Saturday, April 30, 2011

ഇളവുകള്‍ പുതിയ കെണിയാണ്!!!

ഭക്ഷണം നിയന്ത്രിക്കാനുള്ള പ്രതിവിധിയായി ഡോക്ടര്‍ പരിമിതമായ ഭക്ഷണ പട്ടിക നിര്‍ദേശിച്ചപ്പോള്‍ രോഗി അറിയാതെ ചോദിച്ചുപോയി. ഡോക്ടര്‍ സര്‍, ഇത് ഭക്ഷണത്തിന് മുമ്പോ, പിമ്പോ! ഒടുവില്‍ സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ ജനീവയില്‍ കൂടിയിരുന്നു എന്‍ഡോസള്‍ഫാനെ നിരോധിത ജൈവ രാസവസ്തുക്കളുടെ പട്ടികയായ അനുബന്ധം -എയില്‍ ചേര്‍ത്തപ്പോള്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ചോദിച്ചു: ഇത് പാലിക്കേണ്ടത് പതിവ് എന്‍ഡോസള്‍ഫാന്‍ തളിക്ക് മുമ്പോ ശേഷമോ?

ഇന്ത്യ ഒറ്റപ്പെട്ടതും ലോകവേദിയില്‍ നാറി നാണം കെട്ടതുമൊക്കെ അവിടെ നില്‍ക്കട്ടെ, ക്രിക്കറ്റില്‍ ജയിച്ചതും ആഗോള മാന്ദ്യകാലത്ത് 1.5ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയതും മേനി പറഞ്ഞ് നമുക്ക് ആ നാറ്റത്തെ മറികടക്കാം. എന്നാല്‍ ആഗോള എന്‍ഡോസള്‍ഫാന്‍ നിരോധത്തെ മറികടക്കാന്‍ മരണത്തിന്റെ കച്ചവടക്കാരോട് വഴങ്ങി ഇന്ത്യ സമ്പാദിച്ച ഇളവുകളോ? എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദനിക്കുന്ന കാഴ്ചകളെ സാക്ഷ്യയാക്കി പറയട്ടെ, ഇത് പുതിയ കെണിയാണ്!!!

എന്‍ഡോസള്‍ഫാന്‍ ഇരകളുടേതുള്‍പ്പെടെ നികുതിപ്പണം ചെലവഴിച്ച് ജനീവയിലേക്ക് അയച്ച ഇന്ത്യയുടെ സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ 'എക്സല്‍ കമ്പനിയുടെ' പ്രതിനിധി സംഘത്തിന്റെ ഓശാരം പറ്റി അവിടെ ചെവഴിച്ച നാലുദിവസത്തെ പ്രയത്നം കൊണ്ട് നേടിയെടുത്ത 22 വിളകള്‍ക്ക് വേണ്ടിയുള്ള ഇളവും 11 വര്‍ഷത്തെ സാവകാശവും കീടനാശിനി മാഫിയകളില്‍നിന്ന് വാങ്ങിയ കോടികള്‍ക്ക് തുല്യമായ പ്രത്യുപകാരമല്ലെങ്കില്‍ പിന്നെ മറ്റെന്തോന്ന്? അക്കാര്യത്തില്‍ കേരള പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞത് നൂറ് ശതമാനം ശരി: കേന്ദ്രനിലപാടിനാണ് വിജയമുണ്ടായത്. പക്ഷെ, ചത്തുജീവിക്കുന്ന ആയിരങ്ങളുടെ കെടുതി നല്ല നേതാക്കളിലൊരാളായ ഉമ്മന്‍ ചാണ്ടിയെ ഒട്ടും അസ്വസ്ഥപ്പെടുത്തുന്നില്ലെന്നോ? ചെങ്കല്‍ റെഡ്ഢി ചൊരിഞ്ഞ ശകാരംപോലെ കാസര്‍കോട്ടെ നശിച്ച മനുഷ്യര്‍ വെറും ഹീന ജാതികളായതുകൊണ്ട് ഒട്ടും വേദന തൊന്നുന്നില്ലെന്നാണോ? ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ച് കൂടിയിരുന്നു ആഗോള വ്യാപകമായി ഒരു മാരക വിപത്തിനെ നേരിടാന്‍ തീരുമാനമെടുക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, പൌരന്റെ ക്ഷേമം ഒന്നാമത്തെ ലക്ഷ്യമായി കരുതേണ്ട ഒരു രാജ്യം അത് ആദ്യ നിമിഷത്തില്‍ തന്നെ നടപ്പാക്കി മാതൃക കാട്ടുകയായിരുന്നില്ലെ വേണ്ടതെന്ന് ഒരു മനുഷ്യപ്പറ്റുള്ള കോണ്‍ഗ്രസ് നേതാവെന്ന് കരുതിപ്പോന്ന ഉമ്മന്‍ ചാണ്ടിയെങ്കിലും ചിന്തിക്കേണ്ടതായിരുന്നില്ലെ?

ഈ കുറിപ്പുകാരന്‍ ഒരു ആഴ്ചയില്‍ 'മാതൃഭൂമി' ആഴ്ചപ്പതിപ്പ് വാങ്ങിയില്ല. ജീവനാശിനി എന്ന വലിയ കറുത്ത അക്ഷരങ്ങള്‍ പഴത്തുവിങ്ങി നില്‍ക്കുന്ന മുഖപ്പേജില്‍ രേഖപ്പെടുത്തിയിരുന്ന പ്രത്യേക അറിയിപ്പില്‍നിന്ന് ഞാന്‍ ഇങ്ങിനെ മനസിലാക്കി; മനസുറപ്പില്ലാത്തവര്‍ ഈ ലക്കം വാങ്ങരുത്.  ആഴ്ചപ്പതിപ്പ് തൂങ്ങികിടക്കുന്ന സ്റ്റാളുകളിലേക്ക് വേദനയോടെ ഉറ്റുനോക്കി നിന്നുപോയി പലതവണ. ആഴ്ചയില്‍ മൂന്നു പ്രമുഖ വാരികകള്‍ പതിവാക്കിയ ഈ കുറിപ്പുകാരന് ആ ആഴ്ച മാതൃഭൂമി മറിച്ചുനോക്കാനുള്ള മനസുറപ്പുണ്ടായിരുന്നില്ല. മധുരാജിന്റെ കാമറക്കണ്ണുകള്‍ പകര്‍ത്തിയ, മനസിനെ കീറിമുറിക്കുംവിധം ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ അതിനുള്ളില്‍ നിറഞ്ഞുകിടപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു. കണ്ണേ മടങ്ങുക എന്ന് ഞാന്‍ സ്വയം പറഞ്ഞു.

ഇന്ത്യാവിഷനില്‍ മുന്നൂറോളം മണിക്കൂറുകള്‍ നീണ്ട കാമ്പയിനിടയില്‍ ചിലരംഗങ്ങള്‍ കാണാനാകാതെ മനസ് റിമോട്ട് കണ്‍ട്രോളറിലേക്ക് മാറ്റിനട്ടു. എം.എ. റഹ്മാന്റെ ചലനചിത്രങ്ങള്‍ ഉറക്കത്തില്‍പോലും വേട്ടയാടിക്കൊണ്ടിരുന്നു. മനസിനുറപ്പില്ലാത്തവരെ ഉറക്കത്തില്‍പോലും വേട്ടയാടുന്ന ഈ കാഴ്ചകള്‍ മരിച്ചൊടുങ്ങിയവരുടേതല്ല. വേദനിച്ച് ജീവിച്ചിരിക്കുന്നവരുടേതാണ്. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഈ കാഴ്ചകള്‍ക്ക് നേരെ കണ്ണുകൊടുക്കാത്തത് മനസുറപ്പില്ലാത്തതുകൊണ്ടാണോ മനസില്ലാത്തതുകൊണ്ടാണോ? കീടനാശിനി കമ്പനികളുടെ മച്ചുനന്മാര്‍ പുതിയ കെണികളുമായി പാര്‍ലമെന്റിലെത്തുമ്പോഴെങ്കിലും ഇവര്‍ മനുഷ്യപക്ഷത്തിനുവേണ്ടി ശബ്ദമുയര്‍ത്തുമോ? അതോ ഈ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുമോ?

Thursday, April 28, 2011

അങ്ങിനെ അവസാന കള്ളവും പൊളിഞ്ഞിരിക്കുന്നു

സായി ബാബയുടെ അവസാന നാളില്‍ പ്രമുഖ യുക്തിവാദിയും സാംസ്കാരിക പ്രവര്‍ത്തകനുമായ യു. കലാനാഥന്‍ മാധ്യമ പ്രവര്‍ത്തകന്‍ സവാദിനോട് ഫോണില്‍ പറഞ്ഞതാണിത്. കേരള അച്ചടി ദൃശ്യ മാധ്യമങ്ങളുടെ 'ഒരു സ്പൂണ്‍ തേന്‍:ഒരു സ്പൂണ്‍ വിഷം' എന്ന സംതുലന നിലപാടുകളാല്‍ വെളിച്ചം കാണിക്കാനാവാതെ ഫോര്‍ത്ത് എസ്റ്റേറ്റിലെ ഏറ്റവും ശക്തമായ സൈബര്‍ മാധ്യമത്തിലൂടെ വായനക്കാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് ഈ ലേഖനം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മെയില്‍ ഗ്രൂപ്പുകളിലും ബ്ലോഗുകളിലും ആര്‍ക്കും ആരുടെയും അനുവാദം കൂടാതെ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കപ്പെട്ട ഈ വസ്തുതകള്‍, സൈബര്‍ മാധ്യമത്തിന്റെ മുല്ലപ്പൂ വിപ്ലവം ആത്മീയ വ്യാപാര മേഖലകളെ കൂടി ഇളക്കിമറിക്കണമെന്ന താല്‍പര്യത്തോടെ സ്ളേറ്റും കടം കൊണ്ട് പ്രസിദ്ധീകരിക്കുന്നു. 

അങ്ങിനെ അവസാന കള്ളവും പൊളിഞ്ഞിരിക്കുന്നു
യു. കലാനാഥന്‍

പരിചിതമോ അപരിചിതമോ ആയ ഏതൊരു ജീവജാലത്തിന്റെയും മരണം ഒരു സഹജീവി എന്ന നിലയില്‍ എനിക്ക് വ്യസനമുണ്ടാക്കാറുണ്ട്. ബാബയുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോഴും എനിക്ക് അതേ വികാരമാണ്. പക്ഷെ മറ്റു മനുഷ്യരുടെ മരണങ്ങള്‍ നല്‍കുന്നതിനേക്കാളുപരിയായ ആലോചനകള്‍ക്ക് ഈ 'ദിവ്യാവതാര'ത്തിന്റെ തിരോധാനം വഴിതുറക്കുന്നു. എന്നെയോ നിങ്ങളെയോ പോലെ വെറുമൊരു 'മനുഷ്യന്‍' അല്ലല്ലോ ശ്രീമാന്‍ ബാബ. ദൈവത്തിന്റെ അവതാരമായ താന്‍ 96ാം വയസിലേ മരിക്കൂ എന്നും അതു വരെ പൂര്‍ണ ആരോഗ്യവാനായി ജീവിക്കും എന്നുമായിരുന്നു ഈ ദൈവപുരുഷന്റെ അരുളപ്പാടുകള്‍.(ബാബയുടെ കേളി ഭൂഖണ്ഡങ്ങള്‍ക്കപ്പുറം പരത്തിയ അരുമശിഷ്യന്‍ എച്ച്.എസ്. ഹിസ്ലാപ്പ് എഴുതിയ 'ഭഗവാന്‍ സത്യസായി ബാബയുടെ സംഭാഷണങ്ങള്‍' എന്ന പുസ്തകം നോക്കുക)പക്ഷെ 85ാം വയസില്‍ സായി ബാബ മരണപ്പെട്ടിരിക്കുന്നു.

വര്‍ഷങ്ങളായി കരള്‍, ഹൃദയരോഗ ബാധിതനായിരുന്ന ഇദ്ദേഹം എല്ലുപൊടിഞ്ഞു പോകുന്ന osteoporosis എന്ന രോഗത്താലും പീഡിതനായിരുന്നു. ഭക്തര്‍ക്ക് ആയുസും ആരോഗ്യവും നല്‍കി സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന ദൈവാവതാരം അവസാന ദിവസങ്ങളില്‍ ശ്വാസം കഴിച്ചത് പോലും ശാസ്ത്ര പുരോഗതിയുടെ പിന്തുണയാല്‍ സാധാരണ മനുഷ്യര്‍ നിര്‍മിച്ച യന്ത്രങ്ങളുടെ സഹായത്തോടെയാണ്. ഭക്തര്‍ക്ക് രോഗം വന്നാല്‍ തന്നെ ദര്‍ശിച്ച്, സൌഖ്യം നേടണം എന്ന് പറയുന്ന ആള്‍ദൈവം സ്വന്തം ജീവന്‍ പിടിച്ചു നിര്‍ത്താന്‍ യന്ത്രങ്ങളെ ആശ്രയിച്ചത് എന്തിനാണാവോ? സമാനമായ ലീലാവിലാസങ്ങളുമായി അനുയായികളെ സംഘടിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് പണം പിടുങ്ങുന്ന അമൃതാനന്ദമയിയെപ്പോലുള്ള നിരവധി സഹദേവീ ദേവന്‍മാര്‍ ഈ മഹാരാജ്യത്തുണ്ടായിരുന്നല്ലോ.
ആദ്യം ഷിര്‍ദിയിലെ സായി ബാബയുടെ അവതാരമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ദൈവത്തിന്റെ അവതാരപുരുഷനാണ് താനെന്നാണ് ഈ സ്വയം പ്രഖ്യാപിത ദൈവം അവകാശപ്പെട്ടിരുന്നത്. ഒരിക്കല്‍ പോലും ദിവ്യത്വം അവകാശപ്പെട്ടിട്ടില്ലാത്ത ഷിര്‍ദിയിലെ സായിബാബക്ക് മേല്‍ അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകള്‍ മൂലം ജനം ഭഗവാന്‍ പട്ടം ചാര്‍ത്തിക്കൊടുക്കുകയായിരുന്നു.

എന്നാല്‍ കണ്‍കെട്ട്^കയ്യടക്ക് വിദ്യകള്‍ പ്രയോഗിച്ച് ജനങ്ങളെ കബളിപ്പിച്ചാണ് പുട്ടപര്‍ത്തിയിലെ സായിബാബ ദൈവം കളിച്ചത്. ആയിരത്തോളം ദിവ്യാല്‍ഭുതങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് ബാബയും അയാളുടെ സ്തുതിപ്പാട്ടുകാരും പ്രചരിപ്പിച്ചിരുന്നത്^ വാസ്തവമെന്താണ്? പ്രമുഖ മജീഷ്യന്‍ ജുനിയര്‍ സര്‍ക്കാറിനൊപ്പം മാജിക് പഠിച്ചയാളാണ് ബാബ. ശൂന്യതയില്‍ നിന്ന് ഭസ്മം വരുത്തി ഭക്തര്‍ക്ക് നല്‍കലായിരുന്നു ഇദ്ദേഹത്തിന്റെ ജനപ്രിയ ദിവ്യാല്‍ഭുതം. കഞ്ഞിവെള്ളത്തില്‍ കുഴച്ച് വിരലുകള്‍ക്കിടയില്‍ തേച്ചുവെക്കുന്ന ഭസ്മക്കട്ട ഭക്തര്‍ക്ക് മുന്നില്‍ പൊടിച്ച് വിതരണം ചെയ്യുന്ന-കുട്ടികള്‍ക്ക്  പോലും കാണിക്കാവുന്ന ഈ 'അത്ഭുതപ്രവര്‍ത്തി' ബാബയേക്കാള്‍ മനോഹരമായി ചെയ്യുന്നവരാണ് നമ്മുടെ ആര്‍.കെ.മലയത്ത്, ഗോപിനാഥ് മുതുക്കാട്, പ്രദീപ് ഹൌഡിനി തുടങ്ങിയ മാന്ത്രികരെല്ലാം. ജനങ്ങളെ ചൂഷണം ചെയ്ത് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കണമെന്ന കുടിലബുദ്ധി ഇല്ലാത്തതിനാല്‍ അവരാരും മാന്ത്രിക കലയിലെ പ്രാവീണ്യം ദുരുപയോഗം ചെയ്യുന്നില്ലെന്ന് മാത്രം.

തന്റെ കാപട്യങ്ങള്‍ മറച്ചുവെക്കാനും കാരുണ്യമുഖം പ്രദര്‍ശിപ്പിക്കാനുമായി വൈദ്യശാസ്ത്ര വിദ്യയുടെ സാധ്യതകള്‍ പ്രയോഗപ്പെടുത്തുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രി സമുച്ചയം ബാബ പണിതിട്ടുണ്ട് എന്നത് വളരെ നല്ല കാര്യം തന്നെ. പക്ഷെ അതിനായി ചെലവിട്ടത് ഭക്തജനങ്ങളെ വഞ്ചിച്ച് സമ്പാദിച്ച കോടികളാണ്. തന്റെ സ്വയം നിര്‍മിത ദിവത്യമായിരുന്നു ഈ രംഗത്തും ബാബയുടെ മൂലധനം. ഡോ. കോവൂരിന്റെയും ബി. പ്രേമാനന്ദിന്റെയും നേതൃത്വത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ യുക്തിവാദി സംഘം ബാബയുടെ ഒടിവിദ്യകളെല്ലാം പൊളിച്ചുകാണിച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ മരണത്തിലൂടെ ബാബയുടെ അവശേഷിച്ച കള്ളവും പൊളിഞ്ഞിരിക്കുന്നു. ബാബക്ക് മുന്നില്‍ വിധേയരായി വണങ്ങി നില്‍ക്കുന്ന ഭരണത്തലവന്‍മാരുടെയും  ശാസ്ത്രജ്ഞരുടെയും മറ്റും മുഖങ്ങള്‍ മനസില്‍ തെളിയുന്നു. ബുദ്ധിജീവികളും സാമാന്യ ഭക്തജനങ്ങളും സത്യം മനസിലാക്കുന്നതിനും അത് തുറന്ന് സമ്മതിക്കുന്നതിനുമുള്ള 'ദിവ്യാവസര'മായി ഈ സന്ദര്‍ഭം ഉപയോഗിക്കും എന്ന് പ്രത്യാശിക്കട്ടെ.

ഫോര്‍ത്ത് എസ്റ്റേറ്റ് ബ്ലോഗ് കൈയ്യടക്കുമോ?

ബ്ലോഗ് ഏറ്റവും ശക്തമായ മാധ്യമമായി മാറിക്കഴിഞ്ഞു. ആളെണ്ണത്തിന്റെയും വാണിജ്യത്തിന്റെയും കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യം ചൈന ഒരു 'പീറ' (വെറും 29കാരനായ) ബ്ലോഗറെ പേടിക്കുന്ന വാര്‍ത്ത ഇതാ. 'വെബ് ദുനിയ'യില്‍ വന്നത് അവരോടുള്ള പൂര്‍ണമായ കടപ്പാട് രേഖപ്പെടുത്തി കൊണ്ട് ദേ ഇവിടെ പൂര്‍ണമായും. ഇങ്ങിനെ പോയാല്‍ ഫോര്‍ത്ത് എസ്റ്റേറ്റിലെ കണ്ണായ ഭാഗം തന്നെ ബൂലോകത്തിന് പതിച്ചുതരേണ്ടിവരും...

ലോകത്തിലെ ഏറ്റവും ജനപ്രിയ ബ്ലോഗര്‍‌മാരിലൊരാളും ചൈനയിലെ ‘നമ്പര്‍ വണ്‍’ ബ്ലോഗറുമായ ഹാന്‍ ഹാനിന്‍റെ സാഹിത്യമാസിക രണ്ടാം ലക്കം ഇറങ്ങുന്നതിന് മുമ്പേ അടച്ചുപൂട്ടേണ്ടിവന്നു. കാറോട്ടക്കാരനും ഗായകനും ഗാനരചയിതാവും ജനപ്രിയ നോവലിസ്റ്റുമായ ഹാന്‍ ആരംഭിച്ച ‘പാര്‍ട്ടി’ എന്ന മാസികയ്ക്കാണ് ഈ ഗതികേടുണ്ടായത്. ഹാന്‍ എഴുതുന്ന ടുകോള്‍‌ഡ് എന്ന ബ്ലോഗിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് പാര്‍ട്ടി മാസിക പ്രവര്‍ത്തനം ആരംഭിച്ചത്. താല്‍‌പര്യമുള്ളവര്‍ക്ക് പാര്‍ട്ടി മാസികയിലേക്ക് സാഹിത്യസൃഷ്ടികള്‍ സംഭാവന ചെയ്യാമെന്ന് ബ്ലോഗിലൂടെ ഹാന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ലക്ഷക്കണക്കിന് സാഹിത്യസൃഷ്ടികളാണ് ഹാനിന് ലഭിച്ചത്.


Wednesday, April 27, 2011

പ്രിയ ബുദ്ധിമാന്‍ സിങ്ജി, അങ്ങ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

വളരെ സിമ്പിളായ ചോദ്യം. ഇന്ത്യ ലോകത്ത് ഒറ്റപ്പെട്ടുപോയാലും വേണ്ടില്യ, എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ഒരുതരം പ്രത്യേക പവ്വ(ാ)റോടെ വാശിപിടിക്കുന്നത് എന്തിനാണ് പ്രഭോ? ഉത്തരം അത്ര സിമ്പിളല്ലെന്ന് അങ്ങയുടെ ബാര്‍ബിയന്‍ മുഖം നരച്ച താടിരോമങ്ങളുടെ പഞ്ഞിക്കെട്ടിനുള്ളില്‍ പൂഴ്ത്തുമ്പോള്‍ തിരിയുന്നുണ്ട് തമ്പുരാനെ. എന്നിട്ടും ഇന്ത്യന്‍ പൌരനായി ജനിച്ചത് ഒരു മഹാസൌഭാഗ്യമായെന്ന് കരുതിപ്പോന്ന അടിയങ്ങള്‍ക്ക് ചങ്ക് പൊടിയുന്ന നൊമ്പരത്തോടെ ചോദിക്കാതിരിക്കാനാവുന്നില്ല. പ്രിയ ബുദ്ധിമാന്‍ സിങ്ജി, മഹത്തായ ഈ രാജ്യത്തെ എന്തിനാണ് അങ്ങ് ഇങ്ങിനെ ലോകവേദിയില്‍ നാണം കെടാന്‍ വേഷം കെട്ടി നിറുത്തുന്നത്. ലോകവേദികളില്‍ ഒറ്റപ്പെട്ടുപോകുകയെന്നത് ഒരു ബഹുമതിയല്ല പ്രഭോ.

ലോകത്തെ ഭൂരിപക്ഷം രാഷ്ട്രങ്ങളും മാരക കീടനാശിനികള്‍ വേണ്ടെന്ന് തീര്‍ത്തുപറയുമ്പോള്‍ മറിച്ചു വാദിക്കാനും സമ്മതിപ്പിച്ചെടുക്കാനും ആളെ ചാക്കിട്ട് പിടിച്ചും മിഠായി തരാമെന്ന് പ്രലോഭിച്ചും കൂടെ നിറുത്താന്‍ പതിനെട്ടടവും പയറ്റി നാണം കെടുന്നതറിയുമ്പോള്‍ ചോദിച്ചുപോകും നിഴല്‍ രാജാവേ, അങ്ങെന്ത് ധൈര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകളടക്കം നല്‍കുന്ന നികുതി പണം ചെലവാക്കി നമ്മുടെ സ്റ്റോക്കുഹോം മച്ചുനന്മാരെ അങ്ങോട്ടയച്ചത്?

ജനതയെ നിശബ്ദം കൊന്നൊടുക്കാനുള്ള ഉപാധിക്ക് ലൈസന്‍സ് നേടിയെടുക്കാനോ? എന്നിട്ടെന്താ, രഹസ്യമായും പരസ്യമായുമൊക്കെ കെട്ടുബന്ധവും കിടക്ക ബന്ധവും പുലര്‍ത്തുന്നവര്‍ വരെ അവസാന നിമിഷം കയ്യൊഴിഞ്ഞത്? കാലുമടക്കി കാശിയിലേക്ക് പറത്തിയത്? ജനാധിപത്യത്തിന്റെ അടിസ്ഥാന ലക്ഷ്യം ക്ഷേമരാഷ്ട്രമല്ല, കോര്‍പ്പറേറ്റ് അളിയന്മാരുടെ ക്ഷേമമെന്നാണോ, ധനതത്വശാസ്ത്രത്തിന്റെ മുതലാളിത്ത പക്ഷ സിദ്ധാന്തങ്ങള്‍ ഉഴുക്കഴിക്കുന്നതിനിടെ തൊട്ടുകൂട്ടാന്‍ കിട്ടിയ ഉപവിഷയമായ രാഷ്ട്ര മീമാംസയില്‍ അങ്ങ് കണ്ടെത്തിയ നവ വീക്ഷണം?

Sunday, April 24, 2011

ഈ രാജ്യദ്രോഹത്തിന് ഇവരെ ശിക്ഷിക്കുന്നതാര്?

തലമുറകളിലേക്ക് മുലപ്പാലിലൂടെ വിഷം പകരാന്‍ പൂതനയുടെ കലിയുഗ വേഷം കെട്ടിയാടുകയാണ് ഇന്ത്യന്‍ ഭരണകൂടത്തിലെ തലതൊട്ടപ്പന്മാര്‍. നാട്ടില്‍ നടക്കുന്നത് എന്തെന്നറിയാത്ത പ്രധാനമന്ത്രിയും അഴിമതി വിതച്ച് നൂറുമേനി കൊയ്യുന്ന കേന്ദ്രകൃഷി മന്ത്രിയും പരിസ്ഥിതി സ്നേഹത്തിന്റെ കപടമുഖം കൊണ്ട് ഇവരുടെ യഥാര്‍ഥ മനസിലിരിപ്പുകള്‍ക്ക് മറപിടിക്കുന്ന പരിസ്ഥിതി മന്ത്രിയും സ്വന്തം ജനത ചത്തുജീവിച്ചോട്ടെ എന്ന് തീരുമാനിക്കുന്നു.

രാജ്യം സാമ്പത്തിക രംഗത്ത് കുതിക്കുന്നെന്ന് അവകാശപ്പെടുമ്പോഴും ശതകോടികള്‍ പട്ടിണിയില്‍ തുടരുന്നതും പട്ടിണി കിടന്ന് മരിക്കുന്നതും എന്തുകൊണ്ടെന്ന് പരമോന്നത നീതിപീഠം ചോദിക്കുന്നത് കേള്‍ക്കാതെ ലോകം ആദരിക്കുന്ന ഒരു സാമ്പത്തിക വിദഗ്ധനാണ് നമ്മുടെ ഭരണത്തലവനെന്ന് നാം അഭിമാനം കൊള്ളുന്നു. ആഗോളമാന്ദ്യകാലത്തും സാമ്പത്തിക വളര്‍ച്ച കൈവരിച്ച രാജ്യമാണ് നമ്മുടേതെന്ന് മേനി പറയുന്നു. സാമ്പത്തിക വളര്‍ച്ചയുടെ ഉട്ടോപ്യന്‍ ഗ്രാഫിലേക്ക് കണ്ണുനട്ടിരിക്കുന്ന, ഉച്ചയൂണ് കഴിഞ്ഞ് ഒന്ന് മയങ്ങാന്‍ കിടന്നിടത്തുനിന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസിലൂടെ പ്രധാനമന്ത്രി പദത്തിലെത്തിയ ജനങ്ങളുടെ പ്രതിനിധിയല്ലാത്ത ഒരു സ്വപ്നജീവിക്ക് ജനങ്ങളുടെ ദുരിതം അറിയാന്‍ കഴിയണമെന്നില്ല.


കേന്ദ്രമന്ത്രിസ്ഥാനം അഴിമതിക്കുള്ള നല്ല കൃഷിയിടമാണെന്ന തിരിച്ചറിവുള്ള പവാര്‍ മന്ത്രിയുടെ മുന്നിലാകട്ടെ പാവം ജനങ്ങള്‍ക്ക് കീടങ്ങളുടെ സ്ഥാനം പോലുമുണ്ടാകാനിടയുമില്ല. കീടങ്ങളില്‍ മിത്രകീടങ്ങളുണ്ടെങ്കില്‍ ചത്തുജീവിക്കാന്‍ വിധിക്കപ്പെട്ട പാമര ജനതയെ കൊണ്ട് രാജ്യത്തിന് എന്തുനേട്ടമെന്ന് ബിസിനസ് ലോബിയുടെ മച്ചുനന്‍ ചോദിച്ചുപോയാല്‍ തന്നെ ഞെട്ടേണ്ടതില്ല. മണ്ണിന്റെയും മരത്തിന്റെയും കരച്ചില്‍ കേട്ട് പരിസ്ഥിതി സ്നേഹത്തിന്റെ ഹൃദയം തീവ്രമായി തുടിച്ച ജയറാം മന്ത്രിക്കാവട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളായ മനുഷ്യരുടെ നിലവിളി കേട്ടാല്‍ മനസിലാകില്ല.

മാരക കീടനാശിനിയുടെ ഏറ്റവും കൂടുതല്‍ ഇരകളുള്ള കേരളത്തിന്റെ മനസാക്ഷിയാണ് ഡല്‍ഹിയിലെ അധികാര കൊത്തളത്തില്‍ ചെന്ന് ജനീവയില്‍ നടക്കുന്ന സ്റ്റോക് ഹോം പ്രതിനിധികളുടെ കണ്‍വെന്‍ഷനില്‍ ഇന്ത്യയുടെ ഹൃദയം തുടിക്കേണ്ടത് തലമുറകളെ നിശബ്ദമായി കൊന്നൊടുക്കുന്ന ഈ മാരക വിഷായുധത്തിനെതിരെ ശബ്ദിക്കുന്നവര്‍ക്കൊപ്പമാവണം എന്ന് അഭ്യര്‍ഥിച്ചത്.


മനുഷ്യ ജീവന്റെ ഭാഷ അറിയാത്ത, അക്കങ്ങളുടെ പെരുക്കപ്പട്ടിക മാത്രം പഠിച്ച, സാമ്പത്തിക ശാസ്ത്രത്തിന്റെ മുതലാളിപക്ഷ സിദ്ധാന്തങ്ങള്‍ മാത്രം ഉരുക്കഴിക്കുന്ന പ്രധാനമന്ത്രിക്ക് ഈ നിലവിളികളുടെ അര്‍ഥം മനസിലാകില്ലല്ലൊ. അതുകൊണ്ടാണ് ഞാനിനിയൊന്നു പഠിച്ചുനോക്കട്ടെ എന്ന് പറഞ്ഞത്. കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞതുപോലെ എത്രകാലം കൊണ്ട് പഠിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പഠിച്ചുകൊണ്ടേയിരിക്കും. കീടനാശിനി തളിച്ച് മണ്ണും വിണ്ണും മരവും മനുഷ്യനും ചീഞ്ഞളിയുമ്പോള്‍ അത് വളമാക്കി കൃഷി ചെയ്ത് പലതരം കോര്‍പ്പറേഷനുകളും കീടനാശിനി മുതലാളിമാരും ലാഭമുണ്ടാക്കിക്കൊണ്ടിരിക്കും. അതിനിടയില്‍ വീണ്ടും തെരഞ്ഞെടുപ്പു വരും. പണമെറിഞ്ഞ് ആ കടമ്പ കടക്കാനുള്ള ഉപായം കോര്‍പ്പറേറ്റുകള്‍ തന്നെ പറഞ്ഞുകൊടുക്കും. അങ്ങിനെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി രാജ്യത്തെ വളര്‍ത്തും. ജനം മരിക്കാതെ മരിച്ച് ഒന്നിനും കൊള്ളാത്തവരാകും.

നാവുതള്ളിയും തല വലുതായും കാലു തേമ്പിയും ശരീരവളര്‍ച്ച മുരടിച്ചും ബുദ്ധി വികാസം തടസപ്പെട്ടും ജനമെന്നത് വെറും കാഴ്ച പണ്ടങ്ങള്‍ മാത്രമാകുമ്പോള്‍ വോട്ട് ചെയ്ത് തോല്‍പിച്ചുകളയുമെന്ന പേടിയും വേണ്ടല്ലൊ. ജനങ്ങളില്ലെങ്കില്‍ പിന്നെ എന്തു രാജ്യം, ആര്‍ക്കുവേണ്ടി ഭരണം എന്ന് കുരുക്ഷേത്ര യുദ്ധാനന്തരം മുനുഷ്യ കബന്ധങ്ങള്‍ ചോദ്യമായി ഉയിര്‍ത്തെഴുന്നേറ്റ പ്രാക്തന ജ്ഞാനപ്പാനകള്‍ തലപ്പാവണിഞ്ഞ അഭിനവ ധര്‍മ്മപുത്രര്‍ക്കും കൂട്ടര്‍ക്കും ഓര്‍മ്മ വരുന്നില്ല. ജനതയെ കൊന്നൊടുക്കുകയെന്നത് രാജ്യത്തെ തന്നെ നശിപ്പിക്കലാണെന്ന് ഒരു ഗാന്ധാരി വിലാപവും അവിടെ ഉയരുന്നില്ല.


ഭരണകൂടത്തിന്റെ രാജ്യദ്രോഹ നയങ്ങളെ തിരിച്ചറിഞ്ഞവര്‍ക്ക് അസ്വസ്ഥതയുണ്ടാവുന്നത് സ്വാഭാവികം. ജനതയുടെ ദുരിതവും നാടിന്റെ ദുഃഖവും തിരിച്ചറിയാന്‍ ഡോക്ടറേറ്റ് വേണമെന്നില്ല. എന്‍ഡോസള്‍ഫാന്‍ വിതക്കുന്ന കൊടിയ ദുരിതങ്ങള്‍ കണ്ടുംകേട്ടും മനസുനൊന്തവര്‍ക്ക് കേന്ദ്രത്തിന്റെ നിലപാടുകളില്‍ പൈശാചികതയുണ്ടെന്ന് തോന്നിയാല്‍ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ലെന്ന് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പദം സ്വപ്നം കണ്ടുറങ്ങുന്നവര്‍ ഉണര്‍വിലെങ്കിലും ഒന്നോര്‍ത്താല്‍ നന്ന്. സ്വന്തം ചെറുപ്പക്കാര്‍ തന്നെ നേതാക്കളുടെ കോലങ്ങള്‍ കത്തിക്കുന്നതിന്റെ കരിന്തിരിമണം വലിയ തുറന്ന മൂക്കുകളുണ്ടായിട്ടും അതിലേക്ക് അടിച്ചുകയറുന്നില്ലെന്നോ?

ഇരകള്‍ ഏറ്റവും കൂടുതലുള്ള കേരളത്തിന്റെ ഭരണാധികാരി മാത്രമല്ല ഈ പൈശാചിക നിലപാടുകള്‍ക്കെതിരെ ഉണ്ണാവ്രതം ആചരിക്കേണ്ടത്. കേരളത്തിന്റെ മനസ് ഒന്നായി ഉപവാസം അനുഷ്ടിക്കണം. സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കണം, നമ്മുടെ നേതാക്കള്‍ക്ക് നല്ല ബുദ്ധി തോന്നാന്‍.

Wednesday, April 20, 2011

അങ്ങിനെ ബ്ലോഗ്മീറ്റ് വാര്‍ത്തക്കും 'ഹുറൂബി'ല്‍നിന്ന് മോചനം

ഓടിപ്പോയി 'ഹുറൂബാ'യവരുടെ കൂട്ടത്തില്‍ '...മ്മടെ ബ്ലോഗ് മീറ്റ് വാര്‍ത്ത'യും പെട്ടോ എന്നൊരു ദീര്‍ഘനിശ്വാസം കാണുമ്പോഴൊക്കെ പാവപ്പെട്ടവന്‍ പങ്കുവെച്ചു. സദ്യയുടെ ബാക്കിവന്ന പായസം നുണഞ്ഞിരിക്കുമ്പോള്‍ ചാടിക്കയറി വാര്‍ത്ത ഞാനുണ്ടാക്കാമെന്നേറ്റുപോയതിനാല്‍ ഈ നാരദ ശിഷ്യന്‍ നാളെ നാളെ എന്ന് ഗണപതിയുടെ കല്യാണ കുറി കാണിച്ചു പിടിച്ചുനിന്നു. ഒരു ഇടക്കാലാശ്വാസം പോലെ ഏഷ്യാനെറ്റിന്റെ നാസര്‍ കാരന്തൂര്‍ ഒരു സുന്ദരന്‍ വിഷ്വല്‍ മാജിക് പ്രയോഗിച്ചതിനാല്‍ പാവപ്പെട്ടവനല്ലാത്ത എല്ലാ ബ്ലോഗന്മാരും ബ്ലോഗിനിയും ഹാപ്പിയായി. കൂട്ടത്തില്‍ ജീവന്‍ ടി.വിയും മീറ്റിന് ജീവനിട്ടത് ബല്ലാത്തൊരു കവറേജായി. മുട്ടായിത്തെരുവില്‍ കടല പൊതിഞ്ഞ പേപ്പര്‍ കണ്ടുള്ള പരിചയം കൊണ്ടാവണം എന്നാലും പത്രവാര്‍ത്ത കൂടി വന്നാലെ ഒരു വറക്കത്തുള്ളെന്ന് പന്നിയങ്കരയും പാവപ്പെട്ടവന് കൂട്ടായി മോങ്ങി. ...മ്മടെ ബ്ലോഗ് മീറ്റ് കാലിച്ചായ കുടിച്ചു പിരിഞ്ഞതിന്റെ പിറ്റേന്നാണല്ലൊ സൌദിയിലെ ഹുറൂബുകാരുടെ പ്രശ്നം പണ്ടാരടക്കാന്‍ കേന്ദ്രത്തില്‍നിന്നൊരു മന്ത്രി പറന്നിറങ്ങിയത്. നാരദന്റെ ഈ പ്രിയ ശിഷ്യനും 'ഹുറൂബു'കാരുടെ പിന്നാലെയായി. വീണുകിട്ടുന്ന വറ്റ് വാരിയിട്ട് വാര്‍ത്തയുടെ കുട്ട നിറച്ചാലല്ലെ അരച്ചാണ്‍ വയര്‍ കഴിയൂ. ഏതായാലും ഞാനായിട്ട് ഇനി മുടക്കീന്നുവേണ്ട. ആ സുന്ദര സുരഭില മീറ്റന്‍ വാര്‍ത്ത ദേ നെടുനീളത്തില്‍ താഴെ...

Friday, April 8, 2011

ഇ‌-എഴുത്തുകരുടെ സംഗമം

പ്രിയരെ .. 

റിയാദിൽ നടക്കുന്ന ബ്ലോഗെഴുത്തുകാരുടെ സംഗമത്തിനു ഇനി ഒരാഴച ബാക്കി. ബ്ലോഗെഴുത്തുകാരെ മാത്രമല്ല ഫെയ്സ് ബുക്കിലും, മറ്റ്സോഷ്യൽ നെറ്റ്വർക്കുകളിലും എഴുതുന്ന മുഴുവൻ ആൾക്കരെയും ഈ മീറ്റിലേക്കു സ്വാഗതം ചെയ്യുകയാണ്. ഈ സംഗമത്തിന്റെ അജണ്ട ഇ-ഭാഷയെ സ്കൂൾ തലത്തിൽ വികസിപ്പികയും, കുട്ടികളിൽ എഴുത്തിനും വായനക്കുമുള്ള താല്പര്യം വളർത്തുന്നതിനും ആവിശ്യമായ പദ്ധതിക ആവിഷ്കരിക്കാ‍നുള്ള ആലോചനയും, പിന്നെ പ്രവാസി എഴുത്തുകാരുടെ പുസ്തകപ്രസാധനവുമാണ് പ്രധാന അജണ്ട.

അയിത്തം, ഹാ... കഷ്ടം...!



സാമൂഹിക പരിഷ്കണ മുന്നേറ്റങ്ങളിലൂടെ ഉച്ചാടനം ചെയ്യപ്പെട്ടെന്ന് ചരിത്രത്തിന്റെ തലയിലടിച്ച് നാം ആണയിടാറില്ലേ. അതെ അതുതന്നെ, അയിത്തം. ആ പ്രാകൃത ചിന്താഗതിയുടെ ദുര്‍ഭൂതങ്ങള്‍ നമ്മുടെ കാലത്തും ജനായത്ത ശ്രീകോവിലിന്റെ മൂലകളില്‍ പതുങ്ങിയിരിപ്പുണ്ടെന്ന് തെളിയിക്കുന്ന സംഭവം. ദേശീയോല്‍സവമായ പൊതുതെരഞ്ഞെടുപ്പിന്റെ ഉല്‍സവാരവങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകാനിടയുള്ള ഒരു വാര്‍ത്ത. ആദ്യം വാര്‍ത്തയൊന്നു വായിക്കൂ..

Saturday, April 2, 2011

ജൂണും അഞ്ചിലെ തോല്‍വിയും...

ജൂണ്‍ പിറക്കുമ്പോള്‍ മനസില്‍നിന്ന് വള്ളിനിക്കറിട്ട ഒരു കുട്ടി പുറത്തേക്ക് ചാടും. സ്ളേറ്റ്, കല്ലുപെന്‍സില്‍, വെള്ളത്തണ്ട്. ബയന്‍റ് പോയ പുസ്തകം. മഴ നനഞ്ഞ പകലുകളുടെ സ്നിഗ്ദ്ധത.
10 പൈസയാണ് വണ്ടിക്കൂലി. അതുപോലും ഇല്ലാത്തതിനാല്‍ ‘നടരാജന്‍’ വണ്ടി പിടിച്ചു നടന്നുതീര്‍ത്ത സ്കൂളിലേക്കും വീട്ടിലേക്കുമുള്ള വഴികള്‍.
മറവിയുടെ കരിയിലകള്‍ക്കടിയില്‍നിന്ന് ആ കുട്ടി ഓര്‍മകളെ ചവിട്ടിപ്പറപ്പിക്കുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞപോലെ. ഓര്‍മയുടെ സ്ളേറ്റില്‍ കല്ലുപെന്‍സിലിന്‍െറ കോറലുകള്‍. അതിന്മേല്‍ മണ്ടന്‍ കുട്ടിയുടെ പഠനനിലവാരത്തിന് വിലയിട്ട് ടീച്ചറുടെ ചോക്ക് വര.

രണ്ടാം ക്ളാസിലെ കൊല്ല പരീക്ഷക്ക്
കിട്ടിയത് അഞ്ചുമാര്‍ക്ക്.
കറുത്ത സ്ളേറ്റില്‍ വെളുത്തുകിടന്ന
അഞ്ചിനുമുകളിലൂടെ വിരലോടിച്ച്
വിരല്‍തുമ്പത്ത് തടഞ്ഞ ചോക്കുപൊടികൊണ്ട്
അടുത്തൊരു പൂജ്യമിട്ട് അമ്പതാക്കി
പരീക്ഷക്ക് അമ്പതില്‍ അമ്പതും വാങ്ങി
വീട്ടില്‍ വീരനായി.
അഞ്ചിനെ വഞ്ചിച്ചതുകൊണ്ടാകാം
അഞ്ചിലെന്നെ തോല്‍പിച്ച് അവന്‍
പകരം വീട്ടി.
സ്ളേറ്റുള്ളപ്പോള്‍ മോഹം ഒരു ചോക്ക് സ്വന്തമാക്കാനായിരുന്നു
ഇഷ്ടംപോലെ മാര്‍ക്കിട്ട് ടീച്ചറെ തോല്‍പിക്കാമല്ളോ.



മാര്‍ക്ക് വാങ്ങാന്‍ പണ്ടേ മണ്ടനായിരുന്നു. അതുകൊണ്ടാണ് മടത്തറ കാണി ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ അഞ്ചില്‍ തോറ്റുപോയത്. അന്നേ മനസില്‍ അള്ളിപ്പിടിച്ചുകിടന്ന വ്യവസ്ഥിതിയോടുള്ള വിയോജിപ്പ് പക്ഷെ, തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കിയില്ല.
മേയ് മാസത്തില്‍ സ്കുളില്‍ പ്രദര്‍ശിപ്പിച്ച ജയിച്ചവരുടെ ലിസ്റ്റില്‍നിന്ന് ജയം ഉറപ്പിച്ചതുകൊണ്ടാണ് ജൂണ്‍ രണ്ടിന് സ്കൂള്‍ തുറന്ന തക്കത്തിന് ആറാം ക്ളാസില്‍ കയറിയിരുന്നത്.
എന്നാല്‍, സ്കൂളിലെ കോഓപ്പറേറ്റീവ് സ്റ്റോറില്‍നിന്ന് വാങ്ങിയ ആറിലേക്കുള്ള പുസ്തകങ്ങളുടെ പുത്തന്‍മണം നുകര്‍ന്നുതീരും മുമ്പ് അഭിമാനത്തിന്‍െറ ഇടനെഞ്ച് തകര്‍ത്ത് ആ ഞെട്ടിക്കുന്ന വാര്‍ത്തയത്തെി.
ഞാന്‍ ജയിച്ചിട്ടില്ല!!!
സ്കൂള്‍ തുറന്ന് അധികം വൈകാതെ തന്നെ ഉടലെടുത്ത ഒരു ക്ളാസ് പ്രവേശ തര്‍ക്കത്തിന്‍െറ തീര്‍പ്പായിരുന്നു അത്.  അഞ്ചാം ക്ളാസില്‍ ഒരേ പേരുകാരായി ഞങ്ങള്‍ രണ്ടുപേരുണ്ടായിരുന്നു. പിതാക്കളുടെ പേരും ഒന്നായിരുന്നു. അതിനാല്‍ ഇനിഷ്യലിലും വ്യത്യാസമുണ്ടായില്ല. രണ്ടുപേരില്‍ ഒരാള്‍ തോറ്റു. അതാര് എന്നതായിരുന്നു തര്‍ക്ക വിഷയം.
അഞ്ചില്‍ ക്ളാസ് ടീച്ചര്‍ അറ്റന്‍ഡസ് പുസ്തകം നിവര്‍ത്തി ഹാജര്‍ വിളിക്കുമ്പോള്‍ രണ്ട് വിളിക്ക് രണ്ടുത്തരം എന്നതായിരുന്നു പതിവ്. ആറില്‍ ഒരു വിളിക്ക് രണ്ട് ഹാജര്‍ എന്നായതോടെ ടീച്ചര്‍ വശംകെട്ടു. വിഷയം സ്കൂളിലെ പരമോന്നത നീതിപീഠമായ ഹെഡ്മാഷിന്‍െറ മുന്നിലത്തെി.
തര്‍ക്കം മറ്റൊരു അയോധ്യയായി മാറാന്‍ പിന്നെ താമസമുണ്ടായില്ല. തര്‍ക്കം തീരുംവരെ രണ്ടും പുറത്തുനില്‍ക്കട്ടെ എന്ന് ഹെഡ്മാഷില്‍നിന്ന് ഒരു ഇടക്കാല ഉത്തരവുണ്ടായി. തോറ്റവനും ജയിച്ചവനും പുറത്തായി. അതോടെ ഇരുവരുടേയും രക്ഷാകര്‍ത്താക്കള്‍  രംഗത്തത്തെി.
മറ്റവനും പുറത്തായല്ളോയെന്ന മരുമോളുടെ കണ്ണീരില്‍ ആനന്ദം കാണുന്ന അമ്മായിയമ്മയുടെ വികാരത്തോടെ ഞാന്‍  കൂളായി വീട്ടിലേക്ക് പോയി. വ്യവസ്ഥിതിയുടെ കൊള്ളരുതായ്മക്കെതിരെ പടപൊരുതിയവന്‍ ഒടുവില്‍ നാടുകടത്തപ്പെട്ടു എന്ന ഖ്യാതിയാവും നാട്ടിലെന്ന അഹംബോധത്തോടെ ഒരു പത്തുവയസുകാരന്‍െറ എല്ലാ അഹങ്കാരത്തോടെയും ഞാന്‍ വീട്ടില്‍ ഉല്ലാസപൂര്‍വം നാളുകള്‍ അടിച്ചുതിമിര്‍ത്തു.
സ്കൂളെന്ന പൊല്ലാപ്പ് പ്രഭാതങ്ങളില്‍ ചിലപ്പോഴെങ്കിലും എനിക്കുണ്ടാക്കിയിരുന്ന ഇല്ലാ (വയര്‍, കാല്‍, തല) വേദനകളില്‍നിന്നും വിടുതല്‍ കിട്ടി.
എന്നാല്‍ ഈ സമയമെല്ലാം എന്‍െറ പോളിറ്റുബ്യൂറോയും അപരന്‍െറ ഹൈക്കമാന്‍റും ഹെഡ്മാഷിന്‍െറ കോടതിയില്‍ നിയമയുദ്ധം തുടരുകയായിരുന്നു. ഒടുവില്‍ അയോധ്യ വിധിപോലെ അതുണ്ടായി, ഒന്നാം ക്ളാസ് മുതലുള്ള സ്കൂള്‍ രജിസ്റ്റര്‍ പരിശോധിച്ചുണ്ടാക്കിയ പുരാവസ്തു വസ്തുതാന്വേഷണ റിപ്പോര്‍ട്ടും എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെന്ന് തോന്നുമോ എന്ന പ്രതികളില്‍ ഒരാളില്‍ പ്രകടമായ പരുങ്ങല്‍ ഭാവവും തോറ്റവനെ കുറിച്ചുള്ള കൃത്യമായ സൂചനകള്‍ നല്‍കുന്നുണ്ടെന്ന് ഹെഡ്മാഷ് മേശപ്പുറത്ത് റൂള്‍ തടി ഉരുട്ടി വിധി പ്രഖ്യാപിച്ചു.
അങ്ങിനെയാണ് ഞാന്‍ ജയിച്ചിട്ടില്ല എന്ന വിധിതീര്‍പ്പുണ്ടാവുന്നത്.
‘പണ്ടേ അമ്പതില്‍ അമ്പതും വാങ്ങിയിരുന്ന എന്‍െറ കുട്ടിയെ ആ ഹെഡ്മാഷ് മനഃപ്പൂര്‍വം തോല്‍പിച്ചതാണെന്ന’ ഉമ്മയുടെ ധാര്‍മികരോഷത്തെ ‘അങ്ങോരുടെ കുഴപ്പമല്ല, ഇവന്‍െറ തലയിലൊന്നുമില്ലാത്തതാണെന്ന’ ലാത്തിവീശല്‍ കൊണ്ട് ബാപ്പ നേരിട്ടു. അപമാനത്തിന്‍െറ ദണ്ഡനം വീട്ടിനുള്ളില്‍നിന്ന് കൂടി തലക്ക് വീണപ്പോള്‍ ആത്മാഭിമാനത്തിന് മുറിവേറ്റ എന്നിലെ ആണ്‍കുട്ടി ‘എങ്കിലിനി ഞാന്‍ പഠിക്കുന്നില്ളെന്ന്’ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട വി.എസിനെ പോലെ കെറുവിച്ചു.

പഠനദോഷം തീര്‍ക്കാന്‍ സ്ഥാനം മാറ്റിയിരുത്തിനോക്കൂ എന്ന് ഏത് നാടന്‍ കണിയാരാണോ പറഞ്ഞതെന്ന് അറിയില്ല, ടി.സിയുടെ ചുരുളന്‍ കടലാസിനൊപ്പം എന്നെ ബാപ്പ തൊട്ടടുത്ത അരിപ്പല്‍ യു.പി സ്കൂളിലേക്ക് വലിച്ചുകൊണ്ടുപോയി. ആദ്യ ടേം കഴിയാറായല്ളോ എന്ന് മുഖം ചുളിച്ച ഹെഡ്ഡന്‍ ജോണി സാറിനോട് ബാപ്പ കെഞ്ചി, ആകെയുള്ളൊരു ആണ്‍തരിയാണ്, രക്ഷിക്കണം.
അഞ്ചില്‍ തോറ്റൊരുത്തന്‍ കാലംതെറ്റി ടി.സിയും വാങ്ങി വന്നിട്ടുണ്ടെന്ന് നാരദനും മുമ്പുണ്ടായ ആരോ വാര്‍ത്തയടിച്ച് വിറ്റിട്ടുണ്ടാകണം. അത്രക്ക് ഗംഭീരമായിരുന്നു അഞ്ചാം ക്ളാസില്‍ എനിക്ക് കിട്ടിയ വരവേല്‍പ്. അഞ്ച് ഒരു നയവഞ്ചകനാണെന്ന് തോന്നിത്തുടങ്ങിയത് അന്നുമുതലാണ്.