Thursday, February 9, 2012

കൂടംകുളം സമരത്തെ ഭരണകൂടം ഭയപ്പെടുന്നു

കൂടംകുളത്തുനിന്നും ദിവസവും ഓരോ പുതിയ വിശേഷങ്ങളാണ്. റിയാക്ടറുകളിലൊന്ന് ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ പ്രഖ്യാപനം പ്രഖ്യാപനം മാത്രമായി ഒടുങ്ങിയപ്പോള്‍ ഭരണകൂടത്തിനുണ്ടായ അമര്‍ഷം സമരത്തിലുള്ള ജനതയെ വര്‍ഗീയ ഗുണ്ടകളെ വിട്ട് തല്ലിക്കുന്നതില്‍ എത്തിയതായിരുന്നു ഒടുവിലത്തെ വിശേഷങ്ങളില്‍ പ്രധാനപ്പെട്ടത്.
ചര്‍ച്ചയില്‍നിന്ന് സമരക്കാരെ തല്ലിയോടിച്ച ശേഷം കേന്ദ്രം നിയമിച്ച വിദഗ്ധ സമിതി നിലയത്തിന് അനുകൂലമായി റിപ്പോര്‍ട്ടും കൊടുത്തു. മുല്ലപ്പെരിയാര്‍ ഡാമിനെപ്രതിയുയര്‍ന്ന ജനങ്ങളുടെ ഭീതിയും സംസ്ഥാനങ്ങള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങളും സമരകോലാഹലങ്ങളും അന്തരീക്ഷത്തെ ആകെ ശബ്ദായമാനമാക്കി നിര്‍ത്തിയിരിക്കുന്ന തക്കത്തിന് അധികം ആരുടേയും ശ്രദ്ധയില്‍പെടാതെ കമ്മീഷന്‍ ചെയ്യാനുള്ള ശ്രമം പാളിപ്പോയത് കേന്ദ്ര സര്‍ക്കാരിനെ ചില്ലറയൊന്നുമല്ല നോവിച്ചിരിക്കുന്നത്.

ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പടപൊരുതുന്ന കൂടംകുളത്തെ ജനങ്ങളോട് തമിഴ്നാട് സര്‍ക്കാരിനും സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ക്കും അവിടുത്തെ ചില മാധ്യമങ്ങള്‍ക്കും അനുകൂല നിലപാടുള്ളതുകൊണ്ടാണ് കേന്ദ്രത്തിന്‍െറ ചെപ്പടി വിദ്യകളൊന്നും അവിടെ ചെലവാകാത്തത്. ഭരണകൂടങ്ങള്‍ പരസ്പരം കൈകോര്‍ക്കുമ്പോഴാണ് കൂടുതല്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുക. ആരെങ്കിലും ഒന്നിടഞ്ഞുനില്‍ക്കേണ്ടത് ജനങ്ങളുടെ രക്ഷക്ക് ആവശ്യമായി വന്നിരിക്കുകയാണ്. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്‍െറ മേന്മയായി തന്നെ ഇതിനെയെണ്ണണ്ണം.

കൂടംകുളത്ത് അതിജീവനം അത്രയെളുപ്പമല്ളെന്ന് മന്‍മോഹന്‍ സര്‍ക്കാരിന് ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. പല അടവുകളും ഇതിനോടകം പയറ്റി പരാജയത്തിന്‍െറ രുചിയറിഞ്ഞു. ഒടുവില്‍ പരീക്ഷിച്ചിതാകട്ടെ അത്യന്തം ഹീനമായ മാര്‍ഗവും. സമരത്തെ വര്‍ഗീയവത്കരിച്ച് പോരാട്ട രംഗത്തുള്ളവരെ ഭിന്നിപ്പിച്ചും ഒറ്റപ്പെടുത്തിയും എതിര്‍ ശബ്ദങ്ങളെ വാടക ഗുണ്ടകളെ കൊണ്ട് തല്ലിക്കെടുത്താനാണ് ഏറ്റവും ഒടുവിലായി ഭരണകൂടം ശ്രമം നടത്തിയത്. അതിനായി അവര്‍ വാടകക്കെടുത്തതോ മുരത്ത വര്‍ഗീയവാദികളേയും.
തിരുനല്‍വേലി കളക്ടറേറ്റിലേക്ക് ജനുവരി 31ന് സമരനേതാക്കളെ വിളിച്ചത് ചര്‍ച്ചക്കാണ്. ആണവ നിലയങ്ങളുടെ കാര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ പ്രധാനമന്ത്രി നിയോഗിച്ച വിദഗ്ധ സമതിയുമായുള്ള നാലാം ഘട്ട ചര്‍ച്ചക്കാണ് കളക്ടറേറ്റിലേക്ക് സമരസമിതി നേതാക്കളെ വിളിച്ചുവരുത്തിയത്. സമര സമിതി കണ്‍വീനര്‍ എസ്.പി. ഉദയകുമാറിന്‍െറ നേതൃത്വത്തില്‍ കളക്ടറേറ്റിലത്തെിയ സ്ത്രീകളടക്കമുള്ള സമര നേതാക്കളെ തമിഴ് നാട്ടിലെ ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ് ആക്രമിച്ചത്.
എല്ലാത്തരം ജാതിമത വിഭാഗങ്ങളുമുള്‍പ്പെടുന്ന 56000ഓളം ജനങ്ങളെ നേരിട്ടു ആശങ്കയിലാഴ്ത്തുന്ന ആണവ നിലയത്തിനെതിരായ സമരത്തില്‍ വര്‍ഗീയ രാഷ്ട്രീയക്കാരെ പ്രകോപിപ്പിക്കാന്‍ എന്താണുള്ളത്? കലാപമുണ്ടാക്കാന്‍ ദക്ഷിണ കര്‍ണാടകയില്‍ പ്രമോദ് മുത്തലിക്കിന്‍െറ ശ്രീരാമ സേന രാഷ്ട്രീയക്കാരില്‍നിന്ന് ക്വട്ടേഷന്‍ സ്വീകരിച്ചതുപോലെ തമിഴ്നാട്ടിലെ ഹിന്ദു മുന്നണി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടവരില്‍നിന്നും കരാറെടുത്തതാണ് ഈ അക്രമ പരിപാടിയെന്ന് സംശയിച്ചാല്‍ കുറ്റം പറയുന്നതെങ്ങിനെ?

ഏതായാലും അതോടെ കേന്ദ്ര സമിതിയുമായി ഇനി ചര്‍ച്ചക്കില്ളെന്ന് പറഞ്ഞ് സമര സമിതി പിന്‍മാറുകയായിരുന്നു. കേന്ദ്ര വിദഗ്ധ സമിതി അതൊരു അവസരമാക്കി കൂടംകുളത്ത് ജനങ്ങള്‍ക്ക് ആശങ്കയില്ളെന്ന് റിപ്പോര്‍ട്ട് എഴുതി കേന്ദ്ര സര്‍ക്കാരിന് കൊടുക്കുകയും ചെയ്തു. ഭീതി കൂടാതെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സമര രംഗത്തുള്ളവരുടെ ജീവന് സുരക്ഷയില്ളെന്ന് എസ്.പി. ഉദയകുമാര്‍ പ്രതികരിച്ചതിന്, തമിഴ് മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്.
ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടേതായ വിദഗ്ധ സമിതിയെ നിയമച്ചുകൊണ്ട് കേന്ദ്രത്തിന്‍െറ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ജയലളിതയും കരുണാനിധിയുമെല്ലാം ഒറ്റക്കെട്ടാണ്. ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു പദ്ധതിയേയും സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കില്ളെന്ന് നിയമസഭയില്‍ ജയലളിത വ്യക്തമാക്കിയപ്പോള്‍ എതിര്‍ ശബ്ദങ്ങളുയര്‍ന്നില്ല. സംസ്ഥാന സര്‍ക്കാരിന്‍െറ തീരുമാനത്തെ സമരസമിതി സ്വാഗതം ചെയ്യുകയും ചെയ്തു. അപ്പോഴും കോണ്‍ഗ്രസ് അവിടേയും കേന്ദ്ര നിലപാടിനോടൊപ്പമാണെന്ന് മാത്രമല്ല, സമരത്തിന് സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണയെ വകവെക്കാതെ ആണവ നിലയം തുറക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ പ്രചരണ പരിപാടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയുമാണ്. ഹിന്ദു മുന്നണിക്കാരെ വിട്ട് സമരക്കാരെ തല്ലിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് സമരസമതി ആവര്‍ത്തിക്കുമ്പോള്‍ ആ ആരോപണത്തെ ശരിവെക്കുന്നതായി മാറുന്നു കോണ്‍ഗ്രസിന്‍െറ ഈ നിലപാടുകള്‍.


കൂടംകുളം സമരത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനു മുമ്പ് പ്രയോഗിച്ച ആയുധം സമരത്തിന് പിന്നില്‍ വിദേശ സഹായമുണ്ടെന്നതായിരുന്നു. സമരം നടക്കുന്നത് ഇടിന്തകരൈയിലെ സെന്‍റ് ലൂര്‍ദ്സ് മേരി കാത്തലിക് ചര്‍ച്ചിന് മുന്നില്‍ കെട്ടിയുയര്‍ത്തിയ പന്തലിലായതും സമരത്തിലണിനിരന്നവരില്‍ മുക്കുവ കൃസ്ത്യാനികള്‍ എണ്ണത്തില്‍ അല്‍പം കൂടുതലായതും കൃസ്തീയ സഭാ നേതൃത്വങ്ങളുടെ പിന്തുണ സമരത്തിനുണ്ടായതുമാണ് സമരത്തിന് വിദേശ ബന്ധം സ്ഥാപിക്കാന്‍ കേന്ദ്രം കണ്ടത്തെിയ കച്ചിത്തുരുമ്പുകള്‍. എത്ര ഹീനമായാണ് ഭരണകൂടം സ്വന്തം ജനതയെ വിഭജിച്ച് പല കള്ളികളിലാക്കി സമൂഹത്തിന്‍െറ പൊതുസ്വരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്! ഈമെയില്‍ വിവാദത്തില്‍നിന്ന് തടി കഴിച്ചിലാക്കാന്‍ കേരള സര്‍ക്കാര്‍ പയറ്റിയതും സമാനമായ അടവാണല്ളോ എന്ന് സന്ദര്‍ഭ വശാല്‍ ഓര്‍ത്തുപോകുന്നു.

സമര നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലൊക്കെ കേന്ദ്ര ഏജന്‍സികളെ അയച്ച് റെയ്ഡ് ചെയ്യിക്കലും കേന്ദ്രമന്ത്രി വി. നാരായണ സ്വാമിയുടെ ഒൗദ്യോഗിക വെളിപ്പെടുത്തലെന്ന് തോന്നിപ്പിക്കുംവിധമുള്ള വായാടിത്തങ്ങളുമാണ് അതിനായി കേന്ദ്ര ഭരണകൂടം പയറ്റിയ ആയുധങ്ങള്‍ . സമരസമിതിയുമായി ബന്ധപ്പെട്ട രണ്ട് സന്നദ്ധ സംഘടനകള്‍ക്ക് 54 കോടിയുടെ സഹായവും മറ്റൊരു സംഘടനക്ക് 1.5 കോടി രൂപയുടെ സഹായവും വിദേശത്തുനിന്നത്തെിയെന്നാണ് മന്ത്രി കുറച്ചുനാള്‍ മുമ്പ് ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി പറഞ്ഞത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ അതിന് നല്ല പ്രചരണവും നല്‍കി. ആര്‍ക്കാണ് ആ വിദേശ ഫണ്ട് കിട്ടിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് സമര നേതാക്കള്‍ മന്ത്രിയെ വെല്ലുവിളിച്ചു. അതിന് മന്ത്രിയില്‍നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. അതോടെ അത് ഉണ്ടയില്ലാ വെടിയാണെന്ന് വെളിവായി.

പിന്നീടാണ് തല്ലിയൊതുക്കല്‍ കുതന്ത്രം അരങ്ങേറിയത്. അതിന് ഉപയോഗപ്പെടുത്തിയത് ഹിന്ദു മുന്നണി പ്രവര്‍ത്തകരേയും. അതില്‍നിന്ന് ഒരു കാര്യം സ്പഷ്ടം. കൂടംകുള ജനകീയ സമരത്തെ ഒരു പ്രത്യേക മത വിഭാഗതതിന്‍േറതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭരണകൂടവും അതുമായി ബന്ധപ്പെട്ടവരും കിണഞ്ഞു പരിശ്രമിക്കുകയാണ്. കൂടംകുളത്തേത് ക്രൈസ്തവര്‍ നയിക്കുന്ന സമരമെന്ന് വരുത്തിയാല്‍ ഹിന്ദു വര്‍ഗീയവാദികളെ അതിനെതിരെ തിരിച്ചുവിടാം. അതോടെ സമരത്തിന്‍െറ ഒച്ച താഴും എന്നായിരിക്കാം ഭരണകൂടം കണക്കു കൂട്ടുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍േറയും സംസ്ഥാന രാഷ്ട്രീയ കക്ഷികളുടേയെല്ലാം മാനസിക പിന്തുണ കൂടംകുളം സമരക്കാര്‍ക്കുണ്ടാവുന്നതിനാല്‍ കേന്ദ്രത്തിന്‍െറ ഇത്തരം കളികളെല്ലാം വിഫലമാവുകയാണ്.

കൂടംകുളത്തെ ജനങ്ങള്‍ തങ്ങളുടെ സമരത്തെ സംരക്ഷിക്കുന്നവിധം

ജീവിക്കുന്നതിനുള്ള അവകാശത്തിന് വേണ്ടിയാണ് കൂടംകുളത്തെ ജനങ്ങള്‍ പട്ടിണികിടന്ന് സമരം ചെയ്യുന്നത്. തങ്ങളുടെ ജീവതങ്ങളെ മാത്രമല്ല തങ്ങളുടെ സമരത്തേയും ഭരണകൂട ഭീകരതയില്‍നിന്ന് സംരക്ഷിക്കാന്‍ പെടാപ്പാടുപെടേണ്ട അവസ്ഥയിലാണ് അവര്‍. ജനകീയ സമരങ്ങളെ നേരിടാന്‍ ഭരണകൂടങ്ങള്‍ സ്ഥിരമായി പ്രയോഗിക്കാറുള്ള വിദേശ സഹായം, വര്‍ഗീയത, ഭീകരത തുടങ്ങിയ ആയുധങ്ങളെല്ലാം പ്രയോഗിക്കപ്പെട്ടു കഴിഞ്ഞു.
വിദേശ സഹായമെന്ന ആരോപണം കടുത്തുനിന്ന സമയത്താണ്, വര്‍ഷങ്ങളായി തുടര്‍ച്ചയായ ആണവ വിരുദ്ധ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍ എങ്ങിനെ തങ്ങളുടെ ജീവിതത്തേയും സമരത്തേയും സംരക്ഷിക്കുന്നു എന്നറിയാനുള്ള ആഗ്രഹവുമായി ഇടിന്തകരൈയിലെ സമരപന്തലില്‍ ഒരിക്കല്‍ പോയത്.
സെന്‍റ് ലൂര്‍ദ്സ് മേരി പള്ളി മുറ്റത്തെ സമര പന്തലിലത്തെുമ്പോള്‍ അവിടെ നിരാഹാരമിരിക്കുന്ന മനുഷ്യ ജീവിതങ്ങളെ അഭിമുഖീകരിച്ചത്, മനസില്‍ സംശയത്തിന്‍െറ അണുപിളര്‍ന്നുണ്ടായ നിരവധി ചോദ്യങ്ങളുമായായിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും മാത്രമല്ല കുടുംബം പോറ്റേണ്ട പുരുഷാരം തന്നെ ജീവിതായോധനത്തിനായി കടലില്‍ പോകേണ്ടതോ മറ്റ് വരുമാന മാര്‍ഗങ്ങള്‍ തേടേണ്ടതോ ആയ പകല്‍ മുഴുവന്‍ സമര പന്തലില്‍ വന്നിരുന്നാല്‍ അവരുടെ ജീവിത ചെലവുകള്‍ എങ്ങിനെ നടന്നുപോകും? സമരത്തിനാവശ്യമായ ചെലവുകള്‍ക്ക് എങ്ങിനെ പണം കണ്ടത്തെും? അപ്പോള്‍ പുറത്തുനിന്ന് സഹായം ആവശ്യം വരില്ളേ? വിദേശത്തുനിന്നാണെങ്കില്‍ ആരാണ് അങ്ങിനെ പണം കൊടുക്കുന്നത്? വരും തലമുറകളുടെ കൂടി ജീവിത സംരക്ഷണത്തിന് വേണ്ടി സമര രംഗത്തിറങ്ങിയ ജനത തങ്ങളുടെ സമരത്തെ സംരക്ഷിച്ചുനിലനിര്‍ത്തു ന്നതെങ്ങിനെ തുടങ്ങിയ സംശയങ്ങള്‍ക്ക് സമര സമതി നേതാക്കളുടെ ഉത്തരം ദൃഢതയും വ്യക്തതയുള്ളതുമായിരുന്നു.
ഭരണകൂടത്തിന്‍െറ ആരോപണങ്ങളെ അവര്‍ ചെറുചിരികള്‍ കൊണ്ടു നേരിടുന്നു. സമരത്തിന് മുമ്പും തങ്ങള്‍ക്ക് ജീവിക്കാന്‍ വിദേശ സഹായം ആവശ്യമായിരുന്നില്ല. ഇപ്പോഴും അതേയെന്ന് അവര്‍ പറയുന്നു. പിന്നെ സമര ചെലവുകള്‍. ഈ സമരം അതി ജീവനത്തിനായുള്ളതാണ്. വായും മണ്ണും വെള്ളവും ഞങ്ങള്‍ക്ക് വേണം. അതില്‍ വിഷം കലരാതിരിക്കാന്‍ ഞങ്ങള്‍ കാവല്‍ നില്‍ക്കുകയാണ്. ഈ സമരം ഇന്ന് ഞങ്ങളുടെ ജീവിത ശീലമാണ്. അതുകൊണ്ട് അതിന് പ്രത്യേകിച്ചു ചെലവുകളില്ല. ഞങ്ങള്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്നു.
ഇടിന്തകരയിലെ അഞ്ചും കൂടംകുളത്തെ 13ഉം ഗ്രാമങ്ങളിലായി 56000 ജനങ്ങളുണ്ട്. ഇവരെല്ലാം സമരത്തിലാണെങ്കിലും ഒരുമിച്ചല്ല സമര പന്തലിലത്തെുന്നത്. ഊഴമിട്ടാണ്. അപ്പോള്‍ ബാക്കിയുള്ളവര്‍ പതിവ് വരുമാന മാര്‍ഗങ്ങള്‍ക്ക് പോകും. പിന്നെ, സമരത്തിനാവശ്യമായ പണം കണ്ടത്തൊന്‍ ഒരു മാര്‍ഗം നേരത്തെ തന്നെ കണ്ടത്തെിയിരുന്നു. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന വരില്‍ ഭൂരിപക്ഷവും മുക്കുവരാണ്. ആഴ്ചയിലൊരു ദിവസത്തെ കടല്‍ വരുമാനത്തിന്‍െറ പത്തിലൊന്ന് സമര ചെലവിലേക്കെടുക്കും. അതു തന്നെ വലിയൊരു തുക വരും. ആ വിഹിതമാകട്ടെ ചിലപ്പോള്‍ ഒന്നര ലക്ഷം രൂപവരെയത്തെും.
എന്നാലോ പറയത്തക്ക ചെലവുകളൊന്നും സമരത്തിനില്ല. പകല്‍ മുഴുവന്‍ നിരാഹാരത്തിലാണ്. പിന്നെയുള്ളത് ഉച്ചഭാഷിണിയുടേയും വെളിച്ചത്തിന്‍േറയും ചെലവുകളാണ്. അത് സമരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തന്നെ സംഭാവന ചെയ്തതാണ്.
സമര പന്തലിന്‍െറ  ചുമതലക്കാരനായ മില്‍ട്ടന്‍ പറഞ്ഞു: തങ്ങള്‍ മാറ്റിവെക്കുന്ന ഈ വിഹിതം തന്നെ ധാരാളം. പിന്നെ വിദേശ ഫണ്ടെന്തിന്? അല്ളെങ്കില്‍ ആരാണ് അങ്ങിനെ വിദേശത്തുനിന്ന് തങ്ങള്‍ക്ക് ഫണ്ട് തരാനുള്ളത്? ആരെങ്കിലും ഫണ്ട് തരാനുണ്ടായാല്‍ തന്നെ അതു കൊണ്ട് അവര്‍ക്കെന്ത് നേട്ടം? ആണവ നിലയത്തിന്‍െറ പേരില്‍ വിദേശ കരാറുകളിലേര്‍പ്പെ ട്ടിട്ടുള്ളത് തങ്ങളല്ലല്ളോ, ഭരണകൂടവും അവരുടെ ആളുകളുമല്ളേ? അതുകൊണ്ടാണ് ആണവ നിലയത്തിന്‍െറ സുരക്ഷാ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാക്കിയിട്ടുള്ള കരാറുകള്‍ എന്തൊക്കെയാണെന്ന് കൂടി വെളിപ്പെടുത്താന്‍ തങ്ങള്‍ ആവശ്യപ്പെട്ടത്.
തങ്ങള്‍ക്ക് വിദേശ സഹായമുണ്ടെന്ന നിലയില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പൊളത്തരം വെളിപ്പെടുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഞങ്ങളെ തന്നെ തിരിച്ചറിയാനും കഴിയുന്നു. തങ്ങള്‍ സ്വാശ്രിതരാണല്ളോ എന്ന തിരിച്ചറിവ്. ഒരു ഉപരോധത്തിനും ഞങ്ങളെ തളര്‍ത്താനാവില്ല. കടലില്‍ മല്‍സ്യ സമ്പത്തുള്ളിടത്തോളം ഞങ്ങളിലെ മുക്കുവര്‍ തളരാത്തിടത്തോളം ഞങ്ങള്‍ക്ക് ആരേയും ആശ്രയിക്കേണ്ടി വരില്ല. കുലം മുടിക്കുന്ന ഭൂതത്തെ കുടിയിരുത്തിയ ഈ രണ്ട് റിയാക്ടറുകള്‍ ഇവിടെനിന്ന് നീക്കം ചെയ്താല്‍ ഞങ്ങള്‍ സുരക്ഷിതരാണ്, മില്‍ട്ടന്‍ പറയുന്നു.
അതുവരെ സമരം നീളും. ആണവ നിലയത്തിന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം 56000ത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്. ആണവ നിലയത്തിന്‍െറ പ്രവര്‍ത്തനം തുടങ്ങിയാല്‍ മനുഷ്യവാസമേ പാടില്ളെന്ന് പറയുന്ന ഒന്നര കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ 12000പേരാണുള്ളത്. മനുഷ്യവാസം ഏതാനും നൂറുകളായി പരിമിതപ്പെടുത്തിയ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ 56000ത്തോളം പേരും.
ഇത്രയും കടുത്ത ഭീഷണിയുടെ ചുവട്ടില്‍ തങ്ങള്‍ക്ക് മനസമാധാനത്തോടെ അന്തിയുറങ്ങാനാവില്ല. ഫുക്കിഷിമോ ഞങ്ങളുടെ നെഞ്ചിലെ നെരിപ്പോടാണ്. സുനാമി കാലത്ത് 124 വീടുകളും ഒരു കൃസ്ത്യന്‍ പള്ളിയും രണ്ട് ജീവനുകളുമാണ് തിരകള്‍ തുടച്ചെടുത്തത്. അതിന് സമീപത്താണ് റിയാക്ടറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. തങ്ങളെങ്ങിനെ മനസമാധാനത്തോടെ കഴിയും?

കൂടംകുളത്തെ ആണവ നിലയത്തിലേക്കുള്ള പ്രവേശന കവാടത്തനരികെ ഉയര്‍ത്തിയ പൊലീസ് ബാരിക്കേഡുകള്‍ക്ക് സമീപം നിന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു, ഭരണകൂടത്തിന് മാത്രമല്ല ശാസ്ത്രജ്ഞര്‍ക്കും ഹൃദയമില്ല. ഹൃദയമുള്ളവര്‍ക്ക് ഈ ഭീഷണിക്ക് മുമ്പില്‍ അടങ്ങിയിരിക്കാനാവില്ല, കൂടംകുളം ആണവ നിലയ മകുടങ്ങളിലേക്ക് വിരല്‍ ചൂണ്ടി അഭ്യസ്ഥ വിദ്യനായ ആ ചെറുപ്പക്കാരന്‍ രോഷം കൊണ്ടു.

1 comment:

  1. ഭരണകൂടം ശരിക്കുമൊരു “കൂടം” തന്നെ. അടിച്ച് നുറുക്കി തവിടുപൊടിയാക്കുന്ന കൂടം. ആ കൂടത്തിന്റെയടിയില്‍ കൂടംകുളം സമരം ചതഞ്ഞരഞ്ഞു പോകുമോ..?

    ReplyDelete