Thursday, June 9, 2011

പുതിയ കുരുക്ഷേത്രത്തിലെ അന്തര്‍നാടകങ്ങള്‍

ഒടുവില്‍ അത് ശരിവെക്കപ്പെട്ടു, ബാബാ രാംദേവ് എന്ന യോഗാചാര്യന്‍ സംഘ്പരിവാറിന് വേണ്ടി ശിഖണ്ഡി വേഷം കെട്ടുകയാണെന്ന്. ദല്‍ഹിയുടെ അധികാരം തിരിച്ചുപിടിക്കാനുള്ള പുതിയ കുരുക്ഷേത്രത്തില്‍ സംഘ്പരിവാര്‍ രാഷ്ട്രീയം ശിഖണ്ഡിയെ മറയാക്കി ജനാധിപത്യ സംവിധാനത്തിനും സര്‍വോപരി രാഷ്ട്ര സമാധാനത്തിനും നേരെ വില്ലു കുലച്ചുനില്‍ക്കുകയാണ്.

ബി.ജെ.പിയുടെ വര്‍ഗീയതയും അഴിമതിയും ചേര്‍ന്ന ഇരട്ട ദുരന്തത്തേക്കാള്‍ കോണ്‍ഗ്രസിന്റെ അഴിമതി സഹിച്ചോളാം എന്ന് ജനം തീരുമാനമെടുത്തതോടെ തുടര്‍ച്ചയായി പ്രതിപക്ഷത്തിരുന്ന് മുഷിയേണ്ടിവന്ന സംഘ്പരിവാറിന് ഇനി ഇതല്ലാതെ ഒരു രക്ഷയുമില്ലെന്ന് തോന്നി തുടങ്ങിയിരിക്കുന്നു. ഒരു തിരിച്ചുവരവിനുള്ള ശ്രമം തുടങ്ങണമെങ്കില്‍ പോലും രാഷ്ട്രം വീണ്ടും ഒരു കലാപസ്ഥിതിയിലേക്ക് തിരിച്ചെത്താതെ നിവൃത്തിയുമില്ല. അങ്ങിനെ ഗൃഹപാഠം നടത്തിയുള്ള അന്തര്‍നാടകങ്ങളാണ് ഇപ്പോള്‍ രാംലീലാ മൈതാനിയില്‍ രാവണ ലീലയുടെ പകര്‍ന്നാട്ട ഭീഷണിയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ കഷ്ടമാണ് ബി.ജെ.പിയെന്ന് ഇന്ത്യന്‍ ജനത അനുഭവത്തിലൂടെ തന്നെ പഠിച്ചു. നാലു പതിറ്റാണ്ടുകൊണ്ട് കോണ്‍ഗ്രസിന് കഴിഞ്ഞതിനെക്കാള്‍ എത്രയോ വലിയ അഴിമതിയാണ് ശവപ്പെട്ടികളില്‍ കിടന്ന് ബി.ജെ.പിക്കാരന്റെ തോളിലിരുന്ന് ചീഞ്ഞുനാറിയത്. നാഴികക്ക് നാല്‍പതുവട്ടം ദേശക്കൂറിന്റെ വാചകമടി തുടരുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക് വേണ്ടി വാങ്ങിയ ശവപ്പെട്ടികളുടെ പേരില്‍ പോലും അഴിമതി നടത്തി. അഴിമതി കയ്യോടെ പിടികൂടപ്പെട്ടതിന് രാജിവെച്ചു ദേശീയാധ്യക്ഷന്‍ തന്നെ വനവാസത്തിന് പോകേണ്ടിവന്ന ഒരു ഗതികേട് ബി.ജെ.പിക്കല്ലാതെ കോണ്‍ഗ്രസിനുപോലുമുണ്ടായിട്ടില്ല.

ഈ ചരിത്രം കോണ്‍ഗ്രസിനെയും യു.പി.എ ഗവണ്‍മെന്റിലെ കനിമൊഴി രാജമാരെയും അലട്ടിയതാവണം കേവലം രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ അതി ഭീകര അഴിമതി നടത്തി ബി.ജെ.പിയെ തോല്‍പിക്കാന്‍ പ്രേരണയായത്. ഒരു മുറിവുതന്നെ ഇനിയും സഹിക്കാന്‍ കഴിയാത്ത ഭാരതാംബക്ക് ഇനിയും മുറിവുകളുണ്ടാവരുതെന്ന ജാഗ്രതയോടെ ബി.ജെ.പിയെ അകറ്റിനിറുത്തി കോണ്‍ഗ്രസിനെ സഹിക്കാന്‍ തയ്യാറായ ജനത്തെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കാതെ, അന്നാ ഹസാരെയുടെ നാടകം കൂടി വിജയിപ്പിക്കാന്‍ ഇട നല്‍കാതെ, ലോക്പാല്‍ ബില്ല് എത്രയും വേഗം പാസാക്കി സ്വന്തം തടിക്കൊപ്പം രാഷ്ട്രത്തെ കൂടി രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കണം. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അഴിമതി വിരുദ്ധ ജന മുന്നേറ്റത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ രാജ്യത്തെ ഇടതുപക്ഷം തയ്യാറാവണം. ഇന്ത്യയെ ഇനിയും ഭിന്നിപ്പിച്ച് അസ്ഥിരപ്പെടുത്താനും കലാപത്തില്‍ മുക്കാനും കാത്തുനില്‍ക്കുന്ന ദുഷ്ട ശക്തികളില്‍നിന്ന് രക്ഷനേടാനുള്ള വഴി ഇതിലൊന്നു മാത്രമാണ്... തങ്ങളുടെ നാടകങ്ങള്‍ വിജയം കണ്ടു തുടങ്ങിയതിന്റെ ആഹ്ലാദപ്രകടനമായിരുന്നല്ലൊ സുഷമ സ്വരാജിന്റെ നടന ചാരുതയില്‍ മിന്നിത്തെളിഞ്ഞത്...


ബാബാ രാംദേവ്-സംഘ് പരിവാര്‍ ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെയാണ്. വാര്‍ത്ത താഴെ:
ന്യൂദല്‍ഹി: ബാബാ രാംദേവ് ആര്‍.എസ്.എസുമായി ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന രേഖകളും വസ്തുതകളും സര്‍ക്കാര്‍ ബുധനാഴ്ച പുറത്തുവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരങ്ങള്‍ ആദ്യം ദൂരദര്‍ശന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയ കേ
ന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പിന്നീട് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ഇക്കാര്യം ഔദ്യോഗികമായി ആവര്‍ത്തിക്കുകയായിരുന്നു. ആര്‍.എസ്.എസിന്റെ പരമോന്നത വേദിയായ അഖില ഭാരതീയ പ്രതിനിധി സഭ കര്‍ണാടകയിലെ പുത്തൂരില്‍ 2011 മാര്‍ച്ചില്‍ യോഗം ചേര്‍ന്നാ
ണ് രാംദേവിന്റെ അഴിമതിവിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ടതെന്ന് പി. ചിദംബരം വ്യക്തമാക്കി. അതിനുശേഷം 2011 ഏപ്രില്‍ ഏഴിന് അഴിമതിവിരുദ്ധ പ്രസ്ഥാനം തുടങ്ങാന്‍ ആര്‍.എസ്.എസ് തീരുമാനിക്കുകയും ബാബാ രാംദേവിനെ അതിന്റെ രക്ഷാധികാരിയും ആര്‍.എസ്.എസ് താത്ത്വികാചാര്യന്‍ ഗോവിന്ദാചാര്യയെ അതിന്റെ സഹരക്ഷാധികാരിയുമാക്കുകയും ചെയ്തു. 2011 മേയ് 20ന് സുരേഷ് ജോഷിയെന്ന ആര്‍.എസ്.എസ് നേതാവ് അയച്ച ഔദ്യോഗിക സര്‍ക്കുലറില്‍ ബാബാ രാംദേവിന്റെ അഴിമതി വിരുദ്ധ സമരത്തില്‍ പങ്കാളികളാകണമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഇതിന് പുറമെ വിശ്വഹിന്ദുപരിഷത്തും ഔദ്യോഗികമായി ഈ പ്രസ്ഥാനത്തില്‍ പങ്കാളിയായതായി ചിദംബരം വിശദീകരിച്ചു. സുരേഷ് ജോഷി അയച്ച അതേ തരത്തിലുള്ള സര്‍ക്കുലര്‍ പിന്നീട് വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ സ്വന്തം പ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്ത് രാംദേവിനൊപ്പം അണിചേരാന്‍ ആവശ്യപ്പെട്ടു. യുവാക്കള്‍ 'അഴിമതിക്കെതിരെ'എന്ന കാമ്പയിന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ തുടങ്ങിയതും രാംദേവിന്റെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്ന് ചിദംബരം കൂട്ടിച്ചേര്‍ത്തു. രാംലീല മൈതാനിയില്‍നിന്ന് അര്‍ധരാതി ബലംപ്രയോഗിച്ച് ഒഴിപ്പിച്ചതിനു പിന്നില്‍ വല്ല അപകടവുമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് രാംദേവിന് അപായം സംഭവിച്ചേക്കുമെന്ന് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിരുന്നതായി ആഭ്യന്തരമന്ത്രി പറഞ്ഞു. പൊലീസ് ബലപ്രയോഗത്തില്‍ പരിക്കേറ്റ രാജ്ബാല എന്ന സ്ത്രീയുടെ സ്ഥിതി ഗുരുതരമാണെന്നും അവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും അവരുടെ വീട് സന്ദര്‍ശിക്കുമെന്നും ചിദംബരം വ്യക്തമാക്കി. ബാക്കിയുള്ളവരെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്. യോഗക്ക് നല്‍കിയ അനുമതി രാംദേവ് ഉപവാസത്തിന് ഉപയോഗിച്ചത് തെറ്റാണെന്ന് ചിദംബരം ആവര്‍ത്തിച്ചു. രാംദേവിന്റെ ആര്‍.എസ്.എസ് ബന്ധം ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പുറത്തുവിട്ട ശേഷമാണ് ബുധനാഴ്ച പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും വി.എച്ച്.പി നേതാവ് അശോക് സിംഗാളും ഹരിദ്വാറിലെ ആശ്രമത്തിലെത്തി രാംദേവിനും സമരത്തിനും പരസ്യപിന്തുണ പ്രഖ്യാപിച്ചത്.