Sunday, February 12, 2012

സൌദി പൊലീസ് സ്റ്റേഷനിലിരുന്നു മാര്‍ക്കോസ് പാടിയ ആ പാട്ട്

അതൊരു വേദനാജനകമായ വാര്‍ത്തയായിരുന്നു. മലയാളിയുടെ പ്രിയ ഗായകരിലൊരാളായ കെ.ജി. മാര്‍ക്കോസ് സൌദി പൊലീസിന്റെ പിടിയിലായിരിക്കുന്നു. കേട്ടവര്‍ കേട്ടവര്‍ നിജസ്ഥിതി അന്വേഷിക്കാന്‍ പത്രമാപ്പീസിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. ദമ്മാം ബ്യൂറോയില്‍ ബന്ധപ്പെട്ടപ്പോള്‍ സംഭവത്തിന്റെ ഏകദേശ രൂപം പിടികിട്ടി. കലയോട് പ്രത്യേകിച്ച് മമതയൊന്നുമുണ്ടായിട്ടല്ലെങ്കിലും നാലു പുത്തനുണ്ടാക്കാനുള്ള അവസരമെന്ന നിലയില്‍ കലാമാമാങ്കങ്ങള്‍ നടത്തുന്ന മലയാളി സംഘങ്ങളിലാരോ സംഘടിപ്പിച്ച ഒരു ഗാനമേള സ്ഥലത്തുനിന്നാണ് അദ്ദേഹം സൌദി പൊലീസിന്റെയും സദുപദേശ സംഘത്തിന്റേയും പിടിയില്‍ പെട്ടിരിക്കുന്നത്. സൌദി അധികൃതരില്‍നിന്ന് നിയമപരമായ അനുമതിയൊന്നും വാങ്ങാതെ തികച്ചും നിരുത്തരവാദപരമായി സംഘടിപ്പിക്കപ്പെട്ട ആഘോഷ പരിപാടിയെ കുറിച്ച് മലയാളികളാരോ ഒറ്റിയാണ് പൊലീസ് നടപടിയുണ്ടായത്. സൌദിയിലെ അല്‍പം പ്രശ്നബാധിത പ്രദേശമാണ് ഖത്തീഫ്. ഇവിടെ അടുത്ത ദിവസങ്ങളില്‍ പോലും വെടിവെപ്പും മറ്റും സംഭവങ്ങളുണ്ടായിരുന്നു. അത്തരം ഒരു സ്ഥലത്ത് മുന്‍കൂട്ടി ടിക്കറ്റും നോട്ടീസും അടിച്ച് പെരുമ്പറ കൊട്ടി വിളംബരം ചെയ്ത് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളെ വിളിച്ചുകൂട്ടി പരിപാടി നടത്താന്‍ തുനിഞ്ഞിറങ്ങിയവര്‍ പേരിന് ഒരു പൊലീസുകാരന്റെ വാക്കാല്‍ അനുമതി പോലും വാങ്ങിയിരുന്നില്ലത്രെ. നാലാളു കൂടുന്ന ചടങ്ങ് നടത്തണമെങ്കില്‍ പോലും സ്വന്തം പൌരന്മാര്‍ പ്രദേശിക പൊലീസധികൃതരില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം എന്ന കര്‍ശന നിബന്ധനയുള്ള ഒരു ജനാധിപത്യ രാജ്യത്തുനിന്ന് വന്നവരാണ് ഈ തോന്ന്യാസം പ്രവര്‍ത്തിച്ചിരിക്കുന്നത്. നിയമാനുസാരിയായിരുന്നില്ലെന്നതോ പോട്ടെ, തദ്ദേശ നിയമങ്ങളെയും ആചാര വിശ്വാസങ്ങളേയും വെല്ലുവിളിച്ച് സംഘടിപ്പിക്കപ്പെട്ട ഒരു ആള്‍ക്കൂട്ട പരിപാടിയിലേക്കാണ്, ഇത്ര ഗുരുതരമായ നിയമ ലംഘനങ്ങളെ കുറിച്ചൊന്നും അറിവില്ലാതിരുന്ന ആ നിഷ്കളങ്ക കലാകാരനെ ക്ഷണിച്ചുവരുത്തി കുരുതികൊടുത്തത്. പൊലീസ് നടപടിയുണ്ടായപ്പോള്‍ പരിപാടി നടന്ന ഫാം ഹൌസ് ഓഡിറ്റോറിയത്തില്‍നിന്ന് ആദ്യം രക്ഷപ്പെട്ടവര്‍ സംഘാടകരായിരുന്നത്രെ. സംഘാടകരുടെ മാന്യ സുഹൃത്തുക്കളായ 'പാര'കള്‍ മതകാര്യ വകുപ്പിന് കീഴിലുള്ള സദുപദേശ സംഘത്തിനും പൊലീസിനും നല്‍കിയ വിവരം അത്രമാത്രം ഗുരുതര സ്വഭാവത്തിലുള്ളതായിരുന്നു. മദ്യ വിതരണവും ആഭാസ നൃത്തവും നടക്കുന്നു എന്നായിരുന്നത്രെ 'പാര'. സംഘാടകര്‍ സ്ഥലം വിട്ടതിനാല്‍ പരിപാടിയുടെ ഉത്തരവാദികളെ കണ്ടെയ്യാന്‍ പൊലീസിന് സ്ഥലത്തുനിന്ന് കണ്ടെടുത്ത കൂപ്പണിലും നോട്ടീസിലും വേദിയില്‍ പ്രദര്‍ശിപ്പിച്ച ബാനറിലും കണ്ട 'മുഖ'മാരെന്ന് തിരയലേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പരിപാടി തുടങ്ങാനുള്ള ഒരുക്കത്തിലായതിനാല്‍ വേദിക്ക് പിറകിലെ മുറിയില്‍ തന്റെ സുഹൃത്തും മലയാള സിനിമാ നിര്‍മാതാവും പ്രവാസി വ്യവസായിയുമായ എം.ജെ. വിജയിനോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന മാര്‍ക്കോസിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിയുടെ ഭാഗം. സൌദി പൊലീസിന് അറിയില്ലല്ലോ മലയാളികളുടെ ഈ പ്രിയ ശബ്ദത്തെ.


വിവരം കേട്ടറിഞ്ഞപ്പോള്‍ വല്ലാത്തൊരു നൊമ്പരം ഇടനെഞ്ചില്‍ തടഞ്ഞു വീര്‍പ്പുമുട്ടി. കാരണം തലേദിവസം ഉച്ചക്കാണ് തമ്മില്‍ കണ്ടുപിരിഞ്ഞത്. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പ്രസ് റൂമില്‍ വിനയം സ്ഫുരിക്കുന്ന മുഖവുമായി ആ കൃശഗാത്രനായ മനുഷ്യന്‍ നിന്നിരുന്നു. മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ചിട്ടും പിടിച്ചുനില്‍ക്കാന്‍ ത്രാണി തന്നത് 10000ത്തോളം കൃസ്തീയ ഭക്തി ഗാനങ്ങളും 5000ത്തോളം മാപ്പിളപ്പാട്ടുകളുമാണെന്ന് അദ്ദേഹം ആ വാര്‍ത്താസമ്മേളനത്തില്‍ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം ചെന്നെത്തുന്ന ദുരന്ത മുഖത്ത് സിനിമക്ക് പുറത്തുപാടിയ ഈ പാട്ടുകളിലൊന്നു രക്ഷയാകുമെന്ന് അപ്പോള്‍ അദ്ദേഹം കരുതിയിരിക്കില്ലല്ലോ. സംഭവിച്ചത് അതാണ്. മാര്‍ക്കോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന വിജയിയേയും കൂട്ടുപ്രതിയാക്കിയിരുന്നു. വര്‍ഷങ്ങളായി സൌദിയിലുള്ള അദ്ദേഹത്തിന്റെ അറബി ഭാഷാ പരിജ്ഞാനമാണ് വഴിത്തിരിവിനിടയാക്കിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ഇരുവരേയും ചോദ്യം ചെയ്യുമ്പോള്‍ ഒപ്പമുള്ളയാള്‍ യഥാര്‍ഥത്തില്‍ ആരാണെന്ന് വിജയ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പ്രശസ്ത ഗായകനാണെന്ന് അറിഞ്ഞപ്പോള്‍ സ്റ്റേഷനിലെ പൊലീസ് മേധാവിയുടെ കണ്ണുകള്‍ വിടര്‍ന്നു. പൊലീസുകാരന്റെ കാര്‍ക്കശ സ്വഭാവം അയഞ്ഞു. തങ്ങളുടെ മുഹമ്മദ് അബ്ദുവിനെ പോലെ പ്രശസ്തനാണോ ഇദ്ദേഹം നിങ്ങളുടെ നാട്ടിലെന്ന് പൊലീസ് ക്യാപ്റ്റന്‍ വിജയിനോട് ചോദിച്ചു.  സൌദിയിലെ പ്രശസ്ത പാട്ടുകാരനായ മുഹമ്മദ് അബ്ദു ഒത്മാന്‍ അല്‍ അസീരിയുടെ മധുര സംഗീതത്തിന്റെ അലകള്‍ അപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മയില്‍ ഓളംവെട്ടിയിട്ടുണ്ടാകണം. അതേയെന്ന് പറഞ്ഞപ്പോള്‍ യൂടൂബില്‍ കാണാനാകുമോ എന്നായി. യൂടൂബില്‍ ഇഷ്ടംപോലെയുണ്ടാകും എന്ന് പറഞ്ഞപ്പോള്‍ സ്റ്റേഷനിലെ കമ്പ്യൂട്ടറിന് മുന്നിലേക്കോടുകയായിരുന്നു ആ സ്റ്റേഷന്‍ മേധാവി. യൂടൂബില്‍ മാര്‍ക്കോസിന്റെ നൂറുകണക്കിന് പാട്ടുകള്‍. ഈരടികളുടെ ശ്രുതി മധുരത്തേക്കാള്‍ അതിന്റെ ആശയത്തിന് പ്രാധാന്യം കൊടുക്കുന്ന അറബി പാരമ്പര്യം കൊണ്ടാവണം, മനസിലാകാത്ത മലയാളത്തിലല്ല, അറബിയിലുള്ള പാട്ടുകള്‍ പാടാനറിയുമോ എന്ന് അദ്ദേഹം മാര്‍ക്കോസിനോട് ചോദിച്ചത്. അറസ്റ്റും ബഹളവുമൊക്കെയായി വലിഞ്ഞുമുറുകിയിരുന്ന ഗായകന്റെ മനസും പൊലീസ് മേധാവിയുടെ ഭാവമാറ്റം കണ്ട് അപ്പോഴേക്കും അയഞ്ഞുതുടങ്ങിയിരുന്നു. അറബി പാട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹം യേശുദാസിന്റെ പ്രസിദ്ധമായ 'മൌത്തും ഹയാത്തിനുമുടമസ്ഥനേ' എന്ന മുസ്ലിം ഭക്തി ഗാനത്തിന്റെ തുടക്കത്തിലുള്ള 'ലാ ഇലാഹ ഇല്ലാ അന്‍ത, സുബ്ഹാനക ഇന്നീ കുന്‍തു മിന ളാലിമീന്‍' എന്ന ഖുര്‍ആന്‍ സൂക്തം തന്റെ ഇമ്പമാര്‍ന്ന സ്വരത്തില്‍ പാടി. പൊലീസ് ക്യാപ്റ്റന്‍ ആ സ്വര രാഗ പ്രവാഹത്തില്‍ സ്വയം മറന്നിരുന്നുപോയി. പിന്നീട് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരേയും വിളിച്ചിരുത്തി അവരുടെ മുന്നിലും മാര്‍ക്കോസിനെ കൊണ്ടുപാടിച്ചു. ആ സ്വരമാധുരിയില്‍ പൊലീസ് സ്റ്റേഷന്‍ അതിന്റെ സഹജമായ കാര്‍ക്കശ്യത കയ്യൊഴിഞ്ഞ് തരളിത ഭാവം കൈക്കൊണ്ടു. എംബസിയുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും സമയോചിത ഇടപെടലിലൂടെ നിയമലംഘനത്തിന്റേയും ദേശവിരുദ്ധതയുടേയും ഗൌരവ കുറ്റങ്ങളില്‍നിന്ന് ജാമ്യമെടുത്ത് അദേഹം പുറത്തിറങ്ങുമ്പോള്‍ പൊലീസുകാര്‍ ആദരവോടെ നോക്കിനിന്നു. ദേശാതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്ന കലാകാരനോടുള്ള സ്നേഹവായ്പ്.


സ്വാതന്ത്യ്രത്തിന്റെ അപ്പോസ്തലന്മാരുടേതെന്ന് തരം കിട്ടുമ്പോഴൊക്കെ കൊളോണിയല്‍ വിധേയത്വത്തിന്റെ ഹാങ്ങോവറില്‍ നാം വാഴ്ത്തിപ്പാടാറുള്ള പാശ്ചാത്യരാജ്യങ്ങളില്‍ അന്യരാജ്യക്കാരെ അടിവസ്ത്രം വരെ ഊരി പരിശോധിച്ചേ അകത്തേക്ക് കടത്തിവിടൂ എന്ന കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ സാധാരണ വാര്‍ത്തകളായി മാറിയ കാലത്തും, സൌദിയില്‍ നിയമ ലംഘനത്തിന് ഒരു കലാകാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നത് അടഞ്ഞ സമൂഹത്തിന്റെ 'കൊടിയ അപരാധ'വും 'ആവിഷ്കാര സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റവു'മായി ചിത്രീകരിച്ചുകൊണ്ട് ചേന്ദമംഗലൂര്‍ വഴിയും കാരശേരി വഴിയും വന്നെത്താന്‍ സാധ്യതയുള്ള ശകാര ഏറുകളും അത് കൊണ്ടാടാന്‍ ചില മാധ്യമങ്ങളുമുണ്ടായേക്കാം എന്ന സാധ്യത മുന്നില്‍ കണ്ടാണ് ഈ കുറിപ്പിന് തുനിഞ്ഞതെന്ന് വൈകിയെങ്കിലും പറയട്ടെ. ലോകം അറിയുന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമാണെന്ന് ബോധ്യപ്പെട്ടിട്ടും എ.പി.ജെ അബ്ദുല്‍ കലാമിനോട് ആദരവോടെ പെരുമാറാന്‍ അമേരിക്കന്‍ പൊലീസിന് ഭീകരതാ വിരുദ്ധ പരിശോധനയുടെ പേരില്‍ കഴിഞ്ഞിരുന്നില്ലല്ലോ. ഊരാന്‍ തുടങ്ങിയ നിക്കര്‍ ഊരിച്ച് പരിശോധിച്ച് ഭീകരനല്ലെന്ന് ഉറപ്പാക്കിയിട്ടേ പൊലീസ് മാന്യതയുടെ മുഖം മൂടി തിരികെ എടുത്ത് അണിഞ്ഞുള്ളൂ. സമാനമായ രീതിയില്‍ തന്നെയാണ് ഷാരൂഖ് ഖാനും മമ്മൂട്ടിയും എന്തിന് സംയുക്ത വര്‍മ്മ പോലും അപമാനിക്കപ്പെട്ടത്. അവിടെയാണ്, കലാകാരനാണെന്ന് അറിഞ്ഞപ്പോള്‍ നിയമ ലംഘന കുറ്റവാളിയായിട്ടെത്തിയിരിക്കുന്നയാളായിട്ടുകൂടി ഉന്നതമായ മാന്യതയോടെയും ആദരവോടെയും പെരുമാറാന്‍ തയ്യാറായി സൌദി പൊലീസ് വ്യത്യസ്തത പുലര്‍ത്തിയത്.

സ്വയം കുഴി തോണ്ടുന്ന മലയാളി സമൂഹം
മദ്യം നിഷിധമായ, ആണും പെണ്ണും കൂടിച്ചേരുന്നതിനും അതിരുവിട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമുള്ള ഒരു രാജ്യത്ത് തോന്ന്യാസം പ്രവര്‍ത്തിക്കാനുള്ള മലയാളിയുടെ വിപദി ധൈര്യമാണ് ഇവിടെ പ്രതി. രാജ്യത്തുള്ള വിദേശ തൊഴിലാളികള്‍ ആഴ്ചവട്ടത്തില്‍ ഒന്ന് കൂടിയിരിക്കുന്നതും നിരുപദ്രവകരമായ ആഘോഷങ്ങളിലും കലാകായിക പ്രകടനങ്ങളിലും മുഴുകുന്നതും കര്‍ശന നിയന്ത്രണങ്ങളുടെ ചാരക്കണ്ണുകള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് മാനുഷിക പരിഗണന കൊണ്ടാണ്. അങ്ങിനെ കിട്ടുന്ന ആ പരിമിത സ്വാതന്ത്യ്രം പോലും മലയാളിയുടെ സഹജമായ അച്ചടക്കമില്ലായ്മ മൂലം തകര്‍ത്തുകളയുന്ന സംഭവങ്ങളാണ് അടുത്തിടെയായി സൌദിയിലെ മലയാളി സമൂഹത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്നത്. അടുത്തിടെ റിയാദില്‍ ഒരു രാഷ്ട്രീയാനുകൂല സംഘടനയുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ മദ്യപിച്ച് കൂത്താടിയ മലയാളി യുവാക്കള്‍ കൂട്ടത്തല്ലിന്റെ ഉജ്ജ്വല പ്രകടന പരമ്പരയാണ് കാഴ്ചവെച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ തടിച്ചുകൂടിയിരിക്കുന്ന ഒരു കോമ്പൌണ്ടിനുള്ളില്‍ നിന്നുകൊണ്ടാണ് നാട്ടുശീലങ്ങളുടെ ഇത്തരം മെയ് വഴക്കങ്ങള്‍ . വാഹനത്തിലും ഓഡിറ്റോറിയങ്ങളിലുമിരുന്നു മദ്യപിക്കുക, ഗാനമേളകളില്‍ കൂത്താടുക, സ്ത്രീകളെ ശല്യം ചെയ്യുക തുടങ്ങി എന്തു വൃത്തികേടും നടത്താന്‍ മടിയില്ലാത്തവര്‍ തന്നെ പലപ്പോഴും ഇത്തരം കലാമാമാങ്കങ്ങളുടെ സംഘാടകരുമാകാറുണ്ട്.

Thursday, February 9, 2012

കൂടംകുളം സമരത്തെ ഭരണകൂടം ഭയപ്പെടുന്നു

കൂടംകുളത്തുനിന്നും ദിവസവും ഓരോ പുതിയ വിശേഷങ്ങളാണ്. റിയാക്ടറുകളിലൊന്ന് ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ പ്രഖ്യാപനം പ്രഖ്യാപനം മാത്രമായി ഒടുങ്ങിയപ്പോള്‍ ഭരണകൂടത്തിനുണ്ടായ അമര്‍ഷം സമരത്തിലുള്ള ജനതയെ വര്‍ഗീയ ഗുണ്ടകളെ വിട്ട് തല്ലിക്കുന്നതില്‍ എത്തിയതായിരുന്നു ഒടുവിലത്തെ വിശേഷങ്ങളില്‍ പ്രധാനപ്പെട്ടത്.
ചര്‍ച്ചയില്‍നിന്ന് സമരക്കാരെ തല്ലിയോടിച്ച ശേഷം കേന്ദ്രം നിയമിച്ച വിദഗ്ധ സമിതി നിലയത്തിന് അനുകൂലമായി റിപ്പോര്‍ട്ടും കൊടുത്തു. മുല്ലപ്പെരിയാര്‍ ഡാമിനെപ്രതിയുയര്‍ന്ന ജനങ്ങളുടെ ഭീതിയും സംസ്ഥാനങ്ങള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങളും സമരകോലാഹലങ്ങളും അന്തരീക്ഷത്തെ ആകെ ശബ്ദായമാനമാക്കി നിര്‍ത്തിയിരിക്കുന്ന തക്കത്തിന് അധികം ആരുടേയും ശ്രദ്ധയില്‍പെടാതെ കമ്മീഷന്‍ ചെയ്യാനുള്ള ശ്രമം പാളിപ്പോയത് കേന്ദ്ര സര്‍ക്കാരിനെ ചില്ലറയൊന്നുമല്ല നോവിച്ചിരിക്കുന്നത്.

ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പടപൊരുതുന്ന കൂടംകുളത്തെ ജനങ്ങളോട് തമിഴ്നാട് സര്‍ക്കാരിനും സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ക്കും അവിടുത്തെ ചില മാധ്യമങ്ങള്‍ക്കും അനുകൂല നിലപാടുള്ളതുകൊണ്ടാണ് കേന്ദ്രത്തിന്‍െറ ചെപ്പടി വിദ്യകളൊന്നും അവിടെ ചെലവാകാത്തത്. ഭരണകൂടങ്ങള്‍ പരസ്പരം കൈകോര്‍ക്കുമ്പോഴാണ് കൂടുതല്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുക. ആരെങ്കിലും ഒന്നിടഞ്ഞുനില്‍ക്കേണ്ടത് ജനങ്ങളുടെ രക്ഷക്ക് ആവശ്യമായി വന്നിരിക്കുകയാണ്. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്‍െറ മേന്മയായി തന്നെ ഇതിനെയെണ്ണണ്ണം.

കൂടംകുളത്ത് അതിജീവനം അത്രയെളുപ്പമല്ളെന്ന് മന്‍മോഹന്‍ സര്‍ക്കാരിന് ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. പല അടവുകളും ഇതിനോടകം പയറ്റി പരാജയത്തിന്‍െറ രുചിയറിഞ്ഞു. ഒടുവില്‍ പരീക്ഷിച്ചിതാകട്ടെ അത്യന്തം ഹീനമായ മാര്‍ഗവും. സമരത്തെ വര്‍ഗീയവത്കരിച്ച് പോരാട്ട രംഗത്തുള്ളവരെ ഭിന്നിപ്പിച്ചും ഒറ്റപ്പെടുത്തിയും എതിര്‍ ശബ്ദങ്ങളെ വാടക ഗുണ്ടകളെ കൊണ്ട് തല്ലിക്കെടുത്താനാണ് ഏറ്റവും ഒടുവിലായി ഭരണകൂടം ശ്രമം നടത്തിയത്. അതിനായി അവര്‍ വാടകക്കെടുത്തതോ മുരത്ത വര്‍ഗീയവാദികളേയും.
തിരുനല്‍വേലി കളക്ടറേറ്റിലേക്ക് ജനുവരി 31ന് സമരനേതാക്കളെ വിളിച്ചത് ചര്‍ച്ചക്കാണ്. ആണവ നിലയങ്ങളുടെ കാര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ പ്രധാനമന്ത്രി നിയോഗിച്ച വിദഗ്ധ സമതിയുമായുള്ള നാലാം ഘട്ട ചര്‍ച്ചക്കാണ് കളക്ടറേറ്റിലേക്ക് സമരസമിതി നേതാക്കളെ വിളിച്ചുവരുത്തിയത്. സമര സമിതി കണ്‍വീനര്‍ എസ്.പി. ഉദയകുമാറിന്‍െറ നേതൃത്വത്തില്‍ കളക്ടറേറ്റിലത്തെിയ സ്ത്രീകളടക്കമുള്ള സമര നേതാക്കളെ തമിഴ് നാട്ടിലെ ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ് ആക്രമിച്ചത്.
എല്ലാത്തരം ജാതിമത വിഭാഗങ്ങളുമുള്‍പ്പെടുന്ന 56000ഓളം ജനങ്ങളെ നേരിട്ടു ആശങ്കയിലാഴ്ത്തുന്ന ആണവ നിലയത്തിനെതിരായ സമരത്തില്‍ വര്‍ഗീയ രാഷ്ട്രീയക്കാരെ പ്രകോപിപ്പിക്കാന്‍ എന്താണുള്ളത്? കലാപമുണ്ടാക്കാന്‍ ദക്ഷിണ കര്‍ണാടകയില്‍ പ്രമോദ് മുത്തലിക്കിന്‍െറ ശ്രീരാമ സേന രാഷ്ട്രീയക്കാരില്‍നിന്ന് ക്വട്ടേഷന്‍ സ്വീകരിച്ചതുപോലെ തമിഴ്നാട്ടിലെ ഹിന്ദു മുന്നണി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടവരില്‍നിന്നും കരാറെടുത്തതാണ് ഈ അക്രമ പരിപാടിയെന്ന് സംശയിച്ചാല്‍ കുറ്റം പറയുന്നതെങ്ങിനെ?

ഏതായാലും അതോടെ കേന്ദ്ര സമിതിയുമായി ഇനി ചര്‍ച്ചക്കില്ളെന്ന് പറഞ്ഞ് സമര സമിതി പിന്‍മാറുകയായിരുന്നു. കേന്ദ്ര വിദഗ്ധ സമിതി അതൊരു അവസരമാക്കി കൂടംകുളത്ത് ജനങ്ങള്‍ക്ക് ആശങ്കയില്ളെന്ന് റിപ്പോര്‍ട്ട് എഴുതി കേന്ദ്ര സര്‍ക്കാരിന് കൊടുക്കുകയും ചെയ്തു. ഭീതി കൂടാതെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സമര രംഗത്തുള്ളവരുടെ ജീവന് സുരക്ഷയില്ളെന്ന് എസ്.പി. ഉദയകുമാര്‍ പ്രതികരിച്ചതിന്, തമിഴ് മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്.
ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടേതായ വിദഗ്ധ സമിതിയെ നിയമച്ചുകൊണ്ട് കേന്ദ്രത്തിന്‍െറ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ജയലളിതയും കരുണാനിധിയുമെല്ലാം ഒറ്റക്കെട്ടാണ്. ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു പദ്ധതിയേയും സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കില്ളെന്ന് നിയമസഭയില്‍ ജയലളിത വ്യക്തമാക്കിയപ്പോള്‍ എതിര്‍ ശബ്ദങ്ങളുയര്‍ന്നില്ല. സംസ്ഥാന സര്‍ക്കാരിന്‍െറ തീരുമാനത്തെ സമരസമിതി സ്വാഗതം ചെയ്യുകയും ചെയ്തു. അപ്പോഴും കോണ്‍ഗ്രസ് അവിടേയും കേന്ദ്ര നിലപാടിനോടൊപ്പമാണെന്ന് മാത്രമല്ല, സമരത്തിന് സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണയെ വകവെക്കാതെ ആണവ നിലയം തുറക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ പ്രചരണ പരിപാടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയുമാണ്. ഹിന്ദു മുന്നണിക്കാരെ വിട്ട് സമരക്കാരെ തല്ലിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് സമരസമതി ആവര്‍ത്തിക്കുമ്പോള്‍ ആ ആരോപണത്തെ ശരിവെക്കുന്നതായി മാറുന്നു കോണ്‍ഗ്രസിന്‍െറ ഈ നിലപാടുകള്‍.


കൂടംകുളം സമരത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനു മുമ്പ് പ്രയോഗിച്ച ആയുധം സമരത്തിന് പിന്നില്‍ വിദേശ സഹായമുണ്ടെന്നതായിരുന്നു. സമരം നടക്കുന്നത് ഇടിന്തകരൈയിലെ സെന്‍റ് ലൂര്‍ദ്സ് മേരി കാത്തലിക് ചര്‍ച്ചിന് മുന്നില്‍ കെട്ടിയുയര്‍ത്തിയ പന്തലിലായതും സമരത്തിലണിനിരന്നവരില്‍ മുക്കുവ കൃസ്ത്യാനികള്‍ എണ്ണത്തില്‍ അല്‍പം കൂടുതലായതും കൃസ്തീയ സഭാ നേതൃത്വങ്ങളുടെ പിന്തുണ സമരത്തിനുണ്ടായതുമാണ് സമരത്തിന് വിദേശ ബന്ധം സ്ഥാപിക്കാന്‍ കേന്ദ്രം കണ്ടത്തെിയ കച്ചിത്തുരുമ്പുകള്‍. എത്ര ഹീനമായാണ് ഭരണകൂടം സ്വന്തം ജനതയെ വിഭജിച്ച് പല കള്ളികളിലാക്കി സമൂഹത്തിന്‍െറ പൊതുസ്വരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്! ഈമെയില്‍ വിവാദത്തില്‍നിന്ന് തടി കഴിച്ചിലാക്കാന്‍ കേരള സര്‍ക്കാര്‍ പയറ്റിയതും സമാനമായ അടവാണല്ളോ എന്ന് സന്ദര്‍ഭ വശാല്‍ ഓര്‍ത്തുപോകുന്നു.

സമര നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലൊക്കെ കേന്ദ്ര ഏജന്‍സികളെ അയച്ച് റെയ്ഡ് ചെയ്യിക്കലും കേന്ദ്രമന്ത്രി വി. നാരായണ സ്വാമിയുടെ ഒൗദ്യോഗിക വെളിപ്പെടുത്തലെന്ന് തോന്നിപ്പിക്കുംവിധമുള്ള വായാടിത്തങ്ങളുമാണ് അതിനായി കേന്ദ്ര ഭരണകൂടം പയറ്റിയ ആയുധങ്ങള്‍ . സമരസമിതിയുമായി ബന്ധപ്പെട്ട രണ്ട് സന്നദ്ധ സംഘടനകള്‍ക്ക് 54 കോടിയുടെ സഹായവും മറ്റൊരു സംഘടനക്ക് 1.5 കോടി രൂപയുടെ സഹായവും വിദേശത്തുനിന്നത്തെിയെന്നാണ് മന്ത്രി കുറച്ചുനാള്‍ മുമ്പ് ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി പറഞ്ഞത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ അതിന് നല്ല പ്രചരണവും നല്‍കി. ആര്‍ക്കാണ് ആ വിദേശ ഫണ്ട് കിട്ടിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് സമര നേതാക്കള്‍ മന്ത്രിയെ വെല്ലുവിളിച്ചു. അതിന് മന്ത്രിയില്‍നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. അതോടെ അത് ഉണ്ടയില്ലാ വെടിയാണെന്ന് വെളിവായി.

പിന്നീടാണ് തല്ലിയൊതുക്കല്‍ കുതന്ത്രം അരങ്ങേറിയത്. അതിന് ഉപയോഗപ്പെടുത്തിയത് ഹിന്ദു മുന്നണി പ്രവര്‍ത്തകരേയും. അതില്‍നിന്ന് ഒരു കാര്യം സ്പഷ്ടം. കൂടംകുള ജനകീയ സമരത്തെ ഒരു പ്രത്യേക മത വിഭാഗതതിന്‍േറതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭരണകൂടവും അതുമായി ബന്ധപ്പെട്ടവരും കിണഞ്ഞു പരിശ്രമിക്കുകയാണ്. കൂടംകുളത്തേത് ക്രൈസ്തവര്‍ നയിക്കുന്ന സമരമെന്ന് വരുത്തിയാല്‍ ഹിന്ദു വര്‍ഗീയവാദികളെ അതിനെതിരെ തിരിച്ചുവിടാം. അതോടെ സമരത്തിന്‍െറ ഒച്ച താഴും എന്നായിരിക്കാം ഭരണകൂടം കണക്കു കൂട്ടുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍േറയും സംസ്ഥാന രാഷ്ട്രീയ കക്ഷികളുടേയെല്ലാം മാനസിക പിന്തുണ കൂടംകുളം സമരക്കാര്‍ക്കുണ്ടാവുന്നതിനാല്‍ കേന്ദ്രത്തിന്‍െറ ഇത്തരം കളികളെല്ലാം വിഫലമാവുകയാണ്.

കൂടംകുളത്തെ ജനങ്ങള്‍ തങ്ങളുടെ സമരത്തെ സംരക്ഷിക്കുന്നവിധം

ജീവിക്കുന്നതിനുള്ള അവകാശത്തിന് വേണ്ടിയാണ് കൂടംകുളത്തെ ജനങ്ങള്‍ പട്ടിണികിടന്ന് സമരം ചെയ്യുന്നത്. തങ്ങളുടെ ജീവതങ്ങളെ മാത്രമല്ല തങ്ങളുടെ സമരത്തേയും ഭരണകൂട ഭീകരതയില്‍നിന്ന് സംരക്ഷിക്കാന്‍ പെടാപ്പാടുപെടേണ്ട അവസ്ഥയിലാണ് അവര്‍. ജനകീയ സമരങ്ങളെ നേരിടാന്‍ ഭരണകൂടങ്ങള്‍ സ്ഥിരമായി പ്രയോഗിക്കാറുള്ള വിദേശ സഹായം, വര്‍ഗീയത, ഭീകരത തുടങ്ങിയ ആയുധങ്ങളെല്ലാം പ്രയോഗിക്കപ്പെട്ടു കഴിഞ്ഞു.
വിദേശ സഹായമെന്ന ആരോപണം കടുത്തുനിന്ന സമയത്താണ്, വര്‍ഷങ്ങളായി തുടര്‍ച്ചയായ ആണവ വിരുദ്ധ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍ എങ്ങിനെ തങ്ങളുടെ ജീവിതത്തേയും സമരത്തേയും സംരക്ഷിക്കുന്നു എന്നറിയാനുള്ള ആഗ്രഹവുമായി ഇടിന്തകരൈയിലെ സമരപന്തലില്‍ ഒരിക്കല്‍ പോയത്.
സെന്‍റ് ലൂര്‍ദ്സ് മേരി പള്ളി മുറ്റത്തെ സമര പന്തലിലത്തെുമ്പോള്‍ അവിടെ നിരാഹാരമിരിക്കുന്ന മനുഷ്യ ജീവിതങ്ങളെ അഭിമുഖീകരിച്ചത്, മനസില്‍ സംശയത്തിന്‍െറ അണുപിളര്‍ന്നുണ്ടായ നിരവധി ചോദ്യങ്ങളുമായായിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും മാത്രമല്ല കുടുംബം പോറ്റേണ്ട പുരുഷാരം തന്നെ ജീവിതായോധനത്തിനായി കടലില്‍ പോകേണ്ടതോ മറ്റ് വരുമാന മാര്‍ഗങ്ങള്‍ തേടേണ്ടതോ ആയ പകല്‍ മുഴുവന്‍ സമര പന്തലില്‍ വന്നിരുന്നാല്‍ അവരുടെ ജീവിത ചെലവുകള്‍ എങ്ങിനെ നടന്നുപോകും? സമരത്തിനാവശ്യമായ ചെലവുകള്‍ക്ക് എങ്ങിനെ പണം കണ്ടത്തെും? അപ്പോള്‍ പുറത്തുനിന്ന് സഹായം ആവശ്യം വരില്ളേ? വിദേശത്തുനിന്നാണെങ്കില്‍ ആരാണ് അങ്ങിനെ പണം കൊടുക്കുന്നത്? വരും തലമുറകളുടെ കൂടി ജീവിത സംരക്ഷണത്തിന് വേണ്ടി സമര രംഗത്തിറങ്ങിയ ജനത തങ്ങളുടെ സമരത്തെ സംരക്ഷിച്ചുനിലനിര്‍ത്തു ന്നതെങ്ങിനെ തുടങ്ങിയ സംശയങ്ങള്‍ക്ക് സമര സമതി നേതാക്കളുടെ ഉത്തരം ദൃഢതയും വ്യക്തതയുള്ളതുമായിരുന്നു.
ഭരണകൂടത്തിന്‍െറ ആരോപണങ്ങളെ അവര്‍ ചെറുചിരികള്‍ കൊണ്ടു നേരിടുന്നു. സമരത്തിന് മുമ്പും തങ്ങള്‍ക്ക് ജീവിക്കാന്‍ വിദേശ സഹായം ആവശ്യമായിരുന്നില്ല. ഇപ്പോഴും അതേയെന്ന് അവര്‍ പറയുന്നു. പിന്നെ സമര ചെലവുകള്‍. ഈ സമരം അതി ജീവനത്തിനായുള്ളതാണ്. വായും മണ്ണും വെള്ളവും ഞങ്ങള്‍ക്ക് വേണം. അതില്‍ വിഷം കലരാതിരിക്കാന്‍ ഞങ്ങള്‍ കാവല്‍ നില്‍ക്കുകയാണ്. ഈ സമരം ഇന്ന് ഞങ്ങളുടെ ജീവിത ശീലമാണ്. അതുകൊണ്ട് അതിന് പ്രത്യേകിച്ചു ചെലവുകളില്ല. ഞങ്ങള്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്നു.
ഇടിന്തകരയിലെ അഞ്ചും കൂടംകുളത്തെ 13ഉം ഗ്രാമങ്ങളിലായി 56000 ജനങ്ങളുണ്ട്. ഇവരെല്ലാം സമരത്തിലാണെങ്കിലും ഒരുമിച്ചല്ല സമര പന്തലിലത്തെുന്നത്. ഊഴമിട്ടാണ്. അപ്പോള്‍ ബാക്കിയുള്ളവര്‍ പതിവ് വരുമാന മാര്‍ഗങ്ങള്‍ക്ക് പോകും. പിന്നെ, സമരത്തിനാവശ്യമായ പണം കണ്ടത്തൊന്‍ ഒരു മാര്‍ഗം നേരത്തെ തന്നെ കണ്ടത്തെിയിരുന്നു. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന വരില്‍ ഭൂരിപക്ഷവും മുക്കുവരാണ്. ആഴ്ചയിലൊരു ദിവസത്തെ കടല്‍ വരുമാനത്തിന്‍െറ പത്തിലൊന്ന് സമര ചെലവിലേക്കെടുക്കും. അതു തന്നെ വലിയൊരു തുക വരും. ആ വിഹിതമാകട്ടെ ചിലപ്പോള്‍ ഒന്നര ലക്ഷം രൂപവരെയത്തെും.
എന്നാലോ പറയത്തക്ക ചെലവുകളൊന്നും സമരത്തിനില്ല. പകല്‍ മുഴുവന്‍ നിരാഹാരത്തിലാണ്. പിന്നെയുള്ളത് ഉച്ചഭാഷിണിയുടേയും വെളിച്ചത്തിന്‍േറയും ചെലവുകളാണ്. അത് സമരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തന്നെ സംഭാവന ചെയ്തതാണ്.
സമര പന്തലിന്‍െറ  ചുമതലക്കാരനായ മില്‍ട്ടന്‍ പറഞ്ഞു: തങ്ങള്‍ മാറ്റിവെക്കുന്ന ഈ വിഹിതം തന്നെ ധാരാളം. പിന്നെ വിദേശ ഫണ്ടെന്തിന്? അല്ളെങ്കില്‍ ആരാണ് അങ്ങിനെ വിദേശത്തുനിന്ന് തങ്ങള്‍ക്ക് ഫണ്ട് തരാനുള്ളത്? ആരെങ്കിലും ഫണ്ട് തരാനുണ്ടായാല്‍ തന്നെ അതു കൊണ്ട് അവര്‍ക്കെന്ത് നേട്ടം? ആണവ നിലയത്തിന്‍െറ പേരില്‍ വിദേശ കരാറുകളിലേര്‍പ്പെ ട്ടിട്ടുള്ളത് തങ്ങളല്ലല്ളോ, ഭരണകൂടവും അവരുടെ ആളുകളുമല്ളേ? അതുകൊണ്ടാണ് ആണവ നിലയത്തിന്‍െറ സുരക്ഷാ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാക്കിയിട്ടുള്ള കരാറുകള്‍ എന്തൊക്കെയാണെന്ന് കൂടി വെളിപ്പെടുത്താന്‍ തങ്ങള്‍ ആവശ്യപ്പെട്ടത്.
തങ്ങള്‍ക്ക് വിദേശ സഹായമുണ്ടെന്ന നിലയില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പൊളത്തരം വെളിപ്പെടുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഞങ്ങളെ തന്നെ തിരിച്ചറിയാനും കഴിയുന്നു. തങ്ങള്‍ സ്വാശ്രിതരാണല്ളോ എന്ന തിരിച്ചറിവ്. ഒരു ഉപരോധത്തിനും ഞങ്ങളെ തളര്‍ത്താനാവില്ല. കടലില്‍ മല്‍സ്യ സമ്പത്തുള്ളിടത്തോളം ഞങ്ങളിലെ മുക്കുവര്‍ തളരാത്തിടത്തോളം ഞങ്ങള്‍ക്ക് ആരേയും ആശ്രയിക്കേണ്ടി വരില്ല. കുലം മുടിക്കുന്ന ഭൂതത്തെ കുടിയിരുത്തിയ ഈ രണ്ട് റിയാക്ടറുകള്‍ ഇവിടെനിന്ന് നീക്കം ചെയ്താല്‍ ഞങ്ങള്‍ സുരക്ഷിതരാണ്, മില്‍ട്ടന്‍ പറയുന്നു.
അതുവരെ സമരം നീളും. ആണവ നിലയത്തിന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം 56000ത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്. ആണവ നിലയത്തിന്‍െറ പ്രവര്‍ത്തനം തുടങ്ങിയാല്‍ മനുഷ്യവാസമേ പാടില്ളെന്ന് പറയുന്ന ഒന്നര കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ 12000പേരാണുള്ളത്. മനുഷ്യവാസം ഏതാനും നൂറുകളായി പരിമിതപ്പെടുത്തിയ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ 56000ത്തോളം പേരും.
ഇത്രയും കടുത്ത ഭീഷണിയുടെ ചുവട്ടില്‍ തങ്ങള്‍ക്ക് മനസമാധാനത്തോടെ അന്തിയുറങ്ങാനാവില്ല. ഫുക്കിഷിമോ ഞങ്ങളുടെ നെഞ്ചിലെ നെരിപ്പോടാണ്. സുനാമി കാലത്ത് 124 വീടുകളും ഒരു കൃസ്ത്യന്‍ പള്ളിയും രണ്ട് ജീവനുകളുമാണ് തിരകള്‍ തുടച്ചെടുത്തത്. അതിന് സമീപത്താണ് റിയാക്ടറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. തങ്ങളെങ്ങിനെ മനസമാധാനത്തോടെ കഴിയും?

കൂടംകുളത്തെ ആണവ നിലയത്തിലേക്കുള്ള പ്രവേശന കവാടത്തനരികെ ഉയര്‍ത്തിയ പൊലീസ് ബാരിക്കേഡുകള്‍ക്ക് സമീപം നിന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു, ഭരണകൂടത്തിന് മാത്രമല്ല ശാസ്ത്രജ്ഞര്‍ക്കും ഹൃദയമില്ല. ഹൃദയമുള്ളവര്‍ക്ക് ഈ ഭീഷണിക്ക് മുമ്പില്‍ അടങ്ങിയിരിക്കാനാവില്ല, കൂടംകുളം ആണവ നിലയ മകുടങ്ങളിലേക്ക് വിരല്‍ ചൂണ്ടി അഭ്യസ്ഥ വിദ്യനായ ആ ചെറുപ്പക്കാരന്‍ രോഷം കൊണ്ടു.

Monday, January 30, 2012

ആര്‍ത്തി.....!

നഗ്ന മേനിമിനുപ്പുകളെ തഴുകുന്ന ക്യാമറക്കണ്ണുകള്‍ ഗ്യാലറിയുടെ വിദൂര മൂലകളില്‍ സ്ഥാപിച്ചിരുന്ന വലിയ സ്ക്രീനുകളില്‍ സൌന്ദര്യ മല്‍സരവേദിയുടെ ദൃശ്യങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നു. സ്ക്രീനിന് മുമ്പില്‍ ശേഖരനും ഭാനുമതിയും ആകാംക്ഷയാല്‍ പിടയുന്ന മനസുകളുമായി നിന്നു. മിസ് കേരള മല്‍സരത്തില്‍ മകളെ പങ്കെടുപ്പിക്കാനെത്തിയ ഗ്രാമീണരായ ആ മാതാപിതാക്കള്‍ പരിചയക്കുറവുകൊണ്ടാകണം ഗ്യാലറിയുടെ മുന്‍വശത്തൊന്നും സ്ഥാനം കിട്ടാതെ പിറകിലേക്ക് തള്ളപ്പെട്ടത്.
സ്ക്രീനില്‍ തിളച്ചുമറിയുന്ന നഗ്നമേനികളില്‍ ഒരു മറുക് തിരഞ്ഞ് ഭാനുമതി നിരാശപ്പെടുമ്പോള്‍ ശേഖരന്റെ മനസില്‍ ആര്‍ത്തി അതിന്റെ അഗ്നി നാവുരയുകയായിരുന്നു.
'മുഖമില്ലെങ്കില്‍ എല്ലാം ഒരു പോലെ....' ഭാനുമതിയുടെ പിറുപിറുക്കലുകളെ ശേഖരന്‍ ശരിവെച്ചു.
'അതേയതെ, നമ്മുടെ മകളെ തിരിച്ചറിയാനേ കഴിയുന്നില്ല.'
'എന്താണിവര്‍ ഈ കുട്ടികളുടെ മുഖം കാണിക്കാത്തത്' ഭാനുമതി അസ്വസ്ഥയായി.
ശേഖരനാണ് അതാദ്യം കണ്ടത്. അവിടെ കൂടിയ പുരുഷാരത്തില്‍ ഭൂരിപക്ഷത്തിന്റെയും കണ്ണുകളില്‍ തീ നാവുകള്‍! അത് കാട്ടിക്കൊടുക്കാനായി ഭാര്യയെ അയാള്‍ തൊട്ടുവിളിച്ചു. തിരിഞ്ഞുനോക്കിയ ഭാനുമതി ഭയന്നു നിലവിളിച്ചു. അയാളുടെ കണ്ണുകളിലും അഗ്നി നാവുകള്‍!

(2005)