Sunday, August 17, 2014

തണല്‍ തേടുന്ന ആല്‍മരങ്ങള്‍


ഷര്‍ട്ടിന്‍െറ പോക്കറ്റ് കനംതൂങ്ങിയിരുന്നു. താങ്ങാവുന്നതിലും അപ്പുറം നിറഞ്ഞതുകൊണ്ടാവാം പോക്കറ്റിന്‍െറ ഒരു മൂലയിലെ തുന്നലിളകി ഉള്ളിലുള്ളവ പുറത്തേക്ക് തലനീട്ടിത്തുടങ്ങിയിരുന്നു. കുറെ കടലാസുകഷണങ്ങള്‍ക്കൊപ്പം മൂന്നോ നാലോ പാസ്പോര്‍ട്ടുകളാണ് പോക്കറ്റില്‍ കുത്തിത്തിരികിയിരുന്നത്.
എന്‍െറ നോട്ടത്തിലെ ചോദ്യം തിരിച്ചറിഞ്ഞ് തെന്നല പറഞ്ഞു: ‘മരിച്ചവരുടേതാണ്’.

രാത്രിയില്‍ ജോലികഴിഞ്ഞ് ബത്ഹയിലത്തെിയാല്‍ പതിവാണ് ആ കൂടിക്കാഴ്ച. ചിലപ്പോള്‍ അത് നിരത്തുവക്കിലാവും, അല്ളെങ്കില്‍ റമാദ് ഹോട്ടലിന്‍െറ മുറ്റത്തുവെച്ച്. അതുമല്ളെങ്കില്‍ ഏതെങ്കിലുമൊരു ദുരിതജീവിതത്തിന്‍െറ സങ്കടം കേട്ടുനില്‍ക്കുമ്പോള്‍. വാര്‍ത്തക്കുള്ള വിഭവങ്ങള്‍ ശേഖരിക്കാന്‍ കരുതിക്കൂട്ടിയുണ്ടാക്കുന്ന ആ കൂടിക്കാഴ്ചകളില്‍ ആകെക്കൂടിയുണ്ടാകുന്ന മാറ്റം അപ്പുറത്ത് തെന്നല മൊയ്തീന്‍കുട്ടിയൊ ശിഹാബ് കൊട്ടുകാടൊ എന്നതിന് മാത്രമാകും.
ഇവര്‍ രണ്ടുപേരുടെയും കൈകളിലിരിക്കുന്ന ഫയലുകളില്‍ അല്ളെങ്കില്‍ കീശയില്‍ കുത്തിനിറച്ചിരിക്കുന്ന കടലാസുകൂട്ടത്തില്‍ പിറ്റേന്നത്തേക്കുള്ള ഒരു വാര്‍ത്തയുടെ അസംസ്കൃത വസ്തുവുണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
അങ്ങിനെയൊരു കൂടിക്കാഴ്ചയിലാണ് പാസ്പോര്‍ട്ടുകള്‍ നിറഞ്ഞുതുളുമ്പിയ പോക്കറ്റുമായി തെന്നല മൊയ്തീന്‍കുട്ടി മുന്നില്‍ നിന്നത്.
‘ആരാ മരിച്ചത്, മലയാളികളാണോ?’

എന്‍െറ ചോദ്യത്തിലെ ഒൗത്സുക്യത്തെ ഒരു ചിരികൊണ്ട് തടഞ്ഞ് കീശയില്‍നിന്നെടുത്ത പാസ്പോര്‍ട്ടുകള്‍ നീട്ടി. അവ വാങ്ങുമ്പോള്‍ കൈകള്‍ ഒന്ന് വിറച്ചോ, പ്രേതങ്ങളുടെ പാസ്പോര്‍ട്ടുകളാണ്!
ഓരോന്നും മറിച്ചുനോക്കി. മൂന്നും മൂന്ന് ദേശക്കാരുടേതാണ്. മലയാളി ആരുമില്ല. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്. നാലുമാസം മുമ്പ് പെട്രോളൊഴിച്ച് തീപ്പന്തമായി ആത്മഹത്യ ചെയ്തയാളാണ് ഉത്തര്‍പ്രദേശുകാരന്‍. തെന്നല മൊയ്തീന്‍കുട്ടി വിശദീകരിക്കാന്‍ തുടങ്ങി. ഞാന്‍ പേനയും കടലാസുകഷണവുമെടുത്ത് കുറിച്ചെടുക്കാനും.
എട്ടുമാസം മുമ്പ് ഒരു ഹൃദയാഘാതം കൊത്തിക്കൊണ്ടുപോയതാണ് രാജസ്ഥാന്‍കാരന്‍െറ ജീവനെ. വെറും മൂന്നുദിവസത്തെ പഴക്കമാണ് രാജസ്ഥാനിയുടെ മരണത്തിന്. റിയാദിലെ ഒരു കമ്പനിയില്‍ ഉയര്‍ന്ന പദവി വഹിച്ചിരുന്ന അയാള്‍ സ്യൂട്ടും ടൈയുമണിഞ്ഞ് പാസ്പോര്‍ട്ടില്‍ പ്രൗഢിയോടെ ചിരിച്ചു. വെറുമൊരു നെഞ്ചുവേദനയുടെ കാരണം പറഞ്ഞാണ് ജീവന്‍ ആ പ്രതാപശാലിയുടെ ദേഹത്തെ ഉപേക്ഷിച്ചുപോയത്.

ഒരു തുണ്ട് കടലാസില്‍ പോലും കുറിച്ചുവെക്കാത്ത വിവരങ്ങള്‍ എത്ര കൃത്യതയോടെയാണ് തെന്നല മൊയ്തീന്‍ കുട്ടി ഓര്‍ത്തെടുത്ത് പറഞ്ഞുതരുന്നതെന്ന് ഞാന്‍ വിസ്മയിച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു നാട്ടില്‍നിന്നത്തെിയ, ജീവിച്ചിരിക്കെ തമ്മില്‍ കാണുകയൊ കേള്‍ക്കുകയൊ ചെയ്യാത്ത ആ അന്യനാട്ടുകാരുടെ മൃതദേഹങ്ങള്‍ക്കുവേണ്ടി തന്‍െറ ഏറ്റവും ഉറ്റവനായ ഒരാളുടെതെന്നതുപോലെയാണ് തെന്നലയുടെ ഇടപെടല്‍. മൂന്ന് മൃതദേഹങ്ങളും നാട്ടില്‍ അവരുടെ അനന്തരാവകാശികള്‍ക്ക് എത്തിച്ചുകൊടുക്കണം. അതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ് ആ ജീവകാരുണ്യപ്രവര്‍ത്തകന്‍.

മരിച്ചവര്‍ക്കുവേണ്ടി മാത്രമല്ല, മരിക്കാതെ തന്നെ മൃതിയെക്കാള്‍ വലിയ നിസഹായാവസ്ഥയിലായി പോകുന്നവര്‍ക്കുവേണ്ടിയും തെന്നലയോ ശിഹാബോ ഉണ്ടാവും. ഏതാനും ദിവസം മുമ്പ് ഇതേ തെരുവില്‍ ഇവര്‍ ഇരുവരും കൈകോര്‍ത്തിരുന്നു. ഒരു ഹൈദരാബാദി കുടുംബത്തിനുവേണ്ടി. ഒന്നര പതിറ്റാണ്ടോളം നാട്ടില്‍ പോകാനാവാതെ നിയമപ്രശ്നങ്ങളില്‍പെട്ട് നിരാലംബരായി കഴിഞ്ഞ മുഹമ്മദ് അസീസിനേയും ആറുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തേയും സുരക്ഷിതരായി ജന്മനാട്ടിലത്തെിക്കാന്‍ അവര്‍ ഒരുമിച്ച് പ്രയത്നിച്ചു.

ഈ ജീവകാരുണ്യ പ്രവര്‍ത്തകരോടൊപ്പം നില്‍ക്കുമ്പോള്‍ വളര്‍ന്നുപന്തലിച്ച ഒരാല്‍മരത്തിന്‍െറ ചുവട്ടിലത്തെിയതുപോലെ ദുരിതങ്ങളുടെ സൂര്യതാപമേറ്റ ഓരോ ജീവിതവും ആശ്വസിക്കും.

മരൂഭൂമിയിലെ ആല്‍മരങ്ങള്‍
തണലിന്‍െറ ഉടല്‍രൂപമാണല്ളോ ആല്‍മരം. പടര്‍ന്ന് പന്തലിക്കുന്ന അത് ആകാശം വീടാക്കിയ പറവകള്‍ മുതല്‍ മണ്ണിലെ മനുഷ്യനും പഴുതാരക്കും വരെ തണലൊരുക്കുന്നു. കാതങ്ങള്‍ താണ്ടിയ ക്ഷീണവുമായി അണയുന്ന പഥികനെ കുളിര്‍മയുള്ള കാറ്റിന്‍െറ കൈകളാല്‍ അണച്ചുപിടിച്ച് വീണ്ടും മറ്റൊരു വലിയ വഴിദൂരം താണ്ടാനുള്ള ഉന്മേഷമേകി വഴികാട്ടുന്ന കാരുണ്യം. പ്രതിസന്ധികളുടെ സൂര്യന്‍ കത്തിക്കാളുമ്പോള്‍ തണലിട്ട് ആശ്രയമേകുന്ന ആ കരുണകടാക്ഷത്തിലേക്ക് കൃതജ്ഞയുടെ ഒരു മറുനോട്ടം പോലും അയക്കാന്‍ നില്‍ക്കാതെ മുന്നിലുള്ള വഴിദൂരം മാത്രം ചിന്തിച്ച് പൊടിതട്ടി നടന്നുനീങ്ങുന്ന ജീവിതയാത്രികനോട് പരിഭവത്തിന്‍െറ ചെറിയൊരു ഇലവാട്ടം പോലും പ്രകടിപ്പിക്കാതെ അടുത്തയാള്‍ക്ക് തണലിടാന്‍ കാത്തുനില്‍ക്കുന്ന ദയാവായ്പിന്‍െറ മരയുടലഴക്.



ഈ ആല്‍മരങ്ങള്‍ക്ക് പ്രവാസത്തിന്‍െറ മണല്‍ക്കാട്ടില്‍ മനുഷ്യരുടെ രൂപമാണ്. ഒരു ശിഹാബിലും തെന്നലയിലും ഒതുങ്ങുന്നതല്ല ആ വൃക്ഷനിര. പലവിധ പ്രശ്നങ്ങളുടെ നട്ടുച്ചയില്‍ വെന്തുപൊരിയുന്ന മനുഷ്യര്‍ക്ക് അഭയമേകുന്ന ആ കാരുണ്യത്തണലുകള്‍ക്ക് ദേശം മാറുമ്പോള്‍ പേരുകള്‍ വേറെയാണ്. ജിദ്ദയില്‍ മുഹമ്മലി പടപ്പറമ്പ്, ദമ്മാമില്‍ സഫിയ അജിത്, ഷാജി മതിലകം, നാസ് വക്കം, ബുറൈദയില്‍ നൗഷാദ് പോത്തന്‍കോട്, അല്‍ഖര്‍ജില്‍ ചന്ദ്രസേനന്‍, മജ്മഅയില്‍ മുമ്പൊരു കോഴിക്കോടുകാരന്‍ വിജയകുമാറും അഫീഫില്‍ തിരുവനന്തപുരത്തുകാരന്‍ എഗ്ഗി ജോസഫുമുണ്ടായിരുന്നു... അവസാനിക്കുന്നില്ല ഈ പേരുകള്‍.

ജീവിച്ചിരിക്കുന്നവരെ പോലെ തന്നെ മരിച്ചവര്‍ക്കുവേണ്ടിയും ദൈവത്തിന്‍െറ കൈകള്‍ പോലെ പ്രവര്‍ത്തിക്കുന്നവരാണ് ശിഹാബും തെന്നലയും മുഹമ്മദലി പടപ്പറമ്പും. ഓരോരുത്തരുടെ പേരിലും നന്മയുടെ കണക്കെഴുത്തുകാരനായ മാലാഖ രേഖപ്പെടുത്തിയ കണക്കില്‍ ആയിരവും ആയിരത്തഞ്ഞൂറിലുമേറെ മൃതദേഹങ്ങള്‍ക്ക് മോക്ഷമാര്‍ഗം തെളിച്ചതിന്‍െറ കണക്കുമുണ്ടാകും. വേണ്ടപ്പെട്ടവര്‍ക്കുപോലും വേണ്ടാതായി മാസങ്ങളും വര്‍ഷങ്ങളും തന്നെ മോര്‍ച്ചറികളിലെ ശീതീകരണികളില്‍ കിടന്ന എത്രയെത്ര മരവിച്ച ഉടലുകള്‍ക്കാണ് അവയര്‍ഹിക്കുന്ന മരണാനന്തരകര്‍മങ്ങളിലൂടെ മണ്ണിലേക്ക് മടങ്ങാന്‍ അവസരമൊരുക്കിയത്.

ശിഹാബിന് മറക്കാനാവില്ല ഒന്നര വര്‍ഷത്തോളം തന്‍െറ ശിരസിന് മുകളില്‍ ഭാരിച്ച കൃഷ്ണന്‍ കുട്ടിയെ. ജീസാനിലെ ആശുപത്രി മോര്‍ച്ചറിയില്‍ മരവിച്ചുകിടന്ന ആ കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ കാത്തിരുന്ന പ്രിയതമക്കും മക്കള്‍ക്കും എത്തിച്ചുകൊടുത്തിട്ടും ആ പ്രേതബാധയൊഴിഞ്ഞില്ല ശിഹാബിനെ. മരിച്ചവനുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാട് തീര്‍ക്കാതെ മൃതദേഹം വിട്ടുതരില്ളെന്ന് വാശിപിടിച്ച കൃഷ്ണന്‍കുട്ടിയുടെ സ്പോണ്‍സറുടെ ദേഷ്യം ജീസാന്‍ ഗവര്‍ണറുടെ സഹായത്തോടെ മൃതദേഹം വീണ്ടെടുത്തുകൊണ്ടുപോയ ശിഹാബിനോടായി. പലവിധ കേസുകളുടെ രൂപത്തില്‍ അയാള്‍ ഇപ്പോഴും ശിഹാബിനെ വേട്ടയാടുന്നു.

മുഹമ്മദലി പടപ്പറമ്പിനും തെന്നലക്കും മാത്രമല്ല, ജീവിതവ്യവഹാരങ്ങളില്‍ അടിതെറ്റുന്നവരും രോഗം, അപകടം പോലുള്ള ആകസ്മികതകളാല്‍ കവര്‍ന്നെടുക്കപ്പെട്ട് ജീവിതനഷ്ടം പേറുന്നവരും തണല്‍ തേടുന്ന മറ്റ് ആല്‍മരങ്ങളായ സഫിയ അജിതിനും നൗഷാദ് പോത്തന്‍കോടിനും നാസ് വക്കത്തിനും ഷാജി മതിലകത്തിനുമെല്ലാം തങ്ങളുടെ സല്‍പ്രവൃത്തിയുടെ പിന്നിലൂടെ വന്നുപിടികൂടുന്ന ഇത്തരം വേട്ടയാടലുകളുടെ കഥകള്‍ പറയാനുണ്ടാവും.

എന്നാല്‍ ആല്‍മരത്തെ പോലെ ഇവരും നന്ദികേടിന്‍േറയും ഇരുട്ടടികളുടെയും സൂര്യാഘാതമേറ്റുണ്ടാകുന്ന ഇലവാട്ടം പുറത്തുകാണിക്കാതെ വേദന ഉള്ളിലടക്കി പ്രസന്നവദനരായി അടുത്ത ദുരിത ജീവിതങ്ങള്‍ക്ക് തണലിടാന്‍ തയാറായി നില്‍ക്കുന്നു. ദൈവത്തോട് നടത്തിയ ഒരു പ്രതിജ്ഞ പോലെയാണ് കാരുണ്യവഴികളിലെ ആല്‍മരങ്ങളായി തങ്ങളുടെ ജീവിതങ്ങളെ ഇവര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

അന്യദേശത്തെ ഇന്ത്യയുടെ കാരുണ്യ അടയാളങ്ങള്‍
അന്യദേശത്ത് ഇന്ത്യയുടെ അടയാളങ്ങളായി മാറിയവരാണ് ഈ കാരുണ്യപ്രവര്‍ത്തകര്‍. ഭാഷ, ദേശം, മതം, വംശം, ആണ്, പെണ്ണ്, ഉള്ളവന്‍, ഇല്ലാത്തവന്‍ എന്ന വ്യത്യാസങ്ങളൊന്നും കൂടാതെ മനുഷ്യരുടെ വേദനയെ മാത്രം തിരിച്ചറിഞ്ഞ് സഹായിക്കാന്‍ മുന്നില്‍നില്‍ക്കുന്ന ഈ പൗരന്മാരിലൂടെ ഇന്ത്യ കാരുണ്യത്തിന്‍െറ വലിയ പ്രതീകമായി പ്രവാസലോകത്ത് അടയാളപ്പെടുകയാണുണ്ടായത്. നാനാലോക മനുഷ്യര്‍ സംഗമിച്ച ഗള്‍ഫ് രാജ്യങ്ങളിലെവിടെയും ഇത്തരത്തില്‍ ആല്‍മരത്തണലുകളായി മാറിയ ഇന്ത്യന്‍ സന്നദ്ധപ്രവര്‍ത്തകരെ കാണാം. അവരുടെ തണല്‍ ലഭിക്കുക ഇന്ത്യാക്കാരന് മാത്രമായിരിക്കില്ല. കണ്ണ് ഏത് ദേശക്കാരന്‍േറതാണെന്ന് നോക്കിയിട്ടല്ല കണ്ണീരൊപ്പാന്‍ ഇവരുടെ കരങ്ങള്‍ നീണ്ടുവരുക. ഇവര്‍ക്ക് തുല്യമായി മറ്റൊരു ദേശക്കാരനേയും ഒരുപക്ഷെ കണ്ടത്തൊന്‍ കഴിഞ്ഞെന്നുവരില്ല.

തണല്‍ തേടുന്ന ആല്‍മരങ്ങള്‍
ആല്‍മരങ്ങള്‍ വിരിക്കുന്ന തണലില്‍ ഇരിക്കുമ്പോഴും നാം ആലിന് തണലുണ്ടോ എന്ന് ആലോചിക്കാറില്ല. വൃക്ഷത്തിന്‍െറ തലക്ക് മുകളില്‍ ഒരു സൂര്യന്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന കാര്യം ആരും ഓര്‍ക്കാറെയില്ല. കിട്ടുന്ന തണലില്‍ ആശ്വാസം നേടുന്നവരാണ് നാം. അതുകഴിഞ്ഞാല്‍ ആലിനെ തന്നെയും നമ്മള്‍ സൗകര്യപൂര്‍വം മറക്കും.
മരുഭൂമിയിലെ കാരുണ്യമരങ്ങളെ അടുത്തറിയുമ്പോഴാണ് അവരും സ്വന്തം ജീവിതപ്രതിസന്ധികളുടെ നട്ടുച്ചയില്‍ തണലില്ലാതെ പ്രയാസപ്പെടുന്നവരാണെന്ന് മനസിലാകുക. സമൂഹത്തിന്‍െറ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി അലയുമ്പോള്‍ സ്വന്തം ശരീരത്തെ മാരകരോഗം കാര്‍ന്നുതിന്നുന്നതിന്‍െറ വേദന സ്വയം കടിച്ചമര്‍ത്തുന്നവരും നിത്യജീവിതം പ്രതിസന്ധിയിലായവരുമുണ്ട്. ഉള്ള ഉപജീവനമാര്‍ഗങ്ങള്‍ പോലും ഈ സാമുഹികപ്രവര്‍ത്തന അലച്ചിലിനിടയില്‍ ശരിയായി നോക്കാതെ നഷ്ടമായവരുമുണ്ട്.

ദുരിതബാധിതന്‍െറ കണ്ണീരൊപ്പുമ്പോള്‍ വേദനകൊണ്ട് നിറയുന്ന സ്വന്തം കണ്ണുകളെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നവരാണ് അവര്‍. മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും സഹായിയായി നടക്കുമ്പോള്‍ നിരാലംബത അനുഭവിക്കുന്ന സ്വന്തം കുടുംബങ്ങളെ കുറിച്ചുള്ള ആധികള്‍ ആരെയുമറിയിക്കാതെ മനസില്‍ പേറുന്ന ത്യാഗികള്‍. നിരവധിയാളുകളെ നിയമപ്രശ്നങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനും ജയിലുകളില്‍നിന്ന് മോചിപ്പിക്കാനും ജീവിതമുണ്ടാക്കിക്കൊടുക്കാനും സമയംതികയാതെ ഓടുന്ന ഒരു ജീവകാരുണ്യപ്രവര്‍ത്തകന് ഇതുവരെ തന്‍െറ മകളുടെ പാസ്പോര്‍ട്ട് ശരിയാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. നിയമപ്രശ്നങ്ങളുടെ കുരുക്കഴിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കുടുംബവുമായി നാട്ടില്‍ പോകാന്‍ കഴിയാതെ ദുഃഖം ഉള്ളിലടക്കി കഴിയുന്നു. മറ്റൊരു ജീവകാരുണ്യപ്രവര്‍ത്തകനാകട്ടെ ഒന്നര പതിറ്റാണ്ടായി നാട്ടില്‍ പോയിട്ടില്ല. കേള്‍ക്കുമ്പോള്‍ കുറ്റം പറയാന്‍ ആളുകളുണ്ടാവും. എന്തുകൊണ്ട് പോകാന്‍ കഴിയുന്നില്ല എന്ന് അന്വേഷിക്കാന്‍, പ്രതിസന്ധിയുണ്ടെങ്കില്‍ പരിഹാരം കാണാന്‍ ആരും തയാറാവുന്നില്ല.

ഇത്തരം വ്യക്തിഗത ജീവിതപ്രതിസന്ധികള്‍ പോലെ തന്നെ ദുരിത ബാധിതരെ സഹായിക്കാന്‍ ഇടപെട്ടതിന്‍െറ പേരില്‍ പല കോണുകളില്‍നിന്ന് പ്രത്യാഘാതങ്ങളും നിയമനടപടികളും അനുഭവിക്കേണ്ടിവന്നവരുമുണ്ട്. ഉപജീവനം നഷ്ടമായവരും ജയലിലേക്ക് പോകാനുള്ള ഭീഷണി നേരിട്ടവരുമുണ്ട്. എന്നിട്ടും തളരാതെ മറ്റുള്ളവര്‍ക്ക് തണലിടാന്‍ കാരുണ്യ വഴിയില്‍ സഹാനുഭൂതിയുടെ ഇലകള്‍ വിരിച്ച് തലയുയര്‍ത്തി നില്‍ക്കുന്നു അവര്‍.

(ഗള്‍ഫ് മാധ്യമം സ്വാതന്ത്ര്യദിന പതിപ്പ് 2014 ആഗസ്റ്റ് 15)

No comments:

Post a Comment