Tuesday, September 25, 2012

ഓര്‍ക്കാന്‍ എനിക്കുമുണ്ട് ഒരു കാരണം

പലനാള്‍ ഉടക്കിട്ടതിന് ശേഷം മരണവുമായി തിലകന്‍ ഒത്തുതീര്‍പ്പിലത്തെിയിരിക്കുന്നു. അങ്ങിനെയൊന്നിനും പെട്ടെന്ന് വഴങ്ങികൊടുക്കാത്ത അദ്ദേഹം മരണത്തേയും കുറെക്കാലം കളിപ്പിച്ചുനിറുത്തി. മരണം വാപൊളിച്ചുനിന്നിടത്തുനിന്നെല്ലാം ‘അമ്മ’യോട് വഴക്കിട്ട കുട്ടിയെ പോലെ അദ്ദേഹം കുതറിമാറി. അല്ളെങ്കില്‍ മരണം അദ്ദേഹത്തെ തൊടാന്‍ മടിച്ചുനിന്നു. ആരൊക്കെ വിലക്കിയാലും ഞാന്‍ അഭിനയിക്കും എന്ന് ദൃഢനിശ്ചയം ചെയ്തതുപോലെ മരണമേ, നിനക്ക് തരാന്‍ എന്‍െറ കൈയ്യിലിപ്പോള്‍ കാള്‍ ഷീറ്റില്ളെന്ന് തുറന്നുപറഞ്ഞിരിക്കണം നേരത്തെ ക്ഷണമത്തെിയിരുന്നപ്പോഴെല്ലാം. ഏതായാലും അത് സംഭവിച്ചു. ഇനിയില്ല.

ഒടുവില്‍ മരണവുമായി ഒരു സന്ധിയാവാമെന്ന ആലോചനയില്‍ ആശുപത്രി കിടക്കയില്‍ ശരീരം അവശതപ്പെടുമ്പോഴും അഭിനയത്തെ കുറിച്ച് ആരോ ഒന്നുറക്കെ പറഞ്ഞത് ആ അര്‍ധ ബോധത്തിലുമുണര്‍ത്തിയ വലിയ തിരയിളക്കത്തെ കുറിച്ച് കേട്ടതോര്‍ക്കുന്നു. അഭിനയത്തോടുണ്ടായിരുന്നത് അടങ്ങാത്ത ആര്‍ത്തി. അത് നിഷേധിക്കപ്പെടുമ്പോഴാണ് അദ്ദേഹം കലാപകാരിയായി മാറിയിരുന്നത്. നിലപാടുകള്‍. വിവാദങ്ങള്‍. അതുയര്‍ത്തിയ കൊടുങ്കാറ്റുകള്‍. അഭിനയത്തിലെ അതേ സൂക്ഷ്മത നിലപാടുകളിലും അഭിപ്രായ പ്രകടനങ്ങളിലും പാലിച്ചിരുന്നു. അതുകൊണ്ടാണ് ഒരു തിരുത്തലോ നയമാറ്റമോ അദ്ദേഹത്തില്‍നിന്ന് സംഭവിക്കാതിരുന്നത്.

ഏറെ സൂക്ഷ്മതയോടെ, മുന്നൊരുക്കത്തോടെയാണ് കഥാപാത്രങ്ങളിലേക്കുള്ള വേഷപ്പകര്‍ച്ചയെന്ന പോലെ അഭിപ്രായ പ്രകടനങ്ങളും അദ്ദേഹം നടത്തുന്നതെന്ന് നേരിട്ട് ബോധ്യപ്പെടാനൊരു അവസരമുണ്ടായത് ഇപ്പോള്‍ ഓര്‍മയിലത്തെുന്നു. അഭ്രപാളിക്ക് പുറത്ത് ആദ്യം കണ്ടതും ആദ്യവും അവസാനവുമായി അദ്ദേഹത്തിന്‍െറ ഒരു വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്തതും 2012 ഫെബ്രുവരിയില്‍ റിയാദ് നാടക വേദി ആന്‍റ ചില്‍ഡ്രന്‍സ് തിയേറ്ററിന്‍െറ രണ്ടാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ റിയാദിലത്തെിയപ്പോഴാണ്.

കാരിരുമ്പിന്‍െറ കരുത്തുറ്റ കഥാപാത്രങ്ങളായി മനസിലെ ആകാശം മുട്ടിനിന്ന ആ മഹാനടന്‍െറ യഥാര്‍ഥ ആകാരം മുന്നില്‍ മുഖത്തെ നരച്ചരോമങ്ങളുടെ ധവളപ്രകാശത്തോടൊപ്പം മന്ദഹസിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ വിസ്മയിച്ചുപോയി. ആരോഗ്യനിലയിലെ അവശത ആ ചെറിയ ശരീരത്തെ ഒന്നുകൂടി ദുര്‍ബലപ്പെടുത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തിനായി ഒരുക്കിയ മേശക്കരുകിലേക്ക് നടക്കുമ്പോള്‍ ശോഷിച്ച കാലുകളില്‍ ആ ശരീരം ഒന്നുവേച്ചിരുന്നോ!സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പക്ഷെ, തിരയില്‍ കണ്ട് പരിചയിച്ച ആ തിലകന്‍ തന്നെയായിരുന്നു ആ അതിഗാംഭീര്യത്തോടെ മുന്നിലിരുന്നത്. വാര്‍ത്താസമ്മേളനമെന്ന കാര്യം പോലും മറന്ന് എല്ലാവരും ആ വലിയ പ്രഭാഷകന്‍െറ മുന്നിലെ അച്ചടക്കം പാലിച്ച ശ്രോതാക്കളായി. സമയം പോയതറിഞ്ഞില്ല. മധുരമിഠായി അലിഞ്ഞുതീരും വേഗത്തിലാണ് ആ ഒന്നര മണിക്കൂര്‍ തീര്‍ന്നത്. അപ്പോള്‍ മാത്രമാണ് വന്ന ദൗത്യത്തെ കുറിച്ചോര്‍മ വന്നത്. പ്രഭാഷണത്തിന്‍െറ മഴവെള്ളപ്പാച്ചിലിനിടയില്‍ തുണ്ടുപേപ്പറുകളില്‍ കോരിയെടുക്കാനായതിന്‍േറയും മൊബൈല്‍ ഫോണില്‍ ശേഖരിക്കാനായ വോയ്സിന്‍േറയും ധൈര്യത്തില്‍ മടങ്ങാനൊരുങ്ങുമ്പോള്‍ സഹപ്രവര്‍ത്തകരിലൊരാള്‍ ഓര്‍മപ്പെടുത്തി. അതിലുള്ളത് പലതവണ കേട്ടും വായിച്ചും ഉറപ്പുവരുത്തിയിട്ട് മതി കേട്ടോ...


മേശക്കപ്പുറം വന്നിരുന്ന അദ്ദേഹം വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് തൊട്ട് മുമ്പ് ഒരു ചെറിയ കാമറ കൊണ്ട് മുന്നിലിരുന്ന മുഴുവന്‍ മാധ്യമപ്രതിനിധികളുടേയും ഫോട്ടോയെടുത്തിരുന്നു. അതെന്തിനാവുമെന്ന സംശയത്തോടെയും കൗതുകത്തോടെയും നോക്കിയിരിക്കുമ്പോള്‍ അടുത്തിരുന്നയാള്‍ ചെവിയില്‍ പറഞ്ഞു, ഫോട്ടോ മാത്രമല്ല, ശബ്ദം റെക്കോര്‍ഡ് ചെയ്യാറുണ്ടെന്നും കേട്ടിട്ടുണ്ട്. പറയാത്ത കാര്യങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തുവരാതിരിക്കാനുള്ള മുന്‍ കരുതലാണത്... ഒരാളുടെ അഭിപ്രായവും നിലപാടും അത്രമേല്‍ സൂക്ഷ്മതയോടെ പരിപാലിക്കേണ്ടതാണെന്ന ആ നേരറിവ് അദ്ദേഹത്തോടുള്ള ആദരവിനെ വളര്‍ത്തി. തെറ്റിക്കാന്‍ ഒരു ചെറിയ ശ്രമം പോലും ചുറ്റുപാടില്‍നിന്നുണ്ടാവരുതെന്ന ആ ജാഗ്രത മാതൃകയാണെന്നും തോന്നി.

Photos by Shakeeb Kolakkadan