Thursday, October 15, 2009

പഴയൊരനുഭവകഥ-'സനാഥന്‍'

സുഹൃത്തും സ്വന്തം നാട്ടുകാരനുമായിരുന്നിട്ടും രണ്ടുതവണമാത്രമാണ് ഹരി എന്നിലെ പത്രലേഖകനെ തേടി വന്നത്. ആദ്യം വാര്‍ത്തയുമായും പിന്നീട് വാര്‍ത്തയായും!
അവന്‍ വാര്‍ത്തയുമായി വരുമ്പോള്‍ ഞാന്‍ പത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്നു. പ്രമുഖ പത്രം എന്റെ പ്രദേശത്ത് ഒരു സബ് ബ്യൂറോ ആരംഭിക്കുകയും അതില്‍ ഞാന്‍ സ്വ.ലേ ആയി ജോലി തുടങ്ങുകയും ചെയ്ത കാലത്ത് അവന്‍ നാട്ടിലുണ്ടായിരുന്നില്ല. മറുനാട്ടിലെവിടെയൊ സാമാന്യം തരക്കേടില്ലാത്ത ഏന്തോ സാങ്കേതിക ജോലിയഭ്യസിച്ച് അതുകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. നാട് വിട്ടുപോയി അഞ്ചുവര്‍ഷത്തിന് ശേഷം മടങ്ങിവരുമ്പോള്‍ പ്രായത്തെ അതിശയിപ്പിക്കുന്ന ഭേദപ്പെട്ട ജീവിതം അവന്‍ കൈവശപ്പെടുത്തിയതായി നാട്ടുകാരെ പോലെ എനിക്കും തോന്നി. കുട്ടിക്കാലം മുതല്‍ നേരിട്ട ദുരിതവും വീട്ടിലെ പ്രാരാബ്ധങ്ങളുമാണ് ചെറുപ്രായത്തില്‍ തന്നെ നല്ലൊരു ജീവിതം നേടിയെടുക്കാന്‍ അവനെ സഹായിച്ചതെന്ന് എല്ലാവരെയും പോലെ ഞാനും വിശ്വസിച്ചപ്പോള്‍ എനിക്കവനോട് അസൂയ തോന്നാതിരുന്നുമില്ല. നാട്ടിലെ നായ് ശല്യവും തെരുവ് വിളക്കുകള്‍ കത്താത്തതും വ്യാജമദ്യ നിര്‍മ്മാണവും വനം കൊള്ളയുമൊക്കെ ആവര്‍ത്തിച്ചെഴുതി പത്രക്കോളങ്ങളുടെ എണ്ണം തികച്ച് പത്രത്തില്‍ നിന്ന് മാസാവസാനം വന്നുചേരേണ്ട പ്രതിഫലം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ എന്റെ യൌവ്വനം വിയര്‍ത്തുതുടങ്ങിയ കാലമായിരുന്നു അത്!
ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി നടത്തിപ്പുകളിലെ പാളിച്ചകളെയും ക്രമക്കേടുകളെയും കുറിച്ച് പ്രതിപക്ഷത്ത് നിന്ന് ചോര്‍ന്ന് കിട്ടിയ വിവരങ്ങള്‍ വെച്ച് ഒരു 'സ്റ്റോറി' മെനയാന്‍ പാടുപെടുന്ന ഒരുച്ച നേരത്താണ് ഹരി വാര്‍ത്തയുമായി വന്നു കയറിയത്. എന്റെ പത്രത്തിന് അനഭിമതരായ രാഷ്ട്രീയ കക്ഷി ഭരണം നടത്തുന്ന പഞ്ചായത്തിലെ അഴിമതി വാര്‍ത്ത എത്ര പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പൊലിപ്പിച്ചാലും പത്രം പ്രസിദ്ധീകരിക്കും എന്ന വിശ്വാസത്താല്‍ ഭാവനയും യാഥാര്‍ത്ഥ്യവുമായി മല്ലിടുകയായിരുന്ന ഞാന്‍ ഹരിയുടെ രംഗപ്രവേശമറിയാന്‍ അല്പസമയമെടുത്തു. തൊണ്ടയനക്കി എന്റെ ശ്രദ്ധ പിടിച്ചെടുത്ത അവന്‍ പോക്കറ്റില്‍ നിന്ന് ഒരു ഒരിളം നീല കവറെടുത്ത് തുറന്ന് അതില്‍ നിന്ന് ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയെടുത്ത് നീട്ടി പറഞ്ഞു.
'അമ്മയുടേതാണ്. കാണാതായ വിവരം നീയറിഞ്ഞുകാണുമല്ലോ.'
'ഉവ്വ്, എന്തെങ്കിലും വിവരം കിട്ടിയോ?'
'ഇല്ല, മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ല, നീയിതൊന്ന് പത്രത്തില്‍ കൊടുക്കണം. ഇനിയതേ വഴിയുള്ളൂ'
ഒരു ക്ലാസിഫൈഡ് പരസ്യത്തിന്റെ സാദ്ധ്യതയാണ് ആദ്യം തലക്കുള്ളില്‍ മിന്നിമറഞ്ഞത്. അവന്റെ മുഖം കണ്ടപ്പോള്‍ എനിക്കും വിഷമം തോന്നി. കാണ്‍മാനില്ല എന്നൊരു വാര്‍ത്തയാക്കി പിറ്റേന്നത്തെ പത്രത്തില്‍ ഇട്ടു.
നാലു ദിവസങ്ങള്‍ക്ക് ശേഷം ഗ്രാമകവലയില്‍ നാട്ടിലെ ചെറുപ്പക്കാരുടെ സ്ഥിരം സായാഹ്നവേദിയായ വായനശാലയില്‍ കൂട്ടുകാരോടൊത്ത് സൊറ പറഞ്ഞിരിക്കുമ്പോള്‍ അവന്‍ വന്നു. മുഖം കനം തൂങ്ങിയിരുന്നു. പാറിപ്പറന്ന് കിടക്കുന്ന മുടി. ഒന്ന് തൊട്ടാല്‍ തുളുമ്പിയൊഴുകാന്‍ കാത്തു നില്ക്കുന്ന കണ്ണീര്‍പ്പാത്രമാണ് അവനെന്ന് തോന്നി. എല്ലാവരുടേയും മുഖത്ത് സഹതാപം നിഴലായി പാറി വീണു.
'നമുക്കിനി വനത്തില്‍ തെരയാം' എന്ന് എല്ലാവരും കൂടി തീരുമാനമെടുക്കുമ്പോള്‍ അവന്‍ അടുത്തുമാറി നിലത്ത് മുട്ടുകാലില്‍ മുഖം പൂഴ്ത്തിയിരുന്നു. കണ്ണീര്‍പ്പാത്രം തുളുമ്പിയൊഴുകുകയായിരുന്നിരിക്കണം.
പിറ്റേന്ന് പ്രഭാതം മുതല്‍ ആരംഭിച്ച തെരച്ചിലിനിടയില്‍ ഓരോ പൊന്തക്കാടിനുള്ളിലേക്കും ഓരോ തവണയും പല കണ്ണുകള്‍ ഒരുമിച്ച് ചുഴിഞ്ഞിറങ്ങുമ്പോള്‍ അവന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു.
ഒടുവില്‍ ഒരു ചെറിയ വൃക്ഷത്തിന്റെ നിലം തൊടുന്ന ചില്ലയില്‍ ഒരു പ്ലാസ്റ്റിക് കയറിനാല്‍ ബന്ധിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒടിഞ്ഞ കഴുത്തും ദ്രവിച്ചുതുടങ്ങിയ ബാക്കിയുടലും അവന്‍ ഒരു പിടയലോടെ തിരിച്ചറിഞ്ഞു.
'അമ്മ!!'
അവന്‍ കരഞ്ഞില്ല.
പോലീസ് വന്നു, ഇന്‍ക്വസ്റ്റ് നടത്തി, ചീഞ്ഞ ശവങ്ങളെടുക്കാനും മറവു ചെയ്യാനും മിടുക്കനായ പോലീസിന്റെ 'സ്വന്തക്കാരന്‍' മത്തായി വന്നു. സമീപത്ത് ഓലകുത്തിയുണ്ടാക്കിയ മറയില്‍ പോസ്റ്റുമാര്‍ട്ടം നടത്താന്‍ സര്‍ക്കാര്‍ ഡോക്ടറും വന്നു.
മത്തായിക്ക് ചാരായവും ഗാന്ധിത്തലയുള്ള നോട്ടും കൊടുത്തു, പോലീസിനും, ഡോക്ടര്‍ക്കുമെല്ലാം അതുപോലെ പല ഗാന്ധിത്തലകള്‍ കൊടുത്തു. അവന്റെ സമ്പാദ്യത്തിന്റെ കനം ഞങ്ങളറിഞ്ഞു!
'ജീവിച്ചിരുന്നപ്പോള്‍ അമ്മയ്ക്ക് വേണ്ടി ഒന്നും ചെലവാക്കാന്‍ കഴിഞ്ഞിരുന്നില്ല. മരിച്ചപ്പോഴെങ്കിലും...' അവന്‍ കണ്ണു തുടച്ചു.
അവസാന കാലത്ത് അവന്റെ അമ്മയ്ക്ക് മാനസിക ഭ്രമം അനുഭവപ്പെട്ടിരുന്നു. അന്നവന്‍ നാട്ടിലുണ്ടായിരുന്നില്ല. മടങ്ങിയെത്തുമ്പോള്‍ അവരുടെ ഭ്രാന്ത് ചികിത്സക്ക് വഴങ്ങാത്തതായി മാറിയിരുന്നു.
കൈനിറയെ സമ്പാദ്യവുമായി വന്നിട്ടും അവന്‍ അവന്റെ വീട് പുതുക്കി പണിതിരുന്നില്ല. മണ്ണുരുളകള്‍ കൊണ്ടുണ്ടാക്കിയ ആ വീട്ടില്‍ ഇപ്പോള്‍ അവന്റെ ഏക സഹോദരിയാണ് താമസിച്ചിരുന്നത്. സഹോദരിയുടെ വഴിവിട്ട ജീവിതത്തില്‍ മനസ് നൊന്തിരുന്ന അവന്‍ വല്ലപ്പോഴും ആ വീട്ടിലേക്ക് പോയിരുന്നത് അമ്മയെ കാണാന്‍ വേണ്ടി മാത്രമായിരുന്നു!
അമ്മ പെങ്ങള്‍ക്ക് ഭാരമാണെന്ന് മനസിലായപ്പോള്‍ അമ്മയെ അവിടെ നിന്ന് മാറ്റിത്താമസിപ്പിക്കണമെന്ന് അവന് തോന്നി. സ്വന്തമായൊരു വീട് വയ്ക്കാന്‍ അഞ്ചു സെന്റ് സ്ഥലം വാങ്ങി വീടിനുള്ള ഒരുക്കം നടത്തുമ്പോഴാണ് അമ്മയുടെ തിരോധാനം. അമ്മയെ കാണാനില്ല എന്നാണ് പെങ്ങള്‍ അവനെ അറിയിച്ചത്. ഭ്രാന്തിളകി വീട്ടില്‍ നിന്ന് രാത്രിയില്‍ ഇറങ്ങിപ്പോയതാകുമെന്ന് എല്ലാവരും കരുതി.
പക്ഷെ മരണത്തിലെ അസ്വാഭാവികത പല സംശയങ്ങളിലേക്കും വഴി തെളിയിച്ചു. അത് ഒരു ആത്മഹത്യ അല്ലെന്ന് ജനം മുറുമുറുക്കാന്‍ തുടങ്ങി.
എന്നിലെ സ്വ.ലേ ഉണര്‍ന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായ സൂചനകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും തൂങ്ങി മരണത്തിന്റെ നിബന്ധനകളൊന്നും ഈ മരണത്തില്‍ പാലിക്കപെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ക്കൊപ്പം ഞാനും ചിന്തിക്കാന്‍ തുടങ്ങി. നിലത്ത് മുട്ടി നില്ക്കുന്ന ഒരു വൃക്ഷച്ചില്ലയില്‍ ഒരു മനുഷ്യന് എങ്ങനെയാണ് കെട്ടിത്തൂങ്ങി ചാകാന്‍ കഴിയുക? സംഭവത്തിന്റെ ഫോളോ അപ്പെന്ന നിലയില്‍ 'മദ്ധ്യവയസ്കയുടെ മരണത്തില്‍ ദുരൂഹത' എന്നൊരു വാര്‍ത്ത ഞാന്‍ ചമച്ച് വിട്ട ദിവസം ഹരി വീണ്ടും വന്നു. ബ്യൂറോയിലേക്കാണ് കയറി വന്നതെങ്കിലും എന്നിലെ സ്വ.ലേയെ കാണാനായിരുന്നില്ല ആ വരവ്. വന്ന് കയറിയ ഉടന്‍ അവന്‍ പറഞ്ഞു,
'പത്രപ്രവര്‍ത്തകനാണെന്ന കാര്യം നീ തത്ക്കാലം മറക്കുക. നിനക്കറിയാമല്ലൊ. പുറം വെളിച്ചത്തില്‍ അച്ഛനാരെന്ന് അറിയാത്ത എനിക്ക് രക്തബന്ധത്തില്‍ ഈ ഭൂമിയില്‍ ഇനിയുള്ളത് പെങ്ങള്‍ മാത്രമാണ്. അമ്മയുടേത് ഒരു കൊലപാതകമാണെന്ന് നിങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍ എന്റെ പെങ്ങളെയാണ് ഞാനും സംശയിക്കേണ്ടത്. മാനസിക രോഗിയായിരുന്നു അമ്മയെങ്കിലും, പെങ്ങളുടെ ജീവിത രീതിയോട് എനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അനാഥനല്ല എന്ന തോന്നലിലാണ് ഞാന്‍ ജീവിച്ചിരുന്നത്. ഇനിയും എനിക്ക് അനാഥനാകാന്‍ വയ്യ!'
നിറഞ്ഞ അവന്റെ കണ്ണുകളിലേക്ക് നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
വര്‍ഷം ഒന്ന് കഴിഞ്ഞപ്പോള്‍ എന്റെ ജീവിതത്തിലും ഓര്‍ക്കാപ്പുറത്ത് മാറ്റങ്ങളുണ്ടായി. റിപ്പോര്‍ട്ടര്‍ ട്രൈനിയായി തെരഞ്ഞെടുക്കപ്പെട്ട ഞാന്‍ പത്രത്തിന്റെ ജില്ലാ ബ്യ്യൂറോയിലെത്തി.
പിന്നെയൊരു വാരാന്ത്യത്തില്‍ നാട്ടിലെത്തിയപ്പോള്‍ ഹരി വീട്ടില്‍ വന്നു. അവന്റെ വിവാഹത്തിന് ക്ഷണിക്കാനായിരുന്നു അത്. അവന്‍ ഭൂമിയില്‍ കൂടുതല്‍ വേരുകള്‍ പടര്‍ത്താനൊരുങ്ങുന്നു. സന്തോഷം തോന്നി. മുമ്പ് ഞാന്‍ ട്യൂട്ടോറിയല്‍ കോളേജ് അദ്ധ്യാപകനായിരുന്നപ്പോള്‍ എന്റെ ശിഷ്യയായിരുന്ന ഒരു സാധു കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു അവന്റെ വധു.
വര്‍ഷം ഒന്ന് വീണ്ടും കടന്നുപോയി. ഇതിനിടയില്‍ ഞാന്‍ പത്രത്തിന്റെ ഡസ്കിലെത്തി.
ഇപ്പോള്‍ ദേ എന്റെ മുന്നില്‍ വീണ്ടും അവനെത്തിയിരിക്കുന്നു, ജില്ലാ ബ്യൂറോയില്‍ നിന്നെത്തിയ വാര്‍ത്തകളുടെ കൂട്ടത്തില്‍.
ചായക്കടയില്‍ ചാരായം വിളമ്പുന്നത് ചോദ്യം ചെയ്തതിന് കള്ളുവാറ്റുകാരന്റെ കത്തിക്കുത്തേറ്റ് യുവാവ് മരണമടഞ്ഞു എന്ന വാര്‍ത്തക്കൊപ്പം അവന്റെ മന്ദഹസിക്കുന്ന മുഖം.
വാര്‍ത്തയില്‍ അവന്‍ അനാഥനായിരുന്നില്ല അലമുറയിട്ട് കരയുന്ന ഭാര്യയുടെയും പെങ്ങളുടേയും നിലവിളികള്‍ എനിക്ക് കേള്‍ക്കാമായിരുന്നു.

നജിംകൊച്ചുകലുങ്ക്

(ഗള്‍ഫ് മനോരമ 2006)

9 comments: