Tuesday, May 17, 2011

ജനങ്ങളോട് തോറ്റ ജാലവിദ്യക്കാര്‍

സകലവിദ്യകളും സ്വായത്തമാക്കി വന്‍കരകളായ വന്‍കരകള്‍ ചുറ്റിനടന്ന് ആളുകളെ അമ്പരിപ്പിച്ച് വിശവിഖ്യാതനായിത്തീര്‍ന്ന ജാലവിദ്യക്കാരന്‍. യാത്രക്കിടയില്‍ അയാള്‍ ഒരു കടല്‍ത്തീരത്തെത്തി. കാണികളെ അത്ഭുതപരതന്ത്രരാക്കുന്ന പല വിദ്യകളും അവതരിപ്പിച്ചു. പക്ഷെ, ഒന്നും ആളുകളില്‍ ഏശുന്നില്ല. കൂടിനിന്ന ആളുകള്‍ ഒരുതരം ഇരുത്തുന്ന ചിരി ചിരിച്ചുനില്‍ക്കുന്നതല്ലാതെ ആരുടെയും കണ്ണുകളില്‍ വിസ്മയഭാവമില്ല. തന്റെ മായാവിദ്യാ പ്രകടന യാത്രക്കിടയില്‍ അയാള്‍ക്ക് ഇങ്ങിനെയൊരനുഭവം ആദ്യത്തേതാണ്. പതിവിന് വിപരീതമായ ജനങ്ങളുടെ നിസംഗഭാവം ജാലവിദ്യക്കാരനെ അമ്പരിപ്പിച്ചു. മായാവിദ്യകള്‍ ഒന്നിനുപിറകെ ഒന്നായി കൈവശമുണ്ടായിരുന്നതു മുഴുവന്‍ പുറത്തെടുത്തു. 'ഓ ഇതെല്ലാം വെറും കണ്‍കെട്ടല്ലെ, കുറെ കണ്ടിട്ടുള്ളതാണ്' എന്ന ഭാവത്തിലാണ് ആളുകളുടെ നില്‍പ്. 'ഓ പിന്നെ...' എന്ന ആ ആലസ്യ, പരിഹാസ ഭാവത്തിന് മുമ്പില്‍ പാവം ജാലവിദ്യക്കാരന്‍ തളര്‍ന്നുപോയി. തന്റെ ആവനാഴിയിലെ അവസാനത്തെ വിദ്യയുമവസാനിച്ചപ്പോള്‍ അദ്ദേഹം കത്തിയെടുത്ത് സ്വന്തം നെഞ്ചില്‍ കുത്തിയറിക്കി ഹൃദയം അറുത്തെടുത്ത് കൈയ്യില്‍ വെച്ച് കാണിച്ചു. അപ്പോഴും കാണികള്‍ നിസംഗതയോടെ പറഞ്ഞു, 'അത് ആടിന്റെ ചങ്കാ...' രക്തം വാര്‍ന്ന് പിടഞ്ഞു മരിക്കുന്നതിന് മുമ്പ് ജാലവിദ്യക്കാരന്‍ അടുത്തുനിന്നയാളോട് ചോദിച്ചു. 'ഇതേതാ നാട്?' 'കേരള'മെന്നായിരുന്നു മറുപടി. 
പണ്ടെന്നോ വായിച്ചുമറന്ന എം.ടിയുടെ ഈ ചെറു രചന ആ മഹാമാന്ത്രികന്റെ യഥാര്‍ഥ വാചക ഘടനയോടെ അല്ലെങ്കിലും ഇപ്പോള്‍ ഓര്‍മ്മയിലെത്തുന്നത് കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നശേഷം നിരാശയിലാണ്ടു മങ്ങിപ്പോയ ചില രാഷ്ട്രീയ ജാലവിദ്യക്കാരുടെ മുഖങ്ങള്‍ കണുമ്പോഴാണ്.


ശീലമായിപ്പോയ പഴയ ജാലവിദ്യകളുടെ പുനരവതരണവുമായാണ് പലരും ഇക്കുറിയും തെരഞ്ഞെടുപ്പുവേദികളില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷെ ജനം 'ഇതു കുറെ കണ്ടതാണ്, ഇനി വേണ്ട മായാവിദ്യക്കാരാ' എന്നങ്ങ് വിളിച്ചു പറഞ്ഞുകളഞ്ഞു. അതുകൊണ്ടാണ് ഇക്കുറി പരാജയപ്പെട്ട രണ്ട് രാഷ്ട്രീയ നേതാക്കള്‍ രമേശ് ചെന്നിത്തലയും പിണറായി വിജയനുമാണെന്ന് ആളുകള്‍ പറയുന്നത്. ബി.ജെ.പിക്കും കേരളത്തെ നന്നായി മനസിലായി.

പ്രേം നസീറും ഷീലയും അച്ചടി ഭാഷയില്‍ പ്രണയ ഡയലോഗുകള്‍ പറഞ്ഞിരുന്ന കാലത്ത് യൂത്തു നേതാവായിരിക്കുമ്പോള്‍ ശീലിച്ചുപോയ പ്രസംഗ ശൈലി ഫ്രെയിമിട്ടുവെക്കാനെ പറ്റൂ എന്ന് രമേശ് ചെന്നിത്തല ഇനിയും മനസിലാക്കിയിട്ടില്ല. അതുകൊണ്ടാണ് ഹൃദയത്തില്‍നിന്ന് തൂവിപ്പോയ കണ്ണീര് കണ്ട് അത് ഗ്ലിസറിന്‍ കരച്ചിലാണെന്ന് ആളുകള്‍ പറഞ്ഞുകളഞ്ഞത്. ധാര്‍ഷ്ട്യത്തിന്റെ ജാലവിദ്യ ഇനി ഈ കളത്തില്‍ ചെലവാവില്ലെന്ന് വി.എസിന്റെ സ്വീകാര്യതയിലൂടെ ജനം പിണറായിക്കും പറഞ്ഞുകൊടുത്തു.

കാല്‍നൂറ്റാണ്ടായി പയറ്റുന്ന പണിക്ക് മാക്സിമം പോയാല്‍ ഒ. രാജഗോപാലിന്റെ ഒന്നു തെളിഞ്ഞ് പിന്നെ നിഴലിലാണ്ട മുഖം വരെ എന്നു ബി.ജെ.പിയെയും ജനം പഠിപ്പിച്ചു. ഇന്ത്യയില്‍ പലയിടത്തും നടത്തിയ ജാലവിദ്യാ പ്രകടനങ്ങള്‍ക്ക് കേരളത്തില്‍ വോട്ടെന്നാല്‍ ഇങ്ങിനെ അങ്ങിങ്ങ് എറിഞ്ഞുകിട്ടുന്ന ചില്ലറ നാണയങ്ങളാണെന്ന് ബി.ജെ.പി ഇനിയും പഠിച്ചിട്ടില്ലെങ്കില്‍ കനത്ത നിരാശയുടെ ഓരോ തെരഞ്ഞെടുപ്പുകാലങ്ങളും കണ്ട് ജീവിതം അങ്ങിനെ കരിന്തിരി കത്തി തീരും.

ആവശ്യം വന്നാല്‍ വി.എസിന്റെ വാചകങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് മുറിച്ചെടുത്ത് തങ്ങള്‍ക്കെതിരെ ഒരു മുരത്ത വര്‍ഗീയവാദിയുടെ ആക്രോശങ്ങള്‍ കേട്ടില്ലേ എന്ന് രഹസ്യ മന്ത്രണം നടത്തി സമുദായ വികാരമിളക്കി മടകളില്‍നിന്ന് അവസാനത്തെ പെണ്‍വോട്ടുവരെ പോളിങ് ബൂത്തിലെത്തിച്ച് ഈ തിരിച്ചടികള്‍ക്കിടയിലും വമ്പിച്ച വിജയങ്ങള്‍ നേടിയ അപ്ഡേറ്റഡ് ജാലവിദ്യക്കാരുടെ മാര്‍ഗമാണ് ഇനി ബി.ജെ.പിക്ക് നല്ലത്. മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും പോലെ ഏതെങ്കിലുമൊരു മുന്നണിയില്‍ കടന്നുകൂടി ഒരു സമുദായ പാര്‍ട്ടിയായാല്‍ അഞ്ചോ പത്തോ എം.എല്‍.എമാരെ ഉണ്ടാക്കി, അക്കൌണ്ട് തുറക്കുക എന്ന തെരഞ്ഞെടുപ്പു അടുക്കുമ്പോഴുണ്ടാകുന്ന പതിവ് വയറുവേദനയുടെ അസ്ക്യതയില്‍നിന്ന് രക്ഷപ്പെടാം. 

മുഖ്യമന്ത്രി ചിരി ചിരിച്ചുതുടങ്ങിയ ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവിന്റെ അതിഗൌരവം വീണ്ടും എടുത്തണിഞ്ഞ വി.എസ് അച്യുതാനന്ദനും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട ജാലവിദ്യക്കാരാണ്. അവരുടെ കൈയ്യിലുള്ള വിദ്യകള്‍ അപ്ഡേറ്റഡാണ്. ജനങ്ങളെ കൊണ്ട് കയ്യടിപ്പിക്കുന്ന മായാവിദ്യകള്‍. വില്ലന്മാരെ കണ്ടെത്തി അവരുടെ മടയില്‍ചെന്ന് പിടിച്ചിറക്കി നാലു പൂശി ജയിലിലടക്കുകയൊ ജനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുക്കുകയൊ ചെയ്യുന്ന മലയാള സിനിമയിലെ ധാര്‍മിക പോരാളികളായ നായകരെ കണ്ട് കയ്യടിക്കുന്ന ജനങ്ങളും കേരളത്തിലുണ്ടെന്ന് വി.എസിന് നന്നായിട്ടറിയാം. അതുകൊണ്ടാണ് വി.എസ് ധാര്‍മികതയുടെ കച്ചവടക്കാരനാണെന്ന് പരാജയപ്പെട്ട ജാലവിദ്യക്കാരിലൊരാളായ സി.പി. ജോണ്‍ പറഞ്ഞുപോയത്.

'ചീകാത്ത മുടിയും തേഞ്ഞ ചോല്‍ച്ചെരിപ്പുകളും' വിശ്രമമില്ലാത്ത ജനസേവനത്തെ അടയാളപ്പെടുത്തിയപ്പോള്‍ ആ വിദ്യയുടെ പരിപ്പും കേരളത്തില്‍ വേവിക്കാന്‍ ഉമ്മന്‍ചാണ്ടിക്കായി. നരച്ചമുടിയില്‍ കറുപ്പുതേക്കാനും മുഖത്തെ ചുളിവു മായ്ക്കാനും മേക്കപ്പ് ബോക്സും ടച്ചപ്പുബോയിയുമായി കോട്ടയത്തുനിന്ന് ഹരിപ്പാട്ടേക്ക് ഹെലികോപ്റ്റര്‍ പിടിക്കുന്ന ജാഡ നമ്മുടെ കാലത്ത് ജനം പുശ്ചിച്ചുതള്ളുമെന്ന് അറിയാത്ത സുന്ദര വിഡ്ഢികളോട് നല്ല നമസ്കാരം പറയുകയാണ് വേണ്ടതെന്ന് പറയുന്ന പിണറായി വിജയനും അറിയാതെ പോയ പുതിയ ജനകീയ പാഠങ്ങളാണ് 72 X 68 എന്ന അന്തംവിട്ട മാന്ത്രിക കണക്കിലൊളിച്ചിരിക്കുന്നത്.  

ജനം ഇത്ര പക്വതമുറ്റിയവരായി മാറിയെന്ന് പതിവു ജാലവിദ്യകളുമായി തെരഞ്ഞെടുപ്പു ഗോദയിലെത്തുമ്പോള്‍ ഇവരാരും കരുതിയിരുന്നില്ല. അതാണ് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതീക്ഷിച്ചിടത്തോളം എത്തിയില്ലെന്ന് വി.എസും ദീര്‍ഘനിശ്വാസമയച്ചത്. ശരിയായ ജനവിധി ഇതാണ്. ഒരു നൂല്‍പ്പാലത്തിനപ്പുറവുമിപ്പുറവും നിറുത്തിയുള്ള കളി. ഓരോ ഇഞ്ചിലും സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ തെന്നി അഗാധതയിലേക്ക് പതിക്കുമെന്ന ഒരുള്‍ക്കിടിലം ഭരണാധികാരികളെ നേരെ നടക്കാന്‍ പ്രേരിപ്പിക്കും. പാലത്തിന്റെ ബലഹീനത പ്രതിപക്ഷത്തെയും പ്രലോഭിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യും. ആരും വഴിവിട്ടൊന്നും ചിന്തിക്കുക കൂടി ചെയ്യില്ലെന്നുറപ്പ്. അപ്പോള്‍ ആരാണ് ശരിയായ മാന്ത്രികനെന്ന് ചോദിച്ചാല്‍ ഈ ജാലവിദ്യക്കാരെയെല്ലാം നൂല്‍പ്പാലത്തില്‍ നടത്തിക്കുന്ന ജനം തന്നെയെന്ന് ഉത്തരം.