Friday, November 2, 2012

നിതാഖാത്ത് കാലത്തെ അതിജീവന ചിന്തകള്‍



പത്താം ക്ളാസ് കഴിഞ്ഞാല്‍ ഏതൊരു മലയാളി ചെറുപ്പക്കാരന്‍േറയും പരമാവധി സ്വപ്നം ഗള്‍ഫിലൊരു ജോലിയായിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് കേരളത്തില്‍ സാഹചര്യം മാറിയിരിക്കുന്നു. പുതുതലമുറയുടെ സ്വപ്നങ്ങളുടെ അതിരുകള്‍ വികസിച്ചിരിക്കുന്നു. സാങ്കേതിക വിദ്യ വികസന വിപ്ളവത്തിന്‍െറ കാലത്ത് എംപ്ളോയ്മെന്‍റ് ഡസ്റ്റിനേഷനുകള്‍ മാറിപ്പോയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇനി പറയുന്ന കാര്യങ്ങള്‍ നമ്മുടെ പുതുതലമുറക്ക് വേണ്ടിയുള്ളതല്ല. പാസ്പോര്‍ട്ടെടുക്കുക, വില കൊടുത്തോ ബന്ധു തന്നോ കിട്ടുന്ന വിസയില്‍ കടല്‍ കടക്കുക, കിട്ടുന്ന ജോലിയും വരുമാനവും കൊണ്ട് ജീവിതം കരുപിടിപ്പിക്കുക എന്ന മിനിമം ആഗ്രഹങ്ങളുമായി കഴിഞ്ഞുകൂടിയ ഒന്നോ രണ്ടോ തലമുറക്ക് മാത്രം ബാധകമാണ് നിതാഖാത്ത് കാലത്തെ ആശങ്കകള്‍. കേരള പിറവിക്കും ഇന്ദിരാഗാന്ധി വധത്തിനുമിടയിലെ ഒരു കാലയളവില്‍ ജനിച്ച് അതിനുശേഷമുള്ള കാലത്തിലേക്ക് വളര്‍ന്നു ഗൃഹസ്ഥാശ്രമികളായവരാണവര്‍. ദാരിദ്ര്യത്തിന്‍െറ ചാണകം മെഴുകിയ തിണ്ണയില്‍ പിറന്നുവീണ കേരളത്തെ അരുമയോടെ എടുത്ത് സമ്പല്‍ സമൃദ്ധിയുടെ ഗ്രാനൈറ്റ് ഫ്ളോറില്‍ വെച്ച് പരിപാലിച്ച് വളര്‍ത്തിയത് അവരാണ്. അവരുടെ അതിജീവന വഴികളിലാണ് മാറിയ കാലം പലതരം പ്രതിസന്ധികളുയര്‍ത്തിയിട്ടുള്ളത്. ഗൃഹസ്ഥാശ്രമ ജീവിതത്തിലെ തുടക്കക്കാര്‍ മുതല്‍ വാനപ്രസ്ഥത്തിലേക്ക് കടക്കാന്‍ കാലമായവര്‍ വരെ ഇപ്പോഴും ജീവിക്കാന്‍ വേണ്ടി അന്യനാടുകളില്‍ ജീവിതം പണയപ്പെടുത്തുന്നു. അവരിലൊരാളെന്ന നിലയിലാണ് സൗദി അറേബ്യന്‍ തൊഴില്‍ വിപണിയിലെ നിതാഖാത്ത് കാല അതിജീവന ചിന്തകള്‍ പങ്കുവെക്കാന്‍ മുതിരുന്നത്.

സൗദി അറേബ്യ

സാധാരണക്കാരായ മലയാളികളില്‍ വലിയൊരു പങ്ക് ജീവിതവും തൊഴിലും തേടി പുറപ്പെട്ടുപോയത് സൗദി അറേബ്യ പോലുള്ള ഗള്‍ഫ് നാടുകളിലേക്കായിരുന്നു. കൂട്ടത്തില്‍ ഭൂമിശാസ്ത്രപരമായ വിസ്തൃതിയും ജനസംഖ്യയും സമ്പല്‍ സമൃദ്ധിയും കൂടുതലായതു കാരണം അവരില്‍ കൂടുതലും സൗദിയില്‍ തന്നെയത്തെി. അങ്ങിനെ മരുഭൂമിയിലെ ഏറ്റവും വലിയൊരു പച്ചപ്പായി മാറി മലയാളിക്ക് സൗദി അറേബ്യ. മലയാളിയുടെ പ്രവാസത്തിന് ഇവിടെ പരമാവധി പ്രായം 40. കേരളത്തിലേക്കൊഴുകിയ വിദേശപണത്തിലെ സാമാന്യം വലിയ പങ്ക് അങ്ങിനെ സൗദി അറേബ്യയില്‍നിന്നുള്ളതായി. കാര്യമായ ജോലികളൊന്നും അറിയാത്ത, മഴയത്ത് നനയാതിരിക്കാന്‍ വരാന്തയില്‍ കയറിനിന്ന സ്കൂള്‍ ബന്ധം മാത്രമുള്ളവരുള്‍പ്പെടെയുള്ള ‘അണ്‍ സ്കില്‍ഡ്’ തൊഴില്‍ അഭയാര്‍ഥികള്‍ക്ക് പോലും അഭയമേകി ജോലിയും മോശമല്ലാത്ത വരുമാനവും നല്ല ജീവിതവും സമ്മാനിച്ച സൗദി അറേബ്യയോട് അതുകൊണ്ടുതന്നെ മലയാളിക്ക് വളര്‍ത്തമ്മയോടുള്ള കടപ്പാടുണ്ടായിത്തീര്‍ന്നത് സ്വാഭാവികവും. അങ്ങിനെയുള്ളൊരു ജനസഞ്ചയം ഇന്നും ആ പച്ചപ്പ് വിട്ടുപോകാതെ സൗദിയില്‍ കഴിയുന്നു. പ്രവാസത്തില്‍നിന്ന് സ്വയം ഒരു റിട്ടയര്‍മെന്‍റിന് ധൈര്യമില്ലാതെ സാമ്പത്തിക അസ്ഥിരതയുടെ അടിത്തറയില്‍ പണിതുയര്‍ത്തിയ ജീവിതമെന്ന വീടിന്‍െറ ദുര്‍ബലമായ കഴുക്കോലുകളെ നോക്കി, കുറച്ചുകാലം കൂടി കഴിയട്ടെ, ഈ കഴുക്കോലുകള്‍ കൂടി ഒന്ന് മാറി വീട്ടിയുടേതാക്കിയിട്ട് മതി മടക്കം എന്നു കരുതി ആശ്വാസം കൊണ്ടിരുന്നവരെ പേടിപ്പിച്ചുകൊണ്ടാണ് നിതാഖാത്ത് കാലത്തിന്‍െറ ഗ്രഹണ പകര്‍ച്ചകള്‍ പ്രവാസ മുറ്റത്ത് നിഴലായി വീണത്.

12 ലക്ഷത്തിന്‍െറ പ്രത്യക്ഷ ജീവിതവും മൂന്നര കോടിയുടെ പരോക്ഷ ജീവിതവും

20 ലക്ഷം ഇന്ത്യക്കാരുള്ള സൗദിയില്‍ 12 ലക്ഷവും മലയാളികളാണ് എന്നാണ് ഏകദേശ മതിപ്പ്. ഒൗദ്യോഗിക കണക്കില്‍ അത് എട്ടേയുള്ളൂ. ഒന്നിനുമില്ലല്ളോ ഒരു കൃത്യത. ഒൗദ്യോഗിക രേഖയിലുള്ളത് എട്ടാണെങ്കില്‍ യഥാര്‍ഥ കണക്ക് 12 കവിയുമെന്ന് ആര്‍ക്കാണ് അറിയാത്തത്? ഈ 12 ലക്ഷമെന്നത് കേരളത്തിലെ മൊത്തം മൂന്നരക്കോടിയുടെ മിനിയേച്ചറാണല്ളോ. 12 ലക്ഷം നേരിട്ട് സൗദിയില്‍ ജീവിതം തേടുമ്പോള്‍ അവരിലൂടെ മൂന്നരക്കോടി പരോക്ഷമായും ജീവിക്കുന്നു. അതുകൊണ്ടുതന്നെ 12 ലക്ഷത്തിന് എന്ത് ചേതമുണ്ടായാലും അതിന്‍െറ ഒരോഹരി മൂന്നരക്കോടിയേയും ബാധിക്കും. നേട്ടമെന്ന പോലെ കോട്ടവും. നേരത്തെ പറഞ്ഞ പുതുതലമുറയെ കൂടി പരിഗണിച്ചുകൊണ്ട് തന്നെ പറയാന്‍ കഴിയും, സൗദിയിലെ മലയാളി സമൂഹത്തിന്‍െറ പ്രതിസന്ധി കേരളത്തിന്‍െറ കൂടി പ്രതിസന്ധിയാണ്.

എന്താണിത്ര പ്രതിസന്ധി?
പറയത്തക്ക ഒരു പ്രതിസന്ധി പ്രവാസികള്‍ സൗദിയില്‍ നേരിടുന്നുണ്ടോ? അതിഭാവുകത്വമാണോ ഈ വേവലാതികള്‍? നേരിയൊരു അന്വേഷണത്തിന് മുതിരുകയാണ്. അണ്‍സ്കില്‍ഡ് മലയാളികള്‍ക്ക് വരെ ജീവിത മാര്‍ഗം നല്‍കിയ സൗദി അറേബ്യയിലെ ഏതൊരു പരിഷ്കരണ നടപടികളുടേയും ഗുണദോഷങ്ങള്‍ മലയാളി സമൂഹത്തേയും ബാധിക്കുന്നു.
എന്താണ് നിതാഖാത്ത്?
അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാഷ്ട്രത്തിന്‍െറ ദൈനംദിന ഭരണ സംവിധാനങ്ങളുടെ പുനക്രമീകരണം ത്വരിതപ്പെടുത്തിയ സൗദി അറേബ്യ സാമൂഹിക യാഥാര്‍ഥ്യങ്ങളെ പഠന വിധേയമാക്കി അതിന്‍െറ ഫലശ്രുതിക്ക് അനുസരിച്ച് സാമൂഹിക ഘടനയേയും സംവിധാനങ്ങളേയുമെല്ലാം പരിഷ്കരിക്കാനും തുടങ്ങിയത് ഇക്കഴിഞ്ഞ ദശകം മുതലാണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ സൗദി അറേബ്യ കുറച്ചുവൈകിയെന്ന് പറയേണ്ടിയും വരും. 

എന്നാല്‍ തുടങ്ങിയപ്പോള്‍ ഇന്ത്യയെക്കാള്‍ കുറച്ചു അഡ്വാന്‍സ്ഡാവാന്‍ അവര്‍ ശ്രദ്ധിക്കുകയും ചെയ്തു. കാലത്തിന് അനുസരിച്ച് സ്വാഭാവികമായ ഒരു മാറ്റമായി കാണേണ്ട ഇതിനെ ലോകത്തിന്‍െറ നാനാ ദിക്കുകളിലുള്ളവര്‍ ഉത്കണ്ഠയോടെ കാണാന്‍ തുടങ്ങിയതിന് കാരണം മറ്റൊന്നുമല്ല, ലോകത്തിന്‍െറ ഏറ്റവും വലിയ എണ്ണ ദാതാവ് മാത്രമല്ല അന്ന ദാതാവും സൗദി അറേബ്യയാണ് എന്നതാണ്. ലോകത്തിന്‍െറ മുക്കുമൂലകള്‍ സൗദിയിലെ തൊഴില്‍ മേഖലയെ അത്രമേല്‍ ആശ്രയിച്ചിരിക്കുന്നതിനാല്‍ മാറ്റങ്ങളുടെ പ്രകമ്പനങ്ങള്‍ ലോകത്തിന്‍െറ 

ഞരമ്പുകളേയും ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിന് തൊഴില്‍ നല്‍കുമ്പോള്‍ തന്നെ സ്വന്തം പൗരന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരുന്നതും അതിന്‍െറ അസ്വസ്ഥതകള്‍ സ്വന്തം സാമൂഹിക ഗാത്രത്തില്‍ തിണര്‍പ്പുകളാവുന്നതും തിരിച്ചറിഞ്ഞ പ്രജാക്ഷേമ തല്‍പരരായ സൗദി ഭരണകൂടം കണ്ടത്തെിയ പ്രതിവിധിയാണ് എന്നും വിദേശികളുടെ മുഖ്യ ആകര്‍ഷണമായിരുന്ന തങ്ങളുടെ ആഭ്യന്തര തൊഴില്‍ മേഖലയെ അടിമുടി പരിഷ്കരിച്ചെടുത്ത് തദ്ദേശീയര്‍ക്ക് കൂടി പ്രിയപ്പെട്ടതാക്കി മാറ്റുക എന്നത്. 

മൊത്തം സാമൂഹിക മാറ്റത്തിന് തുടക്കമിട്ടത് വിദ്യാഭ്യാസ രംഗവും കരിക്കുലവും മാറ്റിപ്പണിതുകൊണ്ടാണ്. തൊഴില്‍ മേഖലയുടെ പുനസൃഷ്ടിപ്പിന് അടിസ്ഥാനമാക്കിയതും വിദ്യാഭ്യാസത്തെ തന്നെയാണ്. സ്വദേശി യുവതക്ക് ഗുണമേന്മയുള്ള അടിസ്ഥാന, തൊഴിലധിഷ്ടിത, പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കാന്‍ ആദ്യ നടപടി സ്വീകരിച്ചു. അഭ്യസ്ഥ വിദ്യരായ സ്വദേശി യുവതിയുവാക്കളില്‍ തൊഴില്‍ രഹിതരുടെ എണ്ണം പെരുകുന്നത് ഒരു സാമൂഹിക യാഥാര്‍ഥ്യമായി ബോധ്യപ്പെട്ടപ്പോഴാണ് പ്രതിവിധിയെന്ന നിലയില്‍ പൊതുമേഖല പോലെ സ്വകാര്യ മേഖലയിലും സ്വദശിവത്കരണത്തിന് തുടക്കമിട്ടത്.

 
ഏറെ കാലമെടുത്ത് നടപ്പാക്കി തുടങ്ങിയ സ്വദേശിവത്കരണ പരിപാടി ത്വരിതപ്പെടുത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം ശാസ്ത്രീയമായി ആവിഷ്കരിച്ചതാണ് നിതാഖാത്ത് പദ്ധതി. സ്വദേശി ജീവനക്കാരുടെ എണ്ണം മാനദണ്ഡമാക്കി നാലു കാറ്റഗറിയായി സ്വകാര്യ സ്ഥാപനങ്ങളേയും കമ്പനികളേയും വേര്‍തിരിക്കുന്ന പദ്ധതി നടപ്പായപ്പോള്‍ ആയിരക്കണക്കിന് മലയാളികളുള്‍പ്പടെ വിദേശി സമൂഹത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ജീവനക്കാരില്‍ തീരെ തദേശീയ പ്രാതിനിധ്യമില്ലാത്ത സ്ഥാപനങ്ങള്‍ ചുവപ്പ് കാറ്റഗറിയിലും മന്ത്രാലയം നിശ്ചയിച്ച തോതിലത്തൊത്ത കമ്പികള്‍ മഞ്ഞ കാറ്റഗറിയിലുമാവുകയും ഇത് മറികടക്കാനാവശ്യമായ സ്വദേശി നിയമനം നടത്താന്‍ അനുവദിച്ചിരുന്ന കലാവധി അവസാനിക്കുക കൂടി ചെയ്തതോടെ നിയമ പ്രാബല്യമില്ലാതെ അനധികൃതാവസ്ഥയിലായ ഈ കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പിലുണ്ടായിരുന്ന വിദേശികള്‍ മുഴുവന്‍ കടുത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. തിരിച്ചുപോക്കിന് നിര്‍ബന്ധിതമായിരിക്കുന്നു എന്ന് മാത്രമല്ല, പതിയെ പലവിധ നിയമകുരുക്കുകളില്‍പെട്ട് നിയമാനുസൃത യാത്ര തന്നെ അനിശ്ചിതത്തിലാവുമെന്ന ഭീഷണിയുമുയര്‍ന്നുകഴിഞ്ഞു. 

പ്രതിവിധി
അപകടകരമായ കാറ്റഗറികളിലേക്ക് വീണ് നിയമപ്രാബല്യം നഷ്ടമായ കമ്പനികളില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പ് ഗ്രീന്‍, എക്സലന്‍റ് പോലെ സുരക്ഷിത കാറ്റഗറികളിലെ കമ്പനികളിലേക്ക് എത്രയും വേഗം മാറ്റാനുള്ള നടപടി സ്വീകരിക്കണം. നിലവിലെ ഇഖാമ (റെസിഡന്‍റ് പെര്‍മിറ്റ്) യുടെ കാലാവധി കഴിയുന്നതിന് മുമ്പാണെങ്കില്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ എളുപ്പത്തില്‍ സാധ്യമാവും. ഇഖാമയിലെ പ്രൊഫഷന് ഇണങ്ങുന്ന കമ്പനികള്‍ കിട്ടാതെ വരികയാണെങ്കില്‍ ഇഖാമയുടെ കാലാവധി കഴിയും മുമ്പ് തന്നെ എക്സിറ്റ് അടിച്ച് നാടുപിടിക്കുന്നതാണ് നിയമകുരുക്കില്‍ പെടാതിരിക്കാന്‍ നല്ലത്. 

രാജ്യത്തിനാവശ്യമായ വിദേശ തൊഴിലാളികളെ കൊണ്ടുവരാനും ആവശ്യത്തിന് വിതരണം ചെയ്യാനും സര്‍ക്കാരിന്‍െറ മേല്‍നോട്ടത്തില്‍ സ്വകാര്യ മേഖലയില്‍ ഒന്നിലേറെ വലിയ റിക്രൂട്ടിങ്ങ് കമ്പനികള്‍ രൂപവത്കരിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ നിതാഖാത്ത് മൂലം മടങ്ങേണ്ടിവരുന്നവര്‍ക്ക് റിക്രൂട്ടിങ്ങ് കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ തിരിച്ചത്തൊനും തങ്ങളുടെ മുന്‍ സൗദി പരിചയം കൈമുതലാക്കി മെച്ചപ്പെട്ട തൊഴിലുകള്‍ തേടാനും ബുദ്ധിമുട്ടില്ളെന്നാണ് മനസിലാകുന്നത്. അതേസമയം തൊഴില്‍ വിസയിലത്തെി വാണിജ്യ വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെ കാര്യത്തില്‍ ഇതൊന്നും പ്രതിവിധിയല്ളെന്നത് ഒൗദ്യോഗികമായി പരിഗണന കിട്ടാത്ത ഒരു പരുക്കന്‍ യാഥാര്‍ഥ്യമാണ്. എത്ര വലിയ ഉഭയകക്ഷി സൗഹൃദത്തിന്‍െറ ബലത്തിലും പ്രതിവിധി കാണാന്‍ കഴിയാത്ത സമസ്യയാണത്.

(റിയാദിലെ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സോവനീറിന് വേണ്ടി എഴുതിയത് - ജൂണ്‍, 2012)