Tuesday, September 15, 2009

ബ്ലോഗിലൂടെ വിപ്ലവം....

ബ്ലോഗ് അതിശക്തമായ ഒരു മാധ്യമമായി മാറുകയാണെന്ന് ലോകത്ത് പല ഭാഗത്തും ഭരണകൂടങ്ങള്‍ ബ്ലോഗര്‍മാര്‍ക്കെതിരെ തിരിയുന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. കഴിഞ്ഞ ദിവസം ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവങ്ങള്‍ നോക്കുക. രണ്ട് സംഭവങ്ങളിലും ഭരണകൂടങ്ങളാണ് വില്ലന്മാര്‍. മറ്റേതൊരു മാധ്യമത്തെക്കാളും ബ്ലോഗിന് ശക്തി നല്‍കുന്നത് അതിന്റെ സ്വാതന്ത്യ്രമാണ്. ബ്ലോഗര്‍മാരുടെ ഈ സ്വാതന്ത്യ്രം ഭരണകൂടങ്ങള്‍ക്ക് തലവേദനയായി മാറുന്നുണ്ടാവണം. മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളിലെയും ബ്ലോഗര്‍മാര്‍ സ്ത്രീകളാണ്. അതും വലിയ മാറ്റങ്ങളിലേക്കുള്ള ശുഭസുചനയാണ്. ലോകം മാറുകയാണ്. അതിനുവേണ്ടിയുള്ള വിപ്ലവങ്ങള്‍ ഇനി സംഭവിക്കുക ബ്ലോഗുകളിലാണ്. ലോകം നിയന്ത്രിക്കുന്ന ഏറ്റവും വലിയ മാധ്യമമായി ബ്ലോഗുകള്‍ മാറുമ്പോള്‍ ബ്ലോഗര്‍മാര്‍ കൂടുതല്‍ യാഥാര്‍ഥ്യ ബോധമുള്ളവരും പ്രതിജ്ഞാ ബദ്ധരുമായി മാറണം. ബ്ലോഗിന്റെ രാഷ്ട്രീയ സാധ്യത ആദ്യം ഉപയോഗപ്പെടുത്തി വിപ്ലവ ചരിത്രത്തിലിടം നേടിയ ബഗ്ദാദിലെ സലാം പാക്സിനെ ഓര്‍ത്തുകൊണ്ട്..

ഇറാന്‍ വനിതാ ബ്ലോഗര്‍ ഏകാന്ത തടവില്‍

തെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ലേഖനമെഴുതിയ വനിതാ ബ്ലോഗര്‍ക്ക് ഏകാന്ത തടവ്. തെഹ്റാ
നിലെ ബ്ലോഗര്‍ ഫാരിബ പജോയെ എവിന്‍ ജയിലില്‍ മൂന്നാഴ്ചയായി തടവിലടച്ചതായി മാധ്യമ പ്രവര്‍ത്തകയും ബ്ലോഗറുമായ മുജ്തബ സമി നജാദാണ് വെളിപ്പെടുത്തിയത്. മുന്‍ വ്യോമസേനാ കേണലിന്റെ മകളാണ് ഫാരിബ. നേരത്തേ വിഷാദ രോഗത്തിന് ചികില്‍സയിലായിരുന്ന ഫാരിബ കടുത്ത മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഏകാന്ത തടവറയില്‍ അകപ്പെട്ടതില്‍ കുടുംബം ആശങ്കയിലാണെന്ന് മുജ്തബ പറഞ്ഞു. മകളെ മോചിപ്പിക്കുന്നതിന് ശ്രമങ്ങള്‍ തുടരുന്നതായി പിതാവ് പറഞ്ഞതായി മുജ്തബ സ്വന്തം വെബ്സൈറ്റിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു.


വിയറ്റ്നാമില്‍ അറസ്റ്റിലായ ബ്ലോഗറെ വിട്ടയച്ചു

ഹാനോയ്: സര്‍ക്കാറിനെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന് അറസ്റ്റിലായ വനിതാ ബ്ലോഗറെ വിയറ്റ്നാം പോലിസ് വിട്ടയച്ചു. ദേശസുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരാഴ്ച മുമ്പ് അറസ്റ്റിലായ ഗുയന്‍ ഗോക് ഹു ക്യുവിനെയാണ് പോലിസ് വിട്ടയച്ചത്. ഇക്കാര്യം അറിയിച്ച് ഗുയന്‍ ഫോണ്‍ചെയ്തതായി മാതാവ് അറിയിച്ചു. 'അമ്മക്കൂണ്‍' എന്ന പേരില്‍ ബ്ലോഗ് എഴുതിയ ഗുയന്‍ ചൈനീസ് കമ്പനിക്കുവേണ്ടി വനസമ്പത്ത് ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍ നടപടിയെ ബ്ലോഗിലൂടെ വിമര്‍ശിച്ചിരുന്നു. ദക്ഷിണ ചൈനാ സമുദ്രത്തിലെ ദ്വീപുകളില്‍ ചൈന അവകാശമുന്നയിക്കുന്നതും ഗുയന്‍ വിമര്‍ശിച്ചു. ഇതേ പ്രശ്നത്തില്‍ വിമര്‍ശമുന്നയിച്ചതിന് ഒമ്പതുമാസം തടവിലായ മറ്റു രണ്ടു ബ്ലോഗര്‍മാരെ കഴിഞ്ഞാഴ്ച മോചിപ്പിച്ചിരുന്നു.

1 comment:

  1. Yes, as MT said: RANGA BODHAMILLAATHA KOMAALIYANU MARANAM"

    ReplyDelete