Sunday, July 20, 2014

മഴയിലലിഞ്ഞ് വര്‍ണക്കൂട്ടുകള്‍


കേരളത്തിലെ മണ്‍സൂണ്‍, കൃഷിക്കെന്നപോലെ സര്‍ഗാത്മകതക്കും മണ്ണൊരുക്കുന്ന പ്രകൃതിയുടെ വിസ്മയ പ്രതിഭാസമാണ്. മാനം പെയ്തിറങ്ങുമ്പോള്‍ മനം കുളിര്‍ക്കും. കുതിര്‍ന്ന മണ്ണില്‍ ഒരു വിത്ത് പുതച്ചുവെച്ചാല്‍ മുളച്ചുപൊന്തും പോലെ, തരളിതമാകുന്ന ഹൃദയം ഭാവനയുടെ മാനങ്ങളിലേക്ക് ചിറകടിച്ചുയരും.

റജീനയുടെ മനസിലെ കാന്‍വാസില്‍ മഴയുടെ ചാരനിറത്തിനുമീതെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കൂട്ടുകള്‍ ഒഴുകിപ്പരക്കും. പെണ്‍കുട്ടികള്‍ വര്‍ണക്കുടകള്‍ ചൂടി മഴയിലങ്ങിനെ അലിഞ്ഞുചേരുന്നത് വരഞ്ഞുകഴിഞ്ഞപ്പോള്‍ ബ്രഷിനെ താന്‍ ചുംബിച്ചുപോയെന്ന് ഈ ചിത്രകാരി പറയുന്നു. പ്രവാസത്തിന്‍െറ മരുഭൂ മുഷിപ്പില്‍ ആശ്വാസം ഓര്‍മകളില്‍ പെയ്യുന്ന മണ്‍സൂണ്‍ കാലങ്ങളാണ്.

മരുഭൂമിയിലും മഴ പെയ്യാറുണ്ടെങ്കിലും കോണ്‍ക്രീറ്റ് കാട്ടില്‍ വീണുടഞ്ഞ് ചാരുത തകര്‍ന്ന് ഭൂമിക്കുവേണ്ടാതെ കെട്ടിക്കിടന്ന് ജീര്‍ണിക്കും. അല്ളെങ്കില്‍ ആകാശം സൂര്യന്‍െറ കൈകള്‍ താഴ്ത്തി വലിച്ചെടുക്കും. പ്രകൃതി തിരസ്കരിക്കുന്ന മഴയും ദാഹത്തോടെ കാത്തിരിക്കുന്ന മഴയും തമ്മില്‍ വ്യത്യാസമുണ്ട്. റജീന പ്രണിയക്കുന്ന മഴ പ്രകൃതി സുരത ദാഹത്തോടെ കാത്തിരിക്കുന്ന മഴയാണ്. കേരളത്തിലെ തുലാര്‍ഷവും കാലവര്‍ഷവുമൊക്കെയാണത്.

അതുകൊണ്ടാണ് കാന്‍വാസുകളില്‍ മഴ ആഘോഷമായി നിറയുന്നത്.
പെയ്യാന്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ആകാശത്തിന് നേരെ വര്‍ണക്കുട ഉയര്‍ത്തിപ്പിടിച്ച് പെണ്‍കുട്ടി ഉല്ലാസ നൃത്തം ചവിട്ടുന്നത്. മഴ മാത്രമല്ല, പെണ്ണും പ്രകൃതിയും മറ്റ് ചരാചരങ്ങളും നിറങ്ങളുമെല്ലാം റജീനയുടെ കാന്‍വാസില്‍ ആഘോഷത്തിമിര്‍പ്പിലാണ്. എങ്ങുമില്ല ശോകം. നിറഞ്ഞ പ്രസരിപ്പ്. പ്രത്യാശയുടെ തിളക്കം. വരഞ്ഞുകഴിഞ്ഞ നാല്‍പത് പെയിന്‍റിങ്ങുകളില്‍ മരുഭൂമി ഒരെണ്ണത്തില്‍ മാത്രം. അതിലും വര്‍ണക്കൂട്ടുകളുടെ മേളപ്പെരുക്കമാണ്. പ്രകാശമാനമായ വിദൂരലക്ഷ്യങ്ങളിലേക്ക് ഉന്മേഷപൂര്‍വം നടന്നുനീങ്ങുന്ന ഒട്ടകങ്ങളുടെ നിര.

ഫ്ളാറ്റിന്‍െറ നാലുചുവരുകള്‍ക്കുള്ളില്‍ ഇരവുപകലുകള്‍ക്കുപോലും നിറവ്യത്യാസമില്ലാതാകുമ്പോഴും ഒരു പ്രവാസി കുടുംബിനിയുടെ കാഴ്ചകള്‍ ഇത്രമേല്‍ വര്‍ണാഭമാകുന്നതെങ്ങിനെ? ജീവിതത്തെ അത്രമേല്‍ ആഘോഷഭരിതമാക്കി നിറുത്താന്‍ കഴിയുന്നതെങ്ങിനെ?
പിറന്നനാട് വിട്ടുപോന്നിട്ടില്ലാത്ത ഒരു മനസുള്ളതുകൊണ്ടാണെന്ന് കൃത്യമായ ഒരുത്തരം കണ്ടെടുക്കാന്‍ ‘ജീന’ എന്ന റജീന നിയാസിന് പ്രയാസമില്ല. തൃശൂര്‍ ചേലക്കര പുതുവീട്ടില്‍ പരേതനായ അബ്ദുറസാഖിന്‍െറ മൂന്നുമക്കളിലൊരാളായ റജീന റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി ചെയര്‍മാന്‍ നിയാസ് ഉമറിന്‍െറ ജീവിത പങ്കാളിയാണ്. ആലപ്പുഴ സ്വദേശിയായ നിയാസിനോടൊപ്പം ഒമ്പത് വര്‍ഷം മുമ്പാണ് റിയാദിലത്തെിയത്. സൗദി സ്നാക് ഫുഡ് കമ്പനിക്ക് കീഴില്‍ ലെയ്സിന്‍െറ ബ്രാന്‍ഡ് മാനേജരായ ഭര്‍ത്താവിനോടൊപ്പം സാധാരണ വീട്ടമ്മയായി കഴിഞ്ഞിരുന്ന റജീന അടുത്തകാലത്താണ് ചിത്രകലയിലേക്ക് ഗൗരവമായി തിരിഞ്ഞത്.

ജന്മസിദ്ധമായ കഴിവിനെ വളരെ വൈകി തേച്ചുമിനുക്കിയെടുത്ത അവര്‍ പ്രവാസ ജീവിതം തന്നെയാണ് തന്നെ ചിത്രകാരിയാക്കിയതെന്ന് പറയും. വെറും 18 മാസത്തിനുള്ളിലാണ് അത് ഗൗരവമായ ഒരു സപര്യയായി മാറിയത്. ജീവിക്കുന്നു എന്നതിന്‍െറ ചിത്രത്തെളിവുകളാണിവയെന്ന് റിയാദ് മലസിലെ തന്‍െറ ഫ്ളാറ്റിലെ മുറികളായ മുറികളിലെല്ലാം നിറഞ്ഞിരിക്കുന്ന പെയിന്‍റിങ്ങുകളിലേക്ക് അവര്‍ വിരല്‍ ചൂണ്ടി. സംതൃപ്തവും പ്രത്യാശാഭരിതവുമായ ഒരു ജീവിതം പ്രിയ ഭര്‍ത്താവിനും മൂന്ന് അരുമ മക്കള്‍ക്കുമൊപ്പം ആഘോഷപൂര്‍വം ആസ്വദിക്കുമ്പോള്‍ അതിന്‍െറ പ്രതിഫലനം തന്‍െറ കരവരുതില്‍ പ്രകടമാകാതിരിക്കില്ളെന്ന് സൗഹൃദ വലയത്തിലുള്ള ഒരു സൗദി പെണ്‍കുട്ടിയെ മോഡലാക്കി വരച്ച ‘ധന്യാത്മക നിമിഷങ്ങള്‍’ എന്ന മനോഹരമായ പെയിന്‍റിങ് ചൂണ്ടിക്കാട്ടി പറയുന്നു അവര്‍. ചക്രവാളങ്ങളിലേക്ക് ഒഴുകിപ്പരക്കുന്ന അതിസുന്ദര ഉടയാടകളില്‍ പൊതിഞ്ഞു സ്വപ്നാടനം നടത്തുന്ന സുന്ദരി.

ചിത്രകാരിയുടെ വെബ്സൈറ്റില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നതില്‍ ഒന്ന് ഈ ചിത്രമാണ്. പിന്നെ വര്‍ണമത്സ്യം. നീല ജലാശയത്തിനുള്ളില്‍ തിളക്കമുള്ള കണ്ണും അഴകോലും ഉടല്‍വര്‍ണങ്ങളുമായി കിടക്കുന്ന മത്സ്യത്തിനുപോലും എന്തൊരു ചാരുത. കടലിലേക്ക് അതിജീവനത്തിന്‍െറ വലയെറിയുന്ന മീന്‍പിടിത്തക്കാരനാണ് മറ്റൊരു ചിത്രം.

ജീവിതത്തിന്‍െറ തീക്ഷ്ണമായ വേനലും കടുത്ത വെല്ലുവിളികളും ചിത്രീകരിക്കുന്ന രണ്ട് ചിത്രങ്ങളേയുള്ളൂ. ഒന്ന് ഒരു ചെറിയ വഞ്ചിയില്‍ പ്രളയത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു തൊപ്പിക്കാരന്‍െറ ചിത്രം. പ്രളയം ജീവനെ ചുറ്റിവളഞ്ഞ ചരടുകളായകുന്ന ആ ചിത്രത്തിന്‍െറ പശ്ചാത്തലം കാഴ്ചക്കാരെ അസ്വസ്ഥപ്പെടുത്താന്‍ പോന്നതാണ്. എന്നാല്‍ നിര്‍ഭയമായി അതിനെതിരെ തുഴയെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വള്ളക്കാരന്‍െറ ആത്മവിശ്വാസം സ്ഫുരിക്കുന്ന ഭാവം കാഴ്ചക്കാരനും ധൈര്യവും ഊര്‍ജ്ജവും പകരും.  കാടും മരങ്ങളും കടപുഴക്കുന്ന പ്രളയത്തെ പോലും റജീനയുടെ നിറക്കൂട്ടുകള്‍ എത്ര ഹൃദയഹാരിയാക്കിയാണ് അവതരിപ്പിക്കുന്നത്.

വേനലിന്‍െറ തീക്ഷ്ണത വരഞ്ഞ പെയിന്‍റിങിലും നിറക്കൂട്ടുകളുടെ മിഴിവുള്ള സമ്മേളനമാണ്. ശുദ്ധ സ്നേഹത്തിന്‍െറ മാതൃഭാവങ്ങള്‍ തൂവലണക്കുന്ന അമ്മയും കുഞ്ഞുമെന്ന ചിത്രം ഹൃദയസ്പര്‍ശിയാണ്. സാത്വികഭാവമുള്ള അമ്മ മാറോട് അണച്ചുപിടിച്ചിരിക്കുന്ന കുഞ്ഞിന് മുലകൊടുക്കുന്ന ചിത്രം മാതൃശിശു ബന്ധത്തിന്‍െറ ഊഷ്മളതയും പവിത്രതയും വെളിപ്പെടുത്തുന്നതാണ്. അതിന്‍െറ പശ്ചാത്തലമായ പനമ്പ് മറയുടെ ചിത്രീകരണം ചിത്രകാരിയുടെ കരവിരുതിന്‍െറ മികവ് തൊട്ടറിയാന്‍ സഹായിക്കുന്നതാണ്.

ചിത്രകലയില്‍ തന്നെ പൂര്‍ണമായും സമര്‍പ്പിക്കുന്നതിന് മുമ്പ് കുറെക്കാലം റിയാദിലെ എരിത്രിയന്‍ എംബസി വക സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്തുണ്ടായ അടുപ്പത്തിനപ്പുറം ആഫ്രിക്കന്‍ ചിത്രകലാശൈലിയുടെ പ്രത്യേകത ഏറെ ആകര്‍ഷിച്ചതാണ് ആഫ്രിക്കന്‍ സാമൂഹിക ജീവിതവും നാടോടി കലാപാരമ്പര്യവും വിഷയമാക്കി പൂര്‍ണമായും ആഫ്രിക്കന്‍ ചിത്രകലയുടെ ശൈലിയില്‍ തന്നെ രണ്ട് മൂന്ന് പെയിന്‍റിങ്ങുകള്‍ ചെയ്യാന്‍ ഇടയാക്കിയത്.

ഓയില്‍പെയിന്‍റിങിന് പുറമെ അക്രിലിക്, മെറ്റാലിക് മീഡിയങ്ങളും ഉപയോഗിച്ച് പെയിന്‍റിങ് നടത്തുന്നുണ്ട്. കരകൗശല കലയില്‍ ലഭിച്ച ചെറിയൊരു പരിശീലനത്തിനപ്പുറം ചിത്രകലയില്‍ ഒരു പഠനവുമുണ്ടായിട്ടില്ല. കുട്ടിക്കാലം മുതലേ ചിത്രം വരക്കാനുള്ള താല്‍പര്യമുണ്ടായിരുന്നു. സ്വയം അഭ്യസിച്ചതാണ്. അതുകൊണ്ട് തന്നെ പറയാന്‍ പ്രത്യേകിച്ച് ഗുരുക്കന്മാരാരുമില്ല. ഇന്‍റര്‍നെറ്റ് സ്വയം പഠനത്തിന് സൗകര്യമൊരുക്കി എന്നുവേണമെങ്കില്‍ പറയാം.

പെയിന്‍റിങിന് പുറമെ രേഖാചിത്ര രചനയിലും സ്വന്തമായി വൈദഗ്ധ്യം നേടിയിട്ടുണ്ട്. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനെ വരച്ച പെന്‍സില്‍ സ്കെച്ചിനെ കുറിച്ച് അറബ് ന്യൂസില്‍ വന്ന വാര്‍ത്ത വലിയ പ്രചോദനമായി.
വാസ്തവത്തില്‍ ഫേസ്ബുക്കാണ് തന്നിലെ ചിത്രകാരിയെ ഉണര്‍ത്തിയതെന്ന് റജീന പറയുന്നു. വരച്ച ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടപ്പോള്‍ കിട്ടിയ അനുമോദനങ്ങളും പിന്തുണയുമാണ് ചിത്രകലയെ ഗൗരവത്തിലെടുക്കാന്‍ പ്രേരിപ്പിച്ചത്.  താന്‍ വരക്കുന്ന ചിത്രങ്ങള്‍ വിലകൊടുത്തുവാങ്ങാന്‍ പോലും ആളുകള്‍ തയാറാണെന്ന് മനസിലാക്കിയപ്പോള്‍ ഒരു വെബ്സൈറ്റ് തുടങ്ങി ആഗോള ചിത്രകലാ വിപണിയുടെ ഭാഗവുമായി. ഒമ്പത് പെയിന്‍റിങുകള്‍ വലിയ വിലകള്‍ക്ക് തന്നെ വിറ്റുപോയി. അതുപോലെ പെന്‍സില്‍ പോര്‍ട്രെയിറ്റ് സ്കെച്ചുകളും.

www.jeenaarts.com എന്ന സ്വന്തം വെബ്സൈറ്റിലൂടെ ചിത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവുമൊരുക്കി. ഓയില്‍ പെയിന്‍റിങിനും പെന്‍സില്‍ ഡ്രായിങിനും ഓര്‍ഡര്‍ ചെയ്താല്‍ വരച്ച് ലോകത്തെവിടേയും ഷിപ്മെന്‍റ് ചെയ്യാന്‍ കഴിയുന്ന സംവിധാനവും ഏര്‍പ്പെടുത്തി. എല്ലാം കുറഞ്ഞ കാലത്തിനുള്ളിലാണ് എന്നത് ഓര്‍ക്കുമ്പോള്‍ റജീന സ്വയം വിസ്മയിക്കുന്നു.
പ്രദര്‍ശനത്തില്‍ അണിനിരത്താന്‍ യോഗ്യമായ നാല്‍പത് പെയിന്‍റിങുകള്‍ തയാറാണ്. ഒരു പ്രദര്‍ശനം നടത്തുകയെന്നതാണ് ഏറ്റവും വലിയ ആഗ്രഹം.
ഗണിതത്തില്‍ ബിരുദവും ബി.എഡുമുള്ള റജീന വളരെ കുറച്ചുകാലം മാത്രമേ അധ്യാപനജോലി ചെയ്തുള്ളൂ. പിന്നീട് മൂന്നുമക്കളുടെ ഉമ്മയായി, പ്രിയതമന്‍െറ പ്രിയപ്പെട്ട കുടുംബിനിയായി വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടി. അപ്പോഴാണ് അതുവരെ മനസില്‍ അടങ്ങിക്കിടന്ന ചിത്രകാരി പുറത്ത് ചാടിയത്. അത് ഇന്ന് ജീവിതത്തിന്‍െറ ഏറ്റവും വലിയ ആഹ്ളാദവും അര്‍ഥവും പ്രതീക്ഷയുമായി.

മൂത്ത മകന്‍ അജ്മല്‍ തൃശൂര്‍ ചിറ്റിലപ്പള്ളിയിലെ ഐ.ഇ.എസ് സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്. റിയാദ് ഇന്ത്യന്‍ സ്കൂളില്‍ നാലാം ക്ളാസ് വിദ്യാര്‍ഥി അന്‍ഹറും എല്‍.കെ.ജി വിദ്യാര്‍ഥിനി ആയിഷയുമാണ് മറ്റ് മക്കള്‍.
ഫാത്തിമ ഉമ്മയും ഹാരിഷ്, സബീന എന്നിവര്‍ സഹോദരങ്ങളും.

(ചെപ്പ് വാരപ്പതിപ്പ്, ഗള്‍ഫ് മാധ്യമം)

No comments:

Post a Comment