Friday, January 16, 2015

കറുത്തവന്‍െറ ‘ലുക്കില്ലായ്മ’യിലേക്കുള്ള സവര്‍ണ നോട്ടങ്ങള്‍


കുറച്ചു മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ നടന്‍ സലിം കുമാറിന് ഇന്ത്യയിലെ മികച്ച അഭിനേതാവിനുള്ള പുരസ്കാരം ലഭിക്കുന്നതിന് തൊട്ടു മുമ്പ്. ഒരു ഈ മെയില്‍ ഫോര്‍വേഡ് ചെയ്തുകിട്ടി. ഹോട്ട് ന്യൂസ് എന്ന സബ്ജക്ട് ലൈനിന് താഴെ ‘സലീം കുമാറിന്‍െറ സഹോദരിയെ ആഫ്രിക്കയില്‍ കണ്ടത്തെി’ എന്ന ഒറ്റവരി സചിത്ര സന്ദേശം. ചിത്രത്തിലെ രണ്ട് സ്ത്രീകളില്‍ ഒരാള്‍ മുഖകണ്ണട വെച്ച, കറുത്തു തടിച്ച സ്ത്രീ. ആ സ്ത്രീക്ക് സലീം കുമാറിന്‍െറ മുഖഛായയുണ്ടെന്ന് ഈമെയില്‍ സന്ദേശത്തിന്‍െറ നിര്‍മാതാവ് പറഞ്ഞതുകൊണ്ട് അങ്ങനെ തോന്നി.
കരിക്കട്ട പോലെ കറുത്തവരുടെ, ചുണ്ടു തടിച്ചവരുടെ, മുടി ചുരുണ്ടവരുടെ, സര്‍വോപരി ആധുനിക സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായ രൂപമുള്ളവരുടെ നാടാണെന്ന തോന്നലുള്ളതുകൊണ്ടാണ് കറുത്തവരെ കളിയാക്കുമ്പോള്‍ ആഫ്രിക്ക കടന്നുവരുന്നത്. അത്തരത്തിലൊരു സ്ത്രീയുടെ പടം കിട്ടിയപ്പോള്‍ ഒരു സൈബര്‍ കുഞ്ചന്‍ നമ്പ്യാര്‍ക്ക് തോന്നിയ വികൃതിയായിരുന്നു ആ മെയില്‍. അത് കണ്ടവര്‍ സലീം കുമാറിന്‍െറ ഒരു സിനിമാ കോമഡി കണ്ടതുപോലെ മനസറിഞ്ഞ് ചിരിച്ചു. ഈ മെയിലുണ്ടാക്കിയവനും ഫോര്‍വേഡ് ചെയ്തവരും അത്രയേ ഉദ്ദേശിച്ചിട്ടുണ്ടാവൂ, ഒരു നേരം പോക്ക്!
എന്നാല്‍,ചിന്തയില്‍ അല്‍പമൊരു കാടുകയറ്റം നടത്തിയാല്‍ നേരംപോക്കിന്‍െറ കുറ്റിക്കാടുകള്‍ക്കിടയിലും ചില വിഷമുള്ള ഇനങ്ങള്‍ പതുങ്ങിക്കിടക്കുന്നത് കാണാം. സലീം കുമാറും ആ സ്ത്രീയും തമ്മില്‍ വാസ്തവത്തിലെന്ത്? കേരളത്തിലെ സലീം കുമാറും ആഫ്രിക്കയിലെ ആ സ്ത്രീയും തമ്മില്‍ ഒരു ബന്ധവുമില്ല. പിന്നെ എന്തിനാണ് ഇങ്ങിനെയൊരു മെയില്‍. തമാശക്കു വേണ്ടിയാണോ! എങ്കില്‍ എന്താണ് ഇതില്‍ തമാശയായുള്ളത്? കറുത്തവനായ സലീം കുമാറിന്‍െറ രൂപസാദൃശ്യം അതിനെക്കാള്‍ കറുത്തിരുണ്ട ഒരു സ്ത്രീയില്‍ ആരോപിക്കുന്നു. ജനിതകമായ ചില രൂപ സാദൃശ്യങ്ങളില്‍ പിടിച്ചൊരു കളി. കളിയാക്കല്‍. അതില്‍ വിടരുന്ന ഒരു വലിയ പൊട്ടിച്ചിരി. നിറം കെട്ടവന്‍െറ ‘ലുക്കില്ലായ്മ’യിലേക്ക് നോക്കി സവര്‍ണന്‍െറ പരിഹാസ ചിരി.
വാസ്തവത്തില്‍ സലിം കുമാറിനെ അപമാനിക്കുകയായിരുന്നു ആ മെയില്‍. തന്‍െറ ഒരു സഹോദരിയെ ആഫ്രിക്കയില്‍ കണ്ടല്ളോ എന്ന് പറയുമ്പോള്‍ അതിലൊളിഞ്ഞിരിക്കുന്ന പരിഹാസം തന്തക്ക് പറയലാണ്. അപരനെ കളിയാക്കുമ്പോള്‍ കിട്ടുന്ന ഒരു ആത്മസുഖമാണ് മെയിലിന്‍െറ ഉപജ്ഞാതാവും സഹപ്രചാരകരും ആസ്വദിച്ചത്.
ഇപ്പോള്‍ ഇത് ഓര്‍മിപ്പിച്ചത്, ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങളാണ്. വര്‍ണവെറിയുടെയും ഉച്ചനീചത്വങ്ങളുടെയും കടുത്ത ചര്‍മ രോഗങ്ങളാല്‍ കേരളീയ സമൂഹത്തിന്‍െറ പ്രബുദ്ധതയെന്ന ശരീരമിനുപ്പില്‍ തെളിഞ്ഞുകണ്ട ചില തിണര്‍പ്പുകള്‍.
'കാശില്ലാത്ത പുലയരൊക്കെ എന്തിന് ബിസിനിറങ്ങി?'
കറുത്ത തൊലിയുള്ളവളായതുകൊണ്ട് ഒരു നവ സംരംഭകക്ക് നേരിട്ട ദുരനുഭവം എറണാകുളത്ത് തിരുമാറാടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോ ലോഡ്ജില്‍ നിന്നാണ്. യുവ വനിത സംരംഭകയായ സൗമ്യ ദേവിയെ ജാതി, വര്‍ണ വെറികളാണ് അവളുടെ സ്വപ്നങ്ങളില്‍ നിന്നുപോലും ആട്ടിപ്പായിക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചത്. ‘അഴിമുഖം’ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രാകേഷ് എഴുതുന്നു: എന്തായിരുന്നു സൗമ്യ ചെയ്ത അപരാധങ്ങള്‍? വാടക കുടിശിക വരുത്തി, മേലധികാരികളോടു ധാര്‍ഷ്ഠ്യത്തോടെ പെരുമാറി എന്നതോ? അതോ കാശില്ലാത്തൊരു പുലയ പെണ്‍കുട്ടി ബിസിനസ് ചെയ്യാന്‍ ഇറങ്ങിയതിലെ ശരികേടോ?
താന്‍ കുട്ടിക്കാലം മുതല്‍ താലോലിച്ച ഒരു സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ പരിശ്രമങ്ങള്‍ അവള്‍ കറുത്ത തൊലിയുള്ളവളായിപ്പോയതുകൊണ്ടും അവളൊരു താഴ്ന്ന ജാതിയില്‍ ജനിച്ചുപോയതുകൊണ്ടും തകര്‍ക്കപ്പെട്ടതില്‍ നിന്നും എന്തായിരുന്നു സൗമ്യയുടെ മേലുള്ള യഥാര്‍ഥ കുറ്റമെന്ന് വ്യക്തമല്ളേ.
കേരള സര്‍ക്കാരിന്‍െറ ആദ്യ ഗ്രാമീണ ഐ.ടി സംരഭമായ ടെക്നോ ലോഡ്ജില്‍ നിന്ന് സൗമ്യയെ പുറത്താക്കാനായി നിരത്തിയ കാരണങ്ങള്‍ക്കൊപ്പം ഐ.ടി പാര്‍ക്ക് സി.ഇ.ഒ ആയ രഞ്ജിനി ബ്രറ്റ് വിളിച്ചു പറഞ്ഞതാണ്, ‘കാശില്ലാത്ത പുലയരൊക്കെ എന്തിനാണ് ബിസിനസ് ചെയ്യുന്നത്. വേറെ പണിക്കു പോവരുതോ’ എന്ന്. ജാതിയുടെ ഉയര്‍ച്ചയും നല്ല നിറവുമൊക്കെ തന്നെയാണ് ഇവിടെ ജീവിക്കാനുള്ള അവകാശങ്ങള്‍ നിശ്ചയിക്കുന്നതെന്ന് ഐ.ടി പാര്‍ക്ക് സി.ഇ.ഒയുടെ വാക്കുകള്‍ വ്യക്തമാക്കുകയല്ളേ? പൊതുഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന സര്‍ക്കാര്‍ സെര്‍വന്‍റായ സി.ഇ.ഒ പച്ചക്ക് ജാതി പറയാന്‍ ധൈര്യം കാട്ടുന്നത് സാമൂഹിക പൊതുബോധത്തിന് അത് ‘അക്സപ്റ്റബിള്‍’ ആയതുകൊണ്ടു തന്നെ അല്ളേ?
കോഴിക്കോടിനടുത്ത് പേരാമ്പ്രയില്‍ ഒരു സ്കൂളുമായി ബന്ധപ്പെട്ടുയര്‍ന്ന ‘അയിത്ത’ വാര്‍ത്ത പൂര്‍വാധികം ശക്തിയോടെ തിരിച്ചത്തെിയ സാമൂഹിക ഉച്ചനീചത്വങ്ങളുടെ ഉദാഹരണമാണ്. പേരാമ്പ്ര ഗവണ്‍മെന്‍റ് വെല്‍ഫെയര്‍ എല്‍.പി സ്കൂളില്‍ 12 പേരില്‍ 11 പേരും പറയ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികളാണ്. ഇവര്‍ പഠിക്കുന്നതുകൊണ്ട് മറ്റുവിഭാഗം വിദ്യാര്‍ഥികള്‍ ഈ സ്കൂളില്‍ പഠിക്കാനത്തെുന്നില്ല. ‘പറയന്മാരുടെ സ്കൂള്‍’ എന്നുപറഞ്ഞ് പൊതുസമൂഹം ഈ സ്കൂളില്‍നിന്ന് ‘തീണ്ടാപ്പാടകലെ’ നടക്കുന്നു. സമീപപ്രദേശത്തെ സ്കൂളുകള്‍ ഈ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികളോട് വിവേചനം പുലര്‍ത്തുകയും ചെയ്യുന്നു. രോഗം മൂര്‍ഛിച്ച, തൊലിപ്പുറത്ത് പ്രകടമായ രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണിവ.
മലയാളി മനസിലെ വര്‍ണ വെറിയുടെ ആധിക്യം അറിയണമെങ്കില്‍ സമീപകാലത്ത് ഫേസ്ബുക്കില്‍ തരംഗമായ ഫോട്ടോ കമന്‍റുകളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി. കറുത്ത തൊലിയുള്ളവരുടെ കോമാളി ചിത്രങ്ങള്‍ ‘പോസ്റ്റി’നെ കളിയാക്കാന്‍ വേണ്ടി ഉപയോഗിക്കുകയാണ്. പല്ലുന്തിയ കറുത്ത പെണ്ണ് ഒരുമ്മ തരട്ടെ എന്ന് ചോദിക്കുമ്പോള്‍ വെറുപ്പോടെ മുഖം തിരിച്ചുപോകുന്ന സവര്‍ണ ബോധത്തിന് മനസറിഞ്ഞ് ചിരിക്കാനുള്ള കോമാളി രൂപമായി അത് മാറുന്നു.
പഴയ കാലത്തേക്കാള്‍ ഭീകരതയോടെ തൊലിയുടെ നിറവും ജനിച്ച ജാതിയും വലിയ സാമൂഹിക അളവുകോലുകളായി മാറുകയാണ്. ദ്രാവിഡന്‍െറ ഇരുണ്ട മേനി ഒരു കുറവാണെന്ന് പിള്ളത്തൊട്ടില്‍ മുതല്‍ തുടങ്ങുന്നു. കുട്ടിമേനിയിലേക്ക് കണ്ണെറിഞ്ഞ് നിറം കുറവാണല്ളെ എന്ന് തുടങ്ങുന്ന സഹതാപം വിവാഹ വേദിയില്‍ പരിഹാസമായി മാറും. നിറമില്ലാത്തവള്‍ക്ക് പണമുണ്ടെങ്കില്‍ മാത്രം വൈവാഹിക ഭാഗ്യമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ രൂക്ഷമാണിന്ന്.
ജോലിക്കുള്ള തെരഞ്ഞെടുപ്പിലും നിറം ഒരു ഘടകമാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. പ്രമുഖ കമ്പനിയുടെ സെയില്‍സ്മാന്‍ ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത ഒരു സുഹൃത്ത്, ഇന്‍റര്‍വ്യൂവര്‍ തന്‍െറ മുന്നിലുള്ള ഇവാലുവേഷന്‍ ഷീറ്റില്‍ ‘കാക്ക കറുപ്പ്’ എന്ന് ആംഗലേയത്തില്‍’ കുറിച്ചിടുന്നത് കാണാനിടയായ അനുഭവം പറഞ്ഞിട്ടുണ്ട്. അവിടെ അവസാനിക്കുന്നില്ല അതുക്കും മേലെയാണ് വര്‍ണവെറിയുടെ കടന്നുകയറ്റം. വെള്ളിത്തിരയിലും ഐ.പി.എസിലും വരെ അതുണ്ടെന്ന് അതാത് മേഖലയിലുള്ള പ്രമുഖര്‍ തന്നെ സഹനത്തിന്‍െറ നെല്ലിപ്പലകയില്‍നിന്ന് പൊട്ടിത്തെറിച്ച് നമ്മെ ഞെട്ടിപ്പിച്ചിട്ടുണ്ട്. നടന്‍ കലാഭവന്‍ മണിയും ഡി.ജി.പി ടി.പി സെന്‍ കുമാറുമൊക്കെ അങ്ങിനെ വെട്ടിത്തുറന്നു പറഞ്ഞുപോയവരാണ്.
കറുത്ത ഹാസ്യത്തിന്‍െറ പരിഹാസച്ചിരികള്‍
വീണ്ടും സലീം കുമാറിലേക്ക് വരാം. ഉമ്മന്‍ ചാണ്ടിയുടെ അപരന്മാരെ അമേരിക്കയിലും റിയാദിലും കണ്ടുമുട്ടിയതായിരുന്നു സമീപ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ വലിയ വിശേഷം. കൗതുകത്തിന്‍െറ മധുര പാല്‍ പുഞ്ചിരിയാണ് ആ രൂപ സാദൃശ്യം നമ്മിലുണ്ടാക്കിയത്. അത് ഓമനത്തം നിറഞ്ഞ വാര്‍ത്തയായി മാധ്യമങ്ങള്‍ കൊണ്ടാടുകയും ചെയ്തു. ‘ശരിക്കും ഉമ്മന്‍ ചാണ്ടിയെ പോലെ’ എന്ന് നമ്മള്‍ മനസ് നിറഞ്ഞ് ആഹ്ളാദപൂര്‍വം ചിരിച്ചു. ആദ്യം പറഞ്ഞ സലീം കുമാറിന്‍െറ സഹോദരിയെ ആഫ്രിക്കയില്‍ കണ്ടുമുട്ടിയ വിശേഷത്തിലെ പരിഹാസമല്ല, കൗതുകത്തിന്‍െറ ഓമനത്വമുള്ള പുഞ്ചിരിയാണ് ഉമ്മന്‍ ചാണ്ടിയുടെ അപരന്മാരുടെ വിശേഷങ്ങള്‍ നമുക്ക് സമ്മാനിച്ചത്. നമ്മെ ഉണര്‍വിലും ഉറക്കത്തിലും ഭരിക്കുന്ന സവര്‍ണബോധമാണ് ഈ വിവേചനത്തിന്‍െറയും അടിസ്ഥാനം. ആസ്വാദ്യതയുടെ അളവുകോലും നോക്കൂ, ജനിതകവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു! നിറത്തിന്‍െറ നിറവ് കൗതുകത്തിന്‍െറ മധുര പുഞ്ചിരിയും നിറമില്ലായ്മ കറുത്ത ഹാസ്യത്തിന്‍െറ പരിഹാസ ചിരിയുമാണ് ജനിപ്പിക്കുന്നത്.
ഇത്തരം വര്‍ണവെറിയുടെ ഇരകളുടെ പട്ടികയില്‍ സലീം കുമാര്‍ മാത്രമല്ല ഉള്ളത്. ആവശ്യമുള്ളപ്പോഴൊക്കെ മഹാപ്രതിഭയായി വാഴ്ത്തി ഉപയോഗപ്പെടുത്താറുള്ള ശ്രീനിവാസന്‍ പോലും ഒഴിവല്ല. പരക്കെ സ്വീകാര്യത നേടിയ ‘ശ്രീനിവാസന്‍ കോംപ്ളക്സ്’ എന്ന പ്രയോഗം തന്നെ അതിന് തെളിവാണ്. ജാതിവര്‍ണ ഭേദങ്ങളെ നവോത്ഥാന പരിഷ്കരണ പുരോഗമന വാദങ്ങളുടെ വാള്‍മുനകൊണ്ട് അരിഞ്ഞ് അറബിക്കടലില്‍ തള്ളിയവരാണ് തങ്ങളെന്ന് മേനി നടിക്കുന്ന മലയാളിയുടെ മനസിലൊളിഞ്ഞുകിടക്കുന്ന, ആവശ്യം വരുമ്പോഴെല്ലാം പത്തി വിടര്‍ത്തിയാടുന്ന വര്‍ണവെറിയുടെ സമ്മര്‍ദ്ദമാണ് ഒരു അപകര്‍ഷതാ ബോധത്തിന്‍െറ രക്ഷാകവചത്തിനുള്ളില്‍ കടന്നിരുന്ന് ശ്രീനിവാസന്‍ തന്‍െറ കോമാളി പ്രതിഛായകള്‍ സിനിമയില്‍ നിര്‍മിച്ചുകൊണ്ടിരിക്കാന്‍ പോലും കാരണം. അപ്പോള്‍, ദ്രാവിഡന്‍െറ രക്തബന്ധം ആഫ്രിക്കയിലെ നീഗ്രോകളില്‍ തിരയുന്നതിന് പിന്നില്‍ നേരംപോക്കിനപ്പുറം മറ്റെന്തോ ഉണ്ടെന്ന് വ്യക്തമാണ്.
കണ്ടാല്‍ ലുക്കില്ലാന്നേയുള്ളൂ....
‘കണ്ടാല്‍ ഒരു ലുക്കില്ലന്നെയുള്ളൂ, ഭയങ്കര ബുദ്ധിയാണെ’ന്ന് മീശമാധവനില്‍ മുകുന്ദനുണ്ണി വക്കീല്‍ പറയുമ്പോള്‍ അതിയഭങ്കര ഹാസ്യം കേട്ടതുപോലെ നാം പൊട്ടിച്ചിരിച്ചതും ഹാസ്യം ആസ്വദിക്കുന്നതിന്‍െറ നിഷ്കളങ്കത കൊണ്ടായിരുന്നില്ല. ഏറ്റവും കുറഞ്ഞത് ഒരു വക്കീലിന് പോലും നമ്മുടെ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കനുസരിച്ചുള്ള ഒരു ലുക്കുണ്ടാവണമെന്നും അതില്ളെങ്കില്‍ എത്ര വലിയ പ്രഫഷണലായാലും സാമൂഹികാംഗീകാരം കിട്ടില്ളെന്നുമുള്ള ഒരു പഴഞ്ചന്‍ സവര്‍ണ ചിന്തയെ പൊലിപ്പിച്ചുകാട്ടാനായിരുന്നു സലീം കുമാര്‍ ആ സിനിമയില്‍ ഉപയോഗിക്കപ്പെട്ടത്. എന്നു മാത്രമല്ല കറുത്തവന് ബുദ്ധിയില്ളെന്നും അതുണ്ടായാല്‍ വലിയ തമാശയാണെന്നും ലാല്‍ ജോസ് കുറിക്ക് കൊള്ളും വിധം ചിത്രീകരിച്ച് സ്ഥാപിക്കുകയും ചെയ്തു. കള്ളന്‍ മീശമാധവനെന്ന് നാട്ടില്‍ എല്ലാവരാലും വിളിക്കപ്പെടുന്ന നായകനെ സലീം കുമാറിന്‍െറ കറുത്ത തൊലിയുള്ള മുകുന്ദനുണ്ണിയെക്കൊണ്ട് മാത്രമാണ് ‘മാധവന്‍ നായരെ’ന്ന് വിളിപ്പിക്കുന്നത്. വക്കീലായിട്ടും ലുക്കില്ലാത്തതിനാല്‍ സമൂഹം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത മുകുന്ദനുണ്ണിയെ ‘മാധവന്‍ നായരു’ടെ പിന്നാലെ ഒരു വിധേയ കാവലാളായി ഓടിക്കുന്നതിലെ യുക്തിയും മറ്റൊന്നായിരുന്നില്ല. അത്തരമൊരു ദൗത്യമേല്‍പിച്ചു വിടുന്നതിനിടയിലും മെയ്യഭ്യാസത്തിനിടയിലെ ജോക്കര്‍ കളിപോലെ ചാണകക്കുഴിയില്‍ വീഴ്ത്തി കൊഴുത്ത വിസര്‍ജ്യത്തില്‍ മുക്കിയെടുക്കുന്നുമുണ്ട്!
ലുക്ക് തീരുമാനിക്കുന്നത് ജന്മവിശേഷമാണല്ളൊ. ജന്മസഹജമായ രൂപത്തിലും വര്‍ണത്തിലും പിന്നെ ജീവിച്ചുകൊള്ളാനാണ് ഓരോരുത്തരുടെയും വിധി. ഇതേ ലുക്ക് തീരുമാനിക്കുന്ന ജനിതക വിശേഷമാണ് സമൂഹത്തിലെ ജാതി ഘടനയുടെയും അടിസ്ഥാനം. അപരിഷ്കൃതമായ ജാതീയതയും ആധുനിക സൗന്ദര്യ കല്‍പനകളും ഒരുമിച്ചുചേര്‍ന്ന് ഒരു ദ്രാവിഡനെ കൈകാര്യം ചെയ്യുന്ന വിധമാണ് മീശമാധവനെന്ന സിനിമയില്‍ നാം ഹാസ്യമായി ആവോളം നുകര്‍ന്നത്. അതൊരു മീശമാധവനെന്ന രണ്ടാംതരം കോമഡി സിനിമയില്‍ ആരംഭിച്ചതോ അവസാനിക്കുന്നതോ അല്ളെന്ന് പിന്നീട് ദേശീയ പുരസ്കാരത്തില്‍ തിളങ്ങി നിന്ന ദിവസങ്ങളില്‍ മങ്ങിയ മുഖഭാവത്തോടെ സാക്ഷാല്‍ സലീം കുമാര്‍ മുന്നിലിരുന്ന് പറഞ്ഞ ചില അനുഭവങ്ങള്‍ ഉറപ്പിച്ചു.
അവാര്‍ഡ് കിട്ടി ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട് നില്‍ക്കുന്ന ദിവസങ്ങളിലാണ് ഒരു പ്രവാസി സംഘടന അദ്ദേഹത്തെ റിയാദില്‍ കൊണ്ടുവന്നത്. നക്ഷത്ര പദവി ഇല്ലാത്ത ഒരു ഹോട്ടലില്‍ സംഘാടകര്‍ ഏര്‍പ്പാടാക്കിയ മുറിയിലിരുന്ന് അദ്ദേഹം സംസാരിക്കുമ്പോള്‍ ആ മുഖം അപ്പോള്‍ വിങ്ങിപ്പൊട്ടിയേക്കും എന്ന് തോന്നി. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇന്ത്യയിലെ മറ്റനേകം ഉജ്ജ്വല അഭിനേതാക്കള്‍ക്കും കിട്ടിയ അതേ പുരസ്കാരമാണ് ഈ നടനും കിട്ടിയത്. അവാര്‍ഡ് മൂലം വന്നുപെട്ട വാര്‍ത്താപ്രാധാന്യത്തിന്‍െറ ‘ഓളം’ മാത്രമാണ് സംഘാടകരെ പ്രലോഭിച്ചതും. അതിനുള്ളിലുള്ള സലീം കുമാറെന്ന കറുത്തവന് ഒരു പ്രാധാന്യവും അവര്‍ കല്‍പിച്ചില്ല. നക്ഷത്ര പദവിയില്ലാത്ത ഹോട്ടല്‍ മുറിയോ വിമാനത്തിലെ ഇക്കോണമി ക്ളാസ് ടിക്കറ്റോ ഒന്നും അദ്ദേഹത്തെ പ്രയാസപ്പെടുത്തിയിരുന്നില്ല. എന്നാല്‍ മടക്ക ടിക്കറ്റ് കണ്‍ഫേം ചെയ്യുന്നതില്‍ സംഘാടകര്‍ കാട്ടിയ അലംഭാവം അദ്ദേഹത്തെ ഉലച്ചുകളഞ്ഞു. മറ്റൊരു നടനോട് ഇത് ചെയ്യുമോ എന്നദ്ദേഹം രോഷത്തോടെ ചോദിച്ചു. സൗദി അറേബ്യയിലേക്ക് വിമാനം കയറും മുമ്പ് പറഞ്ഞിരുന്നതാണ്, ഇന്ന തീയതിയില്‍ തന്നെ മടങ്ങണം ടിക്കറ്റ് ഉറപ്പാക്കണമെന്ന്. മൂന്നാം ക്ളാസ് ടിക്കറ്റെടുത്തിട്ടും മടക്ക ടിക്കറ്റ് ഉറപ്പിക്കാന്‍ അവര്‍ അത്ര ജാഗ്രത കാട്ടിയില്ല. സലീം കുമാറല്ലേ അത്ര മതി എന്നൊരു അലംഭാവം.
സലീം കുമാറിലെ മികവുറ്റ അഭിനേതാവിനെ അവാര്‍ഡിന്‍െറ ക്ഷണപ്രഭക്കുശേഷം മറന്ന മലയാളി അദ്ദേഹത്തിന്‍െറ ‘ലുക്കില്ലായ്മ’ സൃഷ്ടിക്കുന്ന ഹാസ്യത്തില്‍ ഇനിയും മതിമറന്ന് ചിരിക്കും.