Wednesday, April 20, 2011

അങ്ങിനെ ബ്ലോഗ്മീറ്റ് വാര്‍ത്തക്കും 'ഹുറൂബി'ല്‍നിന്ന് മോചനം

ഓടിപ്പോയി 'ഹുറൂബാ'യവരുടെ കൂട്ടത്തില്‍ '...മ്മടെ ബ്ലോഗ് മീറ്റ് വാര്‍ത്ത'യും പെട്ടോ എന്നൊരു ദീര്‍ഘനിശ്വാസം കാണുമ്പോഴൊക്കെ പാവപ്പെട്ടവന്‍ പങ്കുവെച്ചു. സദ്യയുടെ ബാക്കിവന്ന പായസം നുണഞ്ഞിരിക്കുമ്പോള്‍ ചാടിക്കയറി വാര്‍ത്ത ഞാനുണ്ടാക്കാമെന്നേറ്റുപോയതിനാല്‍ ഈ നാരദ ശിഷ്യന്‍ നാളെ നാളെ എന്ന് ഗണപതിയുടെ കല്യാണ കുറി കാണിച്ചു പിടിച്ചുനിന്നു. ഒരു ഇടക്കാലാശ്വാസം പോലെ ഏഷ്യാനെറ്റിന്റെ നാസര്‍ കാരന്തൂര്‍ ഒരു സുന്ദരന്‍ വിഷ്വല്‍ മാജിക് പ്രയോഗിച്ചതിനാല്‍ പാവപ്പെട്ടവനല്ലാത്ത എല്ലാ ബ്ലോഗന്മാരും ബ്ലോഗിനിയും ഹാപ്പിയായി. കൂട്ടത്തില്‍ ജീവന്‍ ടി.വിയും മീറ്റിന് ജീവനിട്ടത് ബല്ലാത്തൊരു കവറേജായി. മുട്ടായിത്തെരുവില്‍ കടല പൊതിഞ്ഞ പേപ്പര്‍ കണ്ടുള്ള പരിചയം കൊണ്ടാവണം എന്നാലും പത്രവാര്‍ത്ത കൂടി വന്നാലെ ഒരു വറക്കത്തുള്ളെന്ന് പന്നിയങ്കരയും പാവപ്പെട്ടവന് കൂട്ടായി മോങ്ങി. ...മ്മടെ ബ്ലോഗ് മീറ്റ് കാലിച്ചായ കുടിച്ചു പിരിഞ്ഞതിന്റെ പിറ്റേന്നാണല്ലൊ സൌദിയിലെ ഹുറൂബുകാരുടെ പ്രശ്നം പണ്ടാരടക്കാന്‍ കേന്ദ്രത്തില്‍നിന്നൊരു മന്ത്രി പറന്നിറങ്ങിയത്. നാരദന്റെ ഈ പ്രിയ ശിഷ്യനും 'ഹുറൂബു'കാരുടെ പിന്നാലെയായി. വീണുകിട്ടുന്ന വറ്റ് വാരിയിട്ട് വാര്‍ത്തയുടെ കുട്ട നിറച്ചാലല്ലെ അരച്ചാണ്‍ വയര്‍ കഴിയൂ. ഏതായാലും ഞാനായിട്ട് ഇനി മുടക്കീന്നുവേണ്ട. ആ സുന്ദര സുരഭില മീറ്റന്‍ വാര്‍ത്ത ദേ നെടുനീളത്തില്‍ താഴെ...
നാരദന്റെ സകല മച്ചുനന്മാര്‍ക്കും അയച്ചുകൊടുത്തീട്ട്ണ്ട്. വരുമായിരിക്കും...    
മുഖാമുഖം കാണാന്‍
ഇ-മലയാളികള്‍ ഒത്തുകൂടി

റിയാദ്: സൈബര്‍ സ്പേസില്‍ അക്ഷരങ്ങളായും ചിത്രങ്ങളായും നിറയുന്നവര്‍ ഒടുവില്‍ നേരില്‍ കണ്ടുമുട്ടിയപ്പോള്‍ അത് സൌഹൃദത്തിന്റെ പുതിയൊരു അധ്യായം രചിച്ചു.  ബ്ലോഗുകളിലും ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ ബസ് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും സജീവമായ മലയാളികളില്‍ പലരും ആദ്യമായാണ് നേരില്‍ കാണുന്നതെങ്കിലും അപരിചിതത്വത്തിന്റെ മതിലുകളില്ലാതെ അടുത്തിടപഴകാനായത് റിയാദിലെ ആദ്യത്തെ ഇ-മലയാളി സംഗമത്തെ ഹൃദ്യമാക്കി. ബത്ഹയിലെ ക്ലാസിക് ഓഡിറ്റോറിയത്തില്‍ ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന സൌഹൃദ സംഗമം പരസ്പരം കൂടുതല്‍ അറിയുന്നതിനോടൊപ്പം ഇ-വേള്‍ഡിന്റെ പുതിയ വിജ്ഞാനങ്ങളും പങ്കുവെക്കുന്നതിലേക്ക് വളര്‍ന്നു. രാവിലെ ഒമ്പതിന് തുടങ്ങിയ സംഗമത്തിലേക്ക് മലയാളം ബ്ലോഗിങ്ങില്‍ സജീവമായി നില്‍ക്കുന്നവരാണ് കൂടുതലായും എത്തിയത്. എല്ലാവരും ബ്ലോഗിങ്ങിലെ അപരനാമത്തിന്റെ ബലത്തില്‍ അറിയപ്പെടുന്നവര്‍. പാവപ്പെട്ടവന്‍, റാംജി പട്ടേപ്പാടം, ആസാദ് ആര്‍ദ്രമാനസം, ഗള്‍ഫ് കുട്ടപ്പന്‍, വായനശാല, കല്‍പ്പകഞ്ചേരി, മുഠായിത്തെരൂ, സ്കെച്ച് ടു സ്കെച്ച്, സഫാമര്‍വ, ബീമാപ്പള്ളി, മേര്‍മാന്‍, സ്ളേറ്റ് തുടങ്ങിയ പേരുകളില്‍ ബ്ലോഗിങ്ങില്‍ സജീവമായവര്‍ തങ്ങളുടെ ബ്ലോഗുകള്‍ക്ക് ഇത്തരം പേരുകള്‍ ഇട്ടതിന് പിന്നിലെ കഥകള്‍ പറഞ്ഞപ്പോള്‍ അത് പുതിയ കൌതുകങ്ങളിലേക്ക് വാതില്‍ തുറന്നു. ഫേസ്ബുക്കില്‍ സജീവമായി നില്‍ക്കുമ്പോഴും സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങാന്‍ കഴിയാതിരുന്ന പ്രവാസ എഴുത്തുകാരി സബീന എം. സാലിക്ക് പുതിയൊരു ബ്ലോഗ് തുടങ്ങാനുള്ള സാങ്കേതിക ജ്ഞാനം മറ്റുള്ളവര്‍ പകര്‍ന്നുനല്‍കി. വീഡിയോ പ്രോജക്ടറിന്റെ സഹായത്തോടെ ബ്ലോഗിങിനെ കുറിച്ചുള്ള സാങ്കേതിക വിജ്ഞാനം പകരാന്‍ വായനശാല എന്ന ബ്ലോഗിന്റെ ഉടമ എം.ബി. സുനില്‍ തയ്യാറായതോടെ സബീനക്കും ഒരു ബ്ലോഗായി. ഉച്ചക്ക് നാടന്‍ ശൈലിയില്‍ ഇലയിട്ടൊരു ഊണും കൂടിയായപ്പോള്‍ സംഗമം ഗംഭീരമായെന്ന് അംഗങ്ങള്‍. അബ്ബാസ് നസീര്‍, നൌഷാദ് കിളിമാനൂര്‍, നൌഷാദ് കുനിയില്‍, ഇസ്ഹാഖ്, ഗഫൂര്‍ തുടങ്ങി മറ്റ് ബ്ലോഗര്‍മാരും സംഗമത്തിന് നിറവേകി. അടുത്ത വിപുലമായൊരു സംഗമത്തിന് കാണാമെന്ന് പറഞ്ഞ് പിരിഞ്ഞപ്പോള്‍ പിരിയാനാകാത്തവിധം ഒറ്റദിവസം കൊണ്ടുതന്നെ അത്രമേലൊരു സൌഹൃദമുണ്ടായെന്ന് എല്ലാവരും ഒറ്റസ്വരത്തില്‍ പറഞ്ഞു.

മംഗളം, ശുഭം!!