Sunday, April 4, 2010

പ്രണയം മധുരമാകുന്നത്

മാടപ്രാവിന്റെ കൈയില്‍ പ്രണയം കൊടുത്തുവിട്ട് പ്രേക്ഷകഹൃദയങ്ങളില്‍ കൂടുകൂട്ടിയ 'മേനെ പ്യാര്‍ കിയ'യിലെ നായിക ഭാഗ്യശ്രീയെ ഞാനാദ്യം നേരില്‍ കണ്ടത് ഒരു വ്യാഴവട്ടം മുമ്പ് അരുവിത്തുറ സെന്റ് ജോര്‍ജസ് കോളജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി ക്ലാസില്‍. വെളുത്തുമെലിഞ്ഞ സുന്ദരി, പാലക്കാരി ഷീബ!

മീനച്ചിലാറിന്റെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ആ കോളേജില്‍ ഞാന്‍ അന്ന് രണ്ടാംവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥി. ചിരിക്കുമ്പോള്‍ കവിത വിരിയുന്ന ആ കണ്ണുകള്‍ ഭാഗ്യശ്രീയുടേതല്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇളം തവിട്ടുനിറത്തിന്റെ വശ്യതയില്‍ കോളേജിടനാഴിയില്‍ നിന്നുള്ള ജാലക കാഴ്ചയിലൂടെ ഹൃദയത്തിലേക്ക് തുളച്ചുകടന്ന ആ കണ്ണുകള്‍ കോളേജിലെ നാഷനല്‍ സര്‍വീസ് സ്കീം ചതുര്‍ദിന വാളന്റിയര്‍ ക്യാമ്പില്‍ വെച്ച് നേരില്‍ പരിചയം ഭാവിച്ചു. ക്യാമ്പിന്റെ സമാപന ദിവസം സായാഹ്നത്തില്‍ കോളേജില്‍ നിന്ന് ടൌണിലേക്ക് ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലൂടെ ഒരുമിച്ച് നടക്കുമ്പോള്‍ സംസാരിച്ച വിഷയങ്ങള്‍ക്ക് അതിരുകളുണ്ടായിരുന്നില്ല. ഓര്‍മകളില്‍ മധുരം നിറയ്ക്കുന്നു, ഇന്നും ആ സായാഹ്നം.

ജീവിതത്തിലാദ്യമായി പ്രണയമെന്ന വികാരം തോന്നുന്നത് ആ കണ്ണുകളോട്. അലംഭാവം, അല്ലെങ്കില്‍ അധൈര്യം. കണ്ണുകളുടെ ഉടമസ്ഥയോട് അത് തുറന്നുപറയാന്‍ കഴിഞ്ഞില്ല. സുഹൃദ് ബന്ധത്തിന്റെ ചെറിയ ജലാശയത്തിനപ്പുറത്ത് ആഴക്കടലിന്റെ വിശാലതയിലേക്ക് തോണിയിറക്കാന്‍ അശക്തനായ ഒരു തുഴച്ചില്‍ക്കാരനായിരുന്നല്ലൊ ഞാനന്ന്. അങ്ങിനെ ആദ്യത്തെ പ്രണയം മൊട്ടായി ഉള്ളില്‍ കൂമ്പിയണഞ്ഞു.

തെക്കന്‍ ദേശത്തുനിന്ന് മധ്യതിരുവിതാംകൂറില്‍ പ്രീഡിഗ്രിക്ക് മാത്രം പഠിക്കാനെത്തിയ ഞാന്‍ കോഴ്സ് കഴിഞ്ഞു അധികം വൈകാതെ മടങ്ങിപ്പോന്നു. ഇന്ന് ആ 'ഭാഗ്യശ്രീ' എവിടെയാണെന്നറിയില്ല. ഓര്‍മ്മകളുടെ ഏറ്റവും തിളക്കമുള്ളിടത്ത് ആ കണ്ണുകളുണ്ട്. അത്രമാത്രം. ഒരുകാര്യം ഉറപ്പ്: ഇന്നും ഏത് ആള്‍ക്കൂട്ടപ്പെരുവഴിയില്‍ വെച്ചും ആ കണ്ണുകളെ എനിക്ക് തിരിച്ചറിയാന്‍ കഴിയും. അപ്പോള്‍ പറയാന്‍ മനസില്‍ പ്രണയം വാക്കുകള്‍ കരുതിവെച്ചിരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജാലകക്കാഴ്ചയിലൂടെ വേറൊരു പെണ്‍കുട്ടി മനസിലേക്ക്. പിന്നെ പ്രണയത്തിന്റെ കാളിന്ദീതീരത്തേക്ക്. മൊട്ടായൊടുങ്ങിയില്ല, പ്രണയം വിടര്‍ന്നു. കുറെനാള്‍ അത് ജീവിതത്തില്‍ സൌരഭ്യം പരത്തി. കൊഴിയുന്ന ഇതളുകള്‍ പെറുക്കിയെടുത്തു കൂട്ടിവെച്ച്, കെടാതെ സൂക്ഷിച്ച്... ഒടുവില്‍ എപ്പോഴൊ ഇതളുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച ചതിയുടെ മുള്ളുകള്‍ നീണ്ടുവന്നപ്പോള്‍ മനസില്‍ ചോരപൊടിഞ്ഞു. ഓര്‍ക്കാപ്പുറത്ത് മനസില്‍ ആഴത്തിലുള്ള മുറിവുകള്‍ ബാക്കിയാക്കി ആ പൂവ് ആരുടെയോ പൂക്കുടയിലേറി കടന്നുപോയി.

വിടരാതെ പോയ ആദ്യപ്രണയത്തിന്റെ സുഖം തിരിച്ചറിയുന്നത് ആ വ്യഥിതനാളുകളിലാണ്. അതുകൊണ്ടാണ് വിടരാതെ പോകുന്ന പ്രണയമാണ് മധുരമെന്ന് മനസ് പറയുന്നത്. ഒരു കവിത കുറിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ...

പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്
വിടര്‍ന്നാലത്
വിഷപുഷ്പം
അറിയാതൊന്നു ചുംബിച്ചാല്‍
ശ്വസനമരണം
സ്പര്‍ശിച്ചാല്‍
ദേഹം ചൊറിഞ്ഞ് തിണര്‍ക്കും
വിടര്‍ന്ന് കായായാല്‍
ജീവിതം കല്ലിച്ചതിനുള്ളില്‍
ചുരുങ്ങും
പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്

(ഗള്‍ഫ് മനോരമ-ആദ്യാനുരാഗം 2003 സെപ്തംബര്‍)

22 comments:

  1. "ഓര്‍ക്കാപ്പുറത്ത് മനസില്‍ ആഴത്തിലുള്ള മുറിവുകള്‍ ബാക്കിയാക്കി ആ പൂവ് ആരുടെയോ പൂക്കുടയിലേറി കടന്നുപോയി." കൊള്ളാം .നന്നായിരിക്കുന്നു ..എഴുത്ത് തുടരുക..
    (എന്റെ ബ്ലോഗ്)

    ReplyDelete
  2. അതെ...

    പലപ്പോഴും വിടരാതെ കൊഴിഞ്ഞ പ്രണയമാണ് മധുരതരം!

    ReplyDelete
  3. “അനുരാഗ വിലോചിതനായി, അതിലേറെ മോഹിതനായി” നജിം എഴുതിയ വിലാപകാവ്യം വായിച്ചപ്പോള്‍ മുട്ടത്തു വര്കിയും കാനം ഇ. ജെ യും റബ്ബറിന്റെ മണവും മീനച്ചലാരിന്റെ ഓളങ്ങളും ഒക്കെ ഉള്‍പ്പെട്ട ഒരു മധ്യ തിരുവിതാംകൂര്‍ പൈങ്കിളി യുഗത്തിലേക്ക് തിരിച്ചു പോയതുപോലെ തോന്നി.
    നല്ല രസമുണ്ടായിരുന്നു വായിക്കാന്‍.
    എങ്കിലും പറയാതെ വയ്യ, ഈ അനുഭവിച്ച വികാരത്തിന്റെ പേര് പ്രണയമെന്നല്ല മതിഭ്രമമെന്നാണ് (infatuation) പറയേണ്ടത്. പ്രണയത്തിനും മതിഭ്രമത്തിനുമിടയില്‍ ഒരു സാഗരത്തിന്റെ അന്തരമുണ്ട്, ആഴത്തിലും പരപ്പിലും.

    ReplyDelete
  4. പ്രണയത്തിനൊരര്‍ത്ഥാന്തരന്യാസമുണ്ടോ?
    എങ്കില്‍ എവിടെയാണതിന്‍റെ സാമാന്യം?
    പ്രണയത്തിനൊരു ശാര്‍ദ്ദൂല വിക്രീഡിതമുണ്ടോ?
    എങ്കില്‍ എവിടെയാണതിന്‍റെ ഗോദാവരിക്കാട്?

    ReplyDelete
  5. ദു:ഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഖമെന്താനന്ദമാണെനിക്കോമനേ...
    എന്നും നിറക്കട്ടെയെന്‍ പാന പാത്രം നിന്നസാനിദ്യം പകരുന്ന വേദന!!

    ReplyDelete
  6. സുഹൃത്തേ വളരെ നന്നായിരിക്കുന്നു, പലരും പറയാതെ പോകുന്നതാണ് നിങ്ങള്‍ എയുതിയത്.

    ReplyDelete
  7. പറഞ്ഞു കഴിഞ്ഞ പ്രണയത്തെക്കളും
    എന്നും മനസ്സില്‍ തളിര്‍ത്തു നില്‍ക്കും
    പറയാതെ പോയ പ്രണയം
    അല്പം നൊമ്പരം നല്‍കിക്കൊണ്ട്.....!!

    ReplyDelete
  8. പ്രണയം മധുരമാകുന്നത്
    അത് വിടരാതെ കൊഴിയുമ്പോഴാണ്
    വിടര്‍ന്നാലത്
    വിഷപുഷ്പം
    അറിയാതൊന്നു ചുംബിച്ചാല്‍
    ശ്വസനമരണം
    സ്പര്‍ശിച്ചാല്‍
    ദേഹം ചൊറിഞ്ഞ് തിണര്‍ക്കും
    വിടര്‍ന്ന് കായായാല്‍
    ജീവിതം കല്ലിച്ചതിനുള്ളില്‍
    ചുരുങ്ങും
    പ്രണയം മധുരമാകുന്നത്
    VERY GOOD....

    ReplyDelete
  9. shariya chetta..ur rite....... പ്രണയം മധുരമാകുന്നത്
    അത് വിടരാതെ കൊഴിയുമ്പോഴാണ്..
    O:-)

    ReplyDelete
  10. പ്രണയം മധുരമാകുന്നത്
    അത് വിടരാതെ കൊഴിയുമ്പോഴാണ്..
    aano???allaa.....
    പ്രണയം മധുരമാകുന്നത്
    അത് vidarumbozhaanu...

    ReplyDelete
  11. പ്രണയം മധുരമാകുന്നത്
    അത് വിടരാതെ കൊഴിയുമ്പോഴാണ്..
    കല്ല്യാണത്തിനു ശേഷമുള്ള വികാരത്തിനു പ്രണയം എന്നു പറയില്ലേ?
    ഒരു സംശയം

    ReplyDelete
  12. വളരെ നന്നായിടുണ്ട് ...

    ReplyDelete
  13. iyaloru "Kapi" aanennanu njan vicharichathu, ippol manassilayi manssil valare adhikam kavitha ulla aalanennu. nannanyirikkunnu....inium ezhuthuka....

    ReplyDelete
  14. പ്രണയം മധുരമാകുന്നത്
    അത് വിടരാതെ കൊഴിയുമ്പോഴാണ്..
    ശരിയാണെന്ന് എനിക്കും തോന്നുന്നു.
    (പലര്‍ക്കും തോന്നുമായിരിക്കും)

    ReplyDelete
  15. hi najim
    love at first sight , i couldn't agree at all
    but i like this,
    by Ranjith

    ReplyDelete
  16. രസകരം...വളരെ നല്ലത്...!

    ReplyDelete
  17. പ്രണയം മധുരമാകുന്നത്
    അത് വിടരാതെ കൊഴിയുമ്പോഴാണ്
    വിടര്‍ന്നാലത്
    വിഷപുഷ്പം
    അറിയാതൊന്നു ചുംബിച്ചാല്‍
    ശ്വസനമരണം
    സ്പര്‍ശിച്ചാല്‍
    ദേഹം ചൊറിഞ്ഞ് തിണര്‍ക്കും
    വിടര്‍ന്ന് കായായാല്‍
    ജീവിതം കല്ലിച്ചതിനുള്ളില്‍
    ചുരുങ്ങും
    പ്രണയം മധുരമാകുന്നത്
    അത് വിടരാതെ കൊഴിയുമ്പോഴാണ്



    adipoliiiii

    ReplyDelete
  18. "It is better to have loved and lost, than never to have loved at all" -: Tennyson

    "Don't observe real love through eyes, feel it through your heart"
    -: W.Shakespere.

    "Pinnee..vere paniyille..premam mannankatta-: Sheeba Ramachandran

    ReplyDelete
  19. മനോഹരം ....................................................

    ReplyDelete