Wednesday, September 24, 2014

വിസ്മയ മുനമ്പ്

കടല്‍ ഇറങ്ങിപ്പോയ ശൂന്യതയില്‍ ആ ഭൂമി മൂകമായി വരണ്ടുകിടന്നു. മലയെടുപ്പുകളില്‍ പ്രകൃതി തുറന്നിട്ട ജാലകങ്ങളിലൂടെ ആകാശ നീലിമയില്‍ അലിഞ്ഞില്ലാതാകുന്ന ലോകത്തിന്‍െറ അതിര് നോക്കി നില്‍ക്കുമ്പോള്‍ ഈ പ്രദേശത്തെ ‘ലോകത്തിന്‍െറ മുനമ്പ്’ എന്നു വിളിച്ച മരുഭൂ പര്യവേക്ഷകരെ നന്ദിയോടെ ഓര്‍ത്തു. പ്രകൃതിയുടെ വിസ്മയങ്ങളില്‍ ഒന്നിനെ ഓര്‍മയില്‍ അടയാളപ്പെടുത്തിവെക്കാന്‍ ഒരു പേരുണ്ടായല്ളോ!

സൗദി തലസ്ഥാനമായ റിയാദ് നഗരത്തില്‍ നിന്ന് 180 കിലോമീറ്റര്‍ താണ്ടിയാണ് തുവൈഖ് മലനിരകളുടെ ചരിവുകളിലേയും താഴ്വാരങ്ങളിലേയും ത്രസിപ്പിക്കുന്ന കാഴ്ചകളിലേക്ക് എത്തിച്ചേര്‍ന്നത്. 135 കിലോമീറ്ററുകളോളം ടാര്‍ റോഡിലൂടെയും പിന്നെയൊരു 40 കിലോമീറ്റര്‍ മരുഭൂമിയിലെ ചക്രപ്പാട് തെളിഞ്ഞ വഴിയിലുടെയും അത്രതന്നെ ദൂരം വഴിതെളിയാത്ത മരുഭൂമിയിലൂടെയും ചാടിയും തെറിച്ചും കിതച്ചും കുതിച്ചും ഓടുമ്പോള്‍ വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കുടിവെള്ളത്തില്‍ ഏറെയും പുറത്തെ കത്തിജ്വലിക്കുന്ന സൂര്യന്‍ കുടിപ്പിച്ചുതീര്‍ത്തു.

വടക്കുപടിഞ്ഞാറന്‍ റിയാദിലെ അല്‍അമ്മാരിയ ഡിസ്ട്രിക്റ്റ് കടന്ന്, ഇസ്ലാമിക ചരിത്രത്തില്‍ റിയാദ് പ്രവിശ്യയെ ബന്ധപ്പെടുത്തുന്ന ഏക സംഭവമായ അല്‍യമാമ യുദ്ധം നടന്ന ഉനൈന പട്ടണത്തിലൂടെ മുന്നോട്ടുപോകുമ്പോള്‍ തീര്‍ത്തും വിജനമായ പ്രദേശങ്ങളാണ് യാത്രികരുടെ മുന്നിലേക്ക് വന്നടുക്കുക. വഴിപരിചയമില്ലാത്തവര്‍ക്ക് ലോകത്തിന്‍െറ മുനമ്പില്‍ ചെന്നത്തെുക പ്രയാസം.

റിയാദ് ഡവലപ്മെന്‍റ് അതോറിറ്റിയുടെ വെബ്സൈറ്റില്‍ നല്‍കുന്ന സ്ഥല സൂചനകള്‍ അനുസരിച്ച് നഗരത്തില്‍നിന്ന് ഈ ടാര്‍ റോഡ്വരെ എത്താന്‍ എളുപ്പമുണ്ട്. കുറെ ദൂരം ഈ റോഡിലൂടെ ഓടിയാലാണ് എഡ്ജ് ഓഫ് ദി വേള്‍ഡിലേക്കുള്ള വഴി കിട്ടുക. ഒരു മുന്നറിയിപ്പുമില്ലാതെയാണ് അങ്ങനെയൊരു വഴിതിരിയല്‍ എന്ന് പറയുന്നതാണ് ശരി. എന്നാല്‍ ആ പോയന്‍റ് കണ്ടത്തെലാണ് ദുഷ്കരം. തവിട്ടുനിറത്തിലുള്ള സുചക ഫലകം ശ്രദ്ധയില്‍പ്പെടുക അത്രയെളുപ്പമല്ല. മുന്‍ പരിചയമുള്ള ആരെങ്കിലും കൂടെ ഇല്ളെങ്കില്‍ ആ അടയാളം കാണുക പ്രയാസം. പാതയെന്ന് പറയാന്‍ പറ്റാത്ത, എന്നാല്‍ വാഹനങ്ങളുടെ ചക്രപ്പാട് പതിഞ്ഞ മരുഭൂ വഴിയിലൂടെ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്ക് മാത്രമേ സഞ്ചാരയോഗമുള്ളൂ. വിജനതയും ശൂന്യതയും കലര്‍ന്ന് മൂകമായ മരുഭൂമി വഴിതെറ്റിപ്പിക്കുമോ എന്ന് യാത്രികരെ പേടിപ്പിക്കും. കുറെ ഓടിക്കഴിയുമ്പോള്‍ പൊടുന്നനെ അക്കേഷ്യ വാലിയുടെ സമൃദ്ധിയിലേക്ക് പ്രവേശിക്കുകയായി.

വെള്ളമുള്ള ഭൗമാന്തരങ്ങളിലേക്ക് വേരുകള്‍ നീട്ടിയും പടര്‍ത്തിയും തങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമുള്ള ഈര്‍പ്പം വലിച്ചെടുത്ത് തഴച്ചുനില്‍ക്കുന്ന പ്രത്യേകതരം അക്കേഷ്യ മരങ്ങള്‍ ആരോ നട്ടുപ്പിടിപ്പിച്ചതുപോലെ, ഒരു തോട്ടത്തിലെന്നപോലെ അനുസരണയുടെ വരിയൊപ്പിച്ചാണ് നില്‍പ്. മരപച്ചപ്പ് മണല്‍ക്കാറ്റിന്‍െറ തലോടലേറ്റ് നരച്ചിരിക്കുന്നു. അതിനിടയിലെ കുറ്റിച്ചെടികളുടെ ചെറിയ പൊന്തകളിലും നരച്ച പച്ചപ്പിന്‍െറ പകര്‍ച്ച. പച്ച അതിന്‍െറ സമൃദ്ധിയെ തൊടുന്ന കാലങ്ങള്‍ താഴ്വരയില്‍ സംഭവിക്കാറുണ്ടെന്ന് ആ സൂചനകള്‍ പറഞ്ഞുതരുന്നു.

മഴക്കാലങ്ങളില്‍ അവിടെ വെള്ളം നിറയുമെന്നും കുറ്റിച്ചെടികളില്‍ പൂക്കള്‍ വിരിയുമെന്നും ചിത്രശലഭങ്ങളും വിവിധ തരം പക്ഷികളും അവിടെ പാറിനടക്കുമെന്നും റിയാദ് ഡവലപ്മെന്‍റ് അതോറിറ്റിയുടെ സ്ഥല വിവരണത്തില്‍ പറഞ്ഞത് ശരിവെക്കുന്ന പല അടയാളങ്ങളും അവിടെ കണ്ടു. ഓന്തും തുമ്പികളും ഉള്‍പ്പെടെ പലതരം ജീവികളുടെ പറുദീസ. ഒട്ടകങ്ങള്‍ ഒറ്റക്കും കൂട്ടമായും മേഞ്ഞുനടക്കുന്നു. ഇഷ്ട ഭക്ഷണമായ മുള്ള് മരങ്ങളുടെ പട്ട കടിച്ചു കാര്‍ന്ന് തിന്നും കുറ്റിച്ചെടികള്‍ക്കിടയിലൂടെ ഉലാത്തിയും മരത്തണലില്‍ വിശ്രമിച്ചും പൊന്തകള്‍പോലെ വെളുത്തും കറുത്തും ഒട്ടകങ്ങള്‍ അക്കേഷ്യ വാലിയില്‍ നിറയെ.

അറേബ്യന്‍ ഉപഭൂഖണ്ഡത്തിനുള്ളിലെ കിഴക്കു-പടിഞ്ഞാറ് പുരാതന പാത ഈ അക്കേഷ്യ വാലിയിലൂടെയാണ് കടന്നുപോയിരുന്നത്. പഴയ റിയാദായ നജ്ദില്‍നിന്ന് ഇപ്പോഴത്തെ മദീന പ്രദേശമായ പഴയ ഹിജാസിലേക്ക് നീളുന്ന നൂറ്റാണ്ടുകളുടെ ചവിട്ടടികളും ഒട്ടക കുളമ്പടികളും പതിഞ്ഞ വഴി. തുവൈഖ് പര്‍വത നിര ഇറങ്ങി വാദി ഹനീഫയിലൂടെ പടിഞ്ഞാറേക്ക് നീളുന്ന പാത. തുവൈഖിന്‍െറ താഴ്വരകള്‍ കൃഷിക്ക് അനുയോജ്യമായിരുന്നു. സമൃദ്ധമായ പലതരം കൃഷികള്‍ ഇവിടെ നടന്നിരുന്നു. ഇപ്പോഴും ഈ താഴ്വരകളിലെ പല ജനവാസ കേന്ദ്രങ്ങളോടും ചേര്‍ന്ന് പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും പാടങ്ങളുണ്ട്.  

മുന്നോട്ടുപോകുന്തോറും അക്കേഷ്യവാലിയുടെ നിരപ്പ് പതിയെ കുന്നുകയറാന്‍ തുടങ്ങും. പിന്നെയുള്ള വഴി നിര്‍ഭയനായ ഡ്രൈവര്‍ക്ക് മാത്രമുള്ളതാണ്. അത്രമേല്‍ സാഹസമാണ് യാത്ര. മുന്നില്‍ പെട്ടെന്നാണ് ആഴമുള്ള കുഴിയിലേക്ക് വഴി ഒടിഞ്ഞിറങ്ങുകയും അതേ വേഗത്തില്‍ കുത്തനെ കയറുകയും ചെയ്യുന്നത്. ചക്രങ്ങള്‍ പറത്തുന്ന പൊടി വാഹനത്തിന്‍െറ ജാലക ചില്ലുകളെ പൊതിയും. മുന്നില്‍ വാഹനമുണ്ടെങ്കില്‍ പറയുകയേ വേണ്ട.

ഈ സഹിക്കുന്ന പ്രയാസങ്ങളെല്ലാം എഡ്ജ് ഓഫ് ദി വേള്‍ഡിന്‍െറ ആദ്യ പോയന്‍റില്‍ എത്തുമ്പോള്‍ തന്നെ വിസ്മയത്തിനും അതുവഴി എന്തെന്നില്ലാത്ത ഒരു ഉത്സാഹത്തിനും വഴിമാറും. മുന്നില്‍ ഭൂമി പെട്ടെന്ന് അവസാനിച്ചതുപോലെ തോന്നും. അല്‍പം കൂടി മുന്നോട്ട് ചെന്നാല്‍ അഗാധഗര്‍ത്തത്തിലേക്ക് ഇടിഞ്ഞിറങ്ങിയതാണെന്ന് വ്യക്തമാകും. വലിയ ഗര്‍ത്തങ്ങളാണ്. കിഴുക്കാം തൂക്കായ പാറകള്‍ പരസ്പരം അടര്‍ന്നുമാറി ഇപ്പോള്‍ പിളര്‍ന്നുവീഴും എന്നപോലെ.

അടുത്ത വ്യൂ പോയന്‍റുകളിലേക്കുള്ള യാത്ര തരണം ചെയ്തതിലും സാഹസികമാണ്. ഒടുങ്ങാത്ത വിസ്മയം കാഴ്ചക്കാരനെ മുന്നോട്ടു നയിക്കും. കിഴുക്കാംതൂക്കായ പാറകള്‍ കൂടുതല്‍ കൂടുതല്‍ ഉയരത്തില്‍ ആകാശം തൊടാന്‍ വെമ്പുന്നു. മരുഭൂനിരപ്പില്‍നിന്ന് 300 അടിയെങ്കിലും ഉയരമാണ് ഏറ്റവും വലിയ ശിലാഗ്രത്തിന്. അത് രണ്ടായി പിളര്‍ന്നുനില്‍ക്കുന്ന സ്തൂപാകൃതിയുള്ള കിഴുക്കാം തൂക്കായ പാറയാണ്. ഇരട്ട പാറകള്‍. റിയാദ് നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ലാന്‍ഡ് മാര്‍ക്കായ ഉലയ കിങ്ഡം ടവറിന് പോലും 180 അടി മാത്രമാണ് ഉയരമെന്ന് അറിയുമ്പോഴാണ് വിസ്മയം ആകാശം തൊടുക. അടര്‍ന്നുവീഴും എന്ന പോലെ നില്‍ക്കുന്ന പാറക്കൂട്ടങ്ങളിലേക്ക് നടന്നുകയറല്‍ ശരിക്കും ട്രക്കിങ്ങിന്‍െറ വലിയ സാഹസികാനുഭവങ്ങളാണ ശരീരത്തിനും മനസിനും നല്‍കുക. അണച്ച് അവിടെ വീണുപോകും എന്ന് തോന്നിപ്പോകും. നടന്നുകയറി ശിലാഗ്രത്തില്‍ എത്തി അവിടെ നില്‍ക്കുമ്പോഴാണ് മുന്നില്‍ ഭൂമിയില്ല എന്ന തോന്നല്‍ കാഴ്ചക്കാരനെ ഭ്രമിപ്പിക്കുന്നത്. ലോകത്തിന്‍െറ മുനമ്പെന്ന് പ്രദേശത്തിന് പേരുചൊല്ലി വിളിച്ചത് ഇവിടെ വെച്ചായിരിക്കാം.

കടലൊഴിഞ്ഞുപോയ ഭൂമി
ദശലക്ഷം വര്‍ഷം മുമ്പ് കടല്‍ കയറികിടന്ന, അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്‍െറ ഭാഗമാണ് തുവൈഖ് മലഞ്ചെരിവുകള്‍ എന്നാണ് കരുതുന്നത്. ‘ഹിദ്രോസ്’ എന്ന് അന്ന് അറിയപ്പെട്ട കടലിന്‍െറ ഭാഗമായിരുന്നു ഇതെന്നും കാലക്രമേണ കടല്‍ പിന്‍വാങ്ങി കരയായി രൂപാന്തരപ്പെടുകയായിരുന്നെന്നും മരുഭൂമിയെ കുറിച്ച് പഠിക്കുന്ന പലരും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. സമുദ്രാന്തര്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന സസ്യങ്ങളുടെയും പവിഴപുറ്റുകളുടെയും ജീവജാലങ്ങളുടെയും ഫോസിലുകള്‍ എന്ന് തോന്നിപ്പിക്കുന്നവ ഇവിടെനിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ടത്രെ. ഇപ്പോഴും അത്തരത്തില്‍ പല അടയാളങ്ങളും ഇവിടെ കാണാം. അവശിഷ്ടങ്ങള്‍ പലതും അവിടെ കണ്ടു. ഒപ്പം പര്‍വത ശരീരങ്ങളില്‍ അടങ്ങിയിരിക്കുന്ന പലതരം ധാതുലവണങ്ങളുടെ സാമ്പിളുകളും. ഒരു പാറക്കഷണം എടുത്തു നിലത്തിട്ടുനോക്കിയപ്പോള്‍ ഇരുമ്പ് കഷണം ഇട്ടതുപോലെ ശബ്ദം. ഇരുമ്പയിരാണ് അത് നിറയെ. കാലങ്ങളായി വെള്ളത്തില്‍ മുങ്ങിക്കിടന്നതെന്ന് തോന്നിപ്പിക്കുന്ന അടയാളങ്ങളുടെ വരവീണ പാറക്കൂട്ടങ്ങള്‍. ശരിക്കും ശൈലസേതുക്കള്‍. ജലാര്‍ദ്രതയില്‍നിന്ന് പൊടുന്നനെ പൂര്‍ണ വിരാമം പ്രാപിച്ച പോലെ മണ്ണിന്‍െറ വരണ്ട അവസ്ഥ.

ഇസ്ലാമിക ചരിത്രവുമായുള്ള ബന്ധം
നജ്ദ് എന്ന് അറിയപ്പെട്ടിരുന്ന റിയാദ് പ്രദേശത്തിന് ഇസ്ലാമിക ചരിത്രവുമായി ആകെയുള്ള ബന്ധം ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്‍െറ കാലഘട്ടത്തില്‍ നടന്ന യമാമ യുദ്ധമാണ്. ആ യുദ്ധത്തിനുവേണ്ടി മദീനയില്‍നിന്ന് ഖാലിദ് ഇബ്നു വലീദിന്‍െറ നേതൃത്വത്തില്‍ എത്തിയ ഇസ്ലാമിക സൈന്യം തമ്പടിച്ചത് തുവൈഖ് പര്‍വതനിരകളുടെ ഈ താഴ്വരയിലായിരുന്നു. യുദ്ധം നടന്ന ഉനൈന ഇവിടെ അടുത്താണ്. ജനവാസ കേന്ദ്രമാണ് ഉനൈന. പുരാതനമായ ഈ ഗ്രാമം അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്‍െറ ജന്മദേശവും കൂടിയാണ്.

സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ എഡ്ജ് ഓഫ് ദ വേള്‍ഡ് സന്ദര്‍ശിക്കാന്‍ പറ്റിയ കാലം വേനല്‍ തണുപ്പുകാലത്തിന് വഴിമാറുന്ന ആദ്യ സമയങ്ങളാണ്. ആ സമയത്ത് ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ടെന്നും രാത്രികളില്‍ തമ്പടിച്ച് തങ്ങാറുണ്ടെന്നും അത്തരത്തില്‍ പല സംഘങ്ങളോടൊപ്പവും വന്ന് പ്രദേശം നല്ല പരിചയമാവുകയും ടൂറിസ്റ്റ് ഗൈഡിനെ പോലെ സഹായിക്കുകയും ചെയ്യുന്ന ഞങ്ങളോടൊപ്പം വന്ന എരുമേലി സ്വദേശി നിസാം പറഞ്ഞു. ഭക്ഷണം പാചകം ചെയ്ത് കഴിച്ചും തണുപ്പകറ്റാന്‍ തീ കൂട്ടിയും ഇവിടെ കഴിച്ചുകൂട്ടുന്ന രാത്രികള്‍ മറ്റൊരിടത്തും ഇതേ അനുഭൂതിയോടെ ലഭിക്കില്ളെന്ന് നിസാം. ലോകം പുലരുന്നതും ഇവിടെനിന്ന് കാണുന്നത് വ്യത്യസ്തമായ കാഴ്ചാനുഭവമാണ്. കടലിലെ സൂര്യോദയം മരുക്കടലില്‍.

ലോകത്തിന്‍െറ മുനമ്പിലെ വിസ്മയ കാഴ്ചകള്‍ കാണാനും ആ സാഹസികത അനുഭവിക്കാനും ഒരിക്കലെങ്കിലും ഈ വഴി വരണം, അല്ളെങ്കില്‍ അതൊരു നഷ്ടമായിരിക്കും.

നജിം കൊച്ചുകലുങ്ക്

ഫോട്ടോകള്‍: നൗഫല്‍ പാലക്കാടന്‍, ദില്ലു ഷക്കീബ് & Google Image

Tuesday, September 9, 2014

നാടുവിട്ടവന്റെ ഓണം

'നമുക്കെവിടെ ഓണം സര്‍, നാടുവിട്ടോടിയപ്പോള്‍ പലതും അവിടെ ചോര്‍ന്നുവീണില്ലേ? അക്കൂട്ടത്തില്‍ ഓണവും വിഷുവും തിരുവാതിരയും ഞാറ്റുവേലയുമൊക്കെയും പോയി...'
പരിതപിക്കുന്നതില്‍ മലയാളി ആരോടും തോല്‍ക്കാറില്ലല്ലോ? നാടുവിട്ടവനോട് നാടിനെ കുറിച്ചു ചോദിച്ചാല്‍ അപ്പോള്‍ തുടങ്ങും പരിഭവങ്ങളുടെ വര്‍ഷകാലം.
'...ഓണവും ഓണത്തപ്പനും പൂവിളിയും പുലികളിയും എല്ലാം കൈമോശം വന്നില്ലേ? അല്ല, ഒരു ഓണം കൂടിയിട്ട് തന്നെ എത്ര നാളായി? ഒന്നോര്‍ക്കാന്‍ പറ്റുന്നുണ്ടോ, ഓണകോടിയുടുത്തിട്ട്, തൂശനില വിരിച്ച് തുമ്പപ്പൂ പോലത്തെ ചോറിട്ട് ഓണമുണ്ടിട്ട് ആണ്ടെത്ര കഴിഞ്ഞു...! ഇപ്പോള്‍ കേരളത്തില്‍ തന്നെ ഓണമില്ല സര്‍..., ചാനലിലെ ചാറ്റിങ്ങും ഷോപ്പിങ്ങിലെ ചീറ്റിങ്ങുമാണ് സര്‍ അവിടേയും ഓണാഘോഷ പൊടിപൂരം...
...മുക്കൂറ്റി പൂവിറുത്ത് അത്തം പിറക്കാന്‍ കാത്തിരുന്നൊരു കാലം. അത്തം പത്തിന് അത്തപ്പൂക്കള നടുവില്‍ കുത്തിനുറുത്തിയ പാലടയെ അമ്പെയ്ത് വീഴ്ത്തിയ പഴയ വള്ളിനിക്കര്‍കാല വീരസ്യം. ആശ്വസിക്കാന്‍ ആ ഓര്‍മകളെങ്കിലുമുണ്ട് മനസില്‍ ബാക്കിയായി.
കവലയില്‍ ഒരു ഗ്രാമം മുഴുവനെത്തി കാഴ്ചക്കാരാവുമ്പോള്‍ തലപ്പന്ത് കളിയില്‍ സ്മാഷുകള്‍ തീര്‍ത്ത് ഗ്രാമീണ പെണ്‍കൊടികളുടെ അഴകോലും ആദരവ് പിടിച്ചെടുത്തിരുന്ന കാലം. പട്ടുപാവാടകളുലയും പിച്ചിപ്പുവിന്‍ ചിരിയില്‍ ഉള്‍ക്കുളിരണിഞ്ഞു ഗ്രാമം നിറഞ്ഞാടുമ്പോള്‍ ഞെട്ടില്‍നിന്നടര്‍ന്നു കാറ്റില്‍ പറന്നെത്തിയ ഒരു നുണക്കുഴി ചിരിയാണിന്നും എന്റെ ഓര്‍മയിലെ ഓണം....

...നാടുവിട്ടവന്റെ ഓണത്തെ കുറിച്ച് ചോദിച്ചറിയാനിറങ്ങുമ്പോള്‍ ഇത്രമേല്‍ പ്രതീക്ഷിച്ചില്ല. പരിദേവനത്തില്‍ തുടങ്ങി കവിതയായി വിടരുന്ന ഓണക്കാലോര്‍മകളാണ് ഓരോ പ്രവാസിയും മനസില്‍ പേറി നടക്കുന്നത്. അല്ലെങ്കിലും മലയാളിക്ക് അങ്ങിനെയാവാനേ കഴിയൂ... വീട്ടിലേക്കും നാട്ടിലേക്കും തനിയെ സംഭവിക്കുന്ന ഉള്‍വലിയലിന്റെ പിരിമുറുക്കം മനസുലയും നോവായി ഒപ്പം കൊണ്ടുനടക്കുന്ന ഒരു വികാര ജീവിയാണ് ലോകത്തെവിടെയായിരുന്നാലും മലയാളി.

എവിടെ സര്‍ ഇന്ന് ഓണമെന്നൊക്കെ അറുത്തുമുറിച്ചു ചോദിച്ചുകളയുന്ന മല്ലൂസ് പൊന്നോണമെത്തിയാല്‍ ഓര്‍മയുടെ ആഴങ്ങളില്‍ തപ്പി, ഇതളടര്‍ന്ന് കിടക്കുന്നവ പെറുക്കിയെടുത്തു ചേര്‍ത്തുവെച്ച് മനസിന്റെ മുറ്റത്ത് തന്നെ അത്തപ്പൂക്കളമൊരുക്കിക്കളയും. തിരുവോണം പിറന്നാല്‍ പൊന്നിന്‍ വില കൊടുക്കേണ്ടിവന്നാലും മരുഭൂമിയില്‍ പോലും അവന്‍ സദ്യവട്ടം കൂട്ടും. മണലില്‍ തൂശനില വിരിച്ച് അവന്‍ നാടിന്റെ തനത് രുചി വിളമ്പും. അടുക്കളയില്‍ പെരുമാറാന്‍ വളയിട്ട കൈകളില്ലാത്തതിന്റെ കുറവറിയിക്കാതെ ഒറ്റാന്തടി ജീവിതത്തിലും ആളെ കൂട്ടി നാളപാചക നൈപുണ്യം രുചിയോടെ വിളമ്പും. അതാണ് മലയാളിയും ഓണവും തമ്മിലുള്ള രക്തബന്ധം. ഓണത്തെ കുറിച്ച് പറയാന്‍ നാടുവിട്ടവന് പരിഭവത്തിന്റെ മേമ്പൊടിയുണ്ടെങ്കിലും നൂറു നാവാണ്. ജീവിതത്തിന്റെ സന്തോഷ അവസരങ്ങളെ കുറിക്കാനുള്ള ഒറ്റ വാക്കായി ഓണം മാറിയതിന് മലയാളിയുടെ ജീവിതത്തോളം പഴക്കമുണ്ട്. പ്രവാസി ജീവിതത്തിലും ഓണമെന്നത് ആമോദത്തിന്റെ സൂചകം തന്നെയാണ്.

ഒരു പേര് വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ നമുക്ക് അയാളെ രാജന്‍ പിള്ളയെന്ന് വിളിക്കാം. പത്തനംതിട്ടയിലെ ആറന്മുളയില്‍നിന്നാണ് പുറപ്പെട്ടത്. ലോകത്തിന്റെ നാനാദിക്കുകളില്‍നിന്ന് അന്ന് ജനസഞ്ചയത്തിന്റെ പുറപ്പാട് തുടങ്ങിയിട്ടേയുള്ളൂ. അങ്ങിനെ സൌദിയിലേക്കൊഴുകിയെത്തിയ ആദ്യകാല മലയാളികളിലൊരാള്‍. അന്ന് നൂറോ, നൂറ്റമ്പതോ മലയാളികളാണ് റിയാദിലുണ്ടായിരുന്നതെന്ന് രാജന്‍ പിള്ള ഓര്‍ക്കുന്നു. ഒരു മുപ്പത്തേഴ് വര്‍ഷം മുമ്പത്തെ കഥയാണ്. ബത്ഹയിലെ ഇന്നത്തെ പ്രധാന റോഡ് അന്ന് നല്ല ആഴവും വലുപ്പവുമുള്ളൊരു തോടാണ്. തോടിന്റെ ഇരുകരകളിലേയും നിരത്തുകളില്‍നിന്നാണ് അന്ന് മലയാളികള്‍ നാടിനെയും നാടിന്റെ വിശേഷങ്ങളേയും ഓര്‍ത്തെടുത്തിരുന്നത്. തിരുവോണ ദിനത്തില്‍ പറ്റുന്നത്ര പേര്‍ ഒരുമിച്ചുകൂടി ഓണസദ്യയുണ്ടാക്കി നാടിന്റെ തനത് മധുരാനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. പിന്നെ ബത്ഹയിലെ ഈ തെരുവുകളിലേക്ക് വന്ന് ഓര്‍മകള്‍ കൊണ്ട് മനസില്‍ ഓണത്തപ്പനെ ഉണ്ടാക്കിയും ഓണക്കളികള്‍ കളിച്ചും ദിവസമൊന്ന് ചെലവഴിച്ചിരുന്നു.

ലേബര്‍ ക്യാമ്പിലെ മെസ് ഹാളിലൊതുങ്ങുന്ന ഒരോണ സദ്യക്കപ്പുറം വിപുലമായ ഓണാഘോഷത്തിന് പ്രവാസ നാട്ടില്‍ അവസരമില്ലല്ലൊ എന്ന് രാജന്‍ പിള്ള ചോദിക്കും. എന്നാല്‍ ബഹുരാഷ്ട്ര കമ്പനികളുടെ ലേബര്‍ ക്യാമ്പുകളില്‍, നാട്ടിന്‍പുറത്തെ വായനശാലകളിലും ക്ലബുകളിലും അരങ്ങേറിയിരുന്ന പോലെ തന്നെ ഓണാഘോഷം സംഘടിപ്പിച്ചവരുമുണ്ട് ഒരു കാല്‍നൂറ്റാണ്ടിനപ്പുറം റിയാദില്‍. ലേബര്‍ ക്യാമ്പിന്റെ മതില്‍ കെട്ടിനുള്ളിലാണെങ്കിലും സ്റ്റേജുകെട്ടി നാടകം കളിച്ചവര്‍, അത്തപ്പൂക്കളമൊരുക്കിയിരുന്നവര്‍, പുലികളിയും തലപ്പന്ത് കളിയും നടത്തിയിരുന്നവര്‍. നാട്ടില്‍ പോലും പുതിയ ഉപഭോഗ സംസ്കാരത്തിന്റെ പ്രയോജകരായ കച്ചവടക്കാര്‍ ഓണാഘോഷങ്ങളെ ഹൈജാക്ക് ചെയ്തപ്പോള്‍ നഷ്ടമായ തനത് സൌന്ദര്യം വീണ്ടെടുത്തു ഇന്നും നിലനിര്‍ത്തിപ്പോരുന്നത് പ്രവാസികളാണെന്ന് സമ്മതിക്കാതെ വയ്യ.

സെപ്തംബര്‍ ഒന്നിന് റിയാദിലെ നവോദയ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ അല്‍ ഹൈറിലെ ഒവൈദ കൃഷിത്തോട്ടത്തില്‍ അതുപോലൊരു ഓണം-ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിരുന്നു. ഓണത്തിന്റെ എല്ലാ തനത് വിഭവങ്ങളും ഒരുക്കി. പുലികളിച്ചും അത്തപ്പൂക്കളമുണ്ടാക്കിയും പൂവിളിച്ചും ആമോദത്തോടെ അവര്‍ ആഘോഷിച്ചപ്പോള്‍ അതില്‍ പങ്കുചേരാന്‍ യൂറോപ്യരുള്‍പ്പെടെയുള്ളവരെത്തി.


എന്നാല്‍ തങ്ങളുടെ യഥാര്‍ഥ ഓണം അന്ന് എല്ലാ വെള്ളിയാഴ്ചകളിലുമായിരുന്നെന്ന് രാജന്‍ പിള്ള പറയുന്നു. വെള്ളിയാഴ്ച അവധിയായതിനാല്‍ ഉച്ചകഴിഞ്ഞ് സുലൈമാനിയയിലെ വിമാനത്താവളത്തിന് മുന്നില്‍ പോയി നില്‍ക്കും. ഇന്നത്തെ അന്താരാഷ്ട്ര ശ്രദ്ധനേടിയ കിങ് ഖാലിദ് വിമാനത്താവളത്തിന് പകരം അന്ന് സുലൈമാനിയയിലെ ചെറിയ വിമാനത്താവളം മാത്രം. റിയാദിലെ ഒട്ടുമിക്ക മലയാളികളും അവിടെ വരും. രാത്രി വരെ അവിടെ നില്‍ക്കും. മുംബൈയില്‍നിന്നും ദല്‍ഹിയില്‍നിന്നുമുള്ള വിമാനങ്ങളാണ് ലക്ഷ്യം. ഒരു വിമാനത്തില്‍ ഒരു മലയാളിയെങ്കിലുമുണ്ടാവും എന്നാണ് പ്രതീക്ഷ. മാവേലിയെ പോലെ അങ്ങിനെ ഒരു മലയാളികൂടി പുതുതായി വന്നെത്തിയാല്‍ അതായിരുന്നു തങ്ങളുടെ ഓണം. അയാളെ വരവേല്‍ക്കാന്‍ മല്‍സരിച്ചിരുന്നു. അയാളെ സ്വീകരിക്കലും ഒപ്പം ഭക്ഷണവട്ടം കൂടലുമായിരുന്നു തങ്ങളുടെ ഏറ്റവും വലിയ ആഘോഷങ്ങള്‍. ആ കാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ രാജന്‍ പിള്ളയുടെ മുഖത്ത് ഒരു അത്തപ്പൂക്കളത്തിന്റെ സൌന്ദര്യം.

(Varthamanam ഓണപ്പതിപ്പ്-2014)

Sunday, September 7, 2014

ഓര്‍മകളുടെ ഇടവഴികള്‍


ഓര്‍മകളില്‍ തെളിയുന്ന ഇടവഴികളിലൂടെയായിരുന്നു അന്ന് ഓണത്തിനും പെരുന്നാളിനുമെല്ലാം വിരുന്നുപോയിരുന്നത്. ബാപ്പയുടെ വിരലില്‍ തൂങ്ങി തക്ബീര്‍ ധ്വനികളുയരുന്ന പള്ളിയിലേക്ക് നടന്നുപോയതും മാവേലി വേഷത്തെ മുന്നില്‍ നടത്തി ക്ളബിലെ ചേട്ടന്മാര്‍ പുലികളിച്ചു വന്നതും കരിയില മൂടിയ ഇടവഴികളിലൂടെയായിരുന്നു. ഓലകെട്ടിയ വീട്ടില്‍നിന്ന് ഓടിട്ട തറവാട്ടു വീട്ടിലേക്കുള്ള ആഹ്ളാദയാത്രയായിരുന്നു ഓരോ പെരുന്നാളും. സ്നേഹത്തിന്‍െറ പൂമണം പരക്കുന്ന അയല്‍വീടുകളിലേക്ക് സദ്യയുണ്ണാനും അത്തപൂക്കളത്തിന്‍െറ നടുവില്‍ വെച്ച അരിയടയില്‍ അമ്പെയ്ത് ജയിക്കാനുമുള്ള നടത്തകളായിരുന്നു ഓണം. സ്നേഹച്ചോരയൊഴുകുന്ന ധമനികള്‍ പോലെ ഈ വീടുകളെയെല്ലാം പരസ്പരം ഇണക്കിയിരുന്നത് ഇടവഴികളായിരുന്നു. നിരനിരയായി നട്ടുവളര്‍ത്തിയ കടലാവണക്കുകളും ഈറ്റയും കൊണ്ട് മെനഞ്ഞ വേലികള്‍ക്കിടയിലെ അല്‍പ വഴിയിലൂടെ കരിയിലകളില്‍ കലമ്പല്‍ കൂട്ടി നടന്നുപോകുമ്പോള്‍ കൈനീട്ടി പൊട്ടിക്കുന്ന കടലാവണക്കുകളുടെ ചുന തെറിക്കും കൈയിലും ദേഹത്തുമെല്ലാം.
 
ഈറ്റയുടെ ചെറിയ പീച്ചാംകുഴലുണ്ടെങ്കില്‍ കടലാവണക്കിന്‍െറ തണ്ട് പൊട്ടിക്കുമ്പോള്‍ പൊടിയുന്ന കറ കൊണ്ടുരുഗ്രന്‍ വിദ്യയുണ്ട്. വര്‍ണരാജികള്‍ ഉള്ളിലടക്കിയ നീര്‍കുമിളകള്‍ പറത്തിവിടാം. അനുജത്തിക്ക് ഇടവഴി നടത്തം അത്രമേല്‍ ഇഷ്ടമാകാനൊരു കാരണം ആ നീര്‍കുമിളകളായിരുന്നു. തറവാട്ടു വീട്ടിലേക്ക് പോകുമ്പോള്‍ ചാടിത്തുള്ളിയായിരുന്നു നടത്തം. ഉമ്മയുടെ വിരല്‍ത്തുമ്പില്‍നിന്ന് വെട്ടിയകന്നു അവളും മത്സരിച്ചോടും. ആ യാത്രകള്‍ ഓരോന്നും ഓരോ ഉത്സവങ്ങളായിരുന്നു. എല്ലാം കഴിഞ്ഞുള്ള മടക്കം ഓണാവധിക്കുശേഷം സ്കൂളിലേക്ക് പോകുന്നതുപോലെ നിഴല്‍വീണ, കണ്ണീര്‍ ചാലിട്ട കവിളുകളുമായും.
 
ദാരിദ്ര്യത്തിന്‍െറ കാലമായിരുന്നു അത്. നിറയാത്ത പാത്രങ്ങളുടെ നെടുവീര്‍പ്പുകള്‍ ഓലപ്പൊളിയുടെ കെട്ടനിറത്തോടൊപ്പം വീട്ടിനുള്ളില്‍ തങ്ങിനില്‍ക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തറവാട്ടു വീട്ടിലെ നിറഞ്ഞ പാത്രങ്ങളായിരുന്നു പെരുന്നാളിന്‍െറ ആഹ്ളാദം. 10ാം വയസില്‍ ഇറച്ചിയും മീനും നാവിന് അരുചിയായതു മുതല്‍ പെരുന്നാള്‍ വിരുന്നിനെക്കാള്‍ രുചി ഓണസദ്യക്കായി. ചാണകം മെഴുകിയ നിലത്ത് പായ വിരിച്ച് അതില്‍ തൂശനിലയിട്ട് അയലത്തെ അമ്മമാര്‍ വിളമ്പിത്തരുന്ന സദ്യ കഴിച്ച് കുമ്പ വീര്‍ക്കും.
 
മാവേലി പരുവത്തിലായ വയറുമായി പിന്നെ കൃഷിയൊഴിഞ്ഞ പുരയിടത്തിലെ വലിയ വരിക്കപ്ളാവിന്‍െറ ചുവട്ടിലേക്കൊരോട്ടമാണ്. പ്ളാവിന്‍ കൊമ്പത്ത് പ്ളാച്ചിവള്ളി കൊണ്ട് ഞാത്തിയിട്ട ഊഞ്ഞാലില്‍ കയറാന്‍ ഊഴമിട്ടുള്ള കാത്തുനില്‍പ്. ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് പറന്നങ്ങ് പോകാനും റിവേഴ്സടിക്കാനും എന്തൊരു രസമാണ്. ഒരിക്കല്‍ ആകാശത്തേക്ക് പോയിട്ട് തിരിച്ചുവന്നില്ല. ആ വര്‍ഷം വനം കയറി നടന്നെങ്കിലും അയലത്തെ ചേട്ടന് മൂപ്പത്തെിയ പ്ളാച്ചിവള്ളി കിട്ടിയിരുന്നില്ല. കയറുകൊണ്ട് കുറവുനികത്തിയെങ്കിലും അത് ചതിച്ചു. കയര്‍പിരിച്ചവര്‍ നിശ്ചയിച്ച ഗാരന്‍റിക്കും ഒരു പരിധിയുണ്ടല്ളോ. മരക്കൊമ്പിലുരഞ്ഞ് അതങ്ങ് പൊട്ടിയപ്പോള്‍ ഇരിപ്പിടമായ വിറക് മുട്ടിയോടൊപ്പം നിലംപതിച്ചു. ഓണാവധിക്ക് ശേഷം തുറക്കുന്ന സ്കൂളിലേക്ക് ഒരു നീണ്ട സിക്ക് ലീവ് കിട്ടുമായിരുന്ന സാധ്യതയെ നിഷ്കരണം ഇല്ലാതാക്കി ചെന്നുവീണത് കരിയിലമത്തെയില്‍. ഇരിപ്പിട മുട്ടിക്കും നിലത്തിനുമിടയില്‍ അവയവങ്ങളില്‍ ഏതൊക്കെയോ കുടുങ്ങിയും ഉരഞ്ഞും ദിവസങ്ങളോളം എരിവുകയറ്റിയ വേദനയുണ്ടായിരുന്നെങ്കിലും സ്കൂള്‍ ലീവിന് അത് മതിയായ കാരണമായി കേന്ദ്രം പരിഗണിച്ചില്ല.
ഊണും ഊഞ്ഞാലാട്ടവും കഴിഞ്ഞ് ഇടവഴി താണ്ടി ഗ്രാമ കവലയിലത്തെിയാല്‍ ശക്തി ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ളബിന്‍െറ ഓണാഘോഷ പരിപാടികള്‍ കാണാം. പലവിധ മത്സരങ്ങളില്‍ പങ്കെടുക്കാം. സോപ്പുപെട്ടിയും ചില്ലുകപ്പുമെല്ലാം സമ്മാനമായി നേടാം. കളികളില്‍ ബിസ്കറ്റ് കടി മത്സരമായിരുന്നു ഇഷ്ടം. വലിച്ചുകെട്ടിയ കയറില്‍ നൂലില്‍ കൊരുത്തു വരി വരിയായി ഞാത്തിയിടുന്ന ബിസ്ക്കറ്റുകള്‍ ചാടിത്തുള്ളുമ്പോള്‍ കൈകള്‍ പിറകില്‍ കെട്ടി വായുകൊണ്ട് ചാടിപ്പിടിക്കാന്‍ ശ്രമിക്കണം. മത്സരം ജോറാണ്. ചേട്ടന്മാര്‍ കയര്‍ വല്ലാതെയങ്ങ് ചലിപ്പിച്ചുകളയും. മധുരമുള്ള ബിസ്ക്കറ്റുകള്‍ കണ്‍മുമ്പില്‍, നാവിന് തൊട്ടകലെ പിടി തരാതെ കിടന്നുതുള്ളും. ബിസ്ക്കറ്റ് കടിച്ചെടുത്ത് ഒരിക്കലും ജയിക്കാനായിട്ടില്ളെങ്കിലും ബാക്കി വരുന്ന ബിസ്ക്കറ്റ് തിന്നാന്‍ തരുമായിരുന്നു നടത്തിപ്പുകാരായ ചേട്ടന്മാര്‍. മിഠായി പെറുക്കല്‍ മത്സരവും ഇഷ്ടമായിരുന്നു. കസേരകളി മത്സരം മാത്രം ഇഷ്ടമായിരുന്നില്ല. കസേര കിട്ടത്തുമില്ല, തല കറങ്ങുന്നത് മിച്ചവും. റോഡില്‍ കുമ്മായ വരകളിട്ട് ട്രാക്കുകളുണ്ടാക്കി നടത്തുന്ന ഓട്ട മത്സരത്തിലും ഒരിക്കലും ജയിക്കാനായിട്ടില്ല. രാത്രിയില്‍ ചേട്ടന്മാര്‍ തകര്‍ത്ത് അഭിനയിക്കുന്ന നാടകമുണ്ടാവും. കൂട്ടത്തില്‍ നാട്ടിലെ പാട്ടുകാര്‍ നടത്തുന്ന ഗാനമേളയും. പാതിരാത്രിവരെ നീളുന്ന പരിപാടികള്‍ എല്ലാം കാണാന്‍ സമ്മതിക്കാതെ സ്റ്റേജിന് മുന്നില്‍നിന്ന് കൈയ്യില്‍ തൂക്കിയെടുത്ത് ബാപ്പ ഒരു നടത്തമാണ് വീട്ടിലേക്ക്. ബാപ്പയെ ഭയന്ന് മുട്ടിനില്‍ക്കുന്ന കരച്ചില്‍ വീട്ടിലത്തെി ഉമ്മയുടെ മുന്നിലൊരു പൊട്ടിയൊഴുകലാണ്.

പിന്നീട് മുതിര്‍ന്നപ്പോള്‍ ശക്തി ക്ളബിന്‍െറ ഭാരവാഹിയും ഓണാഘോഷ നടത്തിപ്പുകാരനുമായി. നാടിന്‍െറ ഞരമ്പുകളായ ഇടവഴികളിലൂടെ മാവേലിയെ മുന്നില്‍ നടത്തി ഘോഷയാത്രകള്‍ നടത്തി ബക്കറ്റ് നീട്ടി നാണയത്തുട്ടുകള്‍ ശേഖരിച്ചു, ക്ളബ്ബിന്‍െറ ദൈനംദിന ചെലവുകള്‍ക്ക്. നാട്ടിടവഴികളുടെ ഓരങ്ങളില്‍ അന്നും സൗഹൃദത്തിന്‍െറ പൂമരങ്ങള്‍ പൂത്തുനിന്നിരുന്നു. ഓണവും പെരുന്നാളും ക്രിസ്തുമസുമെല്ലാം അസ്വദിച്ചുണ്ട് സദ്യകളുടെ രുചികാലങ്ങളില്‍ ആമോദത്തോടെ ജീവിച്ചു, പ്രായമേറുന്നതിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ വേനലായി ചുട്ടുപൊള്ളിക്കുന്നതുവരെ. തൊഴില്‍രഹിത ജീവിതത്തിന്‍െറ വൈഷമ്യങ്ങളും കുറ്റപ്പെടുത്തലുകളും നിറഞ്ഞ അന്തരീക്ഷത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ഒരിക്കല്‍ എല്ലാവരും പലവഴി പിരിഞ്ഞുപോയി.

പലവഴി മറികടന്നുള്ള ജീവിതയാത്രക്കിടയില്‍ കിട്ടുന്ന അവധികള്‍ നാട്ടിലേക്കുള്ള തിരിച്ചത്തെലുകളാകാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നത് ഓര്‍മകളുടെ ഇടവഴി സഞ്ചാരങ്ങള്‍ തന്നെയായിരുന്നു. നാട്ടിടവഴികള്‍ കാലം പണ്ടേ ടാറും കോണ്‍ക്രീറ്റുമിട്ട് മായച്ചുകളഞ്ഞിരുന്നു. കടലാമണക്കുകളുടെ വേലികള്‍ കോണ്‍ക്രീറ്റ് ചെടികളുടെ വലിയ അലങ്കാര മതില്‍ക്കെട്ടുകള്‍ക്ക് വഴിമാറി. നിലത്തുകിടന്ന് ചെവിചേര്‍ത്തുവച്ചുനോക്കി, ഇല്ല ടാറിട്ട ഇടവഴികളില്‍ ചോരയോട്ടത്തിന്‍െറ സ്പന്ദനമില്ല. ക്ളബ് മാത്രം ഗ്രാമകവലയുടെ കോണ്‍ക്രീറ്റ് എടുപ്പുകള്‍ക്കിടയില്‍ ഒറ്റപ്പെട്ട് റോഡ് പുറമ്പോക്കില്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ ശക്തിയും സൗന്ദര്യവുമെല്ലാം ചോര്‍ന്നൊലിച്ചൊരു അസ്ഥികൂടമായി..! മനസു വേദനയോടെ മന്ത്രിച്ചു, വയ്യ, ഇനിയൊരു ഓണക്കാലത്തും ഇങ്ങോട്ടില്ല.