Monday, October 7, 2013

ഒറ്റയ്ക്കൊരമ്മ


എല്ലാ മാസവും ആദ്യത്തെ ആഴ്ചയിലായിരുന്നു പതിവ്.
അതു തുടങ്ങിയിട്ട് മൂന്നുനാലുവര്‍ഷമായെങ്കിലും പരിചയപ്പെട്ടത് ഏഴോ എട്ടോ മാസം മുമ്പാണ്. പ്യൂണ്‍ ശേഖരനാണ് കാബിനിലേക്ക് കൂട്ടികൊണ്ടുവന്നത്. കുലീനത്വമുള്ള ഭാവം. തലയിലെ വെള്ളിരോമങ്ങള്‍ പ്രായം പറഞ്ഞു. മുഖത്തെ വാല്‍സല്യത്തിന്‍െറ ഞൊറിവുകള്‍ അമ്മച്ചിയെ ഓര്‍മ്മിപ്പിച്ചു. നെഞ്ചിലൊരു നീറ്റല്‍.
‘‘ഒരേയൊരു മകന്‍ സുധീന്ദ്രന്‍ സൗദിയിലാണ്’’ ശേഖരനാണ് പറഞ്ഞത്. ‘‘കുറേനാളായി കൃത്യമായി പണം അയക്കുന്നതാണ്. ഇത്തവണ വന്നിട്ടില്ല. അത് പറഞ്ഞിട്ട് പോകാന്‍ കൂട്ടാക്കുന്നില്ല’’
ഒരു കരച്ചില്‍ ഇപ്പോള്‍ പൊട്ടിച്ചിതറുമെന്നുതോന്നി. ഇരിക്കാന്‍ പറഞ്ഞു.
‘‘അതിവിടെ വന്നപ്പാളാണ് അറിഞ്ഞത് സാറെ. കുറെ ദൂരെയാണ് വീട്. എപ്പളും വരാനാവില്ല. വണ്ടിക്കാശിന് പോലും ബുദ്ധിമുട്ടാ. പണം വന്നിട്ടില്ളെങ്കില്‍ ബാങ്കീന്ന് കൊറച്ചു കടായിട്ടുവേണം. മോന്‍ അയക്കുമ്പോളെടുത്തോളൂ!’’
ചിരിക്കാന്‍ തോന്നി. എന്നാല്‍ വാല്‍സല്യത്തിന്‍െറ ആ ഞൊറിവുകള്‍ ഓര്‍മയില്‍ എന്തോ കൊത്തിവലിച്ചു.
ഉള്ള് പിടഞ്ഞു. അമ്മച്ചി മറഞ്ഞിട്ട് മാസങ്ങളായിട്ടില്ല.
‘‘അവന്‍െറ അറബിയൊരു മൊശടനാ, ശമ്പളം കൊടുത്തട്ട്ണ്ടാവില്യാ, എന്നാലുമിനിക്കവനയക്കാതിരിന്നിട്ടില്യ. എവിടൂന്നെങ്കിലും കടാക്കീറ്റായാലും പതിവ് തെറ്റിച്ചട്ട്ല്യേ. ഇപ്പോ കടവും കിട്ടീട്ട്ണ്ടാവില്യ ന്‍െറ കുട്ടിക്ക്...’’
‘‘കരയാതിരിക്കൂ, എല്ലാം ശരിയാവൂം. പോയീട്ട് വര്‍ഷം കുറെയായീല്ളേ, അവനോട് വരാന്‍ പറയൂ’’
‘‘ഞാനതന്ന്യാ വിളിക്കമ്പളൊക്കെ പറയാറ്. അഛന്‍ മരിച്ചപ്പോള്‍ അവന്‍ കോളേജില് പടിക്കാ. അന്നേ അവനേറ്റെടുത്തതാ ചൊമതല. ഏക മകനാണേയ്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ്ങ്ങത്തെുമെന്നാ ഇന്നാളു വിളിച്ചപ്പളും പറഞ്ഞതേയ്... ഇന്നിട്ട് വേണം യിന്‍െറ കുട്ടിയ്ക്ക് കൈപിടിക്കാന്‍ ഒരു മിടുക്കി കുട്ട്യേ കണ്ടത്തൊന്‍!’’ അവര്‍ കണ്ണു തുടച്ചു.
‘‘ബാങ്കീന്നങ്ങനെ കടം തരാനൊന്നും വകുപ്പില്ല, ലോണിനാണെങ്കില്‍ കുറെ ചിട്ടവട്ടങ്ങള്ണ്ട്. സാരമില്ല. നമുക്ക് വഴീണ്ടാക്കാം. അമ്മയ്ക്കിപ്പോള്‍ എത്രയാ വേണ്ടേ, ഞാന്‍ തരാം. അടുത്ത തവണ വരുമ്പോള്‍ തന്നാല്‍ മതീ...’’
തേങ്ങലിന്‍െറ നദിക്കരയില്‍ വെയില്‍ വീണു. അവര്‍ കരം പുണര്‍ന്നു; ‘‘ഹോ ശ്വാസം വീണൂട്ടോ, നന്ദീണ്ട് മോനെ... എന്താപ്പോ ചെലവേ, മാസമൊന്നങ്ങട് കഴിച്ചൂട്ടാന്‍. ഈ മൊബീല്‍ ഫോണ്‍ അവന്‍ കൊടുത്തയച്ചതാ. കൂട്ടുകാരന്‍ അവധിയില്‍ വന്നപ്പോള്‍. അത് ചാര്‍ജ്ജ് ചെയ്യാനും കറന്‍റ് ബില്ല് കെട്ടാനുമൊക്കേ എത്രയാ! പിന്നെ വീട്ടില്‍ ഞാനൊറ്റയ്ക്കാണേയ്, അടുക്കളേല് സഹായിക്കാനും മുറ്റടിക്കാനൊക്കെയായിട്ട് അടുത്ത വീട്ടിലെ ഒരു പെങ്കുട്ടി വരാറ്ണ്ട്. സ്കൂളീ പടിക്കണ കുട്ട്യാ. കള്ള്യാവള്! മാസം തെകയുമ്പോ പൈസ കൊടുത്തില്ളേല്‍ പിന്നെ വരില്യ’’
അതായിരുന്നു തുടക്കം.
അടുത്ത മാസം മകന്‍ പണം അയച്ചു. വാങ്ങിയ പണം എണ്ണിത്തരുമ്പോള്‍ അവര്‍ വാല്‍സല്യത്തോടെ ചിരിച്ചു. ഓരോ തവണ വരുമ്പോഴും ഏറെനേരം കാബിനില്‍ വന്ന് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് പതിവാക്കി. യാത്ര പറഞ്ഞ് ഇറങ്ങും മുമ്പ്  വാല്‍സല്യത്തിന്‍െറ വിരലുകള്‍ നീട്ടി കവിളിലൊന്ന് തലോടി.... ഏതാനും മാസം മുമ്പ്, നോക്കിയിരിക്കേ ഒരു ഹൃദയാഘാതത്തിന്‍െറ ന്യായത്തില്‍ പടിയിറങ്ങിപ്പോയ അമ്മച്ചി അങ്ങനെ എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് മറ്റൊരു രൂപത്തില്‍ കാണാന്‍ വന്നു.
കഴിഞ്ഞ മാസം അവര്‍ വീണ്ടുമൊരു നദിയായി കാബിനില്‍ ഒഴുക്കുമുട്ടി നിന്നു. കണ്ണീരൊഴുക്കി അവരുടെ കണ്ണുകള്‍ തളര്‍ന്നു.
മകനെ ഫോണില്‍ കിട്ടുന്നില്ല. വേവലാതിയോടെ ഓടിപ്പോന്നതാണ്.  ബാങ്കില്‍ വന്നുനോക്കുമ്പോള്‍ പണവും അയച്ചിട്ടില്ല. അവനെന്തോ പറ്റിയിട്ടുണ്ടെന്ന് അവര്‍ വ്യാകുലയായി. അവര്‍ നീട്ടിയ മകന്‍െറ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചുനോക്കി. അത് ഓഫായിരുന്നു. കഴിഞ്ഞ മാസത്തിലും പണമയച്ചിരുന്നില്ളെന്നും ഫോണ്‍ വിളിച്ചില്ളെന്നുമവര്‍ ഏങ്ങലടിച്ചു.
എപ്പോഴും വന്ന് കടം ചോദിക്കാന്‍ മടിതോന്നിയിട്ടാണ് പറയാതിരുന്നതെന്നവര്‍ കണ്ണുതുടച്ചു.
എന്താണ് അവരുടെ മകന് പറ്റിയത്? രണ്ട് മൂന്ന് ദിവസം ആ ചോദ്യം മനസിലങ്ങിനെ കല്ലിച്ച് കിടന്നു. പിന്നെ ഒൗദ്യോഗിക തിരക്കുകളില്‍ എല്ലാം മൂടിപ്പോയി.
ഈ മാസം അവര്‍ വന്നിരുന്നില്ല. പത്താം തീയതി കഴിഞ്ഞപ്പോഴാണ് അതുതന്നെ ഓര്‍ത്തത്. ആ മകനെ കുറിച്ചോര്‍ത്തതും അപ്പോഴാണ്. മൊബൈല്‍ ഫോണിലേക്കൊന്ന് വിളിച്ചുനോക്കാമായിരുന്നെന്ന് തോന്നാതിരുന്നില്ല. അങ്ങിനെയൊരു നമ്പര്‍ സൂക്ഷിച്ചിട്ടില്ലല്ളോ എന്നോര്‍മ്മ വന്നത് അപ്പോഴാണ്. ബാങ്ക് രജിസ്റ്റര്‍ പരതാമെന്ന് വെച്ചു. തിരക്കുകള്‍ക്കിടയില്‍ അതും നടന്നില്ല.
ഇന്നലെ ഉച്ചയൂണിന്‍െറ പാതിമയക്കത്തിനിടയിലേക്കായിരുന്നു ആ അപ്രതീക്ഷിത കടന്നുവരവ്.
മകന്‍ പണം അയച്ചിട്ടുണ്ടാവുമോ, അതുവാങ്ങാനാണോ അവരുടെ വരവ്. വേവലാതിയായി. ശനിയാഴ്ചയാണ്. കൗണ്ടറുകളൊക്കെ അടച്ച് ഓരോരുത്തരായി കളം വിട്ടുപോയിക്കൊണ്ടിരിക്കുന്നു.
മുഖം നിറഞ്ഞ ചിരിയുമായി കാബിന്‍െറ മുന്നില്‍ അവര്‍ മടിച്ചുനിന്നു. അകത്തേയ്ക്ക് വരാന്‍ ക്ഷണം കിട്ടിയപ്പോള്‍ ചില്ലുവാതില്‍ തുറന്ന് സ്നേഹത്തിന്‍െറ ഒരിളം കാറ്റ് അകത്തേയ്ക്ക് കടന്നു. ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ കസേര വലിച്ചിട്ടിരുന്നു. കുറ്റബോധത്തിന്‍െറ പരുങ്ങലോടെ ചോദിച്ചു. ‘‘മകന്‍ വിളിച്ചോ?’’
മുഖത്ത് വലിയ വെളിച്ചം പരന്നു. ‘‘വിളിച്ചൂന്നല്ല, അവന്‍ വന്നൂട്ടോ.., കുറച്ചീസായി, മോനൊന്നും വിചാരിക്കരുത്. അതു വന്ന് പറയാനും ഇനിക്ക് പറ്റീല്ല. അതൂടി പറയാനും മോനെ അങ്ങട് വിളിക്കാനുമാ ഇപ്പോ ഓടിപ്പിടിച്ച് വന്നതന്നെ. അവനുവേണ്ടി ഒരു കുട്ടിയെ കണ്ടൂട്ടോ. നാളെ അവരില്‍ ചെലര്‍ വീട്ടിലേക്ക് വരണ്ണ്ട്. ചടങ്ങായിട്ടൊന്നൂംല്യ. എന്നാലും മോന്‍ വരണം. നിശ്ചയമായും വരണം!’’ പോകാന്‍ നേരം കൈപ്പിടിച്ച് ഓര്‍മിപ്പിച്ചു. ‘‘വരണംട്ടൊ, ഞാനും മോനും കാത്തിരിക്കും’’
കാത്തിരിക്കും. പോണം. മനസ് അതു പലതവണ പറഞ്ഞു. ഞായറാഴ്ചയാണ്. അവധിയാണ്. രാവിലെ പള്ളിയിലെ കുറുബാന കഴിഞ്ഞപ്പോള്‍ തന്നെയിറങ്ങി.
ആദ്യമായിട്ടായിരുന്നു ആ വഴിക്കൊരു യാത്ര. വീതി കുറഞ്ഞ, ടാറും മെറ്റിലുമിളകി ഗട്ടറുകള്‍ നിറഞ്ഞ റോഡിലൂടെ പന്ത്രണ്ട് കിലോമീറ്ററാണ് ഓടിയത്. വീട് കണ്ടത്തൊന്‍ ബുദ്ധിമുട്ടുണ്ടായില്ല. പറഞ്ഞ അടയാളങ്ങള്‍ അത്ര കൃത്യമായിരുന്നു.
പക്ഷെ, പറയാത്തത് ചിലതാണ് വരവേറ്റത്. ചെന്ന് കയറിയത്, മാസങ്ങളായി ആള്‍പ്പെരുമാറ്റമില്ലാതെ കിടന്നതുപോലുള്ള ഒരു കാട്ടുപറമ്പിലേക്ക്. ഓട് മേഞ്ഞ പഴയ കെട്ടിടത്തെ വീടെന്ന് വിളിക്കാം. അതിലെവിടെ ആളനക്കം? അടഞ്ഞ വാതിലിനപ്പുറമോ ഇപ്പുറമോ കല്യാണം പറഞ്ഞുറപ്പിക്കാനത്തെിയവര്‍ പോയിട്ട് വീട്ടുകാരെ തന്നെ കാണാനുണ്ടായിരുന്നില്ല.
പൊടിമണ്ണും കരിയിലകളും നിറഞ്ഞുകിടന്ന ഉമ്മറപ്പടിയില്‍ അന്തിച്ചുനില്‍ക്കുമ്പോള്‍ പിന്നില്‍നിന്നൊരു ചുമയും തുപ്പല്‍ ചോദ്യവും തൊട്ടുവിളിച്ചു. ‘‘ആരാ?’’
കൃശഗാത്രനായ മധ്യവയസ്കന്‍െറ ദൃഢമായ താടിയെല്ലിലെ നരച്ച കുറ്റിരോമങ്ങളിളകി.
‘‘ഇവിടെയാരുമില്ളേ?’’
‘‘ഇല്ലല്ളോ!’’
‘‘എവിടെ പോയി?’’
‘‘ആരേയാ നിങ്ങള്‍ ചോദിക്കണ്ത്?’’
‘‘ഈ വീട്ടുകാരെ, അമ്മയും മകനും’’
‘ഓ ലളിതാമ്മ. അതു പറയാം. നിങ്ങളാരാ, സ്വന്തക്കാര് വല്ലതുമാണോ?’’
മറുപടി പറഞ്ഞില്ളെങ്കിലും അയാള്‍ അങ്ങിനെ മനസിലാക്കിയിരിക്കണം.
‘‘എന്നിട്ടും നിങ്ങളറിഞ്ഞില്യേ! അവര്‍ മരിച്ചുപോയിഷ്ടാ!’’
ഞെട്ടിപ്പോയി. ‘‘എന്ന്?’’, വരണ്ടുപോയ തൊണ്ടയില്‍ നിലവിളി ഈര്‍ച്ചവാളായി.
‘‘ഒരാഴ്ചമുമ്പേര്‍ന്ന്. ആരുമറിഞ്ഞീല്യ. വീട്ടിനുള്ളില്‍ മരിച്ച് കെടക്കാര്‍ന്നു. രണ്ടോ മൂന്നോ ദൂസം കഴിഞ്ഞ് നാറ്റായിട്ടാ ഞങ്ങളയലാക്കരുപോലും അറീണത്’’. ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ തുടര്‍ന്നു. ‘‘ന്‍െറ കുട്ട്യാ ഇവിടെ അടിച്ചുതളിക്കാനും മറ്റു സഹായത്തീനും വന്നിരുന്നത്. ഗള്‍ഫീല്ള്ള മോന്‍ മരിച്ച വെവരറിഞ്ഞ ശേഷം ആയമ്മ ഒരു തരം മനസിക വിബ്രാന്തിയിലാര്‍ന്ന്. അതുകൊണ്ട് പിന്നെ വല്ലപ്പോളൊക്കേ അവള് വരത്തൊള്ളാരുന്നു. അതാ പൊറത്തറിയാന്‍ വൈക്യേ!’’
ഒരുള്‍പ്പിടച്ചിലുണ്ടായി.
‘‘ആകേള്ള മോനേര്‍ന്ന്. ഗള്‍ഫീല് കൊറെ കൊല്ലം മുമ്പ് പോയതാ. അതിനേഷം വന്നിട്ട്ല്യാ. മരുഭൂമീല് മരിച്ചുകെടന്നൂന്ന് അവിടന്ന് വിളിച്ച് പറഞ്ഞേയ്... പറയത്തക്ക ബന്ധുക്കളാരില്ലാര്‍ന്ന്ന്നാ തോന്നണത്. അകന്ന ബന്ധത്ത്ലൊള്ള ചെലരൊക്കെ വെവരറിഞ്ഞ് വന്നേര്‍ന്ന്. അതുമിതും ആളോള് സംശം പറഞ്ഞോണ്ടാ പോലീസുകാര് ശവം വെട്ടിപ്പൊളിച്ച് നോക്കീത്. ഇവടത്തെന്നെ മറകുത്തിയാ അവര്‍ അത് ചെയ്തത്!’’ അയാള്‍ ഒരു ഭാഗത്തേയ്ക്ക് വിരല്‍ ചൂണ്ടി.
‘‘എന്നിട്ടെന്താ, മോനേ ഓര്‍ത്ത് ചങ്ക് തകര്‍ന്നാ ചത്തേന്ന് ആര്‍ക്കാ അറീത്തത്. അതന്നേര്‍ന്ന് പോലീസ് റിപ്പോര്‍ട്ട്ലും.’’
മിഴിച്ചുനിന്നുപോയി. ‘‘അപ്പോള്‍ ഇന്നലെ ബാങ്കില്‍!?’’
വാരിയെല്ലുകള്‍ക്കിടയില്‍ തണുപ്പ് അരിച്ചുകയറുന്നതുപോലെ. മരവിച്ച കാല്‍ വലിച്ചെടുത്ത് വേഗം തിരിച്ചുനടന്നു. അയാളുടെ ശബ്ദം പുറകില്‍ കേട്ടൂ: ‘‘...പറഞ്ഞില്ലാ, അവരുടെ ആരാ?’’
ആരാ..?
(മാതൃഭൂമി വാരാന്തപ്പതിപ്പ് 2013 ഒക്ടോബര്‍ ആറ്)

Sunday, October 6, 2013

ബ്രഷിന്‍െറ ദേശാടനങ്ങള്‍

മടക്കയാത്രക്ക് മുമ്പ് ഗിരി ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയം കാണുവാന്‍ അതീവ താല്‍പര്യം കാണിച്ചു. വാന്‍ഗോഗിന്‍െറ സെല്‍ഫ് പോര്‍ട്രെയ്റ്റ് കാണുകയായിരുന്നു ഉദേശം. ഗിരിയെ പോലെ ചെവിയുടെ ഒരറ്റം നഷ്ടപ്പെട്ടവനാണ് വിന്‍സന്‍റ് വാന്‍ഗോഗ്. ആ കലാകാരന്‍ തന്‍െറ ചെവിയുടെ കീഴ്ഭാഗമാണ് കണ്ടിച്ചുകളഞ്ഞത്. ഗിരി കത്രികകൊണ്ട് മുറിച്ചുകളഞ്ഞതും കീഴുഭാഗം തന്നെ. അതുകൊണ്ടായിരുന്നു അയാള്‍ വന്‍ഗോഗിന്‍െറ സെല്‍ഫ് പോര്‍ട്രെയറ്റ് കാണാന്‍ ആഗ്രഹിച്ചത്. പ്രണയിച്ചവര്‍. പ്രണയത്തിനുവേണ്ടി ചെവി കണ്ടിച്ചുകൊടുത്തവര്‍. അടക്കിപ്പിടിച്ച ചിരിയോടെ വിന്‍സന്‍റ് വാന്‍ഗോഗും കൊറ്റ്യത്ത് ഗിരിയും ഒരു ദീര്‍ഘമായ ആലിംഗനത്തില്‍ പരിസരം മറന്നുനിന്നു. (എം. മുകുന്ദന്‍െറ ‘പ്രവാസം’ എന്ന നോവലില്‍നിന്ന്)

 ഫ്രാന്‍സില്‍ പോകണം, ലൂവ്ര് മ്യൂസിയത്തില്‍ പ്രവേശിക്കണം, പ്രണയത്തിന്‍െറ ചോരപൊടിയുന്ന ആ സ്മാരകവുമായി മനസുകൊണ്ടൊരു ആലിംഗനത്തില്‍ അമരണം. നോവലിലെ ഗിരിയെ പോലെ ജോയ്സയും തീവ്രമായി ആഗ്രഹിക്കുന്നു. വാന്‍ഗോഗിന്‍െറ മൂന്ന് പോര്‍ട്രെയിറ്റുകള്‍ കണ്ടിട്ടുണ്ട്. അതങ്ങ് അമേരിക്കയില്‍, മെട്രോപൊളിറ്റന്‍ മ്യൂസിയത്തിലും നാഷണല്‍ ആര്‍ട്ട് ഗാലറിയിലും. എത്ര നേരമെന്നറിയില്ല, എത്ര ദിവസമെന്നോര്‍മയില്ല, വിശ്വവിഖ്യാതമായ ആ പോര്‍ട്രെയിറ്റുകളിലേക്ക് ആരാധനയോടെ മിഴിനട്ട് നിന്നുപോയിട്ടുണ്ട്. എന്നിട്ടും തൃപ്തിയായില്ല. ലൂവ്രിലെ ചെവിയറ്റ ആ പോര്‍ട്രെയിറ്റു കാണുന്നതുവരെ അതുണ്ടാവില്ളെന്ന് ജോയ്സക്കറിയാം. അറ്റുപോയ ചെവിയിലാണ് വാന്‍ഗോഗ് പൂര്‍ണനായത്. പ്രണയത്തിനുവേണ്ടി മുറിച്ചുകൊടുത്ത ചെവിയില്‍. ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ പ്രണയ സ്മാരകം ഏതാണെന്ന ചോദ്യത്തിന് ജോയ്സക്ക് ഒറ്റ ഉത്തരം മാത്രം, വിന്‍സന്‍റ് വാന്‍ഗോഗിന്‍െറ മുറിഞ്ഞ ചെവിയുടെ ആ സെല്‍ഫ് പോര്‍ട്രെയിറ്റ്.ജോയ്സയുടെ ചിത്രകലാസഞ്ചാരങ്ങളില്‍ വഴി നടത്തിയ ഗുരുക്കന്മാര്‍ ഏറെയാണ്. എന്നാല്‍ എല്ലാര്‍ക്കും മീതേ തേജോമയ രൂപമാണ് വാന്‍ഗോഗിന്‍േറത്. ബ്രഷിന്‍െറ ദേശാടനങ്ങള്‍ക്കിടയില്‍ എവിടെ വെച്ച് എങ്ങിനെ മനസില്‍ കയറിക്കുടിയതാണെന്ന് അറിയില്ല. പ്രണയമോ ആരാധനയോ, അതോ ആത്മീയമായ പ്രേരണയോ! ഏതായാലും ഒന്നറിയാം, ഈ ഇഷ്ടത്തിന്‍െറ തുടക്കം ഇന്ത്യന്‍ ചിത്രകലയിലെ വാന്‍ഗോഗായ എം.എഫ്. ഹുസൈനില്‍നിന്നാണ്.


ഒൗദ്യോഗിക പരിവേഷത്തിന് പുറത്ത് ലാളിത്യത്തിന്‍േറയും ജനപ്രിയതയുടേയും പുതിയ അധ്യായം രചിച്ചുകൊണ്ടിരിക്കുന്ന റിയാദ് ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജിന്‍െറ പത്നിയാണ് ജോയ്സ. സൗദിയിലെ ഇന്ത്യന്‍ മിഷന്‍െറ തലപ്പത്തെ രണ്ടാമനാണ് സിബി. ഒന്നര ദശകത്തിനിടയില്‍ ആ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളി. കോട്ടയം പാലായിലെ പൊടിമറ്റം കുടുംബാംഗം. അദ്ദേഹത്തിന്‍െറ ഒൗദ്യോഗിക വസതി സന്ദര്‍ശിക്കുന്നവര്‍ സ്വീകരണ മുറിയുടെ ഭിത്തികളില്‍ കണ്ണുടക്കി ഒരു നിമിഷം നിന്നുപോകും. ചിത്രകലയിലെ മികച്ച ആവിഷ്കാരങ്ങളിലേക്ക് കണ്ണുറപ്പിച്ച് അറിയാതെ ചോദിച്ചുപോകും, ആരാണ് ഈ ചിത്രങ്ങള്‍ക്ക് പിന്നിലെന്ന്. പ്രസന്നമായ മുഖം ഒന്നുകൂടി പ്രകാശിപ്പിച്ച് അദ്ദേഹം അകത്തേക്ക് വിരല്‍ ചൂണ്ടും. അവള്‍ തന്നെ, ജോയ്സ. അതേ അദ്ദേഹത്തിന്‍െറ പ്രിയ പത്നി പന്തളം പാമ്പുരത്തേ് കുടുംബാംഗം ജോയ്സ.ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ ഭര്‍ത്താവിനോടൊപ്പം നടത്തിയ ദേശാടനങ്ങളാണ് തനിക്കൊപ്പം ജനിച്ച ചിത്രകാരിയെ വളര്‍ത്തിയെടുക്കാന്‍ ജോയ്സയെ സഹായിച്ചത്. അമൂര്‍ത്തവും സമൂര്‍ത്തവുമായ സങ്കേതങ്ങള്‍ക്കിടയില്‍ ഇതിഹാസമായ വാന്‍ഗോഗ് ശൈലിയെ പ്രണയിച്ച് രചന നടത്തുന്ന ജോയ്സയെ പല രാജ്യങ്ങളിലേയും ചിത്രകലാ പാരമ്പര്യവും രചനാരീതികളും ചിത്രകാരന്മാരും സ്വാധീനിച്ചു. മനസില്‍ അടങ്ങിക്കിടന്ന താല്‍പര്യത്തേയും കഴിവിനേയും വര്‍ണക്കൂട്ടില്‍ ചാലിച്ച് കാന്‍വാസുകളുടെ ആകാശങ്ങളിലേക്ക് ഭാവനയുടെ ചിറകടിച്ച് പറന്നുയരാന്‍ പ്രാപ്തമാക്കിയത് വിഭിന്ന ദേശങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ക്കിടയില്‍ പകര്‍ന്നുകിട്ടിയ പരിജ്ഞാനവും പരിശീലനങ്ങളുമാണ്. 2004ല്‍ ഇസ്ലാമാബാദിലായിരിക്കെ പരിചയപ്പെട്ട പ്രശസ്ത പാകിസ്താനി ചിത്രകാരന്‍ ഇസ്മാഇല്‍ ഗുല്‍ജിയാണ് ആദ്യ ഗുരുവും പ്രചോദനവും. 2007ല്‍ അവിടെനിന്നുപോന്നതിനുശേഷമാണ് ആ വര്‍ഷം ഡിസംബറില്‍ അദ്ദേഹം കൊല്ലപ്പെട്ടത്. അതറിഞ്ഞപ്പോള്‍ ഒരുപാട് വേദനിച്ചു.അമേരിക്കയിലത്തെിയപ്പോള്‍ ചിത്രകലയുടെ ഒരു പറുദീസയില്‍ എത്തിയതുപോലെ തോന്നി. വാഷിങ്ടണിലേയും ന്യുയോര്‍ക്കിലേയുമൊക്കെ ഗാലറികളായി ജോയ്സയുടെ ശരിയായ ചിത്രകലാകളരികള്‍. വാഷിങ്ടണ്‍ ഡി.സിയില്‍ ചെലവഴിച്ച മൂന്നുവര്‍ഷത്തിനിടെ ഗാലറികളില്‍നിന്ന് ഗാലറികളിലേക്ക് മതിവരാതെ നടത്തിക്കൊണ്ടിരുന്ന ചിത്രകലാസഞ്ചാരങ്ങളാണ് ധൈര്യം പകര്‍ന്നത്. റിയലിസ്റ്റിക്, പോസ്റ്റ് ഇംപ്രഷണലിസ പ്രസ്ഥാനങ്ങളെ പരിചയപ്പെട്ടത് ധാരണയിലും മുന്‍വിധികളിലും വലിയ മാറ്റങ്ങളുടെ ചുഴലികള്‍ സൃഷ്ടിച്ചു. രവിവര്‍മ മാതൃകയില്‍ എന്നോ മനസില്‍ താനെ വരഞ്ഞുകിടന്ന കേരളത്തിന്‍െറ ഒരു ലാന്‍റ് സ്കേപ് കാന്‍വാസിലേക്ക് പകര്‍ന്നുകൊണ്ടായിരുന്നു തുടക്കം.
വാഷിങ്ടണ്‍ ഡി.സിക്ക് സമീപം മെറിലാന്‍റിലെ പ്രശസ്തമായ മോണ്ട്ഗോമറി കോളജില്‍നിന്ന് ആര്‍ട്ടില്‍ മൂന്നുവര്‍ഷത്തെ ഡിപ്ളോമ നേടിയതോടെ വര തെളിഞ്ഞു. ആശയഗതിയിലും സ്വീകരിക്കുന്ന സങ്കേതത്തിലും മാധ്യമത്തിലും വന്ന മാറ്റം രചനകളില്‍ പ്രതിഫലിച്ചു. ഇടക്കെപ്പോഴോ വാന്‍ഗോഗ് മനസില്‍ കുടിയേറി. ഫിലാഡെല്‍ഫിയ ആര്‍ട്ട് മ്യൂസിയത്തില്‍ വിശ്വവിഖ്യാതമായ സൂര്യകാന്തിയും മെട്രോപൊളിറ്റന്‍ മ്യൂസിയത്തില്‍ സെല്‍ഫ് പോര്‍ട്രെയിറ്റുകളും കണ്ടതോടെ ആരാധന തീവ്രമായി. എം.എഫ് ഹുസൈനോട് നേരത്തെ തന്നെ ഇഷ്ടമുണ്ടായിരുന്നതിനാല്‍ വാന്‍ഗോഗിലേക്കുള്ള പ്രയാണത്തിന് തീവ്രതയേറെയായിരുന്നു.ജീവിത നായകന്‍െറ വാഷിങ്ടണിലെ നയതന്ത്ര ദൗത്യകാലം അവസാനിക്കുമ്പോഴേക്കും തന്‍െറ ചിത്രകല അഭിനിവേഷത്തിന്‍െറ അമേരിക്കന്‍ സ്വാംശീകരണം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ഇനിയൊരു തിരിച്ചുപോക്കുണ്ടായില്ളെങ്കിലും നഷ്ടബോധമുണ്ടാവാത്ത വിധം അമേരിക്കയില്‍നിന്ന് കിട്ടാവുന്നതെല്ലാം സ്വായത്തമാക്കാന്‍ ജോയ്സയിലെ ചിത്രകാരി ശ്രദ്ധവെച്ചത് നേട്ടമായി. പക്ഷെ, മെട്രോപൊളിറ്റന്‍ ആര്‍ട്ട് മ്യൂസിയത്തിലേയും നാഷണല്‍ ആര്‍ട്ട് ഗാലറിയിലേയും ദശലക്ഷക്കണക്കിന് വിശ്രുത പെയിന്‍റിങ്ങുകള്‍ മനസില്‍ കുടിയേറി കൂടെപോന്നതിനാല്‍ ഒരു ഗൃഹാതുരത ഇപ്പോഴും ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. അതുണ്ടാക്കുന്ന നഷ്ടബോധത്തിന് കാരണമുണ്ട്, അതുപോലുള്ള ചിത്രകലാഗാലറികള്‍ പിന്നീടെങ്ങും കാണാനായിട്ടില്ല എന്നതുതന്നെ.അടുത്ത യാത്ര ഇറാനിലേക്കായിരുന്നു. ജോയ്സയിലെ ചിത്രകാരിയുടെ യഥാര്‍ഥ പുഷ്കല കാലവും അവിടെയായിരുന്നു. 2010ലാണ് തെഹ്റാനിലത്തെിയത്. പഴയ പേര്‍ഷ്യയുടെ ചിത്രകലാപാരമ്പര്യത്തെ അടുത്തറിഞ്ഞതോടെ മനവും മാനവും മാറി. പ്രശസ്ത ഇറാനിയന്‍ ചിത്രകാരന്‍ ഡോ. നുസ്രത്തുല്ല മുസലമിയാനാണ് എല്ലാ അര്‍ത്ഥത്തിലും ചിത്രകലയിലെ യഥാര്‍ത്ഥ ഗുരു. പാകിസ്താനിലെ ഇസ്മാഇല്‍ ഗുല്‍ജിയില്‍ തുടങ്ങുന്ന ഗുരുപരമ്പര അവസാനിക്കുന്നത് അദ്ദേഹത്തിലാണ്. വിസ്മയമാണ്, വൈജ്ഞാനിക ഭണ്ഡാരമാണ് മുസലമിയാന്‍. ചിത്രകലയിലെ അക്കാദമിക് അതികായന്‍. എല്ലാ അര്‍ഥത്തിലും ഗുരുവന്ദ്യന്‍. അദ്ദേഹത്തില്‍നിന്ന് ഒരുപാട് പഠിച്ചു.ഭര്‍ത്താവ് സിബി ജോര്‍ജിന്‍െറ ഒൗദ്യോഗിക പരിവേഷം ഓരോ നാട്ടിലത്തെുമ്പോഴും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തരായവരുടെ പരിചയവും സൗഹൃദവും നേടിത്തന്നു. ചിത്രകലാപരിപോഷണത്തിന് അത് വലിയ സഹായകമായി. ദേശാടനങ്ങള്‍ക്കിടയില്‍ അക്രിലികിലും എണ്ണച്ചായത്തിലുമായി 100ലേറെ പെയിന്‍റിങ്ങുകളാണ് പൂര്‍ത്തിയാക്കിയത്. ഇന്ത്യാ വിഭജനത്തിന്‍െറ ഒരിക്കലുമുണങ്ങാത്ത മുറിപ്പാടുകളില്‍നിന്ന് ചോരയൊലിക്കുന്ന ചിത്രം ചെയ്യുമ്പോള്‍ മനസ് പിടഞ്ഞുപോയെന്ന് ജോയ്സ പറഞ്ഞു. വര്‍ഗീയലഹളകള്‍ സൃഷ്ടിക്കുന്ന മനുഷ്യരുടെ കൂട്ടപാലയനമാണ് ആ ചിത്രത്തില്‍. മെട്രോപൊളിറ്റന്‍ മ്യൂസിയത്തില്‍ കണ്ട മഞ്ഞതൊപ്പിയുള്ള വാന്‍ഗോഗിന്‍െറ പോര്‍ട്രെയിറ്റ് മനസില്‍ കുടിയേറുകയും അത് പിന്നീട് സ്വന്തം നിലക്ക് കാന്‍വാസിലേക്ക് പകര്‍ത്തുകയും ചെയ്തു. സ്ത്രീ പീഡനങ്ങള്‍ക്കെതിരെയുള്ള മാനസിന്‍െറ രോഷവും നോവും കടുംവര്‍ണക്കൂട്ടില്‍ ചാലിച്ചെഴുതിയ ചിത്രങ്ങളും ഒന്നിലേറെ. വിവിധ വിഷയങ്ങളില്‍ നിരവധി പെയിന്‍റിങ്ങുകളാണ് സമ്പാദ്യം. അമേരിക്കയില്‍ ചിത്രകല അഭ്യസിച്ച കോളജില്‍ തന്നെ 25 ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്തി. പിന്നെ ഒരു അവസരം കിട്ടിയത് ഇറാനിലാണ്. ഇന്ത്യയില്‍നിന്നത്തെിയ രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ആര്‍ട്ട് ഗ്രൂപ്പിനോടൊപ്പം ചേര്‍ന്ന് ടെഹ്റാനിലെ ഒരു വലിയ പ്രദര്‍ശനത്തില്‍ കുറച്ചേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.പാകിസ്താന്‍, അമേരിക്ക, ഇറാന്‍. തന്നിലെ ചിത്രകാരിയെ വളര്‍ത്തിയത് ഈ മൂന്നു രാജ്യങ്ങളിലേയും ജീവിതങ്ങളാണ്. അതിനുശേഷം എത്തിയത് ദോഹയിലാണ്. അഭിനിവേഷങ്ങളുടെ പാരമ്യമായ സാഫല്യങ്ങള്‍ ഇറാനില്‍ സംഭവിച്ചുകഴിഞ്ഞു എന്ന തോന്നലിലാവണം ദോഹയില്‍ അത്ര സജീവമാകാന്‍ കഴിഞ്ഞില്ല. ഒടുവില്‍ സൗദിയില്‍ എത്തിയപ്പോള്‍ വീണ്ടും താല്‍പര്യം ജനിക്കുന്നു. മരുഭൂമി വല്ലാതെ പ്രചോദിപ്പിക്കുന്നുണ്ട്. അറബി ആര്‍ട്ടും കാലിഗ്രാഫിയും എന്നും പുഷ്പിച്ചുനില്‍ക്കുന്ന മരുഭൂമിയില്‍ ചിത്രകലക്ക് വലിയ സ്ഥാനമാണുള്ളത്. സൗദിയില്‍ ഒട്ടേറെ ചിത്രകാരന്മാരും ചിത്രകാരികളും ഉണ്ടെന്ന് അറിയുന്നു. മുന്‍ അംബാസഡര്‍ തല്‍മീസ് അഹ്മദിന്‍െറ പത്നി സുനിത മൈനീ അഹ്മദും സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ മകള്‍ ആദില രാജകുമാരിയും ചേര്‍ന്ന് ഇന്ത്യ-സൗദി ചിത്രകാരികളുടെ ഒരു വലിയ പ്രദര്‍ശനം റിയാദില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചിരുന്നു എന്നറിഞ്ഞത് റിയാദിലത്തെിയശേഷമാണ്. സൗദിയിലെ ദേശീയ പ്രശസ്തരായ 30ലേറെ പ്രശസ്ത ചിത്രകാരികളാണത്രെ അതില്‍ പങ്കെടുത്തത്. ഇന്ത്യന്‍ ചിത്രകാരികള്‍ 16ഉം. നേരത്തെ എത്താനായില്ലല്ളോ എന്നൊരു നഷ്ടബോധം തോന്നാതിരുന്നില്ല.

സിബി ജോര്‍ജ് - ജോയ്സ ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്: എല്‍ഹിത, ആയില്യ, വക്കന്‍.

Saturday, August 31, 2013

ഉറുമ്പുകളെ പോലെ ഈ ഹിന്ദികള്‍‘ഒരു ലക്ഷത്തി മുപ്പത്തയ്യായിരം റിയാല്‍!’
ചെറിയ കപ്പുകളിലേക്ക് ഗഹ്വ പകര്‍ന്നുകൊണ്ട് അദ്ദേഹം തുടര്‍ന്നു
‘ശരിക്കും ഞാന്‍ പേടിച്ചുപോയി! ‘എനിക്കതിനുള്ള വരുമാനമില്ലല്ളോ. ജയിലിലും ആശുപത്രിയിലുമായി കഴിയുന്ന വര്‍ക്കി എന്തു ചെയ്യാനാണ്?
എന്‍െറ വിഷമം കണ്ടിട്ടാണ്, ജയിലിലെ ക്യാപ്റ്റന്‍ പറഞ്ഞു, നീ പേടിക്കണ്ട, ഹിന്ദികള്‍ ഉറുമ്പുകളെ പോലെയാണ്’
തമര്‍ നിറച്ച പാത്രം ഞങ്ങളുടെ അരികിലേക്ക് നീക്കിക്കൊണ്ട് അദ്ദേഹം മതിപ്പ് കലര്‍ന്ന ഭാഷയില്‍ പറഞ്ഞു.
‘ഉറുമ്പുകള്‍ ആഹാരം ശേഖരിക്കുന്നതുപോലെ സഹകരണമുള്ളവരാണ് ഹിന്ദികളെന്നാണ് കാപ്റ്റന്‍ പറഞ്ഞത്. ഹിന്ദികള്‍ അവര്‍ക്കിടയില്‍നിന്നു തന്നെ പണം ശേഖരിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടോളും. കൂട്ടായ്മകളായി പ്രവര്‍ത്തിക്കുന്ന അവര്‍ അഞ്ചു റിയാല്‍ വീതമെടുത്താല്‍ തീരുന്നതാണ് നിന്‍െറയും വര്‍ക്കിയുടേയും പ്രശ്നം. ഇങ്ങിനെ ആ ജയില്‍ കാപ്റ്റന്‍ പറഞ്ഞുകേട്ടപ്പോള്‍ എനിക്ക് ആശ്വാസമാണ് തോന്നിയത്. അതിനുശേഷമാണ് ശരിക്കും എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞത് -അദ്ദേഹം പറഞ്ഞുനിറുത്തി. ഒഴിഞ്ഞ കപ്പുകളിലേക്ക് വീണ്ടും ഗഹ്വ പകര്‍ന്നു.
കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളുടെ ഒരു ചെറുകിട കരാറുകാരനാണ് ആ സൗദി പൗരന്‍. റിയാദിന്‍െറ പ്രാന്തത്തിലുള്ള അല്‍ഖര്‍ജ് പട്ടണത്തില്‍ അദ്ദേഹത്തിന്‍െറ വീട്ടിലെ അതിഥിപുരയിലിരിക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങളെന്നാല്‍, ഈ ലേഖകന്‍, മാധ്യമ സഹപ്രവര്‍ത്തകന്‍ ഷക്കീബ് കൊളക്കാടന്‍, ജീവകാരുണ്യ പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാട്. അല്‍ഖര്‍ജ് കിങ്ങ് ഖാലിദ് ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് കൊണ്ടിരുന്ന മലയാളി വര്‍ക്കിമാത്യുവിനെ കുറിച്ച് സംസാരിക്കാനാണ് ഞങ്ങളവിടെ പോയത്. ആ ശരീരത്തില്‍നിന്ന് ജീവന്‍ പറന്നകലും മുമ്പ് നാട്ടില്‍ കണ്ണീരും പ്രാര്‍ഥനയുമായി കാത്തിരിക്കുന്ന ഭാര്യയുടേയും കുട്ടികളുടേയും അടുത്തത്തെിക്കണം. അതിനുവേണ്ടി അയാളുടെ സ്പോണ്‍സറായ അദ്ദേഹം ഒന്നു മനസുവെക്കണം. ക്രൂരനായ സ്പോണ്‍സറുടെ മനുഷ്യത്വമില്ലാത്ത നിലപാടുകൊണ്ടാണ് യാത്ര വൈകുന്നതെന്ന തെറ്റിദ്ധാരണയാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ അവിടെയത്തെി അദ്ദേഹത്തെ കണ്ട് സംസാരിച്ചപ്പോള്‍ വസ്തുതകള്‍ ബോധ്യപ്പെട്ടു. വര്‍ക്കി മാത്യു വെറുമൊരു രോഗിയല്ല. നിസാരമല്ലാത്ത ഒരു കേസില്‍ ശിക്ഷാവിധിക്ക് അര്‍ഹനായ അല്‍ഖര്‍ജ് സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയാണ്. വാഹനാപകടത്തിലെ പരുക്കും നേരത്തെ തന്നെയുണ്ടായിരുന്ന പ്രമേഹമുള്‍പ്പടെയുള്ള രോഗങ്ങളുടെ മൂര്‍ദ്ധന്യതയും ദുരന്തങ്ങളുടെ വേട്ടയാടലില്‍ നിലതെറ്റിയ മനസുമായി പകുതി പ്രജ്ഞയിലാണെങ്കിലും കനത്ത പൊലീസ് കാവലിലാണ് ആശുപത്രിയില്‍ കഴിയുന്നതുപോലും.
ആ സൗദി പൗരന്‍െറ സ്പോണ്‍സര്‍ഷിപ്പില്‍ കുടിവെള്ള ടാങ്കറിന്‍െറ ഡ്രൈവറായിരുന്നു വര്‍ക്കി മാത്യൂ. ഒരു രാത്രി, അലച്ചലിന്‍െറ ക്ഷീണത്തില്‍ വര്‍ക്കിയുടെ കണ്ണൊന്ന് മാടിപ്പോയപ്പോള്‍ ടാങ്കര്‍ ചെന്നിടിച്ചത് ഇലക്ട്രിക് കെ.വി ലൈനിന്‍െറ താങ്ങായ വലിയ ഈഫല്‍ ടവറില്‍. ടവര്‍ തകര്‍ന്നു, വലിയൊരു പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം നിലച്ചു. ടാങ്കറും പാടെ തകര്‍ന്നുപോയി. വര്‍ക്കിക്ക് സാരമായ പരിക്കേറ്റു. അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ നിലയൊന്നു മെച്ചപ്പെട്ടപ്പോള്‍ തന്നെ അപകട കേസിലെ പ്രതിയെന്ന നിലയില്‍ വര്‍ക്കിയെ ജയിലിലേക്കുമാറ്റി.
ഇലട്രിക് ലൈനിന്‍െറ ഉടമസ്ഥരായ സൗദി ഇലക്ട്രിക്കല്‍ കമ്പനി വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒടുവില്‍ കോടതി വിധിച്ചതാണ് ഒരു ലക്ഷത്തി മുപ്പത്തയ്യായിരം റിയാല്‍. ഇതുകൂടി അറിഞ്ഞതോടെ വര്‍ക്കിയുടെ നില തെറ്റി. പരിക്കിന് പുറമെ ഉണ്ടായിരുന്ന അസുഖങ്ങളും കയറി വഷളായി. അങ്ങിനെയാണ് വീണ്ടും ആശുപത്രിയിലത്തെിയത്. വര്‍ക്കിയുടെ പ്രജ്ഞയറ്റതോടെ ടാങ്കറിന്‍െറ ഉടമയും വര്‍ക്കിയുടെ സ്പോണ്‍സറുമെന്ന നിലയില്‍ ആ സൗദി പൗരനായി കേസിലെ അടുത്ത പ്രതി. ഭാരിച്ച പിഴത്തുക സാധാരണക്കാരനായ അദ്ദേഹത്തിന് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല.
കേസുനടപടികള്‍ അങ്ങിനെ തുടരുമ്പോള്‍ തന്നെ മറ്റൊരു മാനുഷികപ്രശ്നം ഉയര്‍ന്നുവന്നു. അര്‍ദ്ധബോധാവസ്ഥയിലാണെങ്കിലും ജീവനോടെ ഒരുനോക്ക് കാണാന്‍ കുടുംബത്തിന് വര്‍ക്കിയെ എത്തിച്ചുകൊടുക്കാന്‍ ചുമതലയേറ്റെതാണ് ശിഹാബ് കൊട്ടുകാട്. വര്‍ക്കിയുടെ കഥ കേട്ട് മനസുനൊന്തപ്പോള്‍ ശിഹാബിനോടൊപ്പം ഇറങ്ങിത്തിരിച്ചതാണ് ഞങ്ങളും. ശിഹാബിന്‍െറയും ഇന്ത്യന്‍ എംബസിയുടേയും ഇടപെടലിന്‍െറ ഫലമായി സൗദി ഇലക്ട്രിക്കല്‍ കമ്പനി ആ തുക വേണ്ടെന്ന് വെച്ചതും എന്നാല്‍ അപ്പോഴേക്കും ആശുപത്രിയില്‍ കിടന്നുതന്നെ വര്‍ക്കി എന്നന്നേക്കുമായി കണ്ണടച്ചതുമെല്ലാം ആ കഥയുടെ അനന്തര സംഭവങ്ങള്‍.
‘ഹിന്ദികള്‍ ഉറുമ്പുകളെ പോലെയാണ്’ എന്ന സൗദി ജയില്‍ കാപ്റ്റന്‍െറ ആ പ്രസ്താവന വാസ്തവത്തില്‍ ഇന്ത്യന്‍ സംഘബോധത്തിന് ഒരു അന്യനാട്ടുകാരനില്‍നിന്ന് ലഭിക്കുന്ന വലിയ ബഹുമതിയാണ്. ഉറുമ്പുകളുടെ സാമൂഹിക ജീവിതത്തെ നമുക്കറിയാം. അവ ആഹാരം തേടുന്നത്, അക്രമങ്ങളെ പ്രതിരോധിക്കുന്നത് എല്ലാം. ജീവിതത്തിന്‍െറ നന്മക്ക് വേണ്ടിയുള്ള അവയുടെ പരസ്പര സഹകരണം ഇന്ത്യക്കാര്‍ക്കുണ്ടെന്ന ഒരു സൗദി ജയില്‍ കാപ്റ്റന്‍െറ നിരീക്ഷണം വസ്തുതകളുടെ ആത്മാവിനെ സ്പര്‍ശിക്കുന്നതാണ്. ജീവിക്കാന്‍ വേണ്ടി ജനിച്ച നാട്ടില്‍നിന്ന് അന്യനാടുകളിലേക്ക് ഓടിപ്പോന്ന സമൂഹങ്ങള്‍ കൊയ്തെടുത്ത നേട്ടങ്ങള്‍ക്ക് ദുരിതങ്ങളുടെ കണ്ണീര്‍ നനവുണ്ട്. ആദ്യദിനം മുതല്‍ അര ശതകത്തിനിപ്പുറവും ദുരിതങ്ങളുടെ കണക്കെടുപ്പുകൂടിയാണ് പ്രവാസത്തിന്‍െറ ഭൂതവും വര്‍ത്തമാനവും. ജീവിത വിജയങ്ങളുടെ ചക്രവാളങ്ങളിലേക്ക് പറന്നത്തെിയവരേക്കാള്‍ കൂടുതല്‍ പേര്‍ ചിറകറ്റ് നിലംപതിച്ചു. നിലംപതിക്കുംമുമ്പ് താങ്ങി സംരക്ഷിക്കാനും നിലംപതിച്ചവരെ ജീവിതത്തിലേക്ക് വീണ്ടെടുക്കാനും മരിച്ചുവീണവരെ യഥോചിതം പട്ടടയിലേക്കെടുക്കാനും ജീവകാരുണ്യത്തിന്‍െറ കരങ്ങള്‍ നീണ്ടുതുടങ്ങിയതിനും പ്രവാസത്തോളം പഴക്കമുണ്ട്.
അത്ര തന്നെ പഴക്കമുണ്ട് സൗദി അറേബ്യന്‍ ജനതയുടെ മനസില്‍ ഇന്ത്യയോടും ഇന്ത്യക്കാരോടുമുള്ള മമതക്കും, ചില ‘ആടുജീവിതങ്ങളും’ ‘ഗദ്ദാമ’ കഥകളും അപവാദങ്ങളെന്ന് പറയാനുണ്ടായിട്ടുണ്ടെങ്കിലും. 2006ല്‍ ദല്‍ഹിയില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ‘ഇന്ത്യ എന്‍െറ രണ്ടാമത്തെ വീടാ’ണെന്ന് ഹൃദയത്തില്‍തൊട്ട് പ്രഖ്യാപിച്ചതിനുശേഷം ആ പിരിശത്തിന് ഏറ്റവുമുണ്ടായി. ഒരു വ്യാഴവട്ടത്തെ പ്രവാസത്തിനിടയില്‍ വാക്കിലും വാഴ്വിലും അനുഭവിക്കാന്‍ കഴിഞ്ഞ അത്തരത്തിലെ നിരവധി സന്ദര്‍ഭങ്ങളിലൊന്നാണ് ഇത്.

ഗള്‍ഫ് മാധ്യമം സ്വാതന്ത്ര്യദിന സപ്ളിമെന്‍റ് 2013

Thursday, July 18, 2013

അബൂഫൈസല്‍


ജാഹിലിയാകാലത്തെ അറേബ്യന്‍ പ്രണയകഥയിലെ നായിക ഉനൈസയുടെ പേരുള്ള നാട്ടില്‍ നിന്നായിരുന്നു അബൂ ഫൈസലും വന്നത്. സൗദി അറേബ്യയുടെ അല്‍ഖസീം പ്രവിശ്യയിലെ പഴയൊരു പട്ടണം. അബൂഫൈസലിന്‍െറ പ്രണയത്തിന് ഞങ്ങള്‍ ഒരു ഇതിഹാസകഥയുടെ പരിവേഷംനല്‍കിയത് അതുകൊണ്ടാണ്. ഉനൈസയെ പ്രണയിച്ച ഇംറുല്‍ ഖൈസിനെ ഞങ്ങള്‍ അബൂഫൈസലില്‍ കണ്ടു

അബൂഫൈസല്‍
ഞങ്ങളുടെ കഫീല്‍ (തൊഴിലുടമ) അഹ്മദ് മുഹമ്മദ് അല്‍റദൈനിയുടെ വിളിപ്പേര് അതായിരുന്നു.
ഫൈസലിന്‍െറ ബാപ്പ!
കമ്പനിയിലെ ടെലിഫോണിലേക്ക് ചിലപ്പോഴെങ്കിലും വരാറുള്ള ഒരു ആര്‍ദ്ര ശബ്ദവും അതുതന്നെ ചോദിച്ചു.
‘‘ഫേന്‍ അബൂഫൈസല്‍?’’ (അബൂഫൈസല്‍ എവിടെ?)
അത് അദ്ദേഹത്തിന്‍െറ ഭാര്യയായിരുന്നു.
ഗൂoeമായൊരു പ്രണയബന്ധത്തില്‍ കുരുങ്ങിക്കിടക്കുന്ന ഭര്‍ത്താവിന്‍െറ മൊബൈല്‍ഫോണ്‍ നിശ്ശബ്ദമാകുമ്പോഴെല്ലാം സി.സി സെന്‍റര്‍ എന്ന അദ്ദേഹത്തിന്‍െറ പരസ്യക്കമ്പനിയിലേക്ക് ഒട്ടൊരു ആകുലതയോടെ ആ ഫോണ്‍വിളി വന്നു. വിഷാദത്തിന്‍െറ നനവുണ്ടാകുമായിരുന്നു ആ ശബ്ദത്തിന്. ഫ്രണ്ടോഫിസില്‍ മറ്റാരുമില്ലാത്തതിനാല്‍ ഞാനായിരുന്നു മറുപടി പറഞ്ഞത്.
സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായ അദ്ദേഹം ഉച്ചക്ക് സ്കൂളില്‍നിന്നിറങ്ങി മിക്കപ്പോഴും സി.സി സെന്‍ററിലേക്ക് വന്നു. ഭര്‍ത്താവ് അവിടെയത്തെിയോ എന്നറിയുക എന്നതിനപ്പുറം ആ വിളിക്ക് മറ്റൊന്നും വേണ്ടിയിരുന്നില്ല. അബൂഫൈസലിനെ കണക്ട് ചെയ്യാന്‍ ഒരിക്കലും ആവശ്യപ്പെട്ടതുമില്ല.
എന്നാല്‍, ആ വിളി അറ്റന്‍ഡ് ചെയ്യല്‍ എനിക്ക് ഗൂoeമായൊരു ആഹ്ളാദമായിരുന്നു.
അറബിപെണ്ണുങ്ങളെല്ലാം അതീവസുന്ദരികളാണെന്ന ധാരണയില്‍ ചെറുപ്പത്തിന്‍െറ കൗതുകമുണര്‍ന്നകാലം. ആര്‍ദ്രത മുറ്റിയ ആ പെണ്‍ശബ്ദം വല്ലാത്തൊരു ആകര്‍ഷണമായി. ഭക്ഷണംപോലെ പെണ്ണും വലിയ കൊതിയായിത്തീര്‍ന്നത് മരുഭൂമിയില്‍വന്നിട്ടാണല്ളോ എന്ന് എം. മുകുന്ദന്‍െറ ‘പ്രവാസം’ നോവലിലെ എന്‍ജിനീയര്‍ ഗോപാലനെപോലെ ഞാനും വിസ്മയിച്ചു.
വളരെ ചെറുപ്പമായിരുന്നെങ്കിലും അബൂഫൈസല്‍ ‘ടാ തടിയാ’ എന്ന ദുരവസ്ഥയില്‍ 120 കിലോയിലേറെ ഭാരവും വഹിച്ചാണ് ജീവിച്ചത്. യുവത്വത്തിന്‍െറ പ്രസരിപ്പിനെ അമിത കൊഴുപ്പിന്‍െറ ആലസ്യം കാണുന്നിടത്തെല്ലാം ചടച്ചിട്ടു. ഫോണിലത്തെുന്ന ആര്‍ദ്രശബ്ദത്തിന്‍െറ ഉടമയും ഒട്ടും മോശമായിരുന്നില്ല. ചേരുംപടി ചേര്‍ക്കപ്പെട്ട ദമ്പതികളാണെന്ന് അദ്ദേഹത്തിന്‍െറ ഹോണ്ട അക്കോര്‍ഡ് കാറിന്‍െറ ഇടതുസൈഡില്‍ പലപ്പോഴും നിറഞ്ഞിരുന്ന കറുത്ത തുണിക്കെട്ട് ഞങ്ങളെ ബോധ്യപ്പെടുത്തി.
മെലിഞ്ഞു സുന്ദരിയായ ഒരു കുവൈത്തി വംശജയാണ് അബൂഫൈസലിന്‍െറ കാമുകിയെന്ന് കമ്പ്യൂട്ടര്‍ ടെക്നീഷ്യനായ വര്‍ക്കല സ്വദേശി കുമാറാണ് പറഞ്ഞത്. കമ്പനിയില്‍ പാര്‍ട്ട് ടൈം പണിക്ക് വന്നിരുന്ന കുമാറിന് കഫീലിനോട് ഏറെ അടുപ്പമുണ്ടായിരുന്നു. കാണാമറയത്തെ ആ കാമുകി ഞങ്ങളുടെ കമ്പനിപരിസരത്ത് ഒരു അദൃശ്യസാന്നിധ്യമായി നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്. അവിടെ ചൂഴ്ന്നുനിന്ന കാറ്റിനുപോലും പ്രണയത്തിന്‍െറ സൗരഭ്യമുണ്ടെന്ന് ഞങ്ങള്‍ക്കുതോന്നി. അബൂഫൈസല്‍ വരുമ്പോഴൊക്കെ വായുവില്‍ പുരളുന്നത് പ്രണയമണമായി അവിടെതന്നെ ചൂഴ്ന്നുനിന്നു.


ജാഹിലിയാകാലത്തെ അറേബ്യന്‍ പ്രണയകഥയിലെ നായിക ഉനൈസയുടെ പേരുള്ള നാട്ടില്‍നിന്നായിരുന്നു അബൂഫൈസലും വന്നത്. സൗദി അറേബ്യയുടെ അല്‍ഖസീം പ്രവിശ്യയിലെ പഴയൊരു പട്ടണം. അബൂഫൈസലിന്‍െറ പ്രണയത്തിന് ഞങ്ങള്‍ ഒരു ഇതിഹാസകഥയുടെ പരിവേഷംനല്‍കിയത് അതുകൊണ്ടാണ്. ഉനൈസയെ പ്രണയിച്ച ഇംറുല്‍ ഖൈസിനെ ഞങ്ങള്‍ അബൂഫൈസലില്‍ കണ്ടു. ഡ്യൂട്ടിസമയം കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് വേറെ പണിയൊന്നുമുണ്ടായിരുന്നില്ലല്ളോ. അന്യന്‍െറ പ്രണയകഥകളില്‍ തൊങ്കലുകള്‍ തുന്നിപ്പിടിപ്പിക്കാനെന്താ രസം!
ഷാജഹാന്‍ മുംതാസിനുവേണ്ടി പണിത താജ്മഹല്‍പോലെ അബൂഫൈസല്‍ പ്രണയിനിക്കുവേണ്ടി തുടങ്ങിയതാണ് പരസ്യ കമ്പനിയെന്ന് കുമാര്‍ ഇടക്കെല്ലാം താമശപറഞ്ഞു. പ്രിയ പത്നിയുടെ പ്രണയത്തിന്‍െറ ഓര്‍മക്കുമുന്നില്‍ സമര്‍പ്പിക്കപ്പെട്ട താജ്മഹലല്ല, തീവ്രപ്രണയത്തിനുവേണ്ടി വാന്‍ഗോഗ് അറുത്തെറിഞ്ഞ ചെവിയാണതെന്ന് ഒടുവില്‍ ഞങ്ങള്‍ സി.സി സെന്‍ററിനെ പഴിക്കാന്‍ തുടങ്ങി. മാസങ്ങളായി ശമ്പളം മുടങ്ങി. കിട്ടിയ വിലയ്ക്ക് കമ്പനി വിറ്റൊഴിച്ച്, വാങ്ങിയ കമ്പനിക്ക് ഞങ്ങളെ വിറ്റ് കഫീലും മലയാളി മാനേജരും സലാം പറഞ്ഞുപിരിഞ്ഞു.
കടലിനക്കരെയുള്ള ജീവിതപ്പച്ചതേടി നാടുവിട്ട ഞങ്ങള്‍ കുറച്ചുപേര്‍ക്ക് മരുഭൂമിയില്‍ തണലിട്ട അബൂഫൈസല്‍ എന്ന ആദ്യത്തെ തൊഴിലുടമയെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ കണ്ണീര്‍പൊടിയാറുണ്ട്. അവസാനം കാണുമ്പോള്‍ പ്രണയകഥയിലെ നായകന്‍െറ പരിവേഷമൊന്നും അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞില്ല. സങ്കല്‍പിച്ചുകൂട്ടിയതിനൊക്കെ വിരുദ്ധമായ കാഴ്ച. വിഷാദംനിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ അദ്ദേഹം എന്നോട് ചോദിച്ചു: നിനക്ക് ഓര്‍മയില്ളേ, എന്‍െറ ആ വലിയ വീട്. ഇപ്പോള്‍ ഞാനും എന്‍െറ കുടുംബവും കഴിയുന്നത് കണ്ടില്ളേ, എലികളുടെ മാളംപോലത്തെ ഈ ഫ്ളാറ്റില്‍.
പ്രവാസികളുടെ തീക്ഷ്ണമായ മണലെഴുത്തുകളിലെങ്ങും മണല്‍ക്കാട്ടില്‍ തണലേകിയ കഫീലന്മാരുടെ ദുരിതകഥകള്‍ വായിക്കാനിടയായിട്ടില്ല, വേദനകളും ആര്‍ത്തനാദങ്ങളും നിറഞ്ഞ പ്രവാസികളുടെ ആടുജീവിതങ്ങളല്ലാതെ. എന്നാല്‍, എനിക്ക് പതിവുതെറ്റിക്കേണ്ടിവരുന്നു.


സി.സി സെന്‍ററില്‍ ജോലിക്കത്തെിയ ഞങ്ങള്‍ എല്ലാ വിദേശികളും പിന്നീട് നല്ല ജീവിതം കരുപ്പിടിപ്പിച്ചു. എന്നാല്‍, തന്‍െറ വലിയ വീടും കമ്പ്യൂട്ടര്‍ സെന്‍ററും സമ്പാദ്യങ്ങളുമെല്ലാം വിറ്റ് ആ സ്ഥാപനം തുടങ്ങിയ അബൂഫൈസലോ?
റിയാദ് നഗരത്തിന്‍െറ പ്രധാന കേന്ദ്രങ്ങളിലൊന്നില്‍തന്നെ സാമാന്യം നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പ്യൂട്ടര്‍ സെന്‍റര്‍ അബൂഫൈസലിനുണ്ടായിരുന്നു. എപ്പോഴോ, എവിടെവെച്ചോ പരിചയപ്പെടാനിടയായ മലയാളി മാനേജര്‍ പ്രമുഖ പരസ്യക്കമ്പനിയിലെ തന്‍െറ നീണ്ടകാലത്തെ പരിചയസമ്പത്ത് പറഞ്ഞുബോധ്യപ്പെടുത്തിയാണ് അദ്ദേഹത്തെക്കൊണ്ട് പരസ്യക്കമ്പനി തുടങ്ങിപ്പിച്ചത്. ഒറ്റമുറിയിലൊതുങ്ങുന്ന കമ്പ്യൂട്ടര്‍ സെന്‍ററിനെക്കാള്‍ ഒരു വലിയ കെട്ടിടത്തോളം വലുപ്പമുള്ള പരസ്യക്കമ്പനിയിലേക്കുള്ള മാറ്റം ജീവിതനിലവാരത്തില്‍ ഉയര്‍ച്ചയും സമൂഹത്തില്‍ അന്തസ്സും വര്‍ധിപ്പിക്കും എന്ന് അദ്ദേഹം ധരിച്ചുവശായിട്ടുണ്ടാകാം. ഇനിയൊരുപക്ഷേ, കുമാര്‍ പറഞ്ഞതുപോലെ കാമുകിയില്‍ മതിപ്പുണ്ടാക്കാന്‍ ചെയ്തതുമാവാം.
കഫീലിന് റിയാദ് നഗരത്തില്‍ സ്വന്തമായി വലിയൊരു വീടുണ്ടായിരുന്നതും വില്‍ക്കേണ്ടിവന്നു. വിറ്റ വീട്ടില്‍നിന്ന് സാധനങ്ങള്‍ മാറ്റാന്‍ ഞങ്ങള്‍ പോയിരുന്നു. വീടും കമ്പ്യൂട്ടര്‍ സെന്‍ററുമൊക്കെ വിറ്റുകിട്ടിയ പണംകൊണ്ടാണ് പരസ്യക്കമ്പനി തുടങ്ങിയത്. മുങ്ങാന്‍ തുടങ്ങിയ കപ്പല്‍ കൃത്യം മൂന്നാമത്തെ വര്‍ഷം മറ്റൊരു കമ്പനിക്ക് വില്‍ക്കാന്‍ കഴിഞ്ഞത് ആരുടെ ഭാഗ്യം? ഏതായാലും അബൂഫൈസലിന്‍േറതായിരുന്നില്ല എന്നുതോന്നി. എല്ലാം നഷ്ടപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ സ്കൂളിലെ ജോലി മാത്രം ആശ്രയമായി.
പുതിയ കമ്പനിയിലേക്ക് സ്പോണ്‍സര്‍ഷിപ് മാറ്റാതെ പത്തുമാസത്തിനുശേഷം ഫൈനല്‍ എക്സിറ്റ് വാങ്ങാന്‍ ഞാന്‍ അബൂഫൈസലിലേക്ക് തിരികെ ചെന്നു. നിലവാരം കുറഞ്ഞ ഒരു ഫ്ളാറ്റിലേക്ക് തുറക്കുന്ന കോറിഡോറിന്‍െറ വാതിലിലൂടെ കുനിഞ്ഞ് അകത്തേക്ക് കടക്കുമ്പോള്‍ താഴ്ന്ന ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു: ശരിക്കും എലിയുടെ മാളംപോലെ ഇല്ളേ?
നിരാശ ആ വലുപ്പമുള്ള മുഖത്ത് വലിയ നിഴലിട്ടിരുന്നു. എല്ലാം നഷ്ടപ്പെട്ടവന്‍െറ നിര്‍വികാരതയില്‍ താടിയിലെ കുറ്റിരോമങ്ങള്‍ എഴുന്നുനിന്നു!
മാസങ്ങള്‍ക്കുശേഷം പുതിയ വിസയില്‍ റിയാദില്‍ തിരിച്ചത്തെിയപ്പോള്‍ ആകസ്മികമായി വഴിയില്‍വെച്ചു കണ്ട പഴയ യമനി സഹപ്രവര്‍ത്തകന്‍ ലുത്ഫി പറഞ്ഞാണ് അത് അറിഞ്ഞത്. ‘‘അബൂഫൈസല്‍ മൗത്ത്.’’
ഹൃദയാഘാതം. 33ാം വയസ്സില്‍!
കമ്പ്യൂട്ടര്‍ സെന്‍ററിലെ ടെക്നിക്കല്‍ ചീഫായിരുന്ന ലുത്ഫിയും അബൂഫൈസലും തമ്മില്‍ തൊഴിലാളി- മുതലാളി ബന്ധമായിരുന്നില്ല. അടുത്ത സുഹൃത്തുക്കളായിരുന്നു അവര്‍. ആ വേദന ലുത്ഫിയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാനായി.
എന്‍െറ കണ്ണും നിറഞ്ഞുവോ?

(മാധ്യമം ആഴ്ചപ്പതിപ്പ് 2013 ജൂലൈ 22)

Thursday, July 11, 2013

വേനല്‍പ്പഴത്തിന്‍െറ മലയാളി മധുരം

കത്തിക്കാളുന്ന വിശപ്പിന് ഒരു ഈത്തപ്പഴച്ചീന്ത് കൊണ്ട് ശമനം. അത്രമേല്‍ ഉന്മേഷദായകമാണ് ഈ വേനല്‍ പഴം. എണ്‍പത് ശതമാനവും വൈറ്റമിനായ ഈത്തപ്പഴത്തോളം പോഷകഗുണമുള്ള വേറെ ഏത് പഴമുണ്ടെന്ന് നാസര്‍ ചോദിക്കും. ഈത്തപ്പഴ തോട്ടത്തില്‍നിന്ന് കുല വെട്ടുന്നതു മുതല്‍ പഴമിറുത്ത് സംസ്കരിച്ച് പാക്കറ്റിലടച്ച് ഉപഭോക്താവിന്‍െറ കൈകളിലത്തെിക്കുന്നതുവരെയുള്ള ജോലികളില്‍ ഒറ്റയാന്‍ നേതൃത്വം വഹിച്ച് പിന്നിട്ടത് രണ്ട് പതിറ്റാണ്ടാണ്. അതിനാല്‍ ഈത്തപ്പഴത്തെ കുറിച്ച് ആധികാരികമായിത്തന്നെ പറയും ഈ കണിയാപുരംകാരന്‍. തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തുനിന്ന് മൂന്നേകാല്‍ പതിറ്റാണ്ട് മുമ്പ് സൗദി തലസ്ഥാന നഗരത്തിന് തെക്ക് ഹരീഖ് മുനിസിപ്പാലിറ്റി ജീവനക്കാരനായി തൊഴില്‍ കുടിയേറ്റം
നടത്തിയ നാസര്‍ ഇന്ന് ഹരീഖിയന്‍ ഈത്തപ്പഴത്തിന്‍െറ വിപണിയില്‍ ഇടിവുപറ്റാത്ത കച്ചവടക്കാരനാണ്. 

റമദാന്‍ തുടങ്ങുമ്പോഴേക്കും വിപണിയുടെ ആവശ്യം കണ്ടറിഞ്ഞ് ഗോഡൗണ്‍ നിറച്ചു കാത്തിരിക്കുകയാണ് നാസറും സഹപ്രവര്‍ത്തകരും. റിയാദ് പ്രവിശ്യയിലെ വളരെ വിദൂരതയിലുള്ള ഒരു ഉള്‍നാടന്‍ പട്ടണമാണ് ഹരീഖ്. പേരു പോലെ മരുഭൂനടുവില്‍ ‘തീക്കനല്‍’ പോലൊരു പട്ടണം. ഈത്തപ്പഴത്തിനും പേരുകേട്ട നാട്. സൗദി അറേബ്യയില്‍ ഈത്തപ്പഴത്തിന് പ്രശസ്തിയാര്‍ജിച്ച പ്രദേശങ്ങള്‍ മദീന, അല്‍ഖസീം, അല്‍അഹ്സ, അല്‍ഖര്‍ജ്, ഹൂത്ത ബനീതമീം, ഹരീഖ് എന്നിവയാണ്. ഹരീഖിലെ ഈത്തപ്പഴത്തിന് മദീനയിലെ അജ്വ, സഫാവി, മബ്റൂം എന്നീ മുന്തിയ ഇനങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് പൊതുവിപണിയില്‍. ഹരീഖിലെ ഏറ്റവും ജനപ്രിയതയുള്ള ഇനം ‘അല്‍ഖലാസാ’ണ്. നബ്ത്ത് സീഫ്, മുനീഫി, സഫ്രി, ഖുദ്രി, ഫില്ലജ്, ഷീസി, നബ്ത്ത് സുല്‍ത്താന്‍, റാസീഷ്, സുക്കരി, ദഹേനി, ഉമ്മുല്‍ ദാവി, സിഗേഹി തുടങ്ങി നാല്‍പത് ഇനം ഈത്തപ്പഴ വര്‍ഗങ്ങളാണ് ഹരീഖില്‍ വിളയുന്നത്. ഹരീഖിന്‍െറ ഈത്തപ്പഴ പെരുമയിലേക്ക് കടക്കും മുമ്പ് നാസറിന്‍െറ കഥ.

നാസറിന്‍െറ കഥ

കേരളത്തില്‍നിന്ന് സൗദി അറേബ്യയിലേക്ക് കുടിയേറ്റം ശക്തിപ്രാപിച്ച എഴുപതുകളുടെ അവസാനം തന്നെയാണ് നാസറും മുംബൈയിലത്തെി അലഞ്ഞുതിരിഞ്ഞു റിയാദിലേക്ക് വിമാനം കയറിയത്. ജോലികിട്ടിയത് റിയാദില്‍നിന്ന് 250 കിലോമീറ്ററകലെയുള്ള ഹരീഖ് മുനിസിപ്പാലിറ്റിയില്‍. 1992വരെ അവിടെ ജോലി ചെയ്ത ശേഷം രാജിവെച്ച് നാട്ടില്‍ പോയി. നാലുമാസം തികഞ്ഞില്ല, അതിനുമുമ്പ് അടുത്ത വിസ സംഘടിപ്പിച്ച് ഹരീഖില്‍ തന്നെ തിരിച്ചത്തെി. ഹരീഖിലെ പൗരപ്രമാണിയായ മുഹമ്മദ് അബ്ദുല്ല അല്‍ഖത്ലാനാണ് വിസ നല്‍കിയത്. ആദ്യം ചെയ്ത പണി റെഡിമെയ്ഡ് വസ്ത്രശാല നടത്തലായിരുന്നു. മൂന്നു വര്‍ഷമായപ്പോള്‍ മനസ്സിലായി തനിക്ക് പറ്റിയ പണി അതല്ളെന്ന്. സ്പോണ്‍സര്‍ക്ക് ഭേദപ്പെട്ട ഈത്തപ്പഴ കൃഷിയുണ്ട്. എങ്കില്‍ എന്തുകൊണ്ട് ഈത്തപ്പഴ കച്ചവടം ആയിക്കൂടാ എന്ന വിചാരം സ്പോണ്‍സര്‍ക്കും ബോധിച്ചു. പിന്നെ വൈകിയില്ല. ഇരുവരും കൂടി ദുബൈയില്‍ പോയി ഈത്തപ്പഴ പാക്കിOE് മെഷീന്‍ വാങ്ങി. ഒരു ഫാക്ടറി സ്ഥാപിച്ചു. കുറച്ചു തൊഴിലാളികളെ നിയമിച്ചു. അങ്ങനെ തുടങ്ങിയ കമ്പനിയാണ് അല്‍ദമീദ്.

സ്പോണ്‍സര്‍ക്ക് മൂന്നു വലിയ തോട്ടങ്ങളുണ്ട്. അവയ്ക്ക് പുറമെ കായ് വിളവത്തെുന്ന സമയത്ത് പ്രദേശത്തുള്ള മറ്റു തോട്ടങ്ങള്‍ കൂടി പാട്ടത്തിനെടുക്കും. ഇപ്പോള്‍ പ്രതിവര്‍ഷം സ്പോണ്‍സറുടെ മൂന്നു തോട്ടത്തിനു പുറമെ 15 തോട്ടങ്ങള്‍ കൂടി പാട്ടത്തിനെടുക്കുന്നു. തോട്ടങ്ങള്‍ പാകമാകുമ്പോള്‍ വിലനിശ്ചയിച്ച് പാട്ടത്തിനെടുക്കാന്‍ പോകുന്നതും നാസര്‍ തന്നെ. വിളവെടുപ്പിനും ഫാക്ടറിയില്‍ എത്തിച്ച് സംസ്കരിക്കലിനും പാക്കിങ്ങിനും എല്ലാം നാസര്‍ തന്നെ മേല്‍നോട്ടം വഹിക്കുന്നു. കമ്പനിക്ക് ഒരൊറ്റ സെയില്‍സ്മാനേയുള്ളൂ-നാസര്‍ മാത്രം
തണുപ്പുകാലം കഴിഞ്ഞാലുടന്‍, ഫെബ്രുവരിയില്‍, ഈത്തപ്പന പൂവിടും. ആറുമാസം കഴിഞ്ഞ് വേനല്‍ മൂക്കുമ്പോഴാണ് മൂത്ത കായ്കള്‍ പഴുക്കാന്‍ തുടങ്ങുക. ജൂലൈയില്‍ വര്‍ഷത്തില്‍ ഒറ്റത്തവണ മാത്രമാണ് വിളവെടുപ്പ്. പാകമായി പഴുത്തത് ഉണങ്ങാന്‍ കാത്തിരിക്കണം. ശേഷമേ കുലവെട്ടാന്‍ കഴിയൂ. അല്ളെങ്കില്‍ കുലവെട്ടുമ്പോള്‍ പഴം വീണ് പാഴാകും. പഴമായിരിക്കുന്ന അവസ്ഥയില്‍ ഓരോന്നായി ഇറുത്തെടുക്കുന്ന രീതിയുമുണ്ട്. അങ്ങനെ പഴപ്പരുവത്തിലുള്ളത് ‘റുതബ്’ ആണ്. കുലവെട്ടാന്‍ പാകിസ്താനി തൊഴിലാളികള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുകയാണ് പതിവ്. വലിയ പനകളില്‍ കയറി നിഷ്പ്രയാസം അവര്‍ കുലവെട്ടി കെട്ടിയിറക്കി തരും.
35ഉം 40ഉം വര്‍ഷം വരെ ആയുസ്സുണ്ട് പനകള്‍ക്ക്. ഹരീഖിലെ പല തോട്ടങ്ങളിലും പ്രായം കൊണ്ട് നല്ല ഉയരമുള്ള പനകളാണുള്ളത്. പനകളില്‍ ഉയരത്തില്‍ നില്‍ക്കുന്ന കുലകള്‍ കയറി തന്നെ വെട്ടിയിറക്കേണ്ടിവരും. പാകിസ്താനികള്‍ക്ക് അത് നിഷ്പ്രയാസമാണ്. കുലകള്‍ ഫാക്ടറിയിലത്തെിച്ച് പഴം ഇറുത്തെടുത്ത് തരം തിരിക്കുന്ന ഘട്ടമാണ് അടുത്തത്. പിന്നെ പാക്കിങ്ങാണ്. ഒരു കലര്‍പ്പുമില്ലാതെ പാക്ക് ചെയ്താണ് വിപണിയിലത്തെിക്കുന്നത്. ഒരു ചേരുവകളുമില്ല.
പാക്കിങ്ങ് കഴിഞ്ഞാല്‍ പിന്നെ നാസര്‍ സെയില്‍സ്മാനായി. വാഹനത്തില്‍നിറച്ച് സൗദിയിലുടനീളം സഞ്ചാരം. പ്രതിവര്‍ഷം പത്തും പന്ത്രണ്ടും ലക്ഷം റിയാലിന്‍െറ വിറ്റുവരവാണ് ഇപ്പോഴുള്ളത്. നിറയെ തോട്ടങ്ങളുണ്ടെങ്കിലും ഹരീഖില്‍ രണ്ട് ഈത്തപ്പഴ ഫാക്ടറികളേയുള്ളൂ. സമീപകാലത്ത് തുടങ്ങിയ ഒന്നും പിന്നെ നാസറിന്‍െറ അല്‍ദമീദും. ഹരീഖിയന്‍ ഈത്തപ്പഴ വിപണിയില്‍ മുന്‍തൂക്കം അല്‍ദമീദിന് തന്നെ.
റമദാനിലാണ് ഏറ്റവും വലിയ വില്‍പന. മൊത്തം വില്‍പനയുടെ പകുതിയും റമദാനില്‍ തന്നെ. ഹജ്ജ് സീസണില്‍ മക്കയിലേക്കും മദീനയിലേക്കും നീങ്ങും. പിന്നെ ബാക്കിയാകുന്നത് ഓഫ് സീസണിലേക്ക്.

സ്വകാര്യ ജീവിതം 

ജന്മനാട്ടിലേതിനെക്കാള്‍ കൂടുതല്‍ ജീവിച്ച ഹരീഖില്‍നിന്ന് ഒരു വിടുതലിനെ കുറിച്ച് നാസര്‍ ചിന്തിച്ചിട്ടില്ല. കുടുംബവുമൊന്നിച്ച് ജന്മനാടെന്ന പോലെ ഇവിടെ കഴിയുന്നു. അന്ന് ഹരീഖ് മുനസിപ്പാലിറ്റിയില്‍ എത്തിയ തൊഴിലാളികളില്‍ ഇപ്പോള്‍ ഹരീഖില്‍ ബാക്കിയായത് നാസറും ഇപ്പോഴും ഹരീഖ് മുനിസിപ്പാലിറ്റിയില്‍ ഉദ്യോഗസ്ഥനായി തുടരുന്ന കോഴിക്കോട് സ്വദേശി മുസ്തഫയും മാത്രമാണ്. നാസറിന് നാലു മക്കളാണ്. അവരില്‍ മൂന്നുപേരും കേരളത്തില്‍ പഠിക്കുന്നു. കച്ചവടത്തിന്‍െറ തിരക്കുകള്‍ക്കിടയിലും സാമൂഹികപ്രവര്‍ത്തനത്തിന് സമയം കണ്ടത്തെുന്ന നാസര്‍ റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘കേളി’യുടെ ഹരീഖ് യൂണിറ്റ് പ്രസിഡന്‍റാണ്. റമദാനില്‍ കച്ചവടതിരക്കേറുമ്പോള്‍ തന്നെ സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമാകും. ഇഫ്താറും റിലീഫ് പ്രവര്‍ത്തനങ്ങളും എല്ലാമായി സാമൂഹിക പ്രവര്‍ത്തനത്തിന് തിരക്കേറുന്നതും റമദാനിലാണ്.റമദാന് തൊട്ടു മുമ്പും ശേഷവും ഹജ്ജ് കാലത്തും കച്ചവടം സജീവമാകുന്നതിനാല്‍ ഏഴു മാസത്തിലധികം തുടര്‍ച്ചയായി സൗദിയിലുണ്ടായാലേ മതിയാകൂ. അതിനാല്‍ കഴിഞ്ഞ 34 വര്‍ഷമായി റമദാന്‍ വ്രതാനുഷ്ഠാനം പൂര്‍ണമായും സൗദിയില്‍ തന്നെയായിരുന്നു. ഹജ്ജ് കഴിഞ്ഞ് കച്ചവടത്തിന്‍െറ പൊടിപൂരം ഒന്ന് അവസാനിച്ചാലാണ് നാട്ടിലേക്ക് പോകാന്‍ കഴിയുക. ചെറിയ അവധി കഴിഞ്ഞ് തിരിച്ചത്തെുമ്പോഴേക്കും അടുത്ത വിളവിന് പൂവിടും

Wednesday, May 8, 2013

ഈരടികള്‍ മുറിഞ്ഞ് ഈണം മാത്രമായി...

തിരയടിച്ചുയരാന്‍ വെമ്പുന്ന കടലായി ഉള്ളുനിറയെ സംഗീതം. തുള്ളിത്തുളുമ്പി നാവോളമെത്തുമ്പോള്‍ പക്ഷാഘാതത്തിന്‍െറ അടിതെറ്റലില്‍ ഈരടികള്‍ മുറിഞ്ഞ് ഈണം മാത്രം പുറത്തേക്ക്. രോഗം തളര്‍ത്തിയ നാവിന് പിടികൊടുക്കാതെ വാക്കുകള്‍ അകന്നുപോകുമ്പോള്‍ ഒരു അവശതക്കും തടുക്കാന്‍ കഴിയാത്ത തന്‍െറ സ്വരമാധുരിയില്‍ അദ്ദേഹം നൊമ്പരമൊളിപ്പിക്കുന്നു. മലയാളിയെ ഒരുകാലത്ത് പാടിയുണര്‍ത്തിയ എം.എസ്. നസീം എന്ന ഭാവഗായകന് പാടാന്‍ കഴിയാതായിട്ട് ഏഴുവര്‍ഷം.

 മൂവായിരത്തിലേറെ ഗാനസദസുകളിലുടേയും ദൂരദര്‍ശനും ആകാശവാണിയുമുള്‍പ്പടെ വിവിധ മാധ്യമങ്ങളിലൂടെയും മലയാളിയുടെ പാട്ടുശീലങ്ങളില്‍ ഇടമുറപ്പിക്കാന്‍ കഴിഞ്ഞ ഗതകാല പ്രതാപത്തിന്‍െറ ഓര്‍മകളിലുണര്‍ന്ന്, റിയാദിന്‍െറ നഗരകേന്ദ്രമായ ബത്ഹയില്‍, മകള്‍ നാദിയ ജാസിറിന്‍െറ വീട്ടിലിരുന്നു അദ്ദേഹം പാടി, ‘നിറയും താരങ്ങളെ...’ 1990ല്‍ ഇറങ്ങിയ ‘അനന്തവൃത്താന്തം’ എന്ന സിനിമയില്‍ ചിത്രയോടൊപ്പം പാടിയ യുഗ്മഗാനത്തിന്‍െറ ഈണം മാത്രമേ കേള്‍പ്പിക്കാനായുള്ളൂവെങ്കിലും ആ നാദമാധുരിയില്‍ ലയിച്ചിരിക്കുമ്പോള്‍ വാക്കുകള്‍ അനാവശ്യമാണെന്ന് തോന്നി.

ഗായകന്‍, മ്യൂസിക് കണ്ടക്ടര്‍, മലയാള സംഗീതത്തിന്‍െറ ചരിത്ര സൂക്ഷിപ്പുകാരന്‍, സ്റ്റേജ്-ടെലിവിഷന്‍ പരിപാടികളുടെ സംഘാടകന്‍, ഡോകൂമെന്‍ററി സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ നസീമിനെ മലയാള സംഗീതത്തിന്‍െറ വര്‍ത്തമാന ലോകത്തുനിന്ന് തട്ടിയകറ്റിയത് ഹൈപ്പര്‍ടെന്‍ഷന്‍ എന്ന രോഗമാണ്. ഇന്ത്യന്‍ സംഗീതരംഗത്തെ ഇതിഹാസമായ മുഹമ്മദ് റഫിയേയും മലയാളി സംഗീതജ്ഞന്‍ എ.ടി. ഉമ്മറിനേയും കുറിച്ച് തയാറാക്കിയ ഡോക്യുമെന്‍ററികളുടെ സീഡികളുമായി കഴക്കൂട്ടം, വെട്ടുറോഡിലെ ‘അസ്മ മേടയില്‍’ വീട്ടില്‍നിന്ന് പ്രമുഖ ടെലിവിഷന്‍ ചാനലിന്‍െറ തിരുവനന്തപുരത്തെ ഓഫീസിലേക്കുള്ള യാത്രക്കിടയിലാണ് ബസില്‍വെച്ച് രോഗത്തിന്‍െറ ആക്രമണം.

2005 ജൂലൈ 20നായിരുന്നു അത്. വലതുവശം തളര്‍ന്ന് ആശുപത്രിയില്‍ കഴിയവേ ഒരിക്കല്‍കൂടി രോഗത്തിന്‍െറ ആക്രമണം. സംസാരശേഷിയും നഷ്ടമായി. അക്ഷരങ്ങള്‍ കൂടിക്കുഴഞ്ഞ് അവ്യക്തമാകുന്ന വാക്കുകള്‍.
വളരെ ചെറുപ്പത്തിലെ സംഗീതലോകത്ത് എത്തിയ അദ്ദേഹത്തിന് ചലച്ചിത്രസംഗീതത്തില്‍ അര്‍ഹപ്പെട്ട അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും പിന്നണിരംഗത്തെ ഗാനഗന്ധര്‍വന്‍ യേശുദാസ് മുതല്‍ വിധുപ്രതാപ് വരെ പലതലമുറകള്‍ നീളുന്ന ശക്തമായ സംഗീത സൗഹൃദത്തിനുടമയായി. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ജൂനിയര്‍ എ.എം രാജയെന്നും കോളജിലെത്തിയപ്പോള്‍ ജൂനിയര്‍ റഫിയെന്നും വിളിപ്പേര് വീണുകിട്ടുംവിധം ശ്രോതാക്കളെ വിസ്മയിപ്പിച്ച സംഗീതസിദ്ധിയാണ് ചലച്ചിത്രരംഗത്ത് അവസരം കിട്ടിയില്ലെങ്കില്‍ പോലും സംഗീതാസ്വാദകരുടെ മനസില്‍ പ്രമുഖസ്ഥാനത്ത് പ്രതിഷ്ഠ നേടിക്കൊടുത്തത്.

മുവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അദ്ദേഹം നയിച്ചത്. സൗദി അറേബ്യയൊഴികെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലുമായി 18ലേറെ വേദികളില്‍ പാടി അദ്ദേഹം പ്രവാസികളുടെ പ്രിയപ്പെട്ട ഗായകനായി. സൗദിയില്‍ കാലൂന്നാന്‍ അവസരമൊത്തപ്പോള്‍ പാടാന്‍ കഴിയാതെയുമായി. കഴിവുകള്‍ തന്ന സര്‍വശക്തനായ ദൈവത്തോട് ഹൃദയമുരുകി പാടാന്‍ ആത്മീയതേട്ടങ്ങളുടെ ഭാഗമായുളള ഒരു തീര്‍ഥയാത്രയാണിത്. മക്കയും മദീനയും സന്ദര്‍ശന ലക്ഷ്യമാണ്.
കേവലം ഒരു ഗായകനില്‍ ഒതുങ്ങിനില്‍ക്കാന്‍ തയാറാകാതിരുന്ന അദ്ദേഹത്തിലെ സംഗീതപ്രേമി അരനൂറ്റാണ്ടിലധികമായ മലയാളിയുടെ സിനിമ, നാടക, ലളിത, ഗസല്‍ സംഗീതചരിത്രത്തിന്‍െറ ഒരു വിജ്ഞാനകോശമായി മാറാനും തന്‍െറ ബഹുമുഖ കഴിവുകളിലൂടെ കഠിനപരിശ്രമം നടത്തി. അദ്ദേഹത്തിന്‍െറ മേടയില്‍ വീട് ഒരു സംഗീത മ്യൂസിയമായി. മലയാള ഗാനചരിത്രം രേഖപ്പെടുത്താന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ആദ്യ സാക്ഷാത്കാരമായിരുന്നു ദൂരദര്‍ശന്‍ ഏറെക്കാലം തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത ‘ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരി’. മലയാള ഗാനചരിത്രത്തിന്‍െറ സമഗ്രത ഉള്‍ക്കൊള്ളുന്ന ആ ഡോകുമെന്‍ററി അദ്ദേഹം സ്വന്തം സമ്പാദ്യം മുടക്കിയാണ് സംവിധാനം ചെയ്തത്.

നിരവധി ഡോകുമെന്‍ററികള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്‍െറ ‘മിഴാവ്’ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. 1997ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്‍െറ ടി.വി അവാര്‍ഡ് നാലുതവണ, 2001ല്‍ കുവൈത്തിലെ സ്മൃതി എ.എം രാജ പുരസ്കാരം, 2001ല്‍ സോളാര്‍ ഫിലിം സൊസൈറ്റി പുരസ്കാരം തുടങ്ങി നിരവധി സമ്മാനങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പുതിയ കേരള നിയമസഭാമന്ദിരത്തിന്‍െറ ഒന്നാംവാര്‍ഷിക വേളയില്‍ നിയമസഭക്കുള്ളില്‍ ഗാനമേള നടത്താനും എം.കെ. മുനീര്‍, പി.ജെ. ജോസഫ്, എം. വിജയകുമാര്‍, എസ്. ശര്‍മ തുടങ്ങിയ നേതാക്കളോടൊപ്പം ഗാനാലാപനം നടത്താനും കഴിഞ്ഞത് ഓര്‍മയിലെ ഏറ്റവും തിളക്കമുള്ള അനുഭവം.
എം.എ, ബി.എഡ് കാരനായ അദ്ദേഹം 27 വര്‍ഷം സര്‍ക്കാര്‍ സര്‍വീസിലായിരുന്നു. കെ.എസ്.ഇ.ബിയില്‍ സുപ്രണ്ടായിരിക്കെ 2003ല്‍ സ്വയം വിരമിച്ച് മുഴുസമയ സംഗീത പ്രവര്‍ത്തകനായി. വിഖ്യാത സംഗീതസംവിധായകന്‍ നൗഷാദിനെ മുംബെയില്‍ പോയി കണ്ട് തയാറാക്കിയ ഡോകുമെന്‍ററി പൂര്‍ത്തിയാക്കാനായില്ല.
ഭാര്യ ഷാഹിദയോടൊപ്പമാണ് റിയാദില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ മരുമകന്‍ ജാസിറിന്‍േറയും മകള്‍ നാദിയ ജാസിറിന്‍േറയും അരികിലെത്തിയത്. ഇളയ മകള്‍ നസ്മി ഗീത് നാട്ടില്‍ ബി.ഡി.എസ് വിദ്യാര്‍ഥിനിയാണ്.
പ്രശസ്ത സംഗീത സംവിധായകന്‍ ബാബുരാജിന്‍െറ മക്കളായ സാബിറ ഇബ്രാഹിം ജിദ്ദയില്‍നിന്നും ഷംന സുള്‍ഫിക്കര്‍ യാമ്പുവില്‍നിന്നും അദ്ദേഹത്തെ കാണാന്‍ റിയാദിലെത്തിയിരുന്നു. വീട്ടില്‍ അവരെ കണ്ട് അത്ഭുതം കൂറുമ്പോള്‍ തെക്കന്‍ കേരളത്തിലെ ഭാവഗായകനുമായി കോഴിക്കോടിന്‍െറ പ്രിയ പാട്ടുകാരന്‍ ബാബുരാജിന്‍െറ കുടുംബത്തിനുള്ള ബന്ധം അവര്‍ വെളിപ്പെടുത്തി, നസീമിന്‍െറ ഇളയ അനുജന്‍ സുള്‍ഫിക്കറാണ് ഷംനയെ വിവാഹം കഴിച്ചത്.

https://www.youtube.com/watch?v=phZyP0zIT30

https://www.youtube.com/watch?v=Jn8uYvX6fQU

Monday, May 6, 2013

കേരളം ഇത്രമേല്‍ മരുഭൂമിയായതെങ്ങിനെ?


മരുഭൂമിയില്‍ തണുപ്പുകാലത്തിന്‍െറ വരവറിയിച്ച് മഞ്ഞും മഴയും പെയ്യാന്‍ തുടങ്ങിയ ഡിസംബറിലാണ് വാര്‍ഷിക അവധിക്ക് കേരളത്തിലേക്ക് തിരിച്ചത്. ചെന്നിറങ്ങിയത് മറ്റൊരു മരുഭൂമിയിലാണോ എന്നുതന്നെ തോന്നിപ്പോയി. വിമാനമിറങ്ങിയ പുലരി മഞ്ഞുപൊഴിയേണ്ട ഡിസംബറിലേതായിട്ടും അവിക്കുന്ന ചൂട്. വേനലാരംഭിച്ചിട്ടില്ല, അതിനുമുമ്പേ കടുത്ത ചൂടും വറുതിയും.


മൂന്നു മാസത്തിനുശേഷം അവിടെനിന്ന് വിമാനം കയറുമ്പോള്‍ വറുതി അതിന്‍െറ മൂര്‍ദ്ധന്യത പ്രാഖ്യാപിച്ചുകഴിഞ്ഞിരുന്നു. കുടിവെള്ളം പോലും വറ്റിപ്പോയി. സൗദിയില്‍ വിമാനമിറങ്ങുമ്പോള്‍ മരുഭൂമിയില്‍ സുഖദസുന്ദരമായ കാലാവസ്ഥ. നേരിയ സുഖമുള്ള തണുപ്പ്. ചെറിയ കാറ്റ്. വല്ലപ്പോഴൊ ഓരോ മഴ. ഡിസംബറിലും ജനുവരിയിലുമൊക്കെ അനുഭവവേദ്യമാകേണ്ട കേരളത്തിന്‍െറ സ്വന്തം ശിശിരകാലമാണ് സൗദിയിലെന്ന് തോന്നി!


ഈ സുഖാന്തരീക്ഷത്തിലേക്ക് അപൂര്‍വം ചില അവസരങ്ങളില്‍ അപ്രതീക്ഷിതമായി പാഞ്ഞത്തെുന്ന പൊടിക്കാറ്റിന്‍െറ അസ്ക്യത ഒഴിച്ചുനിറുത്തിയാല്‍ സൗദി അറേബ്യയും കേരളവും തമ്മില്‍ മാറിപ്പോകുംവിധം കാലാവസ്ഥക്ക് വേഷപ്പകര്‍ച്ച സംഭവിച്ചിരിക്കുന്നു. സൗദിഅറേബ്യ കേരളത്തോളമായില്ളെങ്കിലും കേരളം സൗദിമരുഭൂമിയുടെ എല്ലാ തീക്ഷ്ണതയും അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്നു.


മരുഭൂമിയില്‍ ആറുമാസം വേനലും ആറുമാസം ശൈത്യവുമെന്നത് പ്രകൃതി പണ്ടേ നിശ്ചയിച്ചുവെച്ച ക്രമമാണ്. സൗദിയിലെ ആ കാലക്രമത്തിനാണ് ചെറിയ വ്യതിയാനവും ശിശിരത്തിന്‍െറ സാന്നിദ്ധ്യവും അനുഭവപ്പെടുന്നത്. (റിയാദ് ഉള്‍പ്പടെയുള്ള മരണല്‍നാടുകളെ വൃക്ഷങ്ങള്‍ നട്ടും പൂന്തോട്ടങ്ങളും കൃഷിത്തോട്ടങ്ങളും കൃത്രിമ ജലാശയങ്ങളും നിര്‍മിച്ചും പച്ചപ്പണിയിക്കാനുള്ള സര്‍ക്കാറിന്‍െറയും ജനങ്ങളുടേയും പ്രയത്നഫലം അന്തരീക്ഷത്തെ സ്വാധീനിക്കുന്നതാവണം. റിയാദ് നഗരത്തെ ചുറ്റി വാദി ഹനീഫ (ഹനീഫ താഴ്വര)യില്‍ പണിതീര്‍ത്ത നീരൊഴുക്കിന്‍െറ അരഞ്ഞാണം വിസ്മയമാണ്).


എന്നാല്‍ കലാവസ്ഥയുടെ എല്ലാ പകര്‍ന്നാട്ടങ്ങളും കൃത്യമായ നിഷ്ഠയോടെ അരങ്ങുവാണിരുന്ന കേരളത്തില്‍ അതെല്ലാം അട്ടിമറിയുകയും വേനല്‍ മറ്റുവേഷങ്ങളെ അണിയറയിലേക്ക് തള്ളിയകറ്റി സ്വന്തം കത്തിവേഷം  തീക്ഷ്ണതയോടെ ആടിത്തിമിര്‍ക്കുകയുമാണ്.
ശിശിരകാലത്തിന്‍െറ തുടക്കത്തില്‍ തന്നെ വേനല്‍പ്പക്ഷിയുടെ ചിറകടിയൊച്ച കേള്‍ക്കേണ്ടിവന്ന ദുര്‍ഗതിയായിരുന്നു മലയാളികള്‍ക്ക്. മഞ്ഞുകാലമെന്ന് നാം വിളിക്കാറുണ്ടായിരുന്ന സീസണിലാണ് കേരളം വറുതിയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയതും കേന്ദ്രം സംസ്ഥാനത്തെ സമ്പൂര്‍ണ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചതും.

‘വെള്ളം വെള്ളം സര്‍വത്ര
തുള്ളി കുടിക്കാനില്ലത്രെ’ 
എന്ന പഴഞ്ചൊല്ലില്‍ പതിരില്ളെന്ന് തെളിയിച്ച്, 44 നദിയും അതിലേറെ ജലാശയങ്ങളുമുള്ള കേരളത്തില്‍ കുടിക്കാനും കുളിക്കാനും വെള്ളം കിട്ടാക്കനിയായ നിര്‍ഭാഗ്യതയിലാണ്ടുകഴിഞ്ഞു മലയാളി.
മണലാരുണ്യത്തില്‍ ചോര വിയര്‍പ്പാക്കിയ പണം കൊണ്ട് പൊന്നിന്‍വിലക്ക് വാങ്ങിച്ച ഭൂമികളില്‍ ആയുഷ്ക്കാല സമ്പാദ്യങ്ങള്‍ കുഴിച്ചിട്ട് മണിമാളികകള്‍ പണിത പ്രവാസികള്‍ പോലും നാട്ടിലത്തെുമ്പോള്‍ പിശകിപ്പോയ ധാരണകളില്‍ ഉള്ളും പുറവും പൊള്ളി വെള്ളമുള്ള മണ്ണുണ്ടോ എന്ന് അന്വേഷിച്ചുതുടങ്ങിയതാണ് കേരളത്തിലെ ‘റിയല്‍ എസ്റ്റേറ്റ് റിയാലിറ്റി’യുടെ പുതിയ വര്‍ത്തമാനം.


ജലസമൃദ്ധിയില്‍നിന്ന് വറുതിയിലേക്ക് വേരോടെ പറിച്ചുനട്ട മരം പോലെ നിന്നുണങ്ങുന്ന കേരളത്തിന്‍െറ വിങ്ങലുകളാണ് നാട്ടിലേക്ക് വിളിച്ചാല്‍ ഫോണിന്‍െറ മറുതലക്കല്‍നിന്നു കേള്‍ക്കുക. പ്രിയപ്പെട്ടവര്‍ ചോദിക്കുന്നു, ചുട്ടുപൊള്ളുന്ന ചൂട് സഹിച്ചു ജീവിക്കാമെന്നുവെക്കാം, വെള്ളമില്ലാതെ പ്രാണന്‍ കിടക്കുന്നതെങ്ങിനെ?


കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശുദ്ധജലതടാകമായ ശാസ്താംകോട്ട ജലാശയം വറ്റിത്തുടങ്ങിയത് അവധിക്കാലത്ത് നേരിട്ടുതന്നെ കാണാനിടയായി. കരിമ്പനകളില്‍ കാറ്റുപിടിക്കുന്ന ഗൃഹാതുരതയുമായി മനസില്‍നിറഞ്ഞു കിടക്കുന്ന പാലക്കാടിനെ മരുഭൂമി വിഴുങ്ങിത്തുടങ്ങിയെന്നുള്ള ദൃശ്യപ്രസ്താവനകളോടെ വന്നത്തെിയ ടി.വി വാര്‍ത്ത ശരിക്കും ഞെട്ടിച്ചുകളഞ്ഞു.

ഉഷ്ണമേഖലകള്‍ അന്വേഷിക്കുന്ന ദേശാടന പക്ഷികള്‍ കേരളത്തില്‍ പുതിയ താവളങ്ങള്‍ കണ്ടത്തെുന്നത് ജനുവരിയുടെ വേപഥുവായാണ് പ്രകൃതിസ്നേഹികള്‍ പങ്കുവെച്ചത്. കാണാതാകുന്ന കേരളത്തിന്‍െറ സ്വന്തം പക്ഷികളെ കുറിച്ചുള്ള ആകുലത അവര്‍ ഫെബ്രുവരിയില്‍ പങ്കുവെച്ചു. ദേശാടനത്തിന്‍െറ ഈ കാലയളവില്‍ കേരളത്തിലേക്ക് വന്നത് ഉഷ്ണമേഖല തേടുന്ന പക്ഷികളാണ് ഏറെയും.

വിരഹത്തിന്‍െറ മാര്‍ച്ചില്‍ വേനലാണ് ചുട്ടുപൊള്ളിച്ചത്. ഇനി ഏപ്രിലും മേയും കൂടിയാവുമ്പോള്‍ തീ തന്നെ തീറ്റിക്കുമോ  എന്ന ഭയപ്പാടിലാണ് മനുഷ്യര്‍.
എങ്ങിനെയാണ് നാട് ഇങ്ങിനെയായത്? ജലരാശികള്‍ എങ്ങോട്ടാണ് പോയത്, ആരാണ് ആട്ടിപ്പായിച്ചത്? ചിന്ത പലവഴി പാഞ്ഞപ്പോള്‍ കണ്‍മുന്നില്‍ കണ്ട യാഥാര്‍ഥ്യങ്ങളുടെ ചൂണ്ടുവിരല്‍ മരുഭൂമിയില്‍ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നീര്‍ത്തടങ്ങള്‍ വെട്ടിമൂടി കോണ്‍ക്രീറ്റ് കാടുകള്‍ പണിയാന്‍ മുന്നില്‍നിന്ന പ്രവാസിയുടെ നേര്‍ക്കും നീളുന്നത് കാണുന്നു.


എന്‍െറ പ്രവാസം ആരംഭിക്കുന്നതിന് മുമ്പ്, അതായത് ഒരു വ്യാഴംവട്ടം മുമ്പുവരെ പോലും ഞങ്ങളുടെ ഗ്രാമത്തില്‍ ത്തക്കത്തൊദൂരത്തോളം നീളുന്ന വലിയ പാടശേഖരങ്ങളുണ്ടായിരുന്നു. അവയുടെ ചുറ്റും തെളിനീരുമായി തോടുകള്‍ ഒഴുകി. ചെറിയ കുളങ്ങളില്‍ വെള്ളം തുളുമ്പിനിന്നു. ആ സ്ഫടിക മേനിയില്‍ ആകാശം മുഖംനോക്കി. മാനത്തുകണ്ണി മുതല്‍ പലവിധ ജലജീവികളും വയല്‍ച്ചെടികളും ആമോദത്തോടെ കഴിഞ്ഞു. കൊതുകുകള്‍ മുട്ടയിട്ട് പെരുകാന്‍ പേടിച്ചു. മഴക്കാലത്ത് പൊന്തന്‍ തവളകളുടെ ‘ക്രോ’ വിളികളാല്‍ ഗ്രാമനിശീഥിനികള്‍ മുഖരിതമായി. വയല്‍വരമ്പുകളിലൂടെ പ്രണയം കൊലുസിട്ട് നടന്നു. ഓരോ അവധിക്ക് പോകുമ്പോഴും സ്ളേറ്റില്‍ വരച്ചിട്ട കല്ലുപെന്‍സില്‍ ചിത്രംപോലെ അവ പതിയെ മാഞ്ഞുതുടങ്ങുന്നത് കാണാതിരുന്നില്ല. എല്ലാം മാഞ്ഞ് സ്ളേറ്റിന്‍െറ കറുപ്പുനിറം കണ്ണിലിരുട്ട് നിറച്ചപ്പോള്‍ മാത്രമാണ് വേവലാതി കനത്തത്.


മുമ്പ് വയലുകള്‍ മണ്ണിട്ട് നികത്തിയാല്‍ നാണ്യവിളകളുടെ കൂട്ടത്തില്‍ കാല്‍ക്കാശ് നേട്ടമില്ലാത്ത തെങ്ങിന്‍ തോട്ടമുണ്ടാക്കാമെന്നല്ലാതെ മറ്റ് സാധ്യതകളൊന്നും മലയാളി കണ്ടത്തെിയിരുന്നില്ല. അതുകൊണ്ടുതന്നെ അത്ര വേഗമുണ്ടായിരുന്നില്ല വെട്ടിമൂടലുകള്‍ക്ക്. റബ്ബറിന് വില കയറിയപ്പോള്‍ റബ്ബര്‍ തോട്ടങ്ങളിലായി ആളുകളുടെ ശ്രദ്ധ. അതോടെ കുളങ്ങളുടേയും വയലുകളുടേയും നീര്‍ത്തടങ്ങളുടേയും നാശം വേഗത്തിലായി. പക്ഷെ, ഏറ്റവും ലാഭമുള്ള കൃഷി റിയല്‍ എസ്റ്റേറ്റാണെന്ന് വന്നതോടെ കഥ മാറി. നോക്കിനില്‍ക്കേ വയലും കുന്നുമെല്ലാം ഒരേ നിരപ്പിലുള്ള ‘പ്ളോട്ട് ഫോര്‍ സെയിലു’കളായി. വെട്ടിമൂടിയ മണ്ണടരുകള്‍ക്കടിയില്‍നിന്ന് നീരുറവകള്‍ എങ്ങോട്ടോ വലിഞ്ഞുപോയി. ഒഴുക്കുമുട്ടിയ തോടുകളിലും കുളങ്ങളിലും വെള്ളം കെട്ടിക്കിടന്ന് ജീര്‍ണിച്ചു. വെള്ളമില്ളെന്ന് ഇപ്പോള്‍ പഴിപറഞ്ഞ് നടക്കുന്ന ഗ്രാമീണന്‍െറ നെറ്റിയിലെ വിയര്‍പ്പുമണികള്‍ വിളിച്ചുപറയും സ്വന്തം ചെയ്തികള്‍ വരുത്തിവെച്ച അനര്‍ത്ഥങ്ങളുടെ ചൂട്ടുപൊള്ളിക്കുന്ന നേരുകള്‍.
പ്രകൃതിയേയും ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെയും കുറിച്ച് ഒരുപാടെഴുതിയ ബേപ്പൂര്‍ സുല്‍ത്താന്‍െറ ജന്മനാടായ തലയോലപ്പറമ്പില്‍, മുവാറ്റുപുഴയാറിന്‍െറ തീരത്ത് വെള്ളം നിറഞ്ഞു കിടന്ന് നാറുന്ന വലിയ കുളങ്ങള്‍ കണ്ടു വിസ്മയിച്ചത് ഇക്കഴിഞ്ഞ അവധിക്കാലത്താണ്. അത്രയും വലിയൊരു ജലസമൃദ്ധിയാല്‍ ചുറ്റപ്പെട്ടിട്ടും കുടിക്കാനും പാചകം ചെയ്യാനും സ്വന്തം കിണറ്റിലെ വെള്ളം പോലും ഉപയോഗിക്കാനാവാത്ത സങ്കടം ബന്ധു വെളിപ്പെടുത്തിയപ്പോഴാണ് തുളുമ്പാന്‍ മുട്ടികിടക്കുന്ന ആ ജലാശയങ്ങളുടെ യാഥാര്‍ഥ്യം ചികഞ്ഞത്. ‘മട്ടിമണലെ’ന്ന് അറിയപ്പെടുന്ന കരമണല്‍ ഖനനം ചെയ്തപ്പോഴുണ്ടായ ആഴമേറിയ കുഴികളാണവ. ഭൂമിയുടെ വ്രണങ്ങള്‍!.

കഷ്ടി 200 മീറ്റര്‍ മാത്രം അകലെയുള്ള പുഴയുടെ അതേ ജലനിരപ്പില്‍ നിറഞ്ഞുകിടക്കുന്ന വെള്ളം ഉപയോഗശൂന്യമാണെന്ന് മാത്രമല്ല സമീപത്തെ കിണറുകളില്‍ ഓര് നിറയാന്‍ കാരണവുമായിരിക്കുന്നു. ശുദ്ധജലം ഇല്ലാതാക്കിയതില്‍ തീര്‍ന്നില്ല, ആ മണല്‍ക്കുഴികളുടെ പ്രത്യാഘാതങ്ങള്‍. മഴക്കാലത്ത് പുഴയില്‍ വെള്ളപൊക്കമുണ്ടാവുമ്പോള്‍ ഈ കുളങ്ങളിലും ജലനിരപ്പുയരും. പ്രളയമുണ്ടാകും. കരയും പുഴയും ഒന്നാകും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്ന് മീഥൈന്‍ പോലുള്ള വിഷവാതകങ്ങളുണ്ടായി അന്തരീക്ഷ മലിനീകരണം വേറെയും.

പുഴയിലെ മണല്‍വാരല്‍ പോലെ തന്നെ പ്രകൃതി വിരുദ്ധമാണ് കരയിലെ മണല്‍ ഖനനവും. രണ്ടായാലും ഫലം മണ്ണിനടിയിലെ വാട്ടര്‍ ബെല്‍റ്റിന്‍െറ തകര്‍ച്ച. സാധാരണഗതിയില്‍ 10 മീറ്റര്‍ വീതിയുള്ള പുഴയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള കിണറുകളിലേയും കുളങ്ങളിലേയും ഉറവകള്‍ പുഴ മൂലം റീച്ചാര്‍ജ്ജ് ചെയ്യപ്പെടുമെന്നാണ് ശാസ്ത്രം പറയുന്നത്. മണല്‍ഖനനം മൂലം പുഴയിലും കരയിലും അപ്രതീക്ഷിത കയങ്ങളും ഗര്‍ത്തങ്ങളും രൂപപ്പെടുകയും കര ഇടിയുകയും ചെയ്യുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത് പ്രകൃതിയുടെ ഈ സ്വാഭാവിക പ്രക്രിയകള്‍.


മണല്‍ ഖനനം വാട്ടര്‍ ബെല്‍റ്റിന് ഗുരുതര ക്ഷതമേല്‍പ്പിക്കുന്നു. ജലരാശികള്‍ ഛിന്നഭിന്നമാകുന്നു. ഉറവകളുമായുള്ള ബന്ധം മുറിയുന്നു. അതോടെ പ്രകൃതിയുടെ റീച്ചാര്‍ജ്ജിങ് പ്രോസസ് നിലക്കുന്നു. സ്വാഭാവിക ഉറവകള്‍ വരണ്ടുപോകുന്നു. പകരം വെള്ളക്കെട്ടില്‍നിന്ന് ഊറിയത്തെുന്ന ഓരും മറ്റ് ജീര്‍ണതകളും കലങ്ങിയ വെള്ളം കിണറുകളില്‍ നിറയുന്നു.
 ജലത്തിന്‍െറ വലിയ പ്രകൃതിദത്ത സംഭരണികളായ പാറക്കെട്ടുകള്‍ ധൂളികളാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചകളും നാട്ടിലെമ്പാടും കണ്ടു. പൊടിനിറഞ്ഞ അന്തരീക്ഷം ശ്വാസകോശത്തിന് വരുത്തമേറ്റി. പാറ പൊടിച്ച് ബദല്‍ മണല്‍ ഉദ്പാദിപ്പിക്കാനുള്ള വന്‍ നിക്ഷേപ പദ്ധതികള്‍ക്കായി പാറക്കെട്ടുകള്‍ വില്‍പ്പനക്ക് വെക്കുമ്പോള്‍ കയ്യൊഴിക്കുന്നത് ഇപ്പോള്‍ ജീവിക്കുന്നവരുടേത് മാത്രമല്ല, വരാനിരിക്കുന്ന അനേകം തലമുറകളുടെ കൂടി ജീവജലത്തിന്‍െറ വലിയ നിക്ഷേപങ്ങളെ. കുന്നുകള്‍ ഇടിച്ചുനിരത്തുമ്പോള്‍ പൊടിഞ്ഞുപോകുന്നത് അനേകം തലമുറകളുടെ അതിജീവനത്തിനുള്ള പ്രകൃതിയുടെ സ്രോതസുകള്‍.
\

വെള്ളമെന്ന വലിയ കടം
വെള്ളം എന്ന രണ്ടക്ഷരത്തിന് ഒരുപാട് അര്‍ത്ഥ വ്യാപ്തിയുണ്ട്. ഗര്‍ഭാവസ്ഥ മുതല്‍ മരണകിടക്കവരെ അതിജീവന പ്രക്രിയയില്‍ മനുഷ്യനടക്കമുള്ള ജീവികള്‍ കടപ്പെട്ടിരിക്കുന്നത് അതിനോടാണ്. അതുകൊണ്ടാണ് മരണാസന്നന്‍െറ തൊണ്ടയിലേക്ക് രണ്ട് തുള്ളി വെള്ളമിറ്റിക്കാനായാല്‍ അതൊരു വലിയ കാര്യമായി ജീവിച്ചിരിക്കുന്നവര്‍ക്ക് തോന്നുന്നത്. രണ്ട് തുള്ളി വെള്ളമാണ് നമ്മുടെ ജീവിതങ്ങളിലെ ഏറ്റവും വലിയ കടം. അത് വീട്ടാനെങ്കിലും തുള്ളി വെള്ളം നാം ഭൂമിയില്‍ ബാക്കിവെക്കണം.
ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് വഴിയരുകില്‍ കിടന്ന ചെറുപ്പക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിലേര്‍പ്പെടുന്ന വിശ്വന്‍ ആ ചെറുപ്പക്കാരന്‍െറ ചുണ്ടുകളിലേക്ക് മരണസമയത്ത് ഇറ്റിച്ചുകൊടുക്കുന്ന രണ്ട് തുള്ളി വെള്ളമായിരുന്നു തന്‍െറ യഥാര്‍ഥ കടമെന്ന് തിരിച്ചറിയുന്നു.
‘രണ്ടുതുള്ളി വെള്ളമായിരുന്നു എന്‍െറ കടം. അത് ഞാന്‍ കുറച്ചു മുമ്പേ വീട്ടിക്കഴിഞ്ഞു.’ 
വീടിനുമുന്നില്‍ താനെഴുതി വച്ച ആത്മഹത്യാഭീഷണി, അതൊരു വലിയ അസംബന്ധമാണെന്ന് അയാള്‍ക്ക് അപ്പോള്‍ തോന്നി (സന്തോഷ് ഏച്ചിക്കാനത്തിന്‍െറ പ്രസിദ്ധ ചെറുകഥ ‘കൊമാല’യില്‍നിന്ന്)

Wednesday, February 20, 2013

കാട്ടില്‍ കാമറയെന്ത് പിഴച്ചു?

കേരളത്തിലെ വനമേഖലയില്‍ ഫോട്ടോഗ്രാഫി നിരോധന ഉത്തരവുണ്ടായതിനുശേഷമുള്ള ദിവസങ്ങളിലൊന്നില്‍ തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളില്‍ ബോണക്കാട്ടെ ജനവാസ കേന്ദ്രത്തിലേക്കും അഗസ്ത്യമലയിലേക്കുമുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ വശങ്ങളില്‍ പച്ച മരമുട്ടികളുടെ അട്ടികള്‍ കണ്ടു. 
സസ്യത്തൈ പോലും നുള്ളാന്‍ പാടില്ലാത്ത വന്യജീവി സങ്കേതത്തിനുള്ളില്‍ മരങ്ങള്‍ വെട്ടി അട്ടിയിട്ടിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോട് മൊബൈല്‍ ഫോണിലെ കാമറ ഓണ്‍ ചെയ്ത് അത് പകര്‍ത്തി. വിലക്കുള്ളതുകൊണ്ട് മികച്ച സാങ്കേതികത്വവും ലെന്‍സുമുള്ള തന്‍െറ കാമറ അദ്ദേഹം എടുത്തിരുന്നില്ല. ആ ഒരു രോഷം അദ്ദേഹത്തിന്‍െറ ആത്മഗതത്തില്‍ പ്രതിഫലിച്ചു, ‘വനത്തില്‍ കോടാലിയാകാം, കാമറ പാടില്ല! കാമറ ഇതൊന്നും കാണരുതെന്നാവും!’

അത്യപൂര്‍വ ജൈവ വര്‍ഗങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട കേരളത്തിലെ വനങ്ങള്‍ ഇപ്പോള്‍ ഇതുപോലൊരു വൈരുധ്യത്തിന് സാക്ഷി പറയേണ്ട അവസ്ഥയിലാണ്. ഒളിഞ്ഞും തെളിഞ്ഞും കോടാലിക്ക് കാടുകയറാമെന്നിരിക്കെ ഗുണകാംക്ഷിയായ ‘കാമറയുടെ കാടുകയറ്റ’ത്തെ വിലക്കുകയാണ് സംസ്ഥാന വനംവകുപ്പ്. വര്‍ഷാവര്‍ഷം സാഘോഷം വനം, വന്യ ജീവി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കാറുള്ള അതേ വനംവകുപ്പ് തന്നെ കാട്ടിലേക്കുള്ള ‘കാമറ നോട്ട’ങ്ങളെ നിരോധിക്കുമ്പോള്‍ സ്വന്തം നയങ്ങളിലെ വൈരുധ്യം പല്ലിളിക്കുന്നു.  
വന്യജീവി ഫോട്ടോഗ്രാഫര്‍മാരെ കാട്ടില്‍ പ്രവേശിപ്പിക്കരുതെന്ന വകുപ്പ് മന്ത്രിയുടെ വാമൊഴി ഉത്തരവ് രണ്ടാഴ്ച മുമ്പാണ് പുറത്തുവന്നത്. ലോകത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത കാമറയുടെ കാനന പ്രവേശ നിരോധം ആദ്യമായി നടപ്പാക്കിയ നാടെന്ന ഖ്യാതി ഏതായാലും കേരളത്തിന് വനംവകുപ്പ് വഴി സ്വായത്തമാകുകയാണ്. ഏത് തരം ‘കാമറ’യെന്ന വിശദീകരണം ഇനിയുമുണ്ടായിട്ടില്ളെങ്കിലും മന്ത്രിയുടെ ഉത്തരവ് സംബന്ധിച്ച് വന്ന വാര്‍ത്തകളിലെ സൂചന വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരാണ്.
വനംവകുപ്പിന്‍െറ പ്രസിദ്ധീകരണമായ ‘ആരണ്യ’ത്തിലേക്ക് ഫോട്ടോ ചോദിച്ചിട്ട് ചില ഫോട്ടോഗ്രാഫര്‍മാര്‍ കൊടുക്കാന്‍ വിസമ്മതിച്ചതിലുള്ള കെറുവോ പ്രതിഷേധമോ ആണ് ഈ ക്ഷിപ്ര തീരുമാനത്തിന് പിന്നിലെന്നും കേട്ടു.
വനമേഖലയിലാകെ ‘ഇക്കോ ടൂറിസം’ ഒരുതരം പരാന്ന സസ്യങ്ങളെ പോലെ പടര്‍ന്നുപന്തലിച്ചിരിക്കുന്നതിനാല്‍ ദിനേനെ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് കാട്ടിലത്തെുന്നത്്. അവര്‍ക്കൊന്നും കാമറ നിരോധം ബാധകമായിട്ടില്ല. മാത്രമല്ല, പല ഇക്കോ ടൂറിസം പോയിന്‍റുകളിലും ഫീസ് ഈടാക്കി കാമറയെ നിയമാനുസൃതം കയറ്റിവിടുന്നത് തുടരുന്നുമുണ്ട്. ഇതിന് പുറമെ സാധാരണ കാമറകളെക്കാള്‍ മികച്ച സാങ്കേതിക സൗകര്യങ്ങളുള്ള മൊബൈല്‍ ഫോണ്‍, ടാബ് ഉപകരണങ്ങള്‍ സന്ദര്‍ശകരുടെ സ്വകാര്യതയായി കാട്ടില്‍ സൈ്വര വിഹാരം നടത്തുകയും ചെയ്യുന്നു. 
അപ്പോള്‍ കാര്യം വ്യക്തമാണ്, വന്യജീവി, പരിസ്ഥിതി ഫോട്ടോഗ്രാഫര്‍മാരോട് മാത്രമേ മന്ത്രിക്കും വകുപ്പിനും വിരോധമുള്ളൂ. കാട്ടില്‍ പ്രവേശിക്കാന്‍ പാടില്ലാത്ത ഭീകര ജീവികളോ വലിയ നാശകാരികളോ ആണ് പ്രകൃതി സ്നേഹികളായ ഈ ഛായാഗ്രാഹകരെന്ന് പറയുകയാണോ വനംവകുപ്പ്? അവരുടെ കൈകളിലുള്ള കാമറ മഴുവിനെക്കാള്‍ വലിയ മാരകായുധവും?
വനം, വന്യജീവി പരിസ്ഥിതി ഫോട്ടോഗ്രാഫര്‍മാരെ കാട്ടുകള്ളന്മാരെ പോലെയാണോ വനംവകുപ്പ് കാണുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. അങ്ങിനെയാണെങ്കില്‍ അത് തികഞ്ഞ അനീതിയും നന്ദികേടുമാണ്. കേരളത്തിലെ വനമേഖലയുള്‍പ്പടെ പ്രകൃതിയുടെ സംരക്ഷണത്തിന് അവര്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് വനംവകുപ്പിനാണ് ഏറ്റവും നല്ല ബോധ്യമെന്നത് തീര്‍ച്ച. 
വനം വകുപ്പിനാല്‍ തന്നെ പ്രശംസിക്കപ്പെട്ടവരും അംഗീകരിക്കപ്പെട്ടവരുമാണ് ഇന്ന് ഈ മേഖലയില്‍ സജീവമായി നിലകൊള്ളുന്ന അധികം പേരും. അതിന്‍െറ ചിത്രസാക്ഷ്യങ്ങള്‍ സംസ്ഥാന വനംവകുപ്പിന്‍െറ കേന്ദ്ര ഓഫീസ് മുതല്‍ സംസ്ഥാനമാകെ ചിതറിക്കിടക്കുന്ന കീഴ് ഓഫീസുകളില്‍ വരെ ചെന്നാല്‍ കാണാം. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറന്മരെടുത്ത ചിത്രം ഭിത്തിയില്‍ തൂങ്ങാത്ത വൈല്‍ഡ് ലൈഫ് സാങ്ചറി ഓഫീസുകളുണ്ടാവില്ല കേരളത്തില്‍. വനംവകുപ്പിന്‍െറ പ്രസിദ്ധീകരണങ്ങളുടെ കാര്യവും അതെ.
പരിസ്ഥിതി പ്രേമവും ഛായാഗ്രഹണ താല്‍പര്യവും കൊണ്ടു കാമറയെടുത്തവര്‍ മാത്രമല്ല കാടുകയറുന്നത്, പക്ഷിനിരീക്ഷകരും സസ്യ, ജന്തുശാസ്ത്ര ഗവേഷകരുമെല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാമറ കൈയിലേന്തുന്നവരാണ്. ഫലത്തില്‍ വനംവകുപ്പിന്‍െറ തീരുമാനം അവര്‍ക്കെല്ലാം എതിരാണ്. 
കേരളത്തിലെ നേച്ചര്‍ ഫോട്ടോഗ്രാഫി മേഖലയില്‍ സജീവമായി നില്‍ക്കുന്നവരാരും കേവലം ഫോട്ടോഗ്രാഫര്‍ എന്ന ഒറ്റക്കള്ളിയില്‍ ഒതുക്കാന്‍ കഴിയുന്നവരല്ല. ഫോട്ടോഗ്രാഫി ഒരു തൊഴിലായി സ്വീകരിച്ചവരാരെങ്കിലും അക്കൂട്ടത്തിലുണ്ടെങ്കില്‍ തന്നെയും കാമറയുമെടുത്ത് കാടുകയറുന്നത് വാണിജ്യ ലാഭം പ്രതീക്ഷിച്ചല്ളെന്ന് തീര്‍ച്ച. കാരണം അവിടെ മുതല്‍ മുടക്കേയുള്ളൂ, മനം മയക്കുന്ന മനോഹര ചിത്രങ്ങള്‍ക്കപ്പുറം ഒരു വാണിജ്യ മൂല്യവും തിരിച്ചുകിട്ടില്ളെന്ന് ഈ രംഗത്ത് പ്രാഥമിക പരിചയമുള്ളവര്‍ക്കുപോലും അറിയാം. കാമറയ്ക്കും ലെന്‍സിനും അനുബന്ധ ഉപകരണങ്ങള്‍ക്കും വലിയ മുതല്‍ മുടക്കും പ്രയാസം നിറഞ്ഞ കാടുകയറ്റത്തിന് ശാരീരികാധ്വാനവും പ്രകൃതിയോട് ലയംകൊള്ളാനുള്ള മനസും വേണം. അതത്ര എളുപ്പമല്ല. വാണിജ്യ സാധ്യതകളൊന്നുമില്ലാത്ത ഒരു മേഖലയില്‍ ഇങ്ങിനെ മനസും ശരീരവും പണവും മുടക്കാന്‍ ആളുകള്‍ തയാറാവുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ജൈവീകമായ താല്‍പര്യം കൊണ്ടുള്ള ആത്മാര്‍പ്പണമാകാതെ തരമില്ല. പ്രകൃതിയെ തന്‍െറ പ്രാണന്‍െറ ഭാഗമായി കാണുന്നവന് ഒരിക്കലും അതിനോട് ഭയമോ നിര്‍മമതയോ ഉണ്ടാകില്ല. ആവാസ വ്യവസ്ഥ ഭീഷണി നേരിടുന്നുണ്ടെങ്കില്‍ അതിനെതിരെ പടപൊരുതാനും പ്രചരണം നടത്താനും മുന്നിലുണ്ടാകുകയും ചെയ്യും. അതാണ് ചരിത്രവും. പരിണതപ്രജ്ഞരായ കേരളത്തിലെ നേച്ചര്‍ ഫോട്ടോഗ്രാഫറന്മാരെ അടുത്തറിയുന്നവര്‍ ഈ ഗുണങ്ങളൊക്കെയും അവരില്‍ കണ്ടത്തെുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കേരള വനമേഖലയിലെ ജൈവ വൈവിധ്യ സമ്പന്നതക്ക് പുതിയ കണ്ടത്തെലുകളിലൂടെ മുതല്‍ക്കൂട്ടൊരുക്കുന്നതിലും വലിയ സംഭാവനകളാണ് ഫോട്ടോഗ്രാഫര്‍മാരില്‍നിന്നുണ്ടായിട്ടുള്ളത്. ലോകത്ത് തന്നെ അപൂര്‍വമായിട്ടുള്ള പല സസ്യ, ജീവി വര്‍ഗങ്ങളേയും കണ്ടത്തെി സചിത്ര സാക്ഷ്യത്തോടെ അവതരിപ്പിച്ചവരും ഗവേഷണത്തിനു തുല്യമായ പ്രവര്‍ത്തനങ്ങള്‍ കാമറ കണ്ണുകളിലൂടെ തുടരുന്നവരുമാണ് ഇവര്‍. 
വംശനാശ ഭീഷണി നേരിടുന്ന വര്‍ഗങ്ങളെ കുറിച്ചും പരിസ്ഥിതി നാശത്തിനെതിരെയും മുന്നറിയിപ്പ് നല്‍കുന്നതിലും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിലുമെല്ലാം കാമറയുമായി കാടുകയറുന്നവര്‍ വഹിക്കുന്ന പങ്ക് നിസാരവത്കരിക്കാനാവില്ല. ഇതൊന്നും അറിയാത്തവരല്ല വനപാലക വൃന്ദവും. എന്നാല്‍ പിന്നെ കാമറയെ കാടുകയറ്റില്ളെന്ന നിര്‍ബന്ധബുദ്ധിയെന്തിന്?

നജിം കൊച്ചുകലുങ്ക്