Monday, October 7, 2013

ഒറ്റയ്ക്കൊരമ്മ


എല്ലാ മാസവും ആദ്യത്തെ ആഴ്ചയിലായിരുന്നു പതിവ്.
അതു തുടങ്ങിയിട്ട് മൂന്നുനാലുവര്‍ഷമായെങ്കിലും പരിചയപ്പെട്ടത് ഏഴോ എട്ടോ മാസം മുമ്പാണ്. പ്യൂണ്‍ ശേഖരനാണ് കാബിനിലേക്ക് കൂട്ടികൊണ്ടുവന്നത്. കുലീനത്വമുള്ള ഭാവം. തലയിലെ വെള്ളിരോമങ്ങള്‍ പ്രായം പറഞ്ഞു. മുഖത്തെ വാല്‍സല്യത്തിന്‍െറ ഞൊറിവുകള്‍ അമ്മച്ചിയെ ഓര്‍മ്മിപ്പിച്ചു. നെഞ്ചിലൊരു നീറ്റല്‍.
‘‘ഒരേയൊരു മകന്‍ സുധീന്ദ്രന്‍ സൗദിയിലാണ്’’ ശേഖരനാണ് പറഞ്ഞത്. ‘‘കുറേനാളായി കൃത്യമായി പണം അയക്കുന്നതാണ്. ഇത്തവണ വന്നിട്ടില്ല. അത് പറഞ്ഞിട്ട് പോകാന്‍ കൂട്ടാക്കുന്നില്ല’’
ഒരു കരച്ചില്‍ ഇപ്പോള്‍ പൊട്ടിച്ചിതറുമെന്നുതോന്നി. ഇരിക്കാന്‍ പറഞ്ഞു.
‘‘അതിവിടെ വന്നപ്പാളാണ് അറിഞ്ഞത് സാറെ. കുറെ ദൂരെയാണ് വീട്. എപ്പളും വരാനാവില്ല. വണ്ടിക്കാശിന് പോലും ബുദ്ധിമുട്ടാ. പണം വന്നിട്ടില്ളെങ്കില്‍ ബാങ്കീന്ന് കൊറച്ചു കടായിട്ടുവേണം. മോന്‍ അയക്കുമ്പോളെടുത്തോളൂ!’’
ചിരിക്കാന്‍ തോന്നി. എന്നാല്‍ വാല്‍സല്യത്തിന്‍െറ ആ ഞൊറിവുകള്‍ ഓര്‍മയില്‍ എന്തോ കൊത്തിവലിച്ചു.
ഉള്ള് പിടഞ്ഞു. അമ്മച്ചി മറഞ്ഞിട്ട് മാസങ്ങളായിട്ടില്ല.
‘‘അവന്‍െറ അറബിയൊരു മൊശടനാ, ശമ്പളം കൊടുത്തട്ട്ണ്ടാവില്യാ, എന്നാലുമിനിക്കവനയക്കാതിരിന്നിട്ടില്യ. എവിടൂന്നെങ്കിലും കടാക്കീറ്റായാലും പതിവ് തെറ്റിച്ചട്ട്ല്യേ. ഇപ്പോ കടവും കിട്ടീട്ട്ണ്ടാവില്യ ന്‍െറ കുട്ടിക്ക്...’’
‘‘കരയാതിരിക്കൂ, എല്ലാം ശരിയാവൂം. പോയീട്ട് വര്‍ഷം കുറെയായീല്ളേ, അവനോട് വരാന്‍ പറയൂ’’
‘‘ഞാനതന്ന്യാ വിളിക്കമ്പളൊക്കെ പറയാറ്. അഛന്‍ മരിച്ചപ്പോള്‍ അവന്‍ കോളേജില് പടിക്കാ. അന്നേ അവനേറ്റെടുത്തതാ ചൊമതല. ഏക മകനാണേയ്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ്ങ്ങത്തെുമെന്നാ ഇന്നാളു വിളിച്ചപ്പളും പറഞ്ഞതേയ്... ഇന്നിട്ട് വേണം യിന്‍െറ കുട്ടിയ്ക്ക് കൈപിടിക്കാന്‍ ഒരു മിടുക്കി കുട്ട്യേ കണ്ടത്തൊന്‍!’’ അവര്‍ കണ്ണു തുടച്ചു.
‘‘ബാങ്കീന്നങ്ങനെ കടം തരാനൊന്നും വകുപ്പില്ല, ലോണിനാണെങ്കില്‍ കുറെ ചിട്ടവട്ടങ്ങള്ണ്ട്. സാരമില്ല. നമുക്ക് വഴീണ്ടാക്കാം. അമ്മയ്ക്കിപ്പോള്‍ എത്രയാ വേണ്ടേ, ഞാന്‍ തരാം. അടുത്ത തവണ വരുമ്പോള്‍ തന്നാല്‍ മതീ...’’
തേങ്ങലിന്‍െറ നദിക്കരയില്‍ വെയില്‍ വീണു. അവര്‍ കരം പുണര്‍ന്നു; ‘‘ഹോ ശ്വാസം വീണൂട്ടോ, നന്ദീണ്ട് മോനെ... എന്താപ്പോ ചെലവേ, മാസമൊന്നങ്ങട് കഴിച്ചൂട്ടാന്‍. ഈ മൊബീല്‍ ഫോണ്‍ അവന്‍ കൊടുത്തയച്ചതാ. കൂട്ടുകാരന്‍ അവധിയില്‍ വന്നപ്പോള്‍. അത് ചാര്‍ജ്ജ് ചെയ്യാനും കറന്‍റ് ബില്ല് കെട്ടാനുമൊക്കേ എത്രയാ! പിന്നെ വീട്ടില്‍ ഞാനൊറ്റയ്ക്കാണേയ്, അടുക്കളേല് സഹായിക്കാനും മുറ്റടിക്കാനൊക്കെയായിട്ട് അടുത്ത വീട്ടിലെ ഒരു പെങ്കുട്ടി വരാറ്ണ്ട്. സ്കൂളീ പടിക്കണ കുട്ട്യാ. കള്ള്യാവള്! മാസം തെകയുമ്പോ പൈസ കൊടുത്തില്ളേല്‍ പിന്നെ വരില്യ’’
അതായിരുന്നു തുടക്കം.
അടുത്ത മാസം മകന്‍ പണം അയച്ചു. വാങ്ങിയ പണം എണ്ണിത്തരുമ്പോള്‍ അവര്‍ വാല്‍സല്യത്തോടെ ചിരിച്ചു. ഓരോ തവണ വരുമ്പോഴും ഏറെനേരം കാബിനില്‍ വന്ന് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് പതിവാക്കി. യാത്ര പറഞ്ഞ് ഇറങ്ങും മുമ്പ്  വാല്‍സല്യത്തിന്‍െറ വിരലുകള്‍ നീട്ടി കവിളിലൊന്ന് തലോടി.... ഏതാനും മാസം മുമ്പ്, നോക്കിയിരിക്കേ ഒരു ഹൃദയാഘാതത്തിന്‍െറ ന്യായത്തില്‍ പടിയിറങ്ങിപ്പോയ അമ്മച്ചി അങ്ങനെ എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് മറ്റൊരു രൂപത്തില്‍ കാണാന്‍ വന്നു.
കഴിഞ്ഞ മാസം അവര്‍ വീണ്ടുമൊരു നദിയായി കാബിനില്‍ ഒഴുക്കുമുട്ടി നിന്നു. കണ്ണീരൊഴുക്കി അവരുടെ കണ്ണുകള്‍ തളര്‍ന്നു.
മകനെ ഫോണില്‍ കിട്ടുന്നില്ല. വേവലാതിയോടെ ഓടിപ്പോന്നതാണ്.  ബാങ്കില്‍ വന്നുനോക്കുമ്പോള്‍ പണവും അയച്ചിട്ടില്ല. അവനെന്തോ പറ്റിയിട്ടുണ്ടെന്ന് അവര്‍ വ്യാകുലയായി. അവര്‍ നീട്ടിയ മകന്‍െറ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചുനോക്കി. അത് ഓഫായിരുന്നു. കഴിഞ്ഞ മാസത്തിലും പണമയച്ചിരുന്നില്ളെന്നും ഫോണ്‍ വിളിച്ചില്ളെന്നുമവര്‍ ഏങ്ങലടിച്ചു.
എപ്പോഴും വന്ന് കടം ചോദിക്കാന്‍ മടിതോന്നിയിട്ടാണ് പറയാതിരുന്നതെന്നവര്‍ കണ്ണുതുടച്ചു.
എന്താണ് അവരുടെ മകന് പറ്റിയത്? രണ്ട് മൂന്ന് ദിവസം ആ ചോദ്യം മനസിലങ്ങിനെ കല്ലിച്ച് കിടന്നു. പിന്നെ ഒൗദ്യോഗിക തിരക്കുകളില്‍ എല്ലാം മൂടിപ്പോയി.
ഈ മാസം അവര്‍ വന്നിരുന്നില്ല. പത്താം തീയതി കഴിഞ്ഞപ്പോഴാണ് അതുതന്നെ ഓര്‍ത്തത്. ആ മകനെ കുറിച്ചോര്‍ത്തതും അപ്പോഴാണ്. മൊബൈല്‍ ഫോണിലേക്കൊന്ന് വിളിച്ചുനോക്കാമായിരുന്നെന്ന് തോന്നാതിരുന്നില്ല. അങ്ങിനെയൊരു നമ്പര്‍ സൂക്ഷിച്ചിട്ടില്ലല്ളോ എന്നോര്‍മ്മ വന്നത് അപ്പോഴാണ്. ബാങ്ക് രജിസ്റ്റര്‍ പരതാമെന്ന് വെച്ചു. തിരക്കുകള്‍ക്കിടയില്‍ അതും നടന്നില്ല.
ഇന്നലെ ഉച്ചയൂണിന്‍െറ പാതിമയക്കത്തിനിടയിലേക്കായിരുന്നു ആ അപ്രതീക്ഷിത കടന്നുവരവ്.
മകന്‍ പണം അയച്ചിട്ടുണ്ടാവുമോ, അതുവാങ്ങാനാണോ അവരുടെ വരവ്. വേവലാതിയായി. ശനിയാഴ്ചയാണ്. കൗണ്ടറുകളൊക്കെ അടച്ച് ഓരോരുത്തരായി കളം വിട്ടുപോയിക്കൊണ്ടിരിക്കുന്നു.
മുഖം നിറഞ്ഞ ചിരിയുമായി കാബിന്‍െറ മുന്നില്‍ അവര്‍ മടിച്ചുനിന്നു. അകത്തേയ്ക്ക് വരാന്‍ ക്ഷണം കിട്ടിയപ്പോള്‍ ചില്ലുവാതില്‍ തുറന്ന് സ്നേഹത്തിന്‍െറ ഒരിളം കാറ്റ് അകത്തേയ്ക്ക് കടന്നു. ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ കസേര വലിച്ചിട്ടിരുന്നു. കുറ്റബോധത്തിന്‍െറ പരുങ്ങലോടെ ചോദിച്ചു. ‘‘മകന്‍ വിളിച്ചോ?’’
മുഖത്ത് വലിയ വെളിച്ചം പരന്നു. ‘‘വിളിച്ചൂന്നല്ല, അവന്‍ വന്നൂട്ടോ.., കുറച്ചീസായി, മോനൊന്നും വിചാരിക്കരുത്. അതു വന്ന് പറയാനും ഇനിക്ക് പറ്റീല്ല. അതൂടി പറയാനും മോനെ അങ്ങട് വിളിക്കാനുമാ ഇപ്പോ ഓടിപ്പിടിച്ച് വന്നതന്നെ. അവനുവേണ്ടി ഒരു കുട്ടിയെ കണ്ടൂട്ടോ. നാളെ അവരില്‍ ചെലര്‍ വീട്ടിലേക്ക് വരണ്ണ്ട്. ചടങ്ങായിട്ടൊന്നൂംല്യ. എന്നാലും മോന്‍ വരണം. നിശ്ചയമായും വരണം!’’ പോകാന്‍ നേരം കൈപ്പിടിച്ച് ഓര്‍മിപ്പിച്ചു. ‘‘വരണംട്ടൊ, ഞാനും മോനും കാത്തിരിക്കും’’
കാത്തിരിക്കും. പോണം. മനസ് അതു പലതവണ പറഞ്ഞു. ഞായറാഴ്ചയാണ്. അവധിയാണ്. രാവിലെ പള്ളിയിലെ കുറുബാന കഴിഞ്ഞപ്പോള്‍ തന്നെയിറങ്ങി.
ആദ്യമായിട്ടായിരുന്നു ആ വഴിക്കൊരു യാത്ര. വീതി കുറഞ്ഞ, ടാറും മെറ്റിലുമിളകി ഗട്ടറുകള്‍ നിറഞ്ഞ റോഡിലൂടെ പന്ത്രണ്ട് കിലോമീറ്ററാണ് ഓടിയത്. വീട് കണ്ടത്തൊന്‍ ബുദ്ധിമുട്ടുണ്ടായില്ല. പറഞ്ഞ അടയാളങ്ങള്‍ അത്ര കൃത്യമായിരുന്നു.
പക്ഷെ, പറയാത്തത് ചിലതാണ് വരവേറ്റത്. ചെന്ന് കയറിയത്, മാസങ്ങളായി ആള്‍പ്പെരുമാറ്റമില്ലാതെ കിടന്നതുപോലുള്ള ഒരു കാട്ടുപറമ്പിലേക്ക്. ഓട് മേഞ്ഞ പഴയ കെട്ടിടത്തെ വീടെന്ന് വിളിക്കാം. അതിലെവിടെ ആളനക്കം? അടഞ്ഞ വാതിലിനപ്പുറമോ ഇപ്പുറമോ കല്യാണം പറഞ്ഞുറപ്പിക്കാനത്തെിയവര്‍ പോയിട്ട് വീട്ടുകാരെ തന്നെ കാണാനുണ്ടായിരുന്നില്ല.
പൊടിമണ്ണും കരിയിലകളും നിറഞ്ഞുകിടന്ന ഉമ്മറപ്പടിയില്‍ അന്തിച്ചുനില്‍ക്കുമ്പോള്‍ പിന്നില്‍നിന്നൊരു ചുമയും തുപ്പല്‍ ചോദ്യവും തൊട്ടുവിളിച്ചു. ‘‘ആരാ?’’
കൃശഗാത്രനായ മധ്യവയസ്കന്‍െറ ദൃഢമായ താടിയെല്ലിലെ നരച്ച കുറ്റിരോമങ്ങളിളകി.
‘‘ഇവിടെയാരുമില്ളേ?’’
‘‘ഇല്ലല്ളോ!’’
‘‘എവിടെ പോയി?’’
‘‘ആരേയാ നിങ്ങള്‍ ചോദിക്കണ്ത്?’’
‘‘ഈ വീട്ടുകാരെ, അമ്മയും മകനും’’
‘ഓ ലളിതാമ്മ. അതു പറയാം. നിങ്ങളാരാ, സ്വന്തക്കാര് വല്ലതുമാണോ?’’
മറുപടി പറഞ്ഞില്ളെങ്കിലും അയാള്‍ അങ്ങിനെ മനസിലാക്കിയിരിക്കണം.
‘‘എന്നിട്ടും നിങ്ങളറിഞ്ഞില്യേ! അവര്‍ മരിച്ചുപോയിഷ്ടാ!’’
ഞെട്ടിപ്പോയി. ‘‘എന്ന്?’’, വരണ്ടുപോയ തൊണ്ടയില്‍ നിലവിളി ഈര്‍ച്ചവാളായി.
‘‘ഒരാഴ്ചമുമ്പേര്‍ന്ന്. ആരുമറിഞ്ഞീല്യ. വീട്ടിനുള്ളില്‍ മരിച്ച് കെടക്കാര്‍ന്നു. രണ്ടോ മൂന്നോ ദൂസം കഴിഞ്ഞ് നാറ്റായിട്ടാ ഞങ്ങളയലാക്കരുപോലും അറീണത്’’. ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ തുടര്‍ന്നു. ‘‘ന്‍െറ കുട്ട്യാ ഇവിടെ അടിച്ചുതളിക്കാനും മറ്റു സഹായത്തീനും വന്നിരുന്നത്. ഗള്‍ഫീല്ള്ള മോന്‍ മരിച്ച വെവരറിഞ്ഞ ശേഷം ആയമ്മ ഒരു തരം മനസിക വിബ്രാന്തിയിലാര്‍ന്ന്. അതുകൊണ്ട് പിന്നെ വല്ലപ്പോളൊക്കേ അവള് വരത്തൊള്ളാരുന്നു. അതാ പൊറത്തറിയാന്‍ വൈക്യേ!’’
ഒരുള്‍പ്പിടച്ചിലുണ്ടായി.
‘‘ആകേള്ള മോനേര്‍ന്ന്. ഗള്‍ഫീല് കൊറെ കൊല്ലം മുമ്പ് പോയതാ. അതിനേഷം വന്നിട്ട്ല്യാ. മരുഭൂമീല് മരിച്ചുകെടന്നൂന്ന് അവിടന്ന് വിളിച്ച് പറഞ്ഞേയ്... പറയത്തക്ക ബന്ധുക്കളാരില്ലാര്‍ന്ന്ന്നാ തോന്നണത്. അകന്ന ബന്ധത്ത്ലൊള്ള ചെലരൊക്കെ വെവരറിഞ്ഞ് വന്നേര്‍ന്ന്. അതുമിതും ആളോള് സംശം പറഞ്ഞോണ്ടാ പോലീസുകാര് ശവം വെട്ടിപ്പൊളിച്ച് നോക്കീത്. ഇവടത്തെന്നെ മറകുത്തിയാ അവര്‍ അത് ചെയ്തത്!’’ അയാള്‍ ഒരു ഭാഗത്തേയ്ക്ക് വിരല്‍ ചൂണ്ടി.
‘‘എന്നിട്ടെന്താ, മോനേ ഓര്‍ത്ത് ചങ്ക് തകര്‍ന്നാ ചത്തേന്ന് ആര്‍ക്കാ അറീത്തത്. അതന്നേര്‍ന്ന് പോലീസ് റിപ്പോര്‍ട്ട്ലും.’’
മിഴിച്ചുനിന്നുപോയി. ‘‘അപ്പോള്‍ ഇന്നലെ ബാങ്കില്‍!?’’
വാരിയെല്ലുകള്‍ക്കിടയില്‍ തണുപ്പ് അരിച്ചുകയറുന്നതുപോലെ. മരവിച്ച കാല്‍ വലിച്ചെടുത്ത് വേഗം തിരിച്ചുനടന്നു. അയാളുടെ ശബ്ദം പുറകില്‍ കേട്ടൂ: ‘‘...പറഞ്ഞില്ലാ, അവരുടെ ആരാ?’’
ആരാ..?
(മാതൃഭൂമി വാരാന്തപ്പതിപ്പ് 2013 ഒക്ടോബര്‍ ആറ്)