Friday, May 22, 2009

ബ്ലോഗറമ്മൂമ്മ മരിയ അമേലിയ ലോപസ് യാത്രയായി


ലോകബ്ലോഗിംഗ് രംഗത്തെ മുത്തശãി മരിയ അമേലിയ ലോപസ് (97) ഗലിസിയയിലെ വസതിയില്‍ അന്തരിച്ചു. രണ്ടു വര്‍ഷം മുമ്പാണ് മരിയ മുത്തശãി ബ്ലോഗ് എഴുത്തു തുടങ്ങിയത്. അന്താരാഷ്ട്ര വിഷയങ്ങളും സ്പാനിഷ് രാഷ്ട്രീയവുമായിരുന്നു ഇഷ്ടവിഷയങ്ങള്‍. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഈയിടെ എഴുത്തു നിര്‍ത്തി. അടുത്ത കാലത്തായി സ്വന്തം വീഡിയോ ചിത്രങ്ങളാണ് അവര്‍ പോസ്റ്റ് ചെയ്തിരുന്നത്. 95ാം ജന്മദിന ഉപഹാരമായി പേരക്കുട്ടിയാണ് മരിയക്ക് ബ്ലോഗ് നിര്‍മിച്ചുനല്‍കിയത്. (amis95@blogsopt.com) ജീവിക്കുന്ന ലോകത്തോടും കാലത്തോടുമുള്ള പ്രതികരണങ്ങളായിരുന്നു മുത്തശãിയുടെ ബ്ലോഗ്. ലോകരാഷ്ട്രീയ ഗതിവിഗതികള്‍ തന്റേതായ തമാശ കലര്‍ത്തി അവര്‍ പകര്‍ത്തി. ബ്ലോഗ് രചനകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ മരിയയെ തേടി രാജ്യാന്തര അവാര്‍ഡുകള്‍ വരെ എത്തി. സ്പെയിന്‍ പ്രധാനമന്ത്രി ഈയടുത്ത് അവരെ സന്ദര്‍ശിക്കാനെത്തി. മൂന്നു മാസങ്ങള്‍ക്കുമുമ്പ് അവസാന പോസ്റ്റില്‍ അവര്‍ പറഞ്ഞു: 'ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ ഞാന്‍ വാര്‍ധക്യം മറക്കുന്നു. മനുഷ്യരുമായി സംവദിക്കാന്‍ ഇതേറെ ഗുണകരണമാണ്. മസ്തിഷ്കത്തെ ഇത് ഉണര്‍ത്തുന്നു. ഉള്ളിലെ കരുത്തു പുറത്തുകൊണ്ടുവരുന്നു'.
'മാധ്യമം' 23/05/09

Sunday, May 17, 2009

രാഷ്ട്രീയേതരമായ ജനവിധി


രാഷ്ട്രീയതയെ അട്ടിമറിച്ച ജനവിധിയാണ് 15ാമത് ലോകസഭാ തെരഞ്ഞെടുപ്പിലേത്. അരാഷ്ട്രീയരായ മധ്യവര്‍ഗം നിര്‍ണയിച്ച വിധി. ഇന്നലെകളുടെ അനുഭവപാഠങ്ങളെ ഗൌനിക്കാത്ത, നാളെയെ കുറിച്ച് ചിന്തിച്ച് സമയം കളയാനിഷ്ടപ്പെടാത്ത, 'ഇന്ന്' എന്നത് മാത്രമാണ് ജീവിതമെന്ന് വിശ്വസിച്ച് അതിന്റെ ഭോഗതൃഷ്ണകളെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടി സസുഖം ജീവിച്ചുപോകാനാഗ്രഹിക്കുന്ന ഒരു വലിയ മധ്യവര്‍ഗം. അവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ ഓരോ മണ്ഡലങ്ങളിലും നിര്‍ണായക ശക്തിയായി മാറുന്നത്, പ്രത്യേകിച്ച് ഒരു രാഷ്ട്രീയ നയനിലപാടുകളോടും വിശ്വാസദൃഢതയോ പ്രതിബദ്ധതയൊ ഇല്ലാത്ത ഈ ആള്‍ക്കൂട്ടമാണ്. തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനുള്ള ഉപകരണങ്ങളായി മാത്രം രാഷ്ട്രീയപാര്‍ട്ടികളെ കാണുന്നവര്‍. അവര്‍ നിര്‍ണായക ശക്തിയായി മാറുമ്പോള്‍ ഇനി ഒരു രാഷ്ട്രീയ ചേരിക്കും അധികാരം കുത്തകയാക്കാനാവില്ല.
ശശി തരൂര്‍ ജയിച്ചുകയറി വിദേശകാര്യ മന്ത്രിയായി ഇന്ത്യയെ കൂടുതല്‍ കൂടുതല്‍ സാമ്രാജ്യത്ത ദാസ്യത്തിലേക്ക് കൊണ്ടുപോകുമെന്ന നാളെയുടെ ഭയാശങ്കകളെ പ്രതി ഇന്നേ തല ചൂടാക്കുന്നതെന്തിനെന്ന് ചോദിക്കുന്നവര്‍. ഇത്രയും ഗ്ലാമറസായ, തികച്ചും ആധുനികനായ ഒരു വിശ്വപൌരന്‍ തന്നെയല്ലെ തങ്ങളെ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്യേണ്ടതെന്ന ചോദ്യത്തിന് സാധുത നല്‍കാന്‍ 99998ന്റെ ഭൂരിപക്ഷം പോരെയെന്ന് നിവര്‍ന്നു നിന്ന് ചോദിക്കാന്‍ കെല്‍പ്പുള്ളവര്‍. ശശി തരൂരിന്റെ ഇന്നലെകളിലെ രാഷ്ട്രീയ നിലപാടുകളൊ കക്ഷി രാഷ്ട്രീയ പ്രതിബദ്ധതയൊ പ്രവര്‍ത്തന പാരമ്പര്യമൊ എന്തായിരുന്നുവെന്ന് അന്വേഷിക്കാനൊ അറിയാനൊ ഈ സമ്മര്‍ദ്ദ ഭൂരിപക്ഷത്തിന് യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. ഇനി നാളെ എന്തായി മാറുമെന്നും അറിയേണ്ടതില്ലായിരുന്നു. 'ഇന്നെന്ത്' എന്നത് മാത്രമായിരുന്നു അവര്‍ക്ക് പ്രധാനം. തങ്ങളുടെ പ്രാതിനിധ്യത്തിന് താരപരിവേഷം നല്‍കാന്‍ പോന്ന ഒരു 'കാല്‍പനിക' നായകനാണോ എന്ന ഉപരിപ്ലവമായ പരിഗണന മാത്രം.
സാമാന്യവത്കരണമല്ല, മുഴുവന്‍ മണ്ഡലങ്ങളിലേയും ജനവിധി ഈ വിധത്തിലാണെന്ന് അര്‍ഥവുമില്ല. എന്നാല്‍ സുക്ഷ്മമായി വിലയിരുത്തിയാല്‍ പല വിജയങ്ങള്‍ക്ക് പിന്നിലും ഈ മധ്യവര്‍ഗത്തിന്റെ നിര്‍ണായക പങ്ക് വേര്‍തിരിച്ചെടുക്കാന്‍ കഴിയും. രാഷ്ട്രപുനഃനിര്‍മ്മാണ പ്രക്രിയ മധ്യവര്‍ഗ താല്‍പര്യത്തിനനുസരിച്ചായിപ്പോകുമൊയെന്ന വലിയ ആശങ്കകള്‍ക്കിടയിലും ചില ഗുണഫലങ്ങളുണ്ടായത് കാണാതിരിക്കാനാവില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചിരുന്ന വര്‍ഗീയത എന്ന ഭീകരസത്വത്തിന്റെ പല്ലുകൊഴിക്കാന്‍ കഴിഞ്ഞെന്നത് അത്ര ചെറിയകാര്യമല്ല. എന്നാല്‍ വര്‍ഗീയത പോലുള്ള കടുത്ത വികാരങ്ങളെ അതിജയിക്കാന്‍ പോന്ന 'ജീവിതാസക്തി'യുടെ ലോല വികാരം മാറി ചിന്തിക്കാന്‍ ഈ മധ്യവര്‍ഗത്തെ പ്രേരിപ്പിച്ചു. എന്തായാലും വൈകാരികതകളെ വോട്ടാക്കിമാറ്റാന്‍ ശ്രമിച്ചവരുടെ അജണ്ടകള്‍ തകര്‍ന്നത് ആശ്വാസകരമാണ്. തമിഴ്നാട്ടില്‍ കരുണാനിധി പയറ്റിയതൊഴികെ, ഒരു തരത്തിലുള്ള വൈകാരിക ഘടകവും ഈ തെരഞ്ഞെടുപ്പില്‍ അടിയൊഴുക്കുപോലുമായിട്ടില്ല. അതുകൊണ്ടാണ് പ്രാദേശിക കക്ഷികളുടെ താല്‍പര്യങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കാതിരുന്നിട്ടും, സിഖ് കൂട്ടക്കൊലയുടെ പേരില്‍ ചെരുപ്പേറ് വാങ്ങിയിട്ടും കോണ്‍ഗ്രസിന് വിജയ കുതിപ്പ് നടത്താനായത്. മഅ്ദനി തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെ വൈകാരിക വൈഖരികളില്‍ ശ്രുതി മീട്ടിയിട്ടും പിണറായി വിജയന് താളംപിഴച്ചതും അതുകൊണ്ടാണ്.
പ്രയോജനവാദം ബദല്‍ രാഷ്ട്രീയ ചിന്താധാരയായി അവതരിപ്പിക്കപ്പെടുകയാണ്. യഥാര്‍ഥത്തില്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പിലുയര്‍ത്തിയ 'സുഖാനുഭൂതി' എന്ന മുദ്രാവാക്യം 'വര്‍ക്കൌട്ടായത്' ഇപ്പോഴാണ്. ആണവോര്‍ജ്ജം നമ്മുടെ പല തലമുറകളുടെ സുഖസൌകര്യങ്ങള്‍ക്കായുള്ള ഊര്‍ജ്ജാവശ്യം പരിഹരിക്കുമെന്ന് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നല്‍കിയ സുന്ദരപ്രതീക്ഷയില്‍ രമിച്ചുപോയ മധ്യവര്‍ഗം നിര്‍ണായക ശക്തിയാകുമ്പോള്‍ വിധി മറിച്ചാവില്ല. അതുകൊണ്ടാണ് 'വാജ്പേയി'യുടെ അഭാവം പരാജയത്തിന് കാരണമായെന്ന് ബി.ജെ.പി പരിഭവപ്പെട്ടതും 'മോഡി'യെ തള്ളിപ്പറഞ്ഞതും.
മധ്യവര്‍ഗത്തിന്റെ സുഖാനുഭൂതിയാണ് രാഷ്ട്രത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന അവസ്ഥയിലേക്ക് ജനാധിപത്യത്തിന്റെ കാതലായ ക്ഷേമരാഷ്ട്ര സങ്കല്‍പം ചെന്നെത്തുന്നതുവരെ തല്‍ക്കാലം കുഴപ്പമൊന്നുമില്ല. കുഴപ്പമുണ്ടെന്ന് വിളിച്ചുകൂവി ബഹളമുണ്ടാക്കി വഴിയിലുപേക്ഷിച്ചുപോകാതെ ഇടതുപക്ഷമാകട്ടെ ജനതയെ രാഷ്ട്രീയ വിദ്യാഭ്യാസം ചെയ്യിക്കാന്‍ മുതിരാതിരുന്നത് മൂന്നാം ബദലെന്ന അവകാശവാദം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പതറുന്ന പ്രകാശ് കാരാട്ടിന്റെ ദൈനീയ ചിത്രം പോലെയാക്കി.
ഇടതുപക്ഷത്തിന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചതിനും മധ്യവര്‍ഗത്തിന്റെ സ്വാധീനമുണ്ട്. കുമ്പിളില്‍ വിളമ്പിക്കിട്ടിയ കഞ്ഞികൊണ്ട് പശിയകറ്റിയിരുന്ന 'കോരന്' ഇന്ന് കാറായതും വലിയ വീടായതും മധ്യവര്‍ഗ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയതും അറിയാതെ പോയത് അവന് വേണ്ടി പോരാടിയിരുന്ന ഇടതുപക്ഷം മാത്രമാണ്. കോരന്റെ മാറിയ സാഹചര്യത്തില്‍ മാറ്റം ഉള്‍ക്കൊണ്ട് അവനെ രാഷ്ട്രീയ വിദ്യാഭ്യാസം ചെയ്യിക്കാന്‍ ഇവര്‍ക്കായില്ല. പകരം കോരനെക്കാള്‍ വേഗത്തില്‍ ജീവിതത്തിന്റെ പ്രലോഭനീയതയില്‍ വീണ 'ബി.എസും', 'എല്‍.എസും', 'ഏ.എസു'മൊക്കെ 'ടാറ്റ^എ.ഐജി' പോളിസികള്‍ വില്‍ക്കാന്‍ ടാറ്റാ ഇന്‍ഡിക്ക കാറില്‍ പണച്ചാക്കുകളെ തേടി നടക്കാന്‍ തുടങ്ങി. കോരന്‍ ഇപ്പോഴും പഴയ അവസ്ഥയിലാണെന്ന ധാരണയില്‍ കഴിയുന്ന 'പഴഞ്ചന്മാ'രാകട്ടെ നിസഹരണ സമരത്തിന്റെ ഭാഗമായി പാലം വലിച്ചപ്പോള്‍ കേരളത്തില്‍ 18 എന്നത് നാലെന്ന ഒറ്റയക്കത്തിലേക്ക് ചുരുങ്ങുകയും ചെയ്തു.

Thursday, May 7, 2009

ഒളിച്ചുപിടിക്കുന്നത്

വേശ്യ
ചേറുപിടിച്ച വാററ്റുതുടങ്ങിയ
തേഞ്ഞ ഒരു ജോഡി ചെരുപ്പാണ്

അത്
മനോഹരമായ വീട്ടകത്തിലെ
മാലിന്യങ്ങള്‍ക്കുമീതേ
കക്കൂസെന്ന സ്വര്‍ഗത്തിലേക്കുള്ള
പാദരക്ഷയാണ്

ചെരുപ്പുകളുടെ
കരിമ്പനടിച്ച മേനിയിലേക്ക്
പാദങ്ങള്‍ തിരുകുമ്പോള്‍ മാത്രം
രാജാവും ഭൃത്യനും
പ്രോട്ടോക്കോള്‍ നോക്കാറില്ല

വാററ്റു തൂങ്ങിയാല്‍ തുന്നിച്ചേര്‍ക്കും
ഞരമ്പ് തെളിഞ്ഞ് ആത്മാവില്‍
തുള വീണാല്‍ കണ്ടില്ലെന്ന് നടിക്കും
അതിഥികള്‍ കാണാതിരിക്കാന്‍
അലക്ഷ്യമായി മുറിയുടെ മൂലയിലേക്ക്
ഇടം കാലുകൊണ്ട് തട്ടിനീക്കും

ആവശ്യം അടിവയറ്റില്‍ പെരുമ്പറ
മുഴക്കുമ്പോള്‍ മാത്രം
കരുതലോടെ
വലം കാലുകൊണ്ട് നീക്കിയിട്ട്
അതില്‍ കയറി
സ്വര്‍ഗത്തിലേക്ക് യാത്രയാവും