Tuesday, August 30, 2011

ഒറ്റാന്തടികളുടെ പെരുന്നാള്‍

'രാവിലെയെഴുന്നേറ്റ് ഒരു കിലോമീറ്റര്‍ നടന്നുപോയി പെരുന്നാള്‍ നിസ്കരിക്കും. തിരിച്ചെത്തി മത്തി മുളകിട്ടതും ഖുബുസും കഴിക്കും. പിന്നെ ദേ ഈ ടീഷര്‍ട്ടിട്ട് അങ്ങിറങ്ങും. കഫീലും കുടുംബവും രാവിലെ തന്നെയെത്തും. പിന്നെ പെരുന്നാള്‍ അവധിയൊക്കെ കഴിഞ്ഞ് അവര്‍ പോകുന്നതുവരെ ഒന്ന് മൂടൂന്നാന്‍ പറ്റാത്ത പണിയാണ്.' കൊല്ലം അയത്തില്‍ സ്വദേശി ശംസുദ്ദീനും മലപ്പുറം അരീക്കോട്ടുകാരന്‍ സുലൈമാനും പറഞ്ഞത് ഒരേ കാര്യം. മരുഭൂ മനുഷ്യരായ ഒറ്റാന്തടികളുടെ പെരുന്നാളാഘോഷം എങ്ങിനെയാവുമെന്നറിയാന്‍ ഇറങ്ങിപുറപ്പെട്ടതാണ്. കേട്ടതൊക്കെ ഒരേ കഥ. 'ഈ ചുറ്റുഭാഗത്ത് ഇതുപോലെ ഇസ്തിരാഹകള്‍ ഒരുപാടുണ്ട്. എല്ലാറ്റിലും നോട്ടക്കാരായി ഒന്നോ രണ്ടോ പേരുണ്ടാവും. കൂടുതലും മലയാളികള്‍ തന്നെയാണ്. അവരെ കണ്ടാലും പെരുന്നാളാഘോഷത്തെ കുറിച്ച് ഇത്രയൊക്കയേ അവര്‍ക്കും പറയാനുണ്ടാവൂ.' തെക്ക് ദേശിങ്ങനാടിന്റേയും വടക്ക് വള്ളുവനാടിന്റേയും ശൈലീ വ്യത്യാസം മാറ്റിനിറുത്തിയാല്‍ ഇരുവരും തങ്ങളുടെ ജീവിതത്തെ വരച്ചിട്ട ഭാഷക്ക് ഒരേ സ്വരം, ഒരേ താളം.

ബന്‍ബാന്‍, വിശ്രമ സങ്കേതങ്ങളുടെ ഗ്രാമം

റിയാദ് നഗരത്തില്‍നിന്ന് വടക്കോട്ട് പോകുന്ന ഹൈവേയില്‍ 60കിലോമീറ്റര്‍ പിന്നിടുമ്പോള്‍ മുന്നിലെ ഫ്ലൈ ഓവറിലേക്ക് ഓടിക്കയറുന്ന വഴി വലതുഭാഗത്തേക്ക് ഒടിഞ്ഞിറങ്ങുന്നത് ബന്‍ബാന്‍ ഗ്രാമത്തിലേക്കാണ്. സ്വദേശികളുടെ ഒഴിവുകാല വിശ്രമസങ്കേതങ്ങള്‍ക്ക് മാത്രമായൊരു ഗ്രാമമാണ് ബന്‍ബാന്‍. കണ്ണെത്താ ദൂരത്തേക്ക് പടര്‍ന്നുപോകുന്ന മരുഭൂ കാഴ്ചക്ക് അതിരുടുന്നത് ഇത്തരം ഇസ്തിരാഹകളുടെ അഥവാ വിശ്രമ, വിനോദ സങ്കേതങ്ങളുടെ എടുപ്പുകളും ചുറ്റുമതില്‍കെട്ടുകളുമാണ്. ഈ ഓരോ ചുറ്റുമതില്‍ക്കെട്ടുകള്‍ക്കുള്ളിലും വിജനതയെ ഭഞ്ജിച്ചുകൊണ്ട് ഒന്നോ രണ്ടോ മനുഷ്യ ജീവിതങ്ങളുണ്ടാവും. 24 മണിക്കൂറും ജാഗ്രതയോടെ കാവല്‍ക്കാരായി. അവര്‍ക്ക് അറബി ഭാഷയില്‍ ഒരേ പേര്, ഹാരിസ്. കാവല്‍ക്കാരനെന്നോ കാര്യസ്ഥനെന്നോ നിങ്ങള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ മനസിന്റെ വലിപ്പം പോലെ വിളിച്ചോളൂ എന്ന് അവര്‍ ചിരിയോടെ പറയും.

ബന്‍ബാനിലൂടെയുള്ള യാത്രയില്‍ വഴികാട്ടാനെത്തിയ സുലൈമാന്‍ തന്നെ കഥാപാത്രമായി മാറിയ കഥയാണ് ആദ്യം. മുന്നില്‍ പെട്ടെന്ന് വഴിമുടക്കിയ റോഡിന്റെ പിരിവുകളില്‍ ഏതിലേക്ക് പോകണം എന്ന് അന്തിച്ചുനില്‍ക്കുമ്പോള്‍ 'സീഡ്' എന്ന ഇനിയും കേള്‍ക്കാത്ത ഒരു കമ്പനിയുടെ മോട്ടോര്‍ സൈക്കിളോടിച്ച് നിറഞ്ഞ ചിരിയോടെ സുലൈമാനെത്തി. മരുഭൂ ജീവിതങ്ങളെ പരിചയപ്പെടുത്തിത്തരാമെന്നേറ്റ സുലൈമാന്‍ ആരെയാണ് ആദ്യം കാണേണ്ടതെന്ന് വിചാരപ്പെട്ടു നില്‍ക്കുമ്പോള്‍ വെറുതെ ചോദിച്ചു:
'സുലൈമാന്‍ എത്ര വര്‍ഷമായി ഇവിടെ?'
'...പത്തൊമ്പത്.'
'ഈ കാലത്തിനിടക്ക് നാട്ടില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ കൂടിയിട്ടുണ്ടോ?'
'ഉവ്വ്, ഒരു തവണ മാത്രം. പക്ഷേ, അത് 17വര്‍ഷം മുമ്പാണ്.'
മുഖം നിറഞ്ഞുനിന്ന ചിരിയില്‍ പോക്കുവെയിലിന്റെ ഛായ പടര്‍ന്നുകയറിയത് പെട്ടെന്നാണ്.
ഒറ്റാന്തടികളുടെ പെരുന്നാള്‍ വിശേഷമറിയാനുള്ള യാത്രയില്‍ ഒപ്പം വന്ന റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ എസ്.വി അര്‍ശുല്‍ അഹ്മദും നാസര്‍ മാങ്കാവും ഒരേ സ്വരത്തില്‍ ചോദിച്ചു, എങ്കില്‍ എന്തുകൊണ്ട് സുലൈമാന്റെ കഥയില്‍നിന്നുതന്നെ തുടങ്ങിക്കൂടാ...




സുലൈമാന്റെ കഥ, ശംസുദ്ദീന്റേയും

1994ലാണ് സുലൈമാന്‍ റിയാദില്‍ സര്‍ക്കാര്‍ വകുപ്പില്‍ ഉന്നതോദ്യോഗസ്ഥനായ സ്വദേശിയുടെ വിശ്രമ സങ്കേത കാവല്‍ക്കാരനായി സൌദിയിലെത്തിയത്. അന്നുമുതല്‍ ബന്‍ബാനിലെ ഈ മനോഹര വിശ്രമ മന്ദിരത്തിന്റെ കാവല്‍ക്കാരനും കാര്യസ്ഥനുമാണ്. 1996ല്‍ ആദ്യ അവധി കിട്ടി നാട്ടിലെത്തിയത് റമദാനില്‍. വീട്ടുകാരോടൊപ്പം ചെലവിട്ട പെരുന്നാളുകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസില്‍ നിറഞ്ഞുനിന്നതിനാല്‍ എങ്ങിനേയും പെരുന്നാളിന് നാട്ടിലെത്തണമെന്ന ആഗ്രഹം പിറ്റേ വര്‍ഷമായതോടെ കലശലാവുകയും സമയവും കാലവും കഫീലിന്റെ സന്മനസും ഒത്തുവന്നപ്പോള്‍ സഫലമാവുകയും ചെയ്തു. ചെറിയ പെരുന്നാളും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം കൂടിയിട്ടാണ് തിരിച്ചെത്തിയത്. പിന്നെ ഒരു പെരുന്നാളിനും നാട്ടിലെത്താനായില്ല. കാലം തെറ്റിയത് പെരുന്നാളുകള്‍ക്കോ തന്റെ അവധികള്‍ക്കോ എന്ന കാര്യത്തിലാണ് നിശ്ചയമില്ലാത്തത്.
രണ്ടുവര്‍ഷം കൂടുമ്പോഴാണ് അവധി. വിമാന ടിക്കറ്റുള്‍പ്പെടെയെത്തുന്ന അവധി ഒഴിവാക്കാറില്ല. എന്നാല്‍ പിന്നീട് ഒരു അവധിയും പെരുന്നാളുകളും ഒരുമിച്ചു വന്നില്ല. ഇപ്പോള്‍ അതൊക്കെ ശീലമായിരിക്കുന്നു.

പെരുന്നാള്‍ സദ്യയെന്നാല്‍ ബിരിയാണിയുടെ മണം മനസിലുണ്ടെങ്കിലും മത്തിക്കറിയും ഖുബുസുമാണെന്ന യാഥാര്‍ഥ്യം സുലൈമാനുള്‍ക്കൊള്ളാന്‍ ഇന്നു പ്രയാസമില്ല. റിയാദില്‍നിന്ന് ആഴ്ചയിലൊരിക്കല്‍, അതായത് വെള്ളിയാഴ്ച തൊട്ടടുത്തുള്ള ജുമുഅ മസ്ജിദിന്റെ സമീപം അണിനിരക്കുന്ന വഴിവാണിഭക്കാരില്‍നിന്നുവാങ്ങുന്ന മീനാണ് പിന്നീടുള്ള ഒരാഴ്ച ഊട്ടു വിഭവങ്ങളില്‍ പ്രധാനപ്പെട്ടത്. പെരുന്നാള്‍ വെള്ളിയാഴ്ചയോ അതിനോടടുത്ത ദിവസങ്ങളിലോ ആയാല്‍ പെരുന്നാളൂണ് കറുച്ചുകൂടി 'ഫ്രഷ്' ആവും എന്ന് മാത്രം.

തൊട്ടടുത്തുള്ള ഇസ്തിറാഹയുടെ കാര്യസ്ഥനായ ശംസുദ്ദീനും പറയാനുള്ള വിശേഷങ്ങള്‍ ഇതൊക്കെ തന്നെയാണ്. 1997 ഡിസംബറില്‍ റിയാദിലെ ഒരു വ്യവസായ പ്രമുഖന്റെ കമ്പ്യൂട്ടര്‍ കമ്പനിയുടെ വിസയിലാണ് ശംസുദ്ദീന്‍ റിയാദിലെത്തിയത്. കമ്പനിയില്‍ എന്തെങ്കിലും ജോലിയാവുമെന്നാണ് കരുതിയത്. എന്നാല്‍ ബന്‍ബാനിലെ വിശ്രമസങ്കേതത്തില്‍ തല്‍ക്കാലം ഹാരിസിന്റെ ഒഴിവുണ്ടെന്നും പകരം ആളെത്തിയാല്‍ താമസിയാതെ കമ്പനിയിലേക്ക് മാറ്റിനിയമിക്കാമെന്നും പറഞ്ഞാണ് സങ്കേതത്തിലെത്തിച്ചത്. പറഞ്ഞപോലൊന്നും ആരും പകരമായെത്തിയില്ല. ബന്‍ബാനിലെ ജീവിതം സ്ഥിരപ്പെട്ടു. ആറു വര്‍ഷം മുമ്പ് ചെറിയ പെരുന്നാളും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം കൂടാനായി. എന്നാല്‍ അതിന് മുമ്പും ശേഷവും നീണ്ടകാലം അനുഭവിച്ച ബന്‍ബാനിലെ പെരുന്നാളിനോളം അതായില്ലെന്ന് വെറുതെ തോന്നി.

'പെരുന്നാളിന് പുതുവസ്ത്രങ്ങളെടുക്കാറുണ്ടോ?' രണ്ടുപേരോടും ചോദിച്ചത് ഒരേ ചോദ്യങ്ങള്‍. ഉത്തരങ്ങളും ഒന്നായിരുന്നു.
'ദേ ഈ ടീഷര്‍ട്ടും പാന്റ്സും. അതാണ് ഞങ്ങളുടെ വേഷം. പുതുവസ്ത്രങ്ങള്‍ നാട്ടില്‍ പോകുമ്പോള്‍ മാത്രം. അല്ലെങ്കില്‍ ഉള്ളത് കീറിപ്പോയാല്‍.'

'എന്നാല്‍ ഇവിടെ ഞങ്ങള്‍ മലയാളികള്‍ ചേര്‍ന്ന് പെരുന്നാളാഘോഷിക്കാറുണ്ട്.... പറഞ്ഞത് ശംസുദ്ദീന്‍. 'പെരുന്നാള്‍ അവധിയൊക്കെ തീര്‍ന്ന് കഫീലും കുടുംബവുമൊക്കെ പോയിക്കഴിഞ്ഞ് വിശ്രമ സങ്കേതങ്ങള്‍ വിശ്രമത്തിലാവുമ്പോള്‍ ഞങ്ങള്‍ ഏതെങ്കിലും ഒരാളുടെ ഇസ്തിരാഹയില്‍ ഒരുമിച്ചുകൂടി ബിരിയാണിയൊക്കെ വെച്ച് പെരുന്നാള്‍ ആഘോഷിക്കും. ആ രാത്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണിനി...' ശംസുദ്ദീന്റെ മുഖത്ത് വിടര്‍ന്ന ശവ്വാല്‍ അമ്പിളിക്ക് 14ാം രാവിന്റെ പൂര്‍ണവളര്‍ച്ച.

മാസത്തിലൊരു തവണ റിയാദിലേക്ക് വണ്ടി കയറാറുണ്ട്. ശമ്പളം കിട്ടുന്ന ദിവസം. ബത്ഹയിലെത്തി പണം വീട്ടിലേക്ക് അയക്കും. മുടിവെട്ടാനായിട്ടുണ്ടെങ്കില്‍ അതു ചെയ്യും. ആവശ്യ സാധനങ്ങളെന്തെങ്കിലും വാങ്ങാനുണ്ടെങ്കില്‍ അതു ചെയ്യും. എന്നാല്‍ പെരുന്നാളിന് ബത്ഹയിലെത്താനാവില്ല. അന്ന് കഫീലും ആള്‍ക്കാരും ഉള്ളതുകൊണ്ട് അവര്‍ക്ക് സേവനം ചെയ്ത് ഇവിടെ തന്നെയുണ്ടാവണമെന്നതിനാല്‍ ബത്ഹയിലേക്കുള്ള യാത്ര രണ്ടാഴ്ചയെങ്കിലും കഴിഞ്ഞിട്ടാണ്.

ബന്‍ബാനില്‍ ജീവിതം സുരക്ഷിതമാണെന്ന് പറയുന്ന ഇരുവര്‍ക്കും നഗരത്തില്‍ ഒട്ടും സുരക്ഷിതമല്ലെന്ന് പറയാന്‍ രണ്ട് അനുഭവ കഥകളുടെ തെളിവുണ്ട് കൈയ്യില്‍. നാട്ടില്‍ മകളുടെ കല്യാണത്തിന് വേണ്ടി കടംവാങ്ങിയ ഇനത്തില്‍ കൊടുക്കാനുള്ള പണം അയക്കാന്‍ ബത്ഹയിലെത്തിയതാണ് സുലൈമാന്‍. ചിട്ടിപിടിച്ച 4200 റിയാല്‍ കൈയിലുണ്ടായിരുന്നു. ബത്ഹയില്‍ വെച്ച് ഏഴുമാസം മുമ്പ് അത് രണ്ട് കറുത്ത വംശജര്‍ തട്ടിയെടുത്തു. അന്ന് കരഞ്ഞതിന് കണക്കില്ല. തുച്ഛ വരുമാനത്തില്‍നിന്ന് മിച്ചം പിടിച്ചതാണ്. 2000ത്തിലാണ് ശംസുദ്ദീന്‍ പിടിച്ചുപറിക്കിരയായത്. ശമ്പളം കിട്ടിയയിനത്തില്‍ തുക കൈയിലുണ്ടായിരുന്നതു മുഴുവന്‍പോയി.

ഇരുവരും കിട്ടിയ ജീവിതം കൊണ്ട് തൃപ്തരാണ്. ശമ്പളം വളരെ കുറവാണ്. എന്നാല്‍ മനസമാധാനമുണ്ട്. കഫീല്‍മാര്‍ക്ക് തങ്ങളോട് നിറഞ്ഞ സ്നേഹമാണ്. ഇസ്തിരാഹകള്‍ വെടിപ്പും വൃത്തിയുമായിരിക്കണം, അന്യര്‍ പ്രവേശിച്ച് അക്രമണം കാട്ടാതെ  സൂക്ഷിക്കണം, പഴത്തോട്ടങ്ങള്‍ പിഴപറ്റാതെ പരിപാലിക്കണം. അത്രയും പിഴവില്ലാതെ ചെയ്താല്‍ പിന്നെ തൊഴിലുടമകള്‍ക്ക് ഇവരോട് എന്തിന് സ്നേഹകുറവുണ്ടാകണം? സുലൈമാന്റെ ഇസ്തിരാഹയില്‍ ആപ്പിള്‍, മുന്തിരി, ഓറഞ്ച്, ഇന്തപ്പന തോട്ടങ്ങളുണ്ട്. ശംസുദ്ദീന്റെ തോട്ടത്തില്‍ ഈന്തപ്പനകള്‍ മാത്രവും.

സുലൈമാന്റെ ഭാര്യ ആമിന. ഏക മകള്‍ ശമീനയുടെ വിവാഹം കഴിഞ്ഞു. ആണ്‍മക്കളായ മുഹമ്മദ് ശഫീഖും മുഹമ്മദ് സനുവും വിദ്യാര്‍ഥികളാണ്. ശംസുദ്ദീന് മൂന്നു മക്കളാണ്. ബികോം വിദ്യാര്‍ഥിയായ മകള്‍ സുറുമിയുടെ വിവാഹം നടത്തലാണ് ഇനിയുള്ള ലക്ഷ്യങ്ങളില്‍ ആദ്യത്തേത്. ഓട്ടൊമൊബൈല്‍ കോഴ്സിന് പഠിക്കുന്ന മൂത്ത മകന്‍ ഷംസാദിനും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഇളയ മകന്‍ ഷംനാദിനും ഓരോ ജീവിതവും തരപ്പെടുത്തണം. അതുവരെ ബന്‍ബാനിലെ ഒറ്റാന്തടി ജീവിതവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം.

ഈ പ്രദേശത്തെ വിവിധ ഇസ്തിരാഹകളിലുള്ള ഇബ്രാഹിം, കബീര്‍, അയ്യൂബ്, അബ്ദുല്‍ സലാം തുടങ്ങി 25ഓളം വരുന്ന മലയാളി ഹാരിസുമാര്‍ക്കും ഒരേ ജീവിതമാണെന്ന് അവര്‍ സ്വന്തം ജീവിത കഥകള്‍ കൊണ്ട് സാക്ഷ്യം പറയുന്നു.

2 comments:

  1. എന്ത് കമന്റു ആണിതിനെഴുതുക ... അറിയില്ല!

    ReplyDelete
  2. ജീവിതത്തിന്റെ നൂൽപ്പലകകളിൽ മാനസിക വിശ്രമം നടത്തി ഈറന്മിഴികളിൽ സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന പാവം മനുഷ്യജന്മങ്ങൾ. ഉറ്റവരുടെ സാന്ത്വനം പലപ്പോഴും ഇക്കൂട്ടർക്ക് ലഭിക്കുന്നുമില്ല.

    ReplyDelete