Sunday, April 24, 2011

ഈ രാജ്യദ്രോഹത്തിന് ഇവരെ ശിക്ഷിക്കുന്നതാര്?

തലമുറകളിലേക്ക് മുലപ്പാലിലൂടെ വിഷം പകരാന്‍ പൂതനയുടെ കലിയുഗ വേഷം കെട്ടിയാടുകയാണ് ഇന്ത്യന്‍ ഭരണകൂടത്തിലെ തലതൊട്ടപ്പന്മാര്‍. നാട്ടില്‍ നടക്കുന്നത് എന്തെന്നറിയാത്ത പ്രധാനമന്ത്രിയും അഴിമതി വിതച്ച് നൂറുമേനി കൊയ്യുന്ന കേന്ദ്രകൃഷി മന്ത്രിയും പരിസ്ഥിതി സ്നേഹത്തിന്റെ കപടമുഖം കൊണ്ട് ഇവരുടെ യഥാര്‍ഥ മനസിലിരിപ്പുകള്‍ക്ക് മറപിടിക്കുന്ന പരിസ്ഥിതി മന്ത്രിയും സ്വന്തം ജനത ചത്തുജീവിച്ചോട്ടെ എന്ന് തീരുമാനിക്കുന്നു.

രാജ്യം സാമ്പത്തിക രംഗത്ത് കുതിക്കുന്നെന്ന് അവകാശപ്പെടുമ്പോഴും ശതകോടികള്‍ പട്ടിണിയില്‍ തുടരുന്നതും പട്ടിണി കിടന്ന് മരിക്കുന്നതും എന്തുകൊണ്ടെന്ന് പരമോന്നത നീതിപീഠം ചോദിക്കുന്നത് കേള്‍ക്കാതെ ലോകം ആദരിക്കുന്ന ഒരു സാമ്പത്തിക വിദഗ്ധനാണ് നമ്മുടെ ഭരണത്തലവനെന്ന് നാം അഭിമാനം കൊള്ളുന്നു. ആഗോളമാന്ദ്യകാലത്തും സാമ്പത്തിക വളര്‍ച്ച കൈവരിച്ച രാജ്യമാണ് നമ്മുടേതെന്ന് മേനി പറയുന്നു. സാമ്പത്തിക വളര്‍ച്ചയുടെ ഉട്ടോപ്യന്‍ ഗ്രാഫിലേക്ക് കണ്ണുനട്ടിരിക്കുന്ന, ഉച്ചയൂണ് കഴിഞ്ഞ് ഒന്ന് മയങ്ങാന്‍ കിടന്നിടത്തുനിന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസിലൂടെ പ്രധാനമന്ത്രി പദത്തിലെത്തിയ ജനങ്ങളുടെ പ്രതിനിധിയല്ലാത്ത ഒരു സ്വപ്നജീവിക്ക് ജനങ്ങളുടെ ദുരിതം അറിയാന്‍ കഴിയണമെന്നില്ല.


കേന്ദ്രമന്ത്രിസ്ഥാനം അഴിമതിക്കുള്ള നല്ല കൃഷിയിടമാണെന്ന തിരിച്ചറിവുള്ള പവാര്‍ മന്ത്രിയുടെ മുന്നിലാകട്ടെ പാവം ജനങ്ങള്‍ക്ക് കീടങ്ങളുടെ സ്ഥാനം പോലുമുണ്ടാകാനിടയുമില്ല. കീടങ്ങളില്‍ മിത്രകീടങ്ങളുണ്ടെങ്കില്‍ ചത്തുജീവിക്കാന്‍ വിധിക്കപ്പെട്ട പാമര ജനതയെ കൊണ്ട് രാജ്യത്തിന് എന്തുനേട്ടമെന്ന് ബിസിനസ് ലോബിയുടെ മച്ചുനന്‍ ചോദിച്ചുപോയാല്‍ തന്നെ ഞെട്ടേണ്ടതില്ല. മണ്ണിന്റെയും മരത്തിന്റെയും കരച്ചില്‍ കേട്ട് പരിസ്ഥിതി സ്നേഹത്തിന്റെ ഹൃദയം തീവ്രമായി തുടിച്ച ജയറാം മന്ത്രിക്കാവട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളായ മനുഷ്യരുടെ നിലവിളി കേട്ടാല്‍ മനസിലാകില്ല.

മാരക കീടനാശിനിയുടെ ഏറ്റവും കൂടുതല്‍ ഇരകളുള്ള കേരളത്തിന്റെ മനസാക്ഷിയാണ് ഡല്‍ഹിയിലെ അധികാര കൊത്തളത്തില്‍ ചെന്ന് ജനീവയില്‍ നടക്കുന്ന സ്റ്റോക് ഹോം പ്രതിനിധികളുടെ കണ്‍വെന്‍ഷനില്‍ ഇന്ത്യയുടെ ഹൃദയം തുടിക്കേണ്ടത് തലമുറകളെ നിശബ്ദമായി കൊന്നൊടുക്കുന്ന ഈ മാരക വിഷായുധത്തിനെതിരെ ശബ്ദിക്കുന്നവര്‍ക്കൊപ്പമാവണം എന്ന് അഭ്യര്‍ഥിച്ചത്.


മനുഷ്യ ജീവന്റെ ഭാഷ അറിയാത്ത, അക്കങ്ങളുടെ പെരുക്കപ്പട്ടിക മാത്രം പഠിച്ച, സാമ്പത്തിക ശാസ്ത്രത്തിന്റെ മുതലാളിപക്ഷ സിദ്ധാന്തങ്ങള്‍ മാത്രം ഉരുക്കഴിക്കുന്ന പ്രധാനമന്ത്രിക്ക് ഈ നിലവിളികളുടെ അര്‍ഥം മനസിലാകില്ലല്ലൊ. അതുകൊണ്ടാണ് ഞാനിനിയൊന്നു പഠിച്ചുനോക്കട്ടെ എന്ന് പറഞ്ഞത്. കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞതുപോലെ എത്രകാലം കൊണ്ട് പഠിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പഠിച്ചുകൊണ്ടേയിരിക്കും. കീടനാശിനി തളിച്ച് മണ്ണും വിണ്ണും മരവും മനുഷ്യനും ചീഞ്ഞളിയുമ്പോള്‍ അത് വളമാക്കി കൃഷി ചെയ്ത് പലതരം കോര്‍പ്പറേഷനുകളും കീടനാശിനി മുതലാളിമാരും ലാഭമുണ്ടാക്കിക്കൊണ്ടിരിക്കും. അതിനിടയില്‍ വീണ്ടും തെരഞ്ഞെടുപ്പു വരും. പണമെറിഞ്ഞ് ആ കടമ്പ കടക്കാനുള്ള ഉപായം കോര്‍പ്പറേറ്റുകള്‍ തന്നെ പറഞ്ഞുകൊടുക്കും. അങ്ങിനെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി രാജ്യത്തെ വളര്‍ത്തും. ജനം മരിക്കാതെ മരിച്ച് ഒന്നിനും കൊള്ളാത്തവരാകും.

നാവുതള്ളിയും തല വലുതായും കാലു തേമ്പിയും ശരീരവളര്‍ച്ച മുരടിച്ചും ബുദ്ധി വികാസം തടസപ്പെട്ടും ജനമെന്നത് വെറും കാഴ്ച പണ്ടങ്ങള്‍ മാത്രമാകുമ്പോള്‍ വോട്ട് ചെയ്ത് തോല്‍പിച്ചുകളയുമെന്ന പേടിയും വേണ്ടല്ലൊ. ജനങ്ങളില്ലെങ്കില്‍ പിന്നെ എന്തു രാജ്യം, ആര്‍ക്കുവേണ്ടി ഭരണം എന്ന് കുരുക്ഷേത്ര യുദ്ധാനന്തരം മുനുഷ്യ കബന്ധങ്ങള്‍ ചോദ്യമായി ഉയിര്‍ത്തെഴുന്നേറ്റ പ്രാക്തന ജ്ഞാനപ്പാനകള്‍ തലപ്പാവണിഞ്ഞ അഭിനവ ധര്‍മ്മപുത്രര്‍ക്കും കൂട്ടര്‍ക്കും ഓര്‍മ്മ വരുന്നില്ല. ജനതയെ കൊന്നൊടുക്കുകയെന്നത് രാജ്യത്തെ തന്നെ നശിപ്പിക്കലാണെന്ന് ഒരു ഗാന്ധാരി വിലാപവും അവിടെ ഉയരുന്നില്ല.


ഭരണകൂടത്തിന്റെ രാജ്യദ്രോഹ നയങ്ങളെ തിരിച്ചറിഞ്ഞവര്‍ക്ക് അസ്വസ്ഥതയുണ്ടാവുന്നത് സ്വാഭാവികം. ജനതയുടെ ദുരിതവും നാടിന്റെ ദുഃഖവും തിരിച്ചറിയാന്‍ ഡോക്ടറേറ്റ് വേണമെന്നില്ല. എന്‍ഡോസള്‍ഫാന്‍ വിതക്കുന്ന കൊടിയ ദുരിതങ്ങള്‍ കണ്ടുംകേട്ടും മനസുനൊന്തവര്‍ക്ക് കേന്ദ്രത്തിന്റെ നിലപാടുകളില്‍ പൈശാചികതയുണ്ടെന്ന് തോന്നിയാല്‍ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ലെന്ന് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പദം സ്വപ്നം കണ്ടുറങ്ങുന്നവര്‍ ഉണര്‍വിലെങ്കിലും ഒന്നോര്‍ത്താല്‍ നന്ന്. സ്വന്തം ചെറുപ്പക്കാര്‍ തന്നെ നേതാക്കളുടെ കോലങ്ങള്‍ കത്തിക്കുന്നതിന്റെ കരിന്തിരിമണം വലിയ തുറന്ന മൂക്കുകളുണ്ടായിട്ടും അതിലേക്ക് അടിച്ചുകയറുന്നില്ലെന്നോ?

ഇരകള്‍ ഏറ്റവും കൂടുതലുള്ള കേരളത്തിന്റെ ഭരണാധികാരി മാത്രമല്ല ഈ പൈശാചിക നിലപാടുകള്‍ക്കെതിരെ ഉണ്ണാവ്രതം ആചരിക്കേണ്ടത്. കേരളത്തിന്റെ മനസ് ഒന്നായി ഉപവാസം അനുഷ്ടിക്കണം. സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കണം, നമ്മുടെ നേതാക്കള്‍ക്ക് നല്ല ബുദ്ധി തോന്നാന്‍.