Tuesday, September 15, 2009

ബ്ലോഗിലൂടെ വിപ്ലവം....

ബ്ലോഗ് അതിശക്തമായ ഒരു മാധ്യമമായി മാറുകയാണെന്ന് ലോകത്ത് പല ഭാഗത്തും ഭരണകൂടങ്ങള്‍ ബ്ലോഗര്‍മാര്‍ക്കെതിരെ തിരിയുന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. കഴിഞ്ഞ ദിവസം ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവങ്ങള്‍ നോക്കുക. രണ്ട് സംഭവങ്ങളിലും ഭരണകൂടങ്ങളാണ് വില്ലന്മാര്‍. മറ്റേതൊരു മാധ്യമത്തെക്കാളും ബ്ലോഗിന് ശക്തി നല്‍കുന്നത് അതിന്റെ സ്വാതന്ത്യ്രമാണ്. ബ്ലോഗര്‍മാരുടെ ഈ സ്വാതന്ത്യ്രം ഭരണകൂടങ്ങള്‍ക്ക് തലവേദനയായി മാറുന്നുണ്ടാവണം. മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളിലെയും ബ്ലോഗര്‍മാര്‍ സ്ത്രീകളാണ്. അതും വലിയ മാറ്റങ്ങളിലേക്കുള്ള ശുഭസുചനയാണ്. ലോകം മാറുകയാണ്. അതിനുവേണ്ടിയുള്ള വിപ്ലവങ്ങള്‍ ഇനി സംഭവിക്കുക ബ്ലോഗുകളിലാണ്. ലോകം നിയന്ത്രിക്കുന്ന ഏറ്റവും വലിയ മാധ്യമമായി ബ്ലോഗുകള്‍ മാറുമ്പോള്‍ ബ്ലോഗര്‍മാര്‍ കൂടുതല്‍ യാഥാര്‍ഥ്യ ബോധമുള്ളവരും പ്രതിജ്ഞാ ബദ്ധരുമായി മാറണം. ബ്ലോഗിന്റെ രാഷ്ട്രീയ സാധ്യത ആദ്യം ഉപയോഗപ്പെടുത്തി വിപ്ലവ ചരിത്രത്തിലിടം നേടിയ ബഗ്ദാദിലെ സലാം പാക്സിനെ ഓര്‍ത്തുകൊണ്ട്..

Sunday, September 13, 2009

എന്താണ് ഭീകരത, ആരാണ് ഭീകരര്‍?

കഴിഞ്ഞ കുറെക്കാലമായി ചോദിക്കുന്ന ചോദ്യമാണ്. ഭീകരതയുടെ അര്‍ഥമെന്താണ്? ഉത്തരം പറയേണ്ട ബാധ്യത ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമാണ്. രണ്ട് ദശകമായി ജനാധിപത്യ ഇന്ത്യയില്‍ പരക്കെ ഉപയോഗിക്കപ്പെട്ട ഈ വാക്ക് ഉല്‍പാദിപ്പിച്ച പ്രയോജനം അനുഭവിച്ചവര്‍ ഇവരാണ്, ഭരണകൂടങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ പാര്‍ട്ടികളും പിന്നെ മാധ്യമങ്ങളും.

മുസ്ലിം എന്ന വാക്ക് ചേര്‍ത്തുവെക്കുമ്പോഴാണ് കൂടുതല്‍ ഗുണം കിട്ടിയിരുന്നത് എന്നതുകൊണ്ട് തന്നെ ഇന്ത്യന്‍ ജനതയുടെ പൊതുബോധത്തില്‍ അത്തരത്തിലൊരു അര്‍ഥ കല്‍പന ആവര്‍ത്തിച്ചുള്ള അടിച്ചേല്‍പിക്കലുകളിലൂടെ ആഴത്തില്‍ പതിപ്പിച്ചെടുക്കുകയും തരാതരം പോലെ അതുപയോഗപ്പെടുത്തി ഭരണകൂടങ്ങളും മാധ്യമങ്ങളും തങ്ങളുടെ അഭീഷ്ടങ്ങള്‍ സാധ്യമാക്കുകയും ചെയ്തുവന്നു. ലോകതലത്തില്‍ ഇസ്ലാം എന്ന ചാണയിലുരച്ച് ഭീകരത എന്ന വാക്കിനെ മൂര്‍ച്ചയുള്ള ആയുധമാക്കാനും അതിനെ കുറിച്ചുള്ള ഭീതി പരത്തി കാലുഷ്യമുണ്ടാക്കാനും ഇസ്രായേല്‍ ബുദ്ധി അമേരിക്കന്‍ കായിക മുഷ്ടിയിലൂടെ നടത്തിയ ശ്രമം വിജയിച്ചതാണ് ഭീകരതാ സങ്കല്‍പത്തിന്റെ ആഗോളവ്യാപനത്തിന് കാരണം. ഇന്ത്യയില്‍ വര്‍ഗീയ ഫാഷിസത്തിന്റെ കായിക ബലമാണ് അവരെ സഹായിച്ചത്. ഭീകരതയുടെയും വിമത ദേശീയവാദ വ്യാജനിര്‍മ്മിതിയുടെയും വാണിജ്യ നേട്ടങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള ഇന്ത്യന്‍ മാധ്യമങ്ങള്‍ അതിന്റെ പ്രചരണ ചുമതല ഏറ്റെടുത്തതോടെ കാര്യങ്ങള്‍ വളരെ വേഗം പുരോഗമിച്ചു. ഇതിനിടയില്‍ നിന്ന് വീണ് കിട്ടുന്ന വറ്റും പൊടിയും കൊണ്ട് ജീവിക്കാന്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളും ശീലിച്ചപ്പോള്‍ ഇശ്റത്ത് ജഹാനെന്ന കിളുന്തു പെണ്‍കുട്ടിയും കൂട്ടരും കൊടും ഭീരവാദികളായി അഞ്ചുവര്‍ഷത്തോളം ഇന്ത്യന്‍ പൌരബോധത്തിന്റെ തെരുവില്‍ കണ്ണുതുറിച്ചു മരിച്ചുകിടന്നു.

Monday, September 7, 2009

ഇതൊന്നു കൂടി വായിക്കൂ....

നാജി അല്‍ അലി 1938ല്‍ ഫലസ്തീനില്‍ ജനനം. 10ാം വയസ്സില്‍ ഇസ്രായേല്‍ രൂപവത്കരണത്തോടെ അഭയാര്‍ഥിയായി. ബാല്യകൌമാരങ്ങളെ നിര്‍ണയിച്ച അഭയാര്‍ഥി ജീവിതത്തില്‍നിന്നാണ് അദ്ദേഹത്തിന്റെ പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രം 'ഹന്‍ദല' പിറവിയെടുക്കുന്നത്. നഗ്നപാദനായ 10 വയസ്സുകാരനാണ് ഹന്‍ദല. യുദ്ധവും അഴിമതിയും അസമത്വവും കരിനിഴല്‍ വീഴ്ത്തിയ അറബ് ലോകത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളുടെ സാക്ഷിയാണ് ഹന്‍ദല. 'ഹന്‍ദല' കാണുന്ന കാഴ്ചകളാണ് 'എ ചൈല്‍ഡ് ഇന്‍ ഫലസ്തീന്‍' എന്ന പുസ്തകം.

അറബ് ലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റ് നാജി അല്‍ അലി ഇന്നില്ല. 1987 ആഗസ്റ്റ് 29ന് ലണ്ടനില്‍ വെടിയേറ്റുമരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകവുമായി ബന്ധപ്പെട്ടുയര്‍ന്ന ദുരൂഹതകള്‍ക്ക് ഇനിയും അറുതിവന്നിട്ടില്ല. 22 വര്‍ഷങ്ങള്‍ക്കുശേഷം 'ചൈല്‍ഡ് ഇന്‍ ഫലസ്തീന്‍' എന്നപേരില്‍ അദ്ദേഹത്തിന്റെ ആദ്യ കാര്‍ട്ടൂണ്‍ സമാഹാരം കഴിഞ്ഞ മാസം പുറത്തിറങ്ങി. ഇംഗ്ലീഷിലിറങ്ങിയ പുസ്തകം ചര്‍ച്ചയാവുന്ന പശ്ചാത്തലത്തില്‍, നാജി അല്‍അലിയെക്കുറിച്ച് മകന്‍ ഖാലിദ് അല്‍ അലി അല്‍ജസീറ ലേഖകന്‍ അവാദ് ജൌമായുമായി സംസാരിച്ചത്


കൊല്ലപ്പെടും മുമ്പേ അദ്ദേഹം ഫലസ്തീന്റെ ഭാവി വരഞ്ഞു...