Monday, July 31, 2017

തുരങ്കം കടന്ന്‌ കഡുഗണ്ണാവയിലേക്ക്‌

ചെറിയൊരു അങ്ങാടിയുടെ നടുവിൽ കാർ നിർത്തി ആഷ്ലി പറഞ്ഞു: ‘ഇതാണ് കഡുഗണ്ണാവ.’ അയാൾ പതുക്കെ കാറിൽനിന്നിറങ്ങി. ഏറിയാൽ 30 പീടികകൾമാത്രംവരുന്ന ചെറിയ ഒരങ്ങാടി. രണ്ടുകെട്ടിടങ്ങൾ മാത്രം കോൺക്രീറ്റിലാണ്. ബാക്കിയെല്ലാം ഓടുമേഞ്ഞ മേൽക്കൂരകൾ. ‘‘ഇതോ?’’ ‘‘ഇതുതന്നെ’’ അകലെ കുന്നിൻചെരിവുകളിൽ ചായത്തോട്ടങ്ങളാണ്; അതിനുമപ്പുറം കാടുകളും. ‘‘അച്ഛന്റെ പേര്?’’ ‘‘കെ.എം. നായർ’’ മൂന്ന് ടാക്സികൾ ആലിൻചുവട്ടിൽ കിടക്കുന്നുണ്ട്. ആഷ്ലി ആ ഡ്രൈവർമാരുമായി സംസാരിച്ചു. എന്നിട്ട് പീടികകളുടെ നേർക്ക് നടന്നു. വേണു അദ്ഭുതപ്പെട്ടു. അച്ഛൻ പ്രതാപിയായിവാണു എന്നുകേട്ട നഗരം ഇതോ? നാട്ടിലെ പഴയ പടിഞ്ഞാറങ്ങാടി ഇതിലും വലുതാണല്ലോ. 
(കടുഗണ്ണാവ, ഒരു യാത്രക്കുറിപ്പ്)

* * *
ശ്രീലങ്ക സന്ദർശിക്കാൻ അവസരം കിട്ടിയാൽ കഡുഗണ്ണാവയിൽ പോകണമെന്ന് ആഗ്രഹമുണ്ടായത് രണ്ടു ദശകങ്ങൾക്ക് മുമ്പാണ്. അക്കാലത്താണ് എം.ടി. വാസുദേവൻ നായരുടെ ചേതോഹരമായ ആ കഥ, ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ വായിച്ചത്; അതിന് നാലുപതിറ്റാണ്ടുമുമ്പ് എഴുതപ്പെട്ട ‘നിന്റെ ഓർമയ്ക്ക്’ എന്ന കഥയുടെ തുടർച്ച.
‘നിന്റെ ഓർമയ്ക്ക്’ എന്ന കഥയിലെ ലീലയുടെ നാടും വീടും സാധിച്ചാൽ അവളെത്തന്നെയും കണ്ടെത്താൻ കഥാകൃത്ത് നടത്തുന്ന സഞ്ചാരമാണല്ലോ ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്.’ കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും കഥ മനസ്സിൽ പച്ചപിടിച്ചുകിടന്നു. ഒപ്പം ശ്രീലങ്കയിൽ പോകണമെന്ന ആഗ്രഹവും. ഇപ്പോഴാണ് അത് സാധിക്കുന്നത്.
റിയാദിൽനിന്നാണ് ശ്രീലങ്കയിലെ കടുനായകെ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഒരു മാസത്തേക്കാണ് വിസയെങ്കിലും മൂന്നുദിവസമേ തങ്ങാൻ പദ്ധതിയുള്ളൂ. കാർ സൗകര്യത്തോടെ ഒരു ടൂറിസ്റ്റ് ഗൈഡിനെയാണ് ഇനി വേണ്ടത്. നേരത്തേ കൊളംബോ സന്ദർശിച്ചിട്ടുള്ള മറ്റൊരു സുഹൃത്ത് ഒരു ടൂറിസ്റ്റ് ടാക്സിഡ്രൈവറുടെ നമ്പർ തന്നിരുന്നു. വിളിച്ചപ്പോൾ വന്നെത്തിയത് പത്തൂം സമരനായകെ എന്ന ഊർജസ്വലനായ സിംഗള ചെറുപ്പക്കാരൻ. കൂടെ പുതുപുത്തൻ ഹോണ്ട ഫിറ്റ് കാറും.
രണ്ടുദിവസം ചുറ്റിയടിക്കാനുള്ള തുക പറഞ്ഞുറപ്പിക്കുന്നതിനിടയിൽ പ്രത്യേകം സൂചിപ്പിച്ചു, റൂട്ട് ഏതായാലും കഡുഗണ്ണാവ കാണണം. സ്ഥലപ്പേര് കേട്ടപ്പോൾ പത്തൂം പറഞ്ഞു: ‘‘അതുപോകും, കാൻഡിയിലേക്കുള്ള നമ്മുടെ റൂട്ടിൽത്തന്നെയാണ് കഡുഗണ്ണാവ. അവിടെയാണ് ദേശീയ റെയിൽവേ മ്യൂസിയം. കാണേണ്ടതാണ്.’’
പ്രശസ്തനായ മലയാളി എഴുത്തുകാരൻ തന്റെ രാജ്യത്തെ ഒരു സ്ഥലം പശ്ചാത്തലമാക്കി കഥയെഴുതിയിട്ടുണ്ടെന്ന് കേട്ടപ്പോൾ പാത്തൂം ജിജ്ഞാസുവായി. കഥ കേൾക്കാൻ അയാൾ ധൃതിപ്പെട്ടു. ഒന്നല്ല, രണ്ട് കഥകൾ, രണ്ടും പറഞ്ഞാലേ എഴുത്തുകാരന്റെ ആത്മാംശമുള്ള കഥ പൂർണമാകൂ എന്ന് ഞാൻ പറഞ്ഞു.


നിന്റെ ഓർമയ്ക്ക്
‘നിന്റെ ഓർമയ്ക്ക്’ തുടങ്ങുന്നതുതന്നെ ഒരു തീയതിയിൽനിന്നാണ്. 20-09-1954. ഒരു പന്തീരാണ്ടിനുശേഷം വാസു എന്ന ഇരുപത്തിരണ്ടുകാരന് തന്റെ പെങ്ങളെക്കുറിച്ച് ഓർമവന്ന ദിവസമാണത്. പഴയപെട്ടിയിൽനിന്ന് ഒരു റബ്ബർ മൂങ്ങയെ കിട്ടിയതാണ് കാരണം. ലീല, അതായത് അയാളുടെ പെങ്ങൾ, അവളാണ് ആ റബ്ബർമൂങ്ങ സമ്മാനിച്ചത്.
താക്കോൽക്കൂട്ടം ചൂണ്ടാണിവിരലിലിട്ട് ചുഴറ്റിക്കൊണ്ട് തുകൽപ്പെട്ടിയുടെ മുകളിൽ ഇരുന്ന ആ പെൺകുട്ടി. വിളറിയ നിറത്തിൽ വട്ടമുഖവും വിടർന്ന കണ്ണുകളും കഴുത്തുവരെ വളർത്തിയ ചുരുണ്ട ചെമ്പൻ മുടിയുമുള്ള ലീല. അച്ഛന് സിലോണിലെ ബന്ധത്തിലുണ്ടായ മകൾ. സ്കൂളിലെ സഹപാഠികൾ കളിയാക്കിയതുപോലെ ‘കൊളമ്പിലെ ചെട്ടിച്ചി’യുടെ മകൾ. വളരെക്കാലം സിലോണിലായ അച്ഛൻ നീണ്ട ആറുവർഷത്തിനുശേഷമാണ് അത്തവണ നാട്ടിൽവന്നത്. അപ്പോൾ കൊണ്ടുവന്നതാണ് അവളെ. വാസുവിന് അന്ന് 10 വയസ്സാണ്. നോറ്റുനോറ്റിരുന്നിട്ടും പെൺമണിയൊന്നിനെ കിട്ടാതെ അമ്മ നാലാമത് പെറ്റതും ആൺകുട്ടിയെ. വാസുവിനെ പ്രസവിച്ചപ്പോൾ നാട്ടിലെത്തിയ അച്ഛൻ അവന് നാലുവയസ്സുള്ളപ്പോഴാണ് അവസാനമായി സിലോണിലേക്ക് മടങ്ങിപ്പോയത്. പിന്നെ വരുന്നത് ആറുവർഷത്തിനുശേഷം.
വീട്ടിൽ വന്നുകയറിയ അച്ഛനെ കണ്ണുനിറയെ കണ്ടുനിൽക്കുമ്പോഴാണ് മറ്റൊരദ്ഭുതം അവൻ ശ്രദ്ധിച്ചത്. അച്ഛന്റെ പിറകിൽ ഒരു പെൺകുട്ടി! വീടിനകത്ത് പിന്നീടുണ്ടായ പിറുപിറുക്കലുകളിൽനിന്ന് ആ സത്യം മനസ്സിലാക്കി: ലീല അച്ഛന്റെ മകളാണ്!
അവൾ കാരണം അച്ഛനും അമ്മയും പിണങ്ങി. അച്ഛൻ അവളെയുംകൂട്ടി സ്വന്തം തറവാടായ വന്നേരിയിലേക്ക് പോയി. പിന്നെ കൊളമ്പിലേക്ക് തിരിച്ചുപോയെന്നും കേട്ടു. വീട്ടിൽനിന്ന് അന്നവൾ അച്ഛനോടൊപ്പം ഇറങ്ങിപ്പോകുന്ന കാഴ്ച വാസുവിന്റെ മനസ്സിലുണ്ട്.
ആ കഥയിൽ പി.കെ. വേണുഗോപാൽ എന്ന പത്രപ്രവർത്തകനില്ല. കഡുഗണ്ണാവ എന്ന സ്ഥലസൂചനയുമില്ല. ഉള്ളത് കൊളമ്പും സിലോണുംമാത്രം. എന്നാൽ, ലീലയുടെ നാട് അതിൽ അദൃശ്യസാന്നിധ്യമായിരുന്നു. അതാണ് കഡുഗണ്ണാവ.

കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്
40 വർഷത്തിനുശേഷം ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന കഥയിലെത്തുമ്പോൾ വാസു, പി.കെ. വേണുഗോപാൽ എന്ന വലിയ പത്രപ്രവർത്തകനായി. സിലോൺ ശ്രീലങ്കയായി. കൊളമ്പ് കൊളംബോയും. കഡുഗണ്ണാവ എന്ന ആ അദൃശ്യപശ്ചാത്തലം വെളിപ്പെടുകയും ചെയ്യുന്നു. ശ്രീലങ്കൻ പ്രസിഡന്റ് പ്രേമദാസ കൊല്ലപ്പെട്ട് ഏതാനും മാസങ്ങൾക്കുശേഷമാണ് പി.കെ. വേണുഗോപാൽ ഒരു രാജ്യാന്തര മാധ്യമസെമിനാറിൽ പങ്കെടുക്കാൻ കൊളംബോയിലേക്ക് വിമാനം കയറുന്നത്.
പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത ലീലയെ, തന്റെ പെങ്ങളെ, കാണണമെന്ന ആഗ്രഹമുണ്ടാകുമ്പോഴെല്ലാം ശ്രീലങ്കയിൽ പോകാനൊരുങ്ങിയിട്ടുണ്ടെങ്കിലും അയാളുടെ യാത്ര പലകാരണങ്ങളിൽ തട്ടി മുടങ്ങി. ഒടുവിൽ എല്ലാം ശരിയാവുമ്പോഴേക്കും പ്രായാധിക്യത്തിന്റെ ആരോഗ്യപ്രശ്നങ്ങളായി. അതുമൂലം യാത്രകൾ ഒഴിവാക്കുന്നത് പതിവാക്കിയിട്ടും ശ്രീലങ്കയിൽനിന്നുവന്ന ക്ഷണം സ്വീകരിച്ചതിന് ആ ഒറ്റ കാരണമേയുണ്ടായിരുന്നുള്ളൂ: കഡുഗണ്ണാവ. ശ്രീലങ്കയിൽ എന്നും കാണാനാഗ്രഹിച്ച ഒരേയൊരു സ്ഥലം. അച്ഛൻ ദീർഘകാലം ഒരു പ്രതാപിയെപ്പോലെവാണ സ്ഥലം. ലീലയുടെ ജന്മനാട്. അങ്ങനെ കഥാനായകൻ യാത്രപുറപ്പെടുന്നു.

* * *
‘‘നോക്കൂ ആഷ്ലി, 1922-ലാണ് എന്റെ അച്ഛൻ സിലോണിൽ വന്നത്.’’ ‘‘ധാരാളം പണമുണ്ടായിരിക്കും’’ -അയാൾ ചിരിച്ച് വേണുവിന്റെ ചുമലിൽ തട്ടി. അപ്പോൾ കേട്ട കഥ പറഞ്ഞു. അച്ഛന് എന്തൊക്കെയോ സ്വത്തുണ്ടായിരുന്നത്രെ. ഒരു തോട്ടം, രണ്ടുപീടികകൾ. അതെല്ലാം അവിടെ ഒരു പെൺകുട്ടിക്ക് കൊടുത്തു എന്നാണ് നാട്ടിൽ സംസാരം. കഡുഗണ്ണാവയിലെ പെൺകുട്ടി. നഗരംവിട്ട് മലമ്പാതയിലൂടെ സഞ്ചരിച്ച് ചെറിയ രണ്ട് ചുരങ്ങൾ കയറി മുകളിലെത്തിയപ്പോൾ ആഷ്ലി കാറ് നിർത്താൻ പറഞ്ഞു.
കഡുഗണ്ണാവ എന്ന വാക്കിനർഥം അറിയാമോ? വഴിയമ്പലം എന്നാണ്. അവിടെനിന്നാൽ കാൻഡിയിലെ നഗരാതിർത്തിയിലെ ഓടുമേഞ്ഞ മേൽക്കൂരകൾ പച്ചപ്പടർപ്പിനിടയ്ക്കും ചിതറിക്കിടക്കുന്നു. നഗരത്തെ വലംവെച്ചുപോകുന്ന മഹാബലിപ്പുഴയുടെ ഒരു വളവും അവിടെനിന്ന് കാണാം.

* * *
പത്തൂം പറഞ്ഞു: ‘‘എനിക്കറിയുന്ന അർഥം വേറെയാണ്. കഡുഗണ്ണാവയ്ക്ക് ഒരു ചരിത്രമുണ്ട്. കാൻഡി ഭരിച്ചിരുന്ന വിക്രം രാജസിംഗെ രാജാവിന്റെ കാലഘട്ടം. ചുരം കയറിവന്ന രാജാവ് ശത്രുവിനെ നേരിടാൻനിന്ന സ്ഥലമാണ് ഇവിടെ. കൊടിയ ഏറ്റുമുട്ടലാണ് പിന്നീടുണ്ടായത്. രാജാവ് ഉറയിൽനിന്ന് വാളൂരിയ സ്ഥലം എന്ന അർഥമാണ് കഡുഗണ്ണാവയ്ക്ക് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. വഴിയമ്പലം എന്ന അർഥവുമുണ്ടാവാം.’’ കേരളംപോലെ തോന്നിക്കുന്ന പ്രകൃതിയും ജനവാസമേഖലകളും. വീടും റോഡും തെരുവും പട്ടണങ്ങളും ഗ്രാമങ്ങളുമെല്ലാം കേരളംതന്നെയെന്ന് ആവർത്തിച്ച് പറയുന്നപോലെ. പക്ഷേ, ദൈവത്തിന്റെ സ്വന്തം നാടിനെക്കാൾ വൃത്തിയുണ്ട് അസുരരാജാവിന്റെ നാടിന്!
ശ്രീലങ്കയിലെ ഊട്ടിയായ നുവര ഏലിയ പട്ടണത്തിൽ നാലുംകൂടിയ കവലയിൽ നിൽക്കുമ്പോൾ എന്റെ കൈയിൽനിന്ന് ഒരു പേപ്പർകഷ്ണം താഴെവീണു. ഉടൻ കുനിഞ്ഞ് അതെടുത്ത് സമീപത്തുകണ്ട കംഗാരുപ്പെട്ടിയിൽ നിക്ഷേപിച്ച പത്തൂമിനോട് ഞാൻ ചോദിച്ചു,
‘‘നഗരവൃത്തി! നിയമം അത്രയ്ക്കും കർശനമാണോ ഇവിടെ? കടുത്ത ശിക്ഷ?’’ ‘‘ഹേയ് ഇല്ല. ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ് വൃത്തി. അത് എല്ലാവരും കർശനമായി പാലിക്കുന്നു.’’ മറ്റൊന്നുകൂടി ശ്രദ്ധിച്ചു. തികഞ്ഞ ശാന്തതയാണ് നാടിന്റെ അന്തരീക്ഷത്തിന്. ഒച്ചപ്പാടുകളും ബഹളങ്ങളുമില്ല. ചുറ്റുപാടും കണ്ട ജനജീവിതങ്ങളിലും സന്തോഷത്തിന്റെ നിറവ്. സമ്പൽസമൃദ്ധിയുടെ നേരിയ മിനുപ്പ്.
ഞാൻ വീണ്ടും കഥയിലേക്ക് മടങ്ങി. അതിലെ അന്തരീക്ഷത്തിന് മാറ്റമുണ്ടായിരുന്നു. അശാന്തിയായി ശ്രീലങ്ക കഥയാകെ നിറഞ്ഞുനിൽക്കുന്നു.

* * *
നാലാംനിലയിലെ മുറിയിൽനിന്ന് നോക്കിയാൽ കടലിന്റെ അംശം കാണാം. മുകളിൽ കൊടി പാറുന്ന കെട്ടിടം. അതിന്റെ മുകളിൽ ഒരു ഹെലികോപ്റ്റർ പറക്കുന്നത് നോക്കിനിൽക്കേ ഗുണതിലകെ പറഞ്ഞു: ‘‘സെക്യൂരിറ്റി. പ്രസിഡന്റിന്റെ ഓഫീസാണ്.’’ അയാൾ ജനാലയിലെ കർട്ടൻ നീക്കി.
‘‘നോക്കൂ, നേവൽ ബോട്ടുകൾ മുന്നിൽ, ഗാർഡ് ഡ്യൂട്ടിയുണ്ട്'’’ ‘‘ഇപ്പോൾ സ്ഥിതിഗതികൾ എങ്ങനെയുണ്ട്. പൊതുവേ ശാന്തമാണോ?’’ ‘‘എന്നും ശാന്തമാണ്. എന്നും അപകടമുണ്ടാവുകയും ചെയ്യാം. അതാ, ആ മേൽപ്പുര കാണുന്നില്ലേ? ഗോപുരം പോലത്തെ മേൽപ്പുര. അതിനുതാഴെയാണ് പ്രേമദാസയെ കൊല്ലാൻ ബോംബ് പൊട്ടിയത്. കെന്നഡി പറഞ്ഞതാണ് ശരി, ആർക്കെങ്കിലും എന്നെ കൊല്ലണമെങ്കിൽ എത്ര സുരക്ഷാസന്നാഹത്തിനും തടയാനാവില്ല. എന്റെ ജീവന് പകരം സ്വന്തം ജീവൻ കൊടുക്കാനുള്ള സന്നദ്ധതമാത്രം മതി ഒരുത്തന്.’’ ആഷ്ലി ഗുണതിലകെ ഇൻഫർമേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനാണ്. മുപ്പത്തഞ്ചിലേറെ പ്രായം വരില്ല. പ്രായമേറിയ ഒരു ഭരണാധികാരിയുടെ പക്വമായ സ്വരത്തിലാണ് അയാൾ സംസാരിക്കുന്നതെന്ന് വേണുഗോപാൽ ശ്രദ്ധിച്ചു. ‘‘പന്ത്രണ്ടു വയസ്സുകാരെയാണ് ഇപ്പോൾ എൽ.ടി.ടി.ഇ. റിക്രൂട്ട് ചെയ്യുന്നത്. പട്ടാളക്യാമ്പിലെ കൂട്ടക്കൊല കഴിഞ്ഞപ്പോൾ പകരം വീട്ടാൻ പതിനഞ്ചുവയസ്സുകാർ ഞങ്ങളുടെ റിക്രൂട്ടിങ് ഓഫീസുകളിൽ ദിവസവും ക്യൂ നിൽക്കുന്നു. ഷെല്ലി പറഞ്ഞത് കേട്ടിട്ടുണ്ടോ?’’ ‘‘ആര്?’’ ‘‘ഷെല്ലി, പി.ബി. ഷെല്ലി. ഇംഗ്ലീഷ് കവി. യുദ്ധം ഭരണാധികാരികൾക്ക് വിനോദമാണ്, പുരോഹിതർക്ക് ആനന്ദമാണ്. അഭിഭാഷകർക്ക് ഫലിതമാണ്. വാടകക്കൊലയാളിക്ക് വ്യാപാരവുമാണ്.’’

* * *
കഥ കേൾക്കുന്നതിനിടയിൽ പാത്തൂം ചിരിച്ചു. ‘‘നിങ്ങളുടെ കഥാകൃത്ത് പഴയ ശ്രീലങ്കയെക്കുറിച്ചാണ് എഴുതിയത്. പുതിയ ശ്രീലങ്കയെ അദ്ദേഹത്തിന് അറിയില്ല.2010-നുശേഷമുള്ള ശ്രീലങ്ക പുതിയതാണ്. ഇവിടെ ഇപ്പോൾ വിഘടനവാദമില്ല. രാജ്യത്തിന്റെയും തങ്ങളുടെയും അഭിവൃദ്ധിയിലാണ് എല്ലാവിഭാഗം ജനങ്ങളുടെ ശ്രദ്ധയും താത്പര്യവും.’’ പാത്തൂം പറയുന്നത് എന്താണെന്ന് മനസ്സിലായി. തമിഴ് ഈഴ വിടുതലൈ പുലികളെ ശ്രീലങ്കൻസൈന്യം അമർച്ചചെയ്ത സംഭവത്തെക്കുറിച്ചാണ്. തങ്ങളെ ശ്രീലങ്കൻസൈന്യം പരാജയപ്പെടുത്തിയെന്ന് എൽ.ടി.ടി.ഇ. ലോകത്തോട് തുറന്നുസമ്മതിക്കുന്നത് 2009 മേയ് 17-ന്. പത്രങ്ങളിൽ അടിച്ചുവന്ന വേലുപ്പിള്ള പ്രഭാകരന്റെയും മകന്റെയും സഹപ്രവർത്തകരുടെയുമെല്ലാം മൃതശരീരങ്ങളുടെ ചിത്രങ്ങൾ പെട്ടെന്ന് ഓർമയിൽ തെളിഞ്ഞുവന്നു. വല്ലാത്ത അസ്വസ്ഥത പടർത്തുന്നതായിരുന്നു ആ ദാരുണ ചിത്രങ്ങൾ.
കൊളംബോയിലും സമീപമേഖലകളിലും സിംഹളരും മുസ്ലിങ്ങളും തമ്മിലുണ്ടായ വർഗീയകലാപങ്ങൾ മനസ്സിൽ തെളിഞ്ഞു. കലാപാനന്തരം ശ്രീലങ്ക സന്ദർശിച്ച തമിഴ് നോവലിസ്റ്റ് തോപ്പിൽ മുഹമ്മദ് മീരാൻ വംശഹത്യയോളം രൂക്ഷഫലമുണ്ടാക്കിയ ആ കലാപത്തെക്കുറിച്ച് എഴുതിയത് മറക്കാനുള്ള കാലമായിട്ടില്ലായിരുന്നു.
‘‘അത്തരം ചില അസ്വസ്ഥതകളുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ആ സാഹചര്യത്തിനും മാറ്റമുണ്ട്.’’ കൊളംബോയിലെ തന്റെ വീടിനടുത്തുള്ള മുസ്ലിം കുടുംബങ്ങളുമായുള്ള സൗഹൃദത്തെക്കുറിച്ചും തന്റെ പ്രിയപ്പെട്ട മുസ്ലിം യുവ സുഹൃത്തുക്കളെക്കുറിച്ചും പാത്തൂം വാചാലനായി. രാവണന്റെ അസുരലങ്കയെ ബുദ്ധൻ സമാധാനത്തിലേക്ക് വീണ്ടെടുത്തുവെന്നാണ് ഐതിഹ്യം. ആ രാജ്യം രണ്ടായി പിളരുന്ന അവസ്ഥയിൽനിന്നാണ് രക്ഷപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ ചാവേറാക്രമണങ്ങൾ നടത്തിയ, അതിനുവേണ്ടി 15 വയസ്സുപോലും തികയാത്ത കുട്ടികളെ ഉപയോഗിച്ച എൽ.ടി.ടി.ഇ.യുടെ ക്രൂരവിനോദത്തിനാണ് അന്ത്യംകുറിച്ചത്. അത് ഒരുകണക്കിന് വലിയ സമാധാനംതന്നെയാണ്. ഏതുനിമിഷവും ബോംബ്പൊട്ടുമെന്ന്, വംശീയകലാപങ്ങൾ പൊട്ടിപ്പുറപ്പെടുമെന്ന് ഭയപ്പെട്ട ഒരു അപകടമുനമ്പിലായിരുന്നു ആ നാട്. അതിന് മാറ്റംവന്നെങ്കിൽ അതൊരു നല്ല കാര്യംതന്നെ.കഡുഗണ്ണാവയിൽ
കയറ്റം കയറുമ്പോഴേ കണ്ടു, റോഡിലെ ആ തുരങ്കം. തുമ്പിക്കൈ തറയിൽ കുത്തി തലകുമ്പിട്ട് നിൽക്കുന്ന ഒരു ആനയെപ്പോലെ തോന്നിപ്പിച്ച വലിയ പാറക്കെട്ട്. കീഴ്ചുണ്ട് തറയിൽ മുട്ടുംവിധം വലിച്ചുതുറന്ന വായപോലെ തുരങ്കവും. അതൊരു കൗതുകക്കാഴ്ചയായിരുന്നു. കൊളംബോ-കാൻഡി ഹൈവേയിൽ പാറതുരന്ന് റോഡ് നിർമിച്ചത് പതിനെട്ടാം നൂറ്റാണ്ടിലാണ്. കഡുഗണ്ണാവയുടെ അടയാളമായി അതുതന്നെ ആദ്യം മനസ്സിൽ പതിയുകയും ചെയ്തു. ദ്വീപിലെ ആദ്യത്തെ ആധുനിക ഹൈവേയാണ് തലസ്ഥാന നഗരത്തെയും മലമുകളിലെ വിനോദസഞ്ചാരകേന്ദ്രവും ബുദ്ധിസ്റ്റുകളുടെ ആഗോള തീർഥാടനകേന്ദ്രവുമായ കാൻഡിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ്. ബ്രിട്ടീഷ് സർക്കാറുദ്യോഗസ്ഥനായിരുന്ന എൻജിനീയർ വില്യം ഫ്രാൻസിസ് ഡേവിസണാണ് റോഡുപണിക്ക് നേതൃത്വംനൽകിയത്. എന്നാൽ, നിർമാണം പൂർത്തിയാകുംമുമ്പ് അദ്ദേഹം മരിച്ചു. കഡുഗണ്ണാവയിലുള്ള ഡേവിസൺ ടവർ അദ്ദേഹത്തിനുള്ള സ്മാരകമാണ്.


ചുരംകയറി മുകളിലെത്തിയപ്പോൾ കുറേദൂരം ഒരേനിരപ്പിലുള്ള റോഡാണ്. അതിൽ നീണ്ടുനിവർന്നുകിടക്കുന്ന സാമാന്യം തിരക്കുപിടിച്ച പട്ടണമായി കഡുഗണ്ണാവ വളർന്നിട്ടുണ്ട്. കാൽനൂറ്റാണ്ടുമുമ്പ് എം.ടി. തന്റെ നാട്ടിലെ പടിഞ്ഞാറങ്ങാടിയെക്കാൾ ചെറുതായിക്കണ്ട അങ്ങാടിയല്ല ഇന്ന് കഡുഗണ്ണാവ. കുന്നുകൾക്കിടയിൽ പച്ചപുതച്ച് കിടപ്പാണെങ്കിലും ആധുനിക നാഗരികഭാവം അങ്ങിങ്ങ് തലയുയർത്തി നിൽക്കുന്നു. പട്ടണനടുവിലാണ് ദേശീയ റെയിൽവേമ്യൂസിയം. പ്രകൃതിയുടെ അഴകും ഈ മ്യൂസിയവും മറ്റുചില ചരിത്രസ്മാരകങ്ങളുംകൊണ്ട് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുകൂടിയാണ് ഇന്ന് കഡുഗണ്ണാവ. 150 വയസ്സ് പിന്നിട്ട ശ്രീലങ്കൻ റെയിൽവേയുടെ വാർഷികം പ്രമാണിച്ചാണ് ദേശീയ റെയിൽവേമ്യൂസിയം കഡുഗണ്ണാവയിൽ സ്ഥാപിച്ചത്. ദ്വീപിലെ ആദ്യത്തെ റെയിൽപ്പാതയിലെ ആദ്യതീവണ്ടി സ്റ്റേഷനുകളിലൊന്നാണ് കഡുഗണ്ണാവ.
മ്യൂസിയം മാത്രമല്ല, കാണാൻ പലതുമുണ്ട് കഡുഗണ്ണാവയിൽ. എന്നാൽ, കഥയിൽനിന്ന് ഇറങ്ങിവരാൻ മടിച്ച മനസ്സ് വേറെചിലതാണ് അവിടെ തിരഞ്ഞുകൊണ്ടിരുന്നത്.
വേണുവിന്റെ അച്ഛൻ വ്യാപാരം നടത്തിയിരുന്ന പീടിക എവിടെയാണ്? നാട്ടിൽനിന്ന് കൊണ്ടുവന്ന തൊഴിലാളികൾ താമസിച്ചിരുന്ന മുകൾത്തട്ടുള്ള കെട്ടിടം? രണ്ട് പീടികകളായിരുന്നല്ലോ സ്വന്തമായി അവിടെ ഉണ്ടായിരുന്നെന്ന് കേട്ടത്. അതെല്ലാം എവിടെ? ചായത്തോട്ടം? ലീലയുടെ വീട്? അവളുടെ മകനെന്ന് ഊഹിക്കാനായ അരഭ്രാന്തൻ യുവാവിനെ വേണു ഒടുവിൽ കണ്ട ആ സ്ഥലവും വീടും തോട്ടിക്കോൽകൊണ്ട് അയാൾ പായൽ വലിച്ചുകൂട്ടിയിരുന്ന കുളവും എല്ലാം എവിടെയാണുള്ളത്? സ്ഥലം തെറ്റിയതാണോ? കഥയിലെ കഡുഗണ്ണാവ വേറെയാണോ? വേറെയാവാൻ തരമില്ല. ഈ രാജ്യത്ത് കഡുഗണ്ണാവ എന്ന പേരിൽ ഈ സ്ഥലം മാത്രമേയുള്ളൂ എന്ന് പാത്തൂം പറയുന്നുണ്ടായിരുന്നു. തുരങ്കം കടന്ന് ചുരമിറങ്ങുന്ന കാറിലിരിക്കുമ്പോഴും എന്റെ മനസ്സ് കഥയിലേക്കുതന്നെ ചാഞ്ഞുകിടന്നു.


നജിം കൊച്ചുകലുങ്ക്


Tuesday, July 11, 2017

മര സമരങ്ങള്‍


സഹ്യന്‍െറ താഴ്വര ഒരു പ്രക്ഷോഭത്തിന്‍െറ ചൂടിലാണ്. ഭൂമിയുടെ ചോരയൂറ്റുന്ന വൈദേശിക സസ്യവര്‍ഗങ്ങള്‍ക്കെതിരെ ഗ്രാമങ്ങള്‍ കൊളുത്തിയ സമരജ്വാല കത്തിപ്പടരുന്നു. കേരളത്തിന്‍െറ ജൈവവൈവിധ്യത്തെ തകര്‍ക്കുന്നതും മരുഭൂമിവത്കരിക്കുന്നതുമായ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് പോലുള്ള വൈദേശിക മരങ്ങള്‍ക്കെതിരായ പ്രക്ഷോഭം പശ്ചിമഘട്ടത്തിന്‍െറ തെക്കേയറ്റത്തുള്ള നാലു പഞ്ചായത്തുകളിലാണ്.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നാല് ദിവസം മുമ്പ്് പേപ്പാറ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന വനംവകുപ്പിന്‍െറ പ്ളാന്‍േറഷനില്‍ അക്കേഷ്യ തൈകള്‍ നടാനത്തെിയ തൊഴിലാളികളെ പ്രദേശത്തെ ജനങ്ങള്‍ തുരത്തിയോടിച്ചു. അക്കേഷ്യ വെട്ടിയൊഴിഞ്ഞ അവിടെ വീണ്ടും തൈവെക്കാനുള്ള നീക്കത്തെ തടയുകയായിരുന്നു അവര്‍. വനംവകുപ്പിന് അടിയറവ് പറയേണ്ടിവന്നു. മന്ത്രി കെ. രാജു തന്നെ ഇടപെട്ട് തൈനടീല്‍ പരിപാടി ഉപേക്ഷിച്ചു.
അതിന് മൂന്നു മാസം മുമ്പ്, അതായത് വേനല്‍ക്കാലാരംഭത്തില്‍ മേഖലയിലെ നാലു പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചതാണ് ആ വലിയ ജനകീയ പ്രക്ഷോഭം. പാലോട് കേന്ദ്രമാക്കി അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറം (പാലോട് ജനകീയ കൂട്ടായ്മ) എന്ന സംഘടന രൂപവത്കരിച്ചുകൊണ്ടാണ് പെരിങ്ങമ്മല, വിതുര, നന്ദിയോട്, പാങ്ങോട് എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ കേരളീയ പ്രകൃതിക്ക് വിരുദ്ധമായ പള്‍പ് വുഡ് പ്ളാന്‍േറഷനുകള്‍ക്കെതിരെ സമര രംഗത്തിറങ്ങിയത്.


അഗസ്ത്യമല ജൈവ മണ്ഡലം

ലോകത്തിലെ അതീവ ജൈവവൈവിധ്യ മണ്ഡലങ്ങളില്‍ (Hot spots) ഒന്നായ, ഇന്ത്യയുടെ അമൂല്യ ജൈവസമ്പത്തായ പശ്ചിമഘട്ടത്തിന്‍െറ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അഗസ്ത്യമല ജൈവ മേഖല (Agasthyamala Biosphere Reserve). കേരളത്തിന്‍െറ ജലസമ്പത്തിനെ സംരക്ഷിച്ചുനിറുത്തുന്നതില്‍ ഈ മേഖലകളുടെ പങ്ക് നിസ്തുലമാണ്.
സൂക്ഷ്മ ജീവികളും സസ്യലതാദികളുമടക്കം അപൂര്‍വയിനങ്ങളുള്‍പ്പെടെ ആയിരക്കണക്കിന് ജൈവവര്‍ഗങ്ങളുടെ കലവറയാണ് പശ്ചിമഘട്ടം. അതീവ ജൈവവൈവിധ്യ കേന്ദ്രങ്ങള്‍ (Hot spots) ലോകത്ത് മൊത്തം 34 ആണ്. അവയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവ (Hottest of hot spot) പത്തെണ്ണവും. അതില്‍ രണ്ടെണ്ണമാണ് ഇന്ത്യയില്‍. പശ്ചിമ ഘട്ടവും (Western Ghats) പൂര്‍വ ഹിമാലയന്‍ പ്രദേശവും. പശ്ചിമഘട്ടത്തില്‍ തന്നെ ഏറ്റവും ജൈവവൈവിധ്യ സമ്പുഷ്ടി കേരളത്തിന്‍െറ അതിരുകള്‍ക്കുള്ളിലാണ്. അതായത് തെക്കന്‍ പശ്ചിമഘട്ടത്തില്‍ (Southern Western Ghats). ആയിരക്കണക്കിന് ജീവി വര്‍ഗങ്ങളും സസ്യയിനങ്ങളും ഇവിടെയുണ്ട്. ഇനിയും കണ്ടത്തൊത്ത എത്രയോ ജീവി സസ്യ വര്‍ഗങ്ങള്‍! സസ്യങ്ങളില്‍ ഇതുവരെ കണ്ടത്തെിയത് വെറും 17000 സപുഷ്പികള്‍ മാത്രം. കണ്ടത്തൊതെ കിടക്കുന്നത് ഒട്ടനവധി!
ഇതിന്‍െറയെല്ലാം കലവറയായ അഗസ്ത്യമല ജൈവ മണ്ഡലം 3,500 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി പരന്നുകിടക്കുന്നു. പത്തനംതിട്ട ജില്ലയിലെ കോന്നി മുതല്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളും തമിഴ്നാട്ടിലെ തിരുന്നല്‍വേലി, കന്യാകുമാരി ജില്ലകളുടെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് ഈ മേഖല. ഇതില്‍ ‘ഹോട്ടസ്റ്റ് ഓഫ് ഹോട്ട് സ്പോട്ട്’ എന്ന വിശേഷണത്തിന് അര്‍ഹതയുള്ള തിരുവനന്തപുരം ജില്ലയിലാണ് അക്കേഷ്യ, മാഞ്ചിയം വിരുദ്ധ സമരം കൊടുമ്പിരി കൊണ്ട നാലുപഞ്ചായത്തുകളും. ഈ 3,500 ചതുരശ്ര കിലോമീറ്ററിന്‍െറ 20 ശതമാനത്തിലധികം വരും അക്കേഷ്യ, യൂക്കാലിപ്റ്റസ് തോട്ടങ്ങളുടെ വിസ്തൃതി.


സമരത്തിന്‍െറ തുടക്കം

രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് സാധാരണക്കാരായ ആളുകളെ സമരമുഖത്തത്തെിച്ചത്. ഒരിക്കലും വറ്റില്ളെന്ന് കരുതിയ ജലസ്രോതസുകള്‍ ഒന്നൊന്നായി വറ്റിവരളുന്ന വേനലുകള്‍ കടന്നുപോയതോടെ അപകടം ശരിക്കും തിരിച്ചറിഞ്ഞു.
പ്രകൃതിക്കിണങ്ങാത്ത പ്രവര്‍ത്തനങ്ങളാണ് ഈ ദുഃസ്ഥിതിക്ക് കാരണമെന്ന് അവര്‍ മനസിലാക്കി. അതോടെ പ്രദേശവാസികളെ ബോധവത്കരിക്കല്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് എളുപ്പമായി. ഇത്തരം തോട്ടങ്ങള്‍ മൂലം വരള്‍ച്ച ഉണ്ടാകുന്നത് എങ്ങനെയെന്നും പാരിസ്ഥിതിക നാശം എന്താണെന്നും പ്രദേശവാസികളെ ബോധവത്കരിക്കാന്‍ കുടുംബശ്രീ യോഗങ്ങള്‍ വരെ വിളിച്ചുകൂട്ടി. അത് പ്രദേശത്തെ കുടുംബങ്ങളിലൊക്കെ വലിയ സ്വാധീനം ചെലുത്തി. അതോടെ ജനങ്ങളുടെ രോഷം ആളിക്കത്തി. പാകമത്തെി വെട്ടിയൊഴിഞ്ഞ തോട്ടങ്ങളില്‍ ഇനി ഒരു തൈ പോലും നടാന്‍ അനുവദിക്കില്ളെന്ന നിലപാടിലായി അവര്‍.
റീപ്ളാന്‍േറഷനുവേണ്ടിയുള്ള കുഴിയെടുക്കലിന് വനം വകുപ്പിന്‍െറയും കോര്‍പ്പറേഷന്‍െറയും കരാറുകാര്‍ (‘കണ്‍വീനര്‍’ എന്നൊരു നോമിനിയുടെ മറവില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നതും അതിന്‍െറ ലാഭം പറ്റുന്നതും) എത്താന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ തടഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനം നന്ദിയോട് പഞ്ചായത്തിലെ മൈലമൂട് പാണ്ഡ്യന്‍ പാറയില്‍ വനംവകുപ്പിന്‍െറ വെട്ടിയൊഴിഞ്ഞ അക്കേഷ്യ തോട്ടത്തില്‍ പുതിയ തൈ നടാന്‍ കുഴിയെടുക്കാനത്തെിയപ്പോള്‍ അതിനെതിരെ മനുഷ്യ ചങ്ങല തീര്‍ത്തുകൊണ്ടായിരുന്നു പ്രക്ഷോഭത്തിന്‍െറ തുടക്കം. 


പാലോട് കുശവൂര്‍ ജംഗ്ഷനില്‍ സ്ഥിരം സമരപന്തല്‍ കെട്ടി പ്രക്ഷോഭം തുടര്‍ന്നു. വൈകുന്നേരങ്ങളില്‍ ആളുകള്‍ സമരപന്തലില്‍ ഒത്തുകൂടി. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ മധു രക്ഷാധികാരിയും ഷിറാസ് ഖാന്‍ പ്രസിഡന്‍റും പി.എസ് പ്രമോദ് സെക്രട്ടറിയുമായ ഫോറത്തില്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും സാമൂഹിക സംഘടനകളുടെയും പ്രതിനിധികള്‍ പങ്കാളികളായി. ഫോറത്തിന്‍െറ നേതൃത്വത്തില്‍ സമരത്തോടൊപ്പം കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി പെരിങ്ങമ്മല പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ കേരള യൂനിവേഴ്സിറ്റി ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റിലെ റീഡര്‍ ഡോ. ഖമറുദ്ദീന്‍, നേച്ചര്‍ ഫോട്ടോഗ്രാഫര്‍ സാലി പാലോട് എന്നിവരെ പോലുള്ള നിരവധി പ്രകൃതി സ്നേഹികള്‍ മുന്നിട്ടിറങ്ങി.


പഞ്ചായത്തുകളുടെ പ്രമേയം

പഞ്ചായത്ത് ഭരണസമിതികളും പിന്തുണയുമായി രംഗത്തുവന്നതോടെ പ്രക്ഷോഭത്തിന് ഗൗരവം വര്‍ദ്ധിച്ചു. തങ്ങളുടെ പരിധിക്കുള്ളില്‍ കൃഷി ചെയ്യാന്‍ അനുവദിക്കില്ളെന്ന് പ്രഖ്യാപിച്ച് പെരിങ്ങമ്മല, വിതുര, നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകമ്മിറ്റികള്‍ ഏകകണ്ഠമായി പ്രമേയങ്ങള്‍ പാസാക്കി. കേരളത്തില്‍ സമ്പൂര്‍ണ നിരോധനം ആവശ്യപ്പെട്ട് കണ്‍സര്‍വേഷന്‍ ഫോറം ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുന്നത് ഈ പ്രമേയങ്ങളുടെ കൂടി ബലത്തിലാണ്. പഞ്ചായത്തീരാജ് നിയമപ്രകാരം പാരിസ്ഥിതിക സംരക്ഷണത്തിന്‍െറ കാര്യത്തില്‍ അതാത് പഞ്ചായത്തുകള്‍ക്കുള്ള അവകാശവും 2006ലെ വനാവകാശ നിയമപ്രകാരം വനസംരക്ഷണ കാര്യത്തില്‍ ഗ്രാമസഭകള്‍ക്കുള്ള അധികാരവുമടക്കം ലഭ്യമായ ഭരണഘടനാപരവും നിയമപരവുമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് ഡോ. ഖമറുദ്ദീന്‍ പറയുന്നു.


പ്രക്ഷോഭം ഫലം കാണുന്നു

ലോക പരിസ്ഥിതി ദിനത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഒരു കോടി വൃക്ഷതൈകള്‍ നടുന്നതിനെ കുറിച്ച് ആലോചിക്കാന്‍ മേയ് മാസം മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് തൈകള്‍ ഇനി മുതല്‍ നടേണ്ടതില്ളെന്നും ഉള്ള മരങ്ങള്‍ വെട്ടിമാറ്റണമെന്നും തീരുമാനിച്ചു. പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജു അത് പരസ്യമായി പ്രഖ്യാപിച്ചു. പകരം ഫലവൃക്ഷങ്ങളും ഒൗഷധ സസ്യങ്ങളും മാത്രമേ ഇനി നടാന്‍ അനുവദിക്കൂ എന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
പള്‍പ്പിനാവശ്യമായ മരങ്ങള്‍ നല്‍കാമെന്ന് ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡുമായി സര്‍ക്കാര്‍ 1974ല്‍ ഉണ്ടാക്കിയ 99 വര്‍ഷത്തെ കരാറാണ് വ്യവസായികാടിസ്ഥാനത്തില്‍ പള്‍പ് വുഡുകളുടെ പ്ളാന്‍േറഷന്‍ പരിപാടിയിലേക്ക് വനംവകുപ്പിന്‍െറയും വികസന കോര്‍പ്പറേഷന്‍െറയും ശ്രദ്ധ തിരിക്കുന്നത്. സംരക്ഷിത വനമേഖലകളില്‍ വൈദേശിക മര വര്‍ഗങ്ങളുടെ തോട്ടങ്ങള്‍ നിറയാന്‍ പിന്നീട് അമാന്തമുണ്ടായില്ല. 1980 ലാണ് സാമൂഹിക വനവത്കരണത്തിനുള്ള സസ്യവര്‍ഗങ്ങളില്‍ അക്കേഷ്യയും കടന്നുകൂടിയത്. അത് പിന്നീട് ഈ സ്കീമിലെ മുഖ്യ സസ്യയിനമായി മാറി.
സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അക്കേഷ്യയെ കൈയ്യൊഴിയാന്‍ വിമ്മിഷ്ടമുണ്ടാകുന്നത് അതിലൂടെ ലഭിക്കുന്ന ‘കിമ്പള’ത്തിന്‍െറ ‘നൂറുമേനി’ വിളവ് കാരണമാണ്. താഴെ തട്ടിലെ ജീവനക്കാര്‍ക്ക് വരെ വിഹിതമത്തെുന്ന കോടികള്‍ മറിയുന്ന അഴിമതിയുടെ നല്ല വളക്കൂറുള്ള ‘കാര്‍ഷിക പദ്ധതി’യാണത്്. പുതിയ തീരുമാനത്തെ അട്ടിമറിക്കാനാണ് പേപ്പാറക്ക് പിന്നാലെ ജൂണ്‍ 10ന് പാലോട് വന മേഖലയിലും അക്കേഷ്യ നടാന്‍ നടത്തിയ ശ്രമം. പ്രക്ഷോഭകര്‍ അതെല്ലാം പിഴുതെറിഞ്ഞു. തൊഴിലാളികളെ തുരത്തിയോടിച്ചു. തൈ നടരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന ശാസന നല്‍കി. തിരുവനന്തപുരം ജില്ലക്ക് പുറത്ത് മറ്റ് വനമേഖലകളില്‍ ശ്രമങ്ങള്‍ തുടരുന്നുണ്ട്്.


പള്‍പ് വുഡുകളുടെ പരിസ്ഥിതി നാശം

വെള്ളം അമിതമായ തോതില്‍ വലിച്ചെടുക്കുന്നു, മറ്റ് സസ്യങ്ങളെ അപേക്ഷിച്ച് കാര്‍ബണ്‍ ഡൈയോക്സൈഡ് വലിച്ചെടുക്കുന്ന തോതിലെ കുറവ് അന്തരീക്ഷോഷ്മാവ് കൂട്ടുന്നു, ജൈവവൈവിധ്യ പ്രകൃതിയെ തകര്‍ക്കുന്നു തുടങ്ങിയവയാണ് അക്കേഷ്യയും യൂക്കാലിപ്റ്റസും പോലുള്ള ഏകവിള തോട്ടങ്ങള്‍ നേരിടുന്ന പ്രധാന ആക്ഷേപം. ആസ്ട്രേലിയയില്‍ നിന്നത്തെിയ അക്കേഷ്യയും ഗ്രാന്‍ഡിസുമെല്ലാം കേരളത്തിന്‍െറ തനത് പ്രകൃതിക്ക് ഘടകവിരുദ്ധമാണ്.
അക്കേഷ്യയുടെ വംശാവലിയിലുള്ളതാണ് മാഞ്ചിയവും. രണ്ടിനം അക്കേഷ്യയാണ് കേരളത്തില്‍ കൃഷി ചെയ്യുന്നത്. അക്കേഷ്യ ഓറിക്കുലിഫോര്‍മിസും (Acacia auriculiformis) അക്കേഷ്യ മാഞ്ചിയവും (Acacia mangium). രണ്ടിന്‍േറയും സ്വഭാവം ഒന്നാണ്. കേരളത്തിന്‍െറ പരിസ്ഥിതിക്ക് തീര്‍ത്തും വിരുദ്ധം. പ്രകാശസംശ്ളേ്ളഷണത്തിന് ഇവയ്ക്ക് വന്‍തോതില്‍ ജലം ആവശ്യമാണ്. പ്രതിദിനം 30 ലിറ്റര്‍ എന്ന നിലയിലാണ് അക്കേഷ്യയും യൂക്കാലിപ്റ്റസും വെള്ളം വലിച്ചെടുക്കുന്നത്. അക്കേഷ്യ നടത്തുന്ന മറ്റൊരു ക്രൂരപ്രവൃത്തി പ്രകൃതിയുടെ ജൈവവൈവിധ്യത്തെ തകര്‍ക്കുന്നു എന്നതാണ്. ഈ തോട്ടങ്ങളില്‍ ഇടതിങ്ങിയ അടിക്കാട് ഉണ്ടാവാറില്ല. മരങ്ങളുടെ ചുവട്ടിലാകട്ടെ മറ്റ് സസ്യങ്ങളൊന്നും കാര്യമായി വളരുകയുമില്ല. വടിച്ചെടുത്ത പോലെ മണ്ണ് മാത്രം തെളിഞ്ഞുകാണും. വിദേശ മരങ്ങളുടെ അധിനിവേശത്തിന് ശേഷം കേരളത്തിലെ അന്തരീക്ഷ താപനം കൂടുകയാണ് ചെയ്തത്. 1980ല്‍ സാമൂഹിക വനവത്കരണ പരിപാടിയുടെ ഭാഗമായി അക്കേഷ്യ കേരളത്തില്‍ അങ്ങോളമിങ്ങോളം നട്ടുപ്പിടിപ്പിക്കാന്‍ വനംവകുപ്പിലെ സസ്യശാസ്ത്രജ്ഞര്‍ അനുകൂല റിപ്പോര്‍ട്ടെഴുതുമ്പോള്‍ കേരളത്തിന്‍െറ അന്തരീക്ഷോഷ്മാവ് വേനല്‍ക്കാലത്ത് പരമാവധി 20 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു. എന്നാല്‍ ഇന്ന് 42 ഉം അതിന് മുകളിലും ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിരിക്കുകയാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍െറ അളവിനെ കൂട്ടുന്ന ഇത്തരം വൃക്ഷങ്ങളുടെ ആധിക്യം തന്നെയാണ് കാരണം.


മറുവാദങ്ങള്‍

പറങ്കി മാവ് പോലുള്ള ഫലവൃക്ഷങ്ങള്‍ അക്കേഷ്യയെക്കാള്‍ ജലനഷ്ടം വരുത്തുന്നു എന്ന് വാദിക്കുന്നവര്‍ സസ്യശാസ്ത്രജ്ഞരില്‍ തന്നെയുണ്ട്. അക്കേഷ്യ പ്രതിദിനം 30 ലിറ്ററെങ്കില്‍ പറങ്കിമാവ് 35 ലിറ്റര്‍ വെള്ളം വലിച്ചെടുക്കുന്നു എന്നതാണ് അവരുടെ വാദം. എന്നാല്‍ ഇതിനെ ഖണ്ഡിക്കല്‍ എളുപ്പമാണ്.
ശിഖരങ്ങളായി വളര്‍ന്ന് പടരുന്ന സസ്യമായതിനാല്‍ ഒരു പറങ്കിമാവ് നില്‍ക്കുന്ന ഭൂമിയുടെ ചുറ്റളവ് 50 മീറ്ററെങ്കിലുമുണ്ടാകും. ഈ അമ്പത് മീറ്റര്‍ ചുറ്റളവിനുള്ളില്‍ പത്തില്‍ കുറയാത്ത അക്കേഷ്യയോ മാഞ്ചിയമോ യൂക്കാലിപ്റ്റസോ മരങ്ങള്‍ നില്‍ക്കും. അപ്പോള്‍ ഒരു പറങ്കിമാവിന് പകരം 10 അക്കേഷ്യയാകുമ്പോള്‍ ജലനഷ്ടം 300 ലിറ്ററായി ഉയരുന്നു. ഈ യാഥാര്‍ഥ്യം മറച്ചുവെച്ചാണ് ചിലര്‍ ഭൂമിയുടെ ചോരയൂറ്റുന്ന അധിനിവേശ സസ്യവര്‍ഗങ്ങള്‍ക്ക് (Invasive alien species) വേണ്ടി വാദിക്കുന്നതെന്ന് ഡോ. ഖമറുദ്ദീന്‍ ചൂണ്ടിക്കാട്ടുന്നു.
പ്രാദേശികതലത്തില്‍ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയാണ് പ്ളാന്‍േറഷന്‍ പരിപാടികളെന്നാണ് മറ്റൊരു വാദം. കുഴിയെടുക്കല്‍, തൈ നടല്‍, പരിപാലനം, ഫയര്‍ലൈന്‍ തെളിക്കല്‍, മരംവെട്ട്, ലോഡിങ് തുടങ്ങിയ ജോലികള്‍ തദ്ദേശീയര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് തടയാനെ ഈ പരിസ്ഥിതി സംരക്ഷണ നയം കൊണ്ട് കഴിയൂ എന്ന് അവര്‍ വാദിക്കുന്നു.


ഈറ്റയും മുളയും

ഈറ്റയും മുളയും നട്ടാലും കടലാസുണ്ടാക്കാനുള്ള അസംസ്കൃത വസ്തുവായി. അക്കേഷ്യയെക്കാള്‍ വേഗത്തില്‍ പാകമാകുമെന്നതിനാല്‍ വാണിജ്യപരമായും തൊഴില്‍ പരമായും കൂടുതല്‍ ലാഭകരമാണ് ഈ കൃഷി. പ്രകൃതിക്കുള്ള നേട്ടം അതിലും വലുതാണ്. വെള്ളം കൂടുതല്‍ വലിച്ചെടുക്കില്ളെന്ന് മാത്രമല്ല മഴ മൂലം ലഭിക്കുന്ന ഈര്‍പ്പനിലയെ സംരക്ഷിച്ച് നിറുത്തി ഭൂമിയിലെ ജലത്തിന്‍െറ അളവിനെ കൂട്ടും. കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുതല്‍ വലിച്ചെടുക്കുകയും ഓക്സിജന്‍ കൂടുതലായി പുറത്തുവിടുകയും ചെയ്ത് അന്തരീക്ഷോഷ്മാവ് കുറക്കും. പ്രദേശവാസികളുടെ തൊഴില്‍ നഷ്ടമെന്ന പരാതി ഒഴിവാക്കുകയും ചെയ്യാം. ഫലവൃക്ഷങ്ങളും ഒൗഷധസസ്യങ്ങളുമായാലും ലാഭത്തിന് കുറവൊന്നുമുണ്ടാവില്ല. തൊഴില്‍ നഷ്ടവുമുണ്ടാവില്ല. വ്യവസായവും പ്രകൃതി സംരക്ഷണവും ഒരുപോലെ നടക്കും. പ്രകൃതിയുടെ ജൈവവൈവിധ്യം സമ്പന്നമായി തന്നെ നിലനില്‍ക്കും.
എന്തായാലും പ്രകൃതിയുടെ നിലനില്‍പിന്, കുടിനീര്‍ സംരക്ഷണത്തിന് ഇത്തരം വൈദേശിക ജാതികള്‍ നമ്മുടെ വനങ്ങളില്‍ നിന്നൊഴിഞ്ഞുപോയേ തീരൂ എന്നത് ജീവല്‍പരമായ ആവശ്യമാണ്.

നജിം കൊച്ചുകലുങ്ക്
ഫോട്ടോകള്‍: സാലി പാലോട്Sunday, January 8, 2017

മരുഭൂമിയിലെ നീരറകള്‍


ഒരു രാത്രിയില്‍ ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ഓഫീസ് കെട്ടിടത്തിന് മുന്നിലെ നടപ്പാതയിലാണ് അയാളെ കണ്ടത്. കുലീന വേഷം ധരിച്ച സൗദി മദ്ധ്യവയസ്കന്‍. വെപ്രാളപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഇപ്പോള്‍ പിടിച്ചുതിന്നും എന്ന പരുക്കന്‍ ഭാവം. തിടുക്കപ്പെട്ടുള്ള ഉലാത്തലിനിടയില്‍ ആരോടോ എന്തോ ആവശ്യപ്പെടുന്നത് പോലെ പുലമ്പുന്നു. കൈയ്യില്‍ പിടിച്ച വെള്ള കടലാസ് കാറ്റിലിളകുന്നു. എന്താണ് കാര്യമെന്നറിയാതെ ഞാന്‍ അന്ധാളിപ്പോടെ നോക്കിനിന്നു. അടുത്തുള്ള മലയാളി ബൂഫിയ (ലഘുഭക്ഷണ ശാല)യില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ ഓടിവന്ന് സെല്ളോ ടേപ്പിന്‍െറ ഒരു റോള്‍ നീട്ടി. അതോടെ മുഖം തെളിഞ്ഞ കുലീനന്‍ ധൃതിപ്പെട്ടു. അവിടെ നിറുത്തിയിട്ട ഒരു അറുപഴഞ്ചന്‍ കാറിന്‍െറ ബോണറ്റില്‍ കടലാസ് നിവര്‍ത്തിവെച്ചു. നാല് മൂലയും സെല്ളോ കൊണ്ട് ഒട്ടിച്ചുപിടിപ്പിച്ചു. ശേഷം ഒന്ന് മാറിനിന്ന് നന്നായി ഒട്ടിയോ എന്ന് നോക്കി. ഉറപ്പായപ്പോള്‍ തിരിഞ്ഞ് ബൂഫിയയിലെ പയ്യനെ നോക്കി ശുക്റന്‍ എന്ന് മന്ത്രിച്ചു. സെല്ളോ ടേപ്പിന്‍െറ റോള്‍ തിരികെ നീട്ടി. കാറ്റിന്‍െറ വേഗത്തിലായിരുന്നു എല്ലാം. കാറിന്‍െറ മുന്നില്‍ നിറുത്തിയിട്ടിരുന്ന മുന്തിയ ഇനം വാഹനത്തിന്‍െറ ഡോര്‍ തുറന്നതും അടഞ്ഞതും എല്ലാം നൊടിയിടയില്‍. കണ്ണ് ചിമ്മും മുമ്പ് അതോടി നഗരത്തിരക്കില്‍ മറഞ്ഞു.
എനിക്കാകെ കൗതുകം തോന്നി. ബോണറ്റില്‍ പതിച്ച കടലാസില്‍ പേന കൊണ്ട് അറബിയില്‍ എഴുതിയത് എന്താണെന്ന് അറിയാന്‍ അങ്ങോട്ട് നീങ്ങി. അവിടെ നിന്ന ഒന്ന് രണ്ടാളുകളുടെ സഹായത്തോടെ വായിച്ചു:
‘‘സുഹൃത്തേ, എന്‍െറ വാഹനം പിന്നിലേക്കെടുക്കുമ്പോള്‍ ഉരസി താങ്കളുടെ കാറിന്‍െറ മുന്‍വശത്ത് ചെറിയൊരു തകരാറുണ്ടായിട്ടുണ്ട്. താങ്കളെ ഇവിടെയെല്ലാം അന്വേഷിച്ചെങ്കിലും കാണാനായില്ല. എനിക്ക് പോകാന്‍ ധൃതിയുണ്ട്. എന്‍െറ നമ്പറാണ് ഇത്. വിളിക്കണം. നന്നാക്കാനുള്ള പണം തരാം. കാറിന് കേടുപാടുണ്ടാക്കിയതില്‍ ഖേദിക്കുന്നു.’’
ബൂഫിയയിലെ മലയാളി പറഞ്ഞു:
‘‘കടലാസും സെല്ളോടേപ്പും അന്വേഷിച്ച് വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചതാണ്. അത് പഴയ കാറല്ളേ. ചെറിയ പോറലല്ളേ ഉണ്ടായിട്ടുള്ളൂ. അയാള്‍ കണ്ടതുമില്ലല്ളോ. പിന്നെ എന്തിനാണ് എഴുതി ഒട്ടിക്കാന്‍ നില്‍ക്കുന്നതെന്ന്.’’
അദ്ദേഹം അതിന് പറഞ്ഞ മറുപടി എന്‍െറ വായടപ്പിച്ചു. ‘‘അത്, പഴയ കാറായത് അയാള്‍ മിസ്കീന്‍ ആയതുകൊണ്ടല്ളേ. നന്നാക്കാനുള്ള പണം അയാളുടെ കൈയിലുണ്ടായെന്ന് വരില്ല. അയാള്‍ കണ്ടിട്ടില്ളെങ്കിലും അല്ലാഹു കണ്ടല്ളോ.’’
അവിടെ നിന്ന് മടങ്ങുമ്പോള്‍ ചിന്തിച്ചത് മുഴുവന്‍ അദ്ദേഹത്തെ കുറിച്ചാണ്. പുറമേക്ക് വളരെ പരുക്കനായി തോന്നിയ ആ സൗദി പൗരന്‍െറ ഉള്ളിലുള്ള നന്മയുടെ ജലത്തുള്ളികള്‍ എന്നിലേക്ക് വന്നുവീണ പോലെ മനസ് കുളിര്‍ത്തു.
പിന്നീട് റിയാദിലെ ‘ഐന്‍ ഹീത്ത്’ എന്ന ഗുഹയിലെ ജലാശയം കാണാനിടയായപ്പോള്‍ ഈ സൗദി പൗരനെ ഓര്‍മ വന്നു. രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ലാതിരുന്നിട്ടും എന്തുകൊണ്ട് അങ്ങനെ എന്ന ചിന്ത ചില സാമ്യതകള്‍ കണ്ടത്തെി. വരണ്ട മരുഭൂമിയെ പോലെ ആ പരുക്കന്‍ മനുഷ്യനും ഉള്ളില്‍ അലിവിന്‍െറ ജലാശയം കാത്തുസൂക്ഷിക്കുന്നു. വല്ലാതെ അലഞ്ഞുലഞ്ഞ ഒരു യാത്രയുടെ അന്ത്യത്തിലാണ് ഐന്‍ ഹീത്തിലത്തെിയത്. സാഹസപ്പെട്ട് തുരങ്കമിറങ്ങിയതിന്‍െറ ബദ്ധപ്പാട് പിന്നേയും. ആകെ തളര്‍ന്നുപോയ കണ്ണുകള്‍ ഇളം പച്ച നിറത്തില്‍ കണ്ണാടി പോലെ തെളിഞ്ഞുകിടന്ന വെള്ളം കണ്ടപ്പോഴേ തിളങ്ങി. ജലതല സ്പര്‍ശത്തിന്‍െറ കുളിര്‍മയില്‍ ഉള്ളമാകെ തളിര്‍ത്തു. ഇതുപൊലൊരു വൈകാരികാനുഭവമാണ് അന്നാ മനുഷ്യനും പകര്‍ന്നുതന്നത്.

ഐന്‍ ഹീത്ത്

മരുഭൂമി നടുവിലെ വരണ്ട നഗരമാണ് സൗദി തലസ്ഥാനമായ റിയാദ്. ഇന്ന് പക്ഷേ, ചുറ്റും കണ്ണോടിച്ചാല്‍ നഗരം പച്ചപ്പിന്‍െറ ഒരാവരണം അണിയാന്‍ വെമ്പല്‍ കൊള്ളുകയാണെന്ന് തോന്നും. മണല്‍നിറം മറയുന്നു. കൃത്രിമ ജലാശയങ്ങളും പൂന്തോട്ടങ്ങളും മരങ്ങളുമൊക്കെയായി നഗരത്തെ ചുറ്റി നിര്‍മാണം പൂര്‍ത്തിയായി വരുന്ന അതിബൃഹത്തായ വാദി ഹനീഫ പദ്ധതിയും അതോടൊപ്പം നഗര പ്രാന്തങ്ങളില്‍ പന്തലിച്ച കൃഷിത്തോട്ടങ്ങളുടെ സ്വാഭാവിക പച്ചപ്പുമാണ് കാരണം. കടലോ കായലോ പോട്ടെ ഒരു കുഞ്ഞ് നീരൊഴുക്കിന്‍െറ ജലമര്‍മരം പോലും കനിഞ്ഞരുളാതിരുന്നിട്ടും പച്ചപ്പിന്‍െറ തഴപ്പ് എങ്ങനെ? ആലോചിച്ച് അമ്പരക്കുന്നവര്‍ ചവിട്ടിനില്‍ക്കുന്ന മരുഭൂമിക്കടിയില്‍ മറഞ്ഞു കിടക്കുന്ന ശുദ്ധജല ശേഖരങ്ങളുണ്ടെന്ന് അറിയുമ്പോള്‍ വിസ്മയിച്ചുപോകാതിരിക്കില്ല.
നഗരത്തിന് തെക്ക് അല്‍ഖര്‍ജ് പട്ടണത്തിലേക്ക് നീളുന്ന പാതയുടെ ഇടതുവശത്ത് കണ്ണെത്താദൂരത്തോളം ഒരു ശക്തിദുര്‍ഗമുണ്ട്. സുലൈ മലനിരകള്‍. അതിന്‍െറ ഗര്‍ഭത്തിലൊളിഞ്ഞുകിടക്കുന്ന നീരറകളിലേക്ക് പ്രകൃതി തുറന്നുവെച്ച കണ്ണാണ് ഐന്‍ ഹീത്ത്.

റിയാദ് നഗര മധ്യത്തില്‍നിന്ന് 40 കിലോമീറ്റര്‍ അല്‍ഖര്‍ജ് ഹൈവേയിലൂടെ സഞ്ചരിച്ചാല്‍ അയ്ന്‍ ഹീത്തിലേക്കുള്ള മണല്‍ പാതയായി. റിയാദ് - ദമ്മാം റെയില്‍വേ ലൈന്‍ മുറിച്ചുകടന്നുവേണം അതിലേക്ക് കടക്കാന്‍. നീണ്ടുനിവര്‍ന്നുകിടക്കുന്ന സുലൈ മലനിരകളില്‍ ഒന്നിന്‍െറ ചുവട്ടിലാണ് മനുഷ്യ നേത്രത്തിന്‍െറ ആകൃതിയോട് സാദൃശ്യം തോന്നിക്കുന്ന ഗുഹാമുഖമുള്ളത്. ‘ഐന്‍’ എന്ന അറബി പദത്തിന് കണ്ണ് എന്നാണ് അര്‍ത്ഥം.
മലയുടെ അടിവാരത്തില്‍ അഗാധതയിലേക്കിറങ്ങിപ്പോകുന്ന തുരങ്കമാണ് അത്. ചെങ്കുത്തായ ഇറക്കമാണ് ഭൂഗര്‍ഭ ജലത്തിന്‍െറ നിലവറയിലേക്ക്. അടരുകള്‍ പോലുള്ള പര്‍വത പാറക്കെട്ടുകളില്‍നിന്ന് അടരുന്ന പാറച്ചീളുകളും മണ്‍കട്ടകളും വീണുകിടക്കുന്ന ഗുഹാവഴിയിലൂടെ താഴേക്കുള്ള ഇറക്കം അല്‍പം സാഹസികമാണ്. മനസൊന്ന് പതറിയാല്‍ കാലൊന്നിടറിയാല്‍ കണ്ണൊന്നു ചിമ്മിയാല്‍ കല്ലിന്‍ മുനകളില്‍ തട്ടി ചതഞ്ഞും മുറിഞ്ഞും ജലാശയത്തിലെ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത ആഴക്കയത്തിന്‍െറ നിഗൂഢതയിലേക്കാവും വീഴ്ച. സാഹസിക പ്രിയരായ വിനോദ സഞ്ചാരികള്‍ക്ക് മാത്രം പോകാന്‍ പറ്റുന്ന പ്രകൃതി വിസ്മയമാണ് ഐന്‍ ഹീത്ത്.

ചുണ്ണാമ്പ് ഗുഹകള്‍

ഫോസില്‍ വാട്ടര്‍ അഥവാ ശിലാദ്രവ്യ ജലത്തിന്‍െറ ഭൂഗര്‍ഭ ശേഖരങ്ങളിലൊന്നാണ് അയ്ന്‍ ഹീത്തിലുമുള്ളത്. ചുണ്ണാമ്പുകല്ല് അഥവ കാല്‍സ്യം സള്‍ഫേറ്റുകള്‍ നിറഞ്ഞ ഗുഹകളില്‍ നിരന്തരം ബ്ളീച്ചിങ്ങ് രാസപ്രവര്‍ത്തനത്തിന് വിധേയമായി ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളം ചിലയിടങ്ങളില്‍ ഭൗമോപരിതലത്തോട് ചേര്‍ന്നും മറ്റു ചിലയിടങ്ങളില്‍ ഏറെ ആഴത്തിലും പരന്നുകിടക്കുന്ന ഒരു വാട്ടര്‍ ബെല്‍റ്റിന്‍െറ ഭാഗമാണ്. അല്‍ഖര്‍ജ് മേഖലയുടെ കാര്‍ഷിക സമൃദ്ധിക്ക് കാരണം ഈ ഉപരിതല ജലസാന്നിദ്ധ്യമാണ്.
ചുണ്ണാമ്പുകല്ലുകള്‍ കൊണ്ട് പ്രകൃതിയൊരുക്കിയ നിരവധി ഗുഹകള്‍ സൗദി മരുഭൂമിയില്‍ പലയിടങ്ങളിലുണ്ടെങ്കിലും എല്ലായിപ്പോഴും ജലം നിറഞ്ഞുകിടക്കുന്ന ഗുഹയായി ഐന്‍ ഹീത്ത് മാത്രമാണ് കണ്ടത്തെിയിട്ടുള്ളതെന്ന് സൗദിയിലെ ഗുഹകളെ കുറിച്ച് പഠനം നടത്തിയിരുന്ന അമേരിക്കന്‍ ഗുഹാപര്യവേഷകരായ ജോണ്‍ പിന്‍റ്, ഡാവേ പാറ്റേഴ്സ് എന്നിവര്‍ രേഖപ്പെടുത്തുന്നു. ഇവരോടൊപ്പം സഞ്ചരിച്ച ഗുഹാജലാശയങ്ങളിലെ മുങ്ങല്‍ വിദഗ്ധ എറിക് ബ്യുര്‍സ്റ്റോമാണ് ഐന്‍ ഹീത്തിന്‍െറ ഉള്ളറ രഹസ്യങ്ങളും ആഴവും അറിയാന്‍ ശ്രമിച്ച അതിസാഹസിക. റിയാദ് കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററില്‍ 13വര്‍ഷം കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യനായിരുന്ന എറിക് ഐന്‍ ഹീത്തില്‍ 40 തവണ പര്യവേക്ഷണ മുങ്ങലുകള്‍ നടത്തി. 100 മീറ്ററോളം ചെങ്കുത്തായ പാറക്കെട്ടിലൂടെ ഇറങ്ങിയാലാണ് ഭൂമിക്കടിയിലെ ജലോപരിതലത്തില്‍ എത്തുക. ഗുഹയുടെ ഉള്‍പ്പിരിവുകളില്‍ നിറഞ്ഞുകിടക്കുന്ന വെള്ളത്തില്‍ ഊളിയിട്ട എറിക് 150ഓളം മീറ്റര്‍ അഗാധതയില്‍ പോയി പരിശോധിച്ചിട്ടും അടിതൊടാനായില്ല. നിഗൂഢതകള്‍ പൊളിക്കാനായില്ല. ശ്വസനോപകരണങ്ങളും പ്രത്യേകതരം ടോര്‍ച്ചു ലൈറ്റുകളും കാമറകളുമൊക്കെയായി എറികും സംഘവും നടത്തിയ മുങ്ങലുകള്‍ ഒരു ഘട്ടത്തിനപ്പുറം കടന്നിട്ടില്ല. 150 മീറ്റര്‍ ആഴത്തിനപ്പുറം അവര്‍ക്ക് സഞ്ചരിക്കാനാവാത്ത വിധം അപകടമേഖലകളുടെ സാന്നിദ്ധ്യം പലപ്പോഴും പിന്തിരിയാന്‍ പ്രേരിപ്പിച്ചു.

പിന്‍റും പാറ്റേഴ്സുമാണ് സൗദിയിലെ ചുണ്ണാമ്പ് ഗുഹകളെ കുറിച്ച് ഗൗരവത്തില്‍ പഠനം നടത്തിയത്. 1983ല്‍ റിയാദ് നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ വടക്ക് കിഴക്കന്‍ ഭാഗത്ത് കണ്ടത്തെിയ ദാഹുല്‍ സുല്‍ത്താനാണ് കണ്ടതില്‍ വെച്ചേറ്റവും വലിയ ഗുഹ. മഴക്കാലത്ത് മാത്രം വെള്ളം നിറയുന്ന ഗുഹയാണിത്. കിലോമീറ്ററുകളോളം ഉടല്‍നീളമുള്ള ആ ഗഹ്വരത്തിന്‍െറ അവസാനം എവിടെയാണെന്ന് കണ്ടത്തൊനായിട്ടില്ല. വെള്ളമില്ലാത്ത കാലങ്ങളില്‍ ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് നടക്കാന്‍ കഴിയുന്നത്ര ഇടുങ്ങിയ ഗുഹാന്തര്‍ നാളിയിലൂടെ നീങ്ങിയാല്‍ കാണുന്ന ചുണ്ണാമ്പ് കല്ലുകളുടെ സ്തൂഭങ്ങളും ശില്‍പങ്ങളും വിസ്യമിപ്പിക്കുന്ന കാഴ്ചാനുഭവമാണെന്ന് പിന്‍റും പാറ്റേഴ്സും എഴുതിയിട്ടുണ്ട്. വലുപ്പം കൊണ്ടാണ് ദാഹ്ല്‍ സുല്‍ത്താന്‍ - ഗുഹകളുടെ സുല്‍ത്താന്‍ - എന്ന് ഇവര്‍ പേര് ചൊല്ലി വിളിച്ചത്.
ദശലക്ഷക്കണക്കിന് വര്‍ഷങ്ങളിലെ പ്രകൃതിയുടെ പരിണാമങ്ങള്‍ക്കിടയില്‍ ബാക്കിയായ ഈ ഗുഹകളില്‍ ഐന്‍ ഹീത്ത് സ്ഥിരമായ ജലസാന്നിദ്ധ്യം കൊണ്ട് തന്നെ വ്യത്യസ്തമാണ്. ഈ പ്രത്യേകതയാണ് എറികിനെ ആകര്‍ഷിച്ചത്. ഒരു ‘കേവ് ഡൈവര്‍’ എന്ന നിലയില്‍ തന്‍െറ താല്‍പര്യത്തിന് ഏറ്റവും യോജ്യം ഐന്‍ ഹീത്താണെന്ന് കണ്ടത്തെിയതോടെ അവിടെ മുങ്ങി പര്യവേഷണം നടത്തല്‍ എറിക് ഒരു അനുഷ്ഠാനം പോലെ പതിവാക്കി.

ഐന്‍ ഹീത്തിന്‍െറ ചരിത്രം

1994ലാണ് പിന്‍റിനും പാറ്റേഴ്സണുമൊപ്പം എറിക് ഈ ഗുഹയില്‍ എത്തുന്നത്. സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലത്ത് തന്നെ ഈ ഗുഹ കണ്ടത്തെിയിട്ടുണ്ട്. 1938ല്‍ ഈ ഗുഹ കാണാന്‍ കിഴക്കന്‍ പ്രവിശ്യയിലെ അരാംകോ സൈറ്റുകളിലുണ്ടായിരുന്ന എണ്ണപര്യവേക്ഷകരെ രാജാവ് ക്ഷണിച്ചിട്ടുണ്ട്. പ്രകൃതി പ്രതിഭാസങ്ങള്‍ മരുഭൂമിക്കടിയില്‍ ഒളിപ്പിച്ചിട്ട പലവിധ നിക്ഷേപങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ ഇത്തരം ഗുഹകള്‍ക്കും അതിലെ ചുണ്ണാമ്പിനും ജലത്തിനും ഫോസിലുകള്‍ക്കുമെല്ലാം അത്രമേല്‍ പ്രാധാന്യമുണ്ടെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു. ഈ ഗുഹകളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍ അരാംകോ വേള്‍ഡ്, സ്കൂബ ക്ളബ് ന്യൂസ് മാഗസിനുകളിലെല്ലാം പിന്നീട് ധാരാളമായി പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.
അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലത്ത് ഐന്‍ ഹീത്തില്‍ നിന്ന് നഗരാവശ്യത്തിനുള്ള വെള്ളമെടുത്തിരുന്നു. വെള്ളം നിറച്ച വീപ്പകളും മറ്റും ഒട്ടകങ്ങളുടെ പുറത്തുകയറ്റിയാണ് കൊണ്ടുപോയിരുന്നത്. പിന്നീട് വെള്ളം മോട്ടോര്‍ ഉപയോഗിച്ചും പമ്പ് ചെയ്തിരുന്നു. അതിന് വേണ്ടി പണിത പമ്പ് ഹൗസ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്.

ക്ളോറിനൈസ് ചെയ്ത വെള്ളത്തിന്‍െറ രുചിയാണ് ഐന്‍ ഹീത്തിലെ ജലത്തിനുള്ളത്. വെള്ളത്തില്‍ അലിഞ്ഞുചേരുന്ന കുമ്മായ കല്ലുകളാണ് നിറയെ. കുമ്മായ കല്ലുകളുടെ വെണ്‍മയില്‍ഇളം പച്ച വര്‍ണത്തിലുള്ള കണ്ണാടി പ്രതലമാണ് ജലാശയത്തിന്. ആ കാഴ്ച ഹൃദ്യമാണ്. സുഖദമായ കുളിര്‍മയും വെള്ളത്തിനുണ്ട്. ഒന്നു മുങ്ങിക്കുളിക്കാന്‍ തോന്നിപ്പോകും. നീന്തല്‍ പരിശീലനവും സാഹസിക മനോഭാവവും കൈമുതാലയവര്‍ക്ക് മാത്രം ചാടിമറിഞ്ഞ് ആസ്വദിക്കാം. അത്തരം ആവേശ ചെറുപ്പങ്ങള്‍ ധാരാളം ഇവിടെയത്തെുന്നുണ്ട്. അപ്പോഴും ഓര്‍മയിലുണ്ടാവണം, 150 മീറ്ററും കടന്ന് അഗാധതയിലേക്ക് ആണ്ടുപോകുന്ന നിഗൂഢതയാണ് ഐന്‍ ഹീത്തിന്‍െറ യഥാര്‍ത്ഥ ആഴം.
ഒരു പിക്നിക് സ്പോട്ട് എന്ന നിലയില്‍ വികസിപ്പിച്ചെടുക്കാന്‍ സാധ്യതകള്‍ ആരാഞ്ഞുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

നജിം കൊച്ചുകലുങ്ക്

(ഗള്‍ഫ് മാധ്യമം ചെപ്പ് വാരപ്പതിപ്പ്)