Tuesday, July 24, 2012

അല്‍ഗസാസിലെ വിരുന്നുകാരന്‍

കഥ ഇതുവരെ
അല്‍ഗസാസ്. ടാര്‍ റോഡെന്ന ഒറ്റ ഞരമ്പിലൂടെ സൗദി നാഗരിക ജീവിതവുമായി ബന്ധംസ്ഥാപിച്ച് ജീവസന്ധാരണം നടത്തുന്ന ആയിരക്കണക്കിന് മരുഭൂ ഗ്രാമങ്ങളിലൊന്ന്. നോക്കത്തൊ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമികള്‍ക്കിടയില്‍ കൂണുകള്‍ പൊടിഞ്ഞതു പോലെ കുമ്മായംപൂശിയ എടുപ്പുകള്‍. കുറെ വീടുകളും അനുബന്ധ സൗകര്യങ്ങളും ചേര്‍ന്ന ആ ജനവാസകേന്ദ്രമാണ് അല്‍ഗസാസിന്‍െറ ഹൃദയം. അല്‍സാഹിലിയെന്ന ബദൂവിയന്‍ ഗോത്രക്കാരായ 15 കുടുംബങ്ങളാണവിടെ താമസം. പിന്നെ ഒരു പള്ളിയും സ്കൂളും. ഗ്രാമത്തിലെ ഉയരംകൂടിയ എടുപ്പുകളാണ് ഇവ രണ്ടും. ഗ്രാമത്തലവനായ അമീര്‍ ഖാലിം അല്‍സാഹിലിയുടെ വീടിനുപോലും അത്ര ഉയരമില്ല.

എന്നാല്‍, അല്‍ഗസാസിലത്തെുന്ന ഒരാളെ ഇതൊന്നുമായിരിക്കില്ല ആദ്യകാഴ്ചയില്‍ സ്വാഗതംചെയ്യുക. ഗ്രാമത്തിന്‍െറ ഒത്ത നടുക്ക് അയാളുണ്ടാവും. പത്തനംതിട്ട ജില്ലയിലെ പുല്ലാട്ടുകാരന്‍ മാത്യു വര്‍ഗീസ്. അന്നാട്ടിലെ ഏക പരദേശി. പച്ചപ്പുനിറഞ്ഞ തന്‍െറ ജന്മനാടിനേക്കാള്‍ ഈ വരണ്ട ഗ്രാമത്തെ സ്നേഹിക്കുന്നവന്‍. ഒരു വ്യാഴവട്ടംമുമ്പ് തല മുതിര്‍ന്ന നാട്ടുപൗരന്‍ മുഹമ്മദ് റാശിദിന്‍െറ ഹൗസ് ഡ്രൈവര്‍ ജോലിക്ക് റിയാദില്‍ വിമാനമിറങ്ങി 135 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറേക്ക് യാത്രചെയ്ത് ഇവിടെയത്തെിയവന്‍. പള്ളിയും പള്ളിക്കൂടവും കഴിഞ്ഞാല്‍ ഗ്രാമത്തിലെ പ്രധാനപ്പെട്ട മറ്റൊരു പൊതുസ്ഥാപനം അയാള്‍ നടത്തുന്ന ബഖാലയാണ്. മക്കള്‍ വലുതായി വാഹനമോടിക്കാന്‍ ആളു വേണ്ടാതായപ്പോള്‍ കഫീലിന്‍െറ ഉദാര മനസ്കതയുടെ സമ്മാനം. വളയം പിടിച്ച കൈകളില്‍ ഒരു നാടിന്‍െറ സമസ്താവശ്യങ്ങള്‍ക്കുമായുള്ള വ്യാപാര സ്ഥാപനത്തിന്‍െറ കടിഞ്ഞാണ്‍. കുടിവെള്ളം വേണമെങ്കില്‍ പോലും മാത്യു കൊടുക്കണം എന്ന അവസ്ഥയില്‍ കട പെട്ടെന്ന് പച്ച പിടിച്ചു. അല്‍ഗസാസിന്‍െറ ഹൈപര്‍മാര്‍ക്കറ്റെന്നു വിളിച്ചാലും തെറ്റില്ളെന്ന അവസ്ഥയിലത്തെി.

12 വര്‍ഷത്തിനിടെ ആകെ നാലുതവണ മാത്രമാണ് നാട്ടില്‍ പോകാനായത്. സഹധര്‍മ്മിണി അച്ചാമ്മയും മക്കളായ ബ്ളസിയും ബിന്‍സിയും ബെക്സിയും അവിടെ തനിച്ചാണ്. ബി.എസ്സി നഴ്സിങ്ങുകാരിയായ ബ്ളസിയുടെയും ജനറല്‍ നഴ്സിങ്ങുകാരിയായ ബിന്‍സിയുടെയും പഠനത്തിനാവശ്യമായ പണം കണ്ടത്തെലായിരുന്നു ആദ്യലക്ഷ്യം. പഠനംകഴിഞ്ഞപ്പോള്‍ അവരുടെ വിവാഹമായി അടുത്തലക്ഷ്യം. എന്നാല്‍, നാട്ടിലേക്കുള്ള യാത്രകള്‍ക്കിടയിലെ ഇടവേളകള്‍ ദീര്‍ഘിക്കാന്‍ ഇവ മാത്രമായിരുന്നില്ല കാരണം. ഉപ്പുമുതല്‍ കുടിനീര് വരെ അല്‍ഗസാസിലെ ജനജീവിതത്തിനാവശ്യമായതെല്ലാം പ്രദാനംചെയ്യുന്ന ‘ഹൈപര്‍ മാര്‍ക്കറ്റ്’ കുറച്ചുനാളത്തേക്കെങ്കിലും അടച്ചിട്ടുപോകാനുള്ള വിമ്മിട്ടംതന്നെ കാരണം.


ഗ്രാമവാസികള്‍ക്ക് കൂടപ്പിറപ്പിനെ പോലെയാണ് മാത്യു. അവര്‍ സ്നേഹപൂര്‍വം വിളിക്കുന്ന പേര് ഇബ്രാഹിമെന്നാണ്. അല്‍ഗസാസുകാരായ അവരില്‍ പെട്ടവനല്ല താനെന്ന് മാത്യുവിനോ അന്യദേശിയും മറ്റൊരു മതവിശ്വാസിയുമാണ് മാത്യുവെന്ന് അവര്‍ക്കോ തോന്നലുകളില്ല. കുരുത്തക്കേട് കാട്ടുന്ന അന്നാട്ടിലെ കുട്ടികളെ തല്ലാനും ശാസിക്കാനും വരെ അവിടത്തെ ‘ബാബ’മാര്‍ മാത്യുവിന് സ്വാതന്ത്ര്യംകൊടുത്തു. വെള്ളിയാഴ്ചകളില്‍ അവരോടൊപ്പം പള്ളിയില്‍ പോകും. റമദാനില്‍ വ്രതമനുഷ്ഠിക്കും.

ഇതിനിടയില്‍ കടയിലേക്കാവശ്യമായ സാധനങ്ങളെടുക്കാന്‍ 35 കിലോമീറ്ററകലെയുള്ള ദുര്‍മ പട്ടണത്തിലേക്ക് പോകുമ്പോള്‍ മാത്രമാണ് മലയാളിയാകുന്നത്. അവിടെ കാണാന്‍ കിട്ടുന്ന മലയാളികളോട് കൊതിതീരെ മലയാളത്തില്‍ സംസാരിക്കും. കൂടെ മലയാളപത്രവും വാങ്ങി അല്‍ഗസാസിലേക്ക് തിരിക്കും. പിന്നെ പത്രവാര്‍ത്തകളോടാണ് മാതൃഭാഷയിലുള്ള സല്ലാപം. സൗദിയിലത്തെിയ കാലം മുതലുള്ള ശീലമാണ്. ഇതിനിടയില്‍ നാട്ടിലേക്കുള്ള യാത്രയുടെ ഇടവേള അല്‍പം നീണ്ടുപോയിരുന്നു. നാലുവര്‍ഷം. അല്‍ഗസാസിലെ ഏക പരദേശിയെ കുറിച്ച് അക്കാലത്താണ് ‘ഗള്‍ഫ് മാധ്യമ’ത്തില്‍ വാര്‍ത്ത വരുന്നത്. വാര്‍ത്ത കണ്ട് സൗദിയിലുള്ള ബന്ധുക്കളും നാട്ടുകാരും ഫോണിലും നേരിലും തേടിയത്തെി. നാട്ടില്‍ പോകാന്‍ നിര്‍ബന്ധിതനായി. ഒരു വര്‍ഷം മുമ്പ് പോയി ഒരു മാസം നിന്നു തിരിച്ചുപോന്നു. മൂന്നുമാസം മുമ്പ് ജ്യേഷ്ഠന്‍ മരിച്ചപ്പോള്‍ 15 ദിവസത്തേക്ക് ഒന്നുകൂടി പോയി.

കുട്ടികളുടെ വിവാഹം നടത്തണം. എട്ടാം ക്ളാസുകാരിയായ ഇളയ കുട്ടിയുടെ പഠനം. പണമാവശ്യമാണ്. അല്‍ഗസാസുകാര്‍ അനുവദിക്കുന്ന കാലത്തോളം ഈ ഗ്രാമത്തില്‍തന്നെ പിടിച്ചുനില്‍ക്കണം. കടക്ക് മുനിസിപ്പാലിറ്റി ലൈസന്‍സ് കിട്ടിയത് അഞ്ചുമാസം മുമ്പാണ്. കുറച്ചുകൂടി വിശാലതയുള്ള കെട്ടിടത്തിലേക്ക് മാറ്റി വിപുലീകരിച്ചു.
വരാന്‍ പോകുന്നത് റമദാന്‍ കാലമാണ്. പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലാത്ത ഗ്രാമത്തിന്‍െറ ഏക ഉത്സവകാലം റമദാനാണ്. റമദാനിലെ ഇഫ്താര്‍ വിരുന്നുകളില്‍ ഈ 15 വീടുകളിലെയും വിശേഷപ്പെട്ട അതിഥിയാവും താനിനിയെന്ന്, കഴിഞ്ഞുപോയ വിരുന്നുകാലങ്ങളില്‍ രുചിച്ച അല്‍ഗസാസിന്‍െറ സ്നേഹവാത്സല്യങ്ങളുടെ ഓര്‍മകളില്‍ നിറഞ്ഞ് മാത്യു പറഞ്ഞുതുടങ്ങുന്നു.




തുടര്‍ന്നുവായിക്കുക...
റമദാനിലെ ഓരോ ബാങ്കൊലിക്കും ഒരു പ്രത്യേക മധുരമാണ്. പള്ളിയില്‍നിന്ന് ഓരോതവണ ദൈവത്തിന്‍െറ മഹത്വമുദ്ഘോഷിച്ച് വിളിയുയരുമ്പോഴും അതില്‍ ശ്രദ്ധയൂന്നാന്‍ കഴിയുന്നത് റമദാന്‍ കാലത്താണ്. നിശ്ശബ്ദതയുടെ മഹാ ഇടവേളകള്‍ക്കിടയില്‍ ഗ്രാമത്തിലുയര്‍ന്നു കേള്‍ക്കുന്ന ഏക ശബ്ദമാണ് ദൈവാരാധനയിലേക്കുള്ള ആ വിളി. റമദാനില്‍ മഗ്രിബിന്‍െറ ബാങ്കിനാണ് മാധുര്യം കൂടുതല്‍.

അല്‍ഗസാസിന്‍െറ നാലുംകൂടിയ കവലയില്‍നിന്ന് ഒന്ന് വട്ടംകറങ്ങിയാല്‍ കാണുന്നത്ര വീടുകളിലൊന്നിലാവും അന്നത്തെ സായാഹ്ന വിരുന്ന്. ആകെ 15 കുടുംബങ്ങള്‍, 15 വീടുകള്‍. റമദാന്‍ ചന്ദ്രികയുടെ വൃദ്ധിക്ഷയങ്ങള്‍ക്കിടയില്‍ ഒരു വീട്ടില്‍ രണ്ടുതവണ ഇഫ്താര്‍ വിരുന്നിന്‍െറ സുപ്ര നിവര്‍ന്നു മടങ്ങും. ആദ്യ ദിവസത്തെ ഇഫ്ത്താര്‍ വിരുന്ന് അമീറിന്‍െറ വീട്ടിലാണ്. പെരുന്നാളിന്‍െറ തലേ ദിവസത്തെ ഇഫ്താറും അവിടെയായിരിക്കും. ഊഴമിട്ട് ഓരോ വീട്ടിലെയും വിരുന്നുകളില്‍ ഗ്രാമവാസികള്‍ എല്ലാവരും ഒന്നിച്ചു പങ്കെടുക്കും.

മുതിര്‍ന്ന ആണുങ്ങളെല്ലാം കൂടി ഒരു അറുപത് അറുപത്തഞ്ച് പേരുണ്ടാവും. 150ഓളമാണ് ഗ്രാമത്തിലെ മൊത്തം ജനസംഖ്യ. ആണുങ്ങളെല്ലാം വിരുന്നു നടക്കുന്ന വീട്ടിലെ മജ്ലിസില്‍ വട്ടം കൂടിയിരിക്കും. അവരിലൊരാളായി അനറബിയായ ഞാനും. വിശേഷപ്പെട്ട ഒരു അതിഥിയെ പോലെ അവര്‍ എന്നെ ഊട്ടും. 12 വര്‍ഷത്തെ റമദാന്‍ അനുഭവങ്ങളില്‍ ഒരു മാറ്റവും ഇടമുറിയലും ഉണ്ടായിട്ടില്ല. ഏതെങ്കിലും വീട്ടിലെ ഇഫ്താറിനത്തൊനായില്ളെങ്കില്‍ ആ വീട്ടുകാരന്‍ പിണങ്ങും. ഉറ്റവരുടെ പിണക്കം താല്‍ക്കാലികമാണെങ്കിലും അതുപോലും സഹിക്കാനാവില്ല. അതിനാല്‍ മസ്ജിദില്‍നിന്ന് മഗ്രിബ് ബാങ്കൊലി കേള്‍ക്കുന്നതിന് മുമ്പുതന്നെ വിരുന്ന് നടക്കുന്ന വീട്ടില്‍ ആര്‍ക്കും മുമ്പേ ഹാജരാവും. വിഭവ സമൃദ്ധമാണ് നോമ്പുതുറ. ഖഹ്വ, തമര്‍, ഷോര്‍ബ, കഫ്സ, ബുര്‍തുഗാല്‍, തുഫ, സമാം, അസീറാത്ത്, സമൂസ, ലബന്‍... അങ്ങനെ പോകുന്നു വിഭവങ്ങളുടെ നീണ്ടനിര.


വിശ്വാസികളുടെ ആഘോഷമായ റമദാന്‍ ആ ബദൂവിയന്‍ ഗ്രാമത്തിനും ഉത്സവകാലമാണ്. ഗ്രാമവാസികളുടെ എല്ലാ ആഘോഷവും റമദാനില്‍ കേന്ദ്രീകരിക്കും. അകലെയുള്ള റിയാദ് നഗരത്തിലൊക്കെ പോയി ആഘോഷപൂര്‍വം ഷോപ്പിങ്ങ് നടത്തും. റമദാന്‍ തുടങ്ങുമ്പോള്‍ എന്‍െറ ‘ഹൈപര്‍മാര്‍ക്കറ്റ്’ ഇവിടെയുള്ളതായി പോലും അവര്‍ നടിക്കില്ല. റിയാദില്‍നിന്നും മറ്റുമായി അവര്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ 10 ദിവസം കഴിയുമ്പോള്‍ തീരുമെന്ന് അറിയാഞ്ഞിട്ടല്ല. സാധനങ്ങള്‍ തീര്‍ന്നുതുടങ്ങുമ്പോള്‍ അവര്‍ പതിയെ കടയിലേക്ക് വരാന്‍ തുടങ്ങും. അപ്പോഴേക്കും കൂടുതല്‍ സാധനങ്ങളെടുത്ത് കട സമൃദ്ധമാക്കിയിട്ടുണ്ടാവും ഞാന്‍. റമദാനിലെ പകലില്‍ ഉച്ച കഴിഞ്ഞാണ് കട തുറക്കുക. മഗ്രിബിന് അര മണിക്കൂര്‍ മുമ്പെ അടക്കും. പിന്നെ വിരുന്നു നടക്കുന്ന വീട്ടിലേക്ക്.

രാത്രിയില്‍ ഗ്രാമമുണരും. മറ്റുള്ള മാസങ്ങളില്‍ കാണാത്ത ഉണര്‍വാണ് റമദാനില്‍. മരുഭൂമിയുടെ ശ്മശാന നിശ്ശബ്ദതയാണ് പകലെങ്കില്‍ രാവ് നാഗരികമായ ബഹള നിറവിലേക്കാണ് ഉണരുന്നത്. ജീവിതത്തില്‍ ഇനിയെത്ര റമദാന്‍ കാലങ്ങളുണ്ടായാലും അതെല്ലാം ഈ ഗ്രാമത്തോടൊപ്പമായിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നത്ര ഹൃദയം നിറയുന്ന സ്നേഹ വാത്സല്യങ്ങളാണ് അവര്‍ ചൊരിയുന്നത്. അത്രമേല്‍ സ്നേഹിച്ചുപോകുകയാണ് ഞാനും അവരെ.

ഫോട്ടോ: ദില്ലു ഷക്കീബ്