Monday, March 5, 2012

‘വെറുതെയല്ലാതായ വാര്‍ത്ത’യുടെ മഴവില്‍ റിയാലിറ്റിയില്‍

‘മഴവില്‍ മനോരമ’ വിനോദ ചാനലിലെ ജനപ്രതീ സമ്പാദിച്ച ‘വെറുതെയല്ല ഭാര്യ’ റിയാലിറ്റി ഷോയില്‍ മാതൃകാ ദമ്പതികളാവാനുള്ള മല്‍സരത്തിനടിയില്‍ ഒരു വാര്‍ത്തയുണ്ടാക്കിയ വിവാദത്തില്‍ പെട്ട് പുറത്തുപോകേണ്ടിവന്ന നാസര്‍-റജുല ദമ്പതികളുടെ കഥ പലനിലക്കും ‘വായനാസുഖം’ നല്‍കുന്നതാണ്. എന്നാല്‍ മാധ്യമ ധര്‍മത്തിന്‍െറ ‘റിയാലിറ്റി’ പരിശോധിക്കാനും ഇതുപകരിക്കും എന്നതുകൊണ്ട് ഒരു പോസ്റ്റ് ഇവിടെ നാട്ടുകയാണ്. അല്‍പം ക്ഷമയോടെ താഴെ കാണുന്ന മൂന്നു വാര്‍ത്തകളും അവക്കിടയിലെ ‘പീര’കളും വായിച്ച് അടിയിലുള്ള ചോദ്യത്തിന് ഒരുത്തരം തരുമെന്ന പ്രതീക്ഷയോടെ...
 

2011 ഡിസംബര്‍ 1ന് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത

മല്‍സരം മാതൃകാ ഭര്‍ത്താവാകാന്‍:
ചാനല്‍ റിയാലിറ്റി ഷോയില്‍ കവര്‍ച്ചക്കേസ് പ്രതി

തൃശൂര്‍: രണ്ട് ഡസനോളം കവര്‍ച്ചക്കേസുകളിലെ മുഖ്യപ്രതി  പ്രമുഖ വിനോദചാനലിന്‍െറ   റിയാലിറ്റി ഷോയില്‍  മാതൃകാ ഭര്‍ത്താവാകാന്‍ മത്സരിക്കുന്നു!
ഭാര്യ ഇല്ലാതെ പാചകം, കുട്ടികളെ സ്കൂളില്‍ വിടല്‍ തുടങ്ങിയ ജോലികള്‍ ഏറ്റടെുക്കുക, പാട്ടുപാടല്‍, നൃത്തംചെയ്യ, ഭാര്യക്ക് പ്രേമലേഖനം എഴുതല്‍ തുടങ്ങിയ  പരിപാടികളിലാണ് തൃശൂര്‍  മതിലകം പൊലീസ് സ്റ്റേഷനില്‍ 23 കേസുകളില്‍ പ്രതിയായ എറണാകുളം തമ്മനം കിസാന്‍ റോഡില്‍ നാസര്‍ നിരവധി പ്രമുഖര്‍ക്കൊപ്പം പങ്കടെുക്കുന്നത്. നടി ശ്വേത മേനോനാണ് പരിപാടിയുടെ അവതാരക. മതിലകം  സ്റ്റേഷനിലെ ക്രൈം 612/08 മുതല്‍ 634/08  വരെയുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് എസ്.ഐ സാക്ഷ്യപ്പെടുത്തുന്നു. തൃശൂര്‍, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ക്ഷേത്രം, ബാങ്ക് കവര്‍ച്ച, ബൈക്ക് മോഷണം തുടങ്ങിയവയില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. 2008 ആഗസ്റ്റ് 20ന് പെരിഞ്ഞനത്തുനിന്ന് നാസര്‍ അടക്കം ആറു പ്രതികളെ വാഹന പരിശോധനക്കിടെ രണ്ട് മോട്ടോര്‍ സൈക്കിളില്‍നിന്ന് മാരകായുധങ്ങളുമായി പിടികൂടിയിരുന്നു.2006 ജൂണില്‍ പാലാരിവട്ടം പൊന്നുരുന്നി പള്ളി തൃക്കോവില്‍ ക്ഷേത്രത്തിലെ വെള്ളിഗോളക മോഷ്ടിച്ച  ഉദയകുമാറിനൊപ്പം നാസറും പ്രതിയാണ്. 2006 ആഗസ്റ്റില്‍ വരാപ്പുഴ തിരുമുപ്പത്ത് ഒരു വീടിന്‍െറ മുന്‍വശത്തുനിന്ന് ബജാജ് സി.ടി 100 ബൈക്ക് മോഷ്ടിച്ച കേസിലും ഇരുവരും പ്രതികളാണ്. കൂടാതെ, ബിനാനിപുരം പൊലീസ് സ്റ്റേഷനിലെ 152/06 കേസില്‍ നാസറും ഉദയകുമാറും ആലങ്ങാട് തിരുവാലൂര്‍ മഹാദേവക്ഷേത്രത്തില്‍നിന്ന് തിരുവാഭരണം, പഞ്ചലോഹ തിടമ്പ് തുടങ്ങിയവ മോഷ്ടിച്ച കേസിലും പ്രതികളാണ്. 2006 നവംബറില്‍ ഇരിങ്ങാലക്കുട, ഗുരുവായൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍നിന്ന് ആറു പവനും ഡിസംബറില്‍ പാഞ്ഞാള്‍ ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍നിന്ന് രണ്ടര പവനും മോഷ്ടിച്ച കേസ്, അതേവര്‍ഷം തൃപ്പേക്കുളം മഹാദേവ ക്ഷേത്രത്തില്‍നിന്ന് മൂന്നര കിലോ  സ്വര്‍ണാഭരണം മോഷ്ടിച്ച കേസ് എന്നിവയില്‍ ഇരുവരും   ഇരിങ്ങാലക്കുട, ചെറുതുരുത്തി, മാള സ്റ്റേഷനുകളിലെ   കേസുകളില്‍ പ്രതികളാണ്. 2007 ഫെബ്രുവരിയില്‍ പൂവത്തുശേരി ഭഗവതി ക്ഷേത്രത്തിലും   മാര്‍ച്ചില്‍ പൂമംഗലം റവങ്ങാടുപള്ളി ശിവക്ഷേത്രത്തിലും ഏപ്രിലില്‍ വരാപ്പുഴ കോട്ടുവള്ളി ഭഗവതി ക്ഷേത്രത്തിലും മോഷണം നടത്തിയ കേസുകളില്‍  ഇവര്‍  പ്രതികളാണ്. സുനീറുമായി ചേര്‍ന്ന് 2007 മാര്‍ച്ചില്‍ ഷൊര്‍ണൂരിനടുത്ത് മുള്ളൂര്‍ക്കര  ഭഗവതി ക്ഷേത്രത്തില്‍നിന്ന് നാലു കിലോ വെള്ളി ഗോളക മോഷ്ടിച്ചതിന് വടക്കാഞ്ചരേി  പൊലീസ് രജിസ്റ്റര്‍ ചെയ്ത   കേസിലും നാസര്‍ പ്രതിയാണ്. ഇരിങ്ങാലക്കുട ശ്രീകണ്ഠേശ്വര ക്ഷേത്രം, ആലത്തൂര്‍ കാവശേരി ക്ഷേത്രം, നോര്‍ത് പറവൂരിലെ വള്ളുവള്ളി സഹകരണ ബാങ്ക്, കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് റൂറല്‍ സഹകരണ ബാങ്ക്, മാരാരിക്കുളത്തെ കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നടന്ന മോഷണങ്ങളിലും പ്രതിയാണ്. 2007 സെപ്റ്റംബറില്‍ തൃക്കാക്കര  സ്റ്റേഷനിലും 2008 ഏപ്രിലില്‍ മുളന്തുരുത്തിയിലും യഥാക്രമം മൂക്കാക്കര ക്ഷേത്രം, പെരുമ്പിള്ളി നരസിംഹ ക്ഷേത്രം എന്നിവിടങ്ങളില്‍ നാസറിനെതിരെ മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2008 മാര്‍ച്ചില്‍ കോണത്തുകുന്നിലെ വീടിന്‍െറ പോര്‍ച്ചില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും മേയില്‍ ആലപ്പുഴ ചേപ്പാട് സര്‍വീസ് സഹകരണ ബാങ്കിലെ മോഷണത്തിലും ഇരിങ്ങാലക്കുട, കരീലകുളങ്ങര സ്റ്റേഷനുകളില്‍ പ്രതിയാണ്. 2008 ജൂലൈയില്‍ ചേപ്പാടില്‍തന്നെ മോട്ടോര്‍ ബൈക്ക് മോഷ്ടിച്ച കേസിലും ഉദയകുമാറും നാസറും പ്രതികളാണ്. ഇരുവരും ആഗസ്റ്റില്‍ അരയംകാവ് ഭഗവതി ക്ഷേത്രത്തില്‍നിന്ന് വെള്ളി ആഭരണം മോഷ്ടിച്ചു എന്ന കേസുമുണ്ട്. ദീര്‍ഘനാള്‍ ഗള്‍ഫിലായിരുന്നുവെന്നും നാട്ടില്‍ ബിസിനസ് ആണെന്നുമാണ് ചാനലില്‍ നാസറും ഭാര്യയും അവകാശപ്പെടുന്നത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചിലതില്‍  ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവയില്‍ വിചാരണ നടക്കുന്നു. മോഷണവസ്തുക്കളാണെന്ന് അറിയാതെ ഇയാളില്‍നിന്ന് വാഹനങ്ങളും മറ്റും വാങ്ങിയ നിരവധി പേര്‍ കേസില്‍ കുടുങ്ങിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യകയും ചോദ്യം ചെയ്യകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ ചാനലില്‍ പരിപാടി  കണ്ട്  കണ്ണുതള്ളിയിരിക്കുകയാണ്.  ചാനല്‍ അധികൃതരെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ളെന്ന് പറയുന്നു.

2011 ഡിസംബര്‍ 3ന് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത

‘മാതൃകാ ഭര്‍ത്താവ്’ മത്സരം: കവര്‍ച്ച കേസ് പ്രതി പുറത്ത്
തൃശൂര്‍:  ‘മഴവില്‍ മനോരമ’ ചാനലിലെ  ‘വെറുതെയല്ല ഭാര്യ’  എന്ന റിയാലിറ്റി ഷോയില്‍ പങ്കടെുക്കുന്ന ക്ഷേത്ര - ബാങ്ക് കവര്‍ച്ച കേസുകളിലെ പ്രതി എറണാകുളം തമ്മനം സ്വദേശി നാസറിനെ പരിപാടിയില്‍നിന്ന് ചാനല്‍ അധികൃതര്‍ ഒഴിവാക്കി. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനത്തെുടര്‍ന്ന് മറ്റ് മത്സരാര്‍ഥികള്‍ അധികൃതരെ സമീപിച്ചതോടെയാണ് പുറത്താക്കല്‍.ഭാര്യ ഇല്ലാതെ പാചകം, കുട്ടികളെ സ്കൂളില്‍ വിടല്‍ തുടങ്ങിയ ജോലികള്‍ ഏറ്റടെുക്കല്‍, പാട്ടു പാടല്‍, നൃത്തം ചെയ്യ, ഭാര്യക്ക് പ്രേമലേഖനം എഴുതല്‍ തുടങ്ങിയ മത്സരങ്ങളടങ്ങിയതായിരുന്നു പരിപാടി. റിയാലിറ്റിഷോ മൂലം തങ്ങള്‍ക്ക്  പുറത്തിറങ്ങാന്‍ പറ്റാതായെന്നായിരുന്നു മറ്റ് മത്സരാര്‍ഥികളുടെ പരിദേവനം. ചാനല്‍ അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍  ഒടുവില്‍ പ്രശ്നത്തില്‍ ഇടപെട്ടു. നാസറിനെയും ഭാര്യയെയും  വിളിപ്പിച്ച് കാര്യങ്ങള്‍ തിരക്കി. താനും ഭാര്യയും ഷോയില്‍ പങ്കടെുത്തതില്‍ അസൂയയുള്ള ചിലര്‍ ബോധപൂര്‍വം സൃഷ്ടിച്ച പ്രചാരണമാണിതെന്നായിരുന്നു നാസറിന്‍െറ വാദം. യാഥാസ്ഥിതികരായ ചില ബന്ധുക്കള്‍ ഭാര്യ തല മറക്കാതെ ചാനലില്‍ പ്രത്യക്ഷപ്പെടുന്നത് എതിര്‍ത്തുവെന്നും അവരുടെ എതിര്‍പ്പിനിടയിലാണ്  പരിപാടിയില്‍ പങ്കടെുത്തതെന്നും നാസര്‍ വിശദീകരിച്ചു. പത്രവാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമാണോ എന്ന  ചോദ്യത്തിന് നാസറിന് ഉത്തരംമുട്ടി.  യഥാര്‍ഥമാണെന്നും   ഇപ്പോള്‍  മാനസാന്തരപ്പെട്ട് ജീവിക്കാന്‍ ആഗ്രഹിക്കുകയാണെന്നുമായിരുന്നു  മറുപടി.  ഇത് അംഗീകരിക്കാന്‍ കഴിയില്ളെന്നും സ്വമേധയാ പരിപാടിയില്‍നിന്ന് ഒഴിയുന്നതായി   എഴുതിത്തരണമെന്നുമുള്ള ആവശ്യത്തിന് ഒടുവില്‍ നാസര്‍ നിര്‍ബന്ധിതനായി. ഇതത്തേുടര്‍ന്ന ് വെള്ളിയാഴ്ച നടക്കേണ്ട  ഷോയുടെ ചിത്രീകരണം മുടങ്ങി.നാസര്‍ ഉള്‍പ്പെട്ട  ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കിയ ശേഷം സംപ്രേഷണം ചെയ്യമെന്ന് അധികൃതര്‍ മറ്റ് മത്സരാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കി. നേരത്തേ പരിപാടിക്കിടയില്‍ നാസര്‍ താന്‍ ചെയ്ത തെറ്റുകള്‍ക്ക് പരസ്യമായി ഭാര്യയോട് മാപ്പുചോദിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു. ദാമ്പത്യത്തിനിടയില്‍ സ്വാഭാവികമായി ഉണ്ടാകാനിടയുള്ള ചില്ലറ പ്രശ്നങ്ങള്‍ ആയിരിക്കുമിതെന്നാണ് തങ്ങള്‍ ധരിച്ചതെന്ന് ഒരു മത്സരാര്‍ഥി പറഞ്ഞു. വ്യക്തികളെക്കുറിച്ച് ചാനലിന്‍െറ ആളുകള്‍ വേണ്ടത്ര അന്വേഷിക്കാത്തതാണ് കാരണമെന്നും മത്സരാര്‍ഥികള്‍ ആരോപിച്ചു.  ആരോപണത്തില്‍നിന്ന് തലയൂരാന്‍ അധികൃതരുടെ വിശദീകരണം ഇങ്ങനെയാണ്- ‘പശ്ചാത്താപത്തോടെ ഒരാളെ നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നുവെന്ന തികച്ചും നല്ല ഉദ്ദശ്യേമായിരുന്നു തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ ഇതിനെ ദോഷൈകദൃക്കോടെ സമീപിച്ചപ്പോള്‍ ഒന്നും ചെയ്യന്‍ സാധിച്ചില്ല. വിവാദത്തില്‍ അകപ്പെട്ട മത്സരാര്‍ഥി സ്വയം പിന്മാറാന്‍ തീരുമാനിച്ചതിനാല്‍ പ്രശ്നം അവസാനിച്ചു.’

ഈ രണ്ടുവാര്‍ത്തയും വലിയ വിവാദമുണ്ടാക്കി. ഇത് ‘മാധ്യമ’ത്തിന്‍െറ സദാചാര പൊലീസിങ്ങാണ് എന്ന് ആക്ഷേപമുയര്‍ന്നു. ഭൂതകാല ചെയ്തികളില്‍ പശ്ചാത്തപിച്ച് പുതിയൊരു ജീവിതത്തിലേക്ക് നീങ്ങിയവരെ വീണ്ടും കുറ്റവാളികളായി ചിത്രീകരിക്കുന്ന മാധ്യമത്തിന്‍െറ ചെയ്തി സാംസ്കാരിക കുറ്റകൃത്യം എന്നുവരെ ആളുകള്‍ പറഞ്ഞുവെച്ചു. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും ബ്ളോഗുകളിലും ചര്‍ച്ചകള്‍ ചൂടുപിടിച്ചു. മലയാളി പ്രബുദ്ധതയില്‍ ആഢ്യനാണെന്ന് നടിക്കുമ്പോഴും അവന്‍െറ ധിഷണയെ സ്വാധീനിക്കുന്നത് പൈങ്കിളിയാണെന്ന് പറയുംപോലെ ശബ്ദം ഉച്ചത്തില്‍ കേട്ടത് ‘മാധ്യമ’ത്തിന്‍െറ സദാചാര പൊലീസിങ്ങിനെതിരെയായിരുന്നു. ആളുകളെ നന്നാവാന്‍ വിടാതെ, വെറുതെയല്ല ഭാര്യ എന്ന സാംസ്കാരിക മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ചാനല്‍ പരിപാടിയില്‍ മാതൃക ദമ്പതികളായി വാഴാന്‍ അനുവദിക്കാതെ നാസര്‍, റജുല ദമ്പതികളെ പടിയിറക്കിയ മാധ്യമ ധര്‍മത്തിനെതിരായ വികാരം കത്തിക്കയറി. ബ്ളോഗില്‍ ഉറഞ്ഞുതുള്ളിയ വിമര്‍ശനങ്ങളുടെ സാമ്പിള്‍ വെടിക്കെട്ടിതാ ഇവിടെ.

അപ്പോഴാണ് പുതിയ വാര്‍ത്ത:


2012 മാര്‍ച്ച് 4ന് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത
യുവതിയുടെ നഗ്നത പകര്‍ത്തി ഭീഷണി: ലോഡ്ജ് ഉടമയും സഹായികളും റിമാന്‍ഡില്‍
മാള: കിഴക്കെ അങ്ങാടിയിലെ ഹസ്കര ലോഡ്ജില്‍ മുറിയെടുത്ത യുവതിയേയും അയല്‍വാസിയേയും ഭീഷണിപ്പെടുത്തി നഗ്നത കാമറയില്‍ പകര്‍ത്തി പണം തട്ടിയ ലോഡ്ജ് ഉടമയും സഹായികളും റിമാന്‍ഡില്‍. ലോഡ്ജ് ഉടമ വടമനായകത്ത് മുഹമ്മദാലി (60), മാനേജര്‍ എറണാകുളം തമ്മനം തോപ്പില്‍ നാസര്‍ (32), നാസറിന്‍െറ ഭാര്യ റെജുല (28), ജീവനക്കാരന്‍ കുഴിക്കാട്ടുശേരി കാരൂര്‍ തട്ടില സൈമണ്‍ (50) എന്നിവരെ ചാലക്കുടി ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച മാള സ്വദേശിയായ യുവതിയും അയല്‍വാസിയും സംസാരിച്ചുകൊണ്ടിരിക്കെ മുറിക്കുള്ളില്‍ കടന്ന് ലോഡ്ജ് മാനേജര്‍ നാസറും ഉടമ മുഹമ്മദാലിയും നിര്‍ബന്ധിച്ച് അശ്ളീല രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. പകര്‍ത്തിയ രംഗങ്ങള്‍ കാണിച്ച് ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50,000വും പിന്നീട് ലക്ഷവും ആവശ്യപ്പെട്ടു. നാലര പവന്‍ മാല നല്‍കി യുവതി ലോഡ്ജില്‍നിന്നും രക്ഷപ്പെട്ടു. പിന്നീട് മാല നഷ്ടപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കി. മാള എസ്.ഐ. ഡി. മിഥുന്‍െറ ഇടപെടലാണ് ലോഡ്ജ് ഉടമയേയും സംഘത്തേയും കുടുക്കിയത്. ലോഡ്ജ് ഉടമയെ കേസില്‍നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമം എസ്.ഐ പരാജയപ്പെടുത്തി. 33 കേസുകളില്‍ പ്രതിയായ നാസറിനേയും ഭാര്യയേയും ഉടമ ലോഡ്ജില്‍ താമസിപ്പിച്ചുവരികയായിരുന്നു.

ആദ്യ മാധ്യമം വാര്‍ത്തയെ തുടര്‍ന്ന് മഴവില്‍ ചാനല്‍ ഈ ദമ്പതികളെ തങ്ങളുടെ പരിപാടിയില്‍നിന്നൊഴിവാക്കി ആ അധ്യായം അവസാനിപ്പിച്ചതൂകൊണ്ട് സഹജീവിയുടെ മാന്യതയെ കരുതിയാവണം മാധ്യമം പുതിയ വാര്‍ത്തില്‍ പഴയ ‘കഥ‘ കൂടി ചേര്‍ക്കാതിരുന്നതെന്ന് തോന്നുന്നു. എന്നാല്‍ മറവിയില്ലാത്ത വായനക്കാര്‍ ആ പഴയ വാര്‍ത്തകള്‍ തേടിപ്പിടിച്ചു ‘ഇതുതാനല്ലയോ അവന്‍’ എന്ന് വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നു.

ഒ. അബ്ദുല്ലയുടെ ശൈലി കടമെടുത്താല്‍ സത്യത്തില്‍ ഇത് ‘വരമ്പത്ത് കൂലി’ എന്ന ഏര്‍പ്പാടായിമാറി. നാസറും റജുലയും പശ്ചാത്തപിച്ച് നല്ല ജീവിതത്തിലേക്ക് മാറിയിട്ടും അതു പൊറുപ്പിക്കില്ളെന്ന നിലപാടാണ് ഇതെന്നും ഈ സദാചാര പൊലീസിങ്ങിനെ അങ്ങിനെ വെച്ചുപൊറുപ്പിക്കാനാവില്ളെന്നും അന്ന് മാധ്യമം വാര്‍ത്തക്കെതിരെ ചന്ദ്രഹാസമിളക്കിയവര്‍ ഇപ്പോഴും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും ബൂലോകത്തുമുള്ളതിനാല്‍ പുതിയ സംഭവ വികാസങ്ങളോട് അവര്‍ എങ്ങിനെ പ്രതികരിക്കുന്നു എന്ന് അറിയാനുള്ള ഒരു സാദാ പൗരന്‍െറ താല്‍പര്യത്തോടെയാണ് ഇതെഴുതുന്നത്. സാമൂഹിക പ്രതിബദ്ധതയും പത്രധര്‍മവും പറഞ്ഞു കേരളത്തിലെ പ്രധാന പത്രങ്ങളിലൊന്ന് എന്ന നിലയില്‍ മാധ്യമം സ്വീകരിച്ച നിലപാടോ അതിനെ സദാചാര പൊലീസ് ചമയലെന്ന സാംസ്കാരിക കുറ്റകൃത്യമായി കണ്ട് അപലപിച്ചവരുടെ നിലപാടോ ഏതാണ് ശരിയെന്ന് അറിയാനുള്ള ആഗ്രഹം ഇവിടെ പ്രകടിപ്പിച്ചുകൊള്ളുന്നു.

4 comments:

  1. വ്യത്യസ്തമായ ഒരു പരിപാടി എന്ന നിലയില്‍ മുന്‍കാല ചെയ്തികളില്‍ പശ്ചാത്തപിച്ചു നന്നാവാന്‍ തീരുമാനിച്ചവരെ മാത്രം ഉള്‍പ്പെടുത്തി നൂതനമായ ഒരു റിയാലിറ്റി ഷോയെ കുറിച്ച് ചിന്തിച്ചു കൂടെ...(ഹ ഹ ഹ ) 'മാധ്യമം' പത്ര ധര്‍മം നിര്‍വഹിച്ചു അതിന് അവരെ അഭിനന്ദിക്കാം...

    ReplyDelete
  2. മലയാളികളുടെ സ്വീകരണ മുറികളിലെ പ്രൈം ടൈം വിഭവങ്ങളായി ഇന്ന് മര്‍ഡോക്കിന്റെയും, മനോരമയുടെയും, അമൃതയുടെയും എല്ലാം മസാല പ്രോഗ്രാമുകള്‍ ആണ് വിളമ്പുന്നത്. റിയാലിറ്റി ഷോ എന്ന പേരിലുള്ള ആഭാസങ്ങള്‍ക്ക് പൂര്‍ണത കൈവന്നത് മനോരമയുടെ ഈ മഴവില്‍ ചാനലിന്റെ കടന്നുവരവോടെയാണ്.

    "ഹോ.. ഈ വീട്ടുജോലി എടുത്തു മടുത്തു" എന്നാണല്ലോ ആ പരിപാടിയുടെ പരസ്യവാചകവും. കൂടുതല്‍ ലാഭമുള്ള പുതിയ തൊഴില്‍ മേഘകള്‍ തേടിപ്പോയതാകും.. :)

    ReplyDelete
  3. "ഇവിടെ കുറ്റാരോപിതൻ മനുഷ്യനല്ലെന്ന മട്ടിൽ വാർത്താപ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങൾ മനസ്സിലാക്കേണ്ട ഒന്നുണ്ട്, നിങ്ങൾ തകർത്തെറിയുന്നത് ഒരു ജീവിതമാണ്. തെറ്റു തെളിയുന്നപക്ഷം അവർ ശിക്ഷിയ്ക്കപ്പെടട്ടെ. അതിനുമുമ്പുള്ള കൊലവെറി നിർത്തണമെന്നേ പറയുന്നുള്ളൂ. ഭർത്താവുകൂടെയില്ലാത്ത യുവതി അയലുപക്കത്തെ യുവാവുമായി ലോഡ്ജിൽ തങ്ങിയതു തമാശപറഞ്ഞിരിയ്ക്കാനാവണം. ആ താമാശകൾ ഒരുപക്ഷേ ലവർ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. അപ്പൊപ്പിന്നെ രക്ഷപ്പെടാൻ കണ്ടവരെ പ്രതിയാക്കാതെ തരമില്ലല്ലോ. പീഢന-ബ്ലാക്മെയിൽ വാർത്തകൾക്കും കേസുകൾക്കും പ്രചാരവും മാർക്കറ്റും ഉള്ള ഈകാലത്ത് അതിന് എളുപ്പമാണുതാനും.

    ഇവിടെ പ്രതിയാക്കപ്പെട്ടയാൾ കുടുംബസമേതം അവിടെ താമസിക്കുന്നയാളാണ്. പ്രസ്തുത സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനും. ആ നിലയ്ക്ക് അയാൾക്കു പറയാനുള്ളതു മറച്ചുവെയ്ക്കുന്നതു നീതിയല്ല. നഗ്നചിത്രവാർത്ത വിശ്വസിക്കാൻ അൽപ്പം പ്രയാസമുണ്ട്. കാരണം ഭർത്താവ് സ്ഥലത്തില്ലാത്ത യുവതി അയൽപക്കക്കാരനുമൊത്ത് അവിടെ റൂമെടുത്തത് ചായകുടിക്കാനാവില്ലെന്നുറപ്പ്. അതുകൊണ്ടുതന്നെ കേസിന്റെ ആ വശം കൂടി ഒന്ന് ആലോചിക്കേണ്ടതുണ്ട്. അതില്ലാതെ ഒരു വൈരാഗ്യമുള്ളതുപോലെ ഇങ്ങനെ പെരുമാറുന്നതു ശരിയല്ല. ചിത്രമെടുത്തു എന്നു മാധ്യമങ്ങൾ വിളിച്ചുപറയുമ്പോൾ അതു കണ്ടെടുക്കാൻ ഈകമന്റെഴുതുന്നതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത് " ഈ കമന്റു കടമെടുത്തതാണു രക്ഷപ്പെടാൻ വേണ്ടി ഇവരെ പ്രതിയാക്കാൻ ശ്രമിച്ചതാവാനും വഴിയുണ്ട്.അതിന്റെ നിജ സ്ഥിതി കൂടി അറിയാതെ വാർത്തകൾക്കു പിന്നാലെ പായാതിരിക്കുന്നതാണു ബുദ്ധി.

    ReplyDelete