Monday, October 5, 2009

ഹൃദയാഞ്ജലി

മരണം ഒരു കവിതയാണ്
മനോഹരമായ ഒരു ഭാവഗീതം
അതാണ് ജീവിതത്തിന് അര്‍ഥവും ഭംഗിയും നല്‍കുന്നത്
മരണമില്ലെങ്കില്‍ ജീവിതത്തിന് ഒരു സുഖവുമില്ല
ഹൃദയത്തില്‍ നൊമ്പരത്തിന്റെ
കൂര്‍ത്ത നാരായ മുന കൊണ്ടെഴുതുന്ന
കവിതയാണ് മരണം
ഒരിക്കലും അഴിയാത്ത അനശ്വര കാവ്യം

കവിതകള്‍ കുറിച്ച് അതിലേക്ക് തന്നെ നടന്നുപോയ നവീന്‍
അതുപോലൊരു നൊമ്പരമാകുന്നു ബൂലോഗ
ഹൃദയത്തില്‍...

പ്രസിദ്ധ മലയാളി ബ്ലോഗര്‍ കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു

കുവൈത്ത്: ജ്യോനവന്‍ എന്ന പേരില്‍ പ്രവാസികള്‍ക്കിടയില്‍ പ്രസിദ്ധനായ മലയാളി ബ്ലോഗര്‍ കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോട് ജില്ലയിലെ ഭീമനടിക്കടുത്ത വരക്കാട് മാങ്ങോട് ജോര്‍ജിന്റെ മകന്‍ നവീന്‍ ജോര്‍ജ് (29) ആണ് വാഹനാപകടത്തില്‍ മരിച്ചത്. കഴിഞ്ഞ മാസം 20ന് കുവൈത്ത് അതിര്‍ത്തി പ്രദേശമായ വഫ്റയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഫഹാഹീല്‍ എക്പ്രസ് ഹൈവേക്കരികില്‍ നവീന്‍ സഞ്ചരിച്ച ടാക്സിയില്‍ വണ്‍വേ തെറ്റിച്ചെത്തിയ ഫോര്‍ഡ് കാര്‍ ഇടിക്കുകയായിരുന്നു.

വണ്ടിയിലുണ്ടായിരുന്ന രണ്ട് ഈജിപ്ത് സ്വദേശികള്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു. ബംഗ്ലാദേശ് സ്വദേശിയായ ടാക്സി ഡ്രൈവര്‍ കാലിന് പരിക്കേറ്റ് ചികില്‍സയിലാണ്. ഗുരുതരമായി പരിക്കേറ്റ നവീനെ അദാന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിക മരണം സംഭവിക്കുകയായിരുന്നു.

ഏഴുവഷമായി കുവൈത്ത് ഹവല്ലിയിലെ ബിമാര്‍ കണ്‍സള്‍ട്ടന്‍സിയില്‍ സ്ട്രക്ചര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനായ നവീന്‍ ജോര്‍ജ് സ്വന്തമായി രൂപകല്‍പന ചെയ്ത് നിര്‍മാണം പൂര്‍ത്തിയാകുന്ന വീടിന്റെ ചില ആവശ്യങ്ങള്‍ക്ക് സുഹൃത്തിനെ കാണാനാണ് വഫ്റയിലക്ക് പോയത്. ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രേഖകള്‍ ശരിയായാലുടന്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അപകടവിവരമറിഞ്ഞ് കുവൈത്തിലെത്തിയ സഹോദരന്‍ നെല്‍സണ്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. മാതാവ്: വല്‍സമ്മ. മറ്റ് സഹോദരങ്ങള്‍: നിധിന്‍, റോഷിന.


വരികളില്‍ മരണം നിറച്ച് ജ്യോനവന്‍ യാത്രയായി

കുവൈത്ത്: കവിതകളില്‍ മരണമെഴുതി വെന്റിലേറ്ററിലേക്ക് ടാക്സി വിളിച്ചുപോകുകയായിരുന്നു ജ്യോനവന്‍. വിധിക്ക് കൈയെത്താ ദൂരത്ത് ബ്ലോഗില്‍ കുരുക്കിയിട്ട പരുത്ത ശബ്ദത്തിലുള്ള ജ്യോനവന്റെ കവിത കേട്ടുകൊണ്ട് ഈ മരണക്കുറിയെഴുതുമ്പോള്‍, ബ്ലോഗുകളില്‍ നിറഞ്ഞുനിന്ന പ്രാര്‍ഥനാ ശകലങ്ങള്‍ക്കൊപ്പം ആരോ കുറിച്ചിട്ട ഈ വാക്കുകള്‍ മനസില്‍ വേദനയായി തറഞ്ഞു. ഒരുപക്ഷേ, ജീവിതത്തിലാദ്യമായി വിധി കൂട്ടിക്കൊണ്ടുപോയയാളുടെ ശബ്ദം കാതില്‍ മുഴങ്ങിക്കേട്ടുകൊണ്ട് ഇത്തരം ചരമക്കുറിയെഴുതുമ്പോഴുണ്ടാകുന്ന കൈത്തരിപ്പ്. ഇതിനകം പ്രവാസി ബ്ലോഗര്‍മാരുടെ ഇഷ്ടമായി കഴിഞ്ഞിരുന്ന നവീന്‍ ജോര്‍ജ് എന്ന ജ്യോനവനെ വിധി വിളിച്ചുകൊണ്ടുപോവുകയായിരുന്നു, വളരെ നേരത്തെ. 'പിന്നിലെ ആശയക്കാറ്റില്‍ ഊഞ്ഞാലിലാടുന്ന കവിതകള്‍ ജ്വലിക്കട്ടെ'യെന്ന് മറ്റ് കവികളോട് ആഹ്വാനം ചെയ്ത് തിരശãീലക്ക് പിന്നിലേക്ക് പോയ ജ്യോനവന്റെ കവിതകളിലും മരണത്തിന്റെ മണമുണ്ടായിരുന്നു. അവസാന നാളുകളിലെഴുതിയ 'പൊട്ടക്കല'ത്തിലെ അവസാന വാക്കുകള്‍ അറംപറ്റുന്നതുപോലെയായി.

ബ്ലോഗുകളില്‍ നിറഞ്ഞുനിന്ന ഉള്ളുരുകുന്ന പ്രാര്‍ഥനകള്‍ വൃഥാവിലാക്കി നവീന്‍ യാത്രയായി. മരുഭൂമിയില്‍ 'വഴി തെറ്റി'യെത്തിയ കാര്‍ ഇടിച്ചുകയറിയത് ഒരു ജീവിതത്തിലേക്കെങ്കിലും ഒരുപാട് സ്വപ്നങ്ങളിലേക്കായിരുന്നു. ഈയിടെ കുടുംബക്കാര്‍ക്കിടയിലും വീട്ടുകാര്‍ക്കിടയിലും സജീവമായിക്കൊണ്ടിരുന്ന വിവാഹ സ്വപ്നം. സ്വന്തമായി രൂപകല്‍പന ചെയ്ത് അത്യുത്തര നാട്ടില്‍ ഉയര്‍ന്നുവരുന്ന വീട്, എഴുതി പതംവരുന്ന കവിത അടുത്ത വരവില്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനം കാത്തിരിക്കുന്ന പ്രിയ പെങ്ങള്‍, അര്‍ബുദ രോഗത്തിന്റെ പിടിയില്‍നിന്ന് തന്നെ കാത്തെടുത്ത മകനെ കാത്തിരിക്കുന്ന പിതാവ് ജോര്‍ജ്.. എല്ലാം എഴുതി മുഴുമിക്കാത്ത കവിത പോലെ ബാക്കിയാക്കിയാണ് നവീന്‍ യാത്രയായത്.

രണ്ടാഴ്ച മുമ്പ് കുവൈത്തിലെ അതിര്‍ത്തി പ്രദേശമായ വഫ്റയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിന്റെ വാര്‍ത്തയറിഞ്ഞതു മുതല്‍ ബ്ലോഗുകളില്‍ പ്രാര്‍ഥനയുടെ പ്രവാഹമായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചുവെന്നറിഞ്ഞിട്ടും പലരും വെദ്യലോകത്തെ അദ്ഭുതങ്ങള്‍ ജ്യോനവന്റെ കാര്യത്തില്‍ സംഭവിക്കണേയെന്ന് പ്രാര്‍ഥിച്ചു. നേരിട്ട് കണ്ടിട്ടില്ലെങ്കിലും കവിതകള്‍ വായിച്ചും കേട്ടും പരിചയിച്ച അവരില്‍ പലരും ജ്യോനവനെ കാണാന്‍ അദാന്‍ ആശുപത്രിയില്‍ പാഞ്ഞെത്തി. പക്ഷേ, ചേതനയറ്റ ശരീരമായിരുന്നു അവരെ എതിരേറ്റത്. ഏഴു വര്‍ഷമായി കുവൈത്തിലുള്ള നവീന്‍ ജേര്‍ജ് കലാ സാംസാകാരിക രംഗത്തും സജീവമായിരുന്നെന്ന് സഹ പ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. ഡ്രാഫ്റ്റ്സ്മെന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ 'ഫോക്കസി'ന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അടുത്തിടെ നടക്കാനിരിക്കുന്ന ഫോക്കസ് വാര്‍ഷികത്തിന്റെ തിരക്കിനിടയിലാണ് നവീന്‍ ജോര്‍ജിനെ വിധി തട്ടിയെടുത്തത്. ഇന്ന് രേഖകള്‍ ശരിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപേകാനാകുമെന്ന പ്രതീക്ഷയിലാണ് സഹോദരന്‍ നെല്‍സണും സുഹൃത്തുക്കളും.

റഹ്മാന്‍ എലങ്കമല്‍