില്‍ ഇന്നും പ്രത്യക്ഷമായി നിലനില്‍ക്കുന്നു. ഉയര്‍ന്ന ഉദ്ദ്യോഗവും വിദ്യാഭ്യാസവുമുള്ള എ.ജെ രാധാകൃഷ്ണനുണ്ടായ അനുഭവം സമൂഹത്തിന് മുന്നില്‍ വന്നൂ എങ്കില്‍,അറിഞ്ഞിട്ടും സമൂഹം പ്രതികരിക്കാതെ പോയ നിരവധി ശുദ്ധികലശങ്ങള്‍ക്ക് ഈ സമൂഹം മൂക സാക്ഷിത്വം വഹിച്ചിട്ടുണ്ട്. വര്‍ഗ്ഗത്തിന്റേയും വര്‍ണ്ണത്തിന്റേയും പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്ന അടിയാള വ്യവസ്ഥയിലെ അവസാന ഇരയായിരിക്കണം എ.ജെ രാധാകൃഷ്ണന്‍. അതിന് വേണ്ടി നിയമ നീതിന്യായ പീഠങ്ങളും ഭരണകര്‍ത്താക്കളും സമൂഹവും കണ്ണും മനസ്സും തുറന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  2. മനുഷ്യമനസ്സുകളില്‍ മറഞ്ഞിരിക്കുന്ന കരാളവിഷമാണ് ജാതീയത. തൂത്താലും തുടച്ചാലും പോകാത്ത വിഷം.

    ReplyDelete
  3. മനുഷ്യനെ ശ്രീയും അശ്രീകരവുമാക്കുന്ന പ്രാകൃതമായൊരു സാമൂഹികഘടനാ ശാസ്ത്രം.

    ReplyDelete
  4. ഇതെന്തരണ്ണ, ഈ "പരിഷ്കൃത" മുന്നേറ്റം? " ജാതക പരിഗണനയില്‍ മനുഷ്യനെ ശ്രീയും അശ്രീകരവുമാക്കുന്ന പ്രാകൃതമായൊരു സാമൂഹികഘടനാ ശാസ്ത്രം" ഹോ, അണ്ണന്റെ ബുദ്ധി അപാരം അണ്ണാ. ഇന്നുവരെ ആര്‍ക്കെങ്കിലും കണ്ടെത്താനോ ഇനി കണ്ടെത്തിയാല്‍ തന്നെ പറയാനോ കഴിഞ്ഞിട്ടോണ്ടോ ഇത്രേം വ്യത്യസ്തമായൊരു നിരീക്ഷണം? " അയിത്തത്തിനു പിറകിലെ ജാതക വേരുകള്‍" എന്നോ മറ്റോ ഒള്ള പേരില്‍ അണ്ണന്റെ ഒരു പുസ്തകം ഞാന്‍ സത്യമായും കൊതിക്കുന്നെന്റെ അണ്ണാ..."ജാതകവും ജാതീയതയും" "അയിത്തവും സാമൂഹ്യ ഘടനാ ശാസ്ത്രവും" ഹോ കുളിര് കൊരുന്നന്ണാ.. എന്തര് പ്രയോഗങ്ങള്.... അര്‍ത്ഥം അറിയാതാനെലും അണ്ണന്‍ കാച്ചുന്ന ഈ കാച്ചുകള്‍ ഉണ്ടല്ലോ അണ്ണാ..... ഹോ, എനിയ്ക്ക് വയ്യ. ബാകി നേരി കാണുമ്പ .......

    പുലയന്‍ അയ്യപ്പന്‍.
    pulayanayyappan@gmail.com

    ReplyDelete
  5. സത്യത്തിൽ മറ്റുള്ള സംസ്ഥാനത്തെ തട്ടിച്ചുനോക്കുമ്പോൾ കേരളത്തിൽ ഇതു നന്നേ കുറവാണ്. വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ദളിതർ അനുഭവിക്കുന്ന ക്രൂരതമായപീഡനങ്ങൾ നമ്മുടെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.രാമകൃഷ്ണനു അത്രക്കു അനുഭവിക്കണ്ടിവന്നില്ല എന്നതു ഭാഗ്യം .വടക്കേയിന്ത്യയിലാണ് രാമകൃഷ്ണൻ ജോലിചെയ്തിരുന്നതെങ്കിൽ ജീവൻപോലും കിട്ടില്ലായിരുന്നു .രാമക്കൃഷ്ണനു ആശ്വസിക്കാം .
    ഇനി ഒരു മറുചിന്ത;‌‌- ചില ദളിത് സഹോദരങ്ങൾ സർക്കാർ സർവീസിൽ അല്പം ഉയർന്ന തസ്തികയിൽ വല്ലതുംവന്നാൽ ആ ഓഫിസിലെ ഉയർന്ന ജാതിക്കരന്റെ ജീവിതം കോഞ്ഞാട്ടയാ..താൻ അന്നുവരെ അനുഭവിച്ച പീഡനത്തിന്റെ മുഴുവൻ ദേശ്യവും ആ ഓഫിസിൽ ആവിശ്യങ്ങൾക്ക് വരുന്നവരോടും തീർക്കും .

    ReplyDelete