Sunday, October 5, 2014

അക്കേഷ്യ താഴ്വരയിലെ ഇടയന്‍


‘എഡ്ജ് ഓഫ് ദി വേള്‍ഡി’ലെ പ്രകൃതി വിസ്മയങ്ങള്‍ കണ്ടു മടങ്ങുമ്പോള്‍ അക്കേഷ്യ താഴ്വരയിലാണ് അയാളെ കണ്ടത്. വേനല്‍ സൂര്യനുനേരെ ദുര്‍ബല പ്രതിരോധം തീര്‍ക്കുന്ന അക്കേഷ്യ മരത്തിലേക്ക് ചാരി അതിന്‍െറ ഇത്തിരി തണലില്‍ നില്‍ക്കുകയായിരുന്നു ആ ഇടയന്‍. ആറേഴ് മണിക്കൂറിനിടയില്‍ മരുഭൂമിയില്‍ ഞങ്ങള്‍ക്ക് കാണാനായ മറ്റൊരു മനുഷ്യ ജീവി. എരിത്രിയക്കാരനായ യുവാവ്. ധരിച്ചിരിക്കുന്ന ളോഹയുടെ തവിട്ട് നിറം അഴുക്കും മെഴുക്കും പിടിച്ച് കറുത്തുപോയിരുന്നു. ദേഹത്തിന്‍െറ കരിവീട്ടി നിറത്തോട് ചേരുന്നതായി അത്.

പതിവുപോലെ ഒട്ടക കൂട്ടത്തെ താഴ്വരയില്‍ മേയാന്‍ വിടാന്‍ എത്തിയതാണ് അയാള്‍. ചുറ്റുവട്ടത്തുതന്നെ അക്കേഷ്യ മരങ്ങള്‍ക്ക് ഇടയിലും കുറ്റിച്ചെടികളുടെ പൊന്തകളിലും ഇഷ്ട ഭക്ഷണം തേടി സൈ്വരവിഹാരത്തിലാണ് ഒട്ടകങ്ങള്‍. നട്ടുച്ച കഴിഞ്ഞ് സൂര്യന്‍ പടിഞ്ഞാറേക്ക് നീങ്ങിത്തുടങ്ങിയ നേരത്താണ് കുന്നിനപ്പുറമുള്ള തമ്പില്‍നിന്ന് അയാള്‍ ഒട്ടകങ്ങളുമായി വന്നത്. ഇനി സന്ധ്യമയങ്ങുന്നതുവരെ അവയുടെ മേല്‍ കണ്ണുറപ്പിച്ചുകാത്തുനില്‍ക്കണം. താഴ്വരയുടെ നിശബ്ദതയില്‍ നേരിയ ഒരു ഇളക്കമുണ്ടാക്കാന്‍ കാറ്റുപോലും വരാറില്ല. ഏകാന്തതക്കുപോലും മുഷിവനുഭവപ്പെട്ടുതുടങ്ങുമ്പോള്‍ അയാള്‍ മനോരാജ്യത്തില്‍ മുഴുകും.
അങ്ങിനെ ഒരു പകല്‍സ്വപ്നത്തില്‍ എല്ലാം മറന്നുനില്‍ക്കുകയായിരുന്നിരിക്കണം.

പൊടി പറത്തി ഇരച്ചുതുമിച്ച് വാഹനങ്ങള്‍ മുന്നില്‍ വന്നുനിന്നപ്പോള്‍ ഒന്ന് നടുങ്ങി ഉണര്‍ന്ന പോലെയായി അയാള്‍. വാഹനങ്ങളില്‍നിന്ന് ഇറങ്ങിയ ഞങ്ങളുടെ കൈകളില്‍ കുപ്പിവെള്ളം കണ്ടപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങി. നീട്ടിയ വെള്ളം ആര്‍ത്തിയോടെ വാങ്ങി കുടിക്കുമ്പോള്‍ കൊണ്ടുവന്ന വെള്ളം തീര്‍ന്നുപോയിരുന്നെന്ന് അയാള്‍ പറഞ്ഞു. ആഫ്രിക്കന്‍ വന്‍കരയില്‍നിന്നുവന്ന ആ യുവാവിനും കിഴക്കനേഷ്യക്കാരായ ആഗതര്‍ക്കുമിടയില്‍ അറബി പൊതുഭാഷയാകുന്നുവെന്ന് കണ്ടപ്പോള്‍ അപരിചിതത്വം അകന്നു. റിയാദ് നഗരത്തില്‍നിന്ന് രാവിലെ ‘ലോകത്തിന്‍െറ മുനമ്പ്’ കാണാന്‍ പുറപ്പെട്ട ഞങ്ങള്‍ 185 കിലോമീറ്റര്‍ താണ്ടിയ ആറേഴ് മണിക്കൂറിന് ഇടയില്‍ മരുഭൂമിയില്‍ മറ്റൊരു മനുഷ്യ ജീവിയേയും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അങ്ങോട്ടുപോയ വഴിയിലൂടെ തിരിച്ചുപോരുമ്പോള്‍ മുന്നില്‍പെട്ട എരിത്രിയന്‍ യുവാവ് കൗകതുകവും ആഹ്ളാദവുമായി തീര്‍ന്നത്.
സൗദി അറേബ്യയുടെ തലസ്ഥാന നഗരം ഉള്‍പ്പെടുന്ന മധ്യപ്രവിശ്യയിലെ തുവൈഖ് മലനിരകളുടെ ഭാഗമാണ് അക്കേഷ്യ താഴ്വരയും അത് ഒടുങ്ങുന്നിടത്തെ ‘എഡ്ജ് ഓഫ് ദി വേള്‍ഡ്’ എന്ന പ്രകൃതിയുടെ പ്രതിഭാസവും. ദശലക്ഷം വര്‍ഷം മുമ്പ് കടലായി കിടന്ന പ്രദേശം കരയായി രൂപാന്തരം പ്രാപിച്ചതിന്‍െറ അത്ഭുത ബാക്കിപത്രങ്ങള്‍ സാഹസികരായ സഞ്ചാരികളെ കാത്ത് അവിടെയുണ്ട്. മുന്നില്‍ ഭൂമി ഇല്ലാതാകുന്നത് ഗിരിശൃംഖങ്ങളുടെ വിസ്മയതുമ്പത്ത് കയറിനിന്ന് കണ്ട് അത്ഭുതപ്പെട്ട് തിരിച്ചുമടങ്ങുമ്പോഴാണ് അതിലും വലിയ വിസ്മയമായി അബ്ദുസമദ് എന്ന ഒട്ടകപാലകന്‍ മുന്നില്‍നിന്നത്.

അയാളുടെ കഥ തീര്‍ച്ചയായും ത്രസിപ്പിക്കുന്നതായിരുന്നു. അഞ്ചുവര്‍ഷം മുമ്പാണ് ഈ താഴ്വരയില്‍ അയാള്‍ എത്തിയത്. അനധികൃതമായി സൗദിറേബ്യയിലേക്ക് കടന്നതാണ്. അതുകൊണ്ടുതന്നെ രാജ്യാന്തര യാത്രക്ക് ആവശ്യമായ പാസ്പോര്‍ട്ടും വിസയും സൗദിയില്‍ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള അനുമതിരേഖയായ ‘ഇഖാമ’യും ഇല്ല. അതിനി ഉണ്ടാകാനും പോകുന്നില്ല.

അഫ്രിക്കന്‍ വന്‍കരയുടെ ചെങ്കടല്‍ തീരത്തെ എരിത്രിയയില്‍നിന്ന് മറുകരയിലെ സൗദിയില്‍ എത്തിയത് എങ്ങിനെ എന്ന് അറിയാനുള്ള ഞങ്ങളുടെ ആകാംക്ഷയില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച് തന്‍െറ അതിസാഹസികമായ യാത്രയെ കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങി.
ചെങ്കടലിന്‍െറ ഇരുകരകളും തമ്മില്‍ അകലം കുറയുന്ന ഭാഗം എരിത്രിയയുടെ അസാബ തുറമുഖത്തിനും യമന്‍െറ തലസ്ഥാനമായ സനാഅക്ക് സമീപമുള്ള തുറമുഖത്തിനും ഇടയിലാണ്. ഇവിടെ കടലിലെ കള്ളവഴികളിലൂടെ മറുകരയുടെ സമൃദ്ധിയിലേക്ക് ജീവിതം അന്വേഷിച്ച് നുഴഞ്ഞുകടക്കുന്ന സംഘത്തില്‍ ഒരാളാവുകയായിരുന്നു അബ്ദുസമദും. അധികൃതരുടെ കണ്ണുവെട്ടിച്ച് യമന്‍െറ തീരപ്രദേശങ്ങളിലൂടെയും മലഞ്ചെരിവുകളിലൂടെയും നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടിയും സൗദി-യമന്‍ അതിര്‍ത്തി ദുര്‍ഗങ്ങളെ അതിലും വലിയ സാഹസികതയിലൂടെ മറികടന്നും റിയാദില്‍ എത്തിയ കഥ അയാള്‍ പറഞ്ഞപ്പോള്‍ ജീവന്‍ നിലച്ചുപോകുന്നതുപോലെ തോന്നി ശ്രോതാക്കള്‍ക്ക്.


നിയമ മാര്‍ഗത്തിലൂടെ റിയാദില്‍ വന്ന് ജോലി ചെയ്യുന്ന സഹോദരന്മാരുടെയും ബന്ധുക്കളുടെയും അടുത്താണ് എത്തിയത്. അവരാണ് അനധികൃതരുടെ പറുദീസയായ മരുഭൂമിയിലെ ഇടയ ജീവിതം തരപ്പെടുത്തികൊടുത്തത്.
1800 റിയാലാണ് ശമ്പളം. അത് കൃത്യമായി ലഭിക്കും. കഴിയുന്നത്ര ഇങ്ങിനെ ജോലി ചെയ്ത് ഒരു സമ്പാദ്യം തരപ്പെടുത്തണം. എന്നിട്ട് മടങ്ങണം. വിവാഹം കഴിക്കണം. സുഖമായി ജീവിക്കണം. ഇതൊക്കെയാണ് ഇരുപത്തഞ്ച് വയസിലത്തെിയ ആ ചെറുപ്പക്കാരന്‍െറ സ്വപ്നങ്ങള്‍.
മരുഭൂമിയിലെ തമ്പിലാണ് ജീവിതം. ചൂടും തണുപ്പും എല്ലാം ഒരുപോലെ. രാവിലെ ഉണര്‍ന്ന് ഒട്ടകത്തിന് തീറ്റയും വെള്ളവും കൊടുക്കണം. അവയ്ക്ക് കാവലിരിക്കണം. ഉച്ചകഴിയുമ്പോള്‍ മരുഭൂമിയില്‍ മേയാന്‍ കൊണ്ടുപോകണം. സന്ധ്യമയങ്ങുമ്പോള്‍ എല്ലാറ്റിനേയും ആട്ടിതെളിച്ച് കൂട്ടിലേക്ക് തിരികെ കൊണ്ടുവരണം. ഒരുദിവസം പോലും അവധിയില്ലാത്ത, മാറ്റമില്ലാത്ത ദിനചര്യ. അപ്പോള്‍ പിന്നെ പെരുന്നാള്‍ പോലുള്ള ആഘോഷ അവസരങ്ങളൊ? എന്ന ഞങ്ങളുടെ ചോദ്യത്തിന് കറപിടിച്ച പല്ലുകളില്‍ വിടര്‍ന്ന ചിരിയായിരുന്നു മറുപടി. ദുഖമൊ പരിഹാസമൊ എന്താണ് അതിന്‍െറ ഭാവമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

വലപ്പോഴും സഹോദരന്മാരും മറ്റു ബന്ധുക്കളും മരുഭൂമിയിലേക്ക് വരും. തന്നെ കാണാന്‍. ശമ്പളം കിട്ടി കൈയില്‍ കരുതിയിരിക്കുന്ന പണം അവരെ ഏല്‍പിക്കും. നാട്ടിലേക്ക് അയക്കുന്നത് അവര്‍ വഴിയാണ്. നഗരത്തില്‍നിന്ന് ഭക്ഷണമൊക്കെയായാണ് അവരുടെ വരവ്. അതുതന്നെയാണ് തന്‍െറ പെരുന്നാളുകളെന്നും അത് ഇടക്കിടെ സംഭവിക്കാറുണ്ടെന്നും പറയുമ്പോള്‍ ആ മുഖത്തെ പ്രസന്നതയില്‍ ഒരു നൊമ്പരത്തിന്‍െറ ഛായ കണ്ടു.
മരുഭൂമിയില്‍ വല്ലപ്പോഴും കണ്ടുമുട്ടുന്ന മനുഷ്യരായി ഞങ്ങള്‍ മുന്നില്‍നിന്നപ്പോള്‍ അബ്ദുസമദും ആഹ്ളാദത്തിലായിരുന്നു എന്ന് തോന്നി. അതുകൊണ്ടാണ് കൂട്ടത്തില്‍ അഴകൊത്തതും അനുസരണ ശീലമുള്ളതും തുണികൊണ്ടുള്ള ഇരിപ്പിടം സ്ഥാപിച്ചതുമായ ഒട്ടക പുറത്ത് കയറി ചുറ്റിയടിക്കാന്‍ ഞങ്ങളില്‍ ഭയമില്ലാത്തവര്‍ക്ക് അവസരം നല്‍കിയത്.
രേഖയില്ലാത്ത ജീവിതവുമായി നാട്ടിലേക്ക് മടങ്ങേണ്ടിവരുമ്പോള്‍ അത് എങ്ങിനെയാവും എന്ന് കൂടി അറിയാന്‍ ആഗ്രഹം തോന്നി. ‘‘വന്ന വഴികളിലൂടെ തന്നെ’’, അബ്ദുസമദിന്‍െറ മറുപടി എളുപ്പത്തിലായിരുന്നു!

Wednesday, September 24, 2014

വിസ്മയ മുനമ്പ്

കടല്‍ ഇറങ്ങിപ്പോയ ശൂന്യതയില്‍ ആ ഭൂമി മൂകമായി വരണ്ടുകിടന്നു. മലയെടുപ്പുകളില്‍ പ്രകൃതി തുറന്നിട്ട ജാലകങ്ങളിലൂടെ ആകാശ നീലിമയില്‍ അലിഞ്ഞില്ലാതാകുന്ന ലോകത്തിന്‍െറ അതിര് നോക്കി നില്‍ക്കുമ്പോള്‍ ഈ പ്രദേശത്തെ ‘ലോകത്തിന്‍െറ മുനമ്പ്’ എന്നു വിളിച്ച മരുഭൂ പര്യവേക്ഷകരെ നന്ദിയോടെ ഓര്‍ത്തു. പ്രകൃതിയുടെ വിസ്മയങ്ങളില്‍ ഒന്നിനെ ഓര്‍മയില്‍ അടയാളപ്പെടുത്തിവെക്കാന്‍ ഒരു പേരുണ്ടായല്ളോ!

സൗദി തലസ്ഥാനമായ റിയാദ് നഗരത്തില്‍ നിന്ന് 180 കിലോമീറ്റര്‍ താണ്ടിയാണ് തുവൈഖ് മലനിരകളുടെ ചരിവുകളിലേയും താഴ്വാരങ്ങളിലേയും ത്രസിപ്പിക്കുന്ന കാഴ്ചകളിലേക്ക് എത്തിച്ചേര്‍ന്നത്. 135 കിലോമീറ്ററുകളോളം ടാര്‍ റോഡിലൂടെയും പിന്നെയൊരു 40 കിലോമീറ്റര്‍ മരുഭൂമിയിലെ ചക്രപ്പാട് തെളിഞ്ഞ വഴിയിലുടെയും അത്രതന്നെ ദൂരം വഴിതെളിയാത്ത മരുഭൂമിയിലൂടെയും ചാടിയും തെറിച്ചും കിതച്ചും കുതിച്ചും ഓടുമ്പോള്‍ വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കുടിവെള്ളത്തില്‍ ഏറെയും പുറത്തെ കത്തിജ്വലിക്കുന്ന സൂര്യന്‍ കുടിപ്പിച്ചുതീര്‍ത്തു.

വടക്കുപടിഞ്ഞാറന്‍ റിയാദിലെ അല്‍അമ്മാരിയ ഡിസ്ട്രിക്റ്റ് കടന്ന്, ഇസ്ലാമിക ചരിത്രത്തില്‍ റിയാദ് പ്രവിശ്യയെ ബന്ധപ്പെടുത്തുന്ന ഏക സംഭവമായ അല്‍യമാമ യുദ്ധം നടന്ന ഉനൈന പട്ടണത്തിലൂടെ മുന്നോട്ടുപോകുമ്പോള്‍ തീര്‍ത്തും വിജനമായ പ്രദേശങ്ങളാണ് യാത്രികരുടെ മുന്നിലേക്ക് വന്നടുക്കുക. വഴിപരിചയമില്ലാത്തവര്‍ക്ക് ലോകത്തിന്‍െറ മുനമ്പില്‍ ചെന്നത്തെുക പ്രയാസം.

റിയാദ് ഡവലപ്മെന്‍റ് അതോറിറ്റിയുടെ വെബ്സൈറ്റില്‍ നല്‍കുന്ന സ്ഥല സൂചനകള്‍ അനുസരിച്ച് നഗരത്തില്‍നിന്ന് ഈ ടാര്‍ റോഡ്വരെ എത്താന്‍ എളുപ്പമുണ്ട്. കുറെ ദൂരം ഈ റോഡിലൂടെ ഓടിയാലാണ് എഡ്ജ് ഓഫ് ദി വേള്‍ഡിലേക്കുള്ള വഴി കിട്ടുക. ഒരു മുന്നറിയിപ്പുമില്ലാതെയാണ് അങ്ങനെയൊരു വഴിതിരിയല്‍ എന്ന് പറയുന്നതാണ് ശരി. എന്നാല്‍ ആ പോയന്‍റ് കണ്ടത്തെലാണ് ദുഷ്കരം. തവിട്ടുനിറത്തിലുള്ള സുചക ഫലകം ശ്രദ്ധയില്‍പ്പെടുക അത്രയെളുപ്പമല്ല. മുന്‍ പരിചയമുള്ള ആരെങ്കിലും കൂടെ ഇല്ളെങ്കില്‍ ആ അടയാളം കാണുക പ്രയാസം. പാതയെന്ന് പറയാന്‍ പറ്റാത്ത, എന്നാല്‍ വാഹനങ്ങളുടെ ചക്രപ്പാട് പതിഞ്ഞ മരുഭൂ വഴിയിലൂടെ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്ക് മാത്രമേ സഞ്ചാരയോഗമുള്ളൂ. വിജനതയും ശൂന്യതയും കലര്‍ന്ന് മൂകമായ മരുഭൂമി വഴിതെറ്റിപ്പിക്കുമോ എന്ന് യാത്രികരെ പേടിപ്പിക്കും. കുറെ ഓടിക്കഴിയുമ്പോള്‍ പൊടുന്നനെ അക്കേഷ്യ വാലിയുടെ സമൃദ്ധിയിലേക്ക് പ്രവേശിക്കുകയായി.

വെള്ളമുള്ള ഭൗമാന്തരങ്ങളിലേക്ക് വേരുകള്‍ നീട്ടിയും പടര്‍ത്തിയും തങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമുള്ള ഈര്‍പ്പം വലിച്ചെടുത്ത് തഴച്ചുനില്‍ക്കുന്ന പ്രത്യേകതരം അക്കേഷ്യ മരങ്ങള്‍ ആരോ നട്ടുപ്പിടിപ്പിച്ചതുപോലെ, ഒരു തോട്ടത്തിലെന്നപോലെ അനുസരണയുടെ വരിയൊപ്പിച്ചാണ് നില്‍പ്. മരപച്ചപ്പ് മണല്‍ക്കാറ്റിന്‍െറ തലോടലേറ്റ് നരച്ചിരിക്കുന്നു. അതിനിടയിലെ കുറ്റിച്ചെടികളുടെ ചെറിയ പൊന്തകളിലും നരച്ച പച്ചപ്പിന്‍െറ പകര്‍ച്ച. പച്ച അതിന്‍െറ സമൃദ്ധിയെ തൊടുന്ന കാലങ്ങള്‍ താഴ്വരയില്‍ സംഭവിക്കാറുണ്ടെന്ന് ആ സൂചനകള്‍ പറഞ്ഞുതരുന്നു.

മഴക്കാലങ്ങളില്‍ അവിടെ വെള്ളം നിറയുമെന്നും കുറ്റിച്ചെടികളില്‍ പൂക്കള്‍ വിരിയുമെന്നും ചിത്രശലഭങ്ങളും വിവിധ തരം പക്ഷികളും അവിടെ പാറിനടക്കുമെന്നും റിയാദ് ഡവലപ്മെന്‍റ് അതോറിറ്റിയുടെ സ്ഥല വിവരണത്തില്‍ പറഞ്ഞത് ശരിവെക്കുന്ന പല അടയാളങ്ങളും അവിടെ കണ്ടു. ഓന്തും തുമ്പികളും ഉള്‍പ്പെടെ പലതരം ജീവികളുടെ പറുദീസ. ഒട്ടകങ്ങള്‍ ഒറ്റക്കും കൂട്ടമായും മേഞ്ഞുനടക്കുന്നു. ഇഷ്ട ഭക്ഷണമായ മുള്ള് മരങ്ങളുടെ പട്ട കടിച്ചു കാര്‍ന്ന് തിന്നും കുറ്റിച്ചെടികള്‍ക്കിടയിലൂടെ ഉലാത്തിയും മരത്തണലില്‍ വിശ്രമിച്ചും പൊന്തകള്‍പോലെ വെളുത്തും കറുത്തും ഒട്ടകങ്ങള്‍ അക്കേഷ്യ വാലിയില്‍ നിറയെ.

അറേബ്യന്‍ ഉപഭൂഖണ്ഡത്തിനുള്ളിലെ കിഴക്കു-പടിഞ്ഞാറ് പുരാതന പാത ഈ അക്കേഷ്യ വാലിയിലൂടെയാണ് കടന്നുപോയിരുന്നത്. പഴയ റിയാദായ നജ്ദില്‍നിന്ന് ഇപ്പോഴത്തെ മദീന പ്രദേശമായ പഴയ ഹിജാസിലേക്ക് നീളുന്ന നൂറ്റാണ്ടുകളുടെ ചവിട്ടടികളും ഒട്ടക കുളമ്പടികളും പതിഞ്ഞ വഴി. തുവൈഖ് പര്‍വത നിര ഇറങ്ങി വാദി ഹനീഫയിലൂടെ പടിഞ്ഞാറേക്ക് നീളുന്ന പാത. തുവൈഖിന്‍െറ താഴ്വരകള്‍ കൃഷിക്ക് അനുയോജ്യമായിരുന്നു. സമൃദ്ധമായ പലതരം കൃഷികള്‍ ഇവിടെ നടന്നിരുന്നു. ഇപ്പോഴും ഈ താഴ്വരകളിലെ പല ജനവാസ കേന്ദ്രങ്ങളോടും ചേര്‍ന്ന് പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും പാടങ്ങളുണ്ട്.  

മുന്നോട്ടുപോകുന്തോറും അക്കേഷ്യവാലിയുടെ നിരപ്പ് പതിയെ കുന്നുകയറാന്‍ തുടങ്ങും. പിന്നെയുള്ള വഴി നിര്‍ഭയനായ ഡ്രൈവര്‍ക്ക് മാത്രമുള്ളതാണ്. അത്രമേല്‍ സാഹസമാണ് യാത്ര. മുന്നില്‍ പെട്ടെന്നാണ് ആഴമുള്ള കുഴിയിലേക്ക് വഴി ഒടിഞ്ഞിറങ്ങുകയും അതേ വേഗത്തില്‍ കുത്തനെ കയറുകയും ചെയ്യുന്നത്. ചക്രങ്ങള്‍ പറത്തുന്ന പൊടി വാഹനത്തിന്‍െറ ജാലക ചില്ലുകളെ പൊതിയും. മുന്നില്‍ വാഹനമുണ്ടെങ്കില്‍ പറയുകയേ വേണ്ട.

ഈ സഹിക്കുന്ന പ്രയാസങ്ങളെല്ലാം എഡ്ജ് ഓഫ് ദി വേള്‍ഡിന്‍െറ ആദ്യ പോയന്‍റില്‍ എത്തുമ്പോള്‍ തന്നെ വിസ്മയത്തിനും അതുവഴി എന്തെന്നില്ലാത്ത ഒരു ഉത്സാഹത്തിനും വഴിമാറും. മുന്നില്‍ ഭൂമി പെട്ടെന്ന് അവസാനിച്ചതുപോലെ തോന്നും. അല്‍പം കൂടി മുന്നോട്ട് ചെന്നാല്‍ അഗാധഗര്‍ത്തത്തിലേക്ക് ഇടിഞ്ഞിറങ്ങിയതാണെന്ന് വ്യക്തമാകും. വലിയ ഗര്‍ത്തങ്ങളാണ്. കിഴുക്കാം തൂക്കായ പാറകള്‍ പരസ്പരം അടര്‍ന്നുമാറി ഇപ്പോള്‍ പിളര്‍ന്നുവീഴും എന്നപോലെ.

അടുത്ത വ്യൂ പോയന്‍റുകളിലേക്കുള്ള യാത്ര തരണം ചെയ്തതിലും സാഹസികമാണ്. ഒടുങ്ങാത്ത വിസ്മയം കാഴ്ചക്കാരനെ മുന്നോട്ടു നയിക്കും. കിഴുക്കാംതൂക്കായ പാറകള്‍ കൂടുതല്‍ കൂടുതല്‍ ഉയരത്തില്‍ ആകാശം തൊടാന്‍ വെമ്പുന്നു. മരുഭൂനിരപ്പില്‍നിന്ന് 300 അടിയെങ്കിലും ഉയരമാണ് ഏറ്റവും വലിയ ശിലാഗ്രത്തിന്. അത് രണ്ടായി പിളര്‍ന്നുനില്‍ക്കുന്ന സ്തൂപാകൃതിയുള്ള കിഴുക്കാം തൂക്കായ പാറയാണ്. ഇരട്ട പാറകള്‍. റിയാദ് നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ലാന്‍ഡ് മാര്‍ക്കായ ഉലയ കിങ്ഡം ടവറിന് പോലും 180 അടി മാത്രമാണ് ഉയരമെന്ന് അറിയുമ്പോഴാണ് വിസ്മയം ആകാശം തൊടുക. അടര്‍ന്നുവീഴും എന്ന പോലെ നില്‍ക്കുന്ന പാറക്കൂട്ടങ്ങളിലേക്ക് നടന്നുകയറല്‍ ശരിക്കും ട്രക്കിങ്ങിന്‍െറ വലിയ സാഹസികാനുഭവങ്ങളാണ ശരീരത്തിനും മനസിനും നല്‍കുക. അണച്ച് അവിടെ വീണുപോകും എന്ന് തോന്നിപ്പോകും. നടന്നുകയറി ശിലാഗ്രത്തില്‍ എത്തി അവിടെ നില്‍ക്കുമ്പോഴാണ് മുന്നില്‍ ഭൂമിയില്ല എന്ന തോന്നല്‍ കാഴ്ചക്കാരനെ ഭ്രമിപ്പിക്കുന്നത്. ലോകത്തിന്‍െറ മുനമ്പെന്ന് പ്രദേശത്തിന് പേരുചൊല്ലി വിളിച്ചത് ഇവിടെ വെച്ചായിരിക്കാം.

കടലൊഴിഞ്ഞുപോയ ഭൂമി
ദശലക്ഷം വര്‍ഷം മുമ്പ് കടല്‍ കയറികിടന്ന, അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്‍െറ ഭാഗമാണ് തുവൈഖ് മലഞ്ചെരിവുകള്‍ എന്നാണ് കരുതുന്നത്. ‘ഹിദ്രോസ്’ എന്ന് അന്ന് അറിയപ്പെട്ട കടലിന്‍െറ ഭാഗമായിരുന്നു ഇതെന്നും കാലക്രമേണ കടല്‍ പിന്‍വാങ്ങി കരയായി രൂപാന്തരപ്പെടുകയായിരുന്നെന്നും മരുഭൂമിയെ കുറിച്ച് പഠിക്കുന്ന പലരും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. സമുദ്രാന്തര്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന സസ്യങ്ങളുടെയും പവിഴപുറ്റുകളുടെയും ജീവജാലങ്ങളുടെയും ഫോസിലുകള്‍ എന്ന് തോന്നിപ്പിക്കുന്നവ ഇവിടെനിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ടത്രെ. ഇപ്പോഴും അത്തരത്തില്‍ പല അടയാളങ്ങളും ഇവിടെ കാണാം. അവശിഷ്ടങ്ങള്‍ പലതും അവിടെ കണ്ടു. ഒപ്പം പര്‍വത ശരീരങ്ങളില്‍ അടങ്ങിയിരിക്കുന്ന പലതരം ധാതുലവണങ്ങളുടെ സാമ്പിളുകളും. ഒരു പാറക്കഷണം എടുത്തു നിലത്തിട്ടുനോക്കിയപ്പോള്‍ ഇരുമ്പ് കഷണം ഇട്ടതുപോലെ ശബ്ദം. ഇരുമ്പയിരാണ് അത് നിറയെ. കാലങ്ങളായി വെള്ളത്തില്‍ മുങ്ങിക്കിടന്നതെന്ന് തോന്നിപ്പിക്കുന്ന അടയാളങ്ങളുടെ വരവീണ പാറക്കൂട്ടങ്ങള്‍. ശരിക്കും ശൈലസേതുക്കള്‍. ജലാര്‍ദ്രതയില്‍നിന്ന് പൊടുന്നനെ പൂര്‍ണ വിരാമം പ്രാപിച്ച പോലെ മണ്ണിന്‍െറ വരണ്ട അവസ്ഥ.

ഇസ്ലാമിക ചരിത്രവുമായുള്ള ബന്ധം
നജ്ദ് എന്ന് അറിയപ്പെട്ടിരുന്ന റിയാദ് പ്രദേശത്തിന് ഇസ്ലാമിക ചരിത്രവുമായി ആകെയുള്ള ബന്ധം ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്‍െറ കാലഘട്ടത്തില്‍ നടന്ന യമാമ യുദ്ധമാണ്. ആ യുദ്ധത്തിനുവേണ്ടി മദീനയില്‍നിന്ന് ഖാലിദ് ഇബ്നു വലീദിന്‍െറ നേതൃത്വത്തില്‍ എത്തിയ ഇസ്ലാമിക സൈന്യം തമ്പടിച്ചത് തുവൈഖ് പര്‍വതനിരകളുടെ ഈ താഴ്വരയിലായിരുന്നു. യുദ്ധം നടന്ന ഉനൈന ഇവിടെ അടുത്താണ്. ജനവാസ കേന്ദ്രമാണ് ഉനൈന. പുരാതനമായ ഈ ഗ്രാമം അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്‍െറ ജന്മദേശവും കൂടിയാണ്.

സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ എഡ്ജ് ഓഫ് ദ വേള്‍ഡ് സന്ദര്‍ശിക്കാന്‍ പറ്റിയ കാലം വേനല്‍ തണുപ്പുകാലത്തിന് വഴിമാറുന്ന ആദ്യ സമയങ്ങളാണ്. ആ സമയത്ത് ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ടെന്നും രാത്രികളില്‍ തമ്പടിച്ച് തങ്ങാറുണ്ടെന്നും അത്തരത്തില്‍ പല സംഘങ്ങളോടൊപ്പവും വന്ന് പ്രദേശം നല്ല പരിചയമാവുകയും ടൂറിസ്റ്റ് ഗൈഡിനെ പോലെ സഹായിക്കുകയും ചെയ്യുന്ന ഞങ്ങളോടൊപ്പം വന്ന എരുമേലി സ്വദേശി നിസാം പറഞ്ഞു. ഭക്ഷണം പാചകം ചെയ്ത് കഴിച്ചും തണുപ്പകറ്റാന്‍ തീ കൂട്ടിയും ഇവിടെ കഴിച്ചുകൂട്ടുന്ന രാത്രികള്‍ മറ്റൊരിടത്തും ഇതേ അനുഭൂതിയോടെ ലഭിക്കില്ളെന്ന് നിസാം. ലോകം പുലരുന്നതും ഇവിടെനിന്ന് കാണുന്നത് വ്യത്യസ്തമായ കാഴ്ചാനുഭവമാണ്. കടലിലെ സൂര്യോദയം മരുക്കടലില്‍.

ലോകത്തിന്‍െറ മുനമ്പിലെ വിസ്മയ കാഴ്ചകള്‍ കാണാനും ആ സാഹസികത അനുഭവിക്കാനും ഒരിക്കലെങ്കിലും ഈ വഴി വരണം, അല്ളെങ്കില്‍ അതൊരു നഷ്ടമായിരിക്കും.

നജിം കൊച്ചുകലുങ്ക്

ഫോട്ടോകള്‍: നൗഫല്‍ പാലക്കാടന്‍, ദില്ലു ഷക്കീബ് & Google Image

Tuesday, September 9, 2014

നാടുവിട്ടവന്റെ ഓണം

'നമുക്കെവിടെ ഓണം സര്‍, നാടുവിട്ടോടിയപ്പോള്‍ പലതും അവിടെ ചോര്‍ന്നുവീണില്ലേ? അക്കൂട്ടത്തില്‍ ഓണവും വിഷുവും തിരുവാതിരയും ഞാറ്റുവേലയുമൊക്കെയും പോയി...'
പരിതപിക്കുന്നതില്‍ മലയാളി ആരോടും തോല്‍ക്കാറില്ലല്ലോ? നാടുവിട്ടവനോട് നാടിനെ കുറിച്ചു ചോദിച്ചാല്‍ അപ്പോള്‍ തുടങ്ങും പരിഭവങ്ങളുടെ വര്‍ഷകാലം.
'...ഓണവും ഓണത്തപ്പനും പൂവിളിയും പുലികളിയും എല്ലാം കൈമോശം വന്നില്ലേ? അല്ല, ഒരു ഓണം കൂടിയിട്ട് തന്നെ എത്ര നാളായി? ഒന്നോര്‍ക്കാന്‍ പറ്റുന്നുണ്ടോ, ഓണകോടിയുടുത്തിട്ട്, തൂശനില വിരിച്ച് തുമ്പപ്പൂ പോലത്തെ ചോറിട്ട് ഓണമുണ്ടിട്ട് ആണ്ടെത്ര കഴിഞ്ഞു...! ഇപ്പോള്‍ കേരളത്തില്‍ തന്നെ ഓണമില്ല സര്‍..., ചാനലിലെ ചാറ്റിങ്ങും ഷോപ്പിങ്ങിലെ ചീറ്റിങ്ങുമാണ് സര്‍ അവിടേയും ഓണാഘോഷ പൊടിപൂരം...
...മുക്കൂറ്റി പൂവിറുത്ത് അത്തം പിറക്കാന്‍ കാത്തിരുന്നൊരു കാലം. അത്തം പത്തിന് അത്തപ്പൂക്കള നടുവില്‍ കുത്തിനുറുത്തിയ പാലടയെ അമ്പെയ്ത് വീഴ്ത്തിയ പഴയ വള്ളിനിക്കര്‍കാല വീരസ്യം. ആശ്വസിക്കാന്‍ ആ ഓര്‍മകളെങ്കിലുമുണ്ട് മനസില്‍ ബാക്കിയായി.
കവലയില്‍ ഒരു ഗ്രാമം മുഴുവനെത്തി കാഴ്ചക്കാരാവുമ്പോള്‍ തലപ്പന്ത് കളിയില്‍ സ്മാഷുകള്‍ തീര്‍ത്ത് ഗ്രാമീണ പെണ്‍കൊടികളുടെ അഴകോലും ആദരവ് പിടിച്ചെടുത്തിരുന്ന കാലം. പട്ടുപാവാടകളുലയും പിച്ചിപ്പുവിന്‍ ചിരിയില്‍ ഉള്‍ക്കുളിരണിഞ്ഞു ഗ്രാമം നിറഞ്ഞാടുമ്പോള്‍ ഞെട്ടില്‍നിന്നടര്‍ന്നു കാറ്റില്‍ പറന്നെത്തിയ ഒരു നുണക്കുഴി ചിരിയാണിന്നും എന്റെ ഓര്‍മയിലെ ഓണം....

...നാടുവിട്ടവന്റെ ഓണത്തെ കുറിച്ച് ചോദിച്ചറിയാനിറങ്ങുമ്പോള്‍ ഇത്രമേല്‍ പ്രതീക്ഷിച്ചില്ല. പരിദേവനത്തില്‍ തുടങ്ങി കവിതയായി വിടരുന്ന ഓണക്കാലോര്‍മകളാണ് ഓരോ പ്രവാസിയും മനസില്‍ പേറി നടക്കുന്നത്. അല്ലെങ്കിലും മലയാളിക്ക് അങ്ങിനെയാവാനേ കഴിയൂ... വീട്ടിലേക്കും നാട്ടിലേക്കും തനിയെ സംഭവിക്കുന്ന ഉള്‍വലിയലിന്റെ പിരിമുറുക്കം മനസുലയും നോവായി ഒപ്പം കൊണ്ടുനടക്കുന്ന ഒരു വികാര ജീവിയാണ് ലോകത്തെവിടെയായിരുന്നാലും മലയാളി.

എവിടെ സര്‍ ഇന്ന് ഓണമെന്നൊക്കെ അറുത്തുമുറിച്ചു ചോദിച്ചുകളയുന്ന മല്ലൂസ് പൊന്നോണമെത്തിയാല്‍ ഓര്‍മയുടെ ആഴങ്ങളില്‍ തപ്പി, ഇതളടര്‍ന്ന് കിടക്കുന്നവ പെറുക്കിയെടുത്തു ചേര്‍ത്തുവെച്ച് മനസിന്റെ മുറ്റത്ത് തന്നെ അത്തപ്പൂക്കളമൊരുക്കിക്കളയും. തിരുവോണം പിറന്നാല്‍ പൊന്നിന്‍ വില കൊടുക്കേണ്ടിവന്നാലും മരുഭൂമിയില്‍ പോലും അവന്‍ സദ്യവട്ടം കൂട്ടും. മണലില്‍ തൂശനില വിരിച്ച് അവന്‍ നാടിന്റെ തനത് രുചി വിളമ്പും. അടുക്കളയില്‍ പെരുമാറാന്‍ വളയിട്ട കൈകളില്ലാത്തതിന്റെ കുറവറിയിക്കാതെ ഒറ്റാന്തടി ജീവിതത്തിലും ആളെ കൂട്ടി നാളപാചക നൈപുണ്യം രുചിയോടെ വിളമ്പും. അതാണ് മലയാളിയും ഓണവും തമ്മിലുള്ള രക്തബന്ധം. ഓണത്തെ കുറിച്ച് പറയാന്‍ നാടുവിട്ടവന് പരിഭവത്തിന്റെ മേമ്പൊടിയുണ്ടെങ്കിലും നൂറു നാവാണ്. ജീവിതത്തിന്റെ സന്തോഷ അവസരങ്ങളെ കുറിക്കാനുള്ള ഒറ്റ വാക്കായി ഓണം മാറിയതിന് മലയാളിയുടെ ജീവിതത്തോളം പഴക്കമുണ്ട്. പ്രവാസി ജീവിതത്തിലും ഓണമെന്നത് ആമോദത്തിന്റെ സൂചകം തന്നെയാണ്.

ഒരു പേര് വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ നമുക്ക് അയാളെ രാജന്‍ പിള്ളയെന്ന് വിളിക്കാം. പത്തനംതിട്ടയിലെ ആറന്മുളയില്‍നിന്നാണ് പുറപ്പെട്ടത്. ലോകത്തിന്റെ നാനാദിക്കുകളില്‍നിന്ന് അന്ന് ജനസഞ്ചയത്തിന്റെ പുറപ്പാട് തുടങ്ങിയിട്ടേയുള്ളൂ. അങ്ങിനെ സൌദിയിലേക്കൊഴുകിയെത്തിയ ആദ്യകാല മലയാളികളിലൊരാള്‍. അന്ന് നൂറോ, നൂറ്റമ്പതോ മലയാളികളാണ് റിയാദിലുണ്ടായിരുന്നതെന്ന് രാജന്‍ പിള്ള ഓര്‍ക്കുന്നു. ഒരു മുപ്പത്തേഴ് വര്‍ഷം മുമ്പത്തെ കഥയാണ്. ബത്ഹയിലെ ഇന്നത്തെ പ്രധാന റോഡ് അന്ന് നല്ല ആഴവും വലുപ്പവുമുള്ളൊരു തോടാണ്. തോടിന്റെ ഇരുകരകളിലേയും നിരത്തുകളില്‍നിന്നാണ് അന്ന് മലയാളികള്‍ നാടിനെയും നാടിന്റെ വിശേഷങ്ങളേയും ഓര്‍ത്തെടുത്തിരുന്നത്. തിരുവോണ ദിനത്തില്‍ പറ്റുന്നത്ര പേര്‍ ഒരുമിച്ചുകൂടി ഓണസദ്യയുണ്ടാക്കി നാടിന്റെ തനത് മധുരാനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. പിന്നെ ബത്ഹയിലെ ഈ തെരുവുകളിലേക്ക് വന്ന് ഓര്‍മകള്‍ കൊണ്ട് മനസില്‍ ഓണത്തപ്പനെ ഉണ്ടാക്കിയും ഓണക്കളികള്‍ കളിച്ചും ദിവസമൊന്ന് ചെലവഴിച്ചിരുന്നു.

ലേബര്‍ ക്യാമ്പിലെ മെസ് ഹാളിലൊതുങ്ങുന്ന ഒരോണ സദ്യക്കപ്പുറം വിപുലമായ ഓണാഘോഷത്തിന് പ്രവാസ നാട്ടില്‍ അവസരമില്ലല്ലൊ എന്ന് രാജന്‍ പിള്ള ചോദിക്കും. എന്നാല്‍ ബഹുരാഷ്ട്ര കമ്പനികളുടെ ലേബര്‍ ക്യാമ്പുകളില്‍, നാട്ടിന്‍പുറത്തെ വായനശാലകളിലും ക്ലബുകളിലും അരങ്ങേറിയിരുന്ന പോലെ തന്നെ ഓണാഘോഷം സംഘടിപ്പിച്ചവരുമുണ്ട് ഒരു കാല്‍നൂറ്റാണ്ടിനപ്പുറം റിയാദില്‍. ലേബര്‍ ക്യാമ്പിന്റെ മതില്‍ കെട്ടിനുള്ളിലാണെങ്കിലും സ്റ്റേജുകെട്ടി നാടകം കളിച്ചവര്‍, അത്തപ്പൂക്കളമൊരുക്കിയിരുന്നവര്‍, പുലികളിയും തലപ്പന്ത് കളിയും നടത്തിയിരുന്നവര്‍. നാട്ടില്‍ പോലും പുതിയ ഉപഭോഗ സംസ്കാരത്തിന്റെ പ്രയോജകരായ കച്ചവടക്കാര്‍ ഓണാഘോഷങ്ങളെ ഹൈജാക്ക് ചെയ്തപ്പോള്‍ നഷ്ടമായ തനത് സൌന്ദര്യം വീണ്ടെടുത്തു ഇന്നും നിലനിര്‍ത്തിപ്പോരുന്നത് പ്രവാസികളാണെന്ന് സമ്മതിക്കാതെ വയ്യ.

സെപ്തംബര്‍ ഒന്നിന് റിയാദിലെ നവോദയ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ അല്‍ ഹൈറിലെ ഒവൈദ കൃഷിത്തോട്ടത്തില്‍ അതുപോലൊരു ഓണം-ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിരുന്നു. ഓണത്തിന്റെ എല്ലാ തനത് വിഭവങ്ങളും ഒരുക്കി. പുലികളിച്ചും അത്തപ്പൂക്കളമുണ്ടാക്കിയും പൂവിളിച്ചും ആമോദത്തോടെ അവര്‍ ആഘോഷിച്ചപ്പോള്‍ അതില്‍ പങ്കുചേരാന്‍ യൂറോപ്യരുള്‍പ്പെടെയുള്ളവരെത്തി.


എന്നാല്‍ തങ്ങളുടെ യഥാര്‍ഥ ഓണം അന്ന് എല്ലാ വെള്ളിയാഴ്ചകളിലുമായിരുന്നെന്ന് രാജന്‍ പിള്ള പറയുന്നു. വെള്ളിയാഴ്ച അവധിയായതിനാല്‍ ഉച്ചകഴിഞ്ഞ് സുലൈമാനിയയിലെ വിമാനത്താവളത്തിന് മുന്നില്‍ പോയി നില്‍ക്കും. ഇന്നത്തെ അന്താരാഷ്ട്ര ശ്രദ്ധനേടിയ കിങ് ഖാലിദ് വിമാനത്താവളത്തിന് പകരം അന്ന് സുലൈമാനിയയിലെ ചെറിയ വിമാനത്താവളം മാത്രം. റിയാദിലെ ഒട്ടുമിക്ക മലയാളികളും അവിടെ വരും. രാത്രി വരെ അവിടെ നില്‍ക്കും. മുംബൈയില്‍നിന്നും ദല്‍ഹിയില്‍നിന്നുമുള്ള വിമാനങ്ങളാണ് ലക്ഷ്യം. ഒരു വിമാനത്തില്‍ ഒരു മലയാളിയെങ്കിലുമുണ്ടാവും എന്നാണ് പ്രതീക്ഷ. മാവേലിയെ പോലെ അങ്ങിനെ ഒരു മലയാളികൂടി പുതുതായി വന്നെത്തിയാല്‍ അതായിരുന്നു തങ്ങളുടെ ഓണം. അയാളെ വരവേല്‍ക്കാന്‍ മല്‍സരിച്ചിരുന്നു. അയാളെ സ്വീകരിക്കലും ഒപ്പം ഭക്ഷണവട്ടം കൂടലുമായിരുന്നു തങ്ങളുടെ ഏറ്റവും വലിയ ആഘോഷങ്ങള്‍. ആ കാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ രാജന്‍ പിള്ളയുടെ മുഖത്ത് ഒരു അത്തപ്പൂക്കളത്തിന്റെ സൌന്ദര്യം.

(Varthamanam ഓണപ്പതിപ്പ്-2014)

Sunday, August 17, 2014

തണല്‍ തേടുന്ന ആല്‍മരങ്ങള്‍


ഷര്‍ട്ടിന്‍െറ പോക്കറ്റ് കനംതൂങ്ങിയിരുന്നു. താങ്ങാവുന്നതിലും അപ്പുറം നിറഞ്ഞതുകൊണ്ടാവാം പോക്കറ്റിന്‍െറ ഒരു മൂലയിലെ തുന്നലിളകി ഉള്ളിലുള്ളവ പുറത്തേക്ക് തലനീട്ടിത്തുടങ്ങിയിരുന്നു. കുറെ കടലാസുകഷണങ്ങള്‍ക്കൊപ്പം മൂന്നോ നാലോ പാസ്പോര്‍ട്ടുകളാണ് പോക്കറ്റില്‍ കുത്തിത്തിരികിയിരുന്നത്.
എന്‍െറ നോട്ടത്തിലെ ചോദ്യം തിരിച്ചറിഞ്ഞ് തെന്നല പറഞ്ഞു: ‘മരിച്ചവരുടേതാണ്’.

രാത്രിയില്‍ ജോലികഴിഞ്ഞ് ബത്ഹയിലത്തെിയാല്‍ പതിവാണ് ആ കൂടിക്കാഴ്ച. ചിലപ്പോള്‍ അത് നിരത്തുവക്കിലാവും, അല്ളെങ്കില്‍ റമാദ് ഹോട്ടലിന്‍െറ മുറ്റത്തുവെച്ച്. അതുമല്ളെങ്കില്‍ ഏതെങ്കിലുമൊരു ദുരിതജീവിതത്തിന്‍െറ സങ്കടം കേട്ടുനില്‍ക്കുമ്പോള്‍. വാര്‍ത്തക്കുള്ള വിഭവങ്ങള്‍ ശേഖരിക്കാന്‍ കരുതിക്കൂട്ടിയുണ്ടാക്കുന്ന ആ കൂടിക്കാഴ്ചകളില്‍ ആകെക്കൂടിയുണ്ടാകുന്ന മാറ്റം അപ്പുറത്ത് തെന്നല മൊയ്തീന്‍കുട്ടിയൊ ശിഹാബ് കൊട്ടുകാടൊ എന്നതിന് മാത്രമാകും.
ഇവര്‍ രണ്ടുപേരുടെയും കൈകളിലിരിക്കുന്ന ഫയലുകളില്‍ അല്ളെങ്കില്‍ കീശയില്‍ കുത്തിനിറച്ചിരിക്കുന്ന കടലാസുകൂട്ടത്തില്‍ പിറ്റേന്നത്തേക്കുള്ള ഒരു വാര്‍ത്തയുടെ അസംസ്കൃത വസ്തുവുണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
അങ്ങിനെയൊരു കൂടിക്കാഴ്ചയിലാണ് പാസ്പോര്‍ട്ടുകള്‍ നിറഞ്ഞുതുളുമ്പിയ പോക്കറ്റുമായി തെന്നല മൊയ്തീന്‍കുട്ടി മുന്നില്‍ നിന്നത്.
‘ആരാ മരിച്ചത്, മലയാളികളാണോ?’

എന്‍െറ ചോദ്യത്തിലെ ഒൗത്സുക്യത്തെ ഒരു ചിരികൊണ്ട് തടഞ്ഞ് കീശയില്‍നിന്നെടുത്ത പാസ്പോര്‍ട്ടുകള്‍ നീട്ടി. അവ വാങ്ങുമ്പോള്‍ കൈകള്‍ ഒന്ന് വിറച്ചോ, പ്രേതങ്ങളുടെ പാസ്പോര്‍ട്ടുകളാണ്!
ഓരോന്നും മറിച്ചുനോക്കി. മൂന്നും മൂന്ന് ദേശക്കാരുടേതാണ്. മലയാളി ആരുമില്ല. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്. നാലുമാസം മുമ്പ് പെട്രോളൊഴിച്ച് തീപ്പന്തമായി ആത്മഹത്യ ചെയ്തയാളാണ് ഉത്തര്‍പ്രദേശുകാരന്‍. തെന്നല മൊയ്തീന്‍കുട്ടി വിശദീകരിക്കാന്‍ തുടങ്ങി. ഞാന്‍ പേനയും കടലാസുകഷണവുമെടുത്ത് കുറിച്ചെടുക്കാനും.
എട്ടുമാസം മുമ്പ് ഒരു ഹൃദയാഘാതം കൊത്തിക്കൊണ്ടുപോയതാണ് രാജസ്ഥാന്‍കാരന്‍െറ ജീവനെ. വെറും മൂന്നുദിവസത്തെ പഴക്കമാണ് രാജസ്ഥാനിയുടെ മരണത്തിന്. റിയാദിലെ ഒരു കമ്പനിയില്‍ ഉയര്‍ന്ന പദവി വഹിച്ചിരുന്ന അയാള്‍ സ്യൂട്ടും ടൈയുമണിഞ്ഞ് പാസ്പോര്‍ട്ടില്‍ പ്രൗഢിയോടെ ചിരിച്ചു. വെറുമൊരു നെഞ്ചുവേദനയുടെ കാരണം പറഞ്ഞാണ് ജീവന്‍ ആ പ്രതാപശാലിയുടെ ദേഹത്തെ ഉപേക്ഷിച്ചുപോയത്.

ഒരു തുണ്ട് കടലാസില്‍ പോലും കുറിച്ചുവെക്കാത്ത വിവരങ്ങള്‍ എത്ര കൃത്യതയോടെയാണ് തെന്നല മൊയ്തീന്‍ കുട്ടി ഓര്‍ത്തെടുത്ത് പറഞ്ഞുതരുന്നതെന്ന് ഞാന്‍ വിസ്മയിച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു നാട്ടില്‍നിന്നത്തെിയ, ജീവിച്ചിരിക്കെ തമ്മില്‍ കാണുകയൊ കേള്‍ക്കുകയൊ ചെയ്യാത്ത ആ അന്യനാട്ടുകാരുടെ മൃതദേഹങ്ങള്‍ക്കുവേണ്ടി തന്‍െറ ഏറ്റവും ഉറ്റവനായ ഒരാളുടെതെന്നതുപോലെയാണ് തെന്നലയുടെ ഇടപെടല്‍. മൂന്ന് മൃതദേഹങ്ങളും നാട്ടില്‍ അവരുടെ അനന്തരാവകാശികള്‍ക്ക് എത്തിച്ചുകൊടുക്കണം. അതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ് ആ ജീവകാരുണ്യപ്രവര്‍ത്തകന്‍.

മരിച്ചവര്‍ക്കുവേണ്ടി മാത്രമല്ല, മരിക്കാതെ തന്നെ മൃതിയെക്കാള്‍ വലിയ നിസഹായാവസ്ഥയിലായി പോകുന്നവര്‍ക്കുവേണ്ടിയും തെന്നലയോ ശിഹാബോ ഉണ്ടാവും. ഏതാനും ദിവസം മുമ്പ് ഇതേ തെരുവില്‍ ഇവര്‍ ഇരുവരും കൈകോര്‍ത്തിരുന്നു. ഒരു ഹൈദരാബാദി കുടുംബത്തിനുവേണ്ടി. ഒന്നര പതിറ്റാണ്ടോളം നാട്ടില്‍ പോകാനാവാതെ നിയമപ്രശ്നങ്ങളില്‍പെട്ട് നിരാലംബരായി കഴിഞ്ഞ മുഹമ്മദ് അസീസിനേയും ആറുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തേയും സുരക്ഷിതരായി ജന്മനാട്ടിലത്തെിക്കാന്‍ അവര്‍ ഒരുമിച്ച് പ്രയത്നിച്ചു.

ഈ ജീവകാരുണ്യ പ്രവര്‍ത്തകരോടൊപ്പം നില്‍ക്കുമ്പോള്‍ വളര്‍ന്നുപന്തലിച്ച ഒരാല്‍മരത്തിന്‍െറ ചുവട്ടിലത്തെിയതുപോലെ ദുരിതങ്ങളുടെ സൂര്യതാപമേറ്റ ഓരോ ജീവിതവും ആശ്വസിക്കും.

മരൂഭൂമിയിലെ ആല്‍മരങ്ങള്‍
തണലിന്‍െറ ഉടല്‍രൂപമാണല്ളോ ആല്‍മരം. പടര്‍ന്ന് പന്തലിക്കുന്ന അത് ആകാശം വീടാക്കിയ പറവകള്‍ മുതല്‍ മണ്ണിലെ മനുഷ്യനും പഴുതാരക്കും വരെ തണലൊരുക്കുന്നു. കാതങ്ങള്‍ താണ്ടിയ ക്ഷീണവുമായി അണയുന്ന പഥികനെ കുളിര്‍മയുള്ള കാറ്റിന്‍െറ കൈകളാല്‍ അണച്ചുപിടിച്ച് വീണ്ടും മറ്റൊരു വലിയ വഴിദൂരം താണ്ടാനുള്ള ഉന്മേഷമേകി വഴികാട്ടുന്ന കാരുണ്യം. പ്രതിസന്ധികളുടെ സൂര്യന്‍ കത്തിക്കാളുമ്പോള്‍ തണലിട്ട് ആശ്രയമേകുന്ന ആ കരുണകടാക്ഷത്തിലേക്ക് കൃതജ്ഞയുടെ ഒരു മറുനോട്ടം പോലും അയക്കാന്‍ നില്‍ക്കാതെ മുന്നിലുള്ള വഴിദൂരം മാത്രം ചിന്തിച്ച് പൊടിതട്ടി നടന്നുനീങ്ങുന്ന ജീവിതയാത്രികനോട് പരിഭവത്തിന്‍െറ ചെറിയൊരു ഇലവാട്ടം പോലും പ്രകടിപ്പിക്കാതെ അടുത്തയാള്‍ക്ക് തണലിടാന്‍ കാത്തുനില്‍ക്കുന്ന ദയാവായ്പിന്‍െറ മരയുടലഴക്.ഈ ആല്‍മരങ്ങള്‍ക്ക് പ്രവാസത്തിന്‍െറ മണല്‍ക്കാട്ടില്‍ മനുഷ്യരുടെ രൂപമാണ്. ഒരു ശിഹാബിലും തെന്നലയിലും ഒതുങ്ങുന്നതല്ല ആ വൃക്ഷനിര. പലവിധ പ്രശ്നങ്ങളുടെ നട്ടുച്ചയില്‍ വെന്തുപൊരിയുന്ന മനുഷ്യര്‍ക്ക് അഭയമേകുന്ന ആ കാരുണ്യത്തണലുകള്‍ക്ക് ദേശം മാറുമ്പോള്‍ പേരുകള്‍ വേറെയാണ്. ജിദ്ദയില്‍ മുഹമ്മലി പടപ്പറമ്പ്, ദമ്മാമില്‍ സഫിയ അജിത്, ഷാജി മതിലകം, നാസ് വക്കം, ബുറൈദയില്‍ നൗഷാദ് പോത്തന്‍കോട്, അല്‍ഖര്‍ജില്‍ ചന്ദ്രസേനന്‍, മജ്മഅയില്‍ മുമ്പൊരു കോഴിക്കോടുകാരന്‍ വിജയകുമാറും അഫീഫില്‍ തിരുവനന്തപുരത്തുകാരന്‍ എഗ്ഗി ജോസഫുമുണ്ടായിരുന്നു... അവസാനിക്കുന്നില്ല ഈ പേരുകള്‍.

ജീവിച്ചിരിക്കുന്നവരെ പോലെ തന്നെ മരിച്ചവര്‍ക്കുവേണ്ടിയും ദൈവത്തിന്‍െറ കൈകള്‍ പോലെ പ്രവര്‍ത്തിക്കുന്നവരാണ് ശിഹാബും തെന്നലയും മുഹമ്മദലി പടപ്പറമ്പും. ഓരോരുത്തരുടെ പേരിലും നന്മയുടെ കണക്കെഴുത്തുകാരനായ മാലാഖ രേഖപ്പെടുത്തിയ കണക്കില്‍ ആയിരവും ആയിരത്തഞ്ഞൂറിലുമേറെ മൃതദേഹങ്ങള്‍ക്ക് മോക്ഷമാര്‍ഗം തെളിച്ചതിന്‍െറ കണക്കുമുണ്ടാകും. വേണ്ടപ്പെട്ടവര്‍ക്കുപോലും വേണ്ടാതായി മാസങ്ങളും വര്‍ഷങ്ങളും തന്നെ മോര്‍ച്ചറികളിലെ ശീതീകരണികളില്‍ കിടന്ന എത്രയെത്ര മരവിച്ച ഉടലുകള്‍ക്കാണ് അവയര്‍ഹിക്കുന്ന മരണാനന്തരകര്‍മങ്ങളിലൂടെ മണ്ണിലേക്ക് മടങ്ങാന്‍ അവസരമൊരുക്കിയത്.

ശിഹാബിന് മറക്കാനാവില്ല ഒന്നര വര്‍ഷത്തോളം തന്‍െറ ശിരസിന് മുകളില്‍ ഭാരിച്ച കൃഷ്ണന്‍ കുട്ടിയെ. ജീസാനിലെ ആശുപത്രി മോര്‍ച്ചറിയില്‍ മരവിച്ചുകിടന്ന ആ കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ കാത്തിരുന്ന പ്രിയതമക്കും മക്കള്‍ക്കും എത്തിച്ചുകൊടുത്തിട്ടും ആ പ്രേതബാധയൊഴിഞ്ഞില്ല ശിഹാബിനെ. മരിച്ചവനുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാട് തീര്‍ക്കാതെ മൃതദേഹം വിട്ടുതരില്ളെന്ന് വാശിപിടിച്ച കൃഷ്ണന്‍കുട്ടിയുടെ സ്പോണ്‍സറുടെ ദേഷ്യം ജീസാന്‍ ഗവര്‍ണറുടെ സഹായത്തോടെ മൃതദേഹം വീണ്ടെടുത്തുകൊണ്ടുപോയ ശിഹാബിനോടായി. പലവിധ കേസുകളുടെ രൂപത്തില്‍ അയാള്‍ ഇപ്പോഴും ശിഹാബിനെ വേട്ടയാടുന്നു.

മുഹമ്മദലി പടപ്പറമ്പിനും തെന്നലക്കും മാത്രമല്ല, ജീവിതവ്യവഹാരങ്ങളില്‍ അടിതെറ്റുന്നവരും രോഗം, അപകടം പോലുള്ള ആകസ്മികതകളാല്‍ കവര്‍ന്നെടുക്കപ്പെട്ട് ജീവിതനഷ്ടം പേറുന്നവരും തണല്‍ തേടുന്ന മറ്റ് ആല്‍മരങ്ങളായ സഫിയ അജിതിനും നൗഷാദ് പോത്തന്‍കോടിനും നാസ് വക്കത്തിനും ഷാജി മതിലകത്തിനുമെല്ലാം തങ്ങളുടെ സല്‍പ്രവൃത്തിയുടെ പിന്നിലൂടെ വന്നുപിടികൂടുന്ന ഇത്തരം വേട്ടയാടലുകളുടെ കഥകള്‍ പറയാനുണ്ടാവും.

എന്നാല്‍ ആല്‍മരത്തെ പോലെ ഇവരും നന്ദികേടിന്‍േറയും ഇരുട്ടടികളുടെയും സൂര്യാഘാതമേറ്റുണ്ടാകുന്ന ഇലവാട്ടം പുറത്തുകാണിക്കാതെ വേദന ഉള്ളിലടക്കി പ്രസന്നവദനരായി അടുത്ത ദുരിത ജീവിതങ്ങള്‍ക്ക് തണലിടാന്‍ തയാറായി നില്‍ക്കുന്നു. ദൈവത്തോട് നടത്തിയ ഒരു പ്രതിജ്ഞ പോലെയാണ് കാരുണ്യവഴികളിലെ ആല്‍മരങ്ങളായി തങ്ങളുടെ ജീവിതങ്ങളെ ഇവര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

അന്യദേശത്തെ ഇന്ത്യയുടെ കാരുണ്യ അടയാളങ്ങള്‍
അന്യദേശത്ത് ഇന്ത്യയുടെ അടയാളങ്ങളായി മാറിയവരാണ് ഈ കാരുണ്യപ്രവര്‍ത്തകര്‍. ഭാഷ, ദേശം, മതം, വംശം, ആണ്, പെണ്ണ്, ഉള്ളവന്‍, ഇല്ലാത്തവന്‍ എന്ന വ്യത്യാസങ്ങളൊന്നും കൂടാതെ മനുഷ്യരുടെ വേദനയെ മാത്രം തിരിച്ചറിഞ്ഞ് സഹായിക്കാന്‍ മുന്നില്‍നില്‍ക്കുന്ന ഈ പൗരന്മാരിലൂടെ ഇന്ത്യ കാരുണ്യത്തിന്‍െറ വലിയ പ്രതീകമായി പ്രവാസലോകത്ത് അടയാളപ്പെടുകയാണുണ്ടായത്. നാനാലോക മനുഷ്യര്‍ സംഗമിച്ച ഗള്‍ഫ് രാജ്യങ്ങളിലെവിടെയും ഇത്തരത്തില്‍ ആല്‍മരത്തണലുകളായി മാറിയ ഇന്ത്യന്‍ സന്നദ്ധപ്രവര്‍ത്തകരെ കാണാം. അവരുടെ തണല്‍ ലഭിക്കുക ഇന്ത്യാക്കാരന് മാത്രമായിരിക്കില്ല. കണ്ണ് ഏത് ദേശക്കാരന്‍േറതാണെന്ന് നോക്കിയിട്ടല്ല കണ്ണീരൊപ്പാന്‍ ഇവരുടെ കരങ്ങള്‍ നീണ്ടുവരുക. ഇവര്‍ക്ക് തുല്യമായി മറ്റൊരു ദേശക്കാരനേയും ഒരുപക്ഷെ കണ്ടത്തൊന്‍ കഴിഞ്ഞെന്നുവരില്ല.

തണല്‍ തേടുന്ന ആല്‍മരങ്ങള്‍
ആല്‍മരങ്ങള്‍ വിരിക്കുന്ന തണലില്‍ ഇരിക്കുമ്പോഴും നാം ആലിന് തണലുണ്ടോ എന്ന് ആലോചിക്കാറില്ല. വൃക്ഷത്തിന്‍െറ തലക്ക് മുകളില്‍ ഒരു സൂര്യന്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന കാര്യം ആരും ഓര്‍ക്കാറെയില്ല. കിട്ടുന്ന തണലില്‍ ആശ്വാസം നേടുന്നവരാണ് നാം. അതുകഴിഞ്ഞാല്‍ ആലിനെ തന്നെയും നമ്മള്‍ സൗകര്യപൂര്‍വം മറക്കും.
മരുഭൂമിയിലെ കാരുണ്യമരങ്ങളെ അടുത്തറിയുമ്പോഴാണ് അവരും സ്വന്തം ജീവിതപ്രതിസന്ധികളുടെ നട്ടുച്ചയില്‍ തണലില്ലാതെ പ്രയാസപ്പെടുന്നവരാണെന്ന് മനസിലാകുക. സമൂഹത്തിന്‍െറ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി അലയുമ്പോള്‍ സ്വന്തം ശരീരത്തെ മാരകരോഗം കാര്‍ന്നുതിന്നുന്നതിന്‍െറ വേദന സ്വയം കടിച്ചമര്‍ത്തുന്നവരും നിത്യജീവിതം പ്രതിസന്ധിയിലായവരുമുണ്ട്. ഉള്ള ഉപജീവനമാര്‍ഗങ്ങള്‍ പോലും ഈ സാമുഹികപ്രവര്‍ത്തന അലച്ചിലിനിടയില്‍ ശരിയായി നോക്കാതെ നഷ്ടമായവരുമുണ്ട്.

ദുരിതബാധിതന്‍െറ കണ്ണീരൊപ്പുമ്പോള്‍ വേദനകൊണ്ട് നിറയുന്ന സ്വന്തം കണ്ണുകളെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നവരാണ് അവര്‍. മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും സഹായിയായി നടക്കുമ്പോള്‍ നിരാലംബത അനുഭവിക്കുന്ന സ്വന്തം കുടുംബങ്ങളെ കുറിച്ചുള്ള ആധികള്‍ ആരെയുമറിയിക്കാതെ മനസില്‍ പേറുന്ന ത്യാഗികള്‍. നിരവധിയാളുകളെ നിയമപ്രശ്നങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനും ജയിലുകളില്‍നിന്ന് മോചിപ്പിക്കാനും ജീവിതമുണ്ടാക്കിക്കൊടുക്കാനും സമയംതികയാതെ ഓടുന്ന ഒരു ജീവകാരുണ്യപ്രവര്‍ത്തകന് ഇതുവരെ തന്‍െറ മകളുടെ പാസ്പോര്‍ട്ട് ശരിയാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. നിയമപ്രശ്നങ്ങളുടെ കുരുക്കഴിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കുടുംബവുമായി നാട്ടില്‍ പോകാന്‍ കഴിയാതെ ദുഃഖം ഉള്ളിലടക്കി കഴിയുന്നു. മറ്റൊരു ജീവകാരുണ്യപ്രവര്‍ത്തകനാകട്ടെ ഒന്നര പതിറ്റാണ്ടായി നാട്ടില്‍ പോയിട്ടില്ല. കേള്‍ക്കുമ്പോള്‍ കുറ്റം പറയാന്‍ ആളുകളുണ്ടാവും. എന്തുകൊണ്ട് പോകാന്‍ കഴിയുന്നില്ല എന്ന് അന്വേഷിക്കാന്‍, പ്രതിസന്ധിയുണ്ടെങ്കില്‍ പരിഹാരം കാണാന്‍ ആരും തയാറാവുന്നില്ല.

ഇത്തരം വ്യക്തിഗത ജീവിതപ്രതിസന്ധികള്‍ പോലെ തന്നെ ദുരിത ബാധിതരെ സഹായിക്കാന്‍ ഇടപെട്ടതിന്‍െറ പേരില്‍ പല കോണുകളില്‍നിന്ന് പ്രത്യാഘാതങ്ങളും നിയമനടപടികളും അനുഭവിക്കേണ്ടിവന്നവരുമുണ്ട്. ഉപജീവനം നഷ്ടമായവരും ജയലിലേക്ക് പോകാനുള്ള ഭീഷണി നേരിട്ടവരുമുണ്ട്. എന്നിട്ടും തളരാതെ മറ്റുള്ളവര്‍ക്ക് തണലിടാന്‍ കാരുണ്യ വഴിയില്‍ സഹാനുഭൂതിയുടെ ഇലകള്‍ വിരിച്ച് തലയുയര്‍ത്തി നില്‍ക്കുന്നു അവര്‍.

(ഗള്‍ഫ് മാധ്യമം സ്വാതന്ത്ര്യദിന പതിപ്പ് 2014 ആഗസ്റ്റ് 15)

Saturday, August 16, 2014

മുന്നേറ്റത്തിന്‍െറ ചക്രവാളങ്ങളില്‍ ഇന്ത്യ-സൗദി സൗഹൃദം

ബഹുമുഖങ്ങളുള്ള ആഴമേറിയ ബന്ധമാണ് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍. അതാകട്ടെ ശതാബ്ദങ്ങള്‍ക്ക് മുമ്പേ ഇന്ത്യ ഉപഭൂഖണ്ഡത്തിനും അറേബ്യന്‍ നാടുകള്‍ക്കുമിടയില്‍ ചരിത്രം കപ്പല്‍ചാലുകള്‍ കീറിയ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മാനങ്ങളുള്ള ബന്ധത്തിന്‍െറ തുടര്‍ച്ചയാണ്.

ഇന്ത്യയും സൗദി അറേബ്യയും നയതന്ത്രബന്ധം ആരംഭിക്കുന്നത് 1947ലാണ്. 1955ല്‍ അന്നത്തെ സൗദി ഭരണാധികാരി സുഊദ് ബിന്‍ അബ്ദുല്‍ അസീസ് ആലുസുഊദ് ഇന്ത്യയിലേക്കും തൊട്ടടുത്ത വര്‍ഷം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു സൗദിയിലേക്കും നടത്തിയ സന്ദര്‍ശനങ്ങളാണ് സൗഹൃദത്തിന്‍െറ ഊടും പാവും ബലപ്പിച്ചത്. 1982ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സൗദിയിലത്തെിയത് ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ഊഷ്മളവും ശക്തവുമാക്കി. ഇവരുടെ പിന്‍ഗാമികളുടെ പില്‍ക്കാലത്തെ ചരിത്ര സംഭവങ്ങളായി മാറിയ പരസ്പര സന്ദര്‍ശനങ്ങള്‍ ഇരുരാജ്യങ്ങളുടെയും പാരസ്പര്യത്തിന് പുതിയ മാനങ്ങള്‍ തന്നെ നല്‍കി. 2006ല്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ഇന്ത്യ സന്ദര്‍ശനത്തിനിടെ നടത്തിയ ചരിത്ര സംഭവമായി മാറിയ ‘ഡല്‍ഹി പ്രഖ്യാപനവും’ 2010ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്‍െറ സൗദി പര്യടനത്തിനിടയിലെ ‘റിയാദ് പ്രഖ്യാപനവും’ ബന്ധത്തിന് സംവേഗശക്തി പകര്‍ന്നു. ഈ സന്ദര്‍ശനങ്ങള്‍ സര്‍വതലസ്പര്‍ശിയായിരുന്നു.

എല്ലാ മേഖലകളിലെയും പരസ്പര താല്‍പര്യമുള്ള വിഷയങ്ങളിലെല്ലാം ഉഭയകക്ഷി സഹകരണത്തിന് കൃത്യവും സ്പഷ്ടവുമായ രൂപരേഖകളുണ്ടായി. രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, രാജ്യ സുരക്ഷ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന തന്ത്രപ്രധാനമായ പങ്കാളിത്തം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രൂപപ്പെടുത്താനാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവേളയില്‍ ഇരുകൂട്ടരും പ്രധാനമായും ശ്രദ്ധിച്ചത്. അത് ഫലവത്താകുകയും സവിശേഷ മേഖലകളിലെ ദീര്‍ഘകാല സഹകരണത്തിനുള്ള ശ്രമങ്ങള്‍ ഏറെ പുരോഗതി ആര്‍ജ്ജിക്കുകയും ചെയ്തു. സഹകരണത്തിന്‍െറ പുതിയൊരു യുഗപ്പിറവി തന്നെ സംഭവിച്ചു.


അടുത്തകാലത്തായി ഇരുരാജ്യങ്ങളും തമ്മില്‍ എല്ലാ നിലകളിലുമുള്ള പരസ്പര സന്ദര്‍ശനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുസുഊദ് ഈ വര്‍ഷം ഫെബ്രുവരി 26 മുതല്‍ 28വരെ ഇന്ത്യ സന്ദര്‍ശിക്കുകയും ഇന്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു. അതുപോലെ സൗദി തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹ് ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ നാലുവരെ ഡല്‍ഹിയില്‍ പര്യടനം നടത്തുകയും ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് സംബന്ധിച്ച ലിഖിത കരാര്‍ യാഥാര്‍ഥ്യവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിക്കുകയും ചെയ്തു. ഇതേസമയം ഇന്ത്യന്‍ ഭാഗത്തുനിന്ന് ധനകാര്യമന്ത്രി പി. ചിദംബരത്തിന്‍െറ സന്ദര്‍ശനം സൗദിയിലേക്കുണ്ടായി. ഈ വര്‍ഷം ജനുവരി 27ന് 10ാമത് ഇന്ത്യ-സൗദി സംയുക്ത യോഗത്തില്‍ പങ്കെടുക്കാന്‍ രണ്ടുദിന സന്ദര്‍ശന പരിപാടിയുമായി റിയാദിലത്തെിയ ചിദംബരം സൗദി കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുസുഊദുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് അബ്ദുല്ല രാജാവിന്‍െറ പ്രത്യേക പ്രതിനിധിയയ അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുസുഊദുമായും സൗദി വാണിജ്യ വ്യവസായ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ എന്നിവരെയും കണ്ട ഇന്ത്യന്‍ മന്ത്രി വാണിജ്യ വ്യാപാര രംഗങ്ങളില്‍ ഫലപ്രദമായ യോജിച്ച മുന്നേറ്റത്തിന് ഇന്ത്യ, സൗദി വാണിജ്യ പ്രമുഖരുമായും മുഖാമുഖത്തിനിരിക്കുകയും ചെയ്തു. ശേഷം ഏപ്രിലില്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹ്മദ് സൗദിയിലത്തെുകയും ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഹജ്ജ്കാര്യ മന്ത്രി ഡോ. ബന്ദര്‍ ബിന്‍ ഹജ്ജാറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യ-സൗദി സാമ്പത്തിക, വാണിജ്യ ബന്ധങ്ങള്‍ സ്ഥിരമായ വളര്‍ച്ചയുടെ പാതയിലാണ്. ഇക്കാലത്തിനിടയ്ക്ക് ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാര പങ്കാളിയായി സൗദി അറേബ്യ മാറി. ഉഭയകഷി വ്യാപാരം 2013-14 കാലയളവില്‍ 48.75 ബില്യണ്‍ അമേരിക്കന്‍ ഡോളറായി വളര്‍ന്നു. 2012-13ല്‍ ഇത് 43.78 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. 11.35ശതമാനം വളര്‍ച്ചയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞത്. ഉഭയകക്ഷി വ്യാപാരത്തിന്‍െറ പ്രധാന ഭാഗവും ക്രൂഡ് ഓയിലിന്‍െറ ഇറക്കുമതിക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. രാജ്യത്തിന് മൊത്തം ആവശ്യമുള്ള എണ്ണയുടെ 19ശതമാനവും ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമായ സൗദി അറേബ്യയെ ആശ്രയിക്കുന്ന ഇന്ത്യക്ക് സുദൃഢമായ സൗഹൃദത്തിലൂടെ തുറന്നുകിട്ടിയ മാര്‍ഗം ഏറ്റവും വലിയ നേട്ടമായി മാറുകയായിരുന്നു.
ഇന്ത്യന്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ ഏറ്റവും മികച്ച വിദേശ വിപണികളില്‍ ആറാം സ്ഥാനമാണ് സൗദി അറേബ്യക്ക്. ഇന്ത്യയുടെ ആഗോള കയറ്റുമതിരംഗത്ത് 3.91ശതമാനം ഉല്‍പന്നങ്ങളും പോകുന്നത് സൗദി വിപണിയിലേക്കാണ്. അതേസമയം ഇന്ത്യയുടെ ആഗോള ഇറക്കുമതി വിഭവങ്ങളില്‍ 8.12 ശതമാനം സൗദി അറേബ്യയില്‍നിന്നുള്ളതാണ്. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യ അഞ്ചാമത്തെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ്. സൗദിയുടെ ആഗോള കയറ്റുമതിയില്‍ 8.3ശതമാനമാണ് ഇന്ത്യയിലേക്കുള്ള ഓഹരി. സൗദി അറേബ്യയിലേക്കുള്ള ഇറക്കുമതിരംഗത്ത് ഇന്ത്യ ഏഴാം റാങ്കിലാണ്. ഇറക്കുമതിയിലെ സൗദി ആശ്രയത്വം ഇന്ത്യയോട് 3.4ശതമാനമാണ്. വ്യാപാര രംഗത്തെ ഈ കണക്കുകള്‍ നല്‍കുന്ന സൂചന വ്യാപാര മേഖലയുടെ വൈവിധ്യവത്കരണത്തിലൂന്നിയ മുന്നേറ്റത്തിന്‍േറതാണ്.

ഇന്ത്യന്‍ കമ്പനികള്‍ സൗദി അറേബ്യയില്‍ കാലൂന്നുകയും തങ്ങളുടെ വ്യാപാര സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു. സൗദി അറേബ്യയുടെ നിരവധി പദ്ധതികളുടെ ചുമതലകള്‍ നേടാനും ഈ കമ്പനികള്‍ക്കായി. സൗദി അറേബ്യയുടെ പൊതുമേഖല പെട്രോളിയം കമ്പനിയായ സൗദി അരാംകോയുടെ 54 ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍െറ ഒരു വികസന പദ്ധതി ഇന്ത്യന്‍ കമ്പനിയായ എസ്സാര്‍ പ്രൊജക്ട്സ് സ്വന്തമാക്കിയതാണ് ഈ വഴിയിലെ ഏറ്റവും ഒടുവിലത്തെ നേട്ടം. ലാര്‍സന്‍ ആന്‍റ ടര്‍ബോ (എല്‍ ആന്‍റ് ടി), ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) എന്നിവ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയില്‍നിന്ന് അഭിമാനകരമായ നിരവധി പദ്ധതികള്‍ നേടിയെടുത്തു.

2013 നവംബറില്‍ സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ (സാബിക്) സ്വന്തം റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് സെന്‍റര്‍ ബംഗളുരുവില്‍ തുറക്കുകയും 100ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍െറ മുതല്‍മുടക്ക് നടത്തുകയും ചെയ്തു.

സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റുമെന്‍റ് അതോറിറ്റി (സാജിയ)യുടെ സ്ഥിവിവര കണക്ക് പ്രകാരം 2010ല്‍ 426 ഇന്ത്യന്‍ കമ്പനികള്‍ക്ക് സൗദി അറേബ്യയില്‍ മുതല്‍മുടക്കിനുള്ള ലൈസന്‍സ് നല്‍കി. 1.6 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍െറ മുതല്‍ മുടക്ക് പ്രതീക്ഷിച്ചുകൊണ്ട് സംയുക്ത, സ്വതന്ത്ര സംരഭങ്ങള്‍ക്കുവേണ്ടിയാണ് അനുമതി നല്‍കിയത്. അങ്ങിനെയാണെങ്കിലും വ്യാപാര വികസനത്തിനുള്ള വലിയ സാധ്യതകള്‍ ഇനിയും ചൂഷണം ചെയ്യപ്പെടാതെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടെന്നതാണ് യാഥാര്‍ഥ്യം.

വാണിജ്യ സംരംഭകരുടെ പരസ്പരമുള്ള കൂടിക്കാഴ്ചകള്‍ക്കും ഉഭയകക്ഷി വ്യാപാരത്തിന്‍െറ വളര്‍ച്ചക്കും നിക്ഷേപത്തിനും സൗകര്യമൊരുക്കുന്നതിനും റിയാദിലെ ഇന്ത്യന്‍ എംബസിയുടെ മുന്‍കൈയില്‍ സൗദി ഇന്ത്യ ബിസിനസ് നെറ്റുവര്‍ക്ക് (എസ്.ഐ.ബി.എന്‍) അടുത്തിടെ രൂപവത്കരിക്കുകയും സജീവപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നു. സൗദി-ഇന്ത്യ ഉഭയക്ഷകക്ഷി സാമ്പത്തി, വാണിജ്യ ബന്ധങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കല്‍ ലക്ഷ്യമിട്ട് എസ്.ഐ.ബി.എന്‍ ഒരു വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് വാണിജ്യ വ്യാപാര സംഘങ്ങള്‍ സൗദി സന്ദര്‍ശിക്കുമ്പോള്‍ സൗദി വ്യാപാരികളും വ്യവസായികളുമായും കൂടിക്കാഴ്ചക്കും മറ്റുമുള്ള വേദിയൊരുക്കുക പോലുള്ള മേഖലാബന്ധിത പരിപാടികള്‍ ഈ നെറ്റുവര്‍ക്കിന്‍െറ ആഭിമുഖ്യത്തില്‍ നടന്നുവരുന്നുണ്ട്.

ഇരു രാജ്യങ്ങളുടെയും ജനതകള്‍ തമ്മിലും കൂടുതല്‍ അടുത്തിടപഴകുന്നതിനും ഹൃദയ ബന്ധം  വര്‍ധിക്കുന്നതിനും സുദൃഢവും ഊഷ്മളവുമായ ഉഭയകക്ഷി ബന്ധം നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യന്‍ വിനോദസഞ്ചാര മന്ത്രാലയം റിയാദിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിച്ചുവരുന്നു. വിനോദ സഞ്ചാരം ലക്ഷ്യം വെച്ച് ഇന്ത്യയിലേക്ക് പോകുന്ന സൗദി പൗരന്മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന അനുഭവപ്പെടുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ ടൂറിസത്തിന്‍െറ പ്രധാന്യവും പ്രയോജനവും സൗദി ജനത തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. മെഡിക്കല്‍ ടൂറിസം ലക്ഷ്യം വെച്ച് ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി സന്ദര്‍ശകര്‍ക്ക് ഉദ്ദേശിച്ച ആരോഗ്യ ഫലപ്രാപ്തി നേടിയെടുക്കാനും ഇന്ത്യന്‍ മുഴുവന്‍ സന്ദര്‍ശിച്ച് കാണാനും അവസരമൊരുങ്ങുന്നു. വിദഗ്ധരായ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലെ മികവുറ്റതും ചെലവാക്കുന്ന പണത്തിന് അനുസരിച്ച് ഗുണപ്രദവുമായ ചികിത്സ ഇന്ത്യന്‍ മെഡിക്കല്‍ ടൂറിസം മേഖലയിലേക്ക് സൗദിയുള്‍പ്പെടെ ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍നിന്നും വന്‍തോതില്‍ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. അതുപോലെ സൗദി വിദ്യാര്‍ഥികളില്‍ ഗണ്യമായ വിഭാഗം ഇന്ത്യയില്‍ ഉപരിപഠന സാധ്യത തേടുന്നതില്‍ ഒൗത്സുക്യം കാട്ടുന്നു. പ്രത്യേകിച്ച് വിവര സാങ്കേതിത, ജൈവ സാങ്കേതികത തുടങ്ങിയ ആധുനിക സാങ്കേതിക വൈജ്ഞാനിക പഠനമേഖലകളില്‍.

രണ്ടര ദശലക്ഷം ജനസംഖ്യയുള്ള സൗദിയിലെ ഇന്ത്യന്‍ സമൂഹം വൈദഗ്ധ്യം, അച്ചടക്കം, നിയമം അനുസരിക്കാനുള്ള മനസ്, സൗമ്യപ്രകൃതം എന്നി ഗുണങ്ങള്‍ കാരണം മുന്തിയ പരിഗണന ലഭിക്കുന്ന തൊഴില്‍ സമൂഹമാണ്. രാജ്യപുരോഗതിക്ക് ഇന്ത്യന്‍ സമൂഹം നല്‍കിയ നിര്‍മാണാത്മകമായ സംഭാവനകളെ കുറിച്ച് വ്യക്തമായ ധാരണകളുള്ള സൗദി ഭരണാധികാരികളും പൗര സമൂഹവും അത് തുറന്നുപ്രകടിപ്പിക്കുന്നതിന് മടിക്കാറില്ല. ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തിലെ മറ്റൊരു പ്രധാന ഘടകമാണ് ഇന്ത്യന്‍ ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍. തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതില്‍ ജാഗ്രത പാലിക്കാറുള്ള സൗദി അറേബ്യയുടെ നടപടി എല്ലായിപ്പോഴും ഇന്ത്യന്‍ കൃതജ്ഞതക്ക് പാത്രമാകുന്നു. 2103ലെ ഹജ്ജ് തീര്‍ഥാടന വേളയില്‍ 135000 ഇന്ത്യക്കാര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സൗദിയിലത്തെി, അതിലേറെ ഉംറ നിര്‍വഹണത്തിനും.

(ഗള്‍ഫ് മാധ്യമം ഇന്ത്യന്‍ സ്വാതന്ത്ര്യദിന സപ്ളിമെന്‍റ് ആഗസ്റ്റ് 15, 2014)

Sunday, July 20, 2014

മഴയിലലിഞ്ഞ് വര്‍ണക്കൂട്ടുകള്‍


കേരളത്തിലെ മണ്‍സൂണ്‍, കൃഷിക്കെന്നപോലെ സര്‍ഗാത്മകതക്കും മണ്ണൊരുക്കുന്ന പ്രകൃതിയുടെ വിസ്മയ പ്രതിഭാസമാണ്. മാനം പെയ്തിറങ്ങുമ്പോള്‍ മനം കുളിര്‍ക്കും. കുതിര്‍ന്ന മണ്ണില്‍ ഒരു വിത്ത് പുതച്ചുവെച്ചാല്‍ മുളച്ചുപൊന്തും പോലെ, തരളിതമാകുന്ന ഹൃദയം ഭാവനയുടെ മാനങ്ങളിലേക്ക് ചിറകടിച്ചുയരും.

റജീനയുടെ മനസിലെ കാന്‍വാസില്‍ മഴയുടെ ചാരനിറത്തിനുമീതെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കൂട്ടുകള്‍ ഒഴുകിപ്പരക്കും. പെണ്‍കുട്ടികള്‍ വര്‍ണക്കുടകള്‍ ചൂടി മഴയിലങ്ങിനെ അലിഞ്ഞുചേരുന്നത് വരഞ്ഞുകഴിഞ്ഞപ്പോള്‍ ബ്രഷിനെ താന്‍ ചുംബിച്ചുപോയെന്ന് ഈ ചിത്രകാരി പറയുന്നു. പ്രവാസത്തിന്‍െറ മരുഭൂ മുഷിപ്പില്‍ ആശ്വാസം ഓര്‍മകളില്‍ പെയ്യുന്ന മണ്‍സൂണ്‍ കാലങ്ങളാണ്.

മരുഭൂമിയിലും മഴ പെയ്യാറുണ്ടെങ്കിലും കോണ്‍ക്രീറ്റ് കാട്ടില്‍ വീണുടഞ്ഞ് ചാരുത തകര്‍ന്ന് ഭൂമിക്കുവേണ്ടാതെ കെട്ടിക്കിടന്ന് ജീര്‍ണിക്കും. അല്ളെങ്കില്‍ ആകാശം സൂര്യന്‍െറ കൈകള്‍ താഴ്ത്തി വലിച്ചെടുക്കും. പ്രകൃതി തിരസ്കരിക്കുന്ന മഴയും ദാഹത്തോടെ കാത്തിരിക്കുന്ന മഴയും തമ്മില്‍ വ്യത്യാസമുണ്ട്. റജീന പ്രണിയക്കുന്ന മഴ പ്രകൃതി സുരത ദാഹത്തോടെ കാത്തിരിക്കുന്ന മഴയാണ്. കേരളത്തിലെ തുലാര്‍ഷവും കാലവര്‍ഷവുമൊക്കെയാണത്.

അതുകൊണ്ടാണ് കാന്‍വാസുകളില്‍ മഴ ആഘോഷമായി നിറയുന്നത്.
പെയ്യാന്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ആകാശത്തിന് നേരെ വര്‍ണക്കുട ഉയര്‍ത്തിപ്പിടിച്ച് പെണ്‍കുട്ടി ഉല്ലാസ നൃത്തം ചവിട്ടുന്നത്. മഴ മാത്രമല്ല, പെണ്ണും പ്രകൃതിയും മറ്റ് ചരാചരങ്ങളും നിറങ്ങളുമെല്ലാം റജീനയുടെ കാന്‍വാസില്‍ ആഘോഷത്തിമിര്‍പ്പിലാണ്. എങ്ങുമില്ല ശോകം. നിറഞ്ഞ പ്രസരിപ്പ്. പ്രത്യാശയുടെ തിളക്കം. വരഞ്ഞുകഴിഞ്ഞ നാല്‍പത് പെയിന്‍റിങ്ങുകളില്‍ മരുഭൂമി ഒരെണ്ണത്തില്‍ മാത്രം. അതിലും വര്‍ണക്കൂട്ടുകളുടെ മേളപ്പെരുക്കമാണ്. പ്രകാശമാനമായ വിദൂരലക്ഷ്യങ്ങളിലേക്ക് ഉന്മേഷപൂര്‍വം നടന്നുനീങ്ങുന്ന ഒട്ടകങ്ങളുടെ നിര.

ഫ്ളാറ്റിന്‍െറ നാലുചുവരുകള്‍ക്കുള്ളില്‍ ഇരവുപകലുകള്‍ക്കുപോലും നിറവ്യത്യാസമില്ലാതാകുമ്പോഴും ഒരു പ്രവാസി കുടുംബിനിയുടെ കാഴ്ചകള്‍ ഇത്രമേല്‍ വര്‍ണാഭമാകുന്നതെങ്ങിനെ? ജീവിതത്തെ അത്രമേല്‍ ആഘോഷഭരിതമാക്കി നിറുത്താന്‍ കഴിയുന്നതെങ്ങിനെ?
പിറന്നനാട് വിട്ടുപോന്നിട്ടില്ലാത്ത ഒരു മനസുള്ളതുകൊണ്ടാണെന്ന് കൃത്യമായ ഒരുത്തരം കണ്ടെടുക്കാന്‍ ‘ജീന’ എന്ന റജീന നിയാസിന് പ്രയാസമില്ല. തൃശൂര്‍ ചേലക്കര പുതുവീട്ടില്‍ പരേതനായ അബ്ദുറസാഖിന്‍െറ മൂന്നുമക്കളിലൊരാളായ റജീന റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി ചെയര്‍മാന്‍ നിയാസ് ഉമറിന്‍െറ ജീവിത പങ്കാളിയാണ്. ആലപ്പുഴ സ്വദേശിയായ നിയാസിനോടൊപ്പം ഒമ്പത് വര്‍ഷം മുമ്പാണ് റിയാദിലത്തെിയത്. സൗദി സ്നാക് ഫുഡ് കമ്പനിക്ക് കീഴില്‍ ലെയ്സിന്‍െറ ബ്രാന്‍ഡ് മാനേജരായ ഭര്‍ത്താവിനോടൊപ്പം സാധാരണ വീട്ടമ്മയായി കഴിഞ്ഞിരുന്ന റജീന അടുത്തകാലത്താണ് ചിത്രകലയിലേക്ക് ഗൗരവമായി തിരിഞ്ഞത്.

ജന്മസിദ്ധമായ കഴിവിനെ വളരെ വൈകി തേച്ചുമിനുക്കിയെടുത്ത അവര്‍ പ്രവാസ ജീവിതം തന്നെയാണ് തന്നെ ചിത്രകാരിയാക്കിയതെന്ന് പറയും. വെറും 18 മാസത്തിനുള്ളിലാണ് അത് ഗൗരവമായ ഒരു സപര്യയായി മാറിയത്. ജീവിക്കുന്നു എന്നതിന്‍െറ ചിത്രത്തെളിവുകളാണിവയെന്ന് റിയാദ് മലസിലെ തന്‍െറ ഫ്ളാറ്റിലെ മുറികളായ മുറികളിലെല്ലാം നിറഞ്ഞിരിക്കുന്ന പെയിന്‍റിങ്ങുകളിലേക്ക് അവര്‍ വിരല്‍ ചൂണ്ടി. സംതൃപ്തവും പ്രത്യാശാഭരിതവുമായ ഒരു ജീവിതം പ്രിയ ഭര്‍ത്താവിനും മൂന്ന് അരുമ മക്കള്‍ക്കുമൊപ്പം ആഘോഷപൂര്‍വം ആസ്വദിക്കുമ്പോള്‍ അതിന്‍െറ പ്രതിഫലനം തന്‍െറ കരവരുതില്‍ പ്രകടമാകാതിരിക്കില്ളെന്ന് സൗഹൃദ വലയത്തിലുള്ള ഒരു സൗദി പെണ്‍കുട്ടിയെ മോഡലാക്കി വരച്ച ‘ധന്യാത്മക നിമിഷങ്ങള്‍’ എന്ന മനോഹരമായ പെയിന്‍റിങ് ചൂണ്ടിക്കാട്ടി പറയുന്നു അവര്‍. ചക്രവാളങ്ങളിലേക്ക് ഒഴുകിപ്പരക്കുന്ന അതിസുന്ദര ഉടയാടകളില്‍ പൊതിഞ്ഞു സ്വപ്നാടനം നടത്തുന്ന സുന്ദരി.

ചിത്രകാരിയുടെ വെബ്സൈറ്റില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നതില്‍ ഒന്ന് ഈ ചിത്രമാണ്. പിന്നെ വര്‍ണമത്സ്യം. നീല ജലാശയത്തിനുള്ളില്‍ തിളക്കമുള്ള കണ്ണും അഴകോലും ഉടല്‍വര്‍ണങ്ങളുമായി കിടക്കുന്ന മത്സ്യത്തിനുപോലും എന്തൊരു ചാരുത. കടലിലേക്ക് അതിജീവനത്തിന്‍െറ വലയെറിയുന്ന മീന്‍പിടിത്തക്കാരനാണ് മറ്റൊരു ചിത്രം.

ജീവിതത്തിന്‍െറ തീക്ഷ്ണമായ വേനലും കടുത്ത വെല്ലുവിളികളും ചിത്രീകരിക്കുന്ന രണ്ട് ചിത്രങ്ങളേയുള്ളൂ. ഒന്ന് ഒരു ചെറിയ വഞ്ചിയില്‍ പ്രളയത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു തൊപ്പിക്കാരന്‍െറ ചിത്രം. പ്രളയം ജീവനെ ചുറ്റിവളഞ്ഞ ചരടുകളായകുന്ന ആ ചിത്രത്തിന്‍െറ പശ്ചാത്തലം കാഴ്ചക്കാരെ അസ്വസ്ഥപ്പെടുത്താന്‍ പോന്നതാണ്. എന്നാല്‍ നിര്‍ഭയമായി അതിനെതിരെ തുഴയെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വള്ളക്കാരന്‍െറ ആത്മവിശ്വാസം സ്ഫുരിക്കുന്ന ഭാവം കാഴ്ചക്കാരനും ധൈര്യവും ഊര്‍ജ്ജവും പകരും.  കാടും മരങ്ങളും കടപുഴക്കുന്ന പ്രളയത്തെ പോലും റജീനയുടെ നിറക്കൂട്ടുകള്‍ എത്ര ഹൃദയഹാരിയാക്കിയാണ് അവതരിപ്പിക്കുന്നത്.

വേനലിന്‍െറ തീക്ഷ്ണത വരഞ്ഞ പെയിന്‍റിങിലും നിറക്കൂട്ടുകളുടെ മിഴിവുള്ള സമ്മേളനമാണ്. ശുദ്ധ സ്നേഹത്തിന്‍െറ മാതൃഭാവങ്ങള്‍ തൂവലണക്കുന്ന അമ്മയും കുഞ്ഞുമെന്ന ചിത്രം ഹൃദയസ്പര്‍ശിയാണ്. സാത്വികഭാവമുള്ള അമ്മ മാറോട് അണച്ചുപിടിച്ചിരിക്കുന്ന കുഞ്ഞിന് മുലകൊടുക്കുന്ന ചിത്രം മാതൃശിശു ബന്ധത്തിന്‍െറ ഊഷ്മളതയും പവിത്രതയും വെളിപ്പെടുത്തുന്നതാണ്. അതിന്‍െറ പശ്ചാത്തലമായ പനമ്പ് മറയുടെ ചിത്രീകരണം ചിത്രകാരിയുടെ കരവിരുതിന്‍െറ മികവ് തൊട്ടറിയാന്‍ സഹായിക്കുന്നതാണ്.

ചിത്രകലയില്‍ തന്നെ പൂര്‍ണമായും സമര്‍പ്പിക്കുന്നതിന് മുമ്പ് കുറെക്കാലം റിയാദിലെ എരിത്രിയന്‍ എംബസി വക സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്തുണ്ടായ അടുപ്പത്തിനപ്പുറം ആഫ്രിക്കന്‍ ചിത്രകലാശൈലിയുടെ പ്രത്യേകത ഏറെ ആകര്‍ഷിച്ചതാണ് ആഫ്രിക്കന്‍ സാമൂഹിക ജീവിതവും നാടോടി കലാപാരമ്പര്യവും വിഷയമാക്കി പൂര്‍ണമായും ആഫ്രിക്കന്‍ ചിത്രകലയുടെ ശൈലിയില്‍ തന്നെ രണ്ട് മൂന്ന് പെയിന്‍റിങ്ങുകള്‍ ചെയ്യാന്‍ ഇടയാക്കിയത്.

ഓയില്‍പെയിന്‍റിങിന് പുറമെ അക്രിലിക്, മെറ്റാലിക് മീഡിയങ്ങളും ഉപയോഗിച്ച് പെയിന്‍റിങ് നടത്തുന്നുണ്ട്. കരകൗശല കലയില്‍ ലഭിച്ച ചെറിയൊരു പരിശീലനത്തിനപ്പുറം ചിത്രകലയില്‍ ഒരു പഠനവുമുണ്ടായിട്ടില്ല. കുട്ടിക്കാലം മുതലേ ചിത്രം വരക്കാനുള്ള താല്‍പര്യമുണ്ടായിരുന്നു. സ്വയം അഭ്യസിച്ചതാണ്. അതുകൊണ്ട് തന്നെ പറയാന്‍ പ്രത്യേകിച്ച് ഗുരുക്കന്മാരാരുമില്ല. ഇന്‍റര്‍നെറ്റ് സ്വയം പഠനത്തിന് സൗകര്യമൊരുക്കി എന്നുവേണമെങ്കില്‍ പറയാം.

പെയിന്‍റിങിന് പുറമെ രേഖാചിത്ര രചനയിലും സ്വന്തമായി വൈദഗ്ധ്യം നേടിയിട്ടുണ്ട്. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനെ വരച്ച പെന്‍സില്‍ സ്കെച്ചിനെ കുറിച്ച് അറബ് ന്യൂസില്‍ വന്ന വാര്‍ത്ത വലിയ പ്രചോദനമായി.
വാസ്തവത്തില്‍ ഫേസ്ബുക്കാണ് തന്നിലെ ചിത്രകാരിയെ ഉണര്‍ത്തിയതെന്ന് റജീന പറയുന്നു. വരച്ച ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടപ്പോള്‍ കിട്ടിയ അനുമോദനങ്ങളും പിന്തുണയുമാണ് ചിത്രകലയെ ഗൗരവത്തിലെടുക്കാന്‍ പ്രേരിപ്പിച്ചത്.  താന്‍ വരക്കുന്ന ചിത്രങ്ങള്‍ വിലകൊടുത്തുവാങ്ങാന്‍ പോലും ആളുകള്‍ തയാറാണെന്ന് മനസിലാക്കിയപ്പോള്‍ ഒരു വെബ്സൈറ്റ് തുടങ്ങി ആഗോള ചിത്രകലാ വിപണിയുടെ ഭാഗവുമായി. ഒമ്പത് പെയിന്‍റിങുകള്‍ വലിയ വിലകള്‍ക്ക് തന്നെ വിറ്റുപോയി. അതുപോലെ പെന്‍സില്‍ പോര്‍ട്രെയിറ്റ് സ്കെച്ചുകളും.

www.jeenaarts.com എന്ന സ്വന്തം വെബ്സൈറ്റിലൂടെ ചിത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവുമൊരുക്കി. ഓയില്‍ പെയിന്‍റിങിനും പെന്‍സില്‍ ഡ്രായിങിനും ഓര്‍ഡര്‍ ചെയ്താല്‍ വരച്ച് ലോകത്തെവിടേയും ഷിപ്മെന്‍റ് ചെയ്യാന്‍ കഴിയുന്ന സംവിധാനവും ഏര്‍പ്പെടുത്തി. എല്ലാം കുറഞ്ഞ കാലത്തിനുള്ളിലാണ് എന്നത് ഓര്‍ക്കുമ്പോള്‍ റജീന സ്വയം വിസ്മയിക്കുന്നു.
പ്രദര്‍ശനത്തില്‍ അണിനിരത്താന്‍ യോഗ്യമായ നാല്‍പത് പെയിന്‍റിങുകള്‍ തയാറാണ്. ഒരു പ്രദര്‍ശനം നടത്തുകയെന്നതാണ് ഏറ്റവും വലിയ ആഗ്രഹം.
ഗണിതത്തില്‍ ബിരുദവും ബി.എഡുമുള്ള റജീന വളരെ കുറച്ചുകാലം മാത്രമേ അധ്യാപനജോലി ചെയ്തുള്ളൂ. പിന്നീട് മൂന്നുമക്കളുടെ ഉമ്മയായി, പ്രിയതമന്‍െറ പ്രിയപ്പെട്ട കുടുംബിനിയായി വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടി. അപ്പോഴാണ് അതുവരെ മനസില്‍ അടങ്ങിക്കിടന്ന ചിത്രകാരി പുറത്ത് ചാടിയത്. അത് ഇന്ന് ജീവിതത്തിന്‍െറ ഏറ്റവും വലിയ ആഹ്ളാദവും അര്‍ഥവും പ്രതീക്ഷയുമായി.

മൂത്ത മകന്‍ അജ്മല്‍ തൃശൂര്‍ ചിറ്റിലപ്പള്ളിയിലെ ഐ.ഇ.എസ് സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്. റിയാദ് ഇന്ത്യന്‍ സ്കൂളില്‍ നാലാം ക്ളാസ് വിദ്യാര്‍ഥി അന്‍ഹറും എല്‍.കെ.ജി വിദ്യാര്‍ഥിനി ആയിഷയുമാണ് മറ്റ് മക്കള്‍.
ഫാത്തിമ ഉമ്മയും ഹാരിഷ്, സബീന എന്നിവര്‍ സഹോദരങ്ങളും.

(ചെപ്പ് വാരപ്പതിപ്പ്, ഗള്‍ഫ് മാധ്യമം)

Friday, July 11, 2014

നിഴല്‍ ചിത്രങ്ങള്‍


മൊട്ടക്കുന്നിന് താഴെ പാറക്കൂട്ടത്തിനടുത്ത് വണ്ടി നിറുത്തിയപ്പോള്‍ മാത്രമേ അരുണ്‍ദാസ് രാമേട്ടന്‍െറ കൈപിടിച്ചുള്ളൂ. കുന്നിന്‍ മുകളിലേക്ക് തെളിഞ്ഞുകിടന്ന വഴിയിലേക്കത്തെുമ്പോഴേക്കും ആ താങ്ങ് വേണ്ടാതായി.
കാഴ്ചയുള്ളയാളെ പോലെ അനായാസമാണ് നടന്നത്. കഴുത്തില്‍ തൂക്കിയിട്ട കാമറ നെഞ്ചത്തേക്ക് ചേര്‍ത്തുപിടിച്ചു. ഒപ്പം നടന്നത്തൊന്‍ പ്രയാസപ്പെട്ട അരുന്ധതി ഒട്ടൊരു വിസ്മയത്തോടെ അയാളെ നോക്കി.
കിതപ്പടക്കാന്‍ പാടുപെടുന്ന തന്നേയും രാമേട്ടനേയും തിരിഞ്ഞുനോക്കി അദ്ദേഹം കളിയാക്കുന്നു: ‘ഒരു കണ്ണുപൊട്ടനോട് ജയിക്കാനാവില്ളേ നിങ്ങള്‍ക്ക്’
അരുണ്‍ദാസെന്ന പേര് ആദ്യം കേട്ട സെന്‍ട്രല്‍ ഹാളിലെ ചിത്ര-ഫോട്ടോ പ്രദര്‍ശനത്തില്‍നിന്നേ തുടങ്ങിയ വിസ്മയം. പ്രമുഖ പത്രത്തിന്‍െറ നഗരത്തിലെ യൂണിറ്റിലേക്ക് സ്ഥലമാറ്റമായി വന്ന ശേഷം എല്ലാം ഒന്ന് പരിചയമായി വരുന്നതേയുണ്ടായിരുന്നുള്ളൂ. മെട്രോ പേജ് അലങ്കരിക്കാന്‍ ലളിതവിഭവങ്ങള്‍ തേടിയിറങ്ങിയ ഒരു പകലില്‍ ആകസ്മികമായാണ് സെന്‍ട്രല്‍ ഹാളിലെ ഏകദിന പ്രദര്‍ശനത്തില്‍ എത്തിച്ചേര്‍ന്നത്.
ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ഒരു അന്ധന്‍െറ പ്രദര്‍ശനമാണ് അതെന്നറിഞ്ഞപ്പോള്‍ താല്‍പര്യം കൂടി. എന്തോ കാര്യത്തിന് അപ്പോഴേക്കും അവിടം വിട്ടുപോയ അരുണ്‍ദാസിനെ തേടിപിടിച്ചാല്‍ ഒത്തുവരുന്ന ഉഗ്രന്‍ കോളോര്‍ത്ത് അയാളുടെ മൊബൈല്‍ നമ്പരും സംഘടിപ്പിച്ചാണ് മടങ്ങിയത്.
ചീഫ് സബ് എഡിറ്റര്‍ ജീവന്‍ ജോബാണ് അരുണ്‍ദാസിനെ കുറിച്ച് വിശദമായി പറഞ്ഞുതന്നത്. അദ്ദേഹം വിവരിക്കുമ്പോള്‍ ഒരു വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍െറ ആരവം അവള്‍ക്ക് ചുറ്റും നിറഞ്ഞു. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനയുടെ പ്രക്ഷോഭകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുമ്പോള്‍ മികച്ച ഫോട്ടോ തന്നെ കിട്ടാന്‍ അരുണ്‍ദാസ് ഒരു മതിലിന് മുകളിലേക്ക് വലിഞ്ഞുകയറുന്നത് അവള്‍ കണ്‍മുന്നില്‍ കണ്ടു. വിദ്യാര്‍ഥികളിലൊരാളുടെ ജീവന്‍ നടുറോഡില്‍ പിടഞ്ഞുവീണ് നിശ്ചലമാകുന്നിടത്തോളം മൂര്‍ഛിച്ച കലാപം. ചോരയില്‍ കുളിച്ചു പലരും ചിന്നിച്ചിതറുന്നു.
പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞത്തെിയ ഒരു കല്‍ച്ചീള് അരുണ്‍ദാസിന്‍െറ നിലതെറ്റിച്ചു. കേട്ടിരിക്കുമ്പോള്‍ അവളുടെ തൊണ്ടയില്‍ ഒരു നിലവിളി കുരുങ്ങി. കാല്‍വഴുതി വീണ അരുണ്‍ദാസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലത്തെിയപ്പോള്‍ അതും ആ സമരത്തിന്‍െറ കണക്കിലുള്‍പ്പെട്ടു. പൊലീസിന്‍െറ ലാത്തിയടിയേറ്റ് തലപിളര്‍ന്ന് വിദ്യാര്‍ഥി മരിച്ച വാര്‍ത്തകള്‍ രാഷ്ട്രീയ കേരളത്തെ പ്രക്ഷുബ്ധമാക്കുമ്പോള്‍ ആശുപത്രിയില്‍ ഇരുട്ടും വേദനയും നിറഞ്ഞ നിമിഷങ്ങളുടെ നിലയില്ലാക്കയത്തില്‍ അയാള്‍ ജീവിതം തുഴയുകയായിരുന്നു.
‘മൂന്നാംദിവസം എല്ലാവരേയും ഞെട്ടിച്ച് അരുണ്‍ദാസിന്‍െറ പത്രം ആ സ്കൂപ്പടിച്ചു. വിദ്യാര്‍ഥിയുടെ തല തല്ലിപ്പൊളിച്ചത് പൊലീസല്ളെന്നും വിദ്യാര്‍ഥികളുടെ പ്രക്ഷോഭനിരയില്‍ തന്നെയുണ്ടായിരുന്ന ഒരാളാണ് പ്രതിയെന്നും. ബഹളത്തിനിടയില്‍ അരുണ്‍ ദാസിന്‍െറ കാണാതായ കാമറയില്‍ ഒളിഞ്ഞിരുന്നത്. അത് രാഷ്ട്രീയ കേരളത്തിന്‍െറ ചരിത്രം തന്നെ മാറ്റിയെഴുതിയപ്പോ വിള കൊയ്തത് പത്രം.
അതൊന്നും അരുണിന്‍െറ നഷ്ടമായ കണ്ണുകള്‍ക്ക് പകരമായില്ല. പ്രക്ഷോഭകാരികളിലാരോ വലിച്ചെറിഞ്ഞ കരിങ്കല്‍ ചീള് കാഴ്ചയുടെ ഞരമ്പിനെയാണ് മുറിച്ചുകളഞ്ഞത്. വിവാദവും പ്രശസ്തിയുമുണ്ടാക്കിയ ആ ഫോട്ടോകള്‍ കാണാനായപ്പോഴേക്കും അരുണ്‍ദാസിന്‍െറ കാഴ്ച പൂര്‍ണമായും നഷ്ടമായിരുന്നു. നിരവധി പുരസ്കാരങ്ങളാണ് ആ ഫോട്ടോകളെ തേടിയത്തെിയത്.
ചുറ്റും ഇരുട്ടുമൂടിയപ്പോള്‍ അരുണ്‍ തന്നിലെ പ്രകാശത്തിലേക്ക് ഒതുങ്ങി....’ ജീവന്‍ ജോബ് ഓര്‍മകളിലേക്ക് ചാരി. അരുന്ധതിയുടെ മനസ് വിങ്ങി.
‘...ഈ നഗരത്തില്‍ തന്നെയുണ്ടായിട്ടും പിന്നീട് ഞങ്ങളാരും അധികം അവനെ കണ്ടിട്ടില്ല. അച്ഛനായിരുന്നു കൂട്ട്. അമ്മ നേരത്തെ മരിച്ചിരുന്നു, ഒരു സഹോദരിയുണ്ടായിരുന്നതും കുട്ടിക്കാലത്തു തന്നെ മരിച്ചു. ചിത്രം വരയിലും ഫോട്ടോഗ്രാഫിയിലും അവന്‍ ആശ്വാസം കണ്ടത്തെുകയായിരുന്നു. കാഴ്ച പോയിട്ടും കാമറ താഴെ വെച്ചിരുന്നില്ളെന്ന് ഞങ്ങളറിയുന്നത് അവന്‍ പകര്‍ത്തിയ സുന്ദരന്‍ പ്രകൃതി ദൃശ്യങ്ങളുടെ ഒരു ആല്‍ബം പിന്നീട് കാണാനിടയായപ്പോഴാണ്. അത്ഭുതപ്പെടുത്തുന്നവയായിരുന്നു അവ. അധികം കഴിയുന്നതിന് മുമ്പ് അച്ഛന്‍ മരിച്ചു. അതോടെ തീര്‍ത്തും ഒറ്റക്കായി എന്നു പറയാനാവില്ല, നേരത്തെ തന്നെ ആ വീട്ടിലുണ്ടായിരുന്ന സഹായി രാമേട്ടന്‍ പിന്നെ അവന്‍െറ അഛനും സുഹൃത്തും സന്തത സഹചാരിയുമെല്ലാമായി മാറുകയായിരുന്നു.’
അരുന്ധതി പറഞ്ഞു:
‘ആ ഫോട്ടോകള്‍ ഞാന്‍ കണ്ടിരുന്നു. പ്രദര്‍ശനത്തിലല്ല, നമ്മുടെ ലൈബ്രറിയില്‍.’
‘ഞാനും സൂക്ഷിച്ചിട്ടുണ്ട്.’ തിരിഞ്ഞ് കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് കണ്ണുപായിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ഇത്രയും ഷോക്കബിള്‍ ഫോട്ടോഗ്രാഫുകള്‍ ഇതിന് മുമ്പ് ഞാന്‍ കണ്ടിട്ടില്ല.
വിസ്മയമാണ് അരുണ്‍ദാസ്. മികച്ചതാവാന്‍ വേണ്ടി എത്ര വലിയ സാഹസത്തിനും അവന്‍ തയ്യാറായിരുന്നു. ഇപ്പോഴും അതേ, കാഴ്ച പോക്കിയിട്ടും അവനെ തളര്‍ത്താനായില്ല, ക്രൂരമായ ദുര്‍വിധിക്ക് പോലും. പലരും ഇതിനോടകം അവനെ കുറിച്ച് എഴുതി കഴിഞ്ഞു. പുതിയ പ്രദര്‍ശനത്തിന്‍െറ പശ്ചാത്തലത്തില്‍ അരുന്ധതിക്കും ഒന്ന് ശ്രമിക്കാവുന്നതാണ്. വിഷ് യു ആള്‍ ദി ബെസ്റ്റ്...
ആ ആശീര്‍വാദത്തിന്‍െറ ബലത്തിലാണ് അവളുടെ വിരലുകള്‍ മൊബൈല്‍ ഫോണിന്‍െറ സ്ക്രീനില്‍ സ്പര്‍ശിച്ചത്. ഫോണിലൂടെ വളരെ കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ. ഉദ്ദേശം അറിയിച്ചപ്പോള്‍ നേരിട്ടു വരാനുള്ള ക്ഷണം കിട്ടി.
അതിരാവിലെ തന്നെ ചെല്ലുമ്പോള്‍ അവളുടെ ആക്ടിവക്ക് കടക്കാന്‍ മാത്രം പാകത്തില്‍ വലിയ ഗേറ്റിന്‍െറ പാളികളിലൊന്ന് തുറന്നുവെച്ചിരുന്നു. വണ്ടി കാര്‍പ്പോര്‍ച്ചിലേക്ക് ഓടിച്ചുകയറ്റി അതവിടെ സ്റ്റാന്‍റില്‍വെക്കുമ്പോള്‍ സിറ്റൗട്ടിന്‍െറ കല്‍ത്തൂണില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം. പടികള്‍ കയറുമ്പോള്‍ വലതുകരം നീട്ടി. ഒട്ടൊരു വിസ്മയത്തോടെ അവള്‍ ആ കരം പുണര്‍ന്നു. ആ പിടിവിടാതെ തന്നെ അകത്തേക്ക് നടന്നു. വൃത്തിയിലും ചിട്ടയിലും സംവിധാനിച്ച ആ വലിയ ഹാളിന്‍െറ തുടക്കത്തിലിട്ട ടീപ്പോയില്‍ ഇംഗ്ളീഷുള്‍പ്പെടെ അന്നത്തെ അരഡസന്‍ പത്രങ്ങള്‍ ഏതും എളുപ്പത്തില്‍ എടുക്കാനാവും വിധം നിരത്തിവെച്ചിരുന്നു. ടീവിയില്‍ ഒരു വാര്‍ത്താ ചാനല്‍ താഴ്ന്ന ശബ്ദത്തില്‍ സംഭവങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.
ആ കറുത്ത കണ്ണടയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് കാഴ്ചയില്ളെന്ന് വിശ്വസിക്കാന്‍ അവള്‍ക്ക് പ്രയാസമാകുമായിരുന്നു. കറുത്ത ഗ്ളാസിനുള്ളില്‍ കൃഷ്ണമണികള്‍ ഇളകുന്നത് കണ്ടു. അതൊരു പക്ഷെ വെറുതെ ചലിക്കുന്നതാവും. സെറ്റിയിലെ കുഷനിലേക്ക് ചാരി അദ്ദേഹം അവളെ നോക്കി:
‘അരുന്ധതി, നമ്മള്‍ ആദ്യം കാണുകയാണെന്ന് തോന്നുന്നു’
‘കാണുകയോ?’ അറിയാതെ ചോദിച്ചുപോയി.
അദ്ദേഹം ഉറക്കെ ചിരിച്ചു
‘ഹ...ഹ...ഹ, ശരിയാണ്, എനിക്ക് കാണാന്‍ പറ്റില്ലല്ളോ?’
അവള്‍ വല്ലാതായി
‘ഹേയ്, ഞാന്‍...’
അയാള്‍ അവളെ തടഞ്ഞു
‘നോ പ്രോബ്ളം, കാണുകയെന്നത് കണ്ണുകളുടെ മാത്രം ജോലിയല്ലല്ളോ? എനിക്ക് അരുന്ധതിയെ കാണാം. അരുന്ധതി ധരിച്ച വസ്ത്രത്തിന്‍െറ നിറമെന്തെന്ന് ഞാന്‍ പറയട്ടെ... അല്ളെങ്കില്‍ വേണ്ട, ഞാനെന്‍െറ കാമറയെ കൊണ്ട് പറയിക്കാം....’
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ വീട്ടിലെ രണ്ടേ രണ്ട് മനുഷ്യജീവികളായ അരുണ്‍ദാസും രാമേട്ടനുമായി ഹൃദ്യമായ അടുപ്പമുണ്ടാക്കി അവള്‍. മെട്രോ പേജിനപ്പുറം ഞായറാഴ്ച പതിപ്പില്‍ ഒരു ഫീച്ചര്‍ പ്ളാന്‍ ചെയ്തു അവള്‍.
വീട്ടിന് തൊട്ടടുത്തുള്ള ഒരു മൊട്ടക്കുന്ന് അവള്‍ വരുന്ന വഴിയില്‍ കണ്ടിരുന്നു. പേജ് അലങ്കരിക്കാന്‍ കുറച്ച് ഫോട്ടോ അവിടെ നിന്നാകാമെന്ന് അവള്‍ പറഞ്ഞപ്പോള്‍ അരുണ്‍ ദാസിന് അത് വലിയ സന്തോഷമായി.
കുന്നിന്‍െറ നെറുകയിലത്തെിയതോടെ അദ്ദേഹം കൂടുതല്‍ ഉല്‍സാഹവാനായി. കാഴ്ച തിരിച്ചുകിട്ടിയതുപോലെ നിരന്തരം കാമറ ക്ളിക്ക് ചെയ്തുകൊണ്ടിരുന്നു. കാലടികളെണ്ണിയും കാറ്റിന്‍െറ ആരവത്തില്‍ ചെവി വട്ടം പിടിച്ചും സബ്ജക്ടും കാമറയും തമ്മിലുള്ള അകലമറിയുന്നതും കൃത്യത തെറ്റാതെ പടങ്ങളെടുക്കുന്നതും കാണുമ്പോള്‍ അവളുടെ വിസ്മയം ഇരട്ടിച്ചു.
‘എന്‍െറ കണ്ണുകളില്‍ പൂര്‍ണമായും ഇരുട്ടില്ല...’
തിരികെ, കുന്നിറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു.
‘നിത്യസ്പര്‍ശത്തിലൂടെ കാമറയുടെ ഓരോ ഭാഗവും എനിക്കറിയാന്‍ പറ്റും. വ്യൂ ഫൈണ്ടറിലൂടെ നോക്കുമ്പോള്‍ നിഴലുകളിളകുന്നത് കാണാം. നിഴലുകള്‍ക്കിടയിലെ വെളിച്ചത്തിന്‍െറ പാതി തിളക്കങ്ങളെ തിരിച്ചറിയാം പറ്റും. അതുകൊണ്ടാവാമെന്ന് തോന്നുന്നു എനിക്കിങ്ങനെ ചിത്രങ്ങളെടുക്കാന്‍ കഴിയുന്നത്. പക്ഷെ, എനിക്കറിയാം, എന്‍െറ കണ്ണുകള്‍ക്ക് പകരമാവാന്‍ ഈ കാമറക്ക് ഒരിക്കലും കഴിയില്ല....
ആ ശബ്ദത്തില്‍ പെട്ടെന്നുണ്ടായ നനവ് അവള്‍ ശ്രദ്ധിച്ചു.
‘അരുന്ധതിയെ കാമറയിലൂടെ കാണുന്നുണ്ടെന്നും ധരിച്ച വസ്ത്രത്തിന്‍െറ നിറം പോലും പറയാന്‍ കഴിയുമെന്നുമൊക്കെ ഞാന്‍ പറഞ്ഞത് വെറുതെയാണ്. കാഴ്ച പോകുന്നതിന് മുമ്പ് മനസില്‍ പതിഞ്ഞുകിടക്കുന്നവയെ ചിലപ്പോള്‍ ഈ നിഴലട യാളങ്ങള്‍ കൊണ്ടു തിരിച്ചറിയാന്‍ കഴിയുന്നുണ്ടാവും. അതല്ലാതെ പുതിയതൊന്നിന്നേയും എനിക്ക് കാണാന്‍ കഴിയുന്നില്ല’.
അതുവരെയുണ്ടായിരുന്ന എല്ലാ ഉന്മേഷവും അദ്ദേഹത്തിന് നഷ്ടപ്പെട്ടതുപോലെ അവള്‍ക്ക് തോന്നി. വാഹനത്തിന് അടുത്തത്തെുമ്പോള്‍ അവള്‍ കൈപിടിച്ചു. കാറോടി തുടങ്ങിയപ്പോള്‍ ആരും ഒന്നുമിണ്ടിയില്ല.
നീണ്ട ഒരു മൗനത്തിന് ശേഷം അദ്ദേഹം പറഞ്ഞു
‘അരുന്ധതിയല്ളേ പറഞ്ഞത്, ഫീച്ചറിന് ഒരു നാടകീയത വേണമെന്ന്. വായനക്കാര്‍ ത്രില്ലടിക്കണമെന്ന്...’
ഒരിട ഒന്നു നിറുത്തിയശേഷം അദ്ദേഹം തുടര്‍ന്നു...
‘അത് അരുന്ധതിയോട് പറയണമോ എന്ന് ഒന്നുരണ്ടുവട്ടം ഞാനാലോചിച്ചതാണ്. വേണ്ടെന്ന് മനസ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു, അത് പറയണമെന്ന്’
ഒരു നിമിഷം മുകളിലേക്ക് കണ്ണുകളയര്‍ത്തി നിശബ്ദനായ അദ്ദേഹത്തിന്‍െറ മുഖത്തേക്ക് അവള്‍ ആകാംക്ഷയോടെ നോക്കി.
‘കാഴ്ച തിരിച്ചുകിട്ടിയെങ്കിലെന്ന് ഞാന്‍ തീവ്രമായി ആഗ്രഹിച്ചുപോയ ഒരു അനുഭവം മൂന്നുദിവസം മുമ്പ് എനിക്കുണ്ടായി. ഫോട്ടോ പ്രദര്‍ശനത്തെ കുറിച്ചുള്ള സമീപദിവസങ്ങളിലെ വാര്‍ത്തകള്‍ വായിച്ച് എങ്ങിനേയൊ എന്‍െറ വിലാസം തേടിപ്പിടിച്ചാണ് അവന്‍ വന്നത്!


രാമേട്ടനേയും എന്നേയും ഞെട്ടിച്ചുകൊണ്ട് അവന്‍ മുറ്റത്തുവന്നുനിന്നു ചോദിച്ചു:
‘എന്നെ അറിയില്ളേ?’
‘ആര്?’
‘സമീര്‍ മൂസ. അതെ അങ്ങിനെയാണ് അവന്‍െറ പേര്. അന്ന് ഞാനെടുത്ത ഫോട്ടോയില്‍ ഇരുമ്പു ദണ്ഡ് പിടിച്ച് പ്രതിസ്ഥാനത്തു നിന്ന വിദ്യാര്‍ഥി നേതാവ്. നീണ്ട ജയില്‍വാസത്തിനൊടുവില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അവന്‍ പുറത്തുവന്നത്’
അരുന്ധതി ഞെട്ടിപ്പോയി. അവള്‍ തുറിച്ചുനോക്കി
അരുണ്‍ദാസിന്‍െറ മുഖം പ്രസന്നമായി.
‘അവന്‍ വന്നയുടനെ എന്നോട് ചോദിച്ചത് എന്താണെന്ന് അറിയുമോ?’
‘....?’
‘അവനെ ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ എന്ന്? ഞാനെങ്ങിനെ അവന്‍െറ രൂപം ഓര്‍ക്കാനാണ്? ഞാനവനെ കണ്ടിട്ടില്ലല്ളോ. നിരന്തരമുള്ള ക്ളിക്കുകളില്‍ സമയത്തിന്‍െറ ഏതോ ഒരു നുറുങ്ങില്‍ കാമറ ഒരു മിന്നല്‍പ്പിണര്‍ പോലെ കണ്ട് പതിച്ചിട്ട മുഖങ്ങളിലൊന്ന് മാത്രം. കൊന്നവന്‍േറയും കൊല്ലപ്പെട്ടവന്‍േറയും മുഖങ്ങള്‍ എന്‍െറ കാമറക്ക് ഓര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കിലും എനിക്കതിന് കഴിയില്ലല്ളോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ഒന്നുറക്കെ ചിരിച്ചെന്ന് എനിക്ക് തോന്നി.’
അപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു,
‘എന്നെ കൊല്ലാന്‍ തോന്നുന്നുണ്ടോ നിനക്ക്?’
അവന്‍ എന്‍െറ കൈയ്യില്‍ കടന്നുപിടിച്ചു. പിന്നെ എന്നെ കെട്ടിപ്പിടിച്ചു. എന്‍െറ തോള് നനഞ്ഞു. ഏങ്ങലടിയുയര്‍ന്നു. ഏക്കം മുറിക്കുന്ന വാക്കുകള്‍ ഞാന്‍ കേട്ടു.
‘എന്‍െറ പ്രിയ സുഹൃത്തു കൂടിയായിരുന്നു സഞ്ജയ്. അവനെയാണ് ഞാന്‍...’
എന്തിനായിരുന്നു അതെന്ന എന്‍െറ ചോദ്യത്തിന് അവന്‍ മറുപടി പറഞ്ഞില്ല.
ഏങ്ങലടി മുറിഞ്ഞു. അവന്‍ വേര്‍പെട്ടു.
നനവ് വറ്റിയ ഒരു ശബ്ദമാണ് പിന്നീട് കേട്ടത്.
‘എനിക്കറിയില്ല. മുദ്രാവാക്യങ്ങള്‍ ഏറ്റു ചൊല്ലിയിരുന്നതുപോലെ അനുസരണയുടേതായിരുന്നു ആ കാലം. കൊല്ലാന്‍ പറഞ്ഞു, കൊന്നു. അതിനപ്പുറം എനിക്കൊന്നുമറിയില്ല.’
പോകാനിറങ്ങിയ അവന്‍ എന്‍െറ കൈ പിടിച്ചപ്പോള്‍ എനിക്കൊരു ആഗ്രഹം തോന്നി. അവനെ ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍...
...അരുന്ധതി, സത്യമാണ് ഞാന്‍ പറയുന്നത്. എനിക്കവനെ കാണണമെന്ന തോന്നല്‍ അത്രയേറെ തീവ്രമാണിപ്പോള്‍. അതിനു വേണ്ടി ഒരു നിമിഷാര്‍ധത്തിലെങ്കിലും കാഴ്ച മടക്കിക്കിട്ടിയിരുന്നെങ്കില്‍ !’
ഓടുന്ന വാഹനത്തില്‍ ആലസ്യത്തോടെ ചാഞ്ഞിരുന്ന അരുന്ധതി ത്രസിപ്പിക്കുന്ന ഉണര്‍വിലേക്കൊന്നിളകിയിരുന്നു. ഫീച്ചറിനുവേണ്ടി മനസില്‍ അതുവരെ എഴുതിയതൊക്കേയും അവള്‍ മാറ്റിയെഴുതാന്‍ തുടങ്ങി.

(പുരോഗമന കലാസാഹിത്യ സംഘം, കൂട്ടം, ജിദ്ദ സര്‍ഗസമീക്ഷ, കെ.എന്‍.എം സ്റ്റേറ്റ് കോണ്‍ഫറന്‍സ് എന്നിവയുടെ സമ്മാനങ്ങള്‍ക്ക് അര്‍ഹമായ കഥ)

Friday, July 4, 2014

ഹവ്വാമ്മയെന്ന ദൂരൂഹ പെണ്ണുടല്‍

മരണത്തെ അപ്പോള്‍ മുന്നില്‍ കാണുന്നതുപോലെ അയാളുടെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആ കാഴ്ച അയാളെ വിട്ടുപോയിട്ടില്ളെന്ന് തുറിച്ച കണ്ണുകള്‍ വിളിച്ചുപറഞ്ഞു.
തന്‍െറ വീട്ടിലെ വേലക്കാരിയായിരുന്ന യുവതി ആത്മഹത്യ ചെയ് തതിനെകുറിച്ചാണ് ആ സൗദി പൗരന്‍ പറഞ്ഞുകൊണ്ടിരുന്നത്.
‘സെയിം സെയിം ലിപ്ടണ്‍ ടീ’
ഒരു ഉദാഹരണവുമായി അറബി ചുവയുള്ള ഇംഗ്ളീഷില്‍ അയാള്‍ തപ്പിത്തടഞ്ഞു.
ടീബാഗ് പോലെ തൂങ്ങിക്കിടക്കുകയായിരുന്നുപോലും!സത്യത്തില്‍ തെന്നല മൊയ്തീന്‍ കുട്ടിക്ക് ആദ്യം കാര്യം പിടികിട്ടി യില്ല. കൈയാംഗ്യം കൂടിയുള്ളതുകൊണ്ട് ചിത്രം പതിയെ തെളിഞ്ഞു കിട്ടി.
അല്ളെങ്കിലും മരണത്തിലേക്കുള്ള ആത്മഹത്യാവഴികളെ അറബി കള്‍ക്ക് ഭയമാണ്. അത് മൊയ്തീന്‍കുട്ടിക്കറിയാം. മതവിശ്വാസപര മായി കൊടിയപാപമാണ് ആത്മഹത്യ. വിശ്വാസാദര്‍ശത്തില്‍ മുറുകെ പിടിക്കുന്നതിനാല്‍ അറബികള്‍ക്കിടയില്‍ സ്വയംഹത്യകള്‍ അപൂര്‍വ മാണ്. അതില്‍തന്നെ തൂങ്ങി മരണം തീര്‍ത്തും അപരിചിതം.
നൂലില്‍ തൂങ്ങിക്കിടന്ന് കണ്ടിട്ടുള്ളത് ടീ ബാഗുകളെയാണ്. അറബ് ജീവിതത്തിന്‍െറ മധുരവും ലഹരിയുമായ ‘സുലൈമാനി’യെന്ന കട്ടന്‍ ചായക്ക് നിറവും കടുപ്പവും പകരാന്‍ ചില്ലുകപ്പിലെ ചൂടുവെള്ളത്തി ലേക്ക് നൂലില്‍ ഞാന്നുകിടക്കുന്ന ‘ലിപ്ടണ്‍ കമ്പനിയുടെ’ ടീ ബാഗിനോളം ഉദാഹരിക്കാന്‍ മറ്റൊന്നില്ലതാനും.

മുറിയിലെ ഫാന്‍ കൊളുത്തിലെ തുണികുരുക്കില്‍ തൂങ്ങിനിന്ന തമിഴ്നാട്ടുകാരിയുടെ മരണം വാക്കുകളും ആംഗ്യങ്ങളും കൊണ്ട് ചിത്രീകരിച്ചുകഴിയുമ്പോഴേക്കും അറബി പരവശനായി. തലയില്‍ നിന്ന് ‘ഇഖാല്‍’ (കറുത്ത ചരട്) അഴിച്ച് ‘ഷിമാഗ്’ (ശിരോ വസ്ത്രം) എടുത്തുകുടഞ്ഞ ശേഷം പുനസ്ഥാപിച്ച് ഒരു നിശ്വാസമുതിര്‍ത്തു.
വേലക്കാരിയുടെ അസ്വാഭാവിക മരണത്തേക്കാള്‍ അനന്തര പ്രശ്ന ങ്ങളാണ് ആ മനസില്‍ അസ്വസ്ഥതയുടെ പാമ്പുകളായി ഇഴയുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മരണാനന്തര നടപടികളൊ ന്നുമായിട്ടില്ല.
മൃതദേഹം റിയാദിലെ ഗവണ്‍മെന്‍റ് ആശുപത്രി മോര്‍ച്ചറിയില്‍ കിടക്കുകയാണ്.
വിദേശി മരിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ഒരു സാധാരണക്കാ രനായ ആ ഗൃഹനാഥന് ഒന്നുമറിയില്ല. ഇന്ത്യന്‍ എംബസിയെ ബന്ധ പ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതിന് എവിടെ തുടങ്ങണം, ആരെ കാണണം എന്നറിയില്ല.

റിയാദിലെ ഇന്ത്യന്‍ സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തക നെന്നനിലയില്‍ അറിയപ്പെടുന്ന മലപ്പുറം തെന്നല സ്വദേശി മൊയ്തീന്‍ കുട്ടി ഇക്കാര്യത്തില്‍ സഹായിക്കുമെന്ന് അരോ പറഞ്ഞറിഞ്ഞപാടെ ഓടിയത്തെിയതാണ്.

തമിഴ്നാട് വാണിയമ്പാടി ആംബൂര്‍ സ്വദേശിനി സുബൈദാബി ‘ഗദ്ദാമ’ (വീട്ടുവേലക്കാരി) വിസയിലാണ് റിയാദിലെ ഹയ്യുല്‍ ബദ്ര്‍ എന്ന സ്ഥലത്തുള്ള ആ അറബിയുടെ വീട്ടിലത്തെിയത്.
ഒരു മാസം തികയുന്നതിന് മുമ്പാണ് ആത്മാഹുതി. അടുക്കളയോട് ചേര്‍ന്ന് താമസിക്കാന്‍ നല്‍കിയ മുറിയില്‍ തൂങ്ങി നില്‍ക്കുന്നതാണ് ഒരു പ്രഭാതത്തില്‍ വീട്ടുകാര്‍ കണ്ടത്.
സമയമേറെ കഴിഞ്ഞിട്ടും കാണാതായപ്പോള്‍ അടഞ്ഞുകിടന്ന വാതില്‍ തള്ളിതുറക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. ഒരു തൂങ്ങിമരണം ആദ്യമായാണ് തങ്ങള്‍ കാണുന്നതെന്ന് അന്നത്തെ അതേ പരിഭ്രമം വീണ്ടും നിഴലിട്ട മുഖഭാവ ത്തോടെ അയാള്‍ പറഞ്ഞു.
പൊലീസത്തെി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെ അനന്തരനടപടികളിലേക്ക് കടക്കണമെ ങ്കില്‍ സുബൈദാബിയുടെ വീട്ടുകാരുടെയും ഇന്ത്യന്‍ എംബസിയു ടേയും ഇടപെടലും അനുമതിയും വേണം. അതിനൊരു പാലം തേടിയാ ണ് മൊയ്തീന്‍കുട്ടിയുടെ മുന്നില്‍ ഇങ്ങിനെ പരവശതയോടെ ഇരിക്കു ന്നത്.ജീവനറ്റവരുടേയും ജീവിച്ചിരിക്കെ ആലംബമറ്റവരുടേയും കൂട്ടുകാരനായ തെന്നല മൊയ്തീന്‍കുട്ടി പതിവ് തെറ്റിച്ചില്ല. ഒടുവില്‍ സുബൈ ദാബിയുടെ ജഡഭാരം ഇറക്കിവെക്കാന്‍ ഒരു ചുമല്‍ കണ്ടത്തെിയ ആശ്വാസത്തോടെ ആ തൊഴിലുടമ മടങ്ങി. എന്നാല്‍ പ്രശ്നങ്ങള്‍ അവ സാനിക്കുകയല്ല പുതിയത് തുടങ്ങുകയാണുണ്ടായത്. പ്രശ്നസങ്കീര്‍ ണതകളുടെ ചുഴിയില്‍ കിടന്ന് കറങ്ങുന്ന ജഡമാണ് സുബൈദാബി യുടേതെന്ന് താമസിയാതെ മൊയ്തീന്‍കുട്ടിക്ക് മനസിലായി.


അത് സുബൈദാബിയായിരുന്നില്ല!
നാട്ടിലെ കുടുംബത്തില്‍നിന്ന് പരാതിയൊന്നുമില്ളെന്ന് അറിയിച്ച് അനുമതിപത്രം ഇന്ത്യന്‍ എംബസിയിലേക്ക് അയച്ചുകിട്ടിയാല്‍ പോ സ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങി റിയാദില്‍ തന്നെ മറവുചെയ്യാം. അതാണ് പതിവ്.
അടുത്തദിവസം തന്നെ മൊയ്തീന്‍കുട്ടി അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങി.
റിയാദിലെ ഇന്ത്യന്‍ എംബസിയധികൃതരെ വിവരം ധരിപ്പിച്ചു. സ്പോണ്‍സര്‍ ഏല്‍പിച്ച പാസ്പോര്‍ട്ടിലെ വിലാസപ്രകാരം, എംബസി മുഖാന്തിരം ജില്ലാഭരണകൂടത്തിന്‍േറയും സ്ഥലം എം.എല്‍.എയുടേ യും സഹായത്തോടെ സുബൈദാബിയുടെ വീടും വീട്ടുകാരേയും ക ണ്ടത്തെി.
ഇതിനിടെ റിയാദിലെ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലത്തെിയ മൊയ്തീന്‍കുട്ടിയെ കാത്തിരുന്നത് ഞെട്ടിക്കുന്ന ഒരു പുതിയ വിവര മായിരുന്നു. സുബൈാദാബിയുടെ പാസ്പോര്‍ട്ടിലെ മുഖമല്ല മരിച്ച രൂപത്തിന്!
41കാരിയായ സുബൈദാബിക്ക് പകരം മരിച്ചുമരവിച്ചുകിടക്കുന്നത് തീരെ ചെറുപ്പമാര്‍ന്ന മറ്റൊരു പെണ്ണുടല്‍!
തമിഴ്നാട്ടിലെ ബന്ധപ്പെട്ട ജില്ലാഭരണകൂടം എംബസിക്ക് അയച്ച മറുപടിയിലും ആ വിവരമാണുണ്ടായിരുന്നത്: പാസ്പോര്‍ട്ടുടമയായ സുബൈദാബി നാട്ടില്‍ ജീവനോടെയുണ്ടെന്ന്!

മോര്‍ച്ചറിയില്‍ കിടക്കുന്ന സുബൈദാബി?
ആ ചോദ്യമാണ് പിന്നീട് മാസങ്ങളോളം എംബസിയധികൃ തരുടേയും തെന്നല മൊയ്തീന്‍കുട്ടിയുടേയും ഉറക്കം കെടുത്തിയത്.
മോര്‍ച്ചറിയില്‍ മരവിച്ചുകിടക്കുന്ന സുബൈദാബി യഥാര്‍ഥത്തില്‍ ആരാണ്?
സൗദി തൊഴിലുടമക്കും അധികനാള്‍ ആശ്വാസത്തോടെയിരിക്കാ നായില്ല. പൊലീസ് ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ആശുപത്രിയധികൃത രും തുടര്‍നടപടികളെ കുറിച്ച് ചോദിച്ചുതുടങ്ങി.
ജീവനുള്ളതിനെക്കാള്‍ ഭാരമാണല്ളോ മരിച്ചതിന്. ഇരിക്കുന്നിട ത്തോളം ഭാരം കൂടുകയേയുള്ളൂ. എത്രയും പെട്ടെന്ന് ആ ഭാരം ഒഴിവാ ക്കണം.
എല്ലാവര്‍ക്കും വേണ്ടത് അതാണ്. എല്ലാവരുടേയും ശ്രദ്ധ തെന്നല മൊയ്തീന്‍കുട്ടിയിലാണ്. വര്‍ഷങ്ങളുടെ ശീലം കൊണ്ട് എംബസി ഉദ്യോഗസ്ഥര്‍ക്കും സൗദി പൊലീസിലുള്ളവര്‍ക്കും അയാളില്‍ വിശ്വാ സമാണ്.
മരിച്ചുകിടക്കുന്നത് ആരെന്ന് തിരിച്ചറിയാതെ ഒരിഞ്ച് മുന്നോട്ടുപോ കാനാവില്ല.

ഇന്ത്യയിലേയും സൗദിയിലേയും എമിഗ്രേഷന്‍ വാതിലുകളുടെ കാര്‍ക്കശ്യത്തെ മറികടന്ന് റിയാദിലത്തെി തൊഴിലുടമയുടെ വീട്ടില്‍ തൂങ്ങിമരിച്ച സുബൈദാബി അംബൂരിലെ വീട്ടില്‍ ജീവിച്ചിരിക്കുകയാ ണെന്ന് അറിയുമ്പോള്‍ ആരും പതറിപ്പോകും. ഏത് അധികാരിയും ഞെട്ടും.
ഒന്നര പതിറ്റാണ്ടിനിടെ ആയിരത്തിലേറെ മൃതദേഹങ്ങള്‍ സംസ്ക രിക്കാന്‍ നേതൃത്വം കൊടുത്ത മൊയ്തീന്‍കുട്ടിക്ക് ഇത്തരത്തിലൊന്ന് ആദ്യാനുഭവം.
മരിച്ചതാരെന്നറിയാതെ ഉഴറുമ്പോള്‍ സൗദി തൊഴിലുടമയുടെ ഭാര്യ യുടെ ഒരു വെളിപ്പെടുത്തല്‍ വഴിത്തിരിവായി.
തന്‍െറ വീട്ടുജോലിക്കാരിക്ക് ഹവ്വാമ്മയെന്ന മറ്റൊരു പേരുകൂടിയു  ണ്ടെന്നും അതായിരുന്നു താന്‍ വിളിച്ചിരുന്നതെന്നും!!
ആ പേര് മൊയ്തീന്‍കുട്ടിക്ക് ഒരു പിടിവള്ളിയായി മാറി. വാണിയ മ്പാടി എം.എല്‍.എ അബ്ദുല്‍ ബാസിത്തിനെ  ഈ വിവരം അറിയിച്ചു. ദിവസങ്ങള്‍ക്കുശേഷം എം.എല്‍.എയുടെ മറുപടിയത്തെി.
വേലൂര്‍ ജില്ലയില്‍പെട്ട വാണിയമ്പാടി താലൂക്കിലെ അംബൂര്‍ ടൗണില്‍ മൊട്ടുകൊലൈ്ള മല്ലിഗൈതോപ്പ് സ്ട്രീറ്റില്‍ ‘സി ത്രി’ വീട്ടില്‍ പരേതനായ സി.എസ്. ബസുവിന്‍െറയും കെ. ഖുര്‍ഷിദ ബീഗത്തി ന്‍െറയും മകളാണ് ഹവ്വാമ്മ.


22കാരിയായ അവള്‍ ആംബൂരിലെ തന്നെ സുബൈദയെന്ന മറ്റൊരാ ളുടെ പാസ്പ്പോര്‍ട്ടില്‍ റിയാദിലേക്ക് കടക്കുകയാണുണ്ടായതെന്ന് എം.എല്‍.എയുടെ അന്വേഷണത്തില്‍ തെളിഞ്ഞു. കൃത്യമായ വിവരം കണ്ടത്തൊന്‍ എം.എല്‍.എ കുറച്ചേറെ ബുദ്ധിമുട്ടി.
സുബൈദാബി മാസങ്ങള്‍ക്ക് മുമ്പ് ആംബൂരിലെ ഒരു വിസ ഏജ ന്‍റിന്‍െറ കൈയില്‍ ഗള്‍ഫില്‍ പോകുന്നതിനുള്ള ആഗ്രഹത്തോടെ ഏല്‍പിച്ചതാണ് തന്‍െറ പാസ്പ്പോര്‍ട്ട്.
വിസ ഉടന്‍ ശരിയാകും എന്ന് പറഞ്ഞ് ഏജന്‍റ് നാളുകള്‍ നീട്ടി. അതിനിടയില്‍ അയാളെ കാണാതായി. പിന്നെയൊന്നും സുബൈദാ ബിക്കറിയില്ല.
എം.എല്‍.എയുടെ അന്വേഷണത്തില്‍ ഏജന്‍റ് സുബൈദാബിയു ടെ പാസ്പ്പോര്‍ട്ടില്‍ ഹവ്വാമ്മയെ സൗദിയിലേക്ക് കടത്തുകയായിരുന്നെന്ന് മനസിലായി.

35വയസുകഴിയാത്ത സ്ത്രീകള്‍ക്ക് വിദേശത്തേക്ക് ഗാര്‍ഹികജോ ലിക്ക് പോകാനാവില്ളെന്ന ഇന്ത്യന്‍ നിയമത്തെ മറികടക്കാനാണ് 22കാരിയായ ഹവ്വാമ്മക്കുവേണ്ടി 41കാരിയായ സുബൈദാബിയുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഏജന്‍റ് അതിസാഹസികതക്ക് മുതിര്‍ന്നത്.
എന്നാല്‍ ഇരുരാജ്യങ്ങളുടേയും എമിഗ്രേഷന്‍ കണ്ണുകളുടെ ജാഗ്ര തയെ ഹവ്വാമ്മയെന്ന നിരക്ഷരയായ ഒരു പെണ്ണിന് കബളിപ്പിക്കാന്‍ കഴിഞ്ഞത് എങ്ങിനെയെന്ന് ഇന്നും ദുരൂഹമായി തുടരുകയാണെന്ന് തെന്നല മൊയ്തീന്‍കുട്ടി പറയുന്നു.

രണ്ടുവര്‍ഷം മുമ്പ് നടന്ന സംഭവം ഇന്നലത്തേത് പോലെ മനസിലു ണ്ട്. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ ഒരു കഥയാണ് ഹവ്വാമ്മ.
പ്രവാസലോകത്ത് ഏതാണ്ട് മുഴുവന്‍ സമയ സാമൂഹികപ്രവര്‍ത്ത കനായി മാറിയശേഷം കെട്ടുകഥകളെ തോല്‍പിക്കുന്ന പല ജീവിതങ്ങ ളേയും മൊയ്തീന്‍കുട്ടിക്ക് കാണാനിടവന്നിട്ടുണ്ട്. എന്നാല്‍ ഹവ്വാമ്മ അതുവരെ അറിയാത്ത തീക്ഷ്ണമായ അനുഭവ ങ്ങളുടെ മറ്റൊരേടാ യിരുന്നു. ഇപ്പോഴും ഓര്‍മയില്‍ കല്ലിച്ചുകിടക്കുന്ന ദുരൂഹ ജീവിതം.

മൊയ്തീന്‍കുട്ടിയും ഒരു വിസ്മയം
പരോപകാരിയായ സാമൂഹികപ്രവര്‍ത്തകനെന്ന നിലയില്‍ റിയാദി ലെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായ തെന്നല മൊയ്തീന്‍കുട്ടിയുടെ വ്യക്തിത്വവും ചില ദുരൂഹതകളിലൊളിഞ്ഞതാണ്.
ഒന്നരപതിറ്റാണ്ടായി ജന്മനാട് കാണാത്ത, എന്നാല്‍ ജന്മം തന്ന നാട്ടിന്‍െറ പേര് സ്വന്തം പേരില്‍ കൊളുത്തിയിട്ട തെന്നല മൊയ്തീന്‍ കുട്ടി ആ നിലക്ക് ഒരു വലിയ വിസ്മയമാണ്.

വിവാഹം കഴിക്കാത്ത തെന്നല ഒറ്റാന്തടിയായി ജീവിതം നയിക്കു മ്പോഴും മുസ്ലിം ലീഗിന്‍െറ പോഷക സംഘടനയായ കെ.എം.സി. സിയുടെ ജീവകാരുണ്യപ്രവര്‍ത്തകനായി ആപത്തില്‍ പെടുന്നവനെ സഹായിക്കാന്‍ പൊതുസമൂഹത്തിന്‍െറ മുന്നിലുണ്ടാവും.

നാട്ടിലുള്ള ഉപ്പാക്കും ഉമ്മാക്കും കൃത്യമായി ചെലവിന് കാശയച്ചു കൊടുക്കുന്ന, ഇടക്കിടെ ഉംറ വിസയില്‍ സൗദിയിലേക്ക് കൊണ്ടുവന്ന് അവരെ പരിചരിക്കുന്ന, അവരുടെ സ്നേഹവാത്സല്യങ്ങള്‍ ആവോളം നുകരുന്ന തെന്നലക്ക് ജന്മനാട് എന്തേ അന്യമായി എന്നത് അടുത്ത സുഹൃത്തുക്കള്‍ക്ക് മുന്നില്‍പോലും ചുരുള്‍ നിവരാത്ത വലിയൊരു ദുരൂഹതയാണ്.
അങ്ങിനെയൊരാളാണ് അടിമുടി ദുരൂഹതകളിലൊളിച്ച ഹവ്വാമ്മ യുടെ മയ്യിത്തുകട്ടിലിന്‍െറ കാലുപിടിക്കാന്‍ മറ്റൊരാളില്ലാതെ വന്ന പ്പോള്‍ ഒറ്റക്ക് ചുമന്ന് ശ്മശാനഭൂമിയിലേക്ക് പോയത്.

മരിച്ചത് ഹവാമ്മയെന്ന 22കാരിയാണെന്ന് തീര്‍ച്ചപ്പെട്ടെങ്കിലും ഇരു രാജ്യത്തേയും എമിഗ്രേഷന്‍ രേഖകള്‍ പ്രകാരം 41കാരിയായ സുബൈ ദാബിയായി തന്നെ മണ്ണിലേക്ക് മടങ്ങാനായിരുന്നു നിയോഗം.
നിയമനടപടികളെല്ലാം പൂര്‍ത്തിയായി റിയാദില്‍ മറവുചെയ്യുന്നതി നുള്ള അന്തിമ തീരുമാനം വരുമ്പോഴേക്കും മൂന്നുമാസം കഴിഞ്ഞു.
അതിനിടയിലും, നാട്ടിലെ കുടുംബത്തിന്‍െറ പട്ടിണിയകറ്റാന്‍ കള്ള പ്പാസ്പോര്‍ട്ടില്‍ കടല്‍കടന്ന ഹവ്വാമ്മ വെറും ഒരു മാസത്തിനുള്ളില്‍ ജീവനൊടുക്കിയത് എന്തിനാണെന്ന ചോദ്യം ബാക്കിനിന്നു. എവിടെ നിന്നും ഒരുത്തരവും കിട്ടിയില്ല. കണ്ണീരിനപ്പുറം മാതാപിതാക്കള്‍ക്കും ഒന്നും പറയാനില്ലായിരുന്നു.

ശുമൈസി ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് മരവിച്ച ഉടല്‍ പുറത്തെടുക്കുമ്പോള്‍ ഏറ്റുവാങ്ങാന്‍ സ്വന്തമോ ബന്ധമോ അവകാശ പ്പെടാനില്ലാത്ത ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത മൊയ്തീന്‍കുട്ടി മാത്രമേയുണ്ടായിരുന്നു ള്ളൂ.
പരിചയമുള്ള സ്വകാര്യ പോളിക്ളിനിക്കില്‍നിന്ന് കടമെടുത്ത ആം ബുലന്‍സില്‍ മൃതദേഹം ഒറ്റക്ക് വലിച്ചുകയറ്റി കിലോമീറ്ററുകള്‍ക്കപ്പു റം എക്സിറ്റ് 15ലെ അല്‍രാജ്ഹി പള്ളിയിലത്തെിച്ചു, ബാക്കിയായ അന്ത്യകര്‍മങ്ങളിലൊന്നായ മയ്യിത്ത് നമസ്കാരത്തിനുവേണ്ടി.
ഊരും പേരും അറിയാത്ത ഏതൊക്കെയോ മൃതദേഹങ്ങള്‍ക്കുവേ ണ്ടി നമസ്കാരങ്ങള്‍ നിര്‍വഹിക്കാറുള്ള ആ പള്ളിയിലെ നൂറുകണക്കി ന് പതിവ് സന്ദര്‍ശകരായ വിശ്വാസികളോടൊപ്പം ആ മൃതദേഹത്തെ പരിചയമുള്ള ഏക വ്യക്തിയായി മൊയ്തീന്‍കുട്ടിയും നിന്ന് നമസ്ക രിച്ചു.
അതിനുശേഷവും ഒറ്റക്കായ അയാള്‍ മൃതദേഹം വീണ്ടും ആംബുല ന്‍സില്‍ കയറ്റി പിന്നേയും കിലോമീറ്ററുകള്‍ താണ്ടി നസീം എന്ന സ്ഥലത്തെ ശ്മശാനത്തിലത്തെിച്ചു.

കവാടത്തില്‍ വാഹനം വന്നുനിന്നയുടന്‍ ചില സൗദി യുവാക്കള്‍ ശ്മശാനത്തിന്‍െറ പല ഭാഗത്തുനിന്ന് ഓടിവന്നു. മരണാനന്തര കര്‍മ ങ്ങള്‍ നിര്‍വഹിക്കുകയെന്ന സാമൂഹിക ബാധ്യതക്കുവേണ്ടി  സന്നദ്ധ സേവനം നല്‍കുന്ന നിഷ്കാമ കര്‍മികള്‍.
(ഒരാള്‍ മരിച്ചാല്‍ മൃതദേഹം പട്ടടയിലാക്കുന്നതുവരെയുള്ള കര്‍മ ങ്ങള്‍ ആ പ്രദേശത്തെ മുഴുവനാളുകളുടേയും ബാധ്യതയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഒരാള്‍ മുന്നിട്ടിറങ്ങി ചെയ്താല്‍ അത് എല്ലാവരും ചെയ്യുന്നതിന് തുല്യമാകും. ഒരാളും മുന്നോട്ടുവരാതെ ആ മൃതദേഹം അവിടെ കിടന്ന് പുഴുവരിക്കാന്‍ ഇടയായാല്‍ അവര്‍ ഒന്നട ങ്കം തെറ്റുകാരാകും. ഈ പ്രവാചകാധ്യാപനം അക്ഷരാര്‍ത്ഥത്തില്‍ പാലിക്കാനാണ് ആ യുവാക്കള്‍ രംഗത്തുള്ളത്).
അതുകൊണ്ട്, അവിടെ മാത്രം മൊയ്തീന്‍കുട്ടി ഒറ്റക്കല്ലാതായി. പലകൈകള്‍ സഹായിക്കാന്‍ നീണ്ടുവന്നു.
ആറടി കുഴിയിലേക്ക് മൃതദേഹം ഇറക്കിവെച്ച് മൊയ്തീന്‍കുട്ടി അതിലേക്ക് ഒരു പിടി മണ്ണ് വാരിയിട്ടു.
ഒരു പിടി മണ്ണിന് പരസ്പരം കടപ്പെട്ട മനുഷ്യര്‍.

(വാരാദ്യമാധ്യമം ജൂണ്‍ 1, 2014)

Saturday, June 7, 2014

ശെന്തുരുണി ഒരു മരത്തിന്‍െറ മാത്രം പേരല്ല

കേരളത്തിലെ നിബിഡ വനങ്ങളുടെ ഉടലഴകുകളില്‍ അണ്ണാന്‍െറ മുതുകിലെ വരകള്‍ പോലെ തെളിഞ്ഞുകിടക്കുന്ന പാതകളില്‍ വനംകൊള്ളയുടെ ചരിത്രപ്പാടുകള്‍ പതിഞ്ഞുകിടപ്പുണ്ട്. ദുര്‍ഘടങ്ങളില്‍ കല്ലുപാകി സുഗമമാക്കിയ ഈ പാതകളിലൂടെ അധിനിവേശത്തിന്‍െറ ചക്രങ്ങളും അടിമ മനുഷ്യരുടെ ശരീരങ്ങളും കൊണ്ട് വെള്ളക്കാരന്‍ സഹ്യന്‍െറ മടക്കുകളില്‍നിന്ന് കടത്തിക്കൊണ്ടുപോയ മരങ്ങള്‍ക്ക് കണക്കില്ല. കമ്പകവും തേക്കും അകിലുമെല്ലാം അങ്ങിനെ കടല്‍കടന്ന് അധിനിവേശകന്‍െറ കൊട്ടാരങ്ങളെ ദാരുസ്വര്‍ഗങ്ങളാക്കി.

വനങ്ങളിലും മലനിരകളിലുംനിന്ന് കണ്ണില്‍ക്കണ്ടതെല്ലാം കടത്തിയ സായിപ്പ് എന്നിട്ടും ബാക്കിവെച്ചൊരു മരം പശ്ചിമഘട്ടത്തിന്‍െറ തെക്കുദിക്കിലുണ്ട്. കമ്പകത്തേക്കാള്‍ തടിയുറപ്പും മേനിയഴകും കൊണ്ട് മരയുരുപ്പടികള്‍ക്ക് മികവുറ്റതായിട്ടും ‘ശെന്തുരുണി’ എന്ന ആ വൃക്ഷത്തെ മാത്രം സായിപ്പ് തൊട്ടില്ളെന്ന് മനസിലാക്കുന്നതില്‍ കൗതുകമുണ്ട്. അത്യപൂര്‍വവും വംശനാശ ഭീഷണി നേരിടുന്നതുമായ ശെന്തരുണിയെന്ന ‘ഗ്ളൂട്ട ട്രാവന്‍കൂറിക്ക’യെ സായിപ്പ് തൊട്ടിരുന്നെങ്കില്‍ പണ്ടേ ദുര്‍ബലമായ അത് എന്നേ കുറ്റിയറ്റുപോകുമായിരുന്നു.

പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും സംരക്ഷിക്കുന്നതിനുള്ള രാജ്യാന്തര സംഘടനയായ ഐ.യു.സി.എന്‍ റെഡ് ലിസ്റ്റിന്‍െറ സംരക്ഷണത്തണലിന്‍ കീഴിലാക്കിയ റെഡ്വുഡ് ഗണത്തില്‍പെട്ട ഈ വൃക്ഷത്തിന്‍െറ പ്രകൃതിയിലെ ആവശ്യകതയും വംശീയമായ നിലനില്‍പ് ഭീഷണിയും അന്നേ സായിപ്പിന് ബോധ്യപ്പെട്ടിരിക്കണം. നമുക്ക് അത് ബോധ്യപ്പെടാന്‍ പിന്നേയും ഏറെ കാലം വേണ്ടിവന്നു.

പ്രകൃതിയുടെ സംരക്ഷണദുര്‍ഗമായ പശ്ചിമഘട്ടത്തിലെ സുപ്രധാന ഹോട്ട് സ്പോട്ടുകളാല്‍ സമ്പന്നമായ ആര്യങ്കാവ് ചുരത്തിന് തെക്കുള്ള ജൈവവൈവിധ്യമേഖലയില്‍ മാത്രമാണ് ലോകത്ത് ശെന്തുരുണി വൃക്ഷങ്ങളുള്ളത്. ചാര് സസ്യകുടുംബത്തില്‍പെട്ട ശെന്തുരുണിയെ ചെങ്കുറുണിയെന്നും വിളിക്കാറുണ്ട്. കട്ടിയേറിയ പുറംപട്ടയും കടുപ്പവും ചുവപ്പുമുള്ള ഉള്‍ത്തടിയുമാണുള്ളത്. ശെന്തുരുണിയെന്നോ ചെങ്കുറുണിയെന്നോ പേര് വിളിക്കപ്പെടാന്‍ കാരണവും ഇതുതന്നെയാണ്. വന്‍മരങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഇവ 35 മീറ്ററിലേറെ ഉയരത്തില്‍ വളരും.
പശ്ചിമഘട്ടത്തിലെ കൊല്ലം ജില്ലയിലുള്‍പ്പെടുന്ന തെന്മലയാണ് പ്രധാന ആവാസകേന്ദ്രം. കുറച്ചുകൂടി തെക്ക് അഗസ്ത്യാര്‍കൂടത്തിലെ വനാന്തരങ്ങളിലും കാണുന്നുണ്ട്. തെന്മലയിലെ ശെന്തുരുണി വന്യജീവിസങ്കേതത്തിന്‍െറ 100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലെ വനാന്തരങ്ങളില്‍ ഇവയുടെ എണ്ണം ഏതാനും ആയിരത്തിലൊതുങ്ങുന്നതാണ്. വനംവകുപ്പിന് നമ്പറിടാന്‍ പാകത്തില്‍ എണ്ണം പരിമിതപ്പെട്ട ഈ വൃക്ഷങ്ങളുടെ നിലിനില്‍പ് തീര്‍ത്തും ഭീഷണമാണ്. ലോകത്തിന്‍െറ ജൈവവൈവിധ്യ ഭൂപടത്തില്‍ പശ്ചിമഘട്ടം പ്രത്യേകമായി അടയാളപ്പെടുത്തപ്പെടാനും അതില്‍ കേരളത്തിലെ ഭാഗങ്ങള്‍ കൂടുതല്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കാനുമുള്ള നിരവധി കാരണങ്ങളിലൊന്ന് ശെന്തുരുണിയുടെ സാന്നിദ്ധ്യം തന്നെയാണ്. സസ്യമെന്ന നിലയില്‍ പ്രകൃതിയിലെ അതിന്‍െറ സ്ഥാനം പോലെ പ്രധാനമാണ് വര്‍ഗപരമായ നിലനില്‍പ് ഭീഷണി.

സംരക്ഷണമെന്നാല്‍ വെറും കാവല്‍ മാത്രമോ?

ഒരു ഭൗമദിനം കൂടി കടന്നുപോയി. മാധ്യമങ്ങളില്‍ ദിനാചരണത്തെ കുറിച്ച് കണ്ടപ്പോള്‍ ഒരു നിമിഷമെങ്കിലും ഭൂമിയേയും അതിലെ ആവാസവ്യവസ്ഥയേയും കുറിച്ച് ചിന്തിക്കാത്തവരുണ്ടാവില്ല. അവിടെ കഴിഞ്ഞു, അതിനപ്പുറം ഭൂമിയുടെ നിലനില്‍പിന്, പ്രകൃതിയുടെ സംരക്ഷണത്തിന് എന്തുചെയ്യാമെന്ന് ആലോചനകളില്ല. പ്രകൃതി സംരക്ഷണം അന്താരാഷ്ട്ര വേദികളുടേയും പരിസ്ഥിതി ഏജന്‍സികളുടേയും തലയിലേല്‍പിച്ച് തങ്ങളുടെ ജീവിത സൗകര്യത്തിന് പ്രകൃതിയെ ചൂഷണം ചെയ്യല്‍ തുടരുന്നവരാണ് നാം.

ഉള്ള വൃക്ഷങ്ങള്‍ നമ്പറിട്ട് പ്രത്യേക ശ്രദ്ധനല്‍കി സംരക്ഷിക്കുക എന്ന നിയമപരമായ കേവല ദൗത്യനിര്‍വഹണത്തിനപ്പുറം നിലനില്‍പ് ഭീഷണി നേരിടുന്നവയുടെ വംശവര്‍ദ്ധനക്ക് വേണ്ടി വനംവകുപ്പോ ശാസ്ത്രലോകമോ എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഉള്ളവയെ സംരക്ഷിക്കുമ്പോള്‍ തന്നെ വംശവര്‍ദ്ധനക്കുവേണ്ടിയുള്ള പദ്ധതികള്‍ എത്രകണ്ട് ആലോചിക്കുന്നു, നടപ്പാക്കുന്നു? വനംവകുപ്പിന്‍േറയും വനവികസന കോര്‍പ്പറേഷന്‍േറയും പള്‍പ്പ് വുഡ് പ്ളാന്‍േറഷന്‍ വിഡ്ഢിത്തങ്ങളാല്‍ പരിക്കേറ്റ വനമേഖലകളില്‍ പ്രകൃതിയുടെ സ്വാഭാവികത വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന നിലയിലെങ്കിലും വിത്ത് മുളപ്പിച്ചോ ടിഷ്യൂ കള്‍ച്ചറല്‍ വഴിയോയുള്ള റെസ്റ്റോറേഷന്‍ പ്രോഗ്രാമുകള്‍ നടത്താന്‍ തുനിയുന്നുണ്ടോ?

സംരക്ഷണം പോലെ തന്നെ പ്രധാനമാണ് നിലനില്‍പ് ഭീഷണിയിലായ സസ്യവര്‍ഗങ്ങളുടെ വംശവര്‍ദ്ധനക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെന്നും വിത്തുമുളപ്പിക്കലും ടിഷ്യു കള്‍ച്ചറിങ്ങുമെല്ലാം ശാസ്ത്രീയ മാര്‍ഗങ്ങളാണെന്നും പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ ബോട്ടണിവിഭാഗം അധ്യാപകന്‍ ഡോ. ഖമറുദ്ദീന്‍ പറയുന്നു. കോളജില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച അന്തര്‍ദേശീയ നിലവാരമുള്ള പ്ളാന്‍റ് ടിഷ്യൂ കള്‍ച്ചര്‍ ആന്‍റ് ബയോടെക്നോളജി ലാബ് ഇത്തരം ലക്ഷ്യങ്ങളും മുന്നില്‍ കാണുന്നുണ്ടെന്നും ശെന്തുരുണിയുടെ പോലുള്ള വിത്തുകള്‍ ശേഖരിച്ച് ലാബില്‍ അതിനാവശ്യമായ അന്തരീക്ഷം സൃഷ്ടിച്ച് മുളപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ പ്ളാന്‍േറഷന്‍ പരിപാടികളാല്‍ വനത്തിന്‍െറ സ്വാഭാവികത നഷ്ടമായ ഭൂപ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള നിലനില്‍പ് ഭീഷണിയുള്ള സസ്യങ്ങളുടെ വംശവര്‍ദ്ധനക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും വനവത്കരണപരിപാടികളുമാണ് വേണ്ടത്.

ജൈവവൈവിധ്യത്തിന്‍െറ പറുദീസ

അനേകവര്‍ഗം ജീവജാലങ്ങളുടേയും സസ്യലതാദികളുടെയും ജൈവവൈവിധ്യത്തിന്‍െറ പറുദീസയിലാണ് അപൂര്‍വതയുടെ തലയെടുപ്പുമായി ശെന്തുരുണി മരങ്ങള്‍ അഴകൊത്ത ചെറുപത്രങ്ങള്‍ വിരിച്ചുനില്‍ക്കുന്നത്. ഏതാണ്ട് അഞ്ചിനം ഹരിത വനങ്ങളുടെ സമൃദ്ധിയാണ് ശെന്തുരുണി വനമേഖലയുടെ പ്രത്യേകത. നിത്യഹരിത വനങ്ങള്‍ ഹൃദ്യമായ കാഴ്ചാനുഭവമാണ്. ശെന്തുരുണി പുഴയുള്‍പ്പെടെ നിരവധി നീര്‍ച്ചാലുകള്‍ വനാന്തരങ്ങളിലൂടെ ഒഴുകുന്നു. മലമടക്കുകളിലെ ചോലവനങ്ങളും കാഴ്ചക്ക് കുളിര്‍മ പകരുന്നു. ഇവിടെ വന്യജീവിതത്തിന്‍െറ സമ്പല്‍സമൃദ്ധിയും പ്രകടമാണ്. ആന, കാട്ടുപോത്ത് എന്നിവയാണ് പ്രധാനം. കടുവ, പുലി, കരടി, കേഴമാന്‍, കരിങ്കുരങ്ങ്, സിംഹവാലന്‍, പന്നി, മലയണ്ണാന്‍ തുടങ്ങിയവയും രാജവെമ്പാല മുതല്‍ വിവിധതരം പാമ്പ് വര്‍ഗങ്ങളും ധാരാളം.

1984 മുതല്‍ ശെന്തുരുണി ഒരു വന്യജീവി സങ്കേതമാണ്. ഒരു മരത്തിന്‍െറ പേരിലുള്ള ഏക വന്യജീവി സങ്കേതം എന്ന നിലയില്‍ പി.എസ്.സി പരീക്ഷയിലും മറ്റും ശെന്തുരുണി ചോദ്യമായി വരാറുണ്ട്. സമീപകാലത്ത് മികച്ച ഒരു ശലഭ നിരീക്ഷക സങ്കേതമെന്ന നിലയിലും ശെന്തുരുണി മേഖല ശ്രദ്ധിക്കപ്പെട്ടുവരുന്നുണ്ട്. അത്യപൂര്‍വയിനങ്ങളുള്‍പ്പെടെ 273 ഇനം ചിത്രശലഭങ്ങളാണ് ഈ വനമേഖലയിലുണ്ടെന്ന് കണ്ടത്തെിയിട്ടുള്ളത്.
കേരളത്തിലെ ആദ്യത്തേതും വലുതുമായ തെന്മല ഇക്കോ ടൂറിസം പദ്ധതി പ്രദേശം ശെന്തുരുണി വനമേഖല കൂടി ഉള്‍പ്പെട്ടതാണ്. ടൂറിസത്തിന്‍െറ ഭാഗമായി വിനോദ സഞ്ചാരികളെ വനം കയറാന്‍ അനുവദിക്കുന്നുണ്ട്. പ്രകൃതിസ്നേഹികള്‍ ഇതിനെതിരാണ്. ആവാസ വ്യവസ്ഥയുടെ ഈറ്റില്ലങ്ങള്‍ കേവലം വിനോദത്തിനുള്ള ഉപാധികളല്ളെന്ന കാഴ്ചപ്പാടാണ് അവരുടേത്. അത്യപൂര്‍വയിനങ്ങളുള്‍പ്പെടെ ലക്ഷക്കണക്കിന് സസ്യ-ജീവി വര്‍ഗങ്ങളുള്ള ഈ ജൈവവൈവിധ്യ കലവറയില്‍ പരിസ്ഥിതി സൗഹൃദം എത്ര പറഞ്ഞാലും വിനോദസഞ്ചാരത്തിന്‍െറ വാണിജ്യപരമായ ദൂഷ്യവശങ്ങളുണ്ടാക്കുന്ന പരിക്കുകള്‍ അത്ര നിസാരമല്ളെന്നാണ് അവരുടെ വാദം.

എന്തായാലും സമീപകാലത്ത് കേട്ട ഒരു വാര്‍ത്ത തെന്മല
ഇക്കോടൂറിസത്തിന്‍െറ മുഖഛായയും പേരും മാറാന്‍ പോകുന്നുവെന്നാണ്. ശെന്തുരുണി ഇക്കോ ടൂറിസം എന്നായിരിക്കും പുനര്‍നാമകരണമത്രെ. കടുവാസങ്കേതമായി പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നും പെരിയാര്‍ കടുവസങ്കേതം പോലെ കൂടുതല്‍ വികസനം എത്തിക്കാന്‍ പദ്ധതിയുണ്ടെന്നുമാണ് കേട്ടത്.
നിലവിലെ സ്ഥിതിക്കുപരിയായ എന്ത് വികസന പ്രവര്‍ത്തനവും വനമേഖലയുടെ സ്വാഭാവികതയെ നശിപ്പിക്കുമെന്ന കാര്യം നിസ്തര്‍ക്കമാണ്. നിക്ഷിപ്ത വനമേഖലയില്‍ സിമന്‍റുപോലുള്ളവ ഉപയോഗിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളെ വനസംരക്ഷണനിയമങ്ങള്‍ തടയുന്നതും അതുകൊണ്ടാണ്. ബ്രിട്ടീഷുകാര്‍ പണിതിട്ടുപോയ നൂറ്റാണ്ടിലേറെ പഴക്കമുള്ള വനപാതകള്‍ വനപാലകരുടേയും സഞ്ചാരികളുടേയും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പരിസ്ഥിതി വിരുദ്ധമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള അറ്റകുറ്റപണികളോ പുതിയ നിര്‍മാണങ്ങളോ അനുവദിക്കുന്നില്ല. എന്നാല്‍ ശെന്തുരുണിയില്‍ തന്നെ അതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാതയില്‍ പുതുതായി കോണ്‍ക്രീറ്റ് ഇട്ടത് കാണാനിടയായി.

ശെന്തുരുണി ഒരു സംസ്കാരം കൂടിയാണ്

മനുഷ്യവാസത്തിന്‍െറ സമ്പന്ന ചരിത്രമുള്ള ഒരു നദീതട സംസ്കാരത്തിന്‍െറ പേര് കൂടിയാണ് ശെന്തുരുണി. ലോകത്തെ ആദിമസംസ്കാരങ്ങളിലൊന്നായി കണക്കാക്കുന്ന സിന്ധുനദീതട സംസ്കാരത്തേക്കാള്‍ പഴക്കമുള്ളതെന്ന് കരുതേണ്ടുന്ന ചരിത്രാവശിഷ്ടങ്ങള്‍ ശെന്തുരുണി മേഖലയില്‍നിന്ന് സമീപകാലത്ത് കണ്ടെടുത്തിട്ടുണ്ട്. സംസ്കാരാവശിഷ്ടങ്ങള്‍ കാര്‍ബണ്‍ ഡേറ്റിങ്ങില്‍ അയ്യായിരത്തിലേറെ വര്‍ഷം പഴക്കം കാണിക്കുന്നതാണത്രെ.
ശെന്തുരുണി മലനിരകളില്‍നിന്ന് ഉത്ഭവിച്ച് വനാന്തരങ്ങളിലൂടെ ഒഴുകുന്ന ശെന്തുരുണിയുടെ തീരങ്ങളില്‍ ശിലായുഗത്തില്‍  മനുഷ്യവാസമുണ്ടായിരുന്നുവെന്ന കണ്ടത്തെല്‍ 25വര്‍ഷം മുമ്പ് പൂണെ ഡക്കാന്‍ കോളജിലെ പുരാവസ്തു ഗവേഷകനും മലയാളിയുമായ ഡോ. പി. രാജേന്ദ്രനാണ് നടത്തിയത്. ഇത് വിശ്വസനീയമാണെങ്കില്‍ അയ്യായിരത്തില്‍ താഴെ വര്‍ഷം മാത്രം പഴക്കമുള്ള സിന്ധൂനദീതട സംസ്കാരത്തെ കവച്ചു വെക്കുന്ന പഴമയാണ് തെക്കന്‍ കേരളത്തിലെ പശ്ചിമഘട്ട സാനുക്കളിലെ മനുഷ്യചരിത്രത്തിനുള്ളത്.

(Varadhya Madhyamam_June 1, 2014 & Cheppu (Gulf Madhyamam) June 5, 2014)

Monday, January 27, 2014

പ്രവാസപ്പെട്ടിയുടെ അക്കപ്പൂട്ടുകള്‍


നമ്പര്‍ലോക്കുള്ള ബ്രീഫ്കെയ്സുകള്‍ ഒരുകാലത്ത് ഗള്‍ഫുകാരന്‍െറ പത്രാസായിരുന്നു. മരുഭൂമിയിലെ സ്വര്‍ഗങ്ങളില്‍നിന്ന് വലിയ സൗഭാഗ്യങ്ങളെ കടല്‍കടത്തിയ പെട്ടകങ്ങള്‍.
ശ്രേഷ്ഠഭാഷയില്‍ മലയാളീകരിച്ചാല്‍ ‘അക്കപൂട്ടുള്ള പെട്ടികള്‍’.
ഇഷ്ടമുള്ള രഹസ്യ അക്കങ്ങളിട്ടാണ് പൂട്ട് ഉറപ്പിക്കുന്നത്. പെട്ടിക്കൊപ്പം മനസിലിട്ടടക്കുന്ന രഹസ്യ നമ്പര്‍ മറന്നാലോ ചക്രത്തിന് കേടുപറ്റി തിരിയാതിരുന്നാലോ പെട്ടതുതന്നെ. പെട്ടി തുറക്കില്ല.
അക്കപൂട്ടുകള്‍ ബാല്യത്തില്‍ വല്ലാതെ വിസ്മയിപ്പിച്ചിട്ടുണ്ട്. കാലം ജീവിത പ്രാരാബ്ദങ്ങള്‍ തലയിലേക്ക് വലിച്ചിട്ടപ്പോള്‍ ആ പെട്ടി ഞാനും ചുമക്കാന്‍ തുടങ്ങി. എന്നാല്‍ പ്രവാസം തന്നെ ഒരു വലിയ പെട്ടിയാണെന്നും അതിനും അക്കപൂട്ടുണ്ടെന്നും അക്കങ്ങള്‍ മറന്നാല്‍ പെട്ടുപോകുമെന്നും ‘ദുരിതങ്ങളുടെ കണക്കെടുപ്പു പണി’, അഥവാ പ്രവാസി പത്രപ്രവര്‍ത്തനം തുടങ്ങിയശേഷമാണ് തിരിച്ചറിയുന്നത്.
സൗദി അറേബ്യയിലെ സ്വദേശിവത്കരണ നടപടികളുടെ നട്ടുച്ചയിലായിരുന്നു അത്. വിദേശികളുടെ ഉള്ളം പൊള്ളിയ ‘നിതാഖാത്’ കാലം. കത്തിപ്പടരുന്ന ആശങ്കകള്‍. ആശ്വാസമായി തൊഴില്‍ പദവി ശരിയാക്കാനും അത് പറ്റാത്തവര്‍ക്ക് നാടുവിടാനും ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള രാജ വിളംബരം. വര്‍ഷങ്ങളായി അനധികൃതരായി കഴിഞ്ഞ അനേകായിരങ്ങള്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇരമ്പിയാര്‍ക്കുന്നു.

ആപ്പിള്‍ മരങ്ങള്‍ക്കിടയില്‍നിന്ന് മരുഭൂമിയിലേക്ക് ജീവിതം തിരഞ്ഞുവന്നവന്‍
അനുവദിച്ച ഇളവുകള്‍ കൊണ്ടും കുരുക്കില്‍നിന്ന് രക്ഷപ്പെടാനാവില്ളെന്ന തിരിച്ചറിവില്‍ തളര്‍ന്ന് വഴിയാധാരമാകുന്നവര്‍. കടത്തിണ്ണകള്‍, പാലങ്ങളുടെ ചുവടുകള്‍, പാര്‍ക്കുകള്‍ തുടങ്ങി കാണുന്നിടങ്ങളില്‍ അന്തിയുറങ്ങാന്‍ വിരിവെച്ച് അഭയാര്‍ഥികളായി തീരുന്ന പലതരം മനുഷ്യര്‍. മുഷിഞ്ഞ അവരുടെ ശരീരത്തിന്‍േറയും വസ്ത്രങ്ങളുടേയും നാറ്റമാണ് യഥാര്‍ഥ പ്രവാസത്തിനെന്ന് തിരിച്ചറിഞ്ഞതും ഈ നാളുകളിലാണ്. (ഈ മുഷിഞ്ഞ വേഷങ്ങള്‍ക്ക് പ്രവാസി ഭാരതീയ സംഗമങ്ങളില്‍ പ്രവേശനമില്ലാത്തതിനാല്‍ പ്രവാസത്തിന്‍െറ യഥാര്‍ഥ ഗന്ധം ലോകത്തിന് ആസ്വദിക്കാന്‍ കഴിയുന്നില്ളെന്ന് മാത്രം).
അക്കൂട്ടത്തിലാണ് അയാളേയും കണ്ടത്. ബത്ഹയിലെ ഫൂത്ത പാര്‍ക്കില്‍ തമ്പടിച്ച അഭയാര്‍ഥികളില്‍ ഒരു കണ്ണീര്‍ത്തുള്ളി പോലെ അയാള്‍. 58 വയസുള്ള കശ്മീരി മുഹമ്മദ് റസാഖ്. പ്രാര്‍ഥനയുടെ ആകാശത്തേക്കുയര്‍ത്തിയ കരങ്ങള്‍ പോലെ നീണ്ടുമെലിഞ്ഞൊരാള്‍. ദുരിത ദേഹത്തിലൂടെ കരഞ്ഞും വിയര്‍ത്തും ഓലിച്ചിറങ്ങിയ നീര്‍ച്ചാലുകള്‍ മുഷിഞ്ഞ കൂര്‍ത്തയെ നനച്ചു. കാശ്മീരിലെ ആപ്പിള്‍ മരങ്ങള്‍ക്കിടയില്‍നിന്ന് മരുഭൂമിയിലേക്ക് ജീവിതം തിരഞ്ഞുവന്നവന്‍.


വീട്ടിലേക്കുള്ള വഴിതെളിയുമോ
പാര്‍ക്കിലെ ചെറുമരച്ചിലകള്‍ തണല്‍വിരിക്കുന്ന പച്ചപ്പുല്‍ മത്തെയില്‍ തളര്‍ന്നുകിടന്ന അയാളുടെ അര്‍ഥിക്കുന്ന കണ്ണുകള്‍ ചോദിച്ചത് വീട്ടിലേക്കുള്ള വഴിതെളിയുമോ എന്ന്....
ആപ്പിള്‍ മരങ്ങളാണ് അയാളുടെ ഓര്‍മകളില്‍ നിറയെ. 11 വര്‍ഷം മുമ്പ് ആട്ടിടയ വിസയില്‍ സൗദിയിലേക്ക് പറക്കുംവരെ ജമ്മുകാശ്മീരിലെ റജോരി ജില്ലയില്‍ ജന്മനാടായ ഗുലുത്തിയിലെ ആപ്പിള്‍ തോട്ടങ്ങളിലായിരുന്നു ഉപജീവനം. ആപ്പിള്‍ മരങ്ങള്‍ക്കിടയിലെ അയാളുടെ വീട്ടില്‍ തന്നെ കാത്തിരിക്കുന്ന ഭാര്യ ഫര്‍സാന്‍ ബീഗവും മക്കളായ മുഹമ്മദ് സുല്‍ത്താനും മുഹമ്മദ് ഇംറാനും. പോകണം. പോകാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ആരായുന്ന ആ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു.
ഫൂത്തപാര്‍ക്കില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രത്തിലേക്ക് എന്നും വേച്ചുവേച്ചു അയാള്‍ നടന്നുപോയി. അയാള്‍ മാത്രമല്ല, ജീവിതത്തിന്‍െറ തഹസ്യ അക്കങ്ങള്‍ കൈമോശം വന്ന വേറെയും ആളുകള്‍. എല്ലാവരും ആ പാര്‍ക്കിലെ പച്ചപ്പുല്‍ മത്തെയില്‍ അന്തിയുറങ്ങുകയും പ്രഭാതങ്ങളില്‍ തര്‍ഹീലിലേക്ക് നടക്കുകയും നിരാശയില്‍ ഇരുണ്ടു തിരിച്ചത്തെുകയും ചെയ്തു.

എവിടെ എന്‍ട്രി നമ്പര്‍?
2013 നവംബര്‍ മൂന്നിന് അവസാനിച്ച ഇളവുകാലത്തിനുശേഷം ബാക്കിയായവരില്‍ ഈ രീതിയില്‍ തിരിച്ചുപോക്ക് തടസപ്പെട്ടത് നിരവധി പേര്‍ക്കായിരുന്നു. 10ഉം 20ഉം വര്‍ഷം രാജ്യത്ത് അനധികൃത ജീവിതം നയിച്ച വിദേശികളോട് ലോകത്തിന്‍െറ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ സൗദി ഭരണകൂടം കാട്ടിയത് ഏറ്റവും വലിയ ക്ഷമയാണ്. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ഉപാധികളില്ലാത്ത മാപ്പ്. എന്നാല്‍ ആ പൊതുമാപ്പും പ്രയോജനപ്പെടുത്താന്‍ കഴിയാതെ സങ്കീര്‍ണമായ നിയമകുരുക്കില്‍പെട്ടവരായിരുന്നു ഈ പറഞ്ഞ അഭയാര്‍ഥികള്‍. തിരിച്ചുപോക്കിനുള്ള വഴിതെളിയണമെങ്കില്‍ തുറന്നുകിട്ടേണ്ട വാതിലില്‍ അവരെ പേടിപ്പിച്ചത് ഒരു അക്കപൂട്ടായിരുന്നു. അതിന്‍െറ രഹസ്യ കോഡ് അവരുടെ ദുരിത ജീവിതത്തില്‍ എവിടേയോ കളഞ്ഞുപോയി.
നാടുകടത്തല്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പുരികം വളക്കുന്നത് ആ കോഡ് ചോദിച്ചാണ്: ‘ഫേന്‍ റക്കം ദുഖൂല്‍?’ (എവിടെ എന്‍ട്രി നമ്പര്‍?)
മുഹമ്മദ് റസാഖ് വിറയ്ക്കുന്നു. അങ്ങിനെയൊന്ന് ആദ്യമായി കേള്‍ക്കുകയാണ്. കാര്യമറിയാതെ അമ്പരന്ന് നില്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു: നിന്‍െറ പാസ്പോര്‍ട്ടില്‍ അതുണ്ട്. എന്‍ട്രി നമ്പര്‍. എവിടെ പാസ്പോര്‍ട്ട്?
പാസ്പോര്‍ട്ടിന് പകരം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ബുദ്ധിമുട്ടി തരപ്പെടുത്തിയ ഒൗട്ട്പാസ് (എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്) മാത്രമേ അയാളുടെ കൈയിലുള്ളൂ. അതെടുത്തുകാണിക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍െറ പുരികം ഒടിയുന്നു: ലാാാാ, ജീബ് ജവാസ് അസലി? (ഇതല്ല, ഒറിജിനല്‍ പാസ്പോര്‍ട്ട്). അല്ളെങ്കില്‍ ഇഖാമ തരൂ എന്നായി ഉദ്യോഗസ്ഥന്‍.
ആ ചോദിച്ച രണ്ടും അയാളുടെ കൈയിലുണ്ടായിരുന്നില്ല. പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈയിലാണ്. അയാള്‍ തന്നില്ല. ഓടിപ്പോന്നതാണല്ളോ. ഇഖാമയുണ്ടായിരുന്നു. കാലാവധി കഴിഞ്ഞപ്പോള്‍ അതും എവിടേയോ നഷ്ടപ്പെട്ടു.
എന്നാല്‍ ഇതൊന്നും ആ ഉദ്യോഗസ്ഥനോട് അയാള്‍ക്ക് പറായാനായില്ല. ഉദ്യോഗസ്ഥന്‍െറ കൂര്‍ത്ത നോട്ടം നേരിടാനാകാതെ തിരിഞ്ഞുനടന്നു. പിന്നെ മിക്ക ദിവസങ്ങളിലും ഇതേ രംഗം ആവര്‍ത്തിക്കപ്പെട്ടു. അയാള്‍ക്ക് അത്രയേ കഴിയുമായിരുന്നുള്ളൂ. നാട്ടില്‍ പോകാനുള്ള അനുമതി അവിടെ കിട്ടൂവെന്ന് അയാള്‍ക്കറിയാം. അവിടെയല്ലാതെ വേറെ എവിടെ പോകാന്‍? എല്ലാ ദിവസവും തുടങ്ങുന്നത് തര്‍ഹീലിലേക്കുള്ള പ്രത്യാശയുടെ പകല്‍വഴിയിലാണ്. ഒടുങ്ങുന്നത് ഹതാശമായ ഇരുട്ടിലും.
നാട്ടുകാരനായ ഏജന്‍റാണ് അയാള്‍ക്ക് ആട്ടിടയ വിസ കൊടുത്തത്. സ്പോണ്‍സറുടെ ആട്ടിന്‍പറ്റങ്ങളോടൊപ്പം മരുഭൂമിയില്‍ അലഞ്ഞുതുടങ്ങിയ പ്രവാസ ജീവിതം. ഒമ്പത് മാസത്തിനുശേഷം അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീടൊരു അഞ്ചുവര്‍ഷം റിയാദില്‍ തന്നെ കെട്ടിട നിര്‍മാണ ജോലികള്‍ ചെയ്തു. അതിനുശേഷം ജിദ്ദയില്‍ പോയി അഞ്ചുവര്‍ഷം അവിടെയായിരുന്നു. ഇളവുകാലം വരുന്നെന്ന് കേട്ടാണ് ജിദ്ദ കോണ്‍സുലേറ്റില്‍നിന്ന് ഒൗട്ട്പാസും വാങ്ങി റിയാദിലത്തെിയത്.
സൗദി തലസ്ഥാന നഗരത്തില്‍ വിദേശികള്‍ കൂടുതലായി സംഗമിക്കാറുള്ള ബത്ഹയിലാണ് എത്തിച്ചേര്‍ന്നത്. അവിടെ ഗസാന്‍ തെുവിനോട് ചേര്‍ന്നുള്ള മുനിസിപ്പാലിറ്റി വക ഫൂത്ത പാര്‍ക്കില്‍ നൂറുകണക്കിന് നിയമലംഘകരിലൊരാളായി അഭയംപ്രാപിച്ചു. ഏഴുമാസമാണ് അവിടെ കഴിഞ്ഞത്. അന്ന് മുതല്‍ മിക്ക ദിവസങ്ങളിലും തര്‍ഹീലില്‍ പോകും. തര്‍ഹീലിലേക്ക് നടന്നാണ് പോക്ക്. തിരിച്ചും നടക്കും. ഫൂത്ത പാര്‍ക്കില്‍ തന്നോടൊപ്പവും തനിക്കുശേഷവും വന്ന നൂറുകണക്കിനാളുകള്‍ യാത്രാരേഖകള്‍ ശരിയാക്കി നാടുപിടിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് കിട്ടിയ ഒൗട്ട്പാസ് രണ്ട് തവണ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പുതുക്കി. അതുമായി ഓരോ തവണയും തര്‍ഹീലില്‍ പോയി വെറും കയ്യോടെ മടങ്ങി.
അസല്‍ പാസ്പോര്‍ട്ടും സൗദിയിലേക്ക് പ്രവേശിച്ചതിന്‍െറ തെളിവായ എമിഗ്രേഷനില്‍നിന്ന് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്ന എന്‍ട്രി നമ്പറും (റഖം ദുഖൂലു)മാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. പാസ്പോര്‍ട്ട് നമ്പര്‍ പോലും ഓര്‍മയിലില്ല. പിന്നെയല്ളേ, റഖം ദുഖൂല്‍!!!
ആ പ്രതീക്ഷയും വെറുതയായി
മുഹമ്മദ് റസാഖ് ഒളിച്ചോടിയതിന് പിന്നാലെ സ്പോണ്‍സര്‍ സൗദി പാസ്പോര്‍ട്ട് (ജവാസാത്ത്) വിഭാഗത്തില്‍ തന്‍െറ ജോലിക്കാരനെ കാണാനില്ളെന്ന പരാതി നല്‍കി. പാസ്പോര്‍ട്ട് വിഭാഗം ഒളിച്ചോടിയവരുടെ പട്ടികയില്‍പെടുത്തി ‘ഹുറൂബാ’ക്കി. ഇതിനോടൊപ്പം അവിടെയേല്‍പിച്ച പാസ്പോര്‍ട്ട് സാധാരണഗതിയില്‍ പിന്നീട് ഇന്ത്യന്‍ എംബസിയില്‍ എത്തേണ്ടതാണ്. അങ്ങിനെയൊരു പ്രതീക്ഷ മുഹമ്മദ് റസാഖിനുമുണ്ടായിരുന്നു. ആ പ്രതീക്ഷയും വെറുതയായി. പാസ്പോര്‍ട്ട് കിട്ടാത്തതുകൊണ്ടുതന്നെ അതില്‍ രേഖപ്പെടുത്തിയിട്ടുള്ള ‘റഖം ദുഖൂലും’ കണ്ടത്തൊന്‍ കഴിഞ്ഞില്ല. സ്പോണ്‍സറോടൊപ്പം ഒമ്പത് മാസം ജോലി ചെയ്തെങ്കിലും വിദേശികള്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡായ ‘ഇഖാമ’ എടുത്തിരുന്നില്ല. സൗദിയില്‍ എത്തിയതിനുള്ള ഏക തെളിവ് ആ പാസ്പോര്‍ട്ട് മാത്രമായിരുന്നു.
ഇളവുകാലമായ ഏഴുമാസവും കടന്നുപോയി. വേനല്‍ പോയി മഞ്ഞുകാലത്തിന്‍െറ വരവായി. ഋതുമാറ്റത്തിന്‍െറ ലക്ഷണങ്ങള്‍ മഴയായി പെയ്തിറങ്ങി. അന്തിക്ക് തലചായ്ക്കല്‍ സമീപത്തെ കടത്തിണ്ണയിലെ, കെട്ടിടം കാവല്‍ക്കാരന്‍െറ കാലുപിടിച്ചുണ്ടാക്കിയെടുത്ത അല്‍പസ്ഥലത്തേക്ക് മാറ്റി. റിയാദിലെ ഇന്ത്യന്‍ സമൂഹത്തിലെ മനുഷ്യസ്നേഹികളുടെ കാരുണ്യം കമ്പിളിപ്പുതപ്പായത്തെിയത് മാത്രം ആശ്വാസമായി. എങ്കിലും തിണ്ണയിലേക്ക് അടിച്ചുകയറുന്ന മഴചാറ്റലില്‍ കമ്പിളിയും തോറ്റുപോയി. ശരീരം ആലിലപോലെ വിറച്ചു. പ്രായാധിക്യത്തിന്‍െറ ശാരീരികാസ്വാസ്ഥ്യങ്ങള്‍ പെരുകി.
വാര്‍ത്താ ‘സ്റ്റോറി’കളുടെ ചകാരയായിരുന്ന ‘നിതാഖാത് കാലത്ത്’ ആ പാര്‍ക്കിലത്തെുമ്പോള്‍ ഞാന്‍ കണ്ടത് ദുരിതത്തിന്‍െറ ഉടല്‍രൂപമായി മുന്നില്‍നിന്ന് വിറയ്ക്കുന്ന മുഹമ്മദ് റസാഖിനെയാണ്. ഹൃദയമുള്ളവര്‍ക്ക് ‘നിയമം നിയമത്തിന്‍െറ വഴിയെ’ എന്ന് നിസംഗത കൊണ്ട് തടുക്കാന്‍ കഴിയാത്ത കാഴ്ച. ആപ്പിള്‍ മരങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന മുഹമ്മദ് റസാഖിനെ കുറിച്ച് പത്രത്തില്‍ വാര്‍ത്തയെഴുതി. അത് വായിച്ച ബത്ഹയിലെ കരുണയുള്ള കുറെ മലയാളി ചെറുപ്പക്കാര്‍ അയാളുടെ സംരക്ഷണം ഏറ്റെടുക്കാനും നാട്ടിലേക്കയക്കാന്‍ സാധ്യമായ മാര്‍ഗം തേടാനും തയാറായി മുന്നോട്ടുവന്നു. തര്‍ഹീലിലെ മേധാവിയുടെ മുന്നിലത്തെിച്ചു.

ആ മനസ് ഒരിട ഒന്ന് നനഞ്ഞിരിക്കണം
അയാളുടെ കദനകഥ അദ്ദേഹം കേട്ടു. ആ മനസ് ഒരിട ഒന്ന് നനഞ്ഞിരിക്കണം. സഹാനുഭൂതിയോടെ അദ്ദേഹം അയാളെ നോക്കി. നിയമത്തിന്‍െറ കാര്‍ക്കശ്യം ആ മുഖത്തുനിന്ന് മാഞ്ഞുപോയി. സാധ്യമായ സഹായം നല്‍കാമെന്ന് ആ നല്ലവനായ സൗദി ഉദ്യോഗസ്ഥന്‍ ചെറുപ്പക്കാര്‍ക്ക് വാക്കുനല്‍കി.
അപ്പോഴും ആ പ്രശ്നം ബാക്കിനിന്നു. ആ കോഡ്. റഖം ദുഖൂല്‍. പ്രവാസപ്പെട്ടിയുടെ അക്കപ്പൂട്ട്. കഴിഞ്ഞ 11വര്‍ഷത്തെ രേഖയിലില്ലാത്ത ജീവിതം ആ താഴിനുള്ളിലാണ്. അത് തുറന്നെടുക്കണം. രേഖകളിലേക്ക് പകരണം. അതിന് പ്രവാസത്തിലേക്ക് പ്രവേശിച്ച ആ നമ്പര്‍ കൂടിയേ തീരൂ. അതില്ലാതെ നടപടിക്രമങ്ങള്‍ മുന്നോട്ടുനീങ്ങില്ല.
ആ വകുപ്പ് മേധാവി സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചു. ഉപദേശമാരാഞ്ഞ് ഉന്നതങ്ങളിലേക്ക് വിളിച്ചു. അതിനിടയില്‍ എപ്പോഴോ ആ മുഖത്ത് പ്രകാശം വീഴുന്നത് ചെറുപ്പക്കാര്‍ പ്രത്യാശയോടെ കണ്ടു. അദ്ദേഹം സന്തോഷത്തോടെ അയാളുടേയും ആ ചെറുപ്പക്കാരുടേയും മുഖത്തേക്ക് നോക്കി. രേഖയിലില്ലാത്ത ജീവിതത്തെ ഒരു ഓടകണക്കില്‍ രേഖപ്പെടുത്താന്‍ തീരുമാനമായി. നടപടിക്രമങ്ങളില്‍ അസാധാരണമായ ഗതിമാറ്റം.
വിരലടയാളമെടുക്കുന്ന മെഷീനില്‍ മുഹമ്മദ് റസാഖിന്‍െറ മെല്ലിച്ച വിരലുകള്‍ പതിഞ്ഞു. കാമറയില്‍ കണ്ണുകളും മുഖവും പതിപ്പിച്ചു. അങ്ങിനെ നീണ്ട 11 വര്‍ഷത്തെ ജീവിതം ഏതാനും നിമിഷങ്ങള്‍ കൊണ്ട് തര്‍ഹീലിന്‍േറയും ജവാസാത്തിന്‍േറയും കമ്പ്യുട്ടര്‍ നെറ്റുവര്‍ക്കിലേക്ക് രേഖകളായി ആവാഹിച്ചു. മനസില്‍നിന്നെടുത്ത കരുണയുടെ താക്കോല്‍ കൊണ്ടാണ് അദ്ദേഹം ആ അക്കപ്പൂട്ട് തുറന്ന് അയാളെ മോചിപ്പിച്ചത്.

ആയൂസിലെ 11 വര്‍ഷത്തിന്‍െറ പടം പൊഴിച്ച്
പിന്നെയെല്ലാം വേഗത്തിലായിരുന്നു. എക്സിറ്റ് വിസ ഒൗട്ട്പാസില്‍ പതിച്ചത്തെി. സീസണല്‍ തിരക്കും വിമാന സര്‍വീസിന്‍െറ കുറവും കാരണും ശ്രീനഗറിലേക്ക് വിമാന ടിക്കറ്റ് കിട്ടാനില്ളെന്നായപ്പോള്‍ ദല്‍ഹിയിലേക്ക് മതി. താന്‍ എങ്ങിനേയും തന്‍െറ നാട്ടിലേക്ക് പോയിക്കോളാമെന്ന് ദുരിതഛായ ഒഴിഞ്ഞ മുഖത്തെ വെളിച്ചം പറഞ്ഞു. സൗജന്യ വിമാന ടിക്കറ്റുമായി മനുഷ്യസ്നേഹികളത്തെി. വിരഹം കവര്‍ന്ന ആയൂസിലെ 11 വര്‍ഷത്തിന്‍െറ പടം പൊഴിച്ച് ആഗ്രഹങ്ങളുടേയും പ്രതീക്ഷകളുടേയും പുതിയ കോശങ്ങള്‍ തുടുത്ത മനസുമായി അയാള്‍ സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും പറന്നുപോയി.
തര്‍ഹീലിലെ ഉദ്യോഗസ്ഥന് ആ വയസനോട് തോന്നിയ മനസലിവ് പിന്നീട് അതുപോലെ നൂറുകണക്കിനാളുകള്‍ക്ക് പ്രയോജനപ്പെട്ടു. അക്കപ്പൂട്ടുകളുടെ കുരുക്കഴിച്ച് ഇപ്പോഴും ആളുകള്‍ നാടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു.
ഫൂത്ത പാര്‍ക്കിലെ പുല്‍മൈതാനിയില്‍ കഴിഞ്ഞ ദിവസം പുതിയൊരാളെ കണ്ടു. ഏതാനും മാസം മുമ്പ് മാത്രം തൊഴില്‍ വിസയില്‍ വന്ന ഒരു ചെറുപ്പക്കാരന്‍. ഇഖാമ നല്‍കാമെന്ന് പറഞ്ഞ് പണവും പാസ്പോര്‍ട്ടും വാങ്ങിപ്പോയ സ്പോണ്‍സറെ കാണാനില്ല. എന്തുചെയ്യണമെന്നറിയില്ളെന്ന് പകച്ചുനോക്കുന്നു അയാള്‍...