Tuesday, May 25, 2010

സൈഡ് സ്റ്റോറി

എയര്‍ കണ്ടീഷണറുകള്‍ ഒരുമിച്ച് നിലക്കുകയും മുറിക്കുള്ളില്‍ അസഹ്യമായ ചൂട് നിറയുകയും ചെയ്തതായി ലേഖ ദു:സ്വപ്നം കണ്ടത് പാതി മയക്കത്തിലാണ്. ഞെട്ടിയുണര്‍ന്നപ്പോള്‍ നന്നായി വിയര്‍ത്ത് കുളിച്ചിരുന്നു.


ഒന്ന് മയങ്ങിപ്പോയ അല്പനിമിഷങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷത്തിന് ഇത്ര പെട്ടെന്ന് മാറ്റം വരാന്‍ എന്താണുണ്ടാ യതെന്ന അമ്പരപ്പോടെ തുവാലയെടുത്ത് മുഖത്തെയും കഴുത്തിലേയും വിയര്‍പ്പൊപ്പി.

ന്യൂസ് മുറിയിലെ മറ്റ് മാളങ്ങളിലൊക്കെ സഹജീവികള്‍ സ്വസ്ഥമായി തങ്ങളുടെ ജോലികളില്‍ മുഴുകിയിരി ക്കുന്നു. മുറിയിലെ അന്തരീക്ഷത്തിനല്ല, തന്നെ ചൂഴ്ന്നു നില്ക്കുന്ന വായുവിന് മാത്രമാണ് മാറ്റമുണ്ടായതെന്ന ഒരു സ്വയം തീര്‍പ്പില്‍ അവള്‍ എത്തിച്ചേര്‍ന്നു.

ഒരു പകലിനെ കവര്‍ന്നെടുത്ത തീവണ്ടിയാത്രയുടെ ക്ഷീണം മനസിലും ശരീരത്തിലും ഇനിയും ബാക്കിയുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഹോസ്റ്റലിലെത്താനും കുളിച്ച് വസ്ത്രം മാറി പത്രമാപ്പീസിലേക്ക് പോരാനും വളരെക്കുറച്ചു സമയമേ എടുത്തുള്ളൂ. എന്നിട്ടും ഓഫീസിലെത്തുമ്പോള്‍ ഇരുട്ട് വീണ് കഴിഞ്ഞിരുന്നു. നൈറ്റ് ഷിഫ്റ്റ് ആരംഭിച്ച് ഒന്നര മണിക്കൂര്‍ വൈകി.

വണ്ടി പതിവിലുമേറെ വൈകിയതാണ് പ്രശ്നമായത്. കൂടാതെ ഒരു ചായ കുടിച്ച് പിരിയാമെന്ന ഇക്ബാലിന്റെ നിര്‍ബന്ധവും.

യാദൃച്ഛികമായ പരിചയം. ട്രെയിനിലെ മണിക്കുറുകള്‍ ഇഴഞ്ഞു നീങ്ങുന്ന അറുമുഷിപ്പന്‍ യാത്രയെ ഇന്ന് ഒരു ദിവസത്തേക്കെങ്കിലും മറക്കാന്‍ സഹായിച്ച ആള്‍. വെറും കുറച്ചു മണിക്കൂറുകള്‍ കൊണ്ട് ഒരു നീണ്ടകാലത്തെ സൌഹൃദം അനുഭവിപ്പിച്ച സഹയാത്രികന്‍. സമയം വൈകിയെന്ന ബോധമുണ്ടായിട്ടും എന്തുകൊണ്ടോ ആ ക്ഷണം നിരസിക്കാനായില്ല.

ന്യുസ് റൂമിലെ ഇരിപ്പിടത്തിലെത്തുമ്പോള്‍ വിയര്‍പ്പ് നനവില്‍ ശരീരമാസകലം പുകഞ്ഞു. ഹാളിനുള്ളിലെ ശീതീകരിച്ച അന്തരീക്ഷത്തില്‍ കുറച്ചു നേരമിരുന്നപ്പോള്‍ അല്പം ആശ്വാസം തോന്നി. അപ്പോള്‍ ഇന്റര്‍കോമിലൂടെ ന്യുസ് എഡിറ്റര്‍ ശങ്കര്‍ വിശ്വനാഥ് ശബ്ദിച്ചു.

'ലേഖ പതിവിലേറെ വൈകിയല്ലൊ, വണ്ടി ഇന്ന് എത്ര മണിക്കൂര്‍ ലേറ്റായി?'

'വെറും മൂന്ന് മണിക്കൂര്‍ സര്‍' ലേഖ ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥമറിഞ്ഞ് അദ്ദേഹവും അതില്‍ പങ്കു ചേര്‍ന്നു.

'അത്രയെങ്കിലും വൈകിയില്ലെങ്കില്‍ പിന്നെ എന്തു റെയില്‍വേ അല്ലെ!, ങ്ഹാ, അതുപോട്ടെ, കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ വീട്ടിലും നാട്ടിലും പുതിയ വിശേഷങ്ങളൊന്നുമുണ്ടായിട്ടില്ലല്ലൊ? ശ്രീകുമാര്‍ എന്തു പറയുന്നു?'

'ശ്രീയേട്ടന് അടുത്തുതന്നെ ഈ നഗരത്തിലെ ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റം തരപ്പെടുമെന്ന് കേള്‍ക്കുന്നു.'

'നന്നായി, രണ്ടാഴ്ച കൂടുമ്പോഴുള്ള ഈ നീണ്ട യാത്രയുടെ അലച്ചിലും ബുദ്ധിമുട്ടും ഒഴിവാകുമല്ലൊ.' ഒന്ന് നിര്‍ത്തി അദ്ദേഹം തുടര്‍ന്നത് സബോര്‍ഡിനേറ്റ്സിനെ ചുമതലകള്‍ ഏല്പിക്കുന്ന മേലധികാരിയുടെ ഭാവമാറ്റത്തോടെയാണ്. അന്നത്തെ പ്രധാന വാര്‍ത്തകള്‍ എന്തായിരിക്കുമെന്നുള്ള സൂചനകള്‍ അദ്ദേഹം നല്കി.

ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷം വീണ്ടും പുകഞ്ഞ് തുടങ്ങിയിരിക്കുന്നു. ആദ്യത്തെ കൊലപാതകം അരങ്ങേറി മണിക്കുറുകള്‍ക്കകം മറ്റൊന്നുകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ട് സംഘര്‍ഷം മൂര്‍ച്ഛിക്കുകയാണ്.

നഗരത്തിന് തൊട്ടടുത്തുള്ള പാര്‍ട്ടി ഗ്രാമത്തിലാണ് പുതിയ സംഘര്‍ഷത്തിന്റെ ഉത്ഭവം. അതിന്റെ കരിമേഘ ങ്ങള്‍ നഗരത്തിനുമേലും ഒഴുകിയെത്തി ഭീതിയുടെ നിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിരിക്കുന്നു.

കൊലപാതകങ്ങള്‍ നടന്ന ഗ്രാമത്തിലേക്ക് പോകാനാകാതെ മാധ്യമപ്രവര്‍ത്തകരുടെ സംഘം വഴിയില്‍ തടയപ്പെട്ടതിനാല്‍ ഡീറ്റെയില്‍സ് എത്താന്‍ വൈകുമെന്നാണ് ന്യൂസ് എഡിറ്റര്‍ പറഞ്ഞത്.

സിറ്റി ബ്യൂറോ കണക്കെടുപ്പിന്റെ ജാഗ്രതയിലാണ്. അവിടെ നിന്ന് തന്റെ മുന്നിലെ കംപ്യൂട്ടര്‍ സ്ക്രീനിലേക്ക് വിശദാംശങ്ങളെത്താന്‍ പിന്നെയും വൈകും.

ന്യൂസ് റൂമിലെ മറ്റ് സഹജീവികളോടൊക്കെ കുശലം ചോദിച്ചും പറഞ്ഞും മടങ്ങി വന്നപ്പോഴും കണക്കെടു പ്പിന്റെ കലാശക്കൊട്ടായിട്ടില്ല. അപ്പാള്‍ കണ്ണുകള്‍ താനെ അടഞ്ഞു. കംപ്യൂട്ടര്‍ ഡസ്കിലേക്ക് തല ചേര്‍ത്ത് അറിയാതെ ഒന്ന് മയങ്ങിപ്പോയത് അങ്ങനെയാണ്.

വാഷ്ബെയ്സിനില്‍ ചെന്ന് മുഖത്തെ ഉറക്കച്ചടവും ക്ഷീണഭാവവും കഴുകിക്കളയുവാന്‍ വൃഥാ ഒരു ശ്രമം നടത്തി. റസ്റ്റോറന്റില്‍ ചായക്ക് ഓര്‍ഡര്‍ നല്കി കാത്തിരിക്കുമ്പോള്‍ ഇക്ബാല്‍ അത്ഭുതം കൂറിയത് ഓര്‍മ്മ വന്നു.

'ഒന്നുറങ്ങി ഈ ക്ഷീണമൊട്ടും തീര്‍ക്കാതെ രാത്രി വീണ്ടും ഉറക്കമിളക്കാനൊ?'

'പത്രപ്രവര്‍ത്തകരുടെ ജീവിതം ഇങ്ങനെയാണ് ഇക്ബാല്‍. ഓഫ് ഡേയ്സ് കുടുംബത്തോടൊപ്പം ചെലവഴി ക്കാനെടുത്തതിന്റെ പിഴയൊടുക്കാതെ പറ്റില്ലല്ലൊ! പ്രായമെത്താതെ നരയെത്തുന്നത് പത്രപ്രവര്‍ത്തകരുടെ വര്‍ഗത്തിന് മാത്രമാണെന്ന് ഇക്ബാല്‍ ശ്രദ്ധിച്ചിട്ടുണ്ടൊ?'

'അത് ഈ ടെന്‍ഷനും ഉറക്കമില്ലായ്മയും കൊണ്ട് മാത്രമല്ല.' ഇക്ബാല്‍ ചിരിച്ചു.

'ചിന്തയുടെ വെളിച്ചമാണ് മുടിയില്‍ തെളിയുന്നത്'

ഒരേ സ്റ്റേഷനില്‍ നിന്ന് ഒരേ ദൂരത്തേക്കുള്ള സഹയാത്രികനായിരുന്നു ഇക്ബാല്‍. പുലര്‍ച്ചെ ഓടിത്തുടങ്ങിയ വണ്ടിയില്‍ അധികം ആളുകളില്ലാത്ത റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ തന്റെ കൂപ്പയിലെ ഒരേയൊരു സഹയാത്രികനായിരുന്ന അയാളെ വളരെ വേഗമാണ് ഒരു ചിരപരിചിത സുഹൃത്തിനെ എന്ന പോലെ അനുഭവപ്പെടാന്‍ തുടങ്ങിയത്.

ഗള്‍ഫില്‍ നിന്ന് നാലഞ്ച് ദിവസം മുമ്പ് മാത്രം നാട്ടിലെത്തിയ അയാള്‍ ഗള്‍ഫില്‍ വെച്ചുണ്ടായിരുന്ന പഴ യൊരു സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു യാത്ര. മണലാരുണ്യത്തില്‍ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനും മാത്രമായിരുന്നില്ല മോഹനേട്ടന്‍ എന്ന് പറയുമ്പോള്‍ അയാളുടെ മുഖം കൃതജ്ഞതാപൂര്‍വ്വം തിളങ്ങി. പ്രവാസ ജീവിതത്തിനിടയില്‍ ഒരു വേള നിലതെറ്റിയപ്പോള്‍ പിടിവള്ളിയിട്ടുതന്ന് രക്ഷപ്പെടുത്തിയത് അദ്ദേഹമാണെന്ന് അയാള്‍ നന്ദിയോടെ സ്മരിച്ചു. രണ്ടു വര്‍ഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ആ സുഹൃത്തിപ്പോള്‍ എന്തുചെയ്യുന്നു എന്ന ചോദ്യത്തിന് അയാളില്‍ നിന്ന് മറുചോദ്യമാണുണ്ടായത്.

'അപ്പോള്‍ മോഹനേട്ടനെ ലേഖക്കറിയില്ലെ?'

അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് അമ്പരക്കുമ്പോള്‍ വിശദീകരണം കൂടെ വന്നു. ഒരു പ്രധാന രാഷ്ട്രീയ കക്ഷിയുടെ പ്രാദേശിക നേതാവും പഞ്ചായത്തു മെമ്പറുമൊക്കെയാണ് അദ്ദേഹമിപ്പോള്‍.

ഡസ്കിലേക്ക് വരുന്ന പ്രാദേശിക വാര്‍ത്തകളില്‍ ആ പേരും ഒരു പക്ഷെ കണ്ടിട്ടുണ്ടാകാമെന്ന തന്റെ മറുപടി യില്‍ തൃപ്തനാവാതെ അയാള്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളങ്ങള്‍ നിരത്താന്‍ തുടങ്ങി. വാര്‍ത്തകള്‍ മന:പാഠമാക്കേണ്ടതില്ലാത്ത, വെട്ടിയൊരുക്കാന്‍ മാത്രം ചുമതലയേല്പിക്കപ്പെടുന്ന തന്റെ പ്രൊഫഷന്റെ പരിമിതിയെക്കുറിച്ച് ബോധ്യപ്പെടുത്തിയപ്പോള്‍ അയാള്‍ പിന്‍വാങ്ങി.

'എങ്കില്‍ ഇനി ശ്രദ്ധിച്ചോളൂ, കാണും' എന്ന ഓര്‍മ്മപ്പെടുത്തലോടെ.

ഓര്‍മയില്‍ നിന്നുണര്‍ത്തിയത് ഇന്റര്‍കോമിന്റെ സംഗീതം. സിറ്റി ബ്യൂറോ ലൈനിലാണെന്ന് അറിയിക്കുക യായിരുന്നു ന്യൂസ് എഡിറ്റര്‍. ബ്യൂറോയ്ക്ക് സമാഹരിക്കുവാന്‍ കഴിഞ്ഞവയത്രയും ഡെസ്കിലേക്ക് പ്രവഹിച്ച് തുടങ്ങിയിരിക്കുന്നു.

ഇന്റര്‍കോമില്‍ ശബ്ദം നിലച്ചതും മുന്നിലെ സ്ക്രീനില്‍ അക്ഷരപ്രവാഹം ആരംഭിച്ചു. നോക്കിയിരിക്കുമ്പോള്‍ സ്ക്രീനില്‍ അക്ഷരങ്ങള്‍ ചോരനിറമാര്‍ന്ന് തളം കെട്ടുകയാണെന്ന് തോന്നി. സംഭവങ്ങളുടെ തനിയാവര്‍ത്ത നങ്ങളില്‍ മരവിച്ചുപോയ സബ് എഡിറ്റേഴ്സിന്റെ മനസ് നിസംഗതയുടെ ഇറച്ചിപ്പലകയില്‍ വാര്‍ത്തശകലങ്ങളിട്ട് വെട്ടിയൊരുക്കാന്‍ തുടങ്ങി.

പ്രധാന വാര്‍ത്തയുടെ വിശദാംശങ്ങളില്‍ ആദ്യം കൊല്ലപ്പെട്ടത് ഒരു മോഹനനാണെന്ന് വായിച്ചപ്പോള്‍ പെട്ടെന്ന് മനസില്‍ നിന്ന് മരവിപ്പിന്റെ അടരുകള്‍ മാഞ്ഞു പോയി.

ഉള്ളൊന്ന് പിടഞ്ഞു. ഇക്ബാലിന്റെ മോഹനേട്ടനായിരിക്കുമൊ ഇത്?

ഏതാനും മണിക്കൂര്‍ മുമ്പ് അയാള്‍ യാത്ര ചോദിച്ച് പിരിഞ്ഞതും അക്രമത്തിന് തുടക്കം കുറിച്ച ആ ഗ്രാമ ത്തിലേക്ക് പോകാനായിരുന്നല്ലൊ എന്നോര്‍ത്തപ്പോള്‍ ആശങ്കയും ഒപ്പം കുറ്റബോധവും തോന്നി. പുറത്ത് ബഹള ങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ അയാള്‍ എന്തുചെയ്യുകയായിരിക്കും എന്നിതുവരെ താനാലോചിച്ചിരുന്നില്ലല്ലോ!

മോഹനനെ പരിചയപ്പെടുത്താന്‍ ഇക്ബാല്‍ നിരത്തിയ അടയാളങ്ങളെല്ലാം ശരിവെക്കുന്നതായിരുന്നു വാര്‍ത്ത.

അപ്പോള്‍ ഇക്ബാല്‍ എവിടെയായിരിക്കും? ബഹളങ്ങള്‍ക്കിടയില്‍ പെട്ടുപോയിരിക്കുമൊ?

കീബോര്‍ഡിലെ കട്ടകള്‍ക്ക് മേല്‍ വിരലുകള്‍ പതിവില്ലാത്തവിധം ദുര്‍ബലമായപ്പോള്‍ ഇക്ബാലെന്നൊരു സഹയാത്രികന്‍ ഇന്ന് തനിക്കുണ്ടാവാതെ പോയിരുന്നെങ്കില്‍ എന്നാശിച്ചുപോയി.

ഇന്റര്‍കോമില്‍ നിന്ന് റിസപ്ഷണിസ്റ്റ് സാമുവല്‍ മാത്യുവിന്റെ ശബ്ദം കേട്ടു. ഒരു വിസിറ്റര്‍ ഉണ്ടെന്നറിയിച്ച് ശബ്ദം നിലച്ചു.

അമ്പരപ്പാണുണ്ടായത്. ഈ പാതിരാത്രിയില്‍ വിസിറ്ററോ, ആരായിരിക്കും? ശരിക്കും ഭയം തോന്നി. പുറത്ത് നഗരം കത്തുമ്പോള്‍ രാത്രിയില്‍ വാതിലില്‍ മുട്ടുന്നയാള്‍ അഭയാര്‍ത്ഥിയോ, അക്രമിയോ?

രാത്രിയില്‍ വിസിറ്റേഴ്സിനെ ഡസ്കിലേക്ക് കടത്തിവിടാറില്ല. താഴെ വിസിറ്റിംഗ് റൂമിലേക്ക് ഇറങ്ങിച്ചെല്ലുകയേ നിവൃത്തിയുള്ളു. ന്യൂസ് റൂം വിട്ട് താഴേക്കുള്ള ഗോവണിയിറങ്ങുമ്പോള്‍ ആരായിരിക്കുമെന്ന ഉത്കണ്ഠ മനസിനെ വല്ലാതെ ഭയപ്പെടുത്തി. ഒരു പക്ഷേ ഇക്ബാല്‍?

വിസിറ്റേഴ്സ് റൂമില്‍ അയാള്‍ തന്നെയായിരുന്നു! ഭയം കൊണ്ടാകണം ഇക്ബാല്‍ വല്ലാതെ ചൂളിപ്പോയിരി ക്കുന്നു. തന്നെ കണ്ടപ്പോള്‍ കസേരയില്‍ നിന്നെഴുന്നേറ്റൂ. കയ്യില്‍ ആ ബാഗുണ്ട്. പകല്‍ കണ്ട ഇക്ബാലാണതെന്ന് വിശ്വസിക്കുക പ്രയാസമായിരുന്നു.

'എന്താ ഇക്ബാല്‍?'

വാക്കുകള്‍ കിട്ടാന്‍ അയാള്‍ കുഴങ്ങുന്നത് പോലെ തോന്നി. അടുത്ത് ചെന്ന് അയാളോട് ഇരിക്കാന്‍ പറഞ്ഞ് ഒരു കസേര വലിച്ച് അടുത്തിട്ടിരുന്നു. ഇരുന്നിട്ടും ഇരിപ്പുറക്കാത്തവിധം അയാള്‍ അസ്വസ്ഥനായിരുന്നു. തൊണ്ടയില്‍ നിന്ന് ഒരുവിധം പുറത്തുവന്ന ശബ്ദത്തിന് വല്ലാത്തൊരു നനവുണ്ടായിരുന്നു.

'ഈ രാത്രിയില്‍ ബുദ്ധിമുട്ടിക്കുകയാണെന്നറിയാം. അതും ഒറ്റദിവസത്തെ പരിചയത്തിന്റെ പേരില്‍. എന്തു ചെയ്യാം ലേഖ, എനക്കീ നഗരത്തില്‍ മറ്റാരും പരിചയക്കാരില്ല. സംഭവമറിഞ്ഞിരിക്കുമല്ലോ. മോഹനേട്ടന്റെ നാട്ടിലേക്ക് എനിക്ക് പോകാനായില്ല. അവിടെയാണ് കൂടുതല്‍ കുഴപ്പമെന്നറിഞ്ഞത്. നമ്മള്‍ തമ്മില്‍ പിരിഞ്ഞതിന് ശേഷം ഞാന്‍ ബസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ തന്നെ വാഹന ഗതാഗതം നിലച്ചിരുന്നു. അപ്പോള്‍ മുതല്‍ ഈ നഗരത്തില്‍ ഞാന്‍ മുറിയന്വേഷിക്കാത്ത ഒരു ലോഡ്ജുമില്ല. എങ്ങും മുറി കിട്ടിയില്ല. പിന്നെ നഗരത്തിലും കുഴപ്പമായി. ഒടുവില്‍ മനസില്‍ തെളിഞ്ഞ വഴി ലേഖയുടെ പത്രമാപ്പീസ് മാത്രമായിരുന്നു. ഈ രാത്രി ഒന്ന് കഴിഞ്ഞു കൂടിയിരുന്നെങ്കില്‍, ഭയം കൂടാതെ ഒന്ന് ഇരിക്കാന്‍..........'

ലേഖ അസ്വസ്ഥയായി, പത്രമാപ്പീസിലെ നിയമം രാത്രിയില്‍ ആരായാലും ഓഫീസിലേയോ പ്രസിലേയോ ജീവനക്കാരല്ലാത്ത ഒരാളെ കോമ്പൌണ്ടിനുള്ളില്‍ തങ്ങാന്‍ അനുവദിക്കാത്തതാണ്. പക്ഷേ ഇക്ബാലിനെ കയ്യൊഴിയുന്നതെങ്ങനെ? ഒരു പോംവഴി തേടിയാണ് ന്യുസ് എഡിറ്ററുടെ ക്യാബിനിലേക്ക് കയറിച്ചെന്നത്. ശങ്കര്‍ വിശ്വനാഥ് പാതിനര കയറിയ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് പറഞ്ഞു. 'പക്ഷേ ലേഖ, ആര്‍. എമ്മിന്റെ അനുവാദമില്ലാതെ എനിക്കൊന്നിനുമാവില്ല. ഏതായാലും ഞാനദ്ദേഹത്തോട് ഒന്ന് ചോദിക്കട്ടെ.'

വീട്ടില്‍ ഒരുപക്ഷെ ഉറക്കത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞ റസിഡന്റ് മാനേജര്‍ സുലൈമാന്‍ ഖാലിദിന്റെ ബഡ്റൂമില്‍ ഫോണ്‍ മുഴങ്ങാന്‍ തുടങ്ങിയപ്പോള്‍ താഴേക്ക് നടന്നു. ഇക്ബാലിനേയും കൂട്ടി പിന്നെ കാന്റീനിലേക്ക് നടന്നു. കാന്റീനിലേക്കാണെന്ന് മനസിലായപ്പോള്‍ അയാളാദ്യം മടിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ അനുസരണയുള്ള കുട്ടിയെപ്പോലെ പതിഞ്ഞ കാലടി ശബ്ദത്തോടെ പിന്‍തുടര്‍ന്നു.

ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് അയാളെ അവിടെയിരുത്തി വീണ്ടും ന്യൂസ് എഡിറ്ററുടെ അടുത്തെത്തി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് പ്രസന്നത കണ്ടു.

'ആര്‍. എം. അനുവാദം തന്നിട്ടുണ്ട്. ലേഖ അയാളെ മുകളിലെ ഡോര്‍മിറ്ററിയിലേക്ക് കൊണ്ടുപൊയ്ക്കോളൂ.' വല്ലാത്തൊരാശ്വാസമാണ് തോന്നിയത്. താഴേക്കിറങ്ങുമ്പോള്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

'അയാളുടെ കയ്യില്‍ ഒരു ബാഗുണ്ടന്നല്ലെ പറഞ്ഞത്. അതിങ്ങ് വാങ്ങിച്ചോളൂ.'

സ്റ്റെയര്‍കേസ് കയറുമ്പോള്‍ പതിയെ പറഞ്ഞു.

'ഇക്ബാല്‍ ആ ബാഗിങ്ങ് തരൂ. ഓഫീസില്‍ സൂക്ഷിച്ചോളാം.'

മുകള്‍ നിലയിലെ ഗസ്റ്റ് റൂമുകളിലൊന്ന് തുറന്നിട്ട് കാത്തുനില്ക്കുകയായിരുന്നു ഓഫീസ് ബോയി.

ഗുഡ്നൈറ്റ് പറഞ്ഞ് തിരികെ നടക്കുമ്പോള്‍ ഇക്ബാലിന്റെ തണുത്ത ശബ്ദം പിടിച്ചു നിറുത്തി. 'ലേഖാ സംഭവങ്ങളുടെ പൂര്‍ണ്ണ വിവരമെത്തിയൊ? ആരൊക്കെയാണ് കൊല്ലപ്പെട്ടത്? എന്താണ് സംഭവിച്ചത്?'

ഒരു നിമിഷം തരിച്ചു നിന്നുപോയി. എന്തു മറുപടി പറയും? ഏതായാലും അയാള്‍ കൂടുതലൊന്നുമറിഞ്ഞി ട്ടില്ല. എങ്കില്‍ ഇനിയൊന്നുമറിയരുതെന്ന് തോന്നി. 'ഇല്ല ഇക്ബാല്‍, റിപ്പോര്‍ട്ടുകളെത്തിത്തുടങ്ങിയിട്ടെയുള്ളൂ. ഏറെ വൈകും. ഇക്ബാല്‍ കിടന്നോളു, രാവിലെ അറിയാം.'

ന്യൂസ് റൂമിലേക്ക് നടക്കുമ്പോള്‍ മനസ് കൂടുതല്‍ അസ്വസ്ഥമായി. പ്രിയ സുഹൃത്തിന്റെ ദാരുണമരണം അ യാളിനിയുമറിഞ്ഞിട്ടില്ല. ഇപ്പോള്‍ കലാപത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെട്ട് സുരക്ഷിത സ്ഥാനത്തെ ത്തിയതിന്റെ ഒരു ചെറിയ സമാധാനം ആ മനസിലുണ്ട്. അത് തല്ലിക്കെടുത്തേണ്ടെന്ന് കരുതി. ഈ കാളരാത്രി യുടെ അവസാനയാമങ്ങളെങ്കിലും അയാള്‍ സ്വസ ്ഥമായി ഉറങ്ങിക്കോട്ടെ. തീര്‍ച്ചയായും മോഹനന്റെ മരണം അയാള്‍ക്ക് സഹിക്കാനാവില്ല.

ഡസ്കിലെത്തുമ്പോള്‍ കാര്യമറിയാന്‍ സഹപ്രവര്‍ത്തകര്‍ കൂടി നില്പുണ്ടായിരുന്നു. അവര്‍ പിരിഞ്ഞ് പോയ പ്പോള്‍ ഇന്റര്‍കോം ശബ്ദിച്ചു.

'സോറി ലേഖ, ആര്‍.എം. നിര്‍ദേശിച്ചതനുസരിച്ച് ഒരു മുന്‍കരുതലെന്ന നിലയില്‍ ആ ബാഗൊന്ന് തുറന്ന് പരിശോധിക്കേണ്ടി വന്നു.'

ന്യൂസ് എഡിറ്ററുടെ പതിഞ്ഞ ശബ്ദത്തില്‍ ക്ഷമാപണത്തിന്റെ സ്വരം.

'സാരമില്ല സര്‍, ഞാനത് അയാളോട് സൂചിപ്പിച്ചിരുന്നു.'

'അതില്‍ നിറയെ ഫോറിന്‍ സാധനങ്ങളാണല്ലൊ, ലേഖ?'

'അതേ സര്‍, ഞാന്‍ പറഞ്ഞിരുന്നില്ലേ, കൊല്ലപ്പെട്ട മോഹനനും കുടുംബത്തിനുമുള്ള ഉപഹാരങ്ങളാണവ.'

'ഹോ വല്ലാത്തൊരനുഭവം, സുഹൃത്തിന്റെ മരണം അയാളിനിയുമറിഞ്ഞിട്ടില്ല, അല്ലേ?'

'അതേ സര്‍, ഞാന്‍ പറഞ്ഞതുമില്ല. അയാള്‍ ഇപ്പോള്‍ സ്വസ്ഥമായുറങ്ങട്ടെ.'

'അതേ ലേഖ, അതാണിപ്പോള്‍ നല്ലത്, ഓകെ, ബൈ'

വീണ്ടും സ്ക്രീനിലെ അക്ഷരങ്ങളിലേക്ക് കണ്ണുകള്‍ പായിക്കുമ്പോള്‍ രാഷ്ട്രീയാക്രമങ്ങളും കൊലപാതക ങ്ങളും നിത്യസംഭവമായ ജില്ലയില്‍ പത്രപ്രവര്‍ത്തകയായെത്തിയ ശേഷം ആദ്യമായി കണ്ണുകള്‍ നിറയുന്നതറി യുന്നു. തലക്കുള്ളില്‍ വല്ലാത്തൊരു ഭാരം പോലെ. മനസില്‍ എന്തെന്നില്ലാത്ത ഒരു വിങ്ങല്‍ അണമുറിക്കാ നൊരുങ്ങുന്നു.

'ലേഖ, ക്ഷമിക്കണം, ഞാനാലോചിക്കുകയായിരുന്നു, മുകളിലുറങ്ങുന്ന ഇക്ബാല്‍ നാളത്തെ പ്രധാനവാര്‍ത്ത ക്കൊപ്പം ചേര്‍ക്കാവുന്ന ഒരു സൈഡ് സ്റ്റോറിയുടെ അസംസ്കൃത വസ്തുവല്ലേയെന്ന്! അയാളെ വിളിച്ചുണര്‍ത്തി ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ ധരിപ്പിച്ചാലൊ? തന്നെ വരവേല്ക്കേണ്ട ആതിഥേയത്വം ചോരയിലും കണ്ണീരിലും മുങ്ങിപ്പോയതറിഞ്ഞ് വിതുമ്പുന്ന അയാളുടെ ഹൃദയനോവ്, നാളെ മറ്റു പത്രങ്ങളിലില്ലാത്ത ഒരു സവിശേഷ കോളമായി നിന്റെ ബൈലൈനില്‍, നമ്മുടെ പത്രത്തില്‍.........!'

ഇന്റര്‍കോമിലൂടെ പൊടുന്നനെ ഒഴുകിയെത്തിയ ശങ്കര്‍ വിശ്വനാഥിന്റെ പരുക്കന്‍ സ്വരം കാതിനുള്ളില്‍ തീയൂതി. ഓര്‍ക്കാപ്പുറത്ത് പ്രഹരമേറ്റത് പോലെ അവള്‍ പിടഞ്ഞുപോയി.

(2001)