Wednesday, April 27, 2011

പ്രിയ ബുദ്ധിമാന്‍ സിങ്ജി, അങ്ങ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

വളരെ സിമ്പിളായ ചോദ്യം. ഇന്ത്യ ലോകത്ത് ഒറ്റപ്പെട്ടുപോയാലും വേണ്ടില്യ, എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ഒരുതരം പ്രത്യേക പവ്വ(ാ)റോടെ വാശിപിടിക്കുന്നത് എന്തിനാണ് പ്രഭോ? ഉത്തരം അത്ര സിമ്പിളല്ലെന്ന് അങ്ങയുടെ ബാര്‍ബിയന്‍ മുഖം നരച്ച താടിരോമങ്ങളുടെ പഞ്ഞിക്കെട്ടിനുള്ളില്‍ പൂഴ്ത്തുമ്പോള്‍ തിരിയുന്നുണ്ട് തമ്പുരാനെ. എന്നിട്ടും ഇന്ത്യന്‍ പൌരനായി ജനിച്ചത് ഒരു മഹാസൌഭാഗ്യമായെന്ന് കരുതിപ്പോന്ന അടിയങ്ങള്‍ക്ക് ചങ്ക് പൊടിയുന്ന നൊമ്പരത്തോടെ ചോദിക്കാതിരിക്കാനാവുന്നില്ല. പ്രിയ ബുദ്ധിമാന്‍ സിങ്ജി, മഹത്തായ ഈ രാജ്യത്തെ എന്തിനാണ് അങ്ങ് ഇങ്ങിനെ ലോകവേദിയില്‍ നാണം കെടാന്‍ വേഷം കെട്ടി നിറുത്തുന്നത്. ലോകവേദികളില്‍ ഒറ്റപ്പെട്ടുപോകുകയെന്നത് ഒരു ബഹുമതിയല്ല പ്രഭോ.

ലോകത്തെ ഭൂരിപക്ഷം രാഷ്ട്രങ്ങളും മാരക കീടനാശിനികള്‍ വേണ്ടെന്ന് തീര്‍ത്തുപറയുമ്പോള്‍ മറിച്ചു വാദിക്കാനും സമ്മതിപ്പിച്ചെടുക്കാനും ആളെ ചാക്കിട്ട് പിടിച്ചും മിഠായി തരാമെന്ന് പ്രലോഭിച്ചും കൂടെ നിറുത്താന്‍ പതിനെട്ടടവും പയറ്റി നാണം കെടുന്നതറിയുമ്പോള്‍ ചോദിച്ചുപോകും നിഴല്‍ രാജാവേ, അങ്ങെന്ത് ധൈര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകളടക്കം നല്‍കുന്ന നികുതി പണം ചെലവാക്കി നമ്മുടെ സ്റ്റോക്കുഹോം മച്ചുനന്മാരെ അങ്ങോട്ടയച്ചത്?

ജനതയെ നിശബ്ദം കൊന്നൊടുക്കാനുള്ള ഉപാധിക്ക് ലൈസന്‍സ് നേടിയെടുക്കാനോ? എന്നിട്ടെന്താ, രഹസ്യമായും പരസ്യമായുമൊക്കെ കെട്ടുബന്ധവും കിടക്ക ബന്ധവും പുലര്‍ത്തുന്നവര്‍ വരെ അവസാന നിമിഷം കയ്യൊഴിഞ്ഞത്? കാലുമടക്കി കാശിയിലേക്ക് പറത്തിയത്? ജനാധിപത്യത്തിന്റെ അടിസ്ഥാന ലക്ഷ്യം ക്ഷേമരാഷ്ട്രമല്ല, കോര്‍പ്പറേറ്റ് അളിയന്മാരുടെ ക്ഷേമമെന്നാണോ, ധനതത്വശാസ്ത്രത്തിന്റെ മുതലാളിത്ത പക്ഷ സിദ്ധാന്തങ്ങള്‍ ഉഴുക്കഴിക്കുന്നതിനിടെ തൊട്ടുകൂട്ടാന്‍ കിട്ടിയ ഉപവിഷയമായ രാഷ്ട്ര മീമാംസയില്‍ അങ്ങ് കണ്ടെത്തിയ നവ വീക്ഷണം?

5 comments:

  1. വോട്ടു ഇട്ട ജനങ്ങള്‍ ..അനുഭവിക്കട്ടെ എന്ന് പറഞ്ഞു മാറി നില്‍ക്കാന്‍ കഴിയാതെ പോകുന്നതാണ് ....സ്വകാര്യ വിഷമം ..

    കൊള്ളാം നജിം ...നല്ല രചന ...

    ReplyDelete
  2. ഒരു പഞ്ചായത്ത് മെമ്പര്‍ ആകാന്‍ പോലും ജനഹിതം എന്തെന്ന് അറിയേണ്ടി വന്നിട്ടില്ലാത്ത ഒരാള്‍ പ്രധാനമന്ത്രി ആയാല്‍ ഇതിലപ്പുറവും സംഭവിക്കും.

    ReplyDelete
  3. അതിന് സര്‍ക്കാരാണോ കാര്യങ്ങള്‍ തീരുമാനിക്കുന്നത്? (മാദ്ധ്യമം മുഖപ്രസംഗത്തിന്റെ തലക്കെട്ട് - അര്‍ഥപൂര്‍ണ്ണം)

    ReplyDelete
  4. സത്യത്തിൽ സിംഗിനെ കുറ്റപറഞ്ഞിട്ട് കാര്യമില്ല ഇന്നും എന്‍ഡോസള്‍ഫാന്‍ എന്നുപറയുന്നത് ഏതോ മധുര പലഹാരമാണന്ന കെട്ടുക്കാരൻ ധരിച്ചിരിക്കുന്നത്..ഇതു അനേകങ്ങളുടെ ജീവനും,ജീവിതം ദുരിതത്തിൽ ആക്കിയിട്ടുണ്ടന്നുള്ളത് ഒരു വെറും രാഷ്ട്ര്യനേട്ടത്തിനായി പൊതുജനം പറയുന്നതാണ് എന്നാണു പുള്ളിക്കാരൻ കരുതുന്നത്..

    April 28, 2011 2:03 PM

    ReplyDelete